malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 മേയ് 6, ബുധനാഴ്‌ച

മരിച്ചവരെ ഓർക്കുമ്പോൾ

 


മരിച്ചവരെ ഓർക്കുമ്പോൾ
മുമ്പില്ലാത്ത ഒരടുപ്പം അടുത്തു -
വരും
കണ്ണിലേക്കൊരിരമ്പൽ തേങ്ങി -
വരും
ഇടനെഞ്ചിലൊരുവിളി മുട്ടി-
നിൽക്കും !

കഴിഞ്ഞു പോയതെല്ലാം തികട്ടി -
വരും
എങ്കിലും ഇത്ര പെട്ടെന്നെന്ന്
ആത്മഗതം ചെയ്യും
ഇനിയും എന്തൊക്കെ ചെയ്യാനെന്ന്;
കടമകളും, കടമ്പകളും കയർത്തു -
നിൽക്കും !

മരിച്ചവരെ ഓർക്കുമ്പോൾ
മിന്നൽ പോലൊന്ന് ഉള്ളിലു-
ണരും!
കാലം കാത്തു വെച്ചതെന്ന് ;
ദീർഘനിശ്വാസമുതിരും !

മരിച്ചവരെ ഓർക്കുമ്പോൾ;
മരിച്ചാൽ മതിയായിരുന്നുവെന്ന്
ഒരു മാത്ര തോന്നിപ്പോകും !

2026 ഏപ്രിൽ 30, വ്യാഴാഴ്‌ച

മരിച്ചവർ


മരിച്ചവരെക്കാൾ മനുഷ്യത്വ-
മുള്ളവരായി മറ്റാരുമില്ല !
മരിച്ചവർ മണ്ണിനെ തൊടുന്നവർ,
മനസ്സിനെ അറിയുന്നവർ.

ആഴങ്ങളിലെ അടരുകളിൽ
അഗ്നിയായ് ജ്വലിക്കുന്നവർ
ഉറവയായ് ഉയിർക്കുന്നവർ.

ജാതിയില്ലാത്തവർ,
മതമില്ലാത്തവർ
ഒറ്റയൊറ്റയായ് നിൽക്കുമ്പോഴും
ഒറ്റയ്ക്കു നിൽക്കാതെ
ആഴങ്ങളിൽ ആലിംഗനം ചെയ്യുന്ന
വേരുകളെ അറിയുന്നവർ!

സത്യം മാത്രമറിയുന്നവർ
വിത്തായ് മണ്ണിൽ പുതഞ്ഞ്,
സത്തായ് മുളയിട്ട്
തണലായ് തളിർക്കുന്നവർ.

മണ്ണില്ലാതെ മനുഷ്യനില്ലെന്ന്,
മറ്റൊന്നുമില്ലെന്ന്
മഹാപ്രപഞ്ചത്തെ നോക്കി
മൂകം വിളിച്ചു പറയുന്നവർ !

മരിച്ചവരേക്കാൾ
മഹത്വമുള്ളവരായി
മറ്റാരുമില്ല






2026 ഏപ്രിൽ 28, ചൊവ്വാഴ്ച

മിസൈലുകൾ മിന്നി പൊലിയുമ്പോൾ



മിനാരങ്ങളിൽ നിന്ന്
മിനാരങ്ങളിലേക്ക്...
മണ്ണിന്റെ വാഴ് വിലേക്ക്,
തിരിമുറിയാ തിരുവചനങ്ങ-
ളിലേക്ക്!

​തമസ്സിന്റെ തട്ടം പുതച്ച്
കരാറിന്റെ കണക്കു പുസ്ത-
കത്തിലെ
ഉണങ്ങാ മഷി പടർപ്പിലേക്ക്
കരുതിയിരിപ്പിന്റെ കയങ്ങൾ
കുരുതി മഴ വർഷിച്ചു.

