malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024 ഓഗസ്റ്റ് 10, ശനിയാഴ്‌ച

ഒരാൾ മാത്രം


വരിക സഖീ, എൻ ചാരത്തിരിക്ക നീ
നീ ഒരാൾ മാത്രം തുണയേ, യെനിക്ക്
ഉണ്ടെനിക്കു മക്കൾ പേരമക്കൾ എന്നാ -
കിലും
കണ്ണെത്താ ദൂരെ കടൽ താണ്ടി പോയോ
രവർ

ഓർക്കുന്നുവോ സഖീ, അന്നു നാം
ഉണ്ണാതുറങ്ങാതെ പൊന്നോമനകളെ
ലാളിച്ചു കൊതിതീരാതെ പിന്നെയും -
കൊഞ്ചിച്ച നാളുകൾ
അപ്പോഴും നീ ഒരാൾ എത്ര സങ്കട, കടൽ
കടന്നിരുന്നു

എൻ്റെ വഴികളോരോന്നും നിന്നിലേക്കാ-
യിരുന്നു
നിൻ്റെ മൊഴികളെന്നും എൻ്റെ വഴികാട്ടി -
യായിരുന്നു
നീയായിരുന്നെൻ്റെ ഉൺമ
നീ തന്നെയെന്നുമെൻ വെൺമ

പുലരിയിൽ പുത്തനാമൂർജ്ജമായ് നീ
സന്ധ്യയിൽ സ്നേഹ ചെങ്കടലായി നീ
എന്നെ ഞാനാക്കിയതു നീയേ സഖീ
എന്നുമെൻ കൂട്ടുകാരി നീയേ

നോക്കു സഖി നീ, ഓർമ്മ തൻ വരമ്പി -
ലൊന്നു നിൽക്കു നീ
പട്ടിണിയിൽ പെട്ടുഴറുന്ന നാളിലും
പട്ടടയ്ക്കരികെ യെത്തിയ നാളിലും
പ്രാണനായ് നിന്നത് നീയൊരാൾ മാത്രം

ഇന്നീ സായന്തനത്തിൻ്റെ വക്കിൽ
ഊന്നുവടിയായ് നിൽപ്പതും നീ
നീയെൻ ഇണപിരിയാത്തിഴ
നീയേയെന്നുമെൻതുണ

2024 ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

തെളിവ്


ഞാനും
നീയും
ഒരു നാട്ടിൽ
ഒന്നിച്ചൊരുദിനം
ജനിച്ചു.

പിച്ചവെച്ചു
കളിച്ചു
ഉപ്പും ചോറും തിന്നു
നാടിനു വേണ്ടി
ചോരയും നീരും ചീന്തി

ഇപ്പോൾ
നീ പറയുന്നു
ഞാൻ ഇവിടുത്തുകാരനെന്ന്
തെളിയിക്കണമെന്ന്

എന്തു തെളിവ്?!
ഈ വെളിവുകെട്ടവാക്ക്.
ഒറ്റയായി നടന്നിട്ടും
ഒറ്റിക്കൊടുത്തിട്ടില്ല
നിന്നപ്പോലെ
തെറ്റയ്ക്ക് നിന്നിട്ടും
തെറ്റു ചെയ്തിട്ടില്ലയിന്നോളം

ഈ മണ്ണാണ് സത്യം
ഈ ഞാനാണ് തെളിവ്
ഈ നാടും നാട്ടാരും
ഇടവഴിയും ഇലപ്പച്ചയും
ഇതിനേക്കാൾ
വലുതായെന്തു തെളിവ്

2024 ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ഒരിക്കൽ സ്നേഹിച്ചവർ



ഒരിക്കൽ സ്നേഹിച്ചവർ
ഒരിക്കലും ഒറ്റയ്ക്കല്ല
ഓർമ്മകളുടെ
ഒരു പൂക്കാലമാണ്

പിരിഞ്ഞു പോയാലും
വിരിഞ്ഞു നിൽക്കും
പോയ കാലങ്ങൾ
ചേർന്ന നേരങ്ങൾ

പ്രണയത്തിൻ്റെ
ആഴങ്ങൾ
തൊട്ടവരാണവർ
അരുതുകളും
അതിരുകളും
അനുഭവിച്ചവർ

ഒരിക്കൽ സ്നേഹിച്ചവർ
പിരിഞ്ഞു പോകാറേയില്ല
പിണഞ്ഞു നിൽപ്പുണ്ട്
ഉള്ളിൻ്റെയുള്ളിൽ
പറിച്ചുമാറ്റാൻ കഴിയാത്ത
വിധം

2024 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

കവി വഴി

 



കവി ഒരു മത്സ്യമാണ്
അക്ഷരങ്ങളുടെ തരിമണികൾ
കൊത്തിപ്പെറുക്കി
വാക്കിൻ്റെ വെള്ളത്തിലൂടെ ഊളിയിടുന്നു
വാക്കോട് വാക്ക് ചേർത്ത് മനസ്സുകളിൽ നിന്ന് മനസ്സുകളിലേക്ക് ഊളയിടുവാൻ
ചിന്തയുടെ തീരത്ത് കാത്തുനിൽക്കുന്നു.

