malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017, ഫെബ്രുവരി 26, ഞായറാഴ്‌ച

പ്രണയത്തെ ഗർഭംധരിച്ചവൾ




പ്രണയത്തിന് ശബ്ദമില്ല
മൗനമാണ് പ്രണയം
സ്വപ്നങ്ങൾക്ക് അതിരില്ലാത്ത -
സ്വാതന്ത്ര്യം പ്രണയത്തിനു മാത്രം
കനവിലും നിനവിലും അവർ രണ്ടു
പേർ മാത്രം
ആഴങ്ങളുടെ ഗന്ധമുള്ള മഴവിൽ
പാടകളാണ് പ്രണയം
പാറയിൽ കൂടുക്കൂട്ടിയ ഒരുവിശ്വാസം
അവന്റെ മൂകതയുടെ ഭാരംമുഴുവൻ
എന്നിൽകനക്കുന്നു
എന്നിട്ടം; കൂടുവിട്ടു കൂടുമാറിയ
പക്ഷിയാണവൻ
പ്രണയം ഉപേക്ഷിക്കപ്പെട്ടകൂട്ടിലെ
ചത്തൊരുജന്തുവായിട്ടും
പ്രണയത്തെ ഗർഭംധരിച്ചൊരു
കന്യകയാണുഞാൻ

കിണർ




കഴുകി തുടച്ചച്ചില്ലു ഗ്ലാസ്
കടലുനീങ്ങിയ കയത്തിൽ നിന്നും
കണ്ടെടുക്കപ്പെട്ട ഒരു കര
പറന്നു കളിക്കുന്നുണ്ട് വെയിലിന്റെ
തുമ്പികൾ
വെളിച്ചത്തിന്റെമുട്ടകൾ തോടുകളുടച്ച്
ചെറുചിറകുവിടർത്തി പുതുകരയി-
ലേക്ക്പറന്നിറങ്ങുന്നു
മഴകനക്കുംനാളുകളിൽ കണ്ണാടി.
ഇപ്പോൾ, മരണമായ് മലർന്നുകിടക്കുന്നു.
വെള്ളമില്ലാത്തകിണർ വേദനയും -
സ്നേഹംവറ്റിയ ഹൃദയവുമാകുന്നു

ചൂണ്ട




ആയത്തിൽ, ആക്കത്തിൽചൂണ്ട -
വലിക്കാനറിയുന്ന ചിലരുണ്ട്
ചൂണ്ടൽവിഴുങ്ങിയാൽപോലും
പിടികൂടാൻ കഴിയില്ലെന്നറിഞ്ഞിട്ടും
അവർചൂണ്ടലിറക്കിയിരിക്കും.
അപ്പോൾ പഴയകഥയിലെ കൊറ്റിയുടെ
ഓർമ്മതികട്ടിവരുന്നുണ്ടാവും.
ചിലതുണ്ട്;കുടുങ്ങാതിരിക്കാൻ
കഴിയുമായിരുന്നിട്ടും
പെട്ടെന്ന് വന്ന്കുടുങ്ങും
അവ തുമ്പിച്ചിറകുകൾ കീറുന്നതുപോലെ
ഒറ്റപ്പിടച്ചലിൽതീരും.
ചിലമീനുകൾ കൊത്തുന്നതേയില്ല
തുമ്പികളെയിളക്കുന്ന,യിരമ്പംപോര
ഇവയെ,യിളക്കാൻ
മറ്റു ചിലതുണ്ട്;പാറ്റയെകൊത്താറില്ല
ഞാഞ്ഞൂളിനെകോർക്കണം.
സൂക്ഷിക്കണം, മുകൾപരപ്പിലേക്കിറ
ങ്ങുമ്പോൾ.
കൊറ്റികളും, മീൻകൊത്തികളും
കാത്തിരിപ്പാണ്ചുറ്റും.

തികട്ടുന്നത്



മോഹമുണർന്നപെണ്ണിനെ
പ്പോലെ
മഞ്ഞിൽ കുളിച്ച് മലർന്നു
കിടക്കുന്ന
വിളഞ്ഞുവീർത്ത പുഞ്ചപ്പാടം.
പായ്യാരംപറഞ്ഞ് പാഞ്ഞു
പോകുന്ന,യീറൻകാറ്റ്
ഇരുട്ട്കീറി,യാടിയാടിവരുന്ന
ഓലച്ചൂട്ട്
എല്ലാംഅയവിറക്കാനുള്ള തികട്ട -
ലുകളായി.
ഇന്ന്; ആകാശംകാണുന്നമേൽക്കൂ -
രയ്ക്കുതാഴെ
കണ്ണീരണിഞ്ഞ്കിടക്കുമ്പോൾ
ഇല്ലാത്തമണ്ണിൽനിന്ന്
ഇല്ലാത്തവേരിലൂടെ
ഇല്ലാത്ത,യിലയിൽനിന്ന്
ഇറ്റിറ്റുവീഴുന്ന ഒരുതുള്ളിവെള്ളം
ഞാൻസ്വപ്നംകാണുന്നു
നാളെ;എങ്ങനെശ്വസിക്കും ?!

