പ്രണയിയെപ്പോലെയവൻ
ഒരു വിളിപ്പാടകലെ കാത്തിരിക്കുന്നു
നൂപുരധ്വനികളെ
രാത്രിയുടെ ഏകാന്ത സംഗീതമാക്കി
എന്നെ ഉന്മത്തയാക്കുന്നു
ശ്വാസനിശ്വാസം പോലെ
താള നിബദ്ധമായി എന്നിലൊഴുകുന്നു
തെറ്റും ശരിയും ചികയാതെ
അവനിലണയാൻ ഞാൻ വെമ്പൽ
കൂട്ടുന്നു
ചാമ്പ മരച്ചുവട്ടിൽ അവൻ ചുവന്നു -
തുടുത്ത്
ചെറി മരച്ചുവട്ടിൽ ചിരിച്ച് തളിർത്ത്
ഏഴിലംപാലപോലെ പ്രലോഭിപ്പിച്ച്
മരിക്കുവാൻ പോകുന്നവൾക്ക് എന്തി
നീ ചിന്താഭാരമെന്ന്
മൗനമായി ചിരിച്ച്
പക്ഷേ,
ചില വേരുകൾ ആഴങ്ങളിൽ നിന്ന്
അമർത്തിപ്പിടിക്കുന്നു
മരണത്തിൻ്റെ മുഖത്തിനുനേരെ
വാതിൽ കൊട്ടിയടക്കപ്പെടുന്നു
അറ്റുപോകാത്ത ജീവൻ്റെ
വറ്റാത്ത ഒരു പേന
ജീവിതത്തിന് പുതിയൊരു
നിർവചനമെഴുതിച്ചേർക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