malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഫെബ്രുവരി 28, ബുധനാഴ്‌ച

മൂർച്ച




നാക്കിൽ നിന്ന്
വാക്കിനെ ഊരിയെടുക്കുക
കണ്ണിൽ നിന്ന് കാഴ്ച്ചയെ
കാതിൽനിന്ന് ശബ്ദത്തെ
സ്നേഹത്തിന്റെ
വെള്ളാരങ്കല്ലു പൊടിച്ച്
സഹനത്തിന്റെ അണപ്പല-
കയിലിട്ട്
രാകി മിനുക്കുക
എന്നിട്ടും ;
നിന്നിലേക്കു തന്നെ ഊഴമി -
ട്ടെത്തുന്നുവെങ്കിൽ
ശരിക്കും മൂർച്ച കൂട്ടുവാൻ
സമയമായി
.....................
രാജു.കാഞ്ഞിരങ്ങാട്
28. 2. 2018

2018, ഫെബ്രുവരി 27, ചൊവ്വാഴ്ച

വഴി




വീട്ടിലേക്ക്
എത്രവഴികളായിരുന്നു
അളക്കാനാവാത്ത
വീതിയുള്ള വഴികൾ
രാപ്പകലില്ലാതെ കണ്ണുമടച്ച്
നടന്നു വരാം
കല്ലും ,മുള്ളും, തടസ്സങ്ങളുമില്ലാത്ത
വാതിലടക്കാത്ത
 വീടിനുള്ളിലോളമുള്ള വഴികൾ.
അന്ന് ഉണ്ടായിരുന്നില്ല ഇതുപോലെ
ജാതി, മതം, വർണ്ണം
പ്രകൃതിപോലെ എല്ലാം ചേർന്നായിരുന്നു
സൗന്ദര്യം
പിന്നെയെന്നാണ് വഴികൾ വിലങ്ങി
ക്കിടന്നത്
വീതികൾ കുറഞ്ഞു കുറഞ്ഞു വന്നത്
കള്ളിമുള്ളുകൾ പൊട്ടി മുളച്ചത്
ജാതിക്കും, മതത്തിനും
നാരും, വേരും മുളച്ചത്
വർണ്ണം കൊണ്ട് വേർതിരിക്കപ്പെട്ടത്.
ഇപ്പോൾ വീട്ടിലേക്ക് വഴിയേയില്ല
വാതിൽ തുറക്കാറേയില്ല
മതിലും മൗനവും വർത്തമാനത്തി
ലാണ്.

2018, ഫെബ്രുവരി 26, തിങ്കളാഴ്‌ച

തീവ്രവാദി




ചന്തയിൽ നിന്നും
ചന്തമേറും കളിപ്പാട്ടം
ഏതു കൊണ്ടു വന്നാലും
കുട്ടിതട്ടിക്കളയും
വീണയെന്നു കേൾക്കുകിൽ
വാളെടുക്കുന്നു അവൻ
വേണുവെന്നു കേൾക്കിലോ
വേലെടുത്തീടുമപ്പോൾ
കുട്ടിക്കുരങ്ങനെങ്കിൽ
ചുടുചോറുവാരിക്കും
പീപ്പി കൊണ്ടു വന്നാൽ
ആട്ടിപ്പായിക്കും
സ്നേഹവുംനന്മകളും വളർത്തും
കളിപ്പാട്ടം
ഒന്നുമേവേണ്ടവന്
വേണ്ടത് കൈത്തോക്ക് മാത്രം
വാങ്ങിക്കൊടുത്തില്ലച്ഛൻ
പാടില്ലെന്നമ്മയും
തോക്കെന്ന വാക്കിൽ തന്നെ
തോൽവി വന്നെത്തീടുന്നു
ദുഷ്ടത തലപ്പൊക്കി
ഞെളിഞ്ഞു നിന്നീടുന്നു.
സ്കൂളിൽ നിന്നുംവന്ന
മകനെ തീറ്റുന്നമ്മ
ഉരുളയുരുളയായി വയറു നിറയ്
ക്കുന്നു
ഉൺമയും, നന്മയും കേൾക്കവേ
കലികൊണ്ടവൻ
കീശയിൽ നിന്നും തോക്കെടുത്ത -
മ്മയ്ക്കു നേരേ ചൂണ്ടി
ഉത്തരം പറയുന്നു ഞൊടിയിൽ
വെടിയുണ്ട
തിരിഞ്ഞു നോക്കാതവൻ
ഇറങ്ങി നടക്കുന്നു


2018, ഫെബ്രുവരി 25, ഞായറാഴ്‌ച

തച്ചു കൊന്നില്ലെ......!