മതമുള്ള്



മതത്തിന്റെ മുള്ളു മതിലി-
നപ്പുറവും, യിപ്പുറവും
അവനും അവളും.
അവർ സ്നേഹത്തിന്റെ
ചെറുകണികകളാൽ
പ്രണയ രാജ്യം പണിഞ്ഞവർ
അവനെ കാണുന്ന മാത്രയിൽ
അവൾ പൂക്കുന്നു
ചില്ലയും, മേനിയും നിറയെ
കുളിരുന്നു.
മുള്ളുമതിലിനിടയിലൂടെ
അവർ ശരീരത്തെ,യറിയുന്നു
ഓർമ്മക്കുറിപ്പുകൾ പോലെ
നഗ്നതയിൽ കൈയ്യൊപ്പ്
ചാർത്തുന്നു
അവർ സംസാരിച്ചുകൊണ്ടേയി-
രിക്കുന്നു
എല്ലാം മറന്ന് ചുംബിച്ചുകൊണ്ടി
രിക്കുന്നു
മുള്ളുമതിലിൽ ചുവന്ന പൂക്കളായ്
പൂത്തുനിൽക്കുന്നു
ചിത്രക്കലണ്ടറായ് തൂങ്ങിയാടുന്നു
അടർന്നു വീഴുന്ന ചുവന്ന ദളങ്ങളെ
മുള്ളുമതിൽ നക്കിക്കുടിച്ചു കൊണ്ടി
രിക്കുന്നു

നാട്ടുപാട്ട്




തെയ്തെയ്തോം തെയ്തെയ്തോം
തകതകത തെയ്തെയ്തോം
കേള്കേള് കേള്കേള് മാളോരെ
കേള്കേള്
എങ്ങളുടെകണ്ടങ്ങൾ എവിടെവിടെ
മാളോരെ
എങ്ങളുടെഞാറ്റടിയും എവിടെവിടെ
മാളോരെ
ഏനുഴുത് നട്ടുനനച്ച് വിതകൊയ്തു
മെതിച്ചുപൊലിച്ച
പത്തായംപെറ്റുപെരുകിയ
മേക്കണ്ടം എവിടെവിടേ
തമ്പാനും തമ്പാട്ടീം തന്തോയംനട്ടുവള
ർത്തിയ
മേക്കണ്ടംഎവിടെവിടേ മാളോരേ
എവിടെവിടെ
തെയ്യം,തിറയാടിയകാവും, തറവാടും
തിരുമുറ്റങ്ങളും
തരുപൂത്തുതളിരുതിരണ്ടൊരു നാടെവിടെ
മാളോരേ
കൂവലിലെകുളിരെവിടെ കുളിർകോരും
പെണ്ണെവിടെ
വെള്ളരിതൻതടമെവിടെ പാവയക്ക കോന്നെവിടേ
എവിടെവിടെമാളോരേ കാടെവിടെപുഴയെ
വിടെ
കണ്ണിമാങ്ങച്ചുനയെവിടെ, കൊന്നപ്പൂ നിറമെവിടെ
നേരെവിടെനെറിയെവിടെ സ്നേഹത്തിരി
നിറവെവിടെ
എവിടെവിടെമാളോരെ എവിടെടെവിടെ
എവിടെവിടെ
മലയാളക്കരയെവിടെ മലയായ്മയുമിന്നെ
വിടെ
തെയ്തെയ്തോം തെയ്തെയ്തോം
തകതകത തെയ്തെയ്തോം

2017, ഫെബ്രുവരി 20, തിങ്കളാഴ്‌ച

പീഡനം




തീൻമേശയിലെ
പാത്രത്തിൽ നിന്നും
വെളിയിൽചാടാനുള്ള
മാംസത്തിന്റെ വ്യഗ്രത
ഗ്ലാസിൽനുരയുന്ന ക്ലബ്ബ്സോഡ_
യ്ക്ക് രക്തഛവി
മുട്ടുകാലിലിഴയുന്ന ആമിഷത്തെ
സ്പൂണും, ഫോർക്കു,മുപയോഗിച്ച്
കടിച്ചുകീറുമ്പോൾ
കടവായിലെ ഒലിച്ചിറങ്ങിയരക്തം
ആവപനംനിറഞ്ഞുതുളുമ്പി -
പരന്നൊഴുകി.... യൊഴുകി

കരാർ




വിവാഹം കമ്പോളത്തിലെ
ചരക്കാകുമ്പോൾ
ഉടമ്പടിയിൽ
അടയാളപ്പെടുത്തിയത്:
ബന്ധങ്ങൾ കെട്ടപ്പെടാം
കടുങ്കെട്ടാവരുത്
ലക്ഷങ്ങളിറക്കാം
ലക്ഷണ,മൊത്തതെന്ന്
അനുശാസിക്കരുത്
അടുക്കളയിലാവിയായി
അനാഥമാവുകയല്ല
സനാഥനത്തിന്റെ, യർത്ഥം

കരട്




ശാഖോടകത്തിന് മറഞ്ഞു നിന്ന്
കരയുന്ന ചേച്ചി
കണ്ണിൽ കരട് പോയെന്ന് പറഞ്ഞു
പയ്യിന്റെ പിന്നാലെ പോയ
കരോടിനെയെറിയുമ്പോൾ
വിറകൊടിക്കുന്ന, മ്മയുടെ കണ്ണിലും
കരടുപോയി
അച്ഛ, നോ ഫീസിലെ, യേ തോ രേഖയുടെ
കരട് തയ്യാറാക്കുന്ന തിരക്കിലാണ്
രാവിലെ കുളക്കടവിൽ വെച്ച്
അയൽവീട്ടിലെ ചേട്ടൻ
ചേച്ചിയോട് പറഞ്ഞു:
ചെക്കൻ കണ്ണിലെ കരടാണ്

ദൈവം തെരുവിൽ ....?




