malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, ഡിസംബർ 23, തിങ്കളാഴ്‌ച

പരാദങ്ങൾ




രാവിലെ എഴുന്നേറ്റ് കോട്ടുവായിട്ട്
കണ്ണ് തിരുമ്മി
അടുക്കളയിൽ കടന്നാൽ കാണാം
മടി പിടിച്ചിരിക്കുന്ന കമിഴ്ത്തിയ-
കലങ്ങളും പാത്രങ്ങളും
മടുത്തു;അടുക്കളയിലെ ആടൽ
കരിക്കലക്കോലം കെട്ടൽ
ചിരവ്യ്ക്കെന്താ തേങ്ങ ചിരവിയാല്?
കത്തിയ്ക്കെന്താ പച്ചക്കറികൾ നുറുക്കിയിട്ടാല്?
മിക്സിക്കെന്താ സ്വയമൊന്നു അരയ്ക്കുകയും-
പൊടിക്കുകയും ചെയ്‌താൽ നൊന്തു പോകുമോ?
അരിക്ക് അടുപ്പിൽ ക്കിടന്നു തിളച്ചാലെന്താ
അരമണി ഊർന്നു പോകുമോ
അഴുക്ക് തുണി അലക്കി അഴയിലിട്ടാൽ
ഒരുകൈ സഹായമായി പോകുമെന്ന് കരുതിയോ
വാഷിംഗ് മെഷിൻ
പൊടിയെല്ലാം ഒന്ന് ക്ലീനാക്കിയാൽ
കാൽതള  ഊരിപോകുമായിരിക്കും
വാക്വം ക്ലീനറിന്റെ
അല്പ്പമൊന്നു സഹായിച്ചാലെന്താ
'ഈ മനുഷ്യന്'
അവനവനെപ്പോലെ മറ്റുള്ളവർക്കും
പോകാനുള്ളതാണെന്ന
ഒരു ചിന്തവേണ്ടേ
   


 

2013, ഡിസംബർ 19, വ്യാഴാഴ്‌ച

മൂന്നാം ക്ലാസിൽ




മഞ്ഞക്കാലൻ മൂസയായിരുന്നു
മൂന്നാം ക്ലാസിലെ മൂപ്പൻ
സ്റ്റീഫൻമാഷെ  സ്കെയിലായിരുന്നു
അച്ചടക്കത്തിന്റെ അതിര്
മാഷില്ലാത്ത നേരം മേശയിൽ
മാഷായിരിക്കും സ്കെയിൽ
സ്കെയിലു കണ്ടാൽ അറിയാതെ
മലർന്നു കിടക്കും  മടിയിൽ -
പാഠപുസ്തകം .
അച്ചടക്കത്തിന്റെ അതിര്
മായ്ച്ചു കൊണ്ടിരിക്കും മൂസ
മൂസയുടെ കൈ വെള്ളയിലും,-
തുടയിലുംകാണാം
സ്കെയിലിലെ തേഞ്ഞുപോയ
അക്കങ്ങളും,അളവുകളും
സ്കെയിലില്ലാത്ത കുട്ടികളുടെ
അളവ് കോലായിരുന്നുമൂസ  

നടത്തം




പാൽക്കാരൻ
പത്രക്കാരാൻ
മീൻ പെടക്കണപോലെ
പെടച്ചു കൊണ്ട്
സൈക്കിളിൽ കൂട്ടയുമായ് -
പോകുന്ന
മീൻകാരൻ
കടയുടെ കോലായിൽ
തണുപ്പിന്റെ തുണി
വാരിപ്പു തച്ചുള്ള
ഇരുട്ടിന്റെ ഉറക്കം
ഭക്തിഗാനം,ബാങ്ക് വിളി
പള്ളിമണി
രാവിലെയുള്ള നടത്തയാണ്
പാതയിലെ പതിവ് കാഴ്ച

