അവളുടെ താമസം
വിറ്റുപോയി സ്വപ്നങ്ങളൊക്കെയും
വറ്റിപ്പോയി മോഹജലവും
തെറ്റുകളുടെ മണൽത്തരികളെ
തോറ്റിയുണർത്തിയവൾ,
തേറ്റയുള്ള തിരമാലകൾ
തകർത്താടി
മനസ്സിൽ മലിനക്കൂമ്പാരങ്ങൾ,
കൈയിൽ കുരുക്കിയിട്ട ചങ്ങല
വിദ്വേഷത്തിൻ്റെ ഉപ്പു പരലുകളാൽ
സ്നേഹത്തിൻ്റെ പാലങ്ങളെല്ലാം
തുരുമ്പെടുത്തുപോയി
മിത്രങ്ങളെല്ലാം ഒരു മാത്ര കൊണ്ട് -
ശത്രുക്കളായി
ഒരിറ്റു മധുരം കൊണ്ട്
ഒരു ജീവിതം മുഴുവൻ കയ്പ്പുകുടി -
ക്കേണ്ടി വരുമെന്നവളറിഞ്ഞിരുന്നില്ല
ലഹരി ജീവൻ്റെ ശത്രുവെന്നും
കുരുക്കിൽ നിന്നും കുതറി മാറുവാൻ
കരുതലുകളെത്രയുണ്ടായി
എന്നിട്ടും ;
കഴുത്തു നീട്ടി കുരുക്കിനെ വരണ-
മാല്യമാക്കി !
ജീവിതത്തിൻ്റെ വിത്ത് ചുട്ടുപോയി
മങ്ങിയൊരു മഞ്ഞിലാഴ്ന്ന്
നിലാവിൽ അലിഞ്ഞലിഞ്ഞു -
പോയവൾ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