malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

ഞാൻ

 


എന്നായിരിക്കും ഞാനെന്നിൽ നിന്നും
ഇറങ്ങിപ്പോയിട്ടുണ്ടാകുക.

ഗ്രീഷ്മം കൊത്തിവലിച്ച ആ രാത്രിയിലോ
യൗവ്വനത്തളിർനുള്ളപ്പെട്ട നിമിഷത്തിലോ
കണ്ണീരുപ്പിൽ അലിഞ്ഞു പോകുന്നു ജീവിതം
ഓർമ്മയുടെ തേരട്ടകൾ അരിച്ചു കയറുന്നു

വിലക്കപ്പെട്ടകനി ഭക്ഷിച്ച ചുണ്ടാണിത്
കാമകൊക്കുകൾ കൊത്തിപൊട്ടിച്ച കണ്ണുകൾ
ഉടഞ്ഞ മുരളിയിൽ ഇനിയില്ല ഗാനം
അടഞ്ഞ കണ്ഠത്തിൽനിന്നടരില്ല ഗദ്ഗദം

രക്തധമനികൾ തണുത്തുറഞ്ഞുപേയ്
സ്വപ്നഗ്രന്ഥികൾ അഴുകിയലിഞ്ഞുപോയ്
പരാന്നഭോജിതൻ വായിലായ് പ്രണയം
കീടമരിച്ചൊരു പ്രണയകുടീരം

കൊടിയവിഷം കുത്തിവെച്ചൊര,രക്കെട്ടിൽ
കുരുത്തുവരുന്നുണ്ട് നെടിയ വിഷകുമ്പം
കടലൊന്നു കാളുന്നുണ്ടടി വയറ്റിൽ നിന്ന്
കുടിലതന്ത്രജ്ഞർ ചിരിച്ചു കുഴയുന്നു

ഇല്ല പ്രത്യാശതൻ ഞാറകൊക്കുകളെങ്ങും
മോഹഹേമന്തം മുങ്ങി മരിച്ചു പോയ്
ശിശിരരാവെന്നിൽ ശരംകുത്തിയിറക്കുന്നു
ഇനിയെന്നു ഞാനെന്നെ കണ്ടെടുത്തീടും


2020 ഒക്‌ടോബർ 6, ചൊവ്വാഴ്ച

പുലരിയിൽ

 



പാടത്തിനക്കരെ കുന്നിൽ നെറുകയിൽ
പുലരിവിളക്കിൻ തിരിയുയർന്നു
നീരണിഞ്ഞുള്ളൊരു നീലാഭപത്രങ്ങൾ
നാരികളീറനുടുത്തപോലെ

ഈറനാം പൂഞ്ചായൽ ചിക്കെന്നഴിച്ചപോൽ
തുള്ളികൾ തൂവും കതിർക്കുലകൾ
ഉമ്മവെയ്ക്കാനായും സുന്ദരിപ്പെണ്ണുപോൽ
ചാഞ്ഞു നിന്നുള്ളൊരാരാമ സൂനം

ഉദയഗീതം പാടി ഊയലാടീടുന്നു
തരു ശാഖികളിൽ കിളിക്കൂട്ടങ്ങൾ
ആലയിലകിടുചുരത്തിയ പയ്യുകൾ
കന്നുകളെയെങ്ങും തിരഞ്ഞിടുന്നു

കോവിലിൽ നേദിച്ച പൂവും പ്രസാദവു-
മായ്തെന്നൽ കുന്നേറി വന്നിടുന്നു
ഉള്ളിൽ നിറയേ നിറന്ന സ്വപ്നങ്ങളെ
തരുണികൾ താളത്തിൽ താലോലിപ്പൂ











2020 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ഖേദം


ഇല്ലായ്മയിലേക്കുകണ്ണുനട്ട്
വല്ലായ്മയോടെയിരിക്കുന്നു

ശൂന്യതയിലും ഒരു സാനിധ്യം
അകമെയറിയാത്തൊരു ഖേദം
ശൂന്യതയിൽ നിന്ന് സൂക്ഷ്മത്തിലേക്ക്
പാറി വീഴുന്നു വിചാര രേണുക്കൾ

