ഒരു ചെടിയിൽ ഇരുനിറപ്പൂക്കളോ
ഒരമ്മയ്ക്കിരുമുഖക്കാഴ്ച്ചയോ
ഇല്ലെനിക്കു ബാല്യ, കൗമാരങ്ങൾ
സാന്ത്വന സ്നേഹങ്ങൾ അമ്മതൻ -
താരാട്ട്
അനുഗ്രഹിച്ചില്ലമ്മ അക്ഷതം കൊണ്ട്
ആശ്വസിപ്പിച്ചില്ല ഒരു ചെറു വാക്കിനാൽ
ആക്രോശിക്കുന്നമ്മ, നിറുകയിൽ -
കൈചേർത്ത്
നശിച്ചുപോകുവാൻ നാമം ജപിക്കുന്നു
അഹല്യയാകുവാനാശിച്ചു ഞാനന്ന്
സീതയായ് ധരപിളർന്നു താഴാനും
പാഴ്ച്ചെടിയെന്നു പറിച്ചെറിഞ്ഞിട്ടും
'ചൊറിയണം' യെന്നുപേർ ചേർത്തു -
വിളിച്ചിട്ടും
ആരും തിരിഞ്ഞു നോക്കാതേയിരുന്നിട്ടും
തളിരിട്ടുതാനെയാ പെൺകൊടിമണ്ണിതിൽ
കൂടപ്പിറപ്പുകൾ കോർത്തെടുത്തീടുന്നു
അച്ഛനോ നിസ്സംഗമേലാപ്പണിയുന്നു
നൊന്തു പെറ്റുള്ളൊരമ്മയിതെങ്ങിനെ
സ്വന്തം ചോരയേ കൊല്ലാക്കൊല ചെയ്യുന്നു
മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി
അമ്മയെന്നപരനാമത്തിലറിയുന്നുണ്ടിന്നും
2020 ഒക്‌ടോബർ 9, വെള്ളിയാഴ്‌ച
മൂഷിക സത്രീ
വ്യാധി
പകൽ പനിച്ചു തുള്ളുന്നു
മഹാ മൗനത്തിൻ്റെ നട്ടുച്ച
പൊട്ടിച്ചിതറുന്നു
വെളിച്ചം കുടിച്ച കണ്ണുകൾ
വേച്ചുവേച്ചു നടക്കുന്നു
അനന്തകാലങ്ങൾ
ഉള്ളിൽ അള്ളിപ്പിടിച്ചു -
തുള്ളുന്നു
കോളറയുടെ കർക്കിടകപ്പെയ്ത്ത്,
വസൂരിയുടെ വെന്ത ഗന്ധം,
ഞരക്കങ്ങൾ, ഞെരിഞ്ഞമരുന്ന
പച്ചവിറകിൻഏങ്ങലടികൾ
ദുരിതങ്ങൾ പെയ്യുന്ന കുരുതി തെയ്യ-
ങ്ങളുടെ അലറിവിളികൾ
കുലച്ച തെങ്ങുപോൽ പൂത്തുലഞ്ഞു്
നിൽക്കുന്നുമിന്നുമോർമ്മകൾ
വ്യഥിതഹൃദയത്തിനിന്നുമില്ലസ്വാസ്ഥ്യം
കുരിപ്പ് കുരുക്കുന്നു ചുറ്റും കൊറോ-
ണയായ്
കാർന്നുതിന്നുന്നുജീവൻ
2020 ഒക്‌ടോബർ 8, വ്യാഴാഴ്‌ച
ഞാൻ
എന്നായിരിക്കും ഞാനെന്നിൽ നിന്നും
ഇറങ്ങിപ്പോയിട്ടുണ്ടാകുക.
ഗ്രീഷ്മം കൊത്തിവലിച്ച ആ രാത്രിയിലോ
യൗവ്വനത്തളിർനുള്ളപ്പെട്ട നിമിഷത്തിലോ
കണ്ണീരുപ്പിൽ അലിഞ്ഞു പോകുന്നു ജീവിതം
ഓർമ്മയുടെ തേരട്ടകൾ അരിച്ചു കയറുന്നു
വിലക്കപ്പെട്ടകനി ഭക്ഷിച്ച ചുണ്ടാണിത്
കാമകൊക്കുകൾ കൊത്തിപൊട്ടിച്ച കണ്ണുകൾ
ഉടഞ്ഞ മുരളിയിൽ ഇനിയില്ല ഗാനം
അടഞ്ഞ കണ്ഠത്തിൽനിന്നടരില്ല ഗദ്ഗദം
രക്തധമനികൾ തണുത്തുറഞ്ഞുപേയ്
സ്വപ്നഗ്രന്ഥികൾ അഴുകിയലിഞ്ഞുപോയ്
പരാന്നഭോജിതൻ വായിലായ് പ്രണയം
കീടമരിച്ചൊരു പ്രണയകുടീരം
കൊടിയവിഷം കുത്തിവെച്ചൊര,രക്കെട്ടിൽ
കുരുത്തുവരുന്നുണ്ട് നെടിയ വിഷകുമ്പം
കടലൊന്നു കാളുന്നുണ്ടടി വയറ്റിൽ നിന്ന്
കുടിലതന്ത്രജ്ഞർ ചിരിച്ചു കുഴയുന്നു
ഇല്ല പ്രത്യാശതൻ ഞാറകൊക്കുകളെങ്ങും
മോഹഹേമന്തം മുങ്ങി മരിച്ചു പോയ്
ശിശിരരാവെന്നിൽ ശരംകുത്തിയിറക്കുന്നു
ഇനിയെന്നു ഞാനെന്നെ കണ്ടെടുത്തീടും
2020 ഒക്‌ടോബർ 6, ചൊവ്വാഴ്ച
