malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 ഓഗസ്റ്റ് 18, ചൊവ്വാഴ്ച

അരയത്തി



ആഴി തിളച്ചു തൂവുന്നു
ആധി പെരുത്തു കയറുന്നു
അകക്കാമ്പിൽ അടവെച്ച,യരയൻ്റെ
ഓർമ്മത്തോട് പൊട്ടിയടരുന്നു

കരിമഷി കലങ്ങിയ കണ്ണുകൾ
കലമ്പി നിൽക്കുമാ മണൽപ്പരപ്പിൽ
മീൻ പിടച്ചലായ് തെന്നിതെന്നി
പിടിതരാതെ ചാടുന്നു മനസ്സ് തിര -
കൈകളിൽ

ഏഴര വെളുപ്പിനുണർന്നതാണ്
അഴലിൻ്റെ വലയുമായ് പോയതാണ്
കണ്ണിലെ കൃഷ്ണ കാന്തവും കടലിൽ -
നട്ട്
കരയിലൊരു പെണ്ണ് നിൽക്കയാണ്.

ഓടംപോലെ,യാടി നിൽപ്പുണ്ടൊരു -
കടൽ കാക്ക
ആകാശ വഴിയിൽ പോയ് ഉപ്പൂറ്റി,-
യുയർത്തി നോക്കുന്നുണ്ട് !
അറിയില്ല നിങ്ങൾക്കാർക്കു,മരയൻ -
കടലിലിറങ്ങിയാൽ
അരയത്തിയുടെ,യുള്ളുവേവും
ശൈത്യവും, ചൂടും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