വിലക്കപ്പെട്ട കനി ഭക്ഷിക്കരുതെന്ന്
ദൈവം കൽപ്പിച്ചു
വിലക്കപ്പെട്ടതിന് വിലയേറെയെന്ന്
മനുഷ്യൻ പ്രതിവചിച്ചു
സൃഷ്ട്ടി, യുദാത്തമെന്ന്
ദൈവം വിശ്വസിച്ചു
സംഹാരമാണ് ലക്ഷ്യമെന്ന്
മനുഷ്യൻ പ്രതിജ്ഞ ചെയ്തു
കരുണ വറ്റിയോ ദൈവം പരിതപിച്ചു
അതിന് കാന ജലത്തിന്റെ വില പോലും
കൽപ്പിച്ചില്ല
കലികാലം വരുമെന്ന് ശപിച്ചപ്പോൾ
കലിപൂണ്ട ജനം
ദൈവത്തെ വളഞ്ഞു പിടിച്ച്
തല വെട്ടിമാറ്റി ആർത്തട്ടഹസിച്ചു.
തെരുവിൽ ഉടലില്ലാത്ത തല
ഉരുവിട്ടു കൊണ്ടിരുന്നു
ശാന്തി ...., ശാന്തി... 

ഓർമ്മകൾ കഴുത്തു നീട്ടുമ്പോൾ




അത്താഴത്തിനുശേഷം,
മുറ്റത്തെ ചെറിയ ചെറിയ നടത്തങ്ങളെ
യേച്ചുകൂട്ടി
ഞാൻവലിയൊരു യാത്രപോകുന്നു
ഒഴുകിയെത്തുന്നത് പുഴയോരത്തല്ല
മറ്റൊരുകാലത്തിൽ
ഓർമ്മകൾ, എത്താത്തഉച്ചിയിലെ
നാലഞ്ചിലകളെപ്പോലെ കഴുത്തുനീട്ടുന്നു
മൃഗതൃഷ്ണയുടെ കാടുമൂടിയകൊല-
നിലങ്ങളിൽ
കുളമ്പടിയുയരുന്നു
വാക്കും,നാക്കുമായി തലഊരുചുറ്റുന്നു
വേട്ടപ്പട്ടിയെപോലെ അവസാനത്തെ_
കുരുതിയും തേടിയലയുന്നു
പെട്രോൾ, പഴന്തുണി, പന്തങ്ങൾ, _
കൂർത്തകല്ല്, കമ്പുകൾ, കൊമ്പുകൾ
വാരിക്കുന്തങ്ങളിൽവിരിയുന്ന ചോര -
പ്പൂക്കൾ.
പാതശൂന്യമാകുന്നു
വിജനതവീർപ്പുമുട്ടുന്നു
ഓർമ്മകളുടെധമനിപൊട്ടി ചോര -
വാർന്നൊലിച്ച് മരണാസന്നയായി
പിച്ചിച്ചീന്തപ്പെട്ട ഒരുപെൺകുട്ടി
പത്രത്താളിൽമലർന്നു കിടക്കുന്നു
അവളുടെമിടിപ്പുകൾ കണ്ടെടുക്കാൻ -
കഴിയാത്ത
ഒരുസ്റ്റെതസ് സ്കോപ്പാണ് യെന്റെ - ഹൃദയം
കണ്ണീരിറ്റിയകവിതയുടെചൂടേറ്റ് കടലാസ്
കരിഞ്ഞുപോയി
കുഴൽവാദ്യംപോലെയാണ് ഓർമ്മകൾ
സുഷിരങ്ങൾമാറിമാറി എത്രവട്ടം -
പല്ലവിയിലെത്തിയാലും
മുന്നോട്ട്.... മുന്നോട്ട്

അധികാരം



അക്ഷരങ്ങളെചേർത്തുവെച്ച്
വാക്കുകളും
വാക്കുകളെചേർത്തുവെച്ച്
കവിതയുമാക്കി
കവിതയായപ്പോൾ കൈവിട്ടു
പോയി
വളർത്താനായാലും, തളർത്താ
നായാലും
അധികാരം ഞങ്ങൾക്കെന്ന്
കവിതയെ കക്ഷത്തിരുത്തി
അവർ വിളിച്ചു പറഞ്ഞു

സമ്പാദ്യം




വിശപ്പെന്തെന്നറിയാത്ത
പട്ടിണിയെന്തെന്നറിയാത്ത
മണ്ണിൽകാലുകുത്താത്ത
മുദ്രാവാക്യംവിളിക്കാത്ത
സ്വാതന്ത്ര്യദിനവും,റിപ്പബ്ലിക്
ദിനവും
ഒഴിവുദിനമായി മാത്രംകാണുന്ന
നിങ്ങൾക്കൊന്നുമറിയില്ല
അവസാനകാലത്ത്ശല്യമായി
 കരുതുന്ന അച്ഛനമ്മമാർ
വിശന്ന്,പട്ടിണികിടന്ന്
മണ്ണിൽമുദ്രാവാക്യം
മുഴക്കിയാണ്
വളർത്തിവലുതാക്കി
വൃദ്ധസദനത്തിൽ
തള്ളാനുള്ളകെൽപ്പ്
നിങ്ങൾക്ക് സമ്പാദിച്ച്
 തന്നതെന്ന്



