malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018 ഏപ്രിൽ 7, ശനിയാഴ്‌ച

പുതുവഴി




കാലത്തിന്റെ കാന്താരം
നമുക്കായ് തുറക്കും ഒരു വഴി
സന്തോഷത്തിന്റെ കനിയായ് _
തീരും
വരും നാളുകൾ
പ്രകാശത്തിന്റെ അവസാന കീറും
കൊത്തി
പടിഞ്ഞാട്ടേക്കു പറന്ന പറവ
പുലരിയിലൊരു പാട്ടായ് തുളുമ്പി നിൽക്കുന്നു
കാറ്റിന്റെ ഗാനത്തിൽ പടരുന്ന തീയ്യിനെ
ജലത്തിന്റെ കവിതകൾ കണികകളായ _
ണയ്ക്കുന്നതു പോലെ
ജീവന്റെ ഉടലിൽ പുതു ലോകമുണരും
പുഴയായ് പുതുജീവൻ തളിർത്തു നിൽക്കും
കണ്ണാടിയെന്ന പോൽ
തുടച്ചു മാറ്റാം നമുക്കന്ന്
അന്ധത പേറിയ ഇന്ദ്രജാലങ്ങളെ
അടങ്ങാക്കലിയുടെ കോമരങ്ങളെ
അരുതായ്മകളുടെ അഴുക്കുകളെ.

കാലത്തിനോട്....!



കാലമേ എന്തെന്തു കാഴ്ച്ചകൾ
കണ്ടു ഞാൻ
കാവ്യകല്ലോലിനി താണ്ടി നടന്നു ഞാൻ
കൗമാര, യൗവ്വനക്കാവുകൾ തീണ്ടിഞാൻ
ചെഞ്ചോര തുപ്പിയ മുൾപ്പാത താണ്ടി ഞാൻ
രക്തസാക്ഷിക്കുന്നിലേറി മറഞ്ഞോർതൻ
നക്ഷത്രക്കണ്ണുകളേറെയും കണ്ടു ഞാൻ
ഇന്നും ഞാനിപ്പാതി വഴിയിൽ പതുങ്ങനെ
ഉഴറി നടക്കുന്നു തീരാത്ത പാതയിൽ
കാഴ്ച്ചകളൊക്കെയും മാറി മറയുന്നു
മധുരങ്ങൾ ചാലിച്ച കാകോളമൊഴുകുന്നു
കുരുന്നുകൾ കോമ്പല്ലിൽ കോർക്കപ്പെ ടുന്നു
അമ്മമാർ കണ്ണീർപ്പുഴയിൽ പിടയുന്നു
കാലമേ ;കാഴ്ച്ചകളെന്തൊക്കെ ഇനിയും
ഞാൻ കാണണം
കണ്ണടയ്ക്കാനൊരു വഴികാട്ടിത്തരണം


2018 ഏപ്രിൽ 6, വെള്ളിയാഴ്‌ച

ഉണങ്ങിയാലും തളിർക്കുന്നത്




പ്രണയത്തെ ആരും കാണാറില്ല
അതു മണ്ണിനടിയിലെ വേരുപോലെ
ഹൃദയത്തിൽ.
സ്നേഹത്തിന്റെ നനവിൽ അതു മുളയിടുന്നു
രണ്ടിലകളായ് വിരിഞ്ഞു നിൽക്കുന്നു
മനസ്സുകൊണ്ട് അവർ വെള്ളവും,വളവു
മേകുന്നു
അതു വളർന്നു വളർന്ന് വള്ളിയായ് പട
രുന്നു
ചെടിയായ് ചില്ലകളാട്ടുന്നു
മരമായ് പൂത്തുലയുന്നു, പൂമണമെങ്ങും
പരക്കുന്നു
ഉണങ്ങിയാലും ഓർമ്മകളിൽ തളിർക്കുകയും,പൂക്കുകയും ചെയ്യുന്ന
മരമാണ് പ്രണയം.

2018 ഏപ്രിൽ 5, വ്യാഴാഴ്‌ച

പച്ചക്കറി




പച്ചക്കറികൾ
കരയാറേയില്ല
അവയ്ക്കറിയാം
തങ്ങളുടെ വിധിയെ
ന്തെന്ന്
എപ്പോഴും അരിഞ്ഞു
വീഴ്ത്തപ്പെടാം
നെടുകയോ, കുറുകയോ
എന്നേനോക്കേണ്ടു
എങ്കിലും, ഉള്ളികേമനാണ്
അടുക്കളയിൽ
ഒരാളെയെങ്കിലും കരയിക്കും
ഒരു മുളക് തരം കിട്ടിയാൽ
തിളങ്ങുന്ന കണ്ണുകാണാതെ
കടിച്ചുകീറുന്ന പല്ലുകൾക്കിടയിൽ
ഒന്നു കൂടി ഞെരിഞ്ഞമർന്ന്
ഒരു തുള്ളി കണ്ണീരെങ്കിലും
വരുത്തി നിർവൃതി കൊള്ളും.

