malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

അമ്മ മഴ



അsമഴയിലൂടെ ഓടിവരും ഞാൻ.
നിറമിഴികളോടെ,നിറമഴയിലേക്ക് -
ചാടിയിറങ്ങി
പൊത്തി പിടിക്കുമെന്നെ അമ്മ
ഉടുമുണ്ടിൻ്റെ കോന്തല കൊണ്ട്
തലതുവർത്തി തരും

രാസനാദിപ്പൊടി നിറുകയിൽ -
തിരുമി
തണുത്തു വിറയ്ക്കുന്ന എന്നെ
അടുപ്പിനരികിൽ പലകയിട്ടിരുത്തും
ചൂടുള്ള ചുക്കുകാപ്പി ഊതി ഊതി -
കുടിപ്പിക്കും

ഇടയ്ക്കിടെ വന്ന് നെറ്റിയും, നെഞ്ചും
തൊട്ടു നോക്കും
ഇല്ലാതദൈവങ്ങൾക്ക് വല്ലാതെ നേർച്ച -
നേരും
എനിക്കൊന്നുമില്ലെന്ന് ഉറപ്പാകുന്നതു -
വരെ.
പുറത്ത് മഴ പെയ്തു തോർന്നാലും
അകത്ത് പെയ്തു കൊണ്ടേയിരിക്കും -
അമ്മ


2024, ഓഗസ്റ്റ് 28, ബുധനാഴ്‌ച

വേർപിരിയൽ


വേർപിരിയാമെന്ന വാക്കു ചൊല്ലുമ്പോഴും
ഒന്നിച്ചു ചേർന്നവർ നമ്മൾ
കരളിലാഴങ്ങളിൽ
കവിതതൻ ലഹരിയായ്
നുരയുന്നതുണ്ട് നിൻവാക്ക്

കരുണയായ്, കരുതലായ്,
നിശ്ചയദാർഢ്യമായ്
മുന്നിൽ നടക്കുന്ന നേരം
മായുന്ന സന്ധ്യയും മടങ്ങി -
വരുമെന്ന്
പാടുന്ന പക്ഷിയെൻ ഹൃദയം

പിരിയുന്ന യാത്ര തുടരുന്നു -
വെങ്കിലും
പിരിയില്ല, പിരിയില്ല നമ്മൾ
അരിയസ്നേഹത്തിൻ
കനൽത്തരിയായി നീ
എന്നും ജ്വലിക്കുമെന്നുള്ളിൽ

സ്വാർത്ഥതയില്ലാത്ത
സാർത്ഥ വാഹകനായ് നീ
മുന്നേ നടക്കുന്ന നേരം
മൗനപാത്രങ്ങളിൽ
മധുരം നിറച്ചു ഞാൻ
പിമ്പേ നടക്കാറുണ്ടെന്നും

പിരിയുന്നുവെങ്കിലും
പാടട്ടെ ഞാനെൻ്റെ
ഹൃദയത്തിൻ തന്ത്രികൾ മീട്ടി
പിളരുന്ന കരളിൻ്റെ വേദന
മാറ്റുന്ന
നീയെൻ്റെയുള്ളിൻ്റെയുള്ളിൽ

2024, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

സ്ഥിതി


അബോധത്തിന്റെ
ചുരം കയറുന്നു ജ്വരം
പെള്ളിപ്പെയ്യുന്നു
പനിക്കിടക്കയിൽ

ശശമൊന്നനങ്ങുന്ന നേരം
നഖമുനകളമരുന്നു ശരീര -
ത്തിൽ
മനസ്സിൻ്റെ മകുടത്തിലെ -
തൊട്ടിൽ
ആകാശം തൊട്ട് ഭൂമിയെതൊട്ട്
ആടിക്കളിക്കുന്നു.