ജൈവ പ്രണയം




ജൈവപ്രണയത്തോടാണെ-
നിക്ക്പ്രീയം
മാർക്കറ്റിലെ മസാലപ്രണയം
പഥ്യമല്ല
രാസവളപ്രയോഗത്തിൽ
മിനുത്ത്കൊഴുത്ത് കൊഞ്ചി
കുഴയുന്നതല്ല,യെന്റെ പ്രണയം!
കാഴ്ച്ചയിൽകൊലുന്നനെഅല്പം
നിറംകെട്ട്
മുഖക്കുരുവിന്റെകറുത്തു നേർത്ത
പാടുള്ള പ്രണയം.
വിൽപ്പനച്ചരക്കല്ല,യെന്റെ പ്രണയം
വിരലോട് വിരൽ ചേർത്ത് നുള്ളിയുണ
ർത്താനും
തഴുകിതലോടി,യെന്നും ചേർത്തു
 നിർത്താനും.
എന്റെ പ്രണയത്തിന്റെവെള്ളവും
വളവും ഞാൻതന്നെ.
ചിലരുണ്ട്;  രാസവളത്തിന്റെരസങ്ങൾ ചേർത്ത്
വേണ്ടതിലധികംവളർത്തി,പടർത്തി
കനപ്പിച്ചും കൊഴുപ്പിച്ചും
കൊതിപെരുപ്പിക്കും കഴ്ച്ചയാക്കി
കൈമാറി കാശു കൊയ്യുന്നവർ

2017, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ താഴ്വര




തെരുവുതോറുംപാടി നടക്കുന്ന
ഏകാകിയായൊരു പ്രണയിനിയാണ്
കാറ്റ്.
എന്റെപെണ്ണ് ആ താഴ്വരയിലുണ്ട്
കരളിൽ പ്രണയത്തിന്റെകനൽ അനലു
ന്നുണ്ട്
ചാരമേഘങ്ങളെ ചരിഞ്ഞുനോക്കി
ആകാശനീലിമയിലേക്ക് ചുവന്നപൂവായ്
വീശിനിൽപ്പുണ്ട്.
കൈവഴികളായൊഴുകിവന്ന് പതഞ്ഞുപുൽക്കുന്നു സമുദ്രമായ്
ഞങ്ങൾചുംബിച്ചുചുവക്കുന്നു
വാനമായ്.
പ്രണയത്തിന്റെഉദ്യാനത്തിൽ
എല്ലായിരുണ്ടതുരങ്കങ്ങളുംഅകന്നു -
പോകുന്നു.
സൂര്യനായ്ജ്വലിച്ചുനിൽക്കുന്നുചുംബനം
മേഘമായ്വാരിപുണരുന്നു
മോഹവല്ലിയായവൾ പൂത്തുപടരുന്നു
മാറിൽ
അവൾതൻനിമ്നോന്നതങ്ങളിൽ
മൂകംപരതുന്നവണ്ടുഞാൻ.



കറുപ്പ്



കറുപ്പിന്റെ കഥപറയുമ്പോൾ
നിങ്ങളെന്താണ് അറച്ചുനിൽക്കുന്നത്
വെറുപ്പ്കിനിയുന്നത്!
മണ്ണിന്റെസിത്താറായി മധുരംവിളമ്പു -
വോര,വർ
നിന്റെചിന്തയ്ക്ക് വളമവർ
വളർച്ചയ്ക്ക് ജലമവർ
നിന്നെയെന്നും നിലനിർത്തും
കാളയും, കലപ്പയും, മണ്ണിരയുമവർ
എന്നിട്ടും, കറുപ്പിന്റെ കഥ പറയുമ്പോൾ
നിങ്ങളെന്താണ് അറച്ചു നിൽക്കുന്നത്
വെറുപ്പ് കിനിയുന്നത്!
അധികാരത്തിന്റെ അപ്പക്കഷ്ണം
വെള്ളിത്താലത്തിൽ വെച്ചുതന്നതവർ
അവരൊഴുക്കുംവിയർപ്പിൽ വിളഞ്ഞു
നിൽക്കുംനീ
കത്തിനിൽക്കുംനിന്റെ കാമത്തിനും
പഥ്യംകറുപ്പ്
എന്നിട്ടും; ........!

2017, ഫെബ്രുവരി 16, വ്യാഴാഴ്‌ച

നരകത്തിലേക്കുള്ള പാത



ഒലീവിലയുമായിവരേണ്ടഒരു വെളുത്ത -
പ്രാവ്
വെടിയുണ്ടയുമായിവരുന്നു
മൃഗത്തിന്റെപേരിനെചൊല്ലി
മൃഗീയതഭരിക്കുന്നു
കാനേഷുമാരിയിൽ കവിതയെഴുതിയ -
വന്റെ കണക്കുമാത്രമെടുക്കുന്നു.
ഞാനൊരുപഴയപുഴയെന്ന് പൊട്ട -
ക്കുണ്ടുകളും, ഉരുളൻകല്ലുകളും
കാടുകുടിയൊഴിഞ്ഞുപോയ കുന്നുക _
ളുടെപള്ളകളിൽ
പാതാളത്തിലേക്കുള്ള പാതവെട്ടുന്നു -
ഭരണാധികാരികൾ
നാടുനീളെനിങ്ങൾനാരകംനടുക!
നരകത്തിലേക്കുള്ള പാതതെറ്റാതിരിക്കും
കാടില്ലാത്തതിനാൽ മൃഗങ്ങളെല്ലാം
നാട്ടിലിറങ്ങി സാധാരണജീവിതംനയി_
ച്ചുതുടങ്ങി
മനസ്സിൽനട്ടുവളർത്തിയ കൊടുങ്കാട്ടിൽ
മനുഷ്യൻആയുധത്തിന് മൂർച്ചകൂട്ടുന്നു
കണ്ണീരും,ചോരയുംകൊണ്ടെഴുതിയകവിത യ്ക്ക്
കാരുണ്യത്തിന്റെകിഴിവുണ്ടാകില്ലെന്ന്
തലസ്ഥാനംതുല്ല്യംചാർത്തി

