malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025 ഡിസംബർ 31, ബുധനാഴ്‌ച

പ്രണയമെന്നാൽ.... !




എപ്പോഴും
സ്നേഹത്തോടെ
കഴിയുന്നതല്ല

ചിലപ്പോൾ;
വാശി,
വൈരാഗ്യം

ചിലപ്പോൾ ;
എതിർപ്പ്,
വെറുപ്പ്

പലപ്പോഴും;
പിണക്കം,
പിരിഞ്ഞിരിക്കൽ

പരസ്പരം
തോൽപ്പിക്കാനൊരു
വെമ്പലിൽ
സ്വയം ജീവൻ വെടിയു -
ന്നൊരീയ്യാമ്പാറ്റ

2025 ഡിസംബർ 30, ചൊവ്വാഴ്ച

തെളിവ്


പോസ്റ്റ്മോർട്ടം
റിപ്പോർട്ടിൽ
ബലാൽക്കാരം ചെയ്യ-
പ്പെട്ടതിന്
തെളിവൊന്നുമില്ലെന്ന് !

വസ്ത്രങ്ങൾ കീറപ്പെട്ടി -
രുന്നില്ലെന്ന് !
ശരീരത്തിൽ ഒരു പോറ-
ലുപോലുമില്ലെന്ന് !

പാതിരാത്രിയിലെങ്ങോ -
കണ്ട ദു:സ്വപ്നത്തിൻ്റെ
ഒരു നിലവിളിച്ചീള്
തൊണ്ടയിൽ കുരുങ്ങിക്കി -
ടന്നിരുന്നെന്ന് !

2025 ഡിസംബർ 28, ഞായറാഴ്‌ച

കുട്ടിക്കവിത

 പാപ്പ ക്ലോസ്


ടിം ടിം പാപ്പ ക്ലോസ് വന്നേ
തോളിൽ സഞ്ചിയുമായ് വന്നേ
മഞ്ഞിൽ തുള്ളിച്ചാടുന്നേ
'ഹോ ഹോ ഹോ ഹോ '
ചിരിക്കുന്നേ !

മധുരം കൈനിറയെ തന്നേ
താരകൾ മിന്നി തെളിയുന്നേ
സ്നേഹ സമ്മാനങ്ങളുമായ്
ക്രിസ്തുമസ് പാട്ടു മുഴങ്ങുന്നേ !

കുട്ടിക്കവിത

 ക്രിസ്തുമസ്



ക്രിസ്മസ് വന്നു ഹോ ഹോ ഹോ ,
പാപ്പ ചിരിച്ചു ഹോ ഹോ ഹോ!
കുട്ടികൾ കൈകൊട്ടി പാടി,
പാപ്പ നൃത്ത ചുവടായി !

പഞ്ഞിത്തുണ്ടുകൾ പോലയ്യാ
മഞ്ഞിൻ മണികൾ പെയ്യുന്നു !
മണി കിണി കിണി കിണി മുട്ടു -
മ്പോൾ
കരോൾ ഗാനം പാടുന്നു

ക്രിസ്മസ് പാപ്പ , ക്രിസ്മസ് പാപ്പ
ഹാപ്പി ഹാപ്പി ക്രിസ്മസ് പാപ്പാ...

അലർട്ട്




ഒരു മഴ കൊണ്ടു തന്നെ
തരിശു സ്ഥലങ്ങളെല്ലാം
വരിഷപ്പാടങ്ങളായി.

അല്ലലിൻ്റെ മഞ്ഞയും,
ഓറഞ്ചും അലർട്ടുകൾ
അലറിയറിയിച്ചു

റോഡുകൾ പൊട്ടിയമർന്നു
കിണറുകൾ തൂർന്ന് നിരപ്പായി
വീടുകൾ ചെളിമയം
വീട്ടാകടം പല്ലിളിച്ചു മുന്നിൽ

മരങ്ങൾ വീണു പൊളിഞ്ഞു -
വീടുകൾ
അടിപൊളിപ്പാട്ടുകൾ
ആംബുലൻസ് വിളിച്ചു

മരിച്ചവനിനിയെന്ത് ഷട്ടറുയർ-
ത്തുന്നതിന്നലർട്ട്
മരിക്കാതവനല്ലയോ ഇനിയുള്ള -
അലട്ട്

മഴ മിഴിയടച്ച് നിസ്സഹായതയറി -
യിക്കുന്നു
കണ്ണുനീർ ധാരധാരയായൊഴു-
കുന്നു.
അടച്ചു കെട്ടുന്നു നാം വഴിക-
ളെല്ലാം വളച്ചുകെട്ടുന്നു
മണ്ണുമൂടി കട്ടകൾ നിരത്തുന്നു

മഴവെളളം വഴിയില്ലാതുഴലുന്നു
പിന്നിൽ നിന്നുള്ള തള്ളലിൽ
മരണവെപ്രാളത്താൽ പിടയുന്നു
ഒരു തുള്ളി ഒരു ചെങ്കടലായെല്ലാം -
തകർക്കുന്നു.

അലർട്ടിൽ ആശങ്കയില്ലാത്തൊ-
രുവൻ
മഴയും വെയിലും നനഞ്ഞു -
നടക്കുന്നു.

മരണത്തിന് ഒരു തിരുത്ത്




മരണം വന്നു വിളിച്ചപ്പോൾ
ഞാൻ ചോദിച്ചു:
എവിടെ പോകാൻ?

അവൻ ചിരിച്ചു:
നീ ഇതിനകം തന്നെ കാല
ത്തിനുള്ളിൽ
കറുത്തു പോയ നിലാവാണ് !

പക്ഷേ, ഞാൻ പറഞ്ഞു:
ഇല്ല, ഞാൻ വിശ്വസിക്കുന്നില്ല
മരണം ഒരു പിറവിയാണ്!

മരിച്ചവരുടെ കണ്ണുകളിൽ -
പൂക്കുന്ന നിശ്ചല വെളിച്ചത്തെ
കണ്ടിട്ടില്ലെ?!
മണ്ണിൽ വേരായും, വാക്കായും ,
പുഴുവായും, പൂവായും
പുനർജ്ജനിക്കുന്ന പ്രകാശം.

അതെ;
തെറ്റായ വാക്കിൽ കുടുങ്ങിയ
ഒരു നിശ്ശബ്ദ കവിതയാണ്
മരണം

പേര്



പ്രിയപ്പെട്ടവളേ,
നിൻ്റെ സന്തോഷം
എന്നെ ഉന്മത്തനാക്കുന്നു !
നിൻ്റെ ഹൃദയനൈർമല്യം
എൻ്റെ കണ്ണിലൂറിച്ച
ഒരേയൊരു കണ്ണുനീർത്തു -
ള്ളിയിൽ
നിന്നെ മുഴുവനായും ഞാൻ
കാണുന്നു !

ആനന്ദത്തിൻ്റെ
കണ്ണുനീരിന്
പ്രണയമെന്നല്ലാതെ
എന്തു ഞാൻ പേരിടും.

2025 ഡിസംബർ 16, ചൊവ്വാഴ്ച

പറയുവാൻ


പറയുവാനെനിക്കില്ലിനി -
യൊന്നുമെ
പറഞ്ഞതൊക്കെയും
പാഴാകയല്ലയോ !
പിറവിയെ തന്നെ പഴിക്കുന്ന -
കാലമെ
പറയുവാനാര് ഇനിയീബ്ഭൂവി -
തിൽ....!

2025 ഡിസംബർ 14, ഞായറാഴ്‌ച

നിത്യാനന്ദ

 ധ്യാന പഥത്തിലെ ഭദ്രദീപം

ധന്യതയേകിയ വിശ്വദീപം
നിൻ ധ്വനിയിന്നുമീ, യുർവി -
യിൽ
യെങ്ങും പ്രതിധ്വനിച്ചീടുന്നു

ത്യാഗ തീർത്ഥത്തിൽ മുങ്ങി -
നിവർന്നു നീ
ആത്മാന്വേഷണ സാനുക്കളേറി
സമാധാന സാഗരമിറങ്ങി
സത്യത്തിൻ സംഗീത മിന്നലായ്

അക്ഷരത്തേരേറിപ്പാഞ്ഞ്
അറിവിൻ പെരുമഴ,യൊരുക്കി
പരിഹാസമൊട്ടുമേ പൊഴിക്കാതെ
പതിതനെ തോളോടു ചേർത്തു

ജീവിത വെളിച്ചവും, തെളിച്ചവും
പ്രണയം, മനശ്ശാന്തി, ധർമ്മം
കാവ്യമായ് കാതിൽപ്പകർന്ന്
സിരയിലൊരു സരയുവൊഴുക്കി

സ്നേഹ സജീവ പ്രതിഭാശാലി
നന്മയുടെ നല്ലോമൽ സന്ദേശമേകി
മാനവഹൃദന്തത്തിൻ തുടിപ്പായി
ഒരു പുഞ്ചിരിയുടെ തീരത്തു നിൽ-
ക്കുന്ന നിത്യാനന്ദ നീ

2025 ഡിസംബർ 12, വെള്ളിയാഴ്‌ച

ഒറ്റാന്തടി


കാല്പനികത കരത്തിലെടു-
ത്തെന്നെ
കാറ്റുവഴിയെ പറന്നു
കരിങ്കൽക്വാറിയിൽ മെറ്റല-
ടിയുടെ
തമരടിത്താളമുയർന്നു

ആകാശവാണിയിൽ രാവിലെ
രാമചന്ദ്രൻ വാർത്ത വായിച്ചു.
വിയർത്ത നെഞ്ചിൻകൂട് വില-
ങ്ങി നിന്നു
കട്ടൻചായകയപ്പ് തികട്ടിവന്നു
ചക്കമുട്ടിപിടിച്ച കൈത്തഴമ്പി -
ലേക്ക്
കണ്ണുനീരിറ്റി വീണു

വിശപ്പു വറ്റിയ വയറുമായമ്മ
വിശപ്പില്ലാ ലോകത്തേക്കു പോയി
കണ്ടംബീഡി കരിമ്പുക തുപ്പി
കണ്ടംകിളക്കുമച്ഛനും പോയി

പ്രണയിനി പാതിവഴിയിലുപേക്ഷിച്ചു
അപേക്ഷിക്കുമ്പോലെ നിന്ന
കാലത്തിൻ്റെ പഴുത്ത പത്രങ്ങൾ
പൊഴിഞ്ഞു വീണു

കരളിൽ നിന്ന് ഗദ്ഗദത്തിൻ്റെ
ക ഖ ഗ ഘ ങ ചിതറി വീണു
വീണതൊക്കെയും കവിതയായി
കൈവിട്ട കവിതയും കാടുകയറി -
പ്പോയി
ഇങ്ങനെ ഒറ്റാന്തടിയായി ഓടയി
ലൂടൊഴുകുവാൻ മാത്രം
ഒരു ജന്മം ബാക്കിയായി
................................
ചക്ക മുട്ടി- കരിങ്കൽ ചീളാക്കുവാനു
പയോഗിക്കുന്ന മുട്ടി

2025 ഡിസംബർ 8, തിങ്കളാഴ്‌ച

ജീവിതത്തിനും എനിക്കും മധ്യേ


മാളത്തിൽ നിന്ന്
മാളത്തിലേക്കുള്ള
വാതിൽ തുറന്ന്
മോഹത്തിൻ്റെ
മേഘത്തിലെന്തിനാണു നാം
ഒളിക്കുന്നത് !

