തോട്ടു വെള്ളത്തിലെ
നാട്ടു മീനിനെ
നിങ്ങൾ കണ്ടിട്ടുണ്ടോ?
കഥ കേൾക്കുവാൻ
ആരുമില്ലാത്തതിനാൽ
കുഴങ്ങിയിരിക്കുന്നതു
കൊണ്ടാകാം,
തോട്ടുവക്കിലിരുന്ന്
കാലുവെള്ളത്തിലേ
ക്കൊന്നിട്ടാൽ മതി
ഓടിയെത്തി
കാലിനു ചുറ്റും ഓടിനടന്ന്
മുഖമുയർത്തി മേലോട്ടു -
നോക്കി
പതഞ്ഞുപൊങ്ങിപ്പറയുന്നത്
കേൾക്കാം
ആ പെടപെടപ്പും തുടുതുടുപ്പും
ഒന്നു കാണേണ്ടതു തന്നെയാണ്
എന്തൊരു സ്നേഹമാണവയ്ക്ക്
കാൽവണ്ണയിലിക്കിളിയാക്കി
അടിപ്പാതത്തിൽ അക്ഷരങ്ങ
ളെഴുതി
കവിത പോലെ കരളിനെ
കുതിർത്ത്
അങ്ങനെ........ യങ്ങനെ!
പിടിക്കാനൊന്നു ശ്രമിച്ചാൽ -
മതി
ഒറ്റ വഴുതലിൽ ഊളിയിട്ടവ
ഒഴിഞ്ഞു മാറും
ജലക്കുമിളകളിളക്കി ചിരിച്ചു
ചിരിച്ചു കുത്തിമറിയും.
ചൂണ്ടയിട്ടു പിടിക്കും
നിങ്ങളുടെ കരവിരുതിനെ
കുഞ്ഞു കാല ഓർമ്മകളുടെ ജീവിതത്തെ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