malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ജൂലൈ 31, ബുധനാഴ്‌ച

പുനർജ്ജനി



എന്നാണ് ഞാൻ
നിലക്കണ്ണാടിയിൽ നിന്നും
ഇറങ്ങിപ്പോയത്
പ്രതിബിംബിക്കാത്ത
അന്തർമുഖനായിപ്പോയത്

കണ്ണുകൾ കെട്ടുപോയത്
ഞാനെന്നിലേക്ക്
വീണുടഞ്ഞു പോയത്.
സ്വന്തമാക്കുവാനൊന്നുമില്ലാതെ
പാപത്തിൻ്റെ പടുകുഴിയിലേ-
ക്കാണ്ടുപോയത്

കവിതയുടെ കന്യാ ഛേദം
നടത്തിയവൻ
കറന്നു കുടിക്കാതെ മൂർന്നു -
കുടിച്ച
ഓർമ്മയുടെ പാപം
ചില്ലകളില്ലാത്ത ഒറ്റമരം

തണുപ്പിൻ്റെ ശരശയ്യയിൽ
വായുവിൽ തറഞ്ഞ് നിശ്ചലം -
അവളേയും കാത്ത്
എനിക്കായ് പുനർജ്ജനിച്ചവളെ
അവളുടെ കണ്ണിലെ
നിലക്കണ്ണാടിയിൽ
പ്രതിബിംബിക്കാനായ്

2024, ജൂലൈ 25, വ്യാഴാഴ്‌ച

രതി

 



നിന്നിലെ രതിയാണ്
എന്നിലെ തീയുണർത്തിയത്
നിൻ്റെ ആ ഒരൊറ്റ ചുംബനമാണ്
എന്നെ ഒറ്റയ്ക്ക് കത്തുന്ന ഒരു -
മരമാക്കിയത്

കാറ്റുപോലെ വന്നുള്ള കെട്ടിപിടു -
ത്തമാണ്
കാറ്റാടി പോലെ എൻ്റെ മനസ്സിനെ
ആട്ടി ഉലച്ചത്

കത്തുന്ന ഒരു പുഴയായിരുന്നു നീ
പെയ്തിട്ടും പെയ്തിട്ടും തോരാത്തൊരു
വേനൽ
മരുക്കാട്ടിലൂടെയായിരുന്നു യാത്ര
ദാഹം തീരാത്ത അന്തർദാഹം

ഏതു ബലിക്കല്ലിലേക്കാണെന്നെ
വലിച്ചുകൊണ്ടുപോയത്
ഏതു കടലിടുക്കിലേക്ക്,
വനാന്തരത്തിലേക്ക്

ഇന്നു നീ എന്നിൽ വെന്തു നീറുന്നു
മുങ്ങി മരിക്കുന്നു
കെട്ടുപോയ നക്ഷത്രത്തിൻ്റെ
ഇരുട്ടാകുന്നു
കാലമേ,
നിൻ്റെ രതി ലീലയിൽ
ഈ പുൽക്കൊടിത്തുമ്പിന്
ഇനിയും എന്തൊക്കെ അനുഭവി-
ക്കണം

2024, ജൂലൈ 19, വെള്ളിയാഴ്‌ച

അനുരാഗം


സ്ഫീത രാഗത്താൽ
സ്ഫുരിക്കുന്ന ചന്ദ്രികേ
സ്മേരവദനയാമെൻ
പെണ്ണിനെ കണ്ടുവോ

പീത വർണ്ണങ്ങൾ നീ
എങ്ങും പൊഴിക്കുന്നു
പാതയോരത്തൂടെ
ഞാൻ നടന്നീടവേ

തുന്ദിലം പാറിപ്പറക്കുന്നു -
യെൻമനം
തുമ്പക്കുടത്തിനെ തൊട്ടു
തലോടുവാൻ
തമ്പുരുമീട്ടുമാ ഹൃത്തട -
ത്തിൽ തലചായ്ച്ചു മനോ-
ഹരിയാളെ പുണരുവാൻ

ചന്ദ്രികേ നിൻ്റെയാ പീതവർ -
ണ്ണത്താലെ
എന്നിലെ വർദ്ധിത ലജ്ജ മറ -
യ്ക്കുക
മുന്തിരിച്ചാറുപോലുള്ളൊരീ -
ജീവിതം
തട്ടിമറിഞ്ഞിടാമെന്നറിയാഞ്ഞല്ല

എങ്കിലും ആസ്വദിച്ചീടണം
നാം നമ്മെ
ഉള്ളത്തിലെന്നു മറിഞ്ഞു
ജീവിക്കണം
എങ്ങുനിന്നോവന്ന യാത്രികരാ-
ണു നാം
എങ്ങോ പോയ് മറയുവാൻ
കാത്തിരിക്കുന്നവർ