സ്നേഹത്തിൻ്റെ
ഉത്തുംഗശൃംഗങ്ങൾ -
കയറുക
അഗ്നിശലാകകൾ കൊളുത്തുക.

നിലവറയിലിരുന്നുകൊണ്ടെ
ങ്ങനെ
നീരുറവയാകും
പൂപ്പൽ പിടിച്ച് പുഴുത്തു
പോകുന്നതല്ലാതെ !
നോക്കൂ ;
അത്ഭുതങ്ങളെല്ലാം
മലമുകളിലാണ് സംഭവിച്ചത് !

പ്രകൃതിയുടെ പ്രധാന
കവാടത്തിലേക്കിറങ്ങുക
സ്നേഹത്തിൻ്റെ നറുനിലാവ്
തെളിക്കുക
ജീവിതത്തിനും എനിക്കും മധ്യേ
ബാധ്യതകളുടെ ഉരുക്കു -
ഭിത്തിയില്ലാതെ
സഹജീവികളെ സ്നേഹിക്കുക.

2025 ഡിസംബർ 7, ഞായറാഴ്‌ച

പുനർജ്ജനി


മരിച്ചുപോയവളുടെ
പുസ്തക താളിൽ
മഷി പടർന്ന കവിത

പുലരിയിൽ പൂത്ത
പൂവുപോൽ ചിലത്
നീല മേഘപടർപ്പു -
പോൽ ചിലത്
ചുട്ടു നീറുന്ന നട്ടുച്ച -
പോൽ ചിലത്

മഞ്ഞവെയിൽ പോൽ
മങ്ങി നിൽക്കുന്ന ചിലത്
സന്ധ്യപോൽ ചോന്നു
പോയതും
ഇരുളുറഞ്ഞിടറി
നിൽപ്പതും

മരിച്ചു പോയവളെങ്കിലും
നീ തിരിച്ചു തന്നതൊരു
ലോകം
മരിച്ചു പോയവളല്ല നീ !
പുനർജ്ജനിച്ചു നിൽപ്പവ
ളാണു നീ

2025 ഡിസംബർ 5, വെള്ളിയാഴ്‌ച

മരണത്തെക്കുറിച്ചു മാത്രം ഒന്നും മിണ്ടരുത്



മരണത്തെക്കുറിച്ച് മാത്രം
നിങ്ങൾ ഒന്നും മിണ്ടരുത് !
അവൻ നിന്നിൽ തന്നെയാകുമ്പോൾ
അവനെ ജയിക്കാൻ
ഏതു ശാസ്ത്രം! ഏതു ശസ്ത്രം !!

വ്യാഘ്രത്തിൻ്റെ വായിലെ
ശശമാണ് നീ
വ്യാഘ്രത ഒട്ടും വേണ്ട
വീരേചനം ഫലം ചെയ്യില്ല

നീ കറുകനാമ്പിൻ കടല
കൊറിക്കുക
തളിരിലച്ചാറിൻ മദിരയാൽ
മദിക്കുക
ആഡംബരാംബരചുംബിത
മുദ്രിതനാകുക
വെട്ടിപ്പിടിക്കുക ,കുതികാൽ വെട്ടുക

അവൻ കാട്ടും പടവുകളിലൂടെ
മേലോട്ടു മേലോട്ടു പോവുക
പുളകങ്ങളാൽ പുഷ്പാലങ്കൃത
( യാ)നാവുക
പടവുകളിൽ നിന്ന് പടുകുഴി
യിലേക്കുള്ള പതനത്തേക്കുറിച്ച്
അരുത് ,
ഓർമ്മകൾ

2025 ഡിസംബർ 1, തിങ്കളാഴ്‌ച

കുട്ടിക്കവിത

 ക്രിസ്മസ് പാപ്പ


പാപ്പാ... പാപ്പാ അപ്പൂപ്പാ
ഞങ്ങടെ ക്രിസ്മസ്
അപ്പൂപ്പാ
മഞ്ഞിൻ താടിയും
പഞ്ഞി തൊപ്പിയും
കാണാനെന്തൊരു
ചേലാണ്.

ചുവന്ന കോട്ട് വട്ടക്കണ്ണട
കുടവയറുള്ളൊരു അപ്പൂപ്പാ
മനസ്സുനിറയെ മധുരം നൽകും
ഹാപ്പി ക്രിസ്മസ് അപ്പൂപ്പാ

2025 നവംബർ 30, ഞായറാഴ്‌ച

ധ്വനിക്കവിതകൾ

 



എളുപ്പമല്ല


തള്ളിപ്പറയുവാൻ
എളുപ്പമാണ്
എന്നാൽ;
അത്രയുംഎളുപ്പമല്ല
മനസ്സിൽ നിന്നും
നുള്ളിക്കളയുവാൻ !

(2)

പെയ്തൊഴിയാത്തത്


പെയ്തൊഴിയാത്തതിനെ
പ്രണയമെന്നല്ലാതെ
എന്തു പേരിട്ടു വിളിക്കും

(3)

ഉണ്ടാകുന്നത്

നിശ്ശബ്ദയിൽ നിന്നാണ്
നിലവിളി ഉണ്ടാകുന്നത്

എന്നിട്ടും...!




മഴയ്ക്കറിയാം
പുഴയിലേക്കുള്ള വഴി
എനിക്ക്
നിന്നിലേക്കെന്നപ്പോലെ
എന്നിട്ടും......!

2025 നവംബർ 25, ചൊവ്വാഴ്ച

ചതി




പടിയടക്കവേ പറഞ്ഞതില്ല നീ
എന്തിനെന്നെ പറഞ്ഞയക്കുന്നു !
പ്രാണനും പിന്നെ പ്രാതസന്ധ്യയും
പ്രിയവും നിനക്കു തന്നു ഞാൻ

കനവു തിന്നു തീർത്തു നീ
നിനവും തിന്നു തീർത്തു നീ
നിലാവു തിന്നു തീർത്തു നീ
എൻ്റെ സൂര്യനെതിന്നുതീർത്തു

കൊന്നപോലെ കത്തിനിന്ന
നാളു പോയി മറയവെ
പുൽച്ചാടി പോലെ ചാടിച്ചാടി
നടന്ന നാളു പോകവെ
തന്നസ്നേഹം തൂക്കി നോക്കി
മുതലും പലിശയും വാങ്ങയോ !

വിയോഗ വ്യഥയൊട്ടു മേശാതെ
പടിയടച്ചു പിൻ വാങ്ങയോ
ഭയവും ദു:ഖവുമൊട്ടുമില്ലാതെ
തിരസ്കരിക്കയോ സ്നേഹത്തെ

പതിവൃത നീചമയവേ
പാമ്പു കൊത്തിയ നീലിമ
പടർന്നിടുന്നെൻ്റെ ഹൃത്തിൽ
പാദമുദ്രകൾ പത്തി വിടർത്തി
ചതിക്കുവാൻ ചീറിയെത്തുന്നു

തീവണ്ടി

എത്രയോ നേരത്തെ

വന്നെത്തേണ്ട തീവണ്ടി
എത്താതതിനാൽ
സമയരേഖയോർക്കാതെ
അയാൾ കാത്തിരുന്നു

സമയമളക്കാൻ പറ്റാത്ത
ഒന്നാണ് തീവണ്ടി
സ്ഥലകാലബോധമില്ലാത്ത
ഒരു,രഗം
അനുസരണയില്ലാത്തത്,
ആശങ്കയാൽ ആത്മബോധം
നശിപ്പിക്കുന്നത്

ചിലപ്പോൾ ഇഴഞ്ഞിഴഞ്ഞ്
ചിലപ്പോൾ വിജനതയുടെ -
യിരുട്ടിനെ കീറി മുറിച്ചു കൊണ്ട്,
ഇരുട്ടിനെ പേടിയുള്ള കുട്ടി
ഉച്ചത്തിൽ വർത്തമാനം പറഞ്ഞ്
ഓടികിതച്ചെന്ന പോലെ.
മറ്റു ചിലപ്പോൾ, പീള കെട്ടിയ -
കണ്ണാലെ
ആർത്തി പെരുത്ത വിശപ്പുമായി

പലപ്പോഴുമുള്ള വിരസമായ
കാത്തിരിപ്പിനു ശേഷം
ഇടയ്ക്കൊരു കൃത്യത പാലിച്ചു
കൊണ്ട്
ഉന്മേഷവും, പ്രതീക്ഷയുമേകി
വന്നെത്തുന്ന
തീവണ്ടിയാണ് ജീവിതം

2025 നവംബർ 20, വ്യാഴാഴ്‌ച

ഓന്ത്




നമുക്ക് നമ്മളെ
അറിയുകയേയില്ല
അറിയപ്പെടാത്ത
കുറേ നമ്മളുണ്ട് നമ്മിൽ

നന്മ,
നിണമൂറ്റും ചെന്നായ,
യൂദാസ്

കണ്ടാലറിയുകയേയില്ല
ഒരു തരം ഓന്തുകളാണ്
നമ്മൾ
നിറം മാറുന്നതറിയുക
യേ,യില്ല

ആട്ടിൻ തോലിട്ട ചെന്നായ,
പട്ടിയാക്കുന്ന ആട്,
നീലക്കുറുക്കൻ

ശകുനിയും,
ശുനകനും,
വെടിക്കോപ്പും,
വെള്ളരിപ്രാവും

കഴിയില്ല നമുക്ക്
നമ്മളെ അറിയാൻ
ഏതു നേരവും
ചാടിവീണേക്കാം
നമ്മിൽ നിന്ന്
മറ്റൊരു നാം

2025 നവംബർ 16, ഞായറാഴ്‌ച

കുന്നിക്കുരു

 



ചുവന്നു തുടുത്തു
കറുത്തുള്ള കണ്ണുമായ്
കുരുത്തിരിക്കുന്നു
കുന്നിക്കുരുമണി
ഓമനത്വം തുളുമ്പുന്ന
കുഞ്ഞുപോൽ
ഓമനിക്കുവാൻ വെമ്പുന്നു
ഹൃത്തടം

വള്ളിയായ് പടർന്നേറുന്ന
തെങ്ങുമേ
ഓണപ്പൂനുള്ളി രസിക്കും
ബാലകരെപ്പോൽ
ചുറ്റിലും കൊച്ചു ചെടികൾ
തലയാട്ടി
കുഞ്ഞിളം കാറ്റും പാട്ടു മൂളവേ
കുസൃതി കാട്ടിച്ചിരിക്കുന്ന
കുഞ്ഞുപോൽ
തോന്നിപോകുന്നു കുന്നിക്കു
രുവിനെ

കുറ്റിക്കാടുകൾ, മുക്കുറ്റി,
ചേമന്തി
പച്ചക്കാടുകൾ പോലുമിന്നന്യ
മായ്
മാഞ്ഞു കണ്ണിലെ കണ്ണാന്തളി
പ്പൂക്കൾ
തേഞ്ഞു തീർന്നു ഞാൻ കണ്ടൊ
രാകുന്നുകൾ
ഓമനത്വം തുളുമ്പി നിന്നീടുമാ
ഔഷധമായി ഭവിച്ചു നിന്നീടുമാ
കുന്നിക്കുരുവിലും വിഷമെന്ന
റിയുക.

