malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

കൊഴിഞ്ഞു വീഴുന്ന ഇല


എത്ര പ്ലാവിലയാണ് പിന്നെയും വീഴുന്നത്?
ഇപ്പോഴല്ലേയെല്ലാം പെറുക്കിക്കളഞ്ഞത്?
പോരാത്തതിന് ഇപ്പോൾ മാവിലയും
ഒന്നുരണ്ടെന്നു പറന്നു വീഴുന്നു.

​ഉണ്ടൊരു മാവും പിലാവും തെങ്ങും
ഇക്കൊച്ചു മുറ്റത്തിന്നതിരിന്നരികിലായ്
കഞ്ഞികുടിക്കുവാൻ ഇല്ലാത്ത നാളിൽ
അമ്മ കൊണ്ടുവന്നുള്ള ചക്കയും മാങ്ങയും തേങ്ങയും

​അതിൽ നിന്നൊരു തേങ്ങ, ഒരു ചക്കക്കുരു, ഒരു മാങ്ങാക്കൊരട്ട
അവ നട്ടതാണീ പടർന്നു നിൽക്കുന്നത്
ഇന്നും കനി തന്നു കാത്തുകൊള്ളുന്നു
ഭൂതകാലത്തിലേക്കെന്നെ നടത്തുന്നു!

​ഇക്കുഞ്ഞിറയത്തെ ചാരുകസേരയിൽ
ചാഞ്ഞിരുന്നൊരു കുഞ്ഞായ് ഞാൻ കളിച്ചീടുന്നു
അമ്മയെന്നരികത്തിരുന്നു കൊണ്ട്
ഓരോരോ കാര്യം പറഞ്ഞു തന്നീടുന്നു.

​പട്ടിണിയിൽ പെട്ടു നട്ടം തിരിയവെ
പട്ടുപോകാതെന്നെ കാത്തുസൂക്ഷിക്കുന്നു
കഞ്ഞിവെള്ളത്തിൽ കണ്ണുനീരുപ്പിട്ട്
മൂടിക്കുടിച്ചമ്മ പോറ്റിയ നാളുകൾ
ഗദ്ഗതമായെൻ്റെ കണ്ഠനാളത്തിൽ
തിക്കിത്തിരക്കി വന്നു നിൽക്കുന്നു!

​പിന്നെയും പ്ലാവില വീണിരിക്കുന്നു
അവ ഓരോന്നും പെറുക്കിയെടുക്കവെ
വെള്ളികെട്ടിയ മുടി ഒതുക്കിടുന്നതുപോലെ...

​പ്രായമേറെയായെന്നോർമ്മിപ്പിക്കുകയാവാം
കൊഴിയാറായൊരില നീയെന്ന്
മെല്ലെ ചൊല്ലുകയാവാം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