malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024 ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

അമ്മ മഴ



അsമഴയിലൂടെ ഓടിവരും ഞാൻ.
നിറമിഴികളോടെ,നിറമഴയിലേക്ക് -
ചാടിയിറങ്ങി
പൊത്തി പിടിക്കുമെന്നെ അമ്മ
ഉടുമുണ്ടിൻ്റെ കോന്തല കൊണ്ട്
തലതുവർത്തി തരും

രാസനാദിപ്പൊടി നിറുകയിൽ -
തിരുമി
തണുത്തു വിറയ്ക്കുന്ന എന്നെ
അടുപ്പിനരികിൽ പലകയിട്ടിരുത്തും
ചൂടുള്ള ചുക്കുകാപ്പി ഊതി ഊതി -
കുടിപ്പിക്കും

ഇടയ്ക്കിടെ വന്ന് നെറ്റിയും, നെഞ്ചും
തൊട്ടു നോക്കും
ഇല്ലാതദൈവങ്ങൾക്ക് വല്ലാതെ നേർച്ച -
നേരും
എനിക്കൊന്നുമില്ലെന്ന് ഉറപ്പാകുന്നതു -
വരെ.
പുറത്ത് മഴ പെയ്തു തോർന്നാലും
അകത്ത് പെയ്തു കൊണ്ടേയിരിക്കും -
അമ്മ


2024 ഓഗസ്റ്റ് 28, ബുധനാഴ്‌ച

വേർപിരിയൽ


വേർപിരിയാമെന്ന വാക്കു ചൊല്ലുമ്പോഴും
ഒന്നിച്ചു ചേർന്നവർ നമ്മൾ
കരളിലാഴങ്ങളിൽ
കവിതതൻ ലഹരിയായ്
നുരയുന്നതുണ്ട് നിൻവാക്ക്

കരുണയായ്, കരുതലായ്,
നിശ്ചയദാർഢ്യമായ്
മുന്നിൽ നടക്കുന്ന നേരം
മായുന്ന സന്ധ്യയും മടങ്ങി -
വരുമെന്ന്
പാടുന്ന പക്ഷിയെൻ ഹൃദയം

പിരിയുന്ന യാത്ര തുടരുന്നു -
വെങ്കിലും
പിരിയില്ല, പിരിയില്ല നമ്മൾ
അരിയസ്നേഹത്തിൻ
കനൽത്തരിയായി നീ
എന്നും ജ്വലിക്കുമെന്നുള്ളിൽ

സ്വാർത്ഥതയില്ലാത്ത
സാർത്ഥ വാഹകനായ് നീ
മുന്നേ നടക്കുന്ന നേരം
മൗനപാത്രങ്ങളിൽ
മധുരം നിറച്ചു ഞാൻ
പിമ്പേ നടക്കാറുണ്ടെന്നും

പിരിയുന്നുവെങ്കിലും
പാടട്ടെ ഞാനെൻ്റെ
ഹൃദയത്തിൻ തന്ത്രികൾ മീട്ടി
പിളരുന്ന കരളിൻ്റെ വേദന
മാറ്റുന്ന
നീയെൻ്റെയുള്ളിൻ്റെയുള്ളിൽ

2024 ഓഗസ്റ്റ് 27, ചൊവ്വാഴ്ച

സ്ഥിതി


അബോധത്തിന്റെ
ചുരം കയറുന്നു ജ്വരം
പെള്ളിപ്പെയ്യുന്നു
പനിക്കിടക്കയിൽ

ശശമൊന്നനങ്ങുന്ന നേരം
നഖമുനകളമരുന്നു ശരീര -
ത്തിൽ
മനസ്സിൻ്റെ മകുടത്തിലെ -
തൊട്ടിൽ
ആകാശം തൊട്ട് ഭൂമിയെതൊട്ട്
ആടിക്കളിക്കുന്നു.

നദി വറ്റി വരളുന്നു
മണൽക്കാട് പിറക്കുന്നു
നുണ നുണയുന്ന ലോകത്തിൽ
സത്യം വിളമ്പുന്നൊരു ഭ്രാന്തൻ

സിരയിലെ സരയു തണുക്കുന്നു
ഉപ്പില്ലാത്ത രക്തം കവർക്കുന്നു ജഠരത്തിൽ തീ പടർന്നിരിക്കുന്നു
അഗ്നിതന്നെ ജലമെന്നശരീരി

ചുരമിറങ്ങുന്നു ജ്വരം
പാദമൂന്നാൻ
ഞാനെൻ്റെ മണ്ണുതിരയുന്നു

2024 ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ഷഹനാസിന്


മേപ്പിളിലപോലെ നീയെത്ര
മനോഹരം ഷഹനാസ്
വാക്കിൽ
നോക്കിൽ
പുഞ്ചിരിയിൽ
എന്തിനേറെ, ഓർമ്മയിൽ
പോലും
ഇലയനക്കമായ് നീയെന്നിൽ

മനസ്സിലൊരു മഴവില്ലായ്
സിരയിലൊരു സരയുവായ്
ഹൃദയത്തിലൊരു തൂവൽ -
സ്പശമായ്
നീയെന്നിൽ ഷഹനാസ്