​പിന്നെ,
അടയാളങ്ങൾ കരിഞ്ഞുപോയ ഭൂപടങ്ങളിൽ
അഭയാർത്ഥികളായി മാറി പ്രാർത്ഥനകൾ.
ചിറകറ്റ പക്ഷികൾ ചൂടാറും മുൻപേ
ആകാശം കറുത്ത പുകയാൽ മൂടിക്കെട്ടി!

​കുരുന്നുകളുടെ രക്തം കൊ-
ണ്ടൊരു കൊളാഷ്!
അതിൽ വിരിഞ്ഞത് പൂക്കളല്ല,
നിലവിളികൾ കട്ടപിടിച്ച മാംസപുഷ്പങ്ങൾ.

തൊട്ടിലുകൾ കത്തിയെരിഞ്ഞ ചാരത്തിൽ
തൊട്ടെടുക്കാൻ
ഇനിയുമേതെങ്കിലുമീശ്വരൻ മിച്ചമുണ്ടോ?!

​തുന്നിച്ചേർത്ത ഉടലുകൾക്കും
തുന്നിയെടുക്കാനാവാത്ത സ്വപ്നങ്ങൾക്കും മീതെ
അധികാരത്തിന്റെ ചെങ്കോലുകൾ
രക്തദാഹത്തോടെ നൃത്തം ചെയ്യുന്നു.

സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ
ഇന്ന് വെറുമൊരു  മരീചിക മാത്രം.

2026 ഏപ്രിൽ 27, തിങ്കളാഴ്‌ച

അകലെയെന്നു തോന്നാം



​അകലെയെന്നു തോന്നാം,
അടുത്ത നിമിഷം-
അരികിലെന്നു കാണാം!

​അതിരുകൾക്ക്
എതിരുകളില്ലെന്നു തോന്നാം,
ഏതു നേരവും
അരുതു ഭേദിച്ചിടാം!

​ഒലീവിലയുമായെത്തും
പ്രാവുകളെന്നു തോന്നാം,
പിറന്ന മണ്ണു പോലും
ചുട്ടുകരിക്കും-
കഴുകനെന്നറിയാം!

​സുഖദമാമീ ശീതളഛായ
സ്വന്തമെന്ന് നിനയ്ക്കെ,
അഗ്നിപർവ്വതത്തിൻ
ചൂടിൽ നീ തിളയ്ക്കാം!

​അകലെയെന്നു തോന്നാം
പലസ്തീൻ, വെനിസ്വേല-
അടുത്ത നിമിഷം
അരികിലെന്നു കാണാം!

2026 ഏപ്രിൽ 22, ബുധനാഴ്‌ച

വിത്ത്


കടൽ കടന്നു പോയി
കാടുകൾ, കുന്നുകൾ,
പുഴകൾ, പഴമകൾ,
വിത്തുകൾ, വിളവുകൾ !

മണ്ണും, മനുഷ്യത്വവും
അറിയാതെയായി
ഓരോരാളും പണം
കായ്ക്കുന്ന മരങ്ങളായി
ഞാൻ.... ഞാൻ .....
മാത്രമായി
ബന്ധങ്ങൾ ഓർമ്മക -
ളായി.

ഇന്നിപ്പോൾ ഇറക്കുമതി
ചെയ്യുന്നു
സംസ്കാരങ്ങൾ, സങ്കര -
യിനം വിത്തുകൾ
കൈ നനയാതെ മീൻ -
പിടിക്കും
ജാലവിദ്യകൾ !

കാലമേ ;
കടം തരുവാൻ കൈയിലു-
ണ്ടാകുമോ
ആ പഴയ സ്നേഹത്തിൻ്റെ
ഇത്തിരി വിത്ത്

2026 ഏപ്രിൽ 13, തിങ്കളാഴ്‌ച

അച്ഛനും മണ്ണും




അച്ഛൻ്റെ കാൽപ്പാദങ്ങളിൽ
എന്നും മണ്ണുണ്ടായിരുന്നു
കൈയിൽ കരിനൊച്ചിയും!