ചരിത്രം



ചരിത്രത്തിന്റെതാളുകളിൽ
തിളയ്ക്കുന്നചോരയുണ്ട്
തളിർക്കുന്നകാമനയുണ്ട്
ചതിയുടെചിതുണ്ട്,ചിതയുടെ
ചതിയുണ്ട്
പ്രണയത്തിന്പടയോട്ടത്തിലേക്കു
ള്ളദൂരം
എന്നിൽനിന്ന് നിന്നിലേക്കുള്ളദൂര-
മെന്ന് ഞാൻകരുതുന്നില്ല!
കെട്ടിപ്പിടിക്കലുകൾ വെട്ടിപ്പിടിക്കുന്ന _
തിന്റെമുന്നോടിയായേക്കാം
കടൽകടന്നുവന്നവർ കടത്തിക്കൊണ്ടു -
പോയത്
കറുത്തപൊന്നും പഴമ്പുരാണവുംമാത്രമല്ല
മണ്ണും,പെണ്ണും,മാനവും,വാനവുമെന്ന്
ഇന്നുംനീയറിയുന്നില്ല
വഴിപിഴപ്പിച്ചതും,പിഴയടപ്പിച്ചതുംനിന
ക്കൊന്നുമറിയില്ല
ദുസ്വപ്നംകണ്ട് ഞെട്ടിയുണരുന്നചരിത്ര-
ങ്ങളൊന്നും
വഴിമാറിപോയിട്ടില്ല!
പുതുവിഭവമെന്നപേരിൽ വെള്ളിത്താല
ത്തിൽവെച്ച് നീട്ടിതരുന്നുണ്ട്ചിലത്
പശുവായും,പശിയായും
വാക്കിന്റെ വാളായും, നാക്കിന്റെനാരായ_
മായും
വസ്ത്രമായും,വടിവാളായും
ചരിത്രമറിയാൻ ഇനിയെങ്കിലും
ഇറങ്ങിവരണംനീ ചിതൽപുറ്റിൽനിന്ന്


2017, ഫെബ്രുവരി 11, ശനിയാഴ്‌ച

ഗ്രീഷ്മം




ഭൂമിവീണ്ടുകീറി ചൂടിന്റെചുരുളുകളുയരുന്നു
തണലിന്റെ മാളംതേടി വെയിലലയുന്നു
കാത്തുകാത്തുവെച്ചിട്ടും ഗർഭംഅലസി
പ്പോയ ഒരുമഴമേഘം
കുന്നിനപ്പുറം ചോരവാർന്നുകിടക്കുന്നു
മണ്ണിലോമാനത്തോ ഒരുതുള്ളിവെള്ളമില്ല
കൂനനെപ്പോലെ കൂനിയിരിക്കുന്നു കുന്നുകളും
പക്ഷികളും, മൃഗങ്ങളും മരിച്ചുകഴിഞ്ഞിട്ടും
ആശരീരങ്ങളിൽ വേതാളനൃത്തംചവിട്ടുന്നു ഗ്രീഷം.
സുന്ദരിയായയക്ഷിയാണ്ഗ്രീഷ്മം.
അവളുടെനോട്ടത്തിന് വാൾത്തലപോലെ
മൂർച്ച
വിജയത്തിന്റെ സംഗീതംഉടലുകളിൽ
സടകുടഞ്ഞ ആസക്തിയാൽ വസ്ത്രമുരിഞ്ഞ്
അവൾ ചിലന്തിയെപ്പോലെ ചുറ്റിവരിഞ്ഞ്
ചോരയൂറ്റുന്നു
സൂര്യകിരണങ്ങളുടെ ഉജ്ജ്വലശോഭയുള്ള
പുഷ്പചക്രംജഡങ്ങളിൽ ചാർത്തുന്നു

തെരുവ് വിയർത്തു നിൽക്കുമ്പോൾ




വിയർത്തുനിൽക്കുന്ന തെരുവിൻ
വിങ്ങിപ്പൊട്ടിനിൽക്കുന്നൊരു കുഞ്ഞ്
വെയിലിനെകുടിച്ച് വിളർത്തുവിളറിയ
നരച്ചക്യാൻവാസിലെ മുഷിഞ്ഞചിത്രം
പോലൊരുകുഞ്ഞ്
പള്ളയിൽതാളമിട്ട് പാട്ടിനെവരയ്ക്കുക
യാണവൾ
പശിയൊന്നുമാറ്റുവാൻ പിഞ്ചിയകുപ്പായ
ത്തിലെ
ജീവിതത്തെ തുന്നുകയാണവൾ
കാണികളേറെയുണ്ട് കാണാൻ
 നാണയത്തുട്ടിനായ് വിരിച്ചവിരിയിൽ
കാണിക്കയായത് കത്തിക്കരിയുന്ന
വിശപ്പ്മാത്രം
കാറിലിരുന്നൊരുകൊച്ചമ്മ ഊട്ടുന്നുണ്ട്
ശ്വാനനെ
ലിപ്സ്റ്റിക്കിട്ട്ചുവപ്പിച്ച ശ്രുതിചേർക്കുന്ന
ചുണ്ടുകൾ
പകർത്തുന്നുണ്ട് മൊബൈൽക്യാമറയിൽ
ലൈവായൊരു ജീവിതം
കുമിഞ്ഞുകൂടുന്നുണ്ട് ലൈക്കും,കമൻറും
വാഴ്ത്തുന്നുണ്ട് വാനോളം
കൺമുന്നിൽ തന്നെയെങ്കിലുംകാണുന്നില്ല
നാംകുരുന്നു ജീവിതം
കരുണയില്ലാകാലത്തെ നോക്കിയാബാല്യം
തെരുവ് പോൽവിയർത്തു നിൽക്കുന്നു

