malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ജൂൺ 15, വെള്ളിയാഴ്‌ച

ഒരു ഞായറാഴ്ച്ച




ഞായറാഴ്ച്ച ദിവസമാണ്
സന്ധ്യാസമയമാണ്
വായനശാലയിലാണ്
പുസ്തകം മടക്കാനാണ്
പുതിയവ,യെടുക്കാനാണ്
ലൈബ്രേറിയൻ പരിസ്ഥിതി
ക്ലാസിൽ.
തിരക്കൊട്ടുമില്ലെങ്കിലും
തിക്കിതിരക്കുന്നുണ്ട്
ഉള്ളിൽനിന്നൊരുള്ളം
തിരക്കുകളുടെ ലോകത്ത്
ജീവിക്കുന്നതുകൊണ്ടാകാം.
വാനമൊരുകലങ്ങിയ പാടം
പോലുണ്ട്
കാറിന്റെ കാളകൾ തട്ടമുട്ടി
വരുന്നുണ്ട്
വെളുക്കെചിരിക്കുന്നുണ്ട്
മിന്നൽ
ലൈബ്രേറിയൻ വന്നു
കറൻറ് കണ്ണടച്ചു
ഷെൽഫിലെ ഇരുണ്ട മൂല
യിൽനിന്ന്
ടോൾസ്സ്റ്റോയി,സി.വി.ബാല
കൃഷ്ണൻ, എം.മുകുന്ദൻ,
എൻ.പ്രഭാകരൻ, സേതു
തന്റെ പുസ്തകസഞ്ചിയിൽ
കയറി
കക്ഷത്തിൽ ഭദ്രമായിരുന്നു.
പരിസ്ഥിതി ക്ലാസിന്റെ ശബ്ദം
ഇടറിയിഴഞ്ഞു കേൾക്കാം
റോഡിലേക്കിറങ്ങിയതും
മാനം പൊട്ടിവീണതുപോലൊ
രുമഴ
കുത്തിയൊലിച്ചു വരുന്ന
പ്ലാസ്റ്റിക് പ്രളയത്തിൽ
പുതുമഴയ്ക്ക് വയലിലേക്ക്
കയറിയ മുഷിയെപോലെ ഞാൻ.

2018 ജൂൺ 13, ബുധനാഴ്‌ച

പുലരി വരിക തന്നെ ചെയ്യും




അങ്ക പുറപ്പാടിൻ കൊമ്പു വിളിക്കുന്നു
അരയും, തലയും അവർ മുറുക്കീടുന്നു
അഴുകിയ തത്വത്തിന്നാടയണിഞ്ഞവർ
അഴലിന്റെ ശൂലവുമേന്തി വന്നീടുന്നു
നേരും,നെറിയുമെന്തെന്നറിയാത്തവർ
നിറത്തിന്റെ പേരിൽ നിണമൊഴുക്കീടുന്നു
നീലക്കാർവർണ്ണന്റെ കാലിൽ കുമ്പിട്ടവർ
വെറി കൊണ്ട കോലങ്ങൾ,വേതാള രൂപ - ങ്ങൾ
പകയുടെ പങ്കായ മാഞ്ഞു തുഴയുന്നു
കളങ്കമില്ലാതോർതൻ കണ്ഠ മറുക്കുവാൻ
അങ്കം കുറിച്ചവർ ആഞ്ഞു വന്നീടുന്നു
വാശിതൻ പാശമിതെന്തിനെന്ന്
വീശി വരുന്നോരെ ഓർപ്പതുണ്ടോ?
വർണ്ണത്തിലാശങ്കയുള്ളവരെ
വിപിന,മകമേ വളർത്തുവോരെ
നാടിന്റെ മോചന നേർസാക്ഷിയെ
ചോരയിൽ മുക്കാൻ നടക്കുവോരേ
ചേരുമ്പടിചേർക്കാൻ കൊള്ളുകില്ല
ചേടികളായി വളർന്നോർ നിങ്ങൾ
നാടിന്റെ മോചനപോർക്കളത്തിൽ
പൊത്തിലൊളിച്ചുമറഞ്ഞോർ നിങ്ങൾ
കാരാഗൃഹത്തിന്നകത്തളത്തിൽ
മുപ്പതു മുക്കോടി മാപ്പെഴുതി
സായിപ്പിൻ പിന്നിലൊളിച്ചോർ നിങ്ങൾ.
ഭാരതയുദ്ധത്തിലന്നു ചൊല്ലി:
ഇക്കണ്ടതൊന്നും കളിയല്ലയെന്നും
പാണ്ഡവർക്കേ ജയമെന്നുള്ളതും
ഈ രാത്രിയൊരിക്കൽ പിടഞ്ഞുതീരും
പിന്നെ വെളിച്ചം തെളിഞ്ഞു വരും.