കരിനൊച്ചിയാൽ കഴുകി
കളഞ്ഞിരുന്നു മണ്ണുകളെ,
മഹാ രോഗങ്ങളെ !
കരിവീട്ടി കാതലായിരുന്നു
മനസ്സും ശരീരവും.

ഇന്നുമുണ്ടായിരിക്കുമത്
മണ്ണായിപ്പോയ അച്ഛൻ്റെ -
കൈയിൽ !
അരോഗദൃഢഗാത്രമായി -
രിക്കാം ആ മണ്ണും !

അന്ന്, വീട്ടുപറമ്പിലെങ്ങും
കരിനൊച്ചി.
ചിലപ്പോൾ കാട്ടിത്തരും
കല്ലുരുക്കി, കുറുന്തോട്ടി,
കറുക, മുക്കുറ്റി
അവയുടെ ഗുണ ഗണങ്ങളെ
പറ്റി
പറഞ്ഞുകൊണ്ടിരിക്കും വാ -
തോരാതെ
ഔഷധ സസ്യങ്ങൾ അച്ഛൻ്റെ
സഹോദരങ്ങൾ .

ഇന്നീ, ആശുപത്രി കട്ടിലിലും
ഞാനാശിച്ചു പോകുന്നു !
കാൽപ്പാദങ്ങളിലിത്തിരി മണ്ണ്
പുരളാൻ
മണ്ണെന്താണെന്ന് തിരിച്ചറിയാൻ
അച്ഛനെന്തെന്നും, വീടെന്തെന്നും
ശരിക്കുമൊന്നോർമ്മിക്കുവാൻ !

















2026 ഏപ്രിൽ 10, വെള്ളിയാഴ്‌ച

ഒടുക്കം



ഋണ ഭാരത്താൽ
മുതു കൊടിയുന്നു
ഋതുക്കൾ പോയി മറഞ്ഞു
മൃതിയോ, പുനർജ്ജനിയോ ?!

കാലത്തോടു കലഹിച്ചു
പക്ഷികൾ പറന്നു പോയി
പ്രതീക്ഷകൾ അസ്തമിച്ചു
ചേക്കേറാൻ ഇല്ലൊരു ചില്ല.

അമ്പുമായ് നിൽക്കുന്നുവേടൻ
ദർപ്പമകറ്റാൽ
സർപ്പമെവിടെ?
സിംഹത്തിൻ്റെ
സിംഫണി എവിടെ?!

ചിന്നം വിളിയാണു ചുറ്റും
നെഞ്ചിലൊരു ചില്ലുടയന്നു
ആശയറ്റവൻ്റെ വാശിയറിയില്ല!
തുണയറ്റവന്
തുടലറുക്കാതിരിക്കാനാവില്ല.

വാ തുറന്ന വ്യാഘ്രം മടങ്ങിപ്പോകുന്നു
അതാ,
ഇരുളിൽ നിന്നൊരു ഇലയനക്കം
കൊടുങ്കാട്ടിലെ വഴിത്താര.

നിയമങ്ങൾ ബലാത്സംഗം ചെയ്യപ്പെടുമ്പോൾ

 



അധികാരം സിംഹാസനവും
കൽപ്പനയുമാകുമ്പോൾ
യുദ്ധം ചെന്നായ,യാകുന്നു
ഏതിരുട്ടിലും കുതിച്ചുചാടുന്ന
ചെന്നായ.

അജയ്യതയുടെ, അധിനിവേശത്തി
ന്റെ ബലതന്ത്രം
ജൂലിയ, യുടെ തുടകൾക്കിടയിൽ
കിതച്ചു നിന്ന റോമാ സാമ്രാജ്യം
പോലെ
ഭയത്തിന്റെ തുടകൾക്കിടയിൽ
യുദ്ധമൊരു ചുവന്ന പൂവായ്
വിടരുന്നു.

