malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011, നവംബർ 30, ബുധനാഴ്‌ച

പ്രാണന്‍റെ വിളി

കുതിച്ചു പായ്യുന്ന ട്രെയ്നില്‍
കിതച്ചു,കിതച്ചാണാകത്ത് ഞാന്‍
വായിച്ചു തീര്‍ത്തത്
ചിന്തയുടെ ചില്ല് പാത്രങ്ങള്‍
അക്ഷരങ്ങളില്‍ വീണു -
ചിതറിയപ്പോഴാണ്
പതുങ്ങി വന്നൊരു കാറ്റ്
ആകത്തു പറത്തി ക്കൊണ്ട്-
പോയത്
ഒറ്റകൈയ്യന്‍ സിഗ്നലില്‍ തട്ടി
ഒടിഞ്ഞു വീഴുമ്പോള്‍
കൊല്ലല്ലേയെന്ന് എത്ര കരഞ്ഞു -
പറഞ്ഞി ട്ടുണ്ടാകും
ഇത് പോലൊരു യാത്രയിലായിരിക്കും
അവളും പാളങ്ങളിലേക്ക്
പാറി വീണത്‌
പാളങ്ങളുടെ പ്രകമ്പനങ്ങള്‍ക്കിടയില്‍
പ്രാണന്‍റെ നിലവിളിയുയര്‍ന്നത്‌
പിടഞ്ഞു,പിടഞ്ഞു നിലച്ചത്

2011, നവംബർ 25, വെള്ളിയാഴ്‌ച

എല്ലാം നീ എന്നിട്ടും

എങ്ങുനിന്നോ മുളപ്പിച്ചെടുത്ത
ചിരിയുടെ ചില്ലയുമായി
ചിലര്‍ വന്നെങ്കിലും
മരുന്ന് മണക്കുന്ന ഈ മുറിയില്‍
സ്നേഹത്തിന്റെ മറുമരുന്നായത് നീ .
എന്റെ മുറിപ്പാടിലേക്ക് മുഖംചായ്ച്ചതും
മനസ്സിലേക്ക് മധുപകര്‍ന്നതും നീ
വേദനയുടെ അവസാന തരിയും
അലിയിച്ചെടുത്ത്
സ്വപ്ന ങ്ങളുടെ ഒരു കൂടു പണിഞ്ഞത് നീ
നഗ്നമായമനസ്സിന്
നല്ലിളംപട്ടുതന്നതും
സ്വപ്നങ്ങളുടെ പടവുകളില്‍
പട്ടു പാവാടയുടുത്തുകാത്തുനിന്നതും നീ
എന്നിട്ടും;
ചുണ്ടിലേക്ക്‌ ചുണ്ട് ചേര്‍ത്ത്
മെഴുകുതിരി കത്തിക്കുമ്പോള്‍
വെളിച്ചം ഒലിച്ചിറങ്ങുംപോള്‍
ചിതറിയമുടി കോതിയൊതുക്കി
ഓടിയൊളിക്കുന്നതെന്തിനു

വേതാള പര്‍വ്വം

നന്മയെല്ലാം നാട്കടത്തപ്പെട്ടു
നാണം മറക്കുവാന്‍ പോലും
നാണ മില്ലാത്തവരായി നാം
പേറ്റന്റിന്റെ പേരില്‍ പാവയ്ക്കയും,-
പടവലവും,വഴുതനയും
വേപ്പ് മരവും,കീഴാര്‍ നെല്ലിയും -
നാട് തന്നെയും
കടല് കടന്നവര്‍ കടത്തി കൊണ്ടുപോയി
ഉന്നത തലങ്ങളില്‍
ചര്‍ച്ച നടക്കുകയാണിപ്പോള്‍
വായുവിന്റെ പേറ്റന്റും
വേതാളങ്ങളെയേല്‍പ്പിക്കാന്‍ -
ഉടയോരായവര്‍
ഉറഞ്ഞു തുള്ളുകയാണിപ്പോള്‍