ബന്ധങ്ങൾ




വായിച്ചെടുക്കുവാൻ
കഴിയുന്നില്ല,യിപ്പോൾ
അച്ഛനെ, അമ്മയെ,
മക്കളെ .
വിലയിട്ടുവെച്ചിരിക്കുന്നു
ബന്ധങ്ങളെ
നിലവിട്ട കാലത്തിൻ
മുനമ്പിൽ
കടമയെന്നു കരുതി
കടമ്പകളേറുക
കഠിന മനസ്താപം
രുചിക്കാതിരിക്കുവാൻ.
ആക്രിവിലയില്ലാത്ത
ബന്ധങ്ങൾ കൊണ്ട്
ആകാശ കോട്ട കെട്ടാ
തിരിക്കുക.

2018 ജൂൺ 12, ചൊവ്വാഴ്ച

ഇല്ലായ്മയിലും




ശൂന്യതയുടെ ചുരം
കയറുന്ന
 പ്രണയികൾ നമ്മൾ
ജീവിതാടുപ്പിൽ
വെന്തുരുകുന്ന
കവിതാക്ഷരങ്ങൾ
ഇല്ലായ്മകളുടെ
ഗോവണികളിലൂടെ
സ്വപ്നങ്ങളിലേക്കേ
റുന്നു നമ്മൾ
പട്ടിണിയുടെ പടിപ്പുരയിൽ
പുഞ്ചിരിയുടെ വിളക്കു
കൊളുത്തുന്നു
വിശപ്പിന്റെ വിയർപ്പിലും
സാന്ത്വനത്തിന്റെ വിശറി
വീശുന്നു
നിരാശയുടെ അഗാധതയി
ലേക്ക്
ഊർന്നു പോകുമ്പോൾ
ഞാൻ നിന്നിലേക്കും
നീയെന്നിലേക്കും
അടർന്നു വീഴുന്നു
നമ്മുടെ ശ്വാസങ്ങളിൽ നിന്ന്
ആശകളുടെ ശലഭങ്ങൾ
പാറുന്നു
കറുത്ത രാത്രികളിൽ
കവിതയെന്നിൽ
വെളുത്ത വിത്തിടുന്നു
ഒരു പുലരിയിലേക്ക്
പുതു ചെടി നമ്പിടുന്നു.



2018 ജൂൺ 10, ഞായറാഴ്‌ച

വിളമ്പി വെയ്ക്കുന്നത്




അവന്റെ യിടനെഞ്ചിൽ
കുത്തി നിർത്തിയ കത്തി
അമ്മതൻ ഗർഭപാത്രത്തി
ലല്ലയോ തറയ്ക്കുന്നു.
അവന്റെ ശിരസ്സറ്റു വീ
ണോരു ചുണ്ടിൽ
അമ്മതൻ പാലല്ലോ
ഇടറി വീഴുന്നു
സ്ഫോടനത്താലൊരു
പ്രാണൻ പിടയുമ്പോൾ
ചിന്നിച്ചിതറുന്ന,തമ്മതൻ
ചോര
ചോരി വായിലമ്മിഞ്ഞ
യിറ്റിച്ചുനൽകുമ്പോൾ
എന്തെന്തു സ്വപ്നങ്ങളാ
യിരുന്നമ്മയ്ക്ക്
പുതിയ ,ലോകംപടുക്കുന്ന
മക്കളെ
പാപികൾകല്ലെറിയുന്നിവിടെ
"എങ്ങനെ നമ്മൾ നമ്മളായെന്ന് "
അറിയാതൊരുകൂട്ടം കാട്ടാളരിന്നും
കാവി ചുറ്റിയ സന്ധ്യകളെ മാത്രം
സ്വപ്നം കണ്ടു നടക്കുന്നു ,യിന്നും
അവര,മ്മ തൻ മുലയറുക്കുന്നു
അവരമ്മതൻ ചോര നുണയുന്നു
അവർ ജാതിയെ മതത്തെ തിര
യുന്നു
അവർ നിറങ്ങളെ നിങ്ങളെ തിര
യുന്നു
അവർ നിത്യവും അമ്മയ്ക്കു
മുന്നിൽ
പച്ച മാംസം വിളമ്പി വെച്ചീടുന്നു