വിട്ടേ പോയില്ല ഒരോർമ്മയുമെന്ന്
തൊട്ടേയിരിക്കുന്നു
തല കുത്തി നിന്ന കാഴ്ച്ചകളാണെ
നേരെ കാണുന്നതെന്നപോലെ

ചിത്രം പോലുള്ള ചരിത്രത്തെ മാറ്റി -
യെഴുതുമ്പോലെ
മാറ്റുവാൻ കഴിയില്ല യോർമ്മകളെ
അലഞ്ഞ വഴികൾ
അലിഞ്ഞു ചേർന്നയിടങ്ങൾ

ചേർത്തേ പോകുന്നുണ്ട്
ചോർന്നു പോകാതെയിന്നും ഹൃത്തിൽ
ഒന്നിച്ചിരുന്ന് നെഞ്ചു പൊട്ടിക്കരയാൻ
ഇനിയാവില്ലെന്നോർക്കുമ്പോൾ
അകമേ അറിയാത്തൊരു ഖേദം

2020 ഒക്‌ടോബർ 4, ഞായറാഴ്‌ച

വനപുഷ്പത്തോട് ....!


അകലെയെങ്കിലും സഖി
ധാരയായ് പെയ്യുന്നു നീ
എൻ്റെയീ ഹൃദന്തത്തിൽ
സുഗന്ധം പരത്തുന്നു

മറക്കുവതെങ്ങനെ ഞാൻ
മരണം വിളിച്ചാലും
മാരിവിൽ തെളിച്ചമായ്
മായാതെ നീയെന്നുള്ളിൽ

മൗന സന്ദേശത്താലെ
പ്രണയം വിതറി നീ
കോൾമയിർ കൊള്ളിക്കുന്നു
കേവലനാമീയെന്നെ

സ്വപ്നങ്ങളല്ലാ നീയെൻ
സുന്ദര സങ്കൽപത്തിൻ
തിടമ്പേറ്റിവന്നൊരു വനകന്യ-
കയല്ലോ
സത്യമേ, സൗന്ദര്യമേ പ്രണയ -
പ്പുളകമായ്
എന്നുമെൻ ഹൃദന്തത്തിൽ
വിരാജിച്ചീടേണം നീ

2020 ഒക്‌ടോബർ 3, ശനിയാഴ്‌ച

മലയാളമേ....


വാടിയിലെങ്ങുമേ ചിത്രവർണ്ണോജ്വല -
ജാലങ്ങൾ തീർത്തു വസന്തകാലം
ആവേശക്കൊറ്റികൾ ഹാ...ഹാ... പറക്കുന്നു !
ഒതുങ്ങാതെ ഹൃത്തിനകത്തളത്തിൽ

കുയിലുകൾ കൂട്ടമായെത്തുന്നു വാടിയിൽ
കേകികളാടി തിമർത്തിടുന്നു
മധുനുകർന്നെങ്ങെങ്ങും പാറിക്കളിക്കുന്ന
മത്തഭൃംഗങ്ങൾ മുരണ്ടിടുന്നു

രമ്യതചാർത്തി മധുമാസവിഭൂതി,യീബ്ഭൂത-
ലമാകെ നിറഞ്ഞു നിൽക്കേ
ശ്രീയെഴുന്നീടിന നിൻ മുഖകാന്തിയിൽ
വാസന്തസന്ധ്യ നാണിച്ചുപോയി

കാമസുരഭിയാമോമലേ കേൾക്കനീ
കോകിലം പാടും കല്ല്യാണി രാഗം
മലയാളമേ,യെൻ്റെ ,യോമലാളേ നീ
ശിഞ്ജിത നാദമുയർത്തിടുക
........
രമ്യം = മനോഹരം
വിഭൂതി = ഐശ്വര്യം