കുരുക്ഷേത്രം

നിയമംധൃതരാഷ്ട്രരായിവാണീടുന്നു
ദുര്യോധനന്‍മാര്‍ഭരിക്കെ
രക്തം തളംകെട്ടി നില്‍ക്കുമീമണ്ണിതില്‍
ഗാന്ധാരിമാര്‍ വിലപിപ്പൂ
ധര്‍മ്മ സങ്കടത്തിന്‍ കടലില്‍ പതിക്കുന്നു
ധര്‍മ്മപുത്രര്‍ മാരിവിടെ
കുഴയുന്നു കുന്തിമാര്‍
ക്ലാന്തിയാല്‍ കാടകംപൂകുന്നുമാനസമിന്നും
പീഡനമേറ്റുപിടയും പാഞ്ചാലിമാര്‍
ഇത്തെരു വീഥിയിലെങ്ങും
രക്ഷിക്കുവാനൊരു കൃഷ്ണനുമില്ലിന്നു
കൃഷ്ണയ്ക്ക് കണ്ണീരു മാത്രം
ധര്‍മ്മാധർമ്മങ്ങളേററുമുട്ടീടുന്ന
കുരുക്ഷേത്ര മാണിന്നുംബ്ഭൂമി
നിയമംജയിച്ചു കരേറുവാന്‍കാക്കുന്നു
മാനവര്‍ മന്നിതിലെങ്ങും
ഇതിഹാസകാലം മുതലേററുമുട്ടി
മണ്ണിനും,പെണ്ണിനും വേണ്ടി
നിത്യമുര ചെയ്തിടുന്നുനാമിന്നും
ശാന്തി സമാധാനമെന്നു
എന്നാല്‍;
ഐകമത്യ ത്തിന്റെ
തൈകള്‍ നടുന്നതും
പിഴുതു നോക്കുന്നതുംനമ്മള്‍

2011, നവംബർ 24, വ്യാഴാഴ്‌ച

മനസ്സറിയാതെ

താരക വ്യൂഹവും നോക്കിഞാനിന്നലെ
രാവിലുറങ്ങാതിരുന്നു പോയി
എന്നെ മറന്നു ഞാന്‍ എല്ലാം മറന്നു ഞാന്‍
ഏതോ വികാരം പൊതിഞ്ഞുനിന്നു
ഏഴല്ലെഴുന്നൂറ്വര്‍ണ്ണങ്ങള്‍ ചാലിച്ച
ഏതോ കാലത്തിലലിഞ്ഞുചേര്‍ന്നു
ആരോവന്നെന്‍ചുമല്‍ തൊട്ടുവിളിക്കവേ
കൊട്ടിയടച്ചൊരാ സ്വപ്ന വാതില്‍
പൊട്ടിചിരിച്ചൊരുതെന്നല്‍പറന്നുപോയ്‌
ഞെട്ടിത്തിരിഞ്ഞുഞാന്‍ നോക്കുന്നേരം
ഓര്‍ക്കാന്‍ കഴിന്നില്ലെനിക്കൊന്നുമേ
ഇക്കണ്ടാതെന്തു മറിമായങ്ങള്‍

ശവദാഹം

തര്‍ക്ക വിതര്‍ക്കങ്ങളും
വില പേശലുകളും
കരാറുകാരും ,ദിവസക്കൂലിക്കാരും
ഇഷ്ട്ടാനിഷ്ട്ടം തിരഞ്ഞെടുക്കാം
കച്ചവടമാണെങ്ങും
എന്തും ഏതും!
ധനസ്ഥിതിഅനുസരിച്ച്
നിലയും വിലയു മനുസരിച്ച്
ചന്ദനവും,അകിലും
വരടിയും,ഉണങ്ങിയമുളയും
പൊട്ടും,പട്ടുംസുഗന്ധ വ്യഞ്ജനങ്ങളും .
ഗതിയില്ലാത്ത ഒരു ദരിദ്രന്റെ ശവം
അവസാനം
മുളംതണ്ടില്‍കെട്ടിഗംഗയിലേക്കൊഴുക്കുന്നു
മനസ്സിലൊരു ചിതയെരിയുന്നു
കണ്ണുനീരിനാല്‍ അശ്രു പൂജ

2011, നവംബർ 23, ബുധനാഴ്‌ച

പ്രതീക്ഷ

വിശന്നു വീണാലും
വിഷം കഴിക്കില്ല
വിശ്വാസ മുണ്ടെങ്കില്‍
വിധിയേ പഴിക്കില്ല
കൊടിയ വേനലില്‍
കൊടി പിടിച്ചപ്പോഴും
കാരിരുമ്പഴിക്കുള്ളില്‍
കൂനിയിരിക്കുംപോഴും
കൂച്ച് വിലങ്ങിന്റെ
കണ്ണിയറുക്കുന്ന
കൊടിനിറമാണെന്റെ
കണ്ണിലും,മനസ്സിലും
നെടിയ നാളാവാം
നേരിന്റെ പന്തങ്ങള്‍
നിറന്നു കത്തുവാന്‍ -
എന്നിരുന്നാകിലും
വിരുന്നു വന്നിടും
വസന്ത മെന്നത്
വിശ്വമാകെയും
അത് കാലനിശ്ചയം