ക്യാമ്പസിലേക്കുള്ള ചരൽപ്പാത
എന്നെയും കൊണ്ട് നടക്കുന്നു
ഇടവഴിയിലൊരു കാട്ടുപൂവായ്
ചുണ്ടിലൊരു തെറ്റിപ്പൂവുമായ്
നീ നിന്നു ചിരിക്കുന്നു
കണ്ണിലെ കാക്കപ്പൂവ് മാടി വിളിക്കുന്നു

പിരിയൻഗോവണിയിൽ നാമഭിമുഖ-
മെത്തുന്നു
പ്രണയത്തിൻ്റെ പടവുകൾ
തോളോടുതോൾ ചേർന്നിറങ്ങുന്നു

ഷഹനാസ്,
എൻ്റെ ഹൃദയ ഭിത്തിയിലെ
നിൻ്റെ ചില്ലു ചിത്രം
നീ നിത്യവും തുടച്ച് വെടിപ്പാക്കി
വെയ്ക്കുന്നു
മേപ്പിളിലയനക്കമായ്
നീയെന്നിൽ തുടിച്ചു നിൽക്കുന്നു

2024 ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

മഴ നടത്തം


പുലർച്ചെ നടക്കാനിറങ്ങി
ഒരു വേനൽ മഴ
പണ്ട് വയലായിരുന്ന
റോഡിലൂടെ
മാമ്പഴം ഈമ്പിയിട്ട
മാവോർമ്മയിലൂടെ

മഷിച്ചപ്പ് തിരഞ്ഞ
കുറ്റിക്കാട്ടിലൂടെ
ഒയലിച്ച മിഠായി നുണഞ്ഞ
സ്ക്കൂൾ വരാന്തയിലൂടെ
മോരു വെള്ളം മോന്തിയ
ഗോപാലൻ നായരുടെ പീടിക
മുറ്റത്തൂടെ

കാലിമേച്ചു നടന്ന തെക്കേ
കരിയിലൂടെ
കപ്പനട്ട പടിഞ്ഞാറെക്കരിയിലൂടെ
ഒറ്റവരിക്കവിതയിലൂടെ

കുളിച്ചു മദിച്ച കുളവും
ഒഴുകി നീന്തിയതോടുമില്ലാതെ
തടയണ തീർത്ത വെള്ളമില്ലാത്ത
തവളക്കണ്ണൻ കുഴിക്കരികിലൂടെ
വിയർത്തു നടന്നു .


2024 ഓഗസ്റ്റ് 21, ബുധനാഴ്‌ച

അവർ





ഉറ്റുനോക്കുന്നു ഒറ്റുകാർ
ഉയിർത്തെഴുന്നേൽക്കാൻ
കർത്താവല്ല ഞാൻ

അവർ,
രക്തത്തെ വീഞ്ഞാക്കുന്നവർ
കർത്താവിൻ്റെ
കൽപനയെ ധിക്കരിച്ച്
കാണിക്കയർപ്പിക്കുന്നവർ
പലിശപ്പാട്ട കിലുക്കുന്നവർ

നേരുള്ള നെഞ്ചിലേക്ക്
നഞ്ചുകലക്കി
കൈ നനയാതെ മീൻ പിടിക്കു-
ന്നവർ
പാമ്പുകളാണവർ
പാലു കൊടുത്താലും
കൊത്തുന്നവർ

വമ്പു കൊണ്ട് കൊമ്പുകുലുക്കി
അമ്പെയ്ത്ത് നടത്തുന്നവർ
രക്ത പാനത്തിൽ മാത്രം
സംതൃപ്തി നേടുന്നവർ

2024 ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

മഴ


മഴ കഴുകി വെടിപ്പാക്കിയ
ആകാശ വരാന്തയിൽ
അന്തി അമ്പിളിറാന്തൽ
കൊളുത്തി വെച്ചിരിക്കുന്നു

അങ്ങകലെ പച്ചറൗക്കയിട്ട്
കുന്ന്
മഞ്ഞിൻ്റെ വെളുത്ത ഉടയാ
ടയണിഞ്ഞ് താഴ് വര

ചിലങ്കകളില്ലാത്ത ചുവടോടെ
ഒരിളങ്കാറ്റ് നൃത്തം ചവിട്ടുന്നു
സ്നേഹത്തിൻ്റെ ജന്മാന്തരങ്ങ
ളെക്കുറിച്ച്
ഒരു ഗാനമുയരുന്നു

എന്നിട്ടും;
കാലത്തിൻ്റെ കനത്ത ചക്രങ്ങൾ
ക്കിടയിൽ
നിർവ്വികാര പദപ്രയോഗമായ്
ഞാൻ നിൽക്കുന്നു.

മനസ്സിൻ്റെ മലയിടുക്കിൽ പെട്ട്
പലായനം ചെയ്യുവാൻ കഴിയാതെ
വേട്ടയാടപ്പെടുന്ന ജീവിതം
സ്തംഭിച്ചു നിൽക്കുന്നു

ഇനി,
വഴിയൊന്നേയുള്ളു
എകാന്തമായ വേദനയെ മറന്ന്
ജീവിതത്തിന് അഭിമുഖമായ് നിൽക്കുക