ഓർത്തുപോകുമപ്പോഴൊക്കെ
ഒരു കൂട്
ഒരു കൂട്ട്

അമ്മ




നീല ചില്ലുപോലെ
നിശ്ചല മായിരിക്കുന്നു
കുളത്തിൽ തെളിഞ്ഞ ജലം
കറുക വരമ്പിലേക്ക്‌
കുഞ്ഞു കാൽ നീട്ടുന്നു ഓർമ്മകൾ
പിന്നിട്ട കാലങ്ങൾ
പിന്നോട്ട് വലിക്കുന്നു
കർക്കിടകം കുടിയേറിയ
അടുക്കളയിൽ
കുണ്ടൻ കലത്തിനരികെ
 മുണ്ട് മുറുക്കി അമ്മയിരിക്കുന്നു
ചുണ്ടിലപ്പോഴും
മായാത്ത ചെറുചിരി
ചീറി വന്ന കാറ്റ് തട്ടി മറിച്ച-
പോലൊരൊച്ച
'നെഞ്ചിൻ കൂട് പൊട്ടിയെന്നു'
സന്തോഷിച്ചു അവർ മടങ്ങി
മൌനം മലയിടിഞ്ഞ
അമ്മയുടെ ചിതയ്ക്കരികിൽ
ഞാൻ മാത്രം
നെഞ്ചു പൊട്ടിവന്ന കരച്ചിൽ
മഴയായി ചീറിയടിച്ചു
അലമുറയായ് മണ്ണിൽ.

എന്റെ ഗ്രാമം




മീനുകൾ
തവളകൾ
ആമകൾ
പാമ്പുകൾ
പച്ച ക്കുതിരകൾ
പാടങ്ങൾ
കുളങ്ങൾ
പൊന്മകൾ
കൊറ്റികൾ-
കണ്ണിലെ കടലിൽ
കുരുങ്ങിക്കിടക്കുന്നു.
ചേക്കേറാനുള്ളയിടം
അകലെയാണ്
ആളുകൾ
ബഹളങ്ങൾ
വാഹനങ്ങൾ
തിരക്കുകൾ
ഫ്ലാറ്റുകൾ
ജയിൽഅറയിലെ-
ന്നപോലെ
ജീവിതങ്ങൾ.
കുപ്പി വെള്ളത്തിൽ
ഞാനിന്നു
എന്റെ ഗ്രാമത്തെ
കാണുന്നു

പീഡനം




കുന്നുകേറിയവൻ
കുതൂഹലത്തോടെ
പുൽ മേട്ടിലൂടെ
പാറക്കെട്ടിലൂടെ
തെച്ചി പൊന്തയിലേക്കിറങ്ങി .
പൊന്തയ്ക്കുള്ളിൽ
പൊഴിഞ്ഞു വീണിരിക്കുന്നു
ചോര പുരണ്ട പൂവ്
പൂവേ....നിന്നെയും നോവിച്ചോ
അങ്ങേ വീട്ടിലെ
അമ്മാളുക്കുട്ടിയെ നോവിച്ച
ആ ഒറ്റക്കണ്ണൻ

മഞ്ഞുതുള്ളി




ധനുമാസ കുളിർ മഞ്ഞു
തോരണം ചാർത്തിയ
പുലരിയിൽ പൂങ്കുല
കൈകൂപ്പി നില്ക്കവേ
കണ്ണാന്തളി നിന്റെ കുഞ്ഞു-
കുസൃതികൾ
കണ്ടുഞ്ഞാൻ നിർനിമേഷയായ്
നിന്നുപോയ്
പുഞ്ചിരി പുന്നാരം ചൊല്ലുന്നു-
പൂവുകൾ
പഞ്ചാര വാക്കുകളോതുന്നു-
കാറ്റുകൾ
മഞ്ചാടി തുമ്പികൾ വെഞ്ചാമരം വീശി
നീൾ മിഴി പെണ്ണാളാം
ശംഖു പുഷ്പ്പത്തിൻ ചാരെ
സൂര്യാംശു  മുത്തു വിരിച്ചൊരു -
വീഥിയിൽ
വീണലിയാൻ മഞ്ഞു തുള്ളി-
യായെങ്കിൽ ഞാൻ