തലയറുക്കപ്പെടുന്നു, അര തകർക്ക
പ്പെടുന്നു
മുലയരിയപ്പെടുന്നു, കണ്ണ് ചൂഴ്ന്നെ
ടുക്കപ്പെടുന്നു
അധികാരം ഒറ്റക്കല്ലിൽ തീർത്ത
വിഗ്രഹം.

പടയാളികൾ ബലിമൃഗങ്ങളാകു
മ്പോൾ
തുണിയുരിഞ്ഞ പെണ്ണിന്റെ നെഞ്ചിൽ
വാൾമുനകൾ ഭൂപടംതീർക്കുന്നു
നഗര, ഗ്രാമമെന്നില്ലാതെ യോനി
കളിൽ
പുല്ലിംഗങ്ങൾ പുളയുന്നു.
കിരാതത്വത്തിന്റെ ബീജങ്ങളൊഴു
ക്കപ്പെടുന്നു
എന്നും,എവിടേയുംഇര സ്ത്രീകളും
കുട്ടികളും തന്നെ
അധികാരമേ, നീതന്നെ നീപെറ്റ കു
ഞ്ഞുങ്ങളെ തിന്നു തീർക്കുന്നു

2026 മാർച്ച് 30, തിങ്കളാഴ്‌ച

നിലവിളി


ദൈവങ്ങൾ നിലവിളിച്ചു -
കൊണ്ടേയിരിക്കുന്നു
ഗാസയിൽ നിന്ന്, ഇറാനിൽ -
നിന്ന്.....!
യുദ്ധമുഖങ്ങളിൽ നിന്ന്.

സ്വപ്നങ്ങൾ കിടന്നു
പിടയ്ക്കുന്നു
കഴുകുകളുടെ കൊക്കിൽ -
നിന്ന്.
സ്നേഹത്തിൻ്റെ കൊമ്പുകൾ
വെട്ടിക്കളയുന്നു
ദുരിതങ്ങളുടെ നട്ടുച്ചകൾ -
സമ്മാനിക്കുന്നു.

സ്വാതന്ത്ര്യത്തിൻ്റെ മണ്ണടരുകൾ
അടർത്തിമാറ്റുന്നു
മുൾച്ചെടികൾ കരിഞ്ഞുണങ്ങി -
നിൽക്കുന്നു
പാതവക്കിൽ അറ്റ പാദങ്ങൾ
കണങ്കാലുതേടുന്നു !

എവിടെയാണെൻ്റെ വാഗ്ദത്ത -
ഭൂമി
ചോരയിറ്റുന്ന സൂര്യനു കീഴിൽ
കാലം എത്ര സമർത്ഥമായി -
വഞ്ചിക്കുന്നു നമ്മെ!

2026 മാർച്ച് 24, ചൊവ്വാഴ്ച

മീനച്ചൂട്


​മീനത്തെയ്യമായ് ചിലമ്പിട്ടു -
തുള്ളുന്നു
കനൽ വഴികളിൽ നൃത്തം -
ചവിട്ടുന്നു!
മീനസൂര്യന്റെ കത്തുന്ന -
തൃക്കണ്ണാൽ
വരണ്ടുണങ്ങുന്നു -
മണ്ണും പ്രകൃതിയും.

​ഇലകൾ പൊഴിഞ്ഞ -
കരിമ്പനക്കാടുകൾ,
കനലായ് മാറും തറവാട്ടു -
മുറ്റങ്ങൾ.
കിണറു ദാഹത്താൽ വലഞ്ഞു -
ണങ്ങീടുന്നു
വാക സ്നേഹത്താൽ ചുവന്നു - പൂക്കുന്നു.

​ഇക്കൊടും വേനലിൻ രുദ്രതാ-
ളത്തിലും
കൊന്നപ്പൂക്കൾ വിരിഞ്ഞു
ചിരിക്കുന്നു.
മഞ്ഞപ്പട്ടാട ചുറ്റിയീ നോവിലും
കണികാണുവാൻ കാത്തുനി-
ന്നീടുന്നു.