2011, നവംബർ 22, ചൊവ്വാഴ്ച

യോഗി

വാക്കിനു മൂപ്പിന്റെ മുഴക്കവും
നോക്കുന്ന കണ്ണില്‍ കടലാഴവും
കരളില്‍ കരിമ്പിന്‍ മധുരവും
വൃത്തത്തിലൊതുക്കാന്‍ കഴിയില്ല
വൃതത്തിനെ .
ഭോഗിക്ക് കഴിയില്ല
ത്യാഗിയായ് തീരുവാന്‍
യോഗിയായ് തീരണേല്‍
ത്യാഗിയായ് മാറണം

അറവ് മുട്ടി

ഉരല് പോലെ
ഉടലെങ്കിലും
ഉപരിതലം വെട്ടി നുറുക്കി
അറവുകാരന്റെ മുഖം പോലെ
പരുപരുത്തതെങ്കിലും
ഭയ സംഭ്രാന്തിയുടെഓളപ്പാച്ചിലാണ്
മനസ്സിലെന്നും
ഉമിനീര്കുമിയുന്ന ബലിമൃഗത്തിന്റെ
വായപോലെ
മുട്ടിയുടെ പാര്‍ശ്വത്തില്‍
ചോരച്ചാലുകള്‍
അറവു മുട്ടിക്കും പറയാനുണ്ട് കഥകളേറെ
ക്രൂരതയ്ക്ക് കൂട്ട് നില്‍ക്കുന്നതിന്റെ
കുഴിഞ്ഞ്,കുഴിഞ്ഞ്ഒരു ജന്മം
തീരുന്നതിന്റെ

2011, നവംബർ 12, ശനിയാഴ്‌ച

കാഴ്ച്ച

ആനമയക്കികള്ള് കുടിച്ചിട്ടച്ഛനകത്ത് കിടപ്പുണ്ട്
പട്ട കുടിച്ചു കറങ്ങി നടക്കും ഏട്ടന്‍ പട്ടണ -
മൊട്ടാകെ
അമ്മ മഹാമുനി , വണ്ടിക്കാള
ജീവിത ഭാരം പേറുന്നു
കേള്‍ക്കാം ഒരു മകള്‍ ,ഒരു പെങ്ങള്‍-
റോട്ടില്‍,വീട്ടില്‍ ഇരവില്‍,പകലില്‍
കാമാന്ധതയുടെ കഴുക കൊക്കുകള്‍
കൊത്തും ദീന വിലാപങ്ങള്‍
ആരുണ്ടിവിടെ തടയാന്‍
അരുത് നിഷാദ അരുത് ,
അരുതരുതരുതെന്നോതീടാന്‍
മാനംവിറ്റ്മാളികപണിതോര്‍
മനസ്സില്‍ മതിലുകള്‍ തീര്‍ക്കുമ്പോള്‍
പട്ടിണി പടിയേറീടിന വീട്ടില്‍
ഇറയില്‍ തൂങ്ങും കയര്‍ കാണാം
ആരുണ്ടിവിടെ തടയാന്‍
അരുത് നിഷാദ അരുത് ,
അരുതരുതരുതെന്നോതീടാന്‍
അമ്മപ്പാല് കുടിച്ചൊരു മാറ്
മുറിച്ചു മുഴക്കും ജയഭേരി
ഉയിരിന്‍ പാതി പതിയോ പത്നിയെ
പാതി വഴിയില്‍ വില്‍ക്കുന്നു
ആരുണ്ടിവിടെ തടയാന്‍
അരുത് നിഷാദ അരുത് ,
അരുതരുതരുതെന്നോതീടാന്‍

ഇച്ഛാഭംഗം

ആശിച്ചിരുന്നു ഞാന്‍
കണ്മുനകൊണ്ടൊരു
കവിത കുറിക്കുവാന്‍
പച്ച ഞരമ്പിന്റെ പുസ്തകത്തില്‍
മയില്‍പ്പീലി തുണ്ട് പോല്‍ സൂക്ഷിച്ചു വെയ്ക്കുവാന്‍
പെറ്റു പെരുകുന്നോരോര്‍മ്മ കളായെന്നില്‍
ഹൃദയത്തിന്‍ തന്ത്രിയില്‍ വര്‍ണ്ണങ്ങള്‍ -
ചാര്‍ത്തുവാന്‍
ഇച്ഛിച്ചതല്ലെന്നില്‍ അര്‍പ്പിതമായാത്
ആശകളായിരം ബാക്കി കിടക്കുന്നു
അസ്തമനത്തിന്റെ പുസ്തകതാളില്‍
ഇനിയെന്ത് കവിത ഞാന്‍ കുത്തിക്കുറിക്കേണ്ടു