നദി വറ്റി വരളുന്നു
മണൽക്കാട് പിറക്കുന്നു
നുണ നുണയുന്ന ലോകത്തിൽ
സത്യം വിളമ്പുന്നൊരു ഭ്രാന്തൻ

സിരയിലെ സരയു തണുക്കുന്നു
ഉപ്പില്ലാത്ത രക്തം കവർക്കുന്നു ജഠരത്തിൽ തീ പടർന്നിരിക്കുന്നു
അഗ്നിതന്നെ ജലമെന്നശരീരി

ചുരമിറങ്ങുന്നു ജ്വരം
പാദമൂന്നാൻ
ഞാനെൻ്റെ മണ്ണുതിരയുന്നു

2024, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

ഷഹനാസിന്


മേപ്പിളിലപോലെ നീയെത്ര
മനോഹരം ഷഹനാസ്
വാക്കിൽ
നോക്കിൽ
പുഞ്ചിരിയിൽ
എന്തിനേറെ, ഓർമ്മയിൽ
പോലും
ഇലയനക്കമായ് നീയെന്നിൽ

മനസ്സിലൊരു മഴവില്ലായ്
സിരയിലൊരു സരയുവായ്
ഹൃദയത്തിലൊരു തൂവൽ -
സ്പശമായ്
നീയെന്നിൽ ഷഹനാസ്

ക്യാമ്പസിലേക്കുള്ള ചരൽപ്പാത
എന്നെയും കൊണ്ട് നടക്കുന്നു
ഇടവഴിയിലൊരു കാട്ടുപൂവായ്
ചുണ്ടിലൊരു തെറ്റിപ്പൂവുമായ്
നീ നിന്നു ചിരിക്കുന്നു
കണ്ണിലെ കാക്കപ്പൂവ് മാടി വിളിക്കുന്നു

പിരിയൻഗോവണിയിൽ നാമഭിമുഖ-
മെത്തുന്നു
പ്രണയത്തിൻ്റെ പടവുകൾ
തോളോടുതോൾ ചേർന്നിറങ്ങുന്നു

ഷഹനാസ്,
എൻ്റെ ഹൃദയ ഭിത്തിയിലെ
നിൻ്റെ ചില്ലു ചിത്രം
നീ നിത്യവും തുടച്ച് വെടിപ്പാക്കി
വെയ്ക്കുന്നു
മേപ്പിളിലയനക്കമായ്
നീയെന്നിൽ തുടിച്ചു നിൽക്കുന്നു

2024, ഓഗസ്റ്റ് 22, വ്യാഴാഴ്‌ച

മഴ നടത്തം


പുലർച്ചെ നടക്കാനിറങ്ങി
ഒരു വേനൽ മഴ
പണ്ട് വയലായിരുന്ന
റോഡിലൂടെ
മാമ്പഴം ഈമ്പിയിട്ട
മാവോർമ്മയിലൂടെ

മഷിച്ചപ്പ് തിരഞ്ഞ
കുറ്റിക്കാട്ടിലൂടെ
ഒയലിച്ച മിഠായി നുണഞ്ഞ
സ്ക്കൂൾ വരാന്തയിലൂടെ
മോരു വെള്ളം മോന്തിയ
ഗോപാലൻ നായരുടെ പീടിക
മുറ്റത്തൂടെ

കാലിമേച്ചു നടന്ന തെക്കേ
കരിയിലൂടെ
കപ്പനട്ട പടിഞ്ഞാറെക്കരിയിലൂടെ
ഒറ്റവരിക്കവിതയിലൂടെ

കുളിച്ചു മദിച്ച കുളവും
ഒഴുകി നീന്തിയതോടുമില്ലാതെ
തടയണ തീർത്ത വെള്ളമില്ലാത്ത
തവളക്കണ്ണൻ കുഴിക്കരികിലൂടെ
വിയർത്തു നടന്നു .