2026 മാർച്ച് 19, വ്യാഴാഴ്‌ച

കുംഭം



​കത്തിനിൽക്കുന്നു നട്ടുച്ച!
മൈഥുന തളർച്ചയാൽ-
മലർന്നു കിടക്കുന്നു നഗരം.

കുംഭം ചിലമ്പിട്ടു തുള്ളുന്നു;
മുരിക്കിൻ പൂ ചെമ്പട്ടു ചാർ-
ത്തിയാടുന്നു.
നെടിയ പിലാവിൻ തണലിൽ-
അന്നൊരു നാളിലിരിപ്പൂ ബാല്യം.

​വേനൽവെള്ളരി പോലെയുളളിൽ-
ഓർമതന്നുണ്ണികൾ വിരിയേ,
പുലരിപ്പൂ പോൽ കന്യകൾ-
കൂവലിൻ പടവുകളേറി വരുന്നു.

​ഒക്കത്തൊരു കുടം വെള്ളം,
തുള്ളിത്തുളുമ്പും പുഞ്ചിരിനാണം;
തടങ്ങൾ തോറും നീരുകൾ വീഴ്ത്തി-
നിരന്നു നിൽപ്പൂ കാലം.

2026 മാർച്ച് 18, ബുധനാഴ്‌ച

ബസ്സു കാത്തിരിക്കുമ്പോൾ




പൊള്ളും ചൂടിൽ
ഇത്തിരി തണലിൽ
ബസ്സുകാത്തിരിക്കുമ്പോൾ
കാറ്റൊരു മായാമാളവ ഗൗള
മൂളി നടക്കുമ്പോൾ !
മിന്നും പൊന്നീച്ചകളെപ്പോലെ
വെയിലു പതക്കുന്നു !

താഴെ തരിമണൽ വെയിലിനെ
ഉച്ചിയിലേറ്റി വലയുമ്പോൾ
കുശലം ചൊല്ലാൻ കഴിയാക്കരിയില
ഉഴറി നടക്കുന്നു
ചീറിപ്പായും വാഹന മത്സരം കണ്ടു
നടുങ്ങുന്ന
നീറിപ്പിടയും മണ്ണിൻ മനസ്സ് കാണു
വതാരിവിടെ.

വേവുനിറഞ്ഞൊരു മനസ്സാലെ,യീ -
ബസ്സുകാത്തിരിക്കുമ്പോൾ
നേരം പോലും നിശ്ചലമെന്ന്
തോന്നിപ്പോകുമ്പോൾ
വിയർപ്പുകൾ നിളപോൽ ചാലിട്ടൊ-
ഴുകി
ക്ഷീണിതനാക്കുന്നു.

കുതിച്ചു വന്നൊരു ബസ്സ് കിതച്ച്
മുന്നിൽ നിൽക്കുമ്പോൾ
ആശ്വാസത്തിൻ നിശ്വാസങ്ങൾ
ഉതിർന്നു വീഴുമ്പോൾ
എല്ലാ ഭാരവും പേറും മണ്ണെൻ
മനസിൽ നിറയുന്നു.