മൂന്ന് കവിതകൾ



1
ഒന്നാകുന്നത്


വേനൽ വരുമ്പോൾ
ജലാശയം തേടിപ്പോകുന്ന
കൊക്കുകളല്ല പ്രണയം

വറ്റിയ കുളത്തിനെ -
പിരിയാതെ
പിടഞ്ഞു തീരുന്ന മത്സ്യം

2
ഇണക്കം

ഒറ്റ ശിലയിൽ തീർത്ത
രണ്ടു രൂപങ്ങളാണ്
നമ്മൾ
അതാണിത്രയും
ഇണങ്ങിച്ചേർന്നു -
നിൽക്കുന്നത്

3
വിപരീതം

പഴയൊരു
പുഴുവിൽ നിന്നാണ്
പുതിയൊരു
ചിത്രശലഭമുണ്ടായത്
പ്രണയം
നേരെ വിപരീതവും

2025 നവംബർ 14, വെള്ളിയാഴ്‌ച

ശിശുദിനം വന്നാൽ

 കല്ലിലും മുള്ളിലും നടന്ന്

പാദത്തിനേറ്റ മുറിവുകൾ
വേദനയിലും വാടതെ നിൽ-
ക്കുമൊരു പുഞ്ചിരി
കാറ്റിൻ കലിപ്പിൽ വിറച്ചു
നിൽക്കുമ്പോഴും
മഴനൂലിനാൽ നെയ്തു
കൂട്ടിയ സ്വപ്നങ്ങൾ

പുസ്തകപ്പൂക്കളെ മാറോട -
ടുക്കി
ഓർമകളെ ചേർത്തു പിടിച്ച
നാൾ
മണ്ണിൻമണം പിടിച്ചോടി
ആകാശത്തോടു സംസാരിച്ച
നാൾ

ഇന്ന്, കോൺക്രീറ്റ് ലോകത്തി
നകത്ത്
മൊബൈലിൽ മൗനത്തിലെ
ങ്കിലും
ഹൃദയത്തിന്നൊരു മൂലയിൽ
ചരിഞ്ഞു കിടപ്പൂ ബാല്യം

ശിശുദിനം വന്നാൽ
നിശ്ശബ്ദം വാതിലിൽ മുട്ടുന്നു
ബാല്യം
'നീ വളർന്നാലും പോയിട്ടില്ല
ഞാൻ
നിന്നുള്ളിൽ ഞാൻ വസിക്കു -
ന്നതുണ്ടിന്നും '.

2025 നവംബർ 11, ചൊവ്വാഴ്ച

ഇഷ്ടം




കണ്ണില്ലെങ്കിലെന്ത്
കാണാൻ കഴിയുന്നല്ലോ
നമുക്ക് നമ്മെ

ഇഷ്ടമുള്ളിടത്തോളം
നഷ്ടമാകില്ല
നമുക്ക് നമ്മെ

2025 നവംബർ 10, തിങ്കളാഴ്‌ച

ലഹരി ഒരു കാണാക്കുരുക്ക്


ലഹരിയുടെ ഇരുണ്ട കടപ്പുറത്തായിരുന്നു
അവളുടെ താമസം
വിറ്റുപോയി സ്വപ്നങ്ങളൊക്കെയും
വറ്റിപ്പോയി മോഹജലവും

തെറ്റുകളുടെ മണൽത്തരികളെ
തോറ്റിയുണർത്തിയവൾ,
തേറ്റയുള്ള തിരമാലകൾ
തകർത്താടി

മനസ്സിൽ മലിനക്കൂമ്പാരങ്ങൾ,
കൈയിൽ കുരുക്കിയിട്ട ചങ്ങല
വിദ്വേഷത്തിൻ്റെ ഉപ്പു പരലുകളാൽ
സ്നേഹത്തിൻ്റെ പാലങ്ങളെല്ലാം
തുരുമ്പെടുത്തുപോയി

മിത്രങ്ങളെല്ലാം ഒരു മാത്ര കൊണ്ട് -
ശത്രുക്കളായി
ഒരിറ്റു മധുരം കൊണ്ട്
ഒരു ജീവിതം മുഴുവൻ കയ്പ്പുകുടി -
ക്കേണ്ടി വരുമെന്നവളറിഞ്ഞിരുന്നില്ല
ലഹരി ജീവൻ്റെ ശത്രുവെന്നും

കുരുക്കിൽ നിന്നും കുതറി മാറുവാൻ
കരുതലുകളെത്രയുണ്ടായി
എന്നിട്ടും ;
കഴുത്തു നീട്ടി കുരുക്കിനെ വരണ-
മാല്യമാക്കി !

ജീവിതത്തിൻ്റെ വിത്ത് ചുട്ടുപോയി
മങ്ങിയൊരു മഞ്ഞിലാഴ്ന്ന്
നിലാവിൽ അലിഞ്ഞലിഞ്ഞു -
പോയവൾ.

2025 നവംബർ 5, ബുധനാഴ്‌ച

ഡൊണാൾഡ് ട്രംപും നെതന്യാഹുവും


എടുക്കയല്ലാതെ
തൊടുക്കയല്ലാതെ
ഏതെങ്കിലും ഒരച്ഛനു -
മമ്മയ്ക്കും
മരിച്ചു പോയ തൻ്റെ
കുഞ്ഞിൻ്റെ ജീവൻ
തിരിച്ചു കൊടുക്കുവാൻ
കഴിഞ്ഞിട്ടുണ്ടോ
പരകോടിയേറിയ
ശാസ്ത്ര മുന്നേറ്റത്തിൻ്റെ
അട്ടിപ്പേറവകാശപ്പെടുന്ന
മരണത്തിൻ്റെ വ്യാപാരിയായ
ഡൊണാൾഡ് ട്രംപിന്.
ആരാചാരുടെ അമരക്കാ
രനായ നെതന്യാഹുവിന്.





2025 നവംബർ 3, തിങ്കളാഴ്‌ച

രക്തസാക്ഷികൾ




ജീവിച്ചിരിക്കുന്നവരുടെ
ആശയത്തേക്കാൾ
മൂർച്ചയുണ്ടായിരിക്കണം
മരിച്ചവരുടെ ആശയത്തിന് !

അതുകൊണ്ടായിരിക്കണം
രക്തസാക്ഷികൾ
ഇത്രമേൽ ശക്തമായി
ഓർമ്മിക്കപ്പെടുന്നത്

നഷ്ടങ്ങളുടെ ഒറ്റവരി




വേരുകളാഴ്ത്തിയ ബന്ധങ്ങളെ
കഴിയില്ല പറിച്ചെറിയുവാൻ
പറിച്ചെടുത്താലും
പൊട്ടാതെ കിട്ടില്ല വേരുകളെ
പൊട്ടിയ വേരിൽ നിന്നും
കിളിർക്കാതിരിക്കില്ല തളിരിലകൾ!

ഒരു മരം കൊണ്ടാവില്ലൊരു കാവ്
പലതുള്ളി ചേരുകിലേ പെരുമയും
പെരുതാകു
നഷ്ടങ്ങളുടെ ഒറ്റവരിയാണു ജീവിതം!
ഇഷ്ടങ്ങളേറെ നമുക്കുണ്ടെന്നാകിലും

എങ്കിലും;
ജീവൻ്റെ നടവരമ്പേറുക നാം
കഷ്ടം കഷ്ടമെന്നോതി കളയാനില്ല
നാഴികകൾ
ഏതു ദു:ഖത്തിൻ കണ്ണീർ പുഴയിലും
കിളിർത്തു നിന്നിടും ഒരു കൊച്ചു താമര

2025 നവംബർ 1, ശനിയാഴ്‌ച

ഗാസ

 വരാന്തയിൽ വന്നു വീണ

പ്രഭാതപത്രമെടുക്കാൻ
ചെന്നപ്പോൾ
പുകയുയരുന്നു!
പത്രമടക്കിൽ നിന്ന് ചോര
ഇറ്റു വീഴുന്നു!!

'ഗാസ' -യെന്ന് ആവി പുക
വളഞ്ഞു പുളഞ്ഞു പറക്കുന്ന
ചായ കപ്പിൽ
യുദ്ധത്തിൽ മരിച്ച മനുഷ്യരുടെ
മുഖങ്ങൾ നീന്തി കളിക്കുന്നു!