2018 ജൂൺ 9, ശനിയാഴ്‌ച

പ്രായമില്ലാത്തത്




പുലരിയിലൊരു സൂര്യൻ നമ്മിലുദിക്കുന്നു
ഇരവിലസ്തമിച്ചെന്നു തോന്നുന്നുവെങ്കിലും
ഉള്ളിന്റെയുള്ളിൽ പ്രകാശിച്ചു നിൽക്കുന്നു.
കണ്ടു കണ്ണെടുക്കുവാൻ തോന്നാത്ത
കൊതിയാണ്
കനവിലും കണ്ണിൽ നിറയേ പൂത്തിരിയാണ്
കിളിയും, കുളിരും കൈവളച്ചിരികളും
ചുണ്ടിൽ ചുവന്നുള്ള ചുംബന പൂക്കളും
പ്രണയത്തിൻ താഴ്വര തീരത്തു കായാമ്പു
കൊമ്പിലോടക്കുഴൽ നാദലഹരിയും
മേഞ്ഞു നടക്കുന്നു നമ്മളിൽ നമ്മളാ
ഏതോ പുരാതന ഗുഹാക്ഷേത്രം, കൽത്തറ
ഗോത്രങ്ങൾ തമ്മിൽ കുടിപ്പക്ക
ഗോപ്യമായുള്ള രതിജന്യചാരുത
പ്രാക്തനമായൊരു പ്രാർത്ഥയാകുന്നു
പ്രണയം പരേശ നന്മയെന്നറിയുന്നു
വറ്റാത്ത കടലാണു പ്രണയം
കടലെടുക്കാത്ത,വനമാണ് പ്രണയം
കുളിരിലും ചൂടാണ് പ്രണയം
ചൂടിലും കുളിരാണ് പ്രണയം
ഹൃദയത്തിലെന്നും തരുണരക്തം പേറി
തരളിതമാക്കും പ്രണയം
പ്രായമേ നീ മാറി നിൽക്ക
പ്രീയമാം പ്രണയം തളിർക്ക

2018 ജൂൺ 8, വെള്ളിയാഴ്‌ച

ഉത്തരം കിട്ടാത്ത ചോദ്യം




തെരുവിൽ തലകുനിച്ചുനിൽക്കുന്നു
തരുക്കൾ
ചുളിഞ്ഞ കവിളുപോലെ മഴച്ചാറ
ലേറ്റ മണ്ണ്
അവളുടെ കണ്ണുകൾ നനഞ്ഞു
നരച്ചു തുടങ്ങിയ മുടിനാരു പോലെ
മഴക്കാറിനിടയിൽ വെള്ളിമേഘം
കുഴിഞ്ഞ കണ്ണിലെ കലങ്ങിയ കണ്ണീരു പോലെ
തെരുവിലെ ചെറുകുഴികളിൽ ജലം
ചുരുട്ടു പോലെ എരിഞ്ഞു നിൽക്കുന്നു പടിഞ്ഞാറു സൂര്യൻ
താഴെ ജലത്തിൽ രൂപം കൊള്ളുകയും
നിമിഷത്തിൽ പൊലിഞ്ഞു പോവുകയും
ചെയ്യുന്ന
വലിയകുമിളപോലെ ജീവിതമെന്നവളോ ർത്തു
തണുപ്പ് വിഷം പോലെ സിരകളിലൂടെ
അരിച്ചു കയറുന്നു
കനമില്ലാത്ത ഒരു പ്രതിഭാസം താനെന്ന്
അവൾക്ക് തോന്നി
ഓരോരിക്കലും യുദ്ധം ചെയ്യാറുണ്ട് മനസ്സ്
അവസാനം വരണ്ട ചുണ്ടുകൾ വിതുമ്പു
കയും
തിമിരം പോലെ കണ്ണീർപ്പാടകൾ പടരുകയും
ചെയ്യുന്നു.
ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ജീവിതം