2026 ഫെബ്രുവരി 28, ശനിയാഴ്‌ച

മോഹനം


പുലരി പിറക്കുമ്പോൾ
ഉണർന്നെഴുന്നേൽക്കുന്നവൻ
ആരും കാണാതെ വേഗം
മുറ്റത്തേക്കിറങ്ങുന്നു.
മുറ്റക്കൊള്ളേറി മെല്ലെ
മണ്ണിലേക്കൂർന്നിറങ്ങി
മുല്ല,മൊട്ടിട്ടോയെന്ന് തൊട്ടു -
തൊട്ടു നോക്കുന്നു
മഞ്ഞു തുമ്പിയോടവൻ
കുശലം ചൊല്ലീടുന്നു
ചിതല പക്ഷിയോട്
ചിരിച്ചു കുണുങ്ങുന്നു
മുറ്റത്തു,ലാത്തിടുന്ന
കാക്കയെ കടക്കണ്ണാൽ
നോക്കിച്ചിരിച്ചിടുന്നു
മുല്ലമൊട്ടു പോലുള്ള കൊച്ചരി -
പല്ലുകാട്ടി.
മഞ്ഞുതുള്ളികൾ നുള്ളി പൂമാല
കൊരുക്കുന്നു
പിച്ചക കൈപിടിച്ച് പിച്ച നടന്നിടുന്നു
മ്യാവൂ,യെന്നൊരു വിളി വന്നു -
തൊടുന്നു കാതിൽ
പിന്നാലെ പൂച്ച വന്നാ പിഞ്ചുകാലുരു -
മ്മുന്നു.
മണ്ണിൻ്റെ മണമേറ്റു വളരുന്നോരുണ്ണിയുടെ
മനസ്സും ശരീരവും നിഷ്കളങ്ക ബാല്യവും
പുത്തനാം പുലരിപോൽ എത്ര നിർമ്മലം
സ്നേഹ സന്തോഷത്താലെ,യെത്ര
മോഹനം ധന്യം

2026 ഫെബ്രുവരി 24, ചൊവ്വാഴ്ച

വീട്ടമ്മ


കറുപ്പ് വെളുപ്പിൻ്റെ
പൊട്ടു തൊടുമ്പോൾ
മുഷിവിനെ വാരി
മുറ്റക്കൊള്ളിനപ്പുറം
കളയുന്നു !
ചുണ്ടിലൊരു പുഞ്ചിരിയുടെ
ചെറുപൂ,വെടുത്തണിയുന്നു.

അടുപ്പിൽ
അഗ്നിയാ,യാളി
കടുപ്പത്തിലൊരു
കട്ടൻ ചായയായ് തിളക്കുന്നു !

മിക്സിയിലരഞ്ഞ്
ദോശക്കല്ലിൽ മൊരിഞ്ഞ്
ചട്ണിയായലിഞ്ഞ്
തീൻമേശയിൽ നിറഞ്ഞു -
കിടക്കുന്നു !

വറചട്ടിയിൽ കുഴഞ്ഞ്
നനക്കല്ലിൽ പതഞ്ഞ്
ചളുങ്ങിയ പാത്രമായ്
അടുക്കളയുടെ
ആഴക്കടലിൽ തുഴഞ്ഞ്

വെളുക്കുമ്പോൾ തൊട്ട്
പാതിരവരെ
സ്നേഹവും, കരുതലും
പാകത്തിന് ചേർത്ത്
ഒരു പൊടിക്കു പോലും
അധികമാവാതെ
പാകത്തിന് വെന്തിട്ടും
ഇഷ്ടങ്ങളും, അനിഷ്ടങ്ങളും,
പിറുപിറുപ്പുകളുമേറ്റ്
വിഭവമായങ്ങനെ.......!

2026 ഫെബ്രുവരി 19, വ്യാഴാഴ്‌ച

മൗനപേടകം


ഏകാന്തത തൻ നിഴൽ മൂടവേ,
മൗനത്തിൻ ആഴങ്ങളിൽ ഞാൻ വീഴുന്നു;
ചിതറുന്നു കാഴ്ചകൾ മിഴികളിൽ നൂറായ്,
തലയൊരു പമ്പരം പോൽ കറങ്ങുന്നു!

​തളിരില പോലുള്ളൊരെൻ ഹൃദയം,
കൂടമടിയേറ്റ പോൽ വിറപൂണ്ടിടുന്നു;
അരികിലുണ്ടെങ്കിൽ നീയെന്ന ചിന്തയാൽ,
അകക്കാമ്പ് നീറിയെരിയുന്നു വിങ്ങലായ്.

​എന്നെ ഞാനാക്കിയ നിന്നെയിന്നും,
മനക്കണ്ണിൽ കാണുന്നു നോവോടെ ഞാൻ;
വിങ്ങിപ്പൊട്ടുന്നു അധരങ്ങൾ വീണ്ടും,
കണ്ണീർക്കടലായ് മിഴികൾ നിറയുന്നു.

