malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

സ്നേഹം മാത്രം കൊണ്ടു നടക്കുന്നവൾ

 സ്നേഹം മാത്രം കൊണ്ടുനടന്നൊരു

പെൺകുട്ടിയുണ്ടായിരുന്നു!
വാക്കുകൊണ്ടോ, നോക്കുകൊണ്ടോ,-
ഒരു സ്പർശത്താൽ പോലുമിന്നുവരെ
ആരെയും വേദനിപ്പിക്കാത്തവൾ.
​ദുഃഖത്താലുള്ളം വിങ്ങുമ്പോഴും
പുഞ്ചിരി മാത്രം വിടർത്തുന്നവൾ,
വാക്കേറുകളാൽ പരിക്കേറ്റവൾ,
സ്വന്തമായി നാടും വീടുമില്ലാത്തവൾ.
​ബന്ധങ്ങളെന്നു പറയുവാൻ
ആരുമില്ലാത്തവൾ,
ലോകം മുഴുവൻ ബന്ധുവെന്നു കരുതി
എല്ലാവരെയും സ്നേഹിക്കുന്നവൾ,
സ്വാതന്ത്ര്യമെന്ന ബന്ധനത്തിൽ
മരണത്തെ നോക്കി ചിരിക്കുന്നവൾ!
​മരിച്ചവരോളം സ്നേഹിക്കുന്നവരും
ആശ്വസിപ്പിക്കുന്നവരും
ഈ ലോകത്ത് മറ്റാരുമില്ലെന്ന്
ഇന്നെനിക്കറിയാം...
​സ്നേഹം മാത്രം നെഞ്ചിലേറ്റിയ
ഒരു പെൺകുട്ടിയുണ്ടായിരുന്നു;
അവളിപ്പോഴും ആ തട്ടത്തിൻ മറയത്ത്
പുഞ്ചിരിയോടെ...
അങ്ങ്, ആ രണഭൂമിയിലെ
മൺകൂനയ്ക്കടിയിലിരുന്ന്
സ്നേഹം വിതയ്ക്കുന്നുണ്ടാകാം,
സമാധാനത്തിനായി നാളെ കിളിർത്തു
വരുവാൻ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