2024, ജൂലൈ 15, തിങ്കളാഴ്‌ച

ഉയിർത്തെഴുന്നേൽപ്പ്



വാക്കുകളിൽ നിന്ന്
വാർന്നു പോയി ഹരിതകം
നേർത്തുപോയി ശബ്ദം
കുഴിയിലാണ്ടു കണ്ണുകൾ
ലഹരി കാർന്ന സിരകൾ
ചുളുങ്ങി ചുരുങ്ങിയ നാരുകൾ

വറ്റിപ്പോയ ഒരു പുഴ
വിടരാതെപോയൊരു മൊട്ട്
തൊട്ടു തലോടിയ പുൽക്കൊടി -
ത്തുമ്പിൻ
വെട്ടിത്തിരിഞ്ഞ നടത്തം

മീട്ടുവാനാകാത്ത വിരലുകൾ
സാന്ത്വനം കേൾക്കാത്ത
കാതുകൾ
വെളിച്ചവും തെളിച്ചവും
ഏതോ കിനാവുകൾ

ഇരുൾ മാളത്തിലിരുന്ന്
കരൾ മാന്തി പറിക്കുന്നു
കുരവള്ളി പൊട്ടുന്ന വേദന
തിന്നുന്നു

കുരിശിലേറി
മരണം വരിച്ചവനും
ഉയിർത്തെഴുന്നേൽക്കു -
മെന്നശരീരി


2024, ജൂലൈ 12, വെള്ളിയാഴ്‌ച

നുരയുന്ന ചില്ലുപാത്രം


കടൽ എൻ്റെ ലഹരിയാണ്
നുരയുന്ന ചില്ലു പാത്രമാണ്
കടൽ

പ്രിയേ,
എൻ്റെ മനസ്സിൻ്റെ
ചുട്ടുപഴുത്ത മണലിൽ
നീ നൃത്തം ചവിടുന്നു
എൻ്റെ മൗനത്തിൻ്റെ ശിലകളെ
ശബ്ദമുഖരിതമാക്കുന്നു

ഓമനേ,
പ്രണയത്തിൻ്റെ
പവിഴമല്ലിപ്പൂവാണു നീ
നീയെൻ ഹൃദയത്തിൻ
തന്ത്രികൾ മീട്ടുന്നു

കാറ്റിൻ്റെ കൈ വേഗത്തിൽ
നീ താളം ചവിട്ടുന്നു
വസന്തത്തിൻ്റെ വാകപ്പൂവ്
എന്നിൽ വിരിയിക്കുന്നു

പ്രിയേ,
കടലാണു നീ
എൻ്റെ നുരയുന്ന
ചില്ലുപാത്രം

2024, ജൂലൈ 11, വ്യാഴാഴ്‌ച

ജീവിതമേ




ചേർച്ചയുണ്ടെന്നു കരുതി
ചേർത്തുവച്ചതിൽ പലതും
ചോർന്നു പോയേക്കാം

നേട്ടത്തിലാണ്
നോട്ടം

കൂട്ടുന്തോറും
തെറ്റുന്ന കണക്കാണ്
ജീവിതം
ശിഷ്ടമെന്നും
നഷ്ടമാണ്

കഷ്ടമെന്നു കരുതാതെ
നഷ്ടത്തിലും ഇഷ്ടമെന്നു
സ്പഷ്ടമാക്കുന്ന
ജീവിതമേ
നിന്നെ എനിക്കു വേണം
ഒരുവേള ജീവിച്ചു
തീർക്കുവാൻ

2024, ജൂലൈ 9, ചൊവ്വാഴ്ച

ചാറ്റിംങ്


ഉണങ്ങി തുടങ്ങിയതാണ്
എന്നും ഉറക്കത്തിലാണ്
അപ്പോഴാണ്
ചാറ്റൽ മഴയുടെ ചാറ്റിംങ്

നോക്കൂ;
ഇപ്പോൾ
തളിരിട്ടിരിക്കുന്നു

2024, ജൂലൈ 8, തിങ്കളാഴ്‌ച

ആഴം


ഇന്നോളം
മിണ്ടിയിട്ടില്ല ഒന്നും
വീട്
ജോലി
യാത്ര
അറിയില്ല ഒന്നും
കണ്ടുമുട്ടുന്നുയെന്നും.

ഒറ്റനോട്ടം മാത്രം.
മതി
പ്രണയത്തിനിത്രയു-
മാഴമെന്ന്
ഇന്നാണറിഞ്ഞത് .

പിരിയാൻ കഴിയാതെ
പ്രാണനിൽ
അലിഞ്ഞു ചേർന്നില്ലെ
നമ്മൾ

2024, ജൂലൈ 7, ഞായറാഴ്‌ച

ബലിമൃഗം



ഓർമ്മയുടെ ചരമക്കുറിപ്പ്
വായിക്കുകയാണ് ഞാൻ
കഴിഞ്ഞകാലത്തിൻ്റെ
വഴിത്താരകൾ
മുന്നിൽ നീണ്ടു വളഞ്ഞു
കിടക്കുന്നു.