​മടങ്ങുവാൻ കൊതിയാണിനിയെനിക്ക്,
നിന്നിലേക്കെത്തുവാൻ, ഒന്നായ് പുണരുവാൻ;
പച്ചപ്പണിഞ്ഞ നിൻ ഓർമ്മകൾ മാറ്റി-
ക്കനലുകൾ കോരിത്തന്ന കാലമേ...

​കാത്തിരിപ്പൂ ഞാൻ നിനക്കായ് സഖീ,
എൻ മൗനപേടകമുടയ്ക്കുവാൻ... നിനക്കായ് മാത്രം!




2026 ഫെബ്രുവരി 16, തിങ്കളാഴ്‌ച

ഇര


വിശക്കാതെ, ഒരിക്കലും
വിഴുങ്ങില്ല ഞാനിരയെ
വഴക്കടിക്കില്ല
വഴി പിൻതുടരില്ല !

ഇല്ല, വിദ്വേഷം
പക
തുറിച്ചു നോട്ടം.

വിശക്കാതെ
വിഴുങ്ങുവാൻ
ഞാൻ മനുഷ്യനല്ലടോ.

വിശന്നിട്ടു വയ്യ!
ഇന്ന്;
നീയെൻ്റെ,യിര.

2026 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

എങ്കിലുമെന്ത്


നാം
പരസ്പരം കണ്ടിട്ടേയില്ല
ഒന്നും
സംസാരിച്ചിട്ടേയില്ല
ഒന്നും
അറിയുകയേയില്ല !

ഈ ലോകത്തെ
ഏതോ ഒരു കോണിൽ ഞാൻ
ഒരു കോണിൽ നീ !

അവിടെ എന്താണെന്നോ
എങ്ങനെയാണെന്നോ
നിൻ്റെ നിറമെന്തെന്നോ,
തൊഴിലെന്തെന്നോ
എനിക്കറിയില്ല
എന്നെക്കുറിച്ച് നിനക്കും !

എങ്കിലുമെന്ത്?
നമ്മുടെ രാവും
നമ്മുടെ പകലും
ജീവിക്കുവാനുള്ള നെട്ടോട്ടവും
നമ്മെ പരസ്പരം കാട്ടി തരുന്നു
സംസാരിക്കുന്നു
എല്ലാം അറിയുന്നു

2026 ഫെബ്രുവരി 11, ബുധനാഴ്‌ച

പുലരുമ്പോൾ


പുലരിച്ചെമ്പൂവ് വിരിഞ്ഞെ
പുതുമുളകൾ മിഴികൾ തുറന്നെ
കറുകപ്പുൽനാമ്പിൽ ഹിമകണ
കവിതപ്പൂ പൂത്തു വിടർന്നെ !

കണ്ണി മാങ്ങ ചുനമണമെങ്ങും
പാറ്റുന്നുണ്ടൊരു ചെറു തെന്നൽ
പുഴയോരത്തില്ലിക്കാടുകൾ
തെന്നാനം മൂളുന്നുണ്ടേ

ഇരുളിൻ ചെറു കീറും കൊത്തി
ഒരു കാക്ക പടിഞ്ഞാട്ടു പറന്നേ
ഒരു തേങ്ങാപൂളാവാനിൻ
മുറ്റത്തു വീണു കിടന്നെ

അയ്യോ!ടീ, കാളിപ്പെണ്ണേ
വെക്കം വാ ..., വെക്കം വാ
ഇന്നല്ലൊ പുഞ്ചപ്പാടം
മൂരാനായ് പോകണ്ടെ.

