malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011 ജൂൺ 29, ബുധനാഴ്‌ച

പ്രകൃതിവിലാസം

എങ്ങുനിന്നോമനെ
കാതോര്‍ത്തുകേള്‍ക്ക നീ
മധുര സംഗീതത്തിന്‍ നിര്‍ഝരീകള്‍
മധുര പ്രതീക്ഷകള്‍ പൂവിട്ടുനില്‍ക്കുമീ
പനിമതിപുഞ്ചിരി തൂകുംരാവില്‍
അഴകിന്റെ കൊവിലായ്കോടപുതച്ചുള്ള
ലോകമീ രാത്രിയില്‍ കാണുന്നേരം
അഴലു കളെല്ലാമെ അടിവെച്ചകലുന്നു
അലയടി ചെത്തുന്നു പരമാനന്ദം
സന്തോഷാശൃക്കള്‍ പൊഴിക്കുംമിഴിപോലെ
ഊഴിയിലിറ്റുന്നു മഞ്ഞിന്‍കണം
കാറ്റിന്‍കുളിര്‍കൈകള്‍ കെട്ടിപ്പിടിച്ചപ്പോള്‍
പാഴ്മുളംതണ്ടിന്റെ ഇക്കിളിയോ
നമ്മളില്‍തുള്ളിക്കളിക്കുന്ന ഹര്ഷത്തിന്‍
തിരയടിചെത്തുന്നതിന്‍സ്വനമോ
പൊന്മുളംതണ്ടുപോല്‍ ഇന്ദ്രജാലംകാട്ടും
പ്രകൃതിവിലാസം വിചിത്രംതന്നെ

2011 ജൂൺ 24, വെള്ളിയാഴ്‌ച

ആഴം

ജീവിതത്തിന്റെ ആഴം
ആ നാളുകളിലാണിഞ്ഞത്
അവള്‍;
ഉദയത്തിനു മുന്‍പുള്ള പക്ഷി
ഉള്ളകത്തെ ക്യാന്‍വാസില്‍
ക്യാന്‍സര്‍ കളംവരയ്ക്കുമ്പോഴും
ഒരു വ്യാജപ്രതീക്ഷ
അവള്‍ക്കുള്ളില്‍ അള്ളിപ്പിടിച്ചു
വിട്ടുപോകാന്‍ കൂട്ടാക്കാതെ
കാമുകനെപ്പോലെ ക്യാന്‍സര്‍
മുലകളമര്‍ത്തി പിടിക്കുമ്പോള്‍
അമ്മിഞ്ഞ മണം അവിടമാകെ -
തൂവുക യായിരുന്നു
സഹനത്തിന്റെ സായംകാലത്തിനു
പടയാളിയുടെ പരിവേഷമെങ്കിലും
ജീവിതത്തിന്റെ ആഴം
അന്നാളുകളിലാണറിഞ്ഞത്

തൊടുമ്പോള്‍

രാവിലെ കൃത്യം അഞ്ചുമണിക്ക് തന്നെ
തളര്‍ന്നെണീക്കുന്നു .
നേരെ ബാത്ത്‌റൂമില്‍ .
കാല്മുഖംകഴുകി നിലവിളക്കിനരികില്‍ .
ഇരുട്ടിനെ തൂത്തുവാരി
മുറ്റത്തിന് പുറത്തേക്ക് .
ബക്കറ്റ്കിണറിലെ ജലത്തിനോടു -
പ്രഭാത വന്ദനം .
ചാരവും,ചെകരിയും
കരിക്കലത്തിലേക്ക് വിതറുന്നു -
കിന്നാരത്തിന്റെ ആദ്യകുളിര് .
ചായയ്ക്ക് കൊറിക്കാനുള്ള പ്രഭാത-
പത്രവുമായി
ഭര്‍ത്താവിന്നരികില്.
ഒരു കെട്ട് പുസ്തകം സമയം വൈകിയെന്നു
ഇടവഴിയിലേക്കിറങ്ങുന്നു .
ഓഫിസ്സിലെത്താന്‍ പാകത്തില്‍
ഒരു ബസ്സ് ഡബിള്‍ ബെല്ലടിക്കുന്നു .
എല്ലാം ഒരുക്കി കൈയെത്തി തൊടുമ്പോള്‍
തണുത്ത ചായ ഒരുവളിച്ച ചിരി
സമ്മാനിക്കുന്നു .