വാക്കുകളുടെ മാലകൾ തീരത്തേക്കു - തുളുമ്പുമ്പോൾ
കരയിൽ നിൽക്കുന്നവർ
പെറുക്കിയെടുക്കുന്നു
കവിതയുടെ കക്കയും, ശംഖും.

കക്കക്കുള്ളിൽ കാമ്പുണ്ടോയെന്ന് !
ശംഖ് കാതോട് ചേർത്ത് കടലുണ്ടോയെന്ന് !!
ഉരസ്സ് ഉപ്പിലേക്കമർത്തി
കവി ശിരസ്സെടുത്തെറിയുന്നു!
ഞരമ്പുകളായിരം വേരുകളായി മുളപൊട്ടുന്നു കവിതയുടെ കാട് തളിരിടുന്നു !

കവിയിൽ നിന്ന് കവിതയെന്നതുപോലെ കവിതയുടെ വരിയിൽ നിന്ന്
വഴി തെളിയുന്നു
ഒരു മുൻവഴി
ഒരു പിൻവഴി

ഒരു വഴി (ര) യുടെ അവസാനത്തിൽ
ഒരഗാധത
ഒരു വരി ഒരായിരം വഴികൾ തുറക്കുന്നു
ഒരു വഴി ഒരായിരം വരികളിലേക്ക് നയിക്കുന്നു
തിരമാലകൾ തീരങ്ങളിലേക്ക് തുളുമ്പിക്കൊണ്ടേയിരിക്കുന്നു

കവിത കടൽ കടന്നു പറക്കുന്നു
നോക്കൂ ;
കവികളുള്ളിടത്തോളം കാലം
ഒരു കടലും അലയടി നിർത്തില്ല

2024 ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

സ്തംഭം



അതുമിതും പറഞ്ഞന്നു നാം നടന്ന ഇടവഴിയിന്നെവിടെയെന്നറിയില്ല
മലയുടെകൂടെ ലോറിയേറി പോയോ?
ഇരുമ്പുകൈകളാൽ മായ്ച്ചു കളഞ്ഞോ ?

കനവുകണ്ട കാട്ടുകൂട്ടങ്ങൾ
ഹരിത കഞ്ചുകം പുതപ്പിച്ച കുന്നുകൾ
പരസ്പരം നമ്മൾ പുണർന്നുനിന്നുള്ള
കാട്ടുപിച്ചക വള്ളിപ്പടർപ്പുകൾ

നമ്മെ മൂടിയ മൗനഗർത്തങ്ങൾ
മിഴികളിൽചിന്നും പ്രണയചിഹ്നങ്ങൾ കെട്ടിപുണർന്നു ശിലാ സ്തംഭമായ്
ഉള്ളിലുറഞ്ഞാടി നിന്ന വെയിലുകൾ

ആളുകൾ കാണും അപകട വളവുകൾ അതിസമർഥമായ് നാം മറഞ്ഞ നേരങ്ങൾ
പ്രകൃതിതൻ മദജലച്ചാലുകൾ
എവിടെയെന്നറിയില്ല
അറിയില്ലയീ നാടും

2024 ഓഗസ്റ്റ് 4, ഞായറാഴ്‌ച

ജീവിച്ചിരിക്കുന്നവർ




മരിച്ചു പോയ
അനേകരുണ്ട്
അതിൽ ,
മനസ്സിലുള്ള ചിലരുണ്ട്
അവരാണ്
യഥാർത്ഥത്തിൽ
ജീവിച്ചിരിക്കുന്നവർ

2024 ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

അവനായ്


ബാംസൂരിയുടെയീണം
എൻ്റെ കന്യാമുലകളെ വന്നു -
തഴുകുന്നു
അവൻ്റെ ഗന്ധമുള്ള
ഉപ്പു രുചിയുള്ള കടൽകാറ്റ്
മേനിയെ തഴുകി ഇക്കിളിയാ
ക്കുന്നു

പാഞ്ഞുവന്നൊരു തിരമാല
കാൽപ്പാദങ്ങളെ ചുംബിച്ചുല -
യ്ക്കുന്നു
അവൻ്റെ കാൽപ്പാടു വരഞ്ഞ
കവിതയാണു ഞാൻ
അടിമുടി പൂത്തൊരു പൂമരം

അവനെൻ്റെ കൃഷ്ണൻ
യമുനയുടെ തോഴൻ
അവൻ്റെ വേണുനാദത്തിൽ
പാദാരവിന്ദത്തിൽ
വിരിയുന്നു ഞാൻ

കടലേ,
എൻ്റെ കവിതേ
എൻ്റെ കന്യാവനങ്ങളിൽ
നിനക്കു മാത്രം പ്രവേശനം!

ഞാൻ രാധ
അവനെൻ്റെ കണ്ണൻ
അവൻ്റെ ബാംസൂരിയീണം
എൻ്റെ കന്യാ മുലകളെ തഴുകുന്നു
എൻ്റെ കന്യകാത്വം അവനായ് -
സമർപ്പിക്കുന്നു