malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024 ജൂൺ 7, വെള്ളിയാഴ്‌ച

ഭ്രാന്താശുപത്രി




നിരാശയുടെ ചിതൽപ്പുറ്റുകൾ
വളരുന്നൊരിടമുണ്ട്
ഉള്ളിലെ വേരുകൾ വലിഞ്ഞു
പൊട്ടുന്ന
ആഴ്ന്നിറങ്ങുന്ന വേദന തിങ്ങു -
ന്നയിടം

ഒച്ചയറ്റ വരാന്തയിലേക്ക്
ആർത്തനാദങ്ങൾ
ഒലിച്ചിറങ്ങുന്നയിടം

സ്വപ്നങ്ങളെയാകെ
തീയിട്ടെരിച്ച്
പ്രണയത്തെ പ്രാണനോടെ
മണ്ണിട്ടു മൂടുന്ന സ്ഥലി

പൊള്ളിക്കുന്ന മഴകളുടെ
തീ മുഖങ്ങൾ ചുംബിക്കുമിടം
ആളൊഴിഞ്ഞ മുറികൾ
പിറുപിടുക്കുമിടം

മറന്നിട്ട ഓർമ്മകളുടെ
ഉന്മാദമൂർച്ഛയിൽ
ഉറഞ്ഞാടുന്ന
ഇരുണ്ട അറകൾ

നോക്കൂ ;
അവിടം തളിർക്കുന്നതൊക്കെയും
ഓർമ്മകളുടെ പച്ചയിലയിൽ
കുറിക്കപ്പെട്ട അനുഭവങ്ങൾ

2024 ജൂൺ 6, വ്യാഴാഴ്‌ച

നഗരത്തിൽ



അവൻ,
നഗര കോൺക്രീറ്റിൻ
നരക ജീവിതപ്പുകതുപ്പുന്നു
ദിവസവും പുത്തൻ മുഖംമൂടിയണിയുന്നു പൊള്ളുംചിരിയെടുത്ത് അണിയുന്നു

ഒരിക്കൽ
ആർത്തുല്ലസിച്ചു മദിച്ച
ജീവിതനിളയെ ഓർക്കുന്നു
ഗ്രാമത്തിൻ്റെ കനക കാന്തിയെ തൊടുന്നു

പിന്നെയെന്നോ
ഏതു വാമനനാൽ ചവിട്ടി താഴ്ത്തപ്പെട്ട
മാബലി
നഗര ചെളിക്കുണ്ടിൻ പ്രജാപതി
ഉത്കണ്ഠയുടെ വൈദ്യുത ഫാക്ടറി

വയലേലകൾ കന്നുകുട്ടികൾ കൊറ്റികൾ കുളത്തിൽ മദിച്ചുല്ലസിക്കുംകുട്ടികൾ ചുട്ടുപൊള്ളുന്നു ഉള്ളകം
ചീറിപ്പായുന്നു ജീവിതം

ഇത് വൺവേ ഡ്രൈവിംഗ്
നിശ്ചിത സ്പീഡിൽ പോയില്ലെങ്കിൽ തകർന്നടിയുന്ന ജീവിതം

2024 ജൂൺ 5, ബുധനാഴ്‌ച

പ്രവാഹം


കനച്ചു നിൽക്കുന്നു
കഴിഞ്ഞതൊക്കെയും
അഴുകി പോകാതെ
അലിഞ്ഞു തീരാതെ

ബുദ്ധനാവുന്നതേ
ബുദ്ധി
ബദ്ധശത്രുത ഉള്ളിൽ
കിളിർക്കിലും
പാഴായിപ്പോയി ജീവിത
മെന്നോർക്കിലും
പാഴാക്കിയില്ല സമയമൊ
ട്ടുമേ

പൊട്ടിച്ചിരിച്ചു ''ഹാ കഷ്ട -
മെ''ന്നാർക്കുവോരെ
കണ്ടില്ലെന്നു നടിപ്പതേ നല്ല
ബുദ്ധി
ബന്ധുത്വം ചമഞ്ഞു വരുവോർ
ചെളിയിലേക്ക് തള്ളിയിടുവോർ

ഇന്നവർ തലതാഴ്ത്തി വഴി -
മാറുന്നു
കാർക്കോടകൻമാർ ഓടി ഒളി-
ക്കുന്നു
മൺപുറ്റിൻ മനസ്സുകളേ
മഹാപ്രവാഹത്തെ തടുക്കുവാ-
നാർക്കു കഴിയും

2024 ജൂൺ 4, ചൊവ്വാഴ്ച

ഇരയും വേട്ടക്കാരനും




അറിയാതെയൊന്ന്
തൊട്ടതാണെങ്കിലും
കുളിരു കോരിപ്പോയ്
അവളുടെ അന്തരാള -
ത്തിൽ

എൻ്റെ കണ്ണിലേക്കൊന്ന്
പാളി നോക്കിയപ്പോൾ
പിടയുന്നതെന്തു നീ
കണ്ണുപൊത്തുന്നതെന്തേ?

തൊണ്ടയിൽ നീണ്ട നിലവിളി
വന്നു
തടഞ്ഞു തട്ടിച്ചിതറുന്നതെന്തേ?
തുടുത്ത കവിളിൽ തടുത്തു
നിർത്താൻ
കഴിയാത്തൊരു കറുപ്പ്
പടരുന്നതെന്തേ ?