കുട്ടിക്കവിത

അമ്പിളിമാമനും കുട്ടിയും



അമ്പിളിമാമൻ വന്നമ്മേ
അംബര വീഥിയിൽ നോ-
ക്കമ്മേ
അച്ഛാ അഞ്ചിതൾ നക്ഷത്രം
അഞ്ചിതമല്ലോ നക്ഷത്രം
അമ്മുക്കുട്ടിക്കെന്തു രസം
അംബരമാകെ കാണുമ്പോൾ
അംബുജമെന്നതു പോലല്ലോ
അമ്മുക്കുട്ടി ചിരിക്കുന്നു

വിശ്വാസം


എൻ്റെ ലോകം
നീയാകുമ്പോൾ
നീ ശിവപാർവ്വതിയും
ഞാൻ ഗണപതിയും

കുട്ടിക്കവിത

 



നത്ത്

നത്തുണ്ടല്ലോ പൊത്തിൽ
അത്തിമരത്തിൻ പൊത്തിൽ
കണ്ണുമുരുട്ടിയുരുട്ടി
കുത്തിയിരിപ്പാണല്ലോ
മത്തുപിടിച്ചതു പോലെ
മൂളിയിരിപ്പാണല്ലോ

2025 ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

ചിറകില്ലെങ്കിലും


ചിറകില്ലെങ്കിലും
പറക്കാറുണ്ട് ചില പക്ഷികൾ !
മനസ്സുകൊണ്ടും
മനസ്സിൻ്റെ ബലം കൊണ്ടും

ഒന്നുമില്ലാത്തതിനാൽ
ഒന്നും നഷ്ടപ്പെടാനില്ലാത്ത -
തുകൊണ്ട്
അതിജീവനത്തിനുള്ള
നിശ്ചയദാർഢ്യം കൊണ്ട്

അഗാധമായ
ആഴത്തിൽ നിന്നൊരു കുതി -
പ്പാണ്
ഏതു മഹാശക്തിയുടെയും
വായ് പിളർത്തി
മഹത്തായ ബോധ്യത്തിൻ്റെ
ഒറ്റ കുതിപ്പ്

പരിഹാസങ്ങളെയും
കൺകൂർപ്പുകളെയും
കവച്ചുവച്ച്
കുരുത്തത് കിളിർക്കാനും
കായ്ക്കാനുമാണെന്ന്
കണ്ടറിയാനും, കൊണ്ടറിയാനും

ചിറകുള്ളതുകൊണ്ടു മാത്രം
പറക്കാൻ കഴിയില്ലെന്ന്
ഓർമ്മപ്പെടുത്താനും.

വിശ്വാസം


വിളിപ്പുറത്തുണ്ട്
വിശ്വാസം
അവിശ്വസിക്കാൻ
കാരണമൊന്നും
കാണുന്നില്ല !
അല്ലെങ്കിലും,
ഇല്ലാത്തതിനെ
വിശ്വസിക്കുക
എന്നതാണല്ലോ
നമ്മുടെ എറ്റവും വലിയ
വിശ്വാസം.

2025 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

നക്ഷത്രം


പ്രണയികളുടെ
കണ്ണുകൾ
വെറും
കണ്ണുകളല്ല
അവ
തിളങ്ങുന്ന
നക്ഷത്രങ്ങളാണ്

2025 ഒക്‌ടോബർ 29, ബുധനാഴ്‌ച

കാടിൻ മക്കൾ




കാറ്റു ഭാഷയറിയുന്ന കാട്ടുമക്കൾ
ഞങ്ങൾ
പുഴയോട് മഴ പറയും കഥകൾ -
കേട്ടോർ ഞങ്ങൾ
മരച്ചില്ലതട്ടി പാടും ഞങ്ങളുടെ പാട്ട്
പച്ച മണ്ണ് ഞങ്ങളോട് പുഞ്ചിരിച്ചു -
നിൽക്കും

പുഴ തുള്ളും താളം ഞങ്ങളുടെ -
നൃത്തം
പക്ഷികൾതന്നൊച്ച ഞങ്ങളുടെ -
തീർച്ച
നിങ്ങടമ്പലമല്ല ഞങ്ങളുടെ കാട്
മരങ്ങൾ തന്നെ ഞങ്ങടെ രക്ഷകരാം -
ദൈവം

കാടിൻമണം കാറ്റിൽ നനയ്ക്കുമെൻ -
മനസ്സ്
ആദിവാസി ജീവൻ ഭൂമിതൻ നിശ്വാസം
തുടി കുറുങ്കുഴൽ താളം രാത്രിയാഴമളക്കും
മരച്ചില്ല തരും നീരുറവ കിണറിനോളം
കുളിര്

ഞണ്ട് നൊയിച്ചിങ്ങ ഞങ്ങളുടെ
കൂട്ടാൻ
ഞങ്ങളെ മരനീര് ചോരമണമില്ല
സ്വത്ത് കൂട്ടിവെയ്ക്കാൻ മൃഗങ്ങൾ
കൊല്ലാറില്ല
മുളയൊരുക്കും പാത ഞങ്ങടെ
വഴിത്താര
മലയും മണ്ണും ഞങ്ങളും
ഒന്നിനൊന്നു ചേർച്ച

ലിപിയില്ലാത്ത ഭാഷ



ഞാനെന്നുമെഴുതും
മനസ്സിലോരോ കവിത
ആശയങ്ങൾ അടരായ് -
അടരുമ്പോഴാണ്
അല്ലലിൻ്റെ ഒല്ലൽ വന്ന്
വഴിമുടക്കുക

കട്ടൻ ചായ, പ്രാതൽ,
ഉപ്പില്ല, മുളകില്ല, അലക്ക്,
കഴുകൽ
അടുക്കളയുടെ ആഴക്ക-
ടലിൽ
നില കിട്ടാ പിടച്ചിൽ

ഞാനെന്നുമെഴുതും
മനസ്സിലോരോ കവിത
ചിലത് മുഴുമിപ്പിക്കും
ചിലത് മുളയിലെ കൂമ്പ-
ടയും
ചിലത് പാതി വഴിയിൽ
മറ്റു ചിലത് ഇഴഞ്ഞിഴഞ്ഞ്

'അലക്കൊഴിഞ്ഞിട്ട്
കാശിക്കു പോകാൻ
എവിടെ നേരം'
ഭാവിയോർമകൾ ഭാവനയുടെ
ചിറകുകൾ അറുത്തു കൊണ്ടേ -
യിരിക്കുന്നു

മുഴുമിപ്പിക്കാതെ പോയ
ഒരു കവിതയാണു ഞാൻ

2025 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

കുഞ്ഞുനാളിൽ

 ഉപ്പുമാവും പാലിനും വേണ്ടി -

യാണല്ലോയെന്നും
പള്ളിക്കൂടത്തിൽ ഞങ്ങൾ
പലരും പോയതന്ന്

ഒത്തിരി ദൂരംപോണം എങ്കിലും -
പോയാലെന്ത്
ഇത്തിരിയാണെങ്കിലും
കിട്ടുമുപ്പുമാവും പാലും

പട്ടിണിയാണു നിത്യം
പശിയൊന്നകറ്റുവാൻ
വഴിയന്നതേയുള്ളു സ്കൂളിലെ -
ന്നും ചെല്ലുക.

ഒഴിവു ദിനങ്ങളിൽ
ഒഴിയാബാധ പോലെ
വിശപ്പ് വയറിനെ വരിഞ്ഞു
മുറുക്കീടും

പെരുച്ചാഴിയെപ്പോലെ
കപ്പമാന്തി തിന്നണം
മാന്തോട്ടം തിരഞ്ഞു പോയ്
മാങ്ങയെറിഞ്ഞിടണം
ചക്കയുള്ള പ്ലാവിൻ്റെ കൊമ്പത്തു
കയറണം
കാട്ടുപഴങ്ങൾ തേടി കാടുകളേറി -
ടണം

ഇന്നു പളളിക്കൂടത്തിൽ
മൃഷ്ട ഭോജനമല്ലോ
മുട്ടയും, പാലും, ചോറും, ബിരിയാണി
കുട്ടികൾക്കെന്നുമോണം
പുത്തൻപുതുമാറ്റം

കുഞ്ഞുനാളോർത്തിടുകിൽ
കരഞ്ഞു പോകുമെങ്കിലും
കുഞ്ഞുങ്ങളെയോർത്തിന്ന്
അഭിമാനിച്ചീടുന്നു.

2025 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

ഇരുണ്ടു തുടങ്ങിയ ഭൂപടം





കാലപ്പഴക്കം കൊണ്ട്
ഇരുണ്ടു പോകാറില്ല
ഭൂപടം.
കാലോചിതമായി
പുതുക്കപ്പെട്ടുകൊണ്ടിരിക്കും
മണ്ണിലാണ്ടാലും മങ്ങിപ്പോകാത്ത
സ്വർണ്ണം പോലെ.

ഭൂപടങ്ങളിലെ
ഭൂപ്രകൃതി നിങ്ങൾ നോക്കൂ
പല ആകൃതിയിൽ
പല സംസ്കാരത്തിൽ
ഫലഭൂയിഷ്ഠിയിൽ
പലമകളുടെ പൊലിമ നോക്കൂ

പ്രകൃതിയിൽ
പല നിറങ്ങളില്ലെങ്കിൽ
മനുഷ്യനെന്താകുമെന്ന്
ഓർത്തു നോക്കൂ
നമ്മളെല്ലാം നമ്മളാകുന്നത്
നമ്മളെല്ലാം ഒന്നാകുമ്പോഴാണ്

ഇരുണ്ടു തുടങ്ങിയിരിക്കുന്നു
ഭൂപടം
പഴയൊരാതെളിച്ചം ഇന്നില്ല
സ്വർണ്ണത്തിൽ ചെമ്പു കലർന്ന
പോലെ.
പാടില്ല, തെളിഞ്ഞു നിൽക്കണം
നമ്മുടെ ഭൂപടം
സൂര്യതേജസ്സോടെ തലയുയർ
ത്തി നിൽക്കണം

ഞാനും
നീയുമല്ല
നമ്മളാണ് നമ്മൾ

അനുഭവം



അമ്മയെന്തെങ്കിലും ജോലി -
ചൊന്നാൽ
ആവില്ലെനിക്കെന്ന് ഉണ്ണിചൊല്ലും
അങ്കണ തുമ്പത്ത് വന്നിരുന്ന്
തുമ്പികളോടു പായാരമോതും

എന്നുണ്ണി,യങ്ങനെ ചൊല്ലിടാതെ
എന്നമ്മതൻ മൊഴി കേട്ടിടവേ
തെല്ലിട പോലുമെ നിന്നിടാതെ
ഞൊടിയിൽ തൊടിയിലിറങ്ങിയോടും

കൗമാര നാളിൽ താൻ കാട്ടിയുള്ള
കുസൃതിയങ്ങോർത്തുപോയമ്മ,യപ്പോൾ
വിശപ്പിനെ വാരി തിന്നെൻ്റെ,യമ്മ
വെളുപ്പിനേപാടത്തു പോയതോർത്തു

അന്നെത്ര ധിക്കരിച്ചമ്മയെ ഞാൻ
ഇങ്ങനെയെന്നും ധരിച്ചതില്ല
തലോടി തളരുമാ പാണികളെ
തല്ലി,യകറ്റിയതോർത്തു പോയി

പിന്നെയും കാലചക്രം തിരിഞ്ഞു
ഞാനുമൊരമ്മയായ് മാറിടവെ
അറിയുന്നു അമ്മതൻ ദു:ഖമിന്ന്
അണമുറിയുന്നില്ല കണ്ണുനീര്

2025 ഒക്‌ടോബർ 9, വ്യാഴാഴ്‌ച

നാട്ടുമീൻ വിശേഷം




തോട്ടു വെള്ളത്തിലെ
നാട്ടു മീനിനെ
നിങ്ങൾ കണ്ടിട്ടുണ്ടോ?