2020 സെപ്റ്റംബർ 30, ബുധനാഴ്‌ച

കടൽ ഇങ്ങനെയൊക്കെയാണ്




കടൽ ഇങ്ങനെയൊക്കെയാണ്

ചിലപ്പോൾ, ചതഞ്ഞ മുല്ലപ്പൂവിൻ

ഗന്ധവുമായി

അഴിഞ്ഞുലഞ്ഞ ഉടയാടകൾ വാരി

ച്ചുറ്റി

അലസംതിരിഞ്ഞു കിടക്കുന്ന പുതു

പ്പെണ്ണ്


ചിലപ്പോൾ, ഉണങ്ങാനിട്ട നീലച്ചേല,

മദിരാലസ്യത്തിൽ മാനം നോക്കി

മലർന്നു കിടക്കും മദാലസ

നിരങ്ങി വന്ന് ഞരങ്ങി ഞരങ്ങി

കരയിൽ തലചായ്ച്ചു കിടക്കും വയ-

സ്സിത്തള്ള,


ചിലപ്പോൾ, തട്ടമിട്ട് കെസ്സുപാട്ടിൻ്റെ -

മട്ടിൽ

പാട്ടുമൂളി വരും മൊഞ്ചത്തി,

ഗസലിൻ്റെ ഗാനവസന്തം

അരുമയായ പൈക്കിടാവ്


മറ്റു ചിലപ്പോൾ, കാടുപോലെ കറുത്തി -

രുണ്ട്

മുരണ്ടുവരുന്ന വിശന്ന വന്യമൃഗം, 

ഒരു മദയാന,

കയറൂരിവിട്ട ക്രോധം


ചിലപ്പോൾ, ശാന്തഗംഭീരനായ താപസ -

ശ്രേഷ്ഠൻ

മടിപിടിച്ച് മുഖമൊളിപ്പിച്ചിരിക്കുന്ന വിഷാദ

രോഗി

മുരണ്ടുവരുന്ന ഒരു കാടൻപൂച്ച

ചാന്തുപൊട്ടിട്ട് കണ്ണെഴുതി മുല്ലപ്പൂക്കൾ ചൂടിയ

അഭിസാരിക


കടൽ ഇങ്ങനെയൊന്നുമല്ല

കാത്തു വച്ചതൊക്കെയും കൊടുത്ത്

പോറ്റി വളർത്തിയ മക്കളുടെ ക്രൂരതയിൽ -

മനംനൊന്ത്

കരഞ്ഞു നിലവിളിക്കാൻമാത്രം വിധിക്കപ്പെട്ട -

ഒരമ്മ ജന്മ

2020 സെപ്റ്റംബർ 28, തിങ്കളാഴ്‌ച

വാഴ്ച


പ്രാചീന ലിപികൾ പോലെ
വളഞ്ഞുപുളഞ്ഞവഴികൾ
ക്ലാവുപിടിച്ച ഗോപുരംപോലെ
കരിങ്കൽക്കുന്നുകൾ
ആസക്തിയുടെ അർക്കൻ
നഗ്നതയെ ചുംബിക്കുന്നു

നിദാഘത്താൽ നീരുറവയിടുന്നു
ശരീരം
കാലത്തിൻ്റെ കൂരമ്പിൽ കൊരുക്ക -
പ്പെട്ടവൻ
കൂടില്ലാത്ത പക്ഷി

ഗ്രീഷ്മം കൊത്തുന്നു നിറുകയിൽ
നീലിച്ചുപോയി മോഹത്തിൻ്റെ ചില്ലകൾ
വിശന്ന മനസ്സിന് മൗനമാണാഹാരം
കനലിൻ്റെ കഞ്ഞിയാണ് വയറ്റിൽ

എവിടെ എൻ്റെ വഴി
അറച്ചുനിൽക്കുന്നു തറച്ചകൊള്ളിപോൽ
നാൽക്കവലയിൽ
മനുഷ്യനിലേക്ക് എനിക്ക് വഴികളില്ല
പക്ഷം കരിഞ്ഞ പക്ഷി ഞാൻ

ഗ്രീഷ്മമേ നീയെന്നെ കൊത്തിവീഴ്ത്തുക
കൂടപ്പിറപ്പുകളാൽ എന്നേ വീണവൻ ഞാൻ
ശിശിരത്തിൻ്റെ ശരമാരിയേറ്റ്
ഭീഷ്മരായ് വീണുവാഴണമെനിക്ക്