2024, ഓഗസ്റ്റ് 21, ബുധനാഴ്‌ച

അവർ





ഉറ്റുനോക്കുന്നു ഒറ്റുകാർ
ഉയിർത്തെഴുന്നേൽക്കാൻ
കർത്താവല്ല ഞാൻ

അവർ,
രക്തത്തെ വീഞ്ഞാക്കുന്നവർ
കർത്താവിൻ്റെ
കൽപനയെ ധിക്കരിച്ച്
കാണിക്കയർപ്പിക്കുന്നവർ
പലിശപ്പാട്ട കിലുക്കുന്നവർ

നേരുള്ള നെഞ്ചിലേക്ക്
നഞ്ചുകലക്കി
കൈ നനയാതെ മീൻ പിടിക്കു-
ന്നവർ
പാമ്പുകളാണവർ
പാലു കൊടുത്താലും
കൊത്തുന്നവർ

വമ്പു കൊണ്ട് കൊമ്പുകുലുക്കി
അമ്പെയ്ത്ത് നടത്തുന്നവർ
രക്ത പാനത്തിൽ മാത്രം
സംതൃപ്തി നേടുന്നവർ

2024, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

മഴ


മഴ കഴുകി വെടിപ്പാക്കിയ
ആകാശ വരാന്തയിൽ
അന്തി അമ്പിളിറാന്തൽ
കൊളുത്തി വെച്ചിരിക്കുന്നു

അങ്ങകലെ പച്ചറൗക്കയിട്ട്
കുന്ന്
മഞ്ഞിൻ്റെ വെളുത്ത ഉടയാ
ടയണിഞ്ഞ് താഴ് വര

ചിലങ്കകളില്ലാത്ത ചുവടോടെ
ഒരിളങ്കാറ്റ് നൃത്തം ചവിട്ടുന്നു
സ്നേഹത്തിൻ്റെ ജന്മാന്തരങ്ങ
ളെക്കുറിച്ച്
ഒരു ഗാനമുയരുന്നു

എന്നിട്ടും;
കാലത്തിൻ്റെ കനത്ത ചക്രങ്ങൾ
ക്കിടയിൽ
നിർവ്വികാര പദപ്രയോഗമായ്
ഞാൻ നിൽക്കുന്നു.

മനസ്സിൻ്റെ മലയിടുക്കിൽ പെട്ട്
പലായനം ചെയ്യുവാൻ കഴിയാതെ
വേട്ടയാടപ്പെടുന്ന ജീവിതം
സ്തംഭിച്ചു നിൽക്കുന്നു

ഇനി,
വഴിയൊന്നേയുള്ളു
എകാന്തമായ വേദനയെ മറന്ന്
ജീവിതത്തിന് അഭിമുഖമായ് നിൽക്കുക

2024, ഓഗസ്റ്റ് 17, ശനിയാഴ്‌ച

കുട്ടിക്കവിത

 പൂച്ചയുടെ കൗശലം


കൊച്ചു പൂച്ച പച്ചപ്പാല്
നക്കി നക്കി കുടിച്ചു
കൊച്ചുരാമൻ പട്ടി ബൗ... ബൗ
കുരച്ചു കൊണ്ടുവന്നു

കൊച്ചു പൂച്ച കച്ചിക്കുള്ളിൽ
ഓടിച്ചാടി ഒളിച്ചു
കൊച്ചമ്മേൻ്റെ അടിയും കൊണ്ട്
കൊച്ചുരാമൻ ചുരുണ്ടു

2024, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ലിംഗനീതി



ലിംഗനീതിയതു വെറും വാക്കായി
ചവറ്റുകുട്ടയിൽ കിടക്കുന്നുയിന്നും
ആത്മവേദനയാലാർത്തുവിളിക്കുമാ
സത്രീകൾ തൻ സ്വരം പാഴ് സ്വരമാകുന്നു

നീതിദേവത കൺക്കെട്ടി നിൽക്കുന്നു
കണ്ടു മതിയായിയെന്നു പരിതപിക്കു-
ന്നുവോ !
സത്യധർമ്മങ്ങൾ മൂടിവെയ്ക്കുന്നു
സ്നേഹവാത്സല്യം വറ്റിവരളുന്നു

അച്ഛനെന്നോ മകനെന്നോയില്ല
പെണ്ണിനു മുന്നിലവൻ കാമാർത്തകഴുകൻ
അൻപിനായി കരയുന്ന പെണ്ണിനെ
വമ്പുകാട്ടി തഴയുന്ന കോമരം