കഥ കേൾക്കുവാൻ
ആരുമില്ലാത്തതിനാൽ
കുഴങ്ങിയിരിക്കുന്നതു
കൊണ്ടാകാം,
തോട്ടുവക്കിലിരുന്ന്
കാലുവെള്ളത്തിലേ
ക്കൊന്നിട്ടാൽ മതി
ഓടിയെത്തി
കാലിനു ചുറ്റും ഓടിനടന്ന്
മുഖമുയർത്തി മേലോട്ടു -
നോക്കി
പതഞ്ഞുപൊങ്ങിപ്പറയുന്നത്
കേൾക്കാം

ആ പെടപെടപ്പും തുടുതുടുപ്പും
ഒന്നു കാണേണ്ടതു തന്നെയാണ്
എന്തൊരു സ്നേഹമാണവയ്ക്ക്
കാൽവണ്ണയിലിക്കിളിയാക്കി
അടിപ്പാതത്തിൽ അക്ഷരങ്ങ
ളെഴുതി
കവിത പോലെ കരളിനെ
കുതിർത്ത്
അങ്ങനെ........ യങ്ങനെ!

പിടിക്കാനൊന്നു ശ്രമിച്ചാൽ -
മതി
ഒറ്റ വഴുതലിൽ ഊളിയിട്ടവ
ഒഴിഞ്ഞു മാറും
ജലക്കുമിളകളിളക്കി ചിരിച്ചു
ചിരിച്ചു കുത്തിമറിയും.

ചൂണ്ടയിട്ടു പിടിക്കും
നിങ്ങളുടെ കരവിരുതിനെ
കുഞ്ഞു കാല ഓർമ്മകളുടെ ജീവിതത്തെ.

2025 ഒക്‌ടോബർ 7, ചൊവ്വാഴ്ച

കുഞ്ഞുവാവ


ഒരു കുഞ്ഞുവാവയ്ക്കിതെന്ത -
റിയാം
ഒരു ചെമ്പനീർപ്പൂവിൻ മെട്ടല്ലെത്
കുഞ്ഞു വിരൽ തുമ്പു നുണഞ്ഞു - കൊണ്ടേ
അമ്മിഞ്ഞപ്പാലിനു കാത്തിരിപ്പൂ

അമ്മയാണാ കുഞ്ഞിനെല്ലാ-
മെല്ലാം
അരുതാതതൊന്നുമറികയില്ല
ആ മുഖകാന്തിയതൊന്നു നോക്കൂ
അലിഞ്ഞു പോകില്ലയോ ശിലാ -
ഹൃദയം !

കുഞ്ഞുകാൽ മെല്ലെയിളക്കിടുന്നു
കുഞ്ഞുകൈ മേലേക്കുയർത്തിടുന്നു
അമ്മതൻ ആനന്ദ പൊൻ തിടമ്പായ്
അമ്മാറിൽ ആമോദം ചേർന്നിടുന്നു

കളങ്കമില്ലാത്തൊരു തിങ്കളായി
പാരിതിൽ പാവനസ്നേഹമായി
ആരിലും ആശതൻ പാശമായി
കൺകണ്ട ദൈവമീ കുഞ്ഞുവാവ



2025 ഒക്‌ടോബർ 5, ഞായറാഴ്‌ച

ദൂരം

കഴിഞ്ഞിട്ടില്ല,യിന്നോളം
എനിക്കെന്നിലേക്ക്
നടന്നെത്തുവാൻ

2025 ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

കുട്ടിക്കവിത

 

വേദന

മണ്ടയിലമ്പോ ഡിണ്ടക ഡിണ്ടക
ചെണ്ടകരഞ്ഞു വിളിക്കുന്നു
അടിയുടെ പൂരം വയ്യ സഹിക്കാൻ
കൊണ്ടു പൊറുക്കാൻ അമ്പമ്പോ...
നിങ്ങൾക്കഞ്ചിത സംഗീതം ഇത്
കരളു പറിക്കും വേദനയെനിക്ക്
പരനുടെ വേദന അറിയാത്തവനെ
നരനെന്നാണോ വിളിക്കേണ്ടു?!

2025 ഒക്‌ടോബർ 1, ബുധനാഴ്‌ച

കുട്ടിക്കവിത

 




നമ്മുടെ ബാപ്പുജി


ചെറുവടിയൂന്നി നടന്നും
ചെറുവേഷങ്ങളണിഞ്ഞും
പൂവിതൾ പോലെ ചിരിച്ചും
പാവനസ്നേഹം ചുരന്നും

സത്യത്തിൽ വഴികാട്ടി
സമത്വത്തിൻവഴി വെട്ടി
അഹിംസയാൽ പോരാടി
മാതൃക നമ്മുടെ ബാപ്പുജി

2025 സെപ്റ്റംബർ 30, ചൊവ്വാഴ്ച

ഹൃദയത്തിൽ


പ്രണയം
പൗഡറിട്ട്
പൊട്ടു തൊട്ട്
കണ്ണെഴുതി
കണ്ണാടി നോക്കി
ഒരുങ്ങി പുറപ്പെടാ-
റില്ല

പ്രണയ സൗന്ദര്യം
ഹൃദയത്തിലാണ്

കാഴ്ച



കവിതകളെ കൂട്ടത്തോടെ
കടിച്ചു തുപ്പുന്നു!
തെരുവുകളിൽ.
ചെത്തിപ്പൂക്കൾ ചിതറുന്നു !!

എന്തിനു വേണ്ടിയാണീ
കവിതകളെ കൊന്നു തള്ളുന്നത് ?!
കൂറ്റൻ കെട്ടിടങ്ങളെല്ലാം
അഗ്നി പർവ്വതങ്ങളായ് പൊട്ടിച്ചിതറുന്നത്?

കിനാവു കാണുവാൻ പോലും
ബുദ്ധി മുളയ്ക്കാത്ത
കവിത കുഞ്ഞുങ്ങളെ കത്തിച്ചു
കളഞ്ഞ്
ലോക സമാധാനത്തിന്റെ
വെള്ളരി പ്രാവ് ചമയുന്നത് ?!

ഇസ്രായേലേ, നിന്റെ കുരിപ്പു
പൊന്തിയ കണ്ണിൽ കാണുന്നില്ലെ
ഗാസ കുഞ്ഞുങ്ങളുടെ കരളു
പിളർക്കും കാഴ്ച

2025 സെപ്റ്റംബർ 27, ശനിയാഴ്‌ച

യാത്ര



തളിർ മരച്ചില്ലയ്ക്കു കീഴെ
ഒരു ശശം
ശിശിരത്തിൻ്റെ വാഗ്ദാനത്തിൽ
മതിമറന്നങ്ങനെ.......
വിശപ്പിനോളം വലിയ വിഷയം
മറ്റെന്തുണ്ട്?!

ഓർക്കുവാൻ കഴിയുന്നില്ലോരോ-
നിമിഷവും
വിശപ്പു വറ്റിയ വയറുമായമ്മ
കഴിച്ചുകൂട്ടിയ ദിനങ്ങൾ
അമ്മയ്ക്കു കുഞ്ഞുങ്ങളെല്ലാ-
തെന്തുണ്ട് ജീവനിൽ

വിശന്നു വശംകെട്ടൊരു രാത്രിയിൽ
തിളങ്ങുമാ നക്ഷത്ര കണ്ണുകളടഞ്ഞു
അന്നു മുതലിന്നോളം ഏകയായ്
ഞാനലയുന്നു.
വറുതിയുടെ കാലം കഴിഞ്ഞെന്ന്
കാലം ചൊല്ലുന്നു.

വെറി പിടിച്ച മനസ്സുമായ്
ഈ തളിർ മരച്ചില്ലയ്ക്കു കീഴെ
വിശപ്പിൻ്റെ വിളിയിൽ
മതിമറന്നങ്ങനെ .........

ഇതാ..... അന്നമരികിൽ!
ഒരു നിമിഷം;
വ്യാഘ്രത്തിൻ്റെ വായിൽ
അന്നമായി
അവസാനത്തെ
ജീവിതയാത്ര

2025 സെപ്റ്റംബർ 25, വ്യാഴാഴ്‌ച

നിലാചന്ദ്രനെപ്പോലെ


നിലാചന്ദ്രനെപ്പോലെയാണ്
പ്രണയം
വേർപിരിഞ്ഞാലും
പിൻതുടർന്നു കൊണ്ടേ -
യിരിക്കും

2025 സെപ്റ്റംബർ 24, ബുധനാഴ്‌ച

ലഹരി ഒരു കാണാക്കുരുക്ക്


ലഹരിയുടെ ഇരുണ്ട കടപ്പുറ-ത്തായിരുന്നു
അവളുടെ താമസം
വിറ്റുപോയി സ്വപ്നങ്ങളൊക്കെയും
വറ്റിപ്പോയി മോഹജലവും

തെറ്റുകളുടെ മണൽത്തരികളെ
തോറ്റിയുണർത്തിയവൾ,
തേറ്റയുള്ള തിരമാലകൾ
തകർത്താടി

മനസ്സിൽ മലിനക്കൂമ്പാരങ്ങൾ,
കൈയിൽ കുരുക്കിയിട്ട ചങ്ങല
വിദ്വേഷത്തിൻ്റെ ഉപ്പു പരലുകളാൽ
സ്നേഹത്തിൻ്റെ പാലങ്ങളെല്ലാം
തുരുമ്പെടുത്തുപോയി

മിത്രങ്ങളെല്ലാം ഒരു മാത്ര കൊണ്ട് -
ശത്രുക്കളായി
ഒരിറ്റു മധുരം കൊണ്ട്
ഒരു ജീവിതം മുഴുവൻ കയ്പ്പുകുടി -
ക്കേണ്ടി വരുമെന്നവളറിഞ്ഞിരുന്നില്ല
ലഹരി ജീവൻ്റെ ശത്രുവെന്നും

കുരുക്കിൽ നിന്നും കുതറി മാറുവാൻ
കരുതലുകളെത്രയുണ്ടായി
എന്നിട്ടും ;
കഴുത്തു നീട്ടി കുരുക്കിനെ വരണ-
മാല്യമാക്കി !