പുലരിയിൽ
പാടത്തിനക്കരെ കുന്നിൽ നെറുകയിൽ
പുലരിവിളക്കിൻ തിരിയുയർന്നു
നീരണിഞ്ഞുള്ളൊരു നീലാഭപത്രങ്ങൾ
നാരികളീറനുടുത്തപോലെ
ഈറനാം പൂഞ്ചായൽ ചിക്കെന്നഴിച്ചപോൽ
തുള്ളികൾ തൂവും കതിർക്കുലകൾ
ഉമ്മവെയ്ക്കാനായും സുന്ദരിപ്പെണ്ണുപോൽ
ചാഞ്ഞു നിന്നുള്ളൊരാരാമ സൂനം
ഉദയഗീതം പാടി ഊയലാടീടുന്നു
തരു ശാഖികളിൽ കിളിക്കൂട്ടങ്ങൾ
ആലയിലകിടുചുരത്തിയ പയ്യുകൾ
കന്നുകളെയെങ്ങും തിരഞ്ഞിടുന്നു
കോവിലിൽ നേദിച്ച പൂവും പ്രസാദവു-
മായ്തെന്നൽ കുന്നേറി വന്നിടുന്നു
ഉള്ളിൽ നിറയേ നിറന്ന സ്വപ്നങ്ങളെ
തരുണികൾ താളത്തിൽ താലോലിപ്പൂ
2020 ഒക്‌ടോബർ 5, തിങ്കളാഴ്‌ച
ഖേദം
ഇല്ലായ്മയിലേക്കുകണ്ണുനട്ട്
വല്ലായ്മയോടെയിരിക്കുന്നു
ശൂന്യതയിലും ഒരു സാനിധ്യം
അകമെയറിയാത്തൊരു ഖേദം
ശൂന്യതയിൽ നിന്ന് സൂക്ഷ്മത്തിലേക്ക്
പാറി വീഴുന്നു വിചാര രേണുക്കൾ
വിട്ടേ പോയില്ല ഒരോർമ്മയുമെന്ന്
തൊട്ടേയിരിക്കുന്നു
തല കുത്തി നിന്ന കാഴ്ച്ചകളാണെ
നേരെ കാണുന്നതെന്നപോലെ
ചിത്രം പോലുള്ള ചരിത്രത്തെ മാറ്റി -
യെഴുതുമ്പോലെ
മാറ്റുവാൻ കഴിയില്ല യോർമ്മകളെ
അലഞ്ഞ വഴികൾ
അലിഞ്ഞു ചേർന്നയിടങ്ങൾ
ചേർത്തേ പോകുന്നുണ്ട്
ചോർന്നു പോകാതെയിന്നും ഹൃത്തിൽ
ഒന്നിച്ചിരുന്ന് നെഞ്ചു പൊട്ടിക്കരയാൻ
ഇനിയാവില്ലെന്നോർക്കുമ്പോൾ
അകമേ അറിയാത്തൊരു ഖേദം
2020 ഒക്‌ടോബർ 4, ഞായറാഴ്‌ച
വനപുഷ്പത്തോട് ....!
അകലെയെങ്കിലും സഖി
ധാരയായ് പെയ്യുന്നു നീ
എൻ്റെയീ ഹൃദന്തത്തിൽ
സുഗന്ധം പരത്തുന്നു
മറക്കുവതെങ്ങനെ ഞാൻ
മരണം വിളിച്ചാലും
മാരിവിൽ തെളിച്ചമായ്
മായാതെ നീയെന്നുള്ളിൽ
മൗന സന്ദേശത്താലെ
പ്രണയം വിതറി നീ
കോൾമയിർ കൊള്ളിക്കുന്നു
കേവലനാമീയെന്നെ
സ്വപ്നങ്ങളല്ലാ നീയെൻ
സുന്ദര സങ്കൽപത്തിൻ
തിടമ്പേറ്റിവന്നൊരു വനകന്യ-
കയല്ലോ
സത്യമേ, സൗന്ദര്യമേ പ്രണയ -
പ്പുളകമായ്
എന്നുമെൻ ഹൃദന്തത്തിൽ
വിരാജിച്ചീടേണം നീ
2020 ഒക്‌ടോബർ 3, ശനിയാഴ്‌ച
മലയാളമേ....
വാടിയിലെങ്ങുമേ ചിത്രവർണ്ണോജ്വല -
ജാലങ്ങൾ തീർത്തു വസന്തകാലം
ആവേശക്കൊറ്റികൾ ഹാ...ഹാ... പറക്കുന്നു !
ഒതുങ്ങാതെ ഹൃത്തിനകത്തളത്തിൽ
കുയിലുകൾ കൂട്ടമായെത്തുന്നു വാടിയിൽ
കേകികളാടി തിമർത്തിടുന്നു
മധുനുകർന്നെങ്ങെങ്ങും പാറിക്കളിക്കുന്ന
മത്തഭൃംഗങ്ങൾ മുരണ്ടിടുന്നു
രമ്യതചാർത്തി മധുമാസവിഭൂതി,യീബ്ഭൂത-
ലമാകെ നിറഞ്ഞു നിൽക്കേ
ശ്രീയെഴുന്നീടിന നിൻ മുഖകാന്തിയിൽ
വാസന്തസന്ധ്യ നാണിച്ചുപോയി
കാമസുരഭിയാമോമലേ കേൾക്കനീ
കോകിലം പാടും കല്ല്യാണി രാഗം
മലയാളമേ,യെൻ്റെ ,യോമലാളേ നീ
ശിഞ്ജിത നാദമുയർത്തിടുക
........
രമ്യം = മനോഹരം
വിഭൂതി = ഐശ്വര്യം