പെണ്ണിനായവൻ തെരുവിൽ പ്രസംഗിച്ച്
ചരിത്രമൊട്ടാകെ വിളമ്പി നൽകുന്നു
രാവിനിരുൾ മാളത്തിൽ മാർജാര പാദനായ്
പെണ്ണിൻ ചാരിത്ര്യം കോരിക്കുടിക്കുന്നു

ദേവാലയത്തിലവൾ അമ്മയും ദേവിയും
വികട മനസ്സിലോ മനം മയക്കും മദാലസ
ഉടലാണവൾ ഉയിരു കാണുന്നില്ലവൻ
നിമ്നോന്നതങ്ങളിൽ തറഞ്ഞോരു കണ്ണവൻ

ലിംഗനീതിയെന്നുള്ളതേ സ്വപ്നം
പുരുഷാധിപത്യമുള്ളൊരിലോകത്തിൽ
എവിടെ ആത്മാർത്ഥത ,സത്യം
സ്തുതി പാഠകൻമാർ വാഴുമീ മന്നിൽ

2024, ഓഗസ്റ്റ് 12, തിങ്കളാഴ്‌ച

പ്രണയം


മുഗ്ദ്ധരാഗമായ് മാറണം
നീ മുത്തുമാലയായ് പറ്റിച്ചേരണം
മന്ദമാരുതനാകണം
വർണ്ണ വാസന്തമേകണം
പ്രണയ ലോലിതേ ചേലിലെന്നിൽ ത്രസിച്ചുനിൽപ്പു നിന്നോർമ്മകൾ

വിസ്മയം സഖി തീർക്കണം വിസ്മൃതിയിലേക്കല്ല നാം
ജനിച്ചതേ നമ്മളൊന്നാകുവാൻ
ജ്വലിച്ചു നിൽക്കണം നമുക്കു
ജീവനിൽ

പ്രണയമല്ലാതെന്തുലകിൽ
സഖി
പരിപാവനത്വമാർന്നുള്ളു

2024, ഓഗസ്റ്റ് 10, ശനിയാഴ്‌ച

ഒരാൾ മാത്രം


വരിക സഖീ, എൻ ചാരത്തിരിക്ക നീ
നീ ഒരാൾ മാത്രം തുണയേ, യെനിക്ക്
ഉണ്ടെനിക്കു മക്കൾ പേരമക്കൾ എന്നാ -
കിലും
കണ്ണെത്താ ദൂരെ കടൽ താണ്ടി പോയോ
രവർ

ഓർക്കുന്നുവോ സഖീ, അന്നു നാം
ഉണ്ണാതുറങ്ങാതെ പൊന്നോമനകളെ
ലാളിച്ചു കൊതിതീരാതെ പിന്നെയും -
കൊഞ്ചിച്ച നാളുകൾ
അപ്പോഴും നീ ഒരാൾ എത്ര സങ്കട, കടൽ
കടന്നിരുന്നു

എൻ്റെ വഴികളോരോന്നും നിന്നിലേക്കാ-
യിരുന്നു
നിൻ്റെ മൊഴികളെന്നും എൻ്റെ വഴികാട്ടി -
യായിരുന്നു
നീയായിരുന്നെൻ്റെ ഉൺമ
നീ തന്നെയെന്നുമെൻ വെൺമ

പുലരിയിൽ പുത്തനാമൂർജ്ജമായ് നീ
സന്ധ്യയിൽ സ്നേഹ ചെങ്കടലായി നീ
എന്നെ ഞാനാക്കിയതു നീയേ സഖീ
എന്നുമെൻ കൂട്ടുകാരി നീയേ

നോക്കു സഖി നീ, ഓർമ്മ തൻ വരമ്പി -
ലൊന്നു നിൽക്കു നീ
പട്ടിണിയിൽ പെട്ടുഴറുന്ന നാളിലും
പട്ടടയ്ക്കരികെ യെത്തിയ നാളിലും
പ്രാണനായ് നിന്നത് നീയൊരാൾ മാത്രം

ഇന്നീ സായന്തനത്തിൻ്റെ വക്കിൽ
ഊന്നുവടിയായ് നിൽപ്പതും നീ
നീയെൻ ഇണപിരിയാത്തിഴ
നീയേയെന്നുമെൻതുണ

2024, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

തെളിവ്


ഞാനും
നീയും
ഒരു നാട്ടിൽ
ഒന്നിച്ചൊരുദിനം
ജനിച്ചു.