ജീവിതത്തിൻ്റെ വിത്ത് ചുട്ടുപോയി
മങ്ങിയൊരു മഞ്ഞിലാഴ്ന്ന്
നിലാവിൽ അലിഞ്ഞലിഞ്ഞു -
പോയവൾ

2025 സെപ്റ്റംബർ 21, ഞായറാഴ്‌ച

ശരമാരി



കറുത്ത നിൻ്റെ കുരുത്ത കവിത
കുരിപ്പുപോലവർക്ക്
കറുപ്പു പോലെത് ലഹരിയായി
കത്തിനിൽക്കുമ്പോൾ
അടപടലം പറിഞ്ഞു പോകുന്നു
അവരുടസ്ഥിത്വം

ചരിത്രമിവിടെ നീണ്ടു നിവർന്ന്
എഴുന്ന് നിൽക്കുമ്പോൾ
കെട്ടിപ്പൊക്കിയ കോട്ടയെല്ലാം
തകർന്നു പോകുന്നു
ചാണക ജലം തെളിച്ചു ശുദ്ധി
വരുത്തിടുന്നോര്
വിഗ്രഹം വീണുടയും കാഴ്ച
കണ്ടു ഞെട്ടുന്നു

കദനമേറ്റ കണ്ഠം കവിത മൂളി
നിൽക്കുമ്പോൾ
കോട്ടകൊത്തളം തകർന്നിടുന്ന
മാടമ്പിമാരെ
ചരിത്രമെത്ര മാറ്റിയെഴുതി
മുന്നിൽ വെച്ചാലും
ഭർത്സനങ്ങൾ ചൊരിഞ്ഞു കണ്ണ്
പൊട്ടിച്ചീടിലും
ശരമാരിയായി കവിത നിൻ്റെ
നെഞ്ചം കീറിടും

2025 സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

തിരയടങ്ങാത്ത തീരം


മൗനവും, ഏകാന്തതയും
കൊത്തിവലിക്കുന്നു
കരയിലകപ്പെട്ട മീനിനെ -
പ്പോലെ
വായുവിൻ്റെ കരയിൽ
വായുവിനായ് പിടയുന്നു

ചെകിളപ്പൂക്കളിളക്കി
വാലും ചിറകുമടിച്ച്
തിരയെ വിളിച്ചിട്ടും
കടലിലേക്കു പോകാനാ-
വാതെ
കരയിൽ കിടന്നു പിടയുന്നു

തിരയടങ്ങാത്ത
തീരമാണ് മനസ്സ്
താളം തെറ്റിയ തിരകളാണ്
തളളിക്കയറുന്നത്
വേദനയും വിങ്ങലുമാണ്
സമ്മാനിക്കുന്നത്

മുറിഞ്ഞു പോയ ചിറകുവിട -
ർത്താനാവാതെ
കൊത്തിയടർത്തിയ ചുണ്ടിൻ
തിണർപ്പിൽ
അരിയപ്പെട്ട നാവിൻ പിടച്ചിലിൽ
കുലുങ്ങിച്ചിരിക്കുന്നു
കാമത്താൽ കലങ്ങിച്ചുവന്ന-
കണ്ണുകൾ

2025 സെപ്റ്റംബർ 18, വ്യാഴാഴ്‌ച

നിൻ്റെയുള്ളിൽ


നിൻ്റെയുള്ളിൽ
ഞാനുള്ളതുകൊണ്ടാണ്
നിൻ്റെ മിഴികളിൽ
ഞാനെപ്പോഴും
എന്നെക്കാണുന്നതെന്ന
തോന്നലാണ്
എൻ്റെയോരോദിനങ്ങളും
ഇത്രയും ആഹ്ലാദകര
മാകുന്നത്

2025 സെപ്റ്റംബർ 16, ചൊവ്വാഴ്ച

കായൽപ്പേച്ച്




കവിതയുടെ കായൽപ്പരപ്പിലേക്ക്
നിങ്ങളിറങ്ങുക
കായൽ വെളുമ്പിലെ കിളിപ്പേച്ചു
തേടി
കായൽപ്പേച്ചിനൊപ്പം പോവുക
വരിതെറ്റാത്ത പുല്ലാങ്കണ്ണി കവിത, - തണുപ്പിനെ കണ്ണെഴുതുക

കുളക്കോഴികഴുത്തിൻ ചോദ്യചി -
ഹ്നങ്ങളിലേക്ക് നീന്തുക
നീർക്കോലി പുളപ്പിൻ ആശ്ചര്യങ്ങ -
ളിലേക്ക് നിവരുക
കയങ്ങളിലേക്ക് ഊളിയിട്ട്
കല്ലും മണ്ണും വാരിപ്പൊങ്ങുമ്പോഴാണ്
കവിതയുടെ കണ്ണിമാങ്ങരുചി അറി-
യുക

പതുപതുത്ത കവിതകൾ പറയുന്നത്
പരുപരുത്ത ജീവിതത്തെ കുറിച്ചാണ്
പച്ചമണ്ണിൻ്റെ നനവിലും ,വരൾച്ചയിലും,
ഓരോ ഋതുവിലും
പലമയുടെ ഒരുമ തീർക്കും ആരവമാണ്
കവിത ( ജീവിതം )

2025 സെപ്റ്റംബർ 10, ബുധനാഴ്‌ച

ഭാഷ



അക്ഷരങ്ങളുടെ
അമ്മത്തൊട്ടിലിൽ
ഉപേക്ഷിക്കാറുണ്ടിന്നും
ചില വാക്കുകളെ
കവികൾ, കഥാകാരൻമാർ

അവ വളർന്നങ്ങ് വലുതായി
വൈറലാകും
ഭാഷയായി പടർന്നു പന്തലിക്കും
ഏതൊരു പാരമ്പര്യ നിഘണ്ടു
വിലും
പരതിയാൽ കണ്ടെത്തുവാൻ
കഴിയില്ല
ഇത്തരം പ്രതിഭകളെ

നാട്ടുഭാഷകളെ തന്നെ നോക്കൂ:
നട്ടു മുളച്ചു വന്നവയൊന്നുമല്ല
അവ
ഏതു കവിയും കഥാകാരനുമായി
രിക്കും
അവയെ നമുക്കു തന്നത്?!

കവിയും കഥാകാരനുമൊന്നുമായി
രിക്കില്ല
അതിനേക്കാളും വലിയ
അക്ഷരമറിയാത്ത
ഏതോ പണ്ഡിതൻ

2025 സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

കുട്ടിക്കവിത

 



ഓണം


ഓണത്തപ്പാ കുടവയറാ
ഓലക്കുടയും ചൂടി വാ
പൂവേ പൊലി പൊലി
പാടാലോ
പൂക്കളമെല്ലാമൊരിങ്ങീലോ
പുത്തനുടുപ്പും ഇട്ടും കൊണ്ടേ
ഓണപ്പൂവെയിൽ വന്നല്ലോ
പൂവിളി പൂവിളി പൊന്നോണം
പൂവേ പൊലി പൊലി
പൊന്നോണം

2025 സെപ്റ്റംബർ 2, ചൊവ്വാഴ്ച

പനന്തത്ത പാടുന്നു



പിച്ചക പൂന്തോപ്പിൽ വന്നിരുന്ന്
പച്ചപ്പനന്തത്ത പാടിടുന്നു
പച്ചിലക്കാടിൻ്റെ തുഞ്ചത്തിലും
പച്ച വിരിപ്പിട്ട പാടത്തിലും
പച്ചോലത്തുമ്പിലെ താളത്തിലും
പച്ചപ്പനന്തത്ത പാടിടുന്നു

ഓണമായോണമായോണമായി
നല്ലൊരു നാളിൻ്റെയോർമ്മയായി
നാലുതിരിയിട്ടു നാലുദിക്കും
നറുനെയ് വിളക്കിൻ്റെ നാളമായി
നാക്കിലയിൽ തുമ്പച്ചോറിനായി
നറുതിങ്കൾ പെണ്ണും വരും ദിനമായ്

മാനുഷരെല്ലാരുമൊന്നുപോലെ
വാണൊരുനാളിൻ്റെ ഓർമ്മയായി
മന്നനാം മാവേലി നാടുവാണ
മഹത്തായ സന്ദേശ,മോർമ്മയായി
പച്ചപ്പനന്തത്ത പാടിടുന്നു
ഓണമായോണമായോണമായി

വയനാടിൻ്റെ രോദനം

 


'
സഹ്യപർവ്വതത്താഴെ
തിലകമായ് വയനാട്
തോരാത്ത കണ്ണീരായി
നിലയ്ക്കാത്ത നീറ്റലായി

ഇരുളു മാത്രം മറയാക്കി
വസിക്കും കുടുംബങ്ങൾ
ഓർമ്മകളുണ്ടുകണ്ണീർ
ജലം കുടിച്ചിരിക്കുവോർ

കാടിൻകരൾ പറിച്ചെടു
ത്തുപോയ് പ്രളയം
കഥയറിയാൻ പറന്നു -
വന്നോർ
കളിചൊല്ലിപ്പിരിഞ്ഞു പോ-
യോർ
കനിഞ്ഞതില്ലൊട്ടുമേ
കനിവിൻ്റെ തെളിനീർത്തുള്ളി

ജാലങ്ങൾ കാട്ടി ജീവിക്കുവാൻ
കഴിയില്ല
ജാലകപ്പഴുതു പോലുമില്ലാത്ത
കൂട്ടരിവർ
കണ്ണിലെണ്ണയൊഴിച്ച് കാത്തിരി
പ്പുണ്ടൊരുവർ
ഹൃദയപക്ഷത്തുനിന്നു നിത്യവും
തുണയ്ക്കുവോർ

വേരോടെ നിലംപൊത്തി
വീഴേണ്ട വൃക്ഷമല്ലവർ
കുത്തിയൊഴുകിപ്പോകേണ്ട
ചെളിവെള്ളമല്ല
വെള്ളകീറുമ്പോഴിടവഴിയി-
ലേക്കിറങ്ങി
നാടിൻ സമ്പത്തായ് മാറിയോ-
രു ജനത

കാത്തുരക്ഷിപ്പാൻ കടമയുള്ള -
ചിലർ
ചുകപ്പുകണ്ട കാളയെപ്പോലെ
വിറളി പിടിക്കുന്നതെന്തിനവ -
രോട്
കണ്ണിലേകൃഷ്ണമണികളെപ്പോ-
ലെ
കാത്തുകൊള്ളുന്ന മലയാള നാടി-
നോട്

