malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019 ഏപ്രിൽ 14, ഞായറാഴ്‌ച

വിഷു പക്ഷിയോട്



വരിക വിഷുപക്ഷീവീണ്ടും വരികനീ
പാടുക സർഗ്ഗഗീതങ്ങൾ
കൃഷ്ണനും, ക്രിസ്തുവും, നബിതിരുമേനിയും
വാണിരുന്നുള്ളോരീമണ്ണിൽ
തോക്കുകൾ, ബോംബുകൾ, വേല്, വടിവാളുകൾ
കഥ പറഞ്ഞീടുന്നിതെങ്ങും
പേക്കിനാവിന്നിരുൾവഴികളേയാണ്
കണി കണ്ടുണരുന്നിതെന്നും
വരിക വിഷു പക്ഷീ വീണ്ടും വരിക നീ
പാടുക പുത്തൻപുലരി ഗീതം
അഗ്നിച്ചിറകുമായ്‌, ഉഗ്രവിഷവുമായ്
കുടില തന്ത്രങ്ങൾ മെനഞ്ഞിടുന്നോർ
ചുറ്റിലും തീർക്കും ചതുപ്പുനിലങ്ങളിൽ
വീണടിഞ്ഞീടുന്നു മർത്യ ജന്മം
മാവേലി വാണൊരീ നാട്ടിലെങ്ങും കാണാം
വാമനാവതാരങ്ങൾ മാത്രം
മനുഷ്യവർഗ്ഗങ്ങൾ വർഗ്ഗീയതയുടെ
സങ്കടക്കണ്ണീരിലെങ്ങും
വരിക വിഷു പക്ഷീ, മേടപ്പിറവിയായ്
പാടുക ഉദയഗീതങ്ങൾ
മനുഷ്യൻ മനുഷ്യനെ മാനിച്ചിടുന്നൊരു
മാറ്റത്തിൻഹൃദയഗീതങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