ലാഭം

കല്ല്യാണം അവനു കച്ചവടമായിരുന്നു
കാശു മുടക്കാതെ കീശ വീര്‍പ്പിക്കാനുള്ള -
ഒരുപായം
കുറച്ചു കഴിയുമ്പോള്‍ കുറ്റംപറഞ്ഞ് ഒഴിവാക്കാം
തന്നപണം തിരിച്ചുകൊടുത്ത് തൊന്തരവൊഴിവാക്കാം
പുതുതായൊന്നു കെട്ടിയാല്‍
പണം കൂടുതല്‍ കിട്ടും
പലിശയില്ലാ പണം കൊടുത്താലും
ലാഭം തന്നെ

2011, നവംബർ 4, വെള്ളിയാഴ്‌ച

മേലെ ആകാശം താഴെ ഭൂമി

ഭൂമിക്കു അതിരുണ്ടായിരുന്നു
അതിരിന് എതിര്‍ നിന്നുപോലും ആശ!
കടലിനക്കരെ നിന്നു ഒരു കിളി നാദം:
സ്വര്‍ഗ്ഗ തുല്യമായ ഒരു സ്വപ്ന രാജ്യവുമായി
ഞങ്ങള്‍ വരുന്നു
കച്ചയഴിച്ച്,ഉടവാളൂരിയെരിഞ്ഞു
കാലിനുള്ളിലേക്ക് വാലുംമടക്കി കാത്തിരുന്നു
വന്നവര്‍ വന്നവര്‍ വെളുക്കെ ചിരിച്ച്
വെറുംവാക്ക്‌ ചൊരിഞ്ഞവര്‍
വായ്നിറയെ അപ്പവുമായി തിരിച്ചുപോയി
സ്വര്‍ഗത്തിലേക്കുള്ള വഴിയും
സ്വപ്നവും കണ്ടിരിക്കയാണിന്നു നാം
തൊഴിലില്ലാതെ ,ഭക്ഷണമില്ലാതെ
മേലെയാകാശവും ,താഴെ ഭൂമിയുമായി

രാത്രിയും,പകലും

കുന്നത്തെ ഷാപ്പില്‍ നിന്നു
കള്ളുംകുടിച്ച്
രാത്രിയിറങ്ങുന്നു
പകലിന്റെ വിളക്കൂതി
ഭൂമിപ്പെണ്ണിനെ വാരിപ്പുണര്‍ന്നു
അവളുടെ തുടുത്ത കവിളിലും
നിറഞ്ഞ ചുണ്ടിലും പരതി നടന്നു
അവളവനേയും കെട്ടിപ്പിടിച്ചു
കൈകൊണ്ടും,കാലുകൊണ്ടും,ശരീരം കൊണ്ടും
കാറ്റും,മഴയും രതി ലഹരിയായ്
പെയ്തിറങ്ങി
എല്ലാം കഴിഞ്ഞ്
അവര്‍തളര്ന്നകന്നു ചരിഞ്ഞു കിടന്നു
രാത്രിയും,പകലുമായി

സമ്മാനം

കാമാനകളെ നിഷേധിച്ചതിനു
കാമാന്ധതയുടെ കൊത്തി വലിക്കല്‍
വന്യതയുടെ ചുഴികളില്‍
വികാരത്തിന്റെ വേലിയേറ്റം
ഒരു വെള്ളരി പ്രാവുകൂടി ചിറകറ്റു വീഴുന്നു
കൃഷ്ണ മണികളിലേക്ക്കരാളസര്‍പ്പം കൊത്തുന്നു
കൈകാലുകള്‍ തളര്‍ന്നു ഞാന്‍
കണ്ഠം തുറക്കാനാവാതെ
കുരുക്കില്‍ പെട്ട് പിടയുന്നു
യാചനയുടെ കൈകള്‍ നിന്നില്‍നിന്നു മുയരുമ്പോള്‍
ദയവറ്റിയ കർണ്ണത്തി ലേക്കാണ്
ദയനീയ നിലവിളി എത്തുന്നത്
സാന്ത്വനത്തിന്റെ ഒരു നോട്ടം പോലുമെനിക്ക്
നേട്ടമായ്‌ നിനക്ക് നല്‍കുവാന്‍ കഴിഞ്ഞില്ല
ഒരു വട്ടം കൂടി തുറക്കുമോ നീ കണ്ണുകള്‍
മരിക്കും മുന്‍പ് നിനക്ക് എന്റെ വക
ഒരു മുറിവുകൂടി സമ്മാനം