കേൾക്കുകീക്കുഞ്ഞു പക്ഷിതൻ
രോദനം
തള്ള പക്ഷിയായ് തൊള്ളയിലന്ന
മാകുക
ദുരിത ശൈത്യത്തിൽ നിന്നുമീ-
മക്കളെ
ചിറകിൽ ചേർത്തു നിർത്തി
ചൂടുപകരുക

2025 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഓണനാള്




ചേണുറ്റ ചിങ്ങമരികിലെത്തെ
ചേലിലൊരുങ്ങി പ്രകൃതിയാകെ
വാരുറ്റവാനം തെളിഞ്ഞു നിൽക്കെ
നേരുറ്റ പൂക്കൾ ഞെളിഞ്ഞു നിൽപ്പൂ

ഓണനിലാവു ചിരിച്ചു നിൽക്കെ
താരക കാന്തിയും ചിന്നിച്ചിന്നി
ചാഞ്ഞു ചരിക്കുന്നു തെന്നൽ നീളെ
ചന്ദന ഗന്ധവും പേറി മെല്ലെ

ഓണമായോണമായോണമായി
തവളകൾ താളത്തിൽ നീട്ടിപ്പാടി
തമ്പുരു മീട്ടുന്ന തുമ്പികൾക്ക്
തുമ്പകൾ തൂവെള്ള ചോർ വിളമ്പി

മത്തപ്പു മാടി വിളിച്ചിടുന്നു
പാവലോ ആടിക്കളിച്ചിടുന്നു
വെള്ളരിക്കോന്നു മിഴി തുറക്കെ
പടവലം നീണ്ടു നിവർന്നു നിൽപ്പൂ

പാടവരമ്പേറി നിന്നയോണം
വേലികൾ നൂണുകയറിയോണം
മാവേലി മന്നൻ്റെ നാട്ടിലെങ്ങും
വന്നുപോയ് വന്നു പോയ് ഓണനാള്


ഓണം



മണ്ണിലേക്കു മന്നവൻ
വരുന്ന ദിനമെത്തി
വിണ്ണിലാകെ വിരുന്നുവന്ന
പൂവുകൾ ചിരിച്ചു
ചതിച്ചു പാതാളത്തിലേക്ക്
താഴ്ത്തിയതെന്നാലും
ചിരിച്ചു കൊണ്ടുവന്നു നമ്മെ
അനുഗ്രഹിച്ചീടുന്നു

ഓണപ്പാട്ട്


തുമ്പയും, തിരുതാളിം തലയാട്ടി
പാടുന്നു
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ.... ണമായി
തമ്പുരു മീട്ടുന്ന തുമ്പിയും പാടുന്നു
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ....ണമായി
                                            (തുമ്പയും)

ഓർമ്മതൻ ചില്ലയിൽ തിരുവോണതിരി
തെറുത്ത്
ഓമന പൈങ്കിളിയിരിക്കേ
ചിങ്ങവെയിൽ വന്ന് ചരിഞ്ഞാടും -
കൊമ്പത്തെ
മലരിനു മുത്തം കൊടുത്തു നിൽക്കേ
ഇളം തെന്നൽ വന്നൊന്നു തൊട്ടു വിളി
ക്കുന്നു
മാവേലി മന്നൻ്റെ നാളു വന്നു
മാവേലി മന്നൻ്റെ നാ...ളുവന്നു (തുമ്പയും)

മലരല്ലിയെല്ലാം മിഴിതുറന്നീടുന്നു
കുറി തൊട്ടു നിൽക്കുന്നു വാനം
ശ്രാവണം മാഞ്ഞെന്ന് ശ്രുതി ചേർത്തു
പൂത്തുമ്പി
ഓണമായ്, ഓണമായ്, ഓണമായി
ഓണമായ്, ഓണമായ്, ഓ.... ണമായി
                                           (തുമ്പയും)

2025 ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

ഫുട്പാത്തിലെ നിഴൽ


ശൂന്യതയിലേക്കു നോക്കി
നെടുവീർപ്പിൻ്റെ ഒരു ശൂ -
വരയ്ക്കുന്നു
ആകാശ മേൽക്കൂരയിൽ
കരിമേഘ തൂവാല പാറിക്ക -
ളിക്കുന്നു

ചാറ്റൽ മഴയുടെ ചില്ലറ -
മണികൾ
പിച്ചപ്പാത്രത്തിൽ വീണു
കിലുങ്ങുന്നു
കൂനിക്കൂടിയ ദേഹം ഒന്നുകൂടി -
കുനിയുന്നു
കാക്ക തൂറിയ ഗാന്ധിയുടെ തല
തിളങ്ങിത്തന്നെ നിൽക്കുന്നു

പല്ലുപോയ മോണയിൽ
നാവ് തുഴഞ്ഞു കൊണ്ടേയിരി-
ക്കുന്നു
ഒരു പത്തു രൂപ നോട്ട് പാറി വീഴു -
ന്നു പാത്രത്തിൽ
പീളകെട്ടിയ കണ്ണുയർത്തി നോക്കു-
മ്പോൾ
ഫുട്പാത്തിലൂടെ നടന്നു നീങ്ങുന്നു -
ഒരു നിഴൽ

നിഴൽ നീണ്ടു പോയിട്ടും
താഴ്ത്താത്ത കണ്ണുകൾ
തുഴഞ്ഞു കൊണ്ടേയിരിക്കുന്നു
നിഴലിനെ

ഓണനാളിൽ




പച്ച വിരിച്ചൊരു കുന്നിൽ
പിച്ചകം പിച്ചവെയ്ക്കുന്നു
മഞ്ഞുലാവുന്ന പുലരി
മുല്ല മലരണിയുന്നു
തെല്ലെഴുന്നേറ്റുനോക്കുന്നു -
തെറ്റി
തെറ്റു വഴിപ്പൊന്ത തന്നിൽ
ചിങ്ങമണഞ്ഞതു കാണാൻ
കണ്ണൂച്ചിങ്ങ കൺ തുറന്നു -
നോക്കുന്നു
ഓണമായോണമായ് പാടി
ഓലേഞ്ഞാലിയോലത്തുമ്പി -
ലാടി

2025 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

ഒച്ച്


ഒച്ചയില്ലാതെ പിച്ചവെയ്ക്കുന്നു -
ഒരൊച്ച്
അറപ്പിൻ്റെ വെറുപ്പ് നുരയുന്നു
തണുപ്പുള്ള വെളുപ്പിന്, രാത്രിയിൽ
അടുക്കള ചുമരിൽ,അടച്ചൂറ്റിയുടെ -
വക്കിൽ,വഴിയിൽ ,വാഴച്ചുവട്ടിൽ

കുളിമുറിയിൽ കൊമ്പുയർത്തി -
വീക്ഷിക്കുന്നു
തൊണ്ടയിൽ നിന്നൊരു വഴുവഴു -
പ്പിഴയുന്നു
ഓക്കാനത്തിൻ്റെ ഒച്ച ചർദ്ദിക്കുന്നു

കടലാസിലെടുത്ത്
ഉപ്പിട്ടു പൊതിഞ്ഞുകെട്ടി
വലിച്ചെറിഞ്ഞു വരുമ്പോൾ
കവിതയായ് കിനിഞ്ഞിറങ്ങുന്നു -
ഒച്ച്

ഞാനിവിടെയൊക്കെതന്നെ -
യുണ്ടെന്ന
മിനുമിനുത്ത ഒരു വഴി ബാക്കിവെച്ച്

2025 ഓഗസ്റ്റ് 26, ചൊവ്വാഴ്ച

അത്തം പത്തോണം



മുറ്റത്തു മുക്കുറ്റിപ്പൂവു പൂത്തു
മത്തപ്പു മെല്ലെ മൊഴിഞ്ഞിടുന്നു
മുല്ലപ്പു മലയാള ഗന്ധവുമായ്
മെല്ലെ തലയാട്ടി നിന്നിടുന്നു

അത്തമിങ്ങെത്തിയെന്നമ്മു-
ചൊല്ലി
അത്തിമരത്തിലെ കിളിയും-
ചൊല്ലി
തെച്ചിമലർ മിഴിനീട്ടി നോക്കി
അത്തം പത്തോണമെന്നാടി-
പ്പാടി

2025 ഓഗസ്റ്റ് 23, ശനിയാഴ്‌ച

മനസ്സ്


ആകാശം പോലെയാണ്
മനസ്സ്
ആഴമളക്കുവാൻ
ആകാത്തത്

2025 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

അനുഭവം


മറക്കുവാൻ ശ്രമിക്കുന്നതാണ്
മനസ്സിലേക്ക് ഓടിയെത്തുന്നത്
ഇഷ്ടമില്ലാത്തതാണ്
നഷ്ടമാകാതിരിക്കുന്നത്
കഷ്ടമെന്നല്ലാതെന്ത്
കുഷ്ഠം പോലെ പേറേണ്ടുന്നവ.

എങ്കിലും;
ദു:ഖ കടലിനു മേലെ
കെട്ടുന്നുണ്ടു നാം
സന്തോഷത്തിൻ്റെ ഒരു പാലം
ഏതു നിമിഷവും വീഴുമെന്നറിഞ്ഞിട്ടും
ഭയമൊട്ടുമില്ലാതെ സഞ്ചരിക്കുന്നു നാം

വിപ്ലവത്തിൻ്റെ പേരാണു ജീവിതം
വരച്ചു വെയ്ക്കുന്നുവതിൽ നാം
നമ്മളെ
നീറ്റലും, ഉരുക്കവും തന്നെ
ജീവിത ഔഷധവും
മുള്ളിനെ മുള്ളു കൊണ്ടെടുക്കുന്ന
വിദ്യ

നമ്മളെ നമ്മളാക്കുന്നത്
സന്തോഷം മാത്രമല്ല
കഴിഞ്ഞ കാലത്തിൻ്റെ
കോറിയിടലും
വർത്തമാനത്തിൻ്റെ വർണ്ണപകിട്ടും
അറിയാതെ വന്നു ചേരും
അനുഭവവും

2025 ഓഗസ്റ്റ് 19, ചൊവ്വാഴ്ച

ഉത്തരമില്ലാത്ത ചോദ്യം


ചിന്തകൾക്കില്ലിന്ന്
പണ്ടത്തെപ്പോൽ ചന്തം
ചിത്രം വിചിത്രമിതെന്നേ-
പറയേണ്ടു

ചിത്തത്തിലിപ്പോഴും
ചെത്തി നടക്കുമാ
ബാല്യകൗമാരത്തി-
ന്നോർമ്മ തിളയ്ക്കുന്നു

ഉദ്യോഗമെന്നൊരധി-
കാര കസേരയിൽ
തന്ത്രം മെനഞ്ഞു
കളഞ്ഞുള്ള കാലങ്ങൾ
സമ്പത്തിനായി കുതന്ത്ര -
ങ്ങൾ കാട്ടി
സ്വരൂപിച്ചതൊക്കെയും
വ്യർത്ഥങ്ങളാകയും

നഷ്ടമായില്ലെൻ്റെ
യുവത്വമെന്നറിയിക്കാൻ
കോപ്രായമോരോന്നു
കാട്ടിക്കൂട്ടീടിലും
അനുദിനം കായബലം
നഷ്ടമായി
അസ്വസ്ഥത മാത്രം
ബാക്കിയായീടുന്നു

ധന്യതയെന്നൊക്കെ
ചൊല്ലാൻ ബഹുകേമം
ധാത്രിയിൽ ജന്മമെടുത്ത
തെന്തിന്നായി?!
ലക്ഷ്യമിതെന്തെന്നറി-
യാതെ മാനവൻ
ഉത്തരമില്ലാത്ത ചോദ്യമായ്
തീരുന്നു.