പിച്ചവെച്ചു
കളിച്ചു
ഉപ്പും ചോറും തിന്നു
നാടിനു വേണ്ടി
ചോരയും നീരും ചീന്തി

ഇപ്പോൾ
നീ പറയുന്നു
ഞാൻ ഇവിടുത്തുകാരനെന്ന്
തെളിയിക്കണമെന്ന്

എന്തു തെളിവ്?!
ഈ വെളിവുകെട്ടവാക്ക്.
ഒറ്റയായി നടന്നിട്ടും
ഒറ്റിക്കൊടുത്തിട്ടില്ല
നിന്നപ്പോലെ
തെറ്റയ്ക്ക് നിന്നിട്ടും
തെറ്റു ചെയ്തിട്ടില്ലയിന്നോളം

ഈ മണ്ണാണ് സത്യം
ഈ ഞാനാണ് തെളിവ്
ഈ നാടും നാട്ടാരും
ഇടവഴിയും ഇലപ്പച്ചയും
ഇതിനേക്കാൾ
വലുതായെന്തു തെളിവ്

2024, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ഒരിക്കൽ സ്നേഹിച്ചവർ



ഒരിക്കൽ സ്നേഹിച്ചവർ
ഒരിക്കലും ഒറ്റയ്ക്കല്ല
ഓർമ്മകളുടെ
ഒരു പൂക്കാലമാണ്

പിരിഞ്ഞു പോയാലും
വിരിഞ്ഞു നിൽക്കും
പോയ കാലങ്ങൾ
ചേർന്ന നേരങ്ങൾ

പ്രണയത്തിൻ്റെ
ആഴങ്ങൾ
തൊട്ടവരാണവർ
അരുതുകളും
അതിരുകളും
അനുഭവിച്ചവർ

ഒരിക്കൽ സ്നേഹിച്ചവർ
പിരിഞ്ഞു പോകാറേയില്ല
പിണഞ്ഞു നിൽപ്പുണ്ട്
ഉള്ളിൻ്റെയുള്ളിൽ
പറിച്ചുമാറ്റാൻ കഴിയാത്ത
വിധം

2024, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

കവി വഴി

 



കവി ഒരു മത്സ്യമാണ്
അക്ഷരങ്ങളുടെ തരിമണികൾ
കൊത്തിപ്പെറുക്കി
വാക്കിൻ്റെ വെള്ളത്തിലൂടെ ഊളിയിടുന്നു
വാക്കോട് വാക്ക് ചേർത്ത് മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ഊളയിടുവാൻ
ചിന്തയുടെ തീരത്ത് കാത്തുനിൽക്കുന്നു.

വാക്കുകളുടെ മാലകൾ തീരത്തേക്കു - തുളുമ്പുമ്പോൾ
കരയിൽ നിൽക്കുന്നവർ
പെറുക്കിയെടുക്കുന്നു
കവിതയുടെ കക്കയും, ശംഖും.

കക്കക്കുള്ളിൽ കാമ്പുണ്ടോയെന്ന് !
ശംഖ് കാതോട് ചേർത്ത് കടലുണ്ടോയെന്ന് !!
ഉരസ്സ് ഉപ്പിലേക്കമർത്തി
കവി ശിരസ്സെടുത്തെറിയുന്നു!
ഞരമ്പുകളായിരം വേരുകളായി മുളപൊട്ടുന്നു കവിതയുടെ കാട് തളിരിടുന്നു !

