malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011 നവംബർ 12, ശനിയാഴ്‌ച

ലാഭം

കല്ല്യാണം അവനു കച്ചവടമായിരുന്നു
കാശു മുടക്കാതെ കീശ വീര്‍പ്പിക്കാനുള്ള -
ഒരുപായം
കുറച്ചു കഴിയുമ്പോള്‍ കുറ്റംപറഞ്ഞ് ഒഴിവാക്കാം
തന്നപണം തിരിച്ചുകൊടുത്ത് തൊന്തരവൊഴിവാക്കാം
പുതുതായൊന്നു കെട്ടിയാല്‍
പണം കൂടുതല്‍ കിട്ടും
പലിശയില്ലാ പണം കൊടുത്താലും
ലാഭം തന്നെ

2011 നവംബർ 4, വെള്ളിയാഴ്‌ച

മേലെ ആകാശം താഴെ ഭൂമി

ഭൂമിക്കു അതിരുണ്ടായിരുന്നു
അതിരിന് എതിര്‍ നിന്നുപോലും ആശ!
കടലിനക്കരെ നിന്നു ഒരു കിളി നാദം:
സ്വര്‍ഗ്ഗ തുല്യമായ ഒരു സ്വപ്ന രാജ്യവുമായി
ഞങ്ങള്‍ വരുന്നു
കച്ചയഴിച്ച്,ഉടവാളൂരിയെരിഞ്ഞു
കാലിനുള്ളിലേക്ക് വാലുംമടക്കി കാത്തിരുന്നു
വന്നവര്‍ വന്നവര്‍ വെളുക്കെ ചിരിച്ച്
വെറുംവാക്ക്‌ ചൊരിഞ്ഞവര്‍
വായ്നിറയെ അപ്പവുമായി തിരിച്ചുപോയി
സ്വര്‍ഗത്തിലേക്കുള്ള വഴിയും
സ്വപ്നവും കണ്ടിരിക്കയാണിന്നു നാം
തൊഴിലില്ലാതെ ,ഭക്ഷണമില്ലാതെ
മേലെയാകാശവും ,താഴെ ഭൂമിയുമായി

രാത്രിയും,പകലും

കുന്നത്തെ ഷാപ്പില്‍ നിന്നു
കള്ളുംകുടിച്ച്
രാത്രിയിറങ്ങുന്നു
പകലിന്റെ വിളക്കൂതി
ഭൂമിപ്പെണ്ണിനെ വാരിപ്പുണര്‍ന്നു
അവളുടെ തുടുത്ത കവിളിലും
നിറഞ്ഞ ചുണ്ടിലും പരതി നടന്നു
അവളവനേയും കെട്ടിപ്പിടിച്ചു
കൈകൊണ്ടും,കാലുകൊണ്ടും,ശരീരം കൊണ്ടും
കാറ്റും,മഴയും രതി ലഹരിയായ്
പെയ്തിറങ്ങി
എല്ലാം കഴിഞ്ഞ്
അവര്‍തളര്ന്നകന്നു ചരിഞ്ഞു കിടന്നു
രാത്രിയും,പകലുമായി

സമ്മാനം

കാമാനകളെ നിഷേധിച്ചതിനു
കാമാന്ധതയുടെ കൊത്തി വലിക്കല്‍
വന്യതയുടെ ചുഴികളില്‍
വികാരത്തിന്റെ വേലിയേറ്റം
ഒരു വെള്ളരി പ്രാവുകൂടി ചിറകറ്റു വീഴുന്നു
കൃഷ്ണ മണികളിലേക്ക്കരാളസര്‍പ്പം കൊത്തുന്നു
കൈകാലുകള്‍ തളര്‍ന്നു ഞാന്‍
കണ്ഠം തുറക്കാനാവാതെ
കുരുക്കില്‍ പെട്ട് പിടയുന്നു
യാചനയുടെ കൈകള്‍ നിന്നില്‍നിന്നു മുയരുമ്പോള്‍
ദയവറ്റിയ കർണ്ണത്തി ലേക്കാണ്
ദയനീയ നിലവിളി എത്തുന്നത്
സാന്ത്വനത്തിന്റെ ഒരു നോട്ടം പോലുമെനിക്ക്
നേട്ടമായ്‌ നിനക്ക് നല്‍കുവാന്‍ കഴിഞ്ഞില്ല
ഒരു വട്ടം കൂടി തുറക്കുമോ നീ കണ്ണുകള്‍
മരിക്കും മുന്‍പ് നിനക്ക് എന്റെ വക
ഒരു മുറിവുകൂടി സമ്മാനം