കാടു
കട്ടെടുത്തു നിങ്ങൾ
മലകൾ
പങ്കുവെച്ചുനിങ്ങൾ
കടലു വിറ്റു
കാണാപ്പൊന്ന് കൈക്കലാക്കി -
നിൽപ്പു നിങ്ങൾ
പുഴകളൂറ്റി മണലെടുത്തു
രമ്യഹർമ്യം പണിതു നിങ്ങൾ
കള്ളമെന്നും ചൊല്ലി നിങ്ങൾ
കൊള്ളയെന്നും ചെയ്തു നിങ്ങൾ
പണവു ,മധികാരവും
ചൊൽപ്പടിക്കു നിർത്തി നിങ്ങൾ.
കാട്ടുമക്കൾ ഞങ്ങളോ
കാടുകാണാതുഴറിടുന്നു
പട്ടിണിക്കോലങ്ങളായ്
പ്രാഞ്ചി പ്രാഞ്ചിനടന്നിടുന്നു
കുറ്റമൊന്നും ചെയ്തതില്ല
ഒരു കുറവും ചൊല്ലിയില്ല
എന്നിട്ടും;
വന്നെത്തി നിങ്ങൾ
കട്ടുവെന്ന് കള്ളം ചൊല്ലി
തച്ചു കൊന്നില്ലെ
കെട്ടിയിട്ട് കാട്ടു മക്കളെ
തച്ചു കൊന്നില്ലെ

2018, ഫെബ്രുവരി 24, ശനിയാഴ്‌ച

ഇര





മാടറിയുന്നില്ല
മരണത്തിലേക്കെന്ന്
എത്ര സന്തോഷത്തോടു
കൂടിയാണ്
കശാപ്പുകാരന്റെ കൂടെ
പോകുന്നത്
കശാപ്പുകാരന്റെ കഴുക
കണ്ണുകൾ
കണക്കുകൂട്ടുന്നത്
മാംസത്തെക്കുറിച്ചാണ്.
അവന്റെ ചിറകിൻ കറുപ്പ്
കണ്ണിൽ നിറക്കുന്നു
ചാണ്ടുന്ന വാക്കാ,ലാവാക്കുക-
ളെയെടുക്കുന്നു
ചുണ്ടിന്റെ ചെമ്പൂവാൽ
ചിത്തത്തെ കൊത്തുന്നു
അഴിവിന്റെ ഒഴിവിനാൽ
വാഴ്വെടുക്കുന്നു
കറുത്ത കൈയുകൾ
ചുറ്റിവരിഞ്ഞ്
അരയെ മുറുക്കുന്നു
എരിഞ്ഞ കണ്ണിൻ
എരിതീകനലിൽ
ചുട്ടെടുക്കുന്നു
ചുട്ടു തിന്നതിൻ ബാക്കി
ചണ്ടിയായ്
ചൂണ്ടിയെറിയുന്നു
ഇരയെന്നോമന പേരുവിളിച്ച്
പൂരം തീർക്കുന്നു

2018, ഫെബ്രുവരി 22, വ്യാഴാഴ്‌ച

ഓർമ്മയ്ക്ക് ....!




മനുഷ്യൻ, അവനേ,യവനെന്തറിയുന്നു.
ദ്രവമായ് ഗർഭപാത്രത്തിലേക്കാദ്യ യാത്ര
പഞ്ഞിമൊട്ടുപോൽപിണ്ഡമായ്
പിന്നെ അങ്കുരിക്കുന്നു അംഗങ്ങൾ.
പുഷ്ടിയാർന്നീടുന്നു ,ഹൃദയം തുടിക്കുന്നു
മനസ്സിൻ മലരുണരുന്നു
നാഡികൾ നാരായ് മുളച്ചുണരുന്നു
അസ്ഥികൾ പൂത്തുനിൽക്കുന്നു
കാതോടു കൈകൾ ചേർത്തു വെയ്ക്കുന്നു
ശബ്ദങ്ങളെയറിയുന്നു
അമ്മതൻ ശോണസംഘാതമാ,മറയിൽ -
നിന്നൊരുദിനം ബ്ഭൂവിൽ വന്നെത്തുന്നു
കഴിഞ്ഞവയെല്ലാമെ വിസ്മൃതിയി
ലാണ്ടിതാ
ജന്മാന്തരതൊട്ടിലിൽ കൺതുറപ്പൂ
പിന്നെയാ താരാട്ടുപാട്ടിലലിഞ്ഞും
തറയിലും, തലയിലുമല്ലാതെ വളർന്നും
ഒത്ത മനുഷ്യനായ് മാറിടുന്നു.
ഓർക്കുക മാതാപിതാക്കളെ നാമെന്നും
ഒരു ജന്മം മക്കൾക്കായ് വീതിച്ചവരാണവർ
തൻ കാര്യപ്രാപ്തരായ് പോകുന്ന നേരത്ത്
കാക്കണം അവരെയവസാന നാൾവരെ
നാമും ഒരിക്കലീ പാത പിന്നിടേണ്ടവർ
മാറാപ്പു മാറ്റി മണ്ണിൽ പോകേണ്ടവർ.