2018 ഏപ്രിൽ 4, ബുധനാഴ്‌ച

ചില മുഖങ്ങൾ




രാവിലെയെഴുന്നേറ്റാൽ
ഓട്ടക്കാരന്റെ പ്രഭാതസവാരി
പോലെ സമയം.
പിന്നെ ഒരു തിരക്കാണ്
കലത്തിലരി തിളയ്ക്കുന്നതു പോലെ
തിളച്ചു തൂവി
വണ്ടി പിടിക്കാനോടുമ്പോഴായിരിക്കും
മുടിയൊന്നു കോതിയൊതുക്കുക
വണ്ടിയൊന്നു തെറ്റിയാൽ
മിനിട്ടൊന്നു മാറിയാൽ
കാണാം കയറിച്ചെല്ലുമ്പോൾ
കരിഞ്ഞ കലത്തിന്റെയടിപോലെ
ചില മുഖങ്ങൾ

2018 ഏപ്രിൽ 3, ചൊവ്വാഴ്ച

ഇങ്ങനേയും....!




രാത്രിനീയെന്നിൽ പെയ്തുകൊണ്ടേ
യിരിക്കുന്നു
പകൽപളുങ്കുമണിയാ,യുള്ളം തുറക്കുന്നു
എന്റെ ദൃഷ്ടി മുനയിൽ നീ മുല്ലവള്ളിയായ്
പടരുന്നു
പ്രണയം പരന്നൊഴുകുന്ന ഒരു പുഴയാണ് നീ
പ്രകാശത്തിന്റെ ഒരു പ്രാകാരം
എന്നിലെ ഉൺമയും ഉപ്പിന്റെ ഉറവിടവും
ഉല്ലാസത്തിന്റെ ഒരു സ്ഫുലിംഗം നിന്നിൽ.
മദ്ധ്യാഹ്ന ദീപ്തിയിൽ പുഴയുടെ അടിത്ത
ട്ടിലെന്നപോലെ
സ്നേഹത്തിന്റെ ഉള്ളം നിന്നിൽ തെളിഞ്ഞു
കാണുന്നു
പാറയും,പറവയും നീ തന്നെ
എന്റെ ചിന്തകളെ നീ നഗ്നയാക്കുന്നു
കിനാവിന്റെ കടവിൽ വന്ന്
നിന്റെ മിഴികളെന്നെ കുടിക്കുന്നു
നിന്റെ ജലവേരുകൾ എന്റെ നെഞ്ചിലേ
ക്കഴ്ത്തുന്നു
എല്ലാ വസന്തവും ഒന്നിച്ചു വന്നതു പോലെ
നീയൊരു മരമായെന്നിൽ പൂത്തുലയുന്നു

2018 ഏപ്രിൽ 2, തിങ്കളാഴ്‌ച

എന്തെല്ലാമാണ്....!




അവൾ എന്തെല്ലാമാണ്.
പാതി ദൈവം
ജീവന്റെ പച്ചപ്പ്
തഴച്ചുവളരുമെന്നാശയാൽ
നിന്നിൽ നന്മയെ നട്ടുനനയ്
കുന്നവൾ
ഇരുളിലെ വെളിച്ചം
വെളിച്ചത്തിലെ തെളിച്ചം
അന്നവും, ദാഹനീരും
ഉറക്കത്തിലും ഉണർന്നിരിക്കു
ന്നവൾ
ഉറക്കം നടിപ്പിനെ ഉൾക്കാഴ്ച്ച
യാൽ കാണുന്നവൾ
അവൾ നിന്റെ പുലരിയും
നിശാഗന്ധിയും
വെറുതേയിരിക്കുമ്പോഴും
നിന്നെക്കുറിച്ച് മാത്രം ചിന്തി
ക്കുന്നവൾ
അവൾ നിന്റെ ഹൃദയ വനത്തിൽ
 നിന്നും
കതിരുകൾ വിളയിക്കുന്നു
കവിതയായ് കൂടെ നടക്കുന്നു
നിഴലായ് നിന്നിൽ തന്നെ നിറഞ്ഞു
നിൽക്കുന്നു
നിന്റെ സുഖത്തിൽ മാത്രം അവളുടെ
ദിനങ്ങൾ
നിന്റെ ദു:ഖത്തിൽ അടങ്ങാത്ത
തേങ്ങൽ
നിനക്കായി ഒരു ജന്മം മുഴുവൻ
ഉരുകി തീരുമ്പോഴും
നിനക്ക് പുച്ഛം, നീരസം.
എന്നിട്ടും;
അവൾ എന്തെല്ലാമല്ല എന്നു മാത്രം
ചിന്തിക്കുന്നു നീ