കണ്ണീര്‍ വാസം

ഞാന്‍ നിഴലുകളെ പിന്തുടരുന്നവന്‍
പ്രകാശത്തിനു പിന്തിരിഞ്ഞു നടക്കുന്നവന്‍
കഴിയില്ല യിനിയും പാഴ്വാക്ക് കൊണ്ടൊരു -
പാലം പണിയാന്‍
സ്നേഹത്തിന്റെ പുഴയെന്നേ വറ്റി
സ്വാതന്ത്ര്യത്തിന്റെ വന്‍കര എങ്ങോ-
ലയിച്ചു
മുള്‍ക്കാടുകളില്‍ പെട്ടുപോയ
മുയലിന്റെ പ്രാണഭയം
ആത്മാവിന്റെ ക്ഷുഭിത വിലാപങ്ങള്‍
മനസ്സ് പെയ്യാതെ വിങ്ങി നില്‍ക്കുന്നു
കല്ലറയിലെ കണ്ണീര്‍ വാസമോയെന്റെ വിധി
വരിമുറിഞ്ഞ ഉറുമ്പുകളെ പ്പോലെ
ചിതറിയ സ്വപ്‌നങ്ങള്‍
ചിന്തയുടെ ചീളുകള്‍ തെറിച്ചുവന്നു
ശിരസ്സുപിളര്‍ന്നു അപ്പുറത്തേക്ക് പോകുന്നു

ആടും,ചെന്നായയും

അജങ്ങ ളുടെ നേതാവ്
ഗജപീഠത്തില്‍ കയറി നിന്നു
ചെന്നായയുടെ ചോര ക്കൊതിക്കെതിരെ
ഉള്‍ക്കരുത്തുള്ള ഉറവയില്‍ നിന്നെന്നപോലെ
വാക്ധോരണി പ്രവഹിച്ചു
പ്രത്യാശയുടെ ഞാറ ക്കൊക്കുകള്‍
പലപാടും പാറി
നക്ര ഗേഹത്തിലേക്ക്നയിക്കുന്നതെന്ന്
ആരുമറിഞ്ഞിരുന്നില്ല
ആർത്തിയുടെ ഉപ്പു രസം
ഉമിനീരായ് ഇറ്റിയത് ആരും കണ്ടിരുന്നില്ല
കടവായിലെ രക്തപ്പാട്
ആരും ശ്രദ്ധിച്ചിരുന്നില്ല
ആട്ടിന്‍ തോലിന്റെ സൌമ്യതയിലെ
ചെന്നായ ക്കണ്ണുകള്‍ ആരും കണ്ടിരുന്നില്ല
അജഗണങ്ങളുടെ എണ്ണം കുറഞ്ഞു കൊണ്ടേയിരുന്നു
അജങ്ങ ളുടെ നേതാവ് കൊഴുത്തു കൊണ്ടും !

കാറ്റ് പറഞ്ഞത്

കളി വാക്കു മായ്കാറ്റ് മെല്ലെ നീങ്ങി
ഇരുട്ടിലുറങ്ങിയ മണ്ണിനും ,മരത്തിനും -
മുകളിലൂടെ
നദിയോട് കാറ്റ് കളിവാക്കു പറഞ്ഞു
ഓളങ്ങളുടെമറു ഭാഷ കേട്ട് കാറ്റ് നദി കടന്നു
ഓല മേഞ്ഞ പഴകിയ വീട്ടില്‍ നിന്നൊരു ശബ്ദം -
കാറ്റിനെ തടഞ്ഞു നിര്‍ത്തി
കാറ്റിന്റെ ചുണ്ടില്‍നിന്നും കളിവാക്കടര്‍ന്നു വീണു
കാറ്റിന്റെ കരള്‍ മുറിച്ചുകൊണ്ട് തീവ്രമായ വേദനയുടെ -
ശബ്ദം തപ്പി തടഞ്ഞു
ഭാരിച്ചൊരു വേദന കണ്ട കാറ്റ്
പേടിച്ചു പുറത്തിറങ്ങി
കാറ്റ് കണ്ടത് ഇരുട്ടിനെ മുറിച്ചുകൊണ്ട്‌
എല്ലാവരോടും കരഞ്ഞു പറഞ്ഞു
കേട്ടവരെല്ലാം കളിവാക്കു പറഞ്ഞ്‌
തിരിഞ്ഞു കിടന്നു