2017, ഫെബ്രുവരി 8, ബുധനാഴ്‌ച

സ്ത്രീ




വെളിച്ചത്തിന്റെ വണ്ടി കുതിച്ചുവരുമ്പോൾ
മയങ്ങുന്നമനസ്സിന്റെ ഭാരവുംപേറി
അവൾ മുടിവാരിക്കെട്ടുന്നു
യുദ്ധക്കളംപോലെ ചിതറിയപിഞ്ഞാണ ങ്ങളുടെ
അടുക്കളയാണുള്ളിൽ
ആരാലുംശ്രദ്ധിക്കപ്പെടാതെ എല്ലാവരുടേയുംആവശ്യമായി നാലുചുമ
രുകൾക്കുള്ളിൽതളയ്ക്കപ്പെട്ട ഒരുജന്മം
നിങ്ങൾശ്രദ്ധിച്ചിട്ടുണ്ടോ പാത്രങ്ങളുടെ -
പ്രണയം!
പിഞ്ഞാണവും, തവിയുംതമ്മിലുള്ള പൊട്ടി
ച്ചിരികൾ!!
മരണം നടന്നതു പോലെ മനസ്സ്.
പാത്രങ്ങൾ തേച്ച് മുരടിച്ച വിരലുകൾ
വടിച്ചുകീറിയ കൈവെള്ള
കൈകളിലാണ് എല്ലാംതുടങ്ങുന്നത്
കാമവും, കാൽപ്പനികതയും ,കുതിപ്പും
കിതപ്പും
ഒന്ന് ആശ്വസിക്കാൻ സ്നേഹത്തോടെ
ഒരു തലയണയെപ്പോലും കെട്ടിപ്പിടിച്ച്
കരയുവാൻ കഴിയുന്നില്ലല്ലോയെനിക്ക്.

2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

അരളിപ്പൂവ്




ഹൃദയത്തിൽ കൂട്ടിവെച്ച
കുഞ്ഞു സ്വപ്നങ്ങളെ
അവൾ നട്ടുവളർത്തി
കണ്ണീർജലം തേവിനനച്ച്
മോഹ പച്ചവിരിച്ചു.
കണ്ണിലെചില്ലുഭരണിയിൽ
രണ്ടു നക്ഷത്ര മീനുകൾ നട്ടുവളർത്തി
കണ്ണീരുപ്പു കൊറിച്ചാ മീനുകൾ
ഓടിനടന്നുകളിച്ചു
ഓർമ്മകളോളം തുള്ളുംരാവിൽ
ആശച്ചിറകുവിരിച്ചു
നാളിൻ ചില്ലകളോരോന്നായി
കൊഴിഞ്ഞു വീഴും നേരം
കാലം പലപലചിത്രം മുന്നിൽ
കോറിവരയ്ക്കുന്നേരം
നട്ടുവളർത്തിയ സ്വപ്നപ്പൂമരം
വേരുകളറ്റേപോയി
കണ്ണിലെ നക്ഷത്രപ്പൂ മീനുകൾ
പിടഞ്ഞുമരിച്ചേ പോയി
നട്ടുവളർത്തിയതൊക്കെയുമരളി -
പ്പൂവുകളെന്നവളറിയേ
മരണത്തിന്റെ പ്രതീകം പോലൊരു
അരളിപ്പൂവായവളും

പെയ്ത്ത്




പുതുമണ്ണിൻ ഗന്ധത്തിൽ
അവർ ഇഴുകിച്ചേർന്നു കിടന്നു
തികച്ചും പ്രാകൃതികമായമണം
അനാദികാലം തൊട്ടേ
ആണും പെണ്ണും ചേർന്ന
സ്ഥിത ബന്ധത്തിന്റെ ഗന്ധം
സന്തുഷ്ട്ടിയുടെ പാരമ്യത്തിൽ
അഗാധകയങ്ങളിൽ
ആകാശത്തിന്റെ ആഴങ്ങളിൽ
ഒരു പൊട്ടായവർ പറക്കുകയായിരുന്നു
നനഞ്ഞയിലയുടെ മർമ്മരങ്ങൾ
അവരിൽ നിന്നുമുതിർന്നു
കുളിച്ചുനിന്നചില്ലകളിൽ
മഴത്തുള്ളികൾ നക്ഷത്ര തിളക്കമായി
ചാരമേഘങ്ങൾ ചില്ലുജാലകത്തിലൂടെ
യെത്തിനോക്കി
മരച്ചില്ലയുടെ മർമ്മരയും പുതുമണ്ണിന്റെ
മണവും പേറി
ഒരു പെരുമഴയായവർ പെയ്തു 

