malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022 ഏപ്രിൽ 15, വെള്ളിയാഴ്‌ച

കണി


ചൈത്രം ചിരിതൂകി നിന്നിടുന്നു
ചിത്രപദംഗങ്ങൾ പാറിടുന്നു
വൈശാഖം വന്നു വിളങ്ങിടുവാൻ
കാടുകളെല്ലാമൊരുങ്ങിടുന്നു

മഞ്ഞക്കിളിപ്പെണ്ണു കൂടുവച്ചു
കൂട്ടിലിളങ്കിളി പാട്ടു മൂളി
കുന്നത്തെ കൊന്നമരങ്ങൾ പൂത്തു
കുന്നോളം മോഹങ്ങൾ പൂവണിഞ്ഞു

കോടക്കാറെല്ലാമൊഴിഞ്ഞുപോയി
കോടിയുടുത്തിതാ മേടമെത്തി
മോടിയായ് മേഘമണിനിരന്നു
മാടത്ത പാട്ടുകൾ പാടിടുന്നു

മാങ്കനി മഞ്ഞയുടുപ്പണിഞ്ഞു
മധുരം വിളമ്പുവാൻ കാത്തിരിപ്പൂ
തങ്കനിറമാർന്ന തേൻ ചുളയാൽ
ചക്കകൾ ചാഞ്ഞുകിടന്നിടുന്നു

ചിത്രമണികൾ കിലുക്കി നിന്ന്
കർണ്ണികാരപ്പൂമൊഴിഞ്ഞിടുന്നു
കാലമായ് ... കാലമായ്... കാലമായി
കണികണ്ടുണരുവാൻ നേരമായി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