എത്ര സമർത്ഥമായ്
ഒളിച്ചു വച്ചു ഞാനെൻ്റെ
കഴുകകൊക്ക്
എത്ര വേഗം തിരിച്ചറിഞ്ഞിര
വേട്ടക്കാരനെ

2024 ജൂൺ 3, തിങ്കളാഴ്‌ച

ആഹാരം


ആദ്യമുണർത്തുന്ന പക്ഷിയാ
യിരിക്കും
നാളെത്തെ ആഹാരം
വളർത്തി വലുതാക്കിയത്
വറുത്തു തിന്നാനെന്ന്
അതിനറിയില്ലല്ലോ

എന്നത്തേയും പോലെ
അരികിൽ വരും
കാലിൽ കൊക്കുരുമും
മടിയിൽ പറന്നിരിക്കും.

ഉറക്കം വരുന്നില്ലെങ്കിലും
കണ്ണടച്ചു കിടന്നു
ഇരുട്ടിൻ്റെ കനപ്പിൽ
കോഴിത്തൂവലിൻ്റെ അനക്കം

പ്രാരബ്ധങ്ങളുടെ പരന്നചുമയിൽ
അമ്മയുടെ ഞരക്കം
തിരിഞ്ഞും മറിഞ്ഞും കിടന്ന്
ഭാര്യയുടെ ഉരുക്കം

ക്ലോക്കിൻ്റെ താളം എന്നെ വളർത്തി
ക്ലോക്കിൻ്റെ താളത്തിൽ മൂത്തു
ഇപ്പോൾ,
ക്ലോക്കിൻ്റെ താളത്തിൽ
ചീഞ്ഞുകൊണ്ടിരിക്കുന്നു

കണ്ണടച്ചു കിടന്നാൽ മാത്രം
ഉറക്കമാവില്ല
ഉറക്കം നടിച്ചു കിടന്നാലും
കിഴക്കു വെള്ള കീറും
ആദ്യമുണർത്തുന്ന പക്ഷി
ഉണർത്തുപാട്ടു പാടും

എന്നത്തേയും പോലെ
അരികെ വരും
കാലിൽ കൊക്കുരുമും
മടിയിൽ പറന്നിരിക്കും

ആദ്യമുണർത്തുന്നപക്ഷിയാ
യിരിക്കും
നാളെത്തെ ആഹാരം

2024 ജൂൺ 2, ഞായറാഴ്‌ച

മരിച്ചവർ സംസാരിച്ചാൽ.......!



ജീവിച്ചിരിക്കുന്നവർക്ക്
മനസ്സിലാകുമെങ്കിൽ
മരിച്ചവർ പറയുന്നത്
കേൾക്കാമായിരുന്നു
എങ്ങിനെയാണ് മരിച്ചതെന്ന്
അറിയാമായിരുന്നു
പൊള്ളുന്ന വാക്കുകളിൽ
പിടയാമായിരുന്നു

ഒരു തുള്ളി വെള്ളം കിട്ടാതെ
ഒരു നേരത്തെ അന്നം കിട്ടാതെ,
ഏകാന്ത തടവറയിലിട്ട്,
ഒടുങ്ങാത്ത വേദനകൾ തിന്ന്,
കരയുന്ന കുഞ്ഞിനെ പാലൂട്ടുമ്പോൾ
ഒരു ബോംബിൻചീളായ്.

റോഡിലൂടെ നടന്നുപോകുമ്പോൾ
പിച്ചിച്ചീന്തി,
കത്തുന്ന തീയിൽ കൈക്കലയായി,
ബാരക്കിലെ തറയിൽ ചോരച്ചാലായ്,
കൂടെ നടക്കുന്നവരുടെ കഠാര മുനയാൽ.

വിരാമങ്ങളുടെ വിരസതയില്ലാതെ
അറിയാമായിരുന്നു
വാക്കുകൾ പോലുമില്ലാതെ
കേൾക്കാമായിരുന്നു

2024 ജൂൺ 1, ശനിയാഴ്‌ച

ഉപഹാരം


ഓർമ്മയ്ക്കു വേണ്ട
ഒരു ഉപഹാരവും
നീ എൻ്റെ ഹൃദയത്തിലി-
രിക്കുവോളം കാലം

നീ എന്തിനൊരു പൂവ് -
നൽക്കുന്നു
കടംവീട്ടി കാലത്തെ
മറക്കാമെന്നോ ?!

വാടില്ലൊരിക്കലും
എന്നിൽ
ചുംബനത്തിൻ്റെ
തുടുത്ത നിറമുള്ള നീ

ജര വന്നു കയറിയാലും
ജ്വരത്താൽ തളർന്നാലും
ചുരമേറി
ജ്വലിച്ചു നിൽക്കും
കവിതയുടെ കൃഷ്ണമണി-
യായ് നീ

പടികടന്നു പോകുന്നു സന്ധ്യ
നീലിച്ചു വരുന്നു ഉടൽ
വാടാത്തൊരോർമ്മയുണ്ടുള്ളിൽ
തുടുത്തു നിൽക്കുന്ന നീ