കണ്ണീര്‍ വാസം

ഞാന്‍ നിഴലുകളെ പിന്തുടരുന്നവന്‍
പ്രകാശത്തിനു പിന്തിരിഞ്ഞു നടക്കുന്നവന്‍
കഴിയില്ല യിനിയും പാഴ്വാക്ക് കൊണ്ടൊരു -
പാലം പണിയാന്‍
സ്നേഹത്തിന്റെ പുഴയെന്നേ വറ്റി
സ്വാതന്ത്ര്യത്തിന്റെ വന്‍കര എങ്ങോ-
ലയിച്ചു
മുള്‍ക്കാടുകളില്‍ പെട്ടുപോയ
മുയലിന്റെ പ്രാണഭയം
ആത്മാവിന്റെ ക്ഷുഭിത വിലാപങ്ങള്‍
മനസ്സ് പെയ്യാതെ വിങ്ങി നില്‍ക്കുന്നു
കല്ലറയിലെ കണ്ണീര്‍ വാസമോയെന്റെ വിധി
വരിമുറിഞ്ഞ ഉറുമ്പുകളെ പ്പോലെ
ചിതറിയ സ്വപ്‌നങ്ങള്‍
ചിന്തയുടെ ചീളുകള്‍ തെറിച്ചുവന്നു
ശിരസ്സുപിളര്‍ന്നു അപ്പുറത്തേക്ക് പോകുന്നു

ആടും,ചെന്നായയും

അജങ്ങ ളുടെ നേതാവ്
ഗജപീഠത്തില്‍ കയറി നിന്നു
ചെന്നായയുടെ ചോര ക്കൊതിക്കെതിരെ
ഉള്‍ക്കരുത്തുള്ള ഉറവയില്‍ നിന്നെന്നപോലെ
വാക്ധോരണി പ്രവഹിച്ചു
പ്രത്യാശയുടെ ഞാറ ക്കൊക്കുകള്‍
പലപാടും പാറി
നക്ര ഗേഹത്തിലേക്ക്നയിക്കുന്നതെന്ന്
ആരുമറിഞ്ഞിരുന്നില്ല
ആർത്തിയുടെ ഉപ്പു രസം
ഉമിനീരായ് ഇറ്റിയത് ആരും കണ്ടിരുന്നില്ല
കടവായിലെ രക്തപ്പാട്
ആരും ശ്രദ്ധിച്ചിരുന്നില്ല
ആട്ടിന്‍ തോലിന്റെ സൌമ്യതയിലെ
ചെന്നായ ക്കണ്ണുകള്‍ ആരും കണ്ടിരുന്നില്ല
അജഗണങ്ങളുടെ എണ്ണം കുറഞ്ഞു കൊണ്ടേയിരുന്നു
അജങ്ങ ളുടെ നേതാവ് കൊഴുത്തു കൊണ്ടും !

കാറ്റ് പറഞ്ഞത്

കളി വാക്കു മായ്കാറ്റ് മെല്ലെ നീങ്ങി
ഇരുട്ടിലുറങ്ങിയ മണ്ണിനും ,മരത്തിനും -
മുകളിലൂടെ
നദിയോട് കാറ്റ് കളിവാക്കു പറഞ്ഞു
ഓളങ്ങളുടെമറു ഭാഷ കേട്ട് കാറ്റ് നദി കടന്നു
ഓല മേഞ്ഞ പഴകിയ വീട്ടില്‍ നിന്നൊരു ശബ്ദം -
കാറ്റിനെ തടഞ്ഞു നിര്‍ത്തി
കാറ്റിന്റെ ചുണ്ടില്‍നിന്നും കളിവാക്കടര്‍ന്നു വീണു
കാറ്റിന്റെ കരള്‍ മുറിച്ചുകൊണ്ട് തീവ്രമായ വേദനയുടെ -
ശബ്ദം തപ്പി തടഞ്ഞു
ഭാരിച്ചൊരു വേദന കണ്ട കാറ്റ്
പേടിച്ചു പുറത്തിറങ്ങി
കാറ്റ് കണ്ടത് ഇരുട്ടിനെ മുറിച്ചുകൊണ്ട്‌
എല്ലാവരോടും കരഞ്ഞു പറഞ്ഞു
കേട്ടവരെല്ലാം കളിവാക്കു പറഞ്ഞ്‌
തിരിഞ്ഞു കിടന്നു