പുരോഭാഗത്തെ പൂന്തോപ്പു
പോലെ നീ
മുന്നിൽ നിൽക്കുന്നു !
ഹൃദയത്തിലെ മുറിപ്പാട്
നീറിക്കൊണ്ടിരിക്കുന്നു

വാക്കുകളില്ലാത്ത നൊമ്പരം
ഘനീഭവിച്ചു നിൽക്കുന്നു
മോഹങ്ങളുടെ ചോരയും
നീരും
എന്നേ വറ്റിപ്പോയി.

ഈ ഏകാന്ത വിജനതയിൽ
ഒരു ബലിമൃഗത്തെപ്പോലെ -
യിന്നും
ഒടുവിൽ നീ എത്തുമെന്ന
വിശ്വാസത്തോടെ.
കാലത്തിൻ്റെ കബന്ധങ്ങൾ
ചിതറിക്കിടക്കുന്നതും നോക്കി.

2024, ജൂലൈ 5, വെള്ളിയാഴ്‌ച

മഴയും മരവും



നീ
മഴയാകുമെങ്കിൽ
എനിക്ക്
മരമാകണം

കാരണം;
നീ
പെയ്തൊഴിഞ്ഞാലും
എനിക്ക്
പെയ്തുകൊണ്ടേയി-
രിക്കണം

2024, ജൂലൈ 4, വ്യാഴാഴ്‌ച

അവൾ



ഹിമപാതത്തിൽ
വിറങ്ങലിച്ചു നിൽക്കുമ്പോഴും
ശിലാ ശൈലമായി ചലനമറ്റു -
പോകുമ്പോഴും
പ്രശാന്തമായ വസന്തകാല മഞ്ഞു
പോലെ
ഉരുകിയൊഴുകി ഒരു നീർച്ചോല
പോലെ
അവൾ ചിരിക്കുന്നു

യൗവ്വനത്തിൻ്റെ തളിർ നാമ്പിൻ
തുമ്പുകളിൽ നിന്നും
മോഹത്തിൻ്റെ തുഷാര ബിന്ദുക്കളെ
തൂത്തു കളഞ്ഞ്
കൊച്ചു കൊച്ചു സംതൃപ്തിയുടെ
സൗഖ്യത്തിലമരുന്നു അവൾ

ഏതഴലിൽ ഉഴലുമ്പോഴും
മറ്റുള്ളവർക്കായ് ജീവിതം
ഉഴിഞ്ഞുവെച്ചവൾ
വേദനയേയും, വെറുപ്പിനേയും
ഒരു നേർത്തപുഞ്ചിരിയിൽ
മായ്ച്ചു കളയുന്നവൾ

എങ്കിലും,
ഓർമ്മകളുടെ അലമാലകൾ വന്നു -
മൂടുമ്പോൾ
ചില നേരങ്ങളിൽ
മോഷ്ടിച്ചു പോകാറുണ്ട്
അവൾ അവളെ തന്നെ

അവളും
ഒരു മനുഷ്യ ജന്മമാണല്ലോ

2024, ജൂലൈ 2, ചൊവ്വാഴ്ച

അക്ഷരം അഗ്നി

 




വാക്കിൻ്റെ വക്കു കൂർപ്പിക്കുക
അക്ഷരം ആയുധമാക്കുക
കണ്ഠത്തെ കർക്കശമാക്കുക
ആയിരം സൂര്യതേജസ്സാകുക

അക്ഷര ജ്വാലകളാലെ നാം
അക്രമത്തെ ഹനിക്കേണം
അക്ഷരമുൺമകൾകൊണ്ടീ
ലോകത്തിൽ നന്മയാകേണം

അക്ഷരം നമ്മേ ഉണർത്തി
സാക്ഷരരായങ്ങനെ നാം
ചോദ്യമൊന്നൊന്നായുയർന്നു
ഉത്തരം തേടി നടന്നു

അക്ഷരമമ്പുതൊടുക്കൂ
അക്രമത്തെ തുരത്തീടൂ
മൃതി വരച്ചീടുന്നവർക്കായ്
സ്മൃതിയിൽ മാഞ്ഞീടാതൊരമ്പ്

അക്ഷരത്തിന്നാഴം തേടുവോരും
അക്ഷരം അന്നമെന്നറിയുവോരും
അക്ഷരം ശക്തിയെന്നറിയുവോരും
അക്ഷരം അമ്മയെന്നറിയുവോരും

അകതാരിൽ നന്മ സൂക്ഷിക്കുവോരും
അന്യർ സഹോദരരെന്നറിയുവോരും
അക്ഷരവെളിച്ചത്തിനാലെയിന്നീ
അക്രമയിരുട്ടിനെ തുരത്തിടുക