ഇനിയെത്രനാൾ




ചെമ്മണ്ണിന്റെ ചെതുമ്പലിലൂടെ
കൂസലില്ലാതെ കൌതുകം കുന്നിറങ്ങുന്നു
വൃത്തം തെറ്റാതെ വിളിച്ചു പറയുന്നു
'വിരുന്നു' ണ്ടെന്നു വേലിയിൽ നിന്നൊരു കാക്ക
കവിത പൂത്ത കാട്ടിൽ കാത്തിരിപ്പുണ്ട്
ഒറ്റയടിപ്പാത
ക്വൂബയിൽ നിന്ന് ബൊളീവിയൻ-
കാട്ടിലെക്കെന്നപോലെ
ഒരു കുന്നിറക്കം
പിക്കാസോ ചിത്രം പോലെ വർണ്ണം-
പകർന്ന വയലുകൾ
സായാഹ്നത്തിന്റെ ചുവട്ടിൽ
കുട ചൂടിയ പോലൊരു ഗ്രാമം
ഇത് ദ്വാരക
എന്റെ യദുകുല രാജധാനി
കടലെടുക്കുമെന്നറിഞ്ഞിട്ടും
കടമ്പുകൾ പൂത്ത കാട്
കാറ്റേ....തെളിനീർ ചോലകളെ
ഇനി എത്രനാൾ
കേട്ടില്ലേ യന്ത്രങ്ങളുടെ മുരൾച്ചകൾ
കണ്ടില്ലേ മനുഷ്യ ക്കണ്ണിന്റെ  മൂർച്ചകൾ

തടുക്കുവാൻ കഴിയാതെ



അരാഷ്ട്രീയവും
അരാചകത്വവും
പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞ്‌
രാഷ്ട്രീയ മർമ്മമറിയുന്നവർ
അയാളുടെ മർമ്മം നോക്കിപ്പിടിച്ചു
കൽതുറുങ്കിലടച്ചു
 അകത്തളത്തിൽ തന്നെ
അകപ്പെടുത്തുവാനും
കൽതുറുങ്കിൽ നിന്ന്
കൽതുറുങ്കിലേക്ക് യാത്ര പോകാനും
ഉന്നതതലയോഗം ചേർന്ന്
വകുപ്പുകൾ ചാർത്തിക്കൊടുത്തു
ചരിത്ര താളുകളിൽ സ്ഥാനമേകാതെ
ശൂന്യ സ്ഥലിയുടെ ഏടിനായി
ചാർജ് ഷീറ്റ് പുതുക്കി പണിതു
 എന്നിട്ടും നാട്ടിലെങ്ങും
തളിരായും,പൂവായും,കായയും
പൊട്ടി മുളച്ചു
കവിത അങ്ങിനെയാണ്
ഏതു ഗുഹയിലടച്ചാലും
കാതോടു കാതായി
കാറ്റായി വന്നെത്തും

കളിപ്പാട്ടം




മാനവികതയുടെ അരങ്ങുകളെല്ലാം
കമ്പോളങ്ങളുടെകളിസ്ഥലങ്ങളായി
ഉദാരവല്ക്കാലം ധരിച്ചവർ
അദരവ്യായാമ  വ്യവസായികൾ
ഊഹക്കച്ചവടക്കാർ ഊക്കോടെ -
വളർന്നു
ഊഹ വിലയിൽ ഊറ്റിയെടുത്തു
സ്വത്തും സത്വവും
വിളവും വളർച്ചയും
മണ്ണ് പേരിനു മാത്രം മണ്ണായി
വിഷം ചുമക്കുന്ന പാത്രമായി
കീടനാശിനികളുടെ പെരുമഴക്കാലത്ത്
മനുഷ്യ ജീവിതങ്ങൾ കളിപ്പാട്ടങ്ങളായി
പിരിയൻ കാലുകളും,മത്തങ്ങ തലകളുമായി
പേക്കോലം കെട്ടി പേച്ചിരിയാടി