കാവ്യനീതി




കറിക്കത്തിയാൽ കുറിച്ചിടുന്നു
ഞാനെന്നെ
കഴിഞ്ഞകാലത്തിൻബാക്കിപത്രമായ്
കൊണ്ടുപോകുവാൻ നേടിയില്ലഞാൻ
ഒന്നുമേ, യെന്നെതന്നെയും
വെയിൽകുടിച്ചു ഞാൻ
മഴതിന്നുഞാൻ
മൗനഗർത്തത്തിൽ പാർത്തുഞാൻ
പേർത്തും പേർത്തും വന്നുനിങ്ങളെൻ
കവിതതൻ കന്യാഛേദംനടത്തിയോർ
ഒരു കാട്ടിലിരുന്നും ഞാനിനി കവിത
യെഴുതില്ല!
നിന്റെ രക്തവും നിന്റെ രേതസ്സും ഈ
മണ്ണ് മുടിച്ചിടും
മരിക്കുന്നവന് മുഖവുരയെന്തിന്
പറയട്ടെ:
എന്റെരക്തം കൊണ്ട്  കുറിച്ചിട്ടയീകവിത
കന്യാഛേദം നടത്തിയവന്റെ
കണ്ഠമറുക്കും
ഇന്നല്ലെങ്കിൽ നാളെ ഇത് കാല (വ്യ) നീതി


നാടുവിടുന്നതിന് മുൻമ്പ്




സ്വന്തമാക്കുവാനെന്തുണ്ട് നമുക്ക്
സ്വന്തമെന്നു നാം കരുതിയതൊക്കെയും
സ്വന്തമല്ലെന്നറികനീ
നാം നമ്മേമണ്ണിൽനിന്നു കണ്ടെടുക്കുന്നു
മണ്ണിലേക്കു കൊടുക്കുന്നു
പിന്നെയെന്തിനായ്നീ മണ്ണിൽനിന്നവരെ
പിഴുതെറിയുന്നു
അവരുടെ കുടിലുകൾ ഭസ്മക്കൂമ്പാര
മാക്കുന്നു
അവരുടെ പെണ്ണിനെയക്രമിക്കുന്നു
അവരുടെ നിണപശിമയാൽ മണ്ണൊലിപ്പ്
തടയാമെന്നാശിക്കുന്നു
കൽപ്പനയുടെ കാട്ടാളത്വം കറുത്തവന്
ശവമഞ്ചമൊരുക്കുന്നു
നല്ലപിള്ള ചമഞ്ഞില്ലേൽ നാടുവിടാൻ
കൽപ്പിക്കുന്നു നാട്ടുപ്രമാണി
എവിടേയ്ക്ക്നാം പോകേണ്ടത്!
ആർക്കാണവിടം സ്വന്തം !!
നാടുകടത്തിയവരെല്ലാം
നാടു കടന്നത് ചരിത്രം
വിനോദയാത്രാവേളയിൽ വെറുതേ
മറിച്ചുനോക്കണമാചരിത്രത്താളുകൾ

2017, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

കത്തും മറുപടിയും



പ്രീയേ, കുറിക്കുന്നുരണ്ടുവാക്ക്
പ്രിയതരമാകും ഓർമ്മവാക്ക്
ദൂരെയീ,യേകാന്തശ്യാമനേരം
കാണാൻകൊതിയൂറും പ്രേമവാക്ക്
മാനസ്സക്കൂട്ടീലുരുമ്മിനിന്ന്
കൊക്കുരുമ്മുന്നുണ്ടിണപ്പിറാക്കൾ
ആരുമേകാണാതെ കാറ്റൊരുത്തി
മുട്ടിവിളിക്കുന്നുപാതിരാവിൽ
വാതിൽ തുറക്കില്ലയെന്നറീകേ
പിറുപിറുപ്പാലെ തിരിഞ്ഞിടുന്നു
ആറ്റുവക്കത്തെ മുളങ്കാട്ടിനുള്ളിൽ
ആറ്റുവഞ്ചിയുമായവൾ രാവുറങ്ങും
രാവു വെളുപ്പിന്റെ പൊട്ടുകുത്തേ
ആറ്റിൽ കുളിച്ചവളീറനോടെ
ഈവഴിയേമണ്ടും കൊച്ചുകള്ളി.
അയ്യേ! യെന്നോതിനീ പിൻതിരിയാൻ
ആയുന്നതു ഞാനറിഞ്ഞിടുന്നു
മഞ്ഞിൽകുളിച്ചുള്ള പൂവുപോലെ
നാണമുണരുന്നഞാനറിവൂ
                        (2)
പ്രീയാ,നിൻവാക്കുകൾ വായിക്കവേ
മൊട്ടിട്ടുപോയെന്റെ മോഹമുല്ല
വാരിപ്പുണരാൻ കൊതിച്ചു നിൽക്കും
വാരിളംചന്ദ്രികയായി ഞാനും
പാതിരാതെന്നലോ പാഞ്ഞുവന്ന്
കെട്ടിപ്പുണർന്നു മറഞ്ഞിടുന്നു
പൊട്ടിച്ചിരിയുടെനാദധാര
ഗാനവിപഞ്ചികമീട്ടിടുന്നു
മോഹമടങ്ങാത്തമോഹമെന്നിൻ

