malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

കവി വഴി

 



കവി ഒരു മത്സ്യമാണ്
അക്ഷരങ്ങളുടെ തരിമണികൾ
കൊത്തിപ്പെറുക്കി
വാക്കിൻ്റെ വെള്ളത്തിലൂടെ ഊളിയിടുന്നു
വാക്കോട് വാക്ക് ചേർത്ത് മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ഊളയിടുവാൻ
ചിന്തയുടെ തീരത്ത് കാത്തുനിൽക്കുന്നു.

വാക്കുകളുടെ മാലകൾ തീരത്തേക്കു - തുളുമ്പുമ്പോൾ
കരയിൽ നിൽക്കുന്നവർ
പെറുക്കിയെടുക്കുന്നു
കവിതയുടെ കക്കയും, ശംഖും.

കക്കക്കുള്ളിൽ കാമ്പുണ്ടോയെന്ന് !
ശംഖ് കാതോട് ചേർത്ത് കടലുണ്ടോയെന്ന് !!
ഉരസ്സ് ഉപ്പിലേക്കമർത്തി
കവി ശിരസ്സെടുത്തെറിയുന്നു!
ഞരമ്പുകളായിരം വേരുകളായി മുളപൊട്ടുന്നു കവിതയുടെ കാട് തളിരിടുന്നു !

കവിയിൽ നിന്ന് കവിതയെന്നതുപോലെ കവിതയുടെ വരിയിൽ നിന്ന്
വഴി തെളിയുന്നു
ഒരു മുൻവഴി
ഒരു പിൻവഴി

ഒരു വഴി (ര) യുടെ അവസാനത്തിൽ
ഒരഗാധത
ഒരു വരി ഒരായിരം വഴികൾ തുറക്കുന്നു
ഒരു വഴി ഒരായിരം വരികളിലേക്ക് നയിക്കുന്നു
തിരമാലകൾ തീരങ്ങളിലേക്ക് തുളുമ്പിക്കൊണ്ടേയിരിക്കുന്നു

കവിത കടൽ കടന്നു പറക്കുന്നു
നോക്കൂ ;
കവികളുള്ളിടത്തോളം കാലം
ഒരു കടലും അലയടി നിർത്തില്ല

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