2013, ഡിസംബർ 12, വ്യാഴാഴ്‌ച

സ്വാതന്ത്ര്യം



മൂർച്ചയുള്ള കത്തിയായിരുന്നു
സമരം
അത്,കാലത്തെയുംചരിത്രത്തെയും
മനുഷ്യരെയും,മതങ്ങളെയും
നാടിനെയും,നദികളെയും
പർവ്വതങ്ങളെയും, പരമാണുക്കളെയും
നടുവെ വെട്ടി മുറിച്ചു
വാക്കുകളുടെ മൂർച്ചയിൽ നിന്നും
മൂല്യങ്ങളുടെ ചോർച്ചയിൽ നിന്നും
ഇന്നും രക്തം ഇറ്റിറ്റു വീണു കൊണ്ടിരിക്കുന്നു  

ശ്രേഷ്ഠഭാഷ




ഇന്ന് പൂന്തോപ്പിലെ
റോസാ  ചെടിയിൽ
ഭാഷ പുഷ്പ്പിച്ചു നില്ക്കുന്നു
കാലാ കാലങ്ങളായുള്ള
റോസയാണ്
പൂന്തോപ്പിലെങ്ങും പടർന്നങ്ങനെ
എന്നിട്ടും എന്റെ ശ്രദ്ധയിൽ
പെടാഞ്ഞതെന്തു?!.
അല്ലെങ്കിലും ഓർക്കിഡും,ആന്തൂറിയവും
മറുനാടനോടു മലയാളിക്കേറെ പ്രീയം
ഇനി ' ശ്രേഷ്ഠ'മാക്കിയത് കൊണ്ടാണോ
ശ്രദ്ദയിൽ പതിഞ്ഞത്
ആയിരിക്കില്ല
എന്നും ശ്രേഷ്ഠമായിരുന്നു ഭാഷ
'മുറ്റത്തെ മുല്ലയ്ക്ക്
മണമില്ലെന്നേയുള്ളൂ '

തെറ്റ്



'ആൻഡേഴ്സൻ' കഥയിൽ
ആണ്ടിറങ്ങിയ നേരം
'പറുദീസാ തോപ്പിൽ'
നൂണിറങ്ങിയ നേരം
ജ്ഞാന മരവും പാമ്പും
ആദാമും ഹവ്വയും
ആൽപ്സ് പർവ്വത നിരകൾ
ഇരുണ്ട ഫിർവനങ്ങൾ
ഈജിപ്തിലെ പിരമിഡുകൾ
ഇടിഞ്ഞു വീണ സ്തംഭങ്ങൾ.
അറിവിന്റെ ആപ്പിൾ പറിക്കരുതെന്ന്
പറഞ്ഞിട്ടും
അതുതന്നെ ചെയ്തു
ഇപ്പോൾ മനുഷ്യരെല്ലാം
തെറ്റ് ചെയ്തുകൊണ്ടേ യിരിക്കുന്നു 

പുൽച്ചാടി



പ്രതീക്ഷയുടെ പുൽനാമ്പുകളാണ്
പുല്ച്ചാടികളെ വളർത്തുന്നത്
ഇരപിടിയൻ കൊക്കുകളുടെ
എരികണ്ണിൽ നിന്ന് രക്ഷിക്കുന്നത്
ആകാംക്ഷയുടെ അപ്രതീക്ഷിത
ഞെട്ടലുകലാണ്
ഓരോ ചാട്ടവും
കുളക്കോഴികളുടെ കൊക്കരിപ്പും
നീർക്കോലികളുടെ പുള പുളപ്പും
ആകസ്മിക അക്രമങ്ങളിൽ നിന്നുള്ള
രക്ഷിക്കലുകളാണ്
അകപ്പെടാറുണ്ട് പലപ്പോഴും
പൊത്തിപ്പിടിച്ച കൈകൾക്കുള്ളിൽ
അമർത്തിപ്പിടിച്ച വിരലുകൾക്കുള്ളിൽ
ചൂണ്ട കൊക്കിൽ 'റ' പോലെ വളഞ്ഞ്
ജലത്തിനടിയിൽ മീൻ വായ തുറന്ന്
ശവ പ്പെട്ടിക്കുള്ളിൽ അടയ്ക്ക പ്പെടാറുണ്ട്
ഓർക്കാറുണ്ട് അപ്പോഴും അതിശയപ്പെടാറുണ്ട്
കഴിഞ്ഞു പോയ കുഞ്ഞു നാളിൽ
കാണാതെ പോയ കഴുകകണ്ണുകളെ.
ഇന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
കുഞ്ഞുങ്ങൾക്ക്‌ അമ്മ മാരെപ്പോലും  