2025 ഓഗസ്റ്റ് 13, ബുധനാഴ്‌ച

രാവും പകലും


വൃദ്ധനാം സൂര്യൻ
പടിഞ്ഞാട്ടു മുറുക്കി തുപ്പി
മന്ദം മന്ദം ചരിവിലേക്കിറ -
ങ്ങിപ്പോയി

പൂച്ചപ്പാദവുമായി പതുങ്ങി
വരുന്നുണ്ട്
വെളിച്ചം മൂടി മൂടി
കമ്പിളി പുതപ്പുമായ്
കിഴക്കെൻ രാവ്

പടിഞ്ഞാറെത്തിയിട്ടും
എത്രമേൽ ശ്രമിച്ചിട്ടും
കിട്ടിയതില്ല സൂര്യനെ
രാത്രിഞ്ചരന്

തിരിഞ്ഞു നോക്കുന്നേരം
കമ്പിളി ചുരുട്ടിക്കൂട്ടി
ചിരിച്ചു നിൽക്കുന്നതാ
കുസൃതി കുരുന്നാകും
ബാല സൂര്യൻ

കഴിയാത്തത്


പാലിൽ കലക്കിയ
പഞ്ചസാരയാണു -
നമ്മൾ
എന്നിൽ നിന്നും
എങ്ങനെ നിന്നെ
മാറ്റിയെടുക്കാൻ -
കഴിയും

2025 ഓഗസ്റ്റ് 9, ശനിയാഴ്‌ച

യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ്



പോക്കറ്ഹാജിയുടെ പീടിക ഞാലി-
യായിരുന്നു
യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ്

മാതൃഭൂമി, മനോരമ, ദേശാഭിമാനി
മൂന്നു പത്രങ്ങളും മുഴുവൻ ദിവസവും
വായിക്കൻ ആളുകൾ വന്നും പോയു-മിരുന്നു

പുതുമഴ പെയ്ത ഒരു മൂവന്തിക്ക് -
മുപ്പട്ടാണ്
പൂക്കുറ്റി ശബ്ദം പോലെ ശൂ..... വെച്ചു -
കൊണ്ട്
കോട്ടെരുമക്കൂട്ടം ക്ലബ്ബിലേക്ക് കയറി - യത്
കരി,ഓയലടിച്ച കഴുക്കോലും വാരിയും -
പോലെയായി ഞാലിയുടെ ഉത്തരം.

വേനലും, മഴയും വന്നും പോയുമിരുന്നു
കാലങ്ങൾ മാറി മറിഞ്ഞു വന്നു
കോട്ടെരുമകാരണം ആളുകളും -
കുറഞ്ഞു
ക്ലബ്ബ് തുറക്കാതായി
ചുവന്ന ബോർഡിലെ വെള്ളെഴുത്തിൽ
യുവധാര നോക്കുകുത്തിയായി

നാട്ടിലെ ചെറുപ്പക്കാർ ഒത്തുകൂടി
ഓടുമാറ്റി കഴുക്കോലു വൃത്തിയാക്കു-
വാൻ തീരുമാനമെടുത്തു
അന്നാണ് ഞാലി പൊളിഞ്ഞ്
യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ് പൊലിഞ്ഞു പോയത്

ഇന്ന്;
നാടായ നാടാകെ യുവധാര ആർട്സ് & സ്പോർട് ക്ലബ്ബ്
പത്രങ്ങൾ, മാസികകൾ, ക്ലാസുകൾ, -
ആഘോഷങ്ങൾ.
ഇവിടെയുമുണ്ട് സ്പോർട്സും, ആഘോ-
ഷങ്ങളും
യുവധാര ആർട്സ് & സ്പോർട് ക്ലബ്ബി- ൻ്റെപേരും
സ്ഥലവും കെട്ടിടവും കാത്ത് കുറേ -
അന്നത്തെ ഞങ്ങളും

2025 ഓഗസ്റ്റ് 5, ചൊവ്വാഴ്ച

നീയുള്ളപ്പോൾ


നീയടുത്തുള്ളപ്പോൾ
ഞാനെന്നെത്തന്നെ
മറന്നൊരുപട്ടമായ്
പാറിക്കളിക്കുന്നു

നീ പോയിക്കഴിയുമ്പോൾ
മടുപ്പിൻ്റെ കല്ലിടുക്കിൽ
കുടുങ്ങിക്കിടക്കുന്നു

പ്രണയത്തിൻ്റെ ഏതു
മാന്ത്രിക നൂലാലാണു
നീയെന്നെ,യിത്രയും
ഉയരത്തിൽ പറത്തുന്നത്

കുട്ടിക്കവിത




തത്തമ്മയോട്


തങ്കപ്പെണ്ണേ തത്തമ്മേ
തത്തി തത്തി വന്നാട്ടെ
തളിരിലവാഴ കൈയിലിരുന്ന്
പൊരിവെയിലിൽ നീ തളരാതെ
വരിവരിയായിയിരുന്നീടും
വരിനെല്ലിത്തിരി തിന്നാട്ടെ
എരിപൊരി കൊള്ളാതിത്തണലിൽ
തൂവൽ മിനുക്കിയിരുന്നാട്ടെ

2025 ഓഗസ്റ്റ് 3, ഞായറാഴ്‌ച

പ്രണയമെന്നല്ലാതെ



കാണാതെ കാണുകയും
പറയാതെ കേൾക്കുകയും
മിണ്ടാതെ മിണ്ടുകയും
ചെയ്യുന്നതിനെ
പ്രണയമെന്നല്ലാതെ
മറ്റെന്താണ് വിളിക്കുക

കുട്ടിക്കവിത

പൂവും കരിവണ്ടും


കരിവണ്ടേ തേനുണ്ടെ
കുഞ്ഞിപ്പൂവു വിളിക്കുന്നു
ഞാനില്ലേ തേനുണ്ണാൻ
കുഞ്ഞൻ വണ്ടു മുരളുന്നു

ഇരുളും നേരം വരണ്ടിനി നീ
ഇതളു വിടർത്തി തരില്ലിനി
ഞാൻ
കുഞ്ഞിപ്പൂവെ കോപിക്കല്ലെ
കളിയായ് ചൊല്ലിയതാണേ
ഞാൻ

കൊഞ്ചീടുന്നു കരിവണ്ട്
കുഴഞ്ഞാടുന്നു കരിവണ്ട്
കുഞ്ഞിപ്പൂവിൻ കവിളിൽ
തുരുതുരെ
മുത്തീടുന്നു കരിവണ്ട്

അനുഭവം


കാനനപൂവെ നിൻ
ആനനം വാടിയതെന്തെൻ്റെ
കൺമണിചൊല്ലു വേഗം !

മോഹങ്ങളൊന്നും
നടക്കാതെ വന്നീടിലും
ഹേമത്തിനുണ്ടോ നിറ -
കേടേതും

ആകയാൽ ശങ്കയതൊന്നുമേ
വേണ്ടിനി
സങ്കുചിത വികല്പമതൊട്ടും -
വേണ്ട

പാരം വളരട്ടെ മേൽക്കുമേൽ
തന്നത്താൻ
പാശം തളർത്താത ദൃഢനിശ്ചയം

പാരിലനുഭവം പലവിധമല്ലയോ
പോരായ്മയല്ലതറിഞ്ഞിടുക

2025 ജൂലൈ 30, ബുധനാഴ്‌ച

ചാമ്പ ചുവട്ടിൽ



കുന്നത്തെ ഷാപ്പിൽ നിന്ന്
കുന്നിറങ്ങി ആടിയാടി വന്ന
കാറ്റിൻ്റെ
ശബ്ദവും കുഴഞ്ഞു കിടന്നു
കൊന്നപൂത്ത സന്ധ്യയിൽ
കുഞ്ഞിരാമനപ്പോൾ
കള്ളും കുടവുമായി തെങ്ങിൽ
നിന്നും
ഇറങ്ങി വരുവായിരുന്നു
കുറച്ചകലെ കുറച്ചു പുസ്തകവും
കെട്ടിപ്പിടിച്ചോണ്ട്
ഒരു പെണ്ണ് സ്വപ്നം കണ്ട് നിൽക്കു
വായിരുന്നു
ചിലർ ഷാപ്പിലേക്ക് കയറിപ്പോവുകയും
ഇറങ്ങി വരികയും ചെയ്യുവായിരുന്നു
ഷാപ്പിലേക്കു പോകുന്ന ചെറുപ്പക്കാരെ
ഗൗരവത്തിൽ നോക്കിയിരിക്കുന്ന
പ്രായമായവരെ
ശല്യമെന്നു പിറുപിറുക്കുന്നു ഒരു പൂച്ച!
തെറിച്ചുവീണ തെറിവിളികളെ
കൊത്തിപ്പെറുക്കുന്നുണ്ടൊരു കാക്ക!!
സൂര്യൻ അങ്ങേചരിവിലേക്ക് ചരി
യുകയും
ഇരുട്ട് പട്ടംപറത്തി വരികയും ചെയ്ത
പ്പോൾ
പലരുടേയും പല അറിയാക്കഥകളും
പരസ്യമായി പറഞ്ഞുകൊണ്ട്
ചാമ്പച്ചുവട്ടിലേക്ക് മാറിനിന്ന്
കൊള്ളാവുന്ന കായകളെ തിരഞ്ഞു
കൊണ്ടിരുന്നു കാറ്റ്.