2026 ഫെബ്രുവരി 9, തിങ്കളാഴ്‌ച

ചെറുത്ത് നിൽപ്പ്

 ഹൃദയത്തിന് കരിമ്പാറയുടെ

ഉറപ്പ്
ഒലിവുമരത്തിൻ വേരു പോലെ
മനസ്സിന്നാഴം
ബോംബുകളുടെ നടുവിൽ
ജീവൻ്റെ അവസാന നിമിഷത്തിലും
നിലനിൽപ്പിനായ് പൊരുതുന്നവർ

കുഞ്ഞു കണ്ണുകളിൽ
പിച്ചവയ്ക്കുന്ന പ്രതീക്ഷ
അമ്മക്കണ്ണീരുകളിൽ
ദൃഢപ്രതിജ്ഞ
വെടിയുണ്ട നെഞ്ചു തുളയ്ക്കുമ്പോഴും
നാവിൽ സ്വാതന്ത്ര്യമെന്ന മന്ത്രം

അവരുടെ പതാകയ്ക്ക്
മണ്ണിൻ്റെ നിറവും രക്തത്തിൻ്റെ
ചുവപ്പും
അവർ,മരിച്ചുവീഴുമ്പോഴും
വിജയം സ്വപ്നം കാണുന്ന ജനത

നശിക്കാത്ത ആശയും
മാഞ്ഞു പോകാത്ത ദൃഢനിശ്ചയവും
ഒരു പുലരി നമ്മോടു വിളിച്ചു പറയും
ചെറുത്തുനിൽപ്പിൽ കുരുത്ത-
കരുത്തിൽ
പാലസ്തീൻ വീണ്ടും പൂത്തു വിരി-
ഞ്ഞെന്ന്










2026 ജനുവരി 27, ചൊവ്വാഴ്ച

ജീവസ്പർശം


കാറ്റായി കാലം കടന്നു പോകെ
കവനം മറന്നവർ കാത്തു നിൽക്കെ
സ്നേഹത്താലന്നു വിതച്ചതെല്ലാം
കൊയ്തു കൊടുക്കേണം നമ്മളിന്ന്

മങ്ങുന്ന കണ്ണിലേക്കൊന്നു നോക്കൂ
ഓർമ നക്ഷത്രം തെളിഞ്ഞു കാണാം
വിറയുന്ന കൈവിരലൊന്നു നോക്കൂ
കരുത്താലെ കാത്തതാണന്നു നമ്മേ

മുറിയുടെ മൂലയിലിന്നിരുന്ന്
മാതള നാരകമോർക്കയാവാം
നമ്മൾ കുഞ്ഞുങ്ങളായുള്ള കാലം
ഓർത്തു രസിച്ചങ്ങിരിക്കയാവാം

അവരുടെ കണ്ണിൽ ചരിത്രമുണ്ട്
അവരുടെ വാക്കിലനുഗ്രഹവും
അറിയില്ല,റിയില്ല നമുക്കൊന്നുമെ
ആ സ്നേഹത്തിൻ്റെ അഗാധമാഴം

ഒരുനാൾ നമുക്കു വഴികാട്ടിയോർ
ഉൺമ ഉരുളയാക്കി തന്നവർ
അവർക്കിന്നു നമ്മൾ വഴികാട്ടണം
മിഴിയായും മൊഴിയായും കൂടെ വേണം

നമ്മുടെ ജീവിത തോട്ടത്തിലെ
വൻ വൃക്ഷമാണവർ ഓർത്തുകൊൾക
പശിയാറ്റുവാൻ പഴം തന്നോരവർ
തളരുമ്പോൾ തണലും കുളിരും തന്നോർ

അവരുടെ ദൗർബല്യം പ്രായമല്ല
അനുഭവത്തിൻ പൊൻകിരീടമത്
അവരെ സ്നേഹിക്ക നാം കാത്തു - കൊൾക
അവർ നമുക്കേകിയ കരുതൽ പോലെ

മുത്തശ്ശൻ മുത്തശ്ശി അച്ഛനമ്മ
അവരെ തൊടുമ്പോൾ നാം നമ്മെ -
തൊടുന്നു
മനുഷ്യത്വം, നന്മയെന്നുള്ള സത്യം
അതു തന്നെ പരമമാം ജീവസ്പർശം