തുന്നിച്ചേർക്കുന്ന ജീവിതം



തുന്നിത്തീരാത്ത കുപ്പായമാണ്ജീവിതം
ജനിച്ചതുമുതൽമരണം സൂചിക്കുഴയിലൂടെ
നൂൽകയറ്റിരസിക്കുന്നു
മലർത്തിവെച്ച ജീവിതത്തുണിയിൽ
കഷ്ട്ടപ്പാടിന്റെകഷ്ണംകൊണ്ട്
ജീവിതരേഖയുടെ വെള്ളവരവരയ്ക്കുന്നു
പിന്നെപലപലവെട്ടിമുറിക്കലിലൂടെ
മരണംജീവിതത്തെതുന്നിതുടങ്ങുന്നു
കറുത്തനൂലിന്റെ വലിക്കലും കത്രികയുടെ
മുറിക്കലിന്റെശബ്ദവുമല്ലേ,യീ -
കോലാഹലങ്ങളൊക്കെ
സൂചിമുനയാൽകുത്തിയ വിരലിൽനിന്ന്
ഒരുതുളളിരക്തംപൊടിയുമ്പോഴാണ്
ജീവിച്ചിരിക്കുന്നുയെന്നതോന്നൽതന്നെ
ഉണ്ടാകുന്നത്
നോക്കൂ; പാതിരാമണിയടിച്ചിട്ടും
പലരുടേയുംപങ്കപ്പാടുകൾ
ഒരുവൾ,പൂത്തമരച്ചോട്ടിൽ രാത്രിവസ്ത്ര
മുരിഞ്ഞുകൊണ്ടിരിക്കുന്നു
ഒര,സ്ഥിപഞ്ജരരൂപമായിഉരുകി തീരുമ്പോഴും
സ്വപ്നത്തിന്റെമഞ്ഞദൃശ്യത്തിൽ മതിമറക്കുന്നു.
എന്നിട്ടുംതുന്നിത്തീർക്കാമെന്ന് കരുതിയിട്ടും
കഴിയുന്നില്ല ജീവിതക്കുപ്പായത്തിന്റെ
അവസാനബട്ടൺ തുന്നിച്ചേർക്കാൻ

എന്നിലെ പ്രണയം



എന്നിലെപ്രണയം പതിയിരിക്കുന്ന
ഒരുപൂച്ചയാണ്
പുലിയാകണമെന്നുണ്ട്
ഞാനും ആവർഗ്ഗത്തിൽ പെട്ടതാണല്ലോ!
എങ്കിലും; നിന്നെ കാണുമ്പോൾ
എന്നിലെപുലി(രുഷ)ത്വം പൂച്ചത്വം
വരിക്കുന്നു
നിന്റെപാദങ്ങളിൽ, കണങ്കാലുകളിൽ
നീയറിയാതെയുരുമിനിൽക്കുന്നു.
പിന്നെയെന്നാണുനമ്മളൊന്നായത്
പ്രണയത്തിന്റെ കൃഷ്ണരാധയായത്.
പ്രണയം നീയാണെന്നെ പഠിപ്പിച്ചത് !
പ്രണയത്തിന് പ്രായമില്ലെന്ന് പൂവായ്
വിരിഞ്ഞത്!!
ഇന്ന്;എന്നിലെപ്രണയം പതിയിരിക്കുന്ന
 പുലിയാണ്
നിന്റെ ഓർമ്മകളിലേക്ക് ഞാൻ
 മൂരിനിവരുന്നു
പ്രണയത്തിന്റെ നഖരമാഴ്ത്തുന്നു
നീയില്ലാതെയിനിയൊരു ജീവിത
മെനിക്കെന്തിന് !
പ്രണയമേ,ഈയേകാന്തഗഹ്വരത്തിൽ
നിന്ന്
ദാരിദ്ര്യത്തിന്റെമുള്ളും,മുരടുംനിറഞ്ഞ
തെങ്കിലും
 നിന്റെപ്രണയത്തിന്റെകൊടുംവനത്തിലേ
ക്ക്ഞാൻ കുടിയേറുന്നു
അല്ലെങ്കിലും, യഥാർത്ഥ പ്രണയം
സുഖ സുന്ദര സുഷുപ്തി മാത്രമല്ല
ദു:ഖസാന്ദ്രവുമാണ്

ചുവന്ന കവിത



അഗ്നിജ്വാലകൾവിഴുങ്ങുന്ന ഒരു കാടിനെ
ക്കുറിച്ച്
എനിക്ക്കവിതയെഴുതണം
എന്നാൽ, തീയിൽപിടയുന്നകുഞ്ഞുപക്ഷി
കളെ
എങ്ങനെഞാൻ വാക്കുകളിലാക്കും
ഭാവനയിലുണ്ട്, വിരലിലെത്തുന്നത്
വാക്കുകളുടെ നിലവിളിമാത്രം
വർണ്ണംകൊടുക്കുവാൻ കഴിയില്ലെനിക്ക്
പിഞ്ചോമനകളുടെ പിടഞ്ഞുവീഴലുകളെ.
എന്റെഓർമ്മകളെ, മനസ്സിന്റെവേവലാതി
കളെ
എവിടെഞാനൊളിപ്പിക്കും ?!
ഒരുതീപ്പിടിച്ചകാടായ് ഞാനാളിക്കത്തുന്നു
എന്നെനിങ്ങളെഴുതുമോ ?!
തീപ്പിടിച്ചയീകാട്ടിൽനിന്ന് ,യെന്നെയെനി
ക്കെഴുതാൻ കഴിയുന്നില്ല
നോക്കൂ,യീക്കാട്ടിൽ പീഡിപ്പിക്കപ്പെടുന്ന തത്രയും
പിഞ്ചു കുഞ്ഞുങ്ങളാണ്
ആ കുഞ്ഞുങ്ങളുടെ ചുവപ്പ് തെറിച്ചാണ്
ചുവന്നു പോയത്, യെന്റെയീ കവിത