കവിയിൽ നിന്ന് കവിതയെന്നതുപോലെ കവിതയുടെ വരിയിൽ നിന്ന്
വഴി തെളിയുന്നു
ഒരു മുൻവഴി
ഒരു പിൻവഴി

ഒരു വഴി (ര) യുടെ അവസാനത്തിൽ
ഒരഗാധത
ഒരു വരി ഒരായിരം വഴികൾ തുറക്കുന്നു
ഒരു വഴി ഒരായിരം വരികളിലേക്ക് നയിക്കുന്നു
തിരമാലകൾ തീരങ്ങളിലേക്ക് തുളുമ്പിക്കൊണ്ടേയിരിക്കുന്നു

കവിത കടൽ കടന്നു പറക്കുന്നു
നോക്കൂ ;
കവികളുള്ളിടത്തോളം കാലം
ഒരു കടലും അലയടി നിർത്തില്ല

2024, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

സ്തംഭം



അതുമിതും പറഞ്ഞന്നു നാം നടന്ന ഇടവഴിയിന്നെവിടെയെന്നറിയില്ല
മലയുടെകൂടെ ലോറിയേറി പോയോ?
ഇരുമ്പുകൈകളാൽ മായ്ച്ചു കളഞ്ഞോ ?

കനവുകണ്ട കാട്ടുകൂട്ടങ്ങൾ
ഹരിത കഞ്ചുകം പുതപ്പിച്ച കുന്നുകൾ
പരസ്പരം നമ്മൾ പുണർന്നുനിന്നുള്ള
കാട്ടുപിച്ചക വള്ളിപ്പടർപ്പുകൾ

നമ്മെ മൂടിയ മൗനഗർത്തങ്ങൾ
മിഴികളിൽചിന്നും പ്രണയചിഹ്നങ്ങൾ കെട്ടിപുണർന്നു ശിലാ സ്തംഭമായ്
ഉള്ളിലുറഞ്ഞാടി നിന്ന വെയിലുകൾ

ആളുകൾ കാണും അപകട വളവുകൾ അതിസമർഥമായ് നാം മറഞ്ഞ നേരങ്ങൾ
പ്രകൃതിതൻ മദജലച്ചാലുകൾ
എവിടെയെന്നറിയില്ല
അറിയില്ലയീ നാടും

2024, ഓഗസ്റ്റ് 4, ഞായറാഴ്‌ച

ജീവിച്ചിരിക്കുന്നവർ




മരിച്ചു പോയ
അനേകരുണ്ട്
അതിൽ ,
മനസ്സിലുള്ള ചിലരുണ്ട്
അവരാണ്
യഥാർത്ഥത്തിൽ
ജീവിച്ചിരിക്കുന്നവർ

2024, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

അവനായ്


ബാംസൂരിയുടെയീണം
എൻ്റെ കന്യാമുലകളെ വന്നു -
തഴുകുന്നു
അവൻ്റെ ഗന്ധമുള്ള
ഉപ്പു രുചിയുള്ള കടൽകാറ്റ്
മേനിയെ തഴുകി ഇക്കിളിയാ
ക്കുന്നു

പാഞ്ഞുവന്നൊരു തിരമാല
കാൽപ്പാദങ്ങളെ ചുംബിച്ചുല -
യ്ക്കുന്നു
അവൻ്റെ കാൽപ്പാടു വരഞ്ഞ
കവിതയാണു ഞാൻ
അടിമുടി പൂത്തൊരു പൂമരം

അവനെൻ്റെ കൃഷ്ണൻ
യമുനയുടെ തോഴൻ
അവൻ്റെ വേണുനാദത്തിൽ
പാദാരവിന്ദത്തിൽ
വിരിയുന്നു ഞാൻ

കടലേ,
എൻ്റെ കവിതേ
എൻ്റെ കന്യാവനങ്ങളിൽ
നിനക്കു മാത്രം പ്രവേശനം!

ഞാൻ രാധ
അവനെൻ്റെ കണ്ണൻ
അവൻ്റെ ബാംസൂരിയീണം
എൻ്റെ കന്യാ മുലകളെ തഴുകുന്നു
എൻ്റെ കന്യകാത്വം അവനായ് -
സമർപ്പിക്കുന്നു