2011 ജൂൺ 18, ശനിയാഴ്‌ച

ഞാന്‍ വിചാരിക്കുന്നു

ഉദ്യാനത്തെ ഉഴുതുമറിച്ചഒരുകാറ്റ്
സൂചി മുനപോലെ കൂര്‍ത്ത്
കിളിവാതിലിലൂടെ ജീവനുള്ളത്പോലെ
ഓരിയിട്ടകത്തേക്ക് വരുന്നു
കല്ല്‌മഴകൊണ്ടുവന്ന് തട്ടിന്‍ പുറത്ത്
ആഞ്ഞെറിയുന്നു
ഉറക്കമില്ലാത്ത ഞാന്‍
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു
അസ്വസ്ഥയായ്‌ എഴുന്നേല്‍ക്കുന്നു
ഉറക്കത്തെ കുറിച്ചാണെങ്കില്‍
ഒരടയാളവുമില്ല
ലജ്ജ കുടിച്ച് രാത്രിയും ഉറങ്ങാതെകിടക്കുന്നു
തിന്മയുടെ പൂച്ച അകത്തേയ്ക്ക് വരുന്നു
അത് തൊലിയും,മുലയും പറിക്കുകയും
ഉരിയുകയും ചെയ്യുന്നു
മാംസത്തെ കടിച്ചു കീറുന്നു
ബലാത്കാരമായി ഗര്‍ഭ-
പാത്രത്തിലേക്കിറങ്ങുന്നു
അള്ളിപ്പിടിച്ച അതിന്റെ നഖങ്ങളില്‍ നിന്ന്
കോര്‍മ്പല്ലില്നിന്നു
ഞാനെന്നെതന്നെ കുടഞ്ഞെറിയുന്നു

ചക്കപ്പഴം

മൂര്‍ത്ത മുള്ളും
ഒട്ടിപ്പിടിക്കും പശയും
കണ്ടാലൊരു മുരടത്തരം
ഉള്ളിലേക്കൊന്നു നോക്കണം
തേനൂറും മധുരവും വിളമ്പി
കാത്തിരിക്കുകയല്ലേ .
ഉള്ളിലൊന്നുമില്ലെങ്കില്‍
മേനി വെളുപ്പിച്ച്
വെളുക്കെചിരിച്ചിട്ട്കാര്യമെന്ത്

2011 ജൂൺ 17, വെള്ളിയാഴ്‌ച

കാലത്തിന്റെ വാക്ക്

കാലത്തിന്റെ വാക്കുമായി
കടന്നു പോയവരെ
കഴിയില്ലെനിക്ക് നിങ്ങളുടെ
മൌനങ്ങള്‍ക്ക് മുന്‍പില്‍
തല കുനിക്കുവാന്‍.
കഴിയില്ലെനിക്ക് നിങ്ങളെ-
സ്മാരകത്തറകളില്‍
പൂക്കളും വെച്ച് കടന്നു പോകുവാന്‍
കടമെടുക്കുന്നു ഞാന്‍ നിങ്ങളുടെ -
വാക്കുകള്‍
കടഞ്ഞെടുക്കുമതില്‍നിന്നും
ഞാനൊരു പെട്ടകം
കറുത്ത നീതിയെ കടപുഴക്കിയടുക്കുവാന്‍
കരുതി വെയ്ക്കണം എനിക്കുമൊരു മുറി
നിന്റെ ശ്മശാനത്തിന്റെ തൊട്ടടുത്ത്‌
കൊത്തി വെയ്ക്കണം
വാതില്‍ പ്പാളിയില്‍
ആ വാക്കുകള്‍

2011 ജൂൺ 15, ബുധനാഴ്‌ച

നീ വരരുത്

നീ വരുംഎന്ന പ്രതീക്ഷയാണ്
എന്നെ ജീവിപ്പിക്കുന്നത്‌
പക്ഷെ-
നീ വരരുത്
നീ വരും എന്നപ്രതീക്ഷയാണ്
എന്റെ രാത്രിയെ പകലാക്കിമാറ്റുന്നതും
നിന്റെ നിശ്വാസമെന്റെകവിളിലും
നിന്റെനനുത്ത ചിരിയെന്റെയുള്ളിലും
തണുപ്പുള്ള കൊച്ചു വെളുപ്പാന്‍കാലത്ത്
ഉറക്കിന്റെ ഉള്ളറയിലേക്ക്
കെട്ടിപ്പിടിച്ചടുപ്പിക്കുന്നത് .
പക്ഷെ-
നീ വരരുത്
നീ വന്നാല്‍ പിന്നെ സ്വപ്നമില്ല
പ്രതീക്ഷയില്ല
പിന്നെയെന്തു ജീവിതം
അതുകൊണ്ട്
നീ വരരുത്