പട്ടം





പക്ഷികളിൽ നിന്ന്കടം കൊണ്ട-
ചിറകുകളാണ് പട്ടങ്ങൾ
ഫ്ലാറ്റിനു മുകളിൽ
ആകാശത്തിന്റെ അക്വേറിയത്തിൽ
അലങ്കാര മത്സ്യങ്ങളെപ്പോലെ
പാറിനടക്കും
ചൊട്ടക്കുറിയൻ  മീനുകളെപ്പോലെ
മുട്ടിനില്ക്കും
കറുപ്പിച്ച വാക്കുകളുടെ കള്ളികളിലാക്കി
രാവിലെ അമ്മ പോയാൽ
ഫ്ലാറ്റിലെ കുട്ടിയുടെ മനസ്സ്
പൊട്ടിയ പട്ടമാകും
സ്വന്തം ജീവിതത്തെ തന്നെ
വലിയൊരു ചോദ്യ ചിഹ്നത്തെപ്പോലെ
എടുത്ത്
ജനലരികത്ത് കൊണ്ട് നിർത്തും
കാണാം താഴെ പട്ടങ്ങൾ പോലെ -
പറക്കുന്ന
കുറെ ജീവിതങ്ങളെ

ഹൃദയ പൂർവ്വം

ആശയുടെ
പാശത്താൽ
ബന്ധിക്കപ്പെട്ടിരിക്കുന്നു
ഇരു ഹൃദയങ്ങളും
ഓമനേ,
എന്നാണിനി
ശരീരങ്ങൾ
ഒന്നാവുക

2013, ഡിസംബർ 11, ബുധനാഴ്‌ച

കടൽ സന്ധ്യ

                                                                                                                                                                      കടലിനെ കാഷായത്തിൻ പുടവ
   സന്ധ്യ യുടുപ്പിപ്പൂ                                                                                                                                         കാറ്റൊരു സാന്ത്വന മാന്ത്രവുമോതി-                                                                                                         യലഞ്ഞു നടക്കുന്നു                                                                                                                                   കരയിൽ കാൽത്തള മണിക്വാണംപോൽ -                                                                                            തിരകൾ ചിലമ്പുന്നു                                                                                                                                    ചിരിമണി ചിതറി തിരിഞ്ഞു മറിഞ്ഞും വഴിതിത്തളരുന്നു                                                                         പുകപോൽ മഞ്ഞിൻ പാടകൾ ദൂരെ പടർന്ന് പിടിക്കുന്നു                                                                         കതിർ മണി ചീന്തിയതെങ്ങിൽ കാക്ക-                                                                                                                                                                                                                                                                കള്ളക്കണ്ണുകൾ നീട്ടുന്നു                                                                                                                             കുടിലിൻ മുന്നിൽ കണ്ണുകളനവധി കാത്തിരിക്കുന്നു                                                                                  കടലിന്നക്കരെ,യക്കരെനോക്കി ഉഴറി നടക്കുന്നു                                                                          അങ്ങൊരു പൊട്ടും പൊടിയും കാണ്‍കെ
കണ്ണിൽ കതിരുകൾ ചിന്നുന്നു                                                                                                                കുത്തി വരുന്നൊരു തിരപോൽ ഹ്ലാദം
കരളിൽ വന്നു നിറയുന്നു                                                                                                                       കറുത്ത ചിറകു വിടർത്തി കാക്ക
വട്ടം ചുറ്റിപ്പാറൂന്നു                                                                                                                                  മണ്ണിൽ വർണ്ണം നൽകാൻ മേലെ
വിണ്ണിൻ പൂക്കൾ വിരിയുന്നു