2018, ഫെബ്രുവരി 21, ബുധനാഴ്‌ച

പെണ്ണ്




രക്തം ഉറഞ്ഞുപോകുന്ന
ജീവസംഭാന്തി
മുയലിന്റെ പ്രാണവേഗം
ദിക്കറ്റുനീന്തുന്ന
സമുദ്ര ജന്മം
ജന്മാന്തരങ്ങളേകിയ
വിഴുപ്പുകെട്ടുമായ് ജീവിതം
കാലം ഇരുണ്ട ഓർമ്മയാകു
മ്പോഴും
കരളു വിങ്ങുമ്പോഴും
മാനാഭിമാനത്തിൻ
ലക്ഷമണ രേഖയിൽ നിന്നവൾ
കുതിച്ചും ,കിതച്ചും
ഇടറിയും, മുടന്തിയും,
വീണും, പിടഞ്ഞും
പിന്നെയും ദുരിതക്കയങ്ങളിൽ
മുങ്ങിയും
പച്ചതൊടാതൊരു ജീവിത -
മെങ്കിലും
ഉള്ളിലൂറും ചെറുമോഹങ്ങളുമായി
എത്തേണ്ടതെങ്ങോ
എന്തിനെന്നോ
എക്കാലത്തെന്നോ
എന്നൊട്ടുമില്ല നിശ്ചയമെങ്കിലും
ഈ ലോകവാസമതൊന്നുമാത്രം
ജീവിച്ചു തീർക്കണമെനിക്കുമെ-
ന്നോർക്കവേ
പിന്നെയും, പിന്നെയും പ്രാണനി -
ലുന്തുന്നു
ഒരു പാതി നെന്മണിക്കായി.

2018, ഫെബ്രുവരി 20, ചൊവ്വാഴ്ച

സ്വപ്നം



ആദ്യനോട്ടത്തിൽ തന്നെ
പറ്റിപ്പിടിച്ചതാണ് ഹൃത്തിൽ
തൃച്ചന്ദനച്ചാർത്തു പോലെ.
പുലർകാല കുളിരായി,
ഇളം തെന്നലായി.                   
പാദസരമണി കലമ്പൽ,
ചിരിയുടെ ചെറുകിലുക്കം.
നിലാവിൽ തെളിഞ്ഞു വരുന്ന പുഴ
 പോലെ
ഇളകിയാടുന്ന പരൽമീൻ പോലെ
പതിഞ്ഞു നേർത്ത ഗിത്താർനാദം
പോലെ
പെയ്തിറങ്ങുന്നു അവൾ
പുതുമഴപോലെ അരികിലേക്കരികിലേക്ക് ഒഴുകി ഒഴുകിഒരു മധുര ഗാനമായ്.
ജീവിതത്തിന്റെ കുഴികളേറി, കുന്നുകൾ
താണ്ടി, നക്ഷത്രങ്ങൾ തേടി
സ്വപ്നമേ......എന്തുഭംഗിയാണെന്റെ
പ്രണയത്തിന



ദളിതു വഴി

ദളിതു വഴി


അവർ
വെളുക്കെചിരിക്കുന്നു
വാക്കുകൾ വാരിവിതറുന്നു
വാഗ്ദാനത്തിന്റെ അപ്പത്താൽ
വിശപ്പിനെ തളർത്തി കിടത്തുന്നു.
കണ്ണീരുകൊണ്ടെത്ര കഴുകിയിട്ടും
വെളുക്കാതെ പോയവർ
വെളിമ്പ്രദേശത്തായിട്ടും
വെളിച്ചം കാണാത്തവർ
ദളിതരെന്നപേരിൽ
തെളിയാതെ പോകുന്നവർ
തള്ളിപ്പറയാനും
പേരില്ലാതെ പോയവർ.
വെളുത്ത വോട്ടു ലിസ്റ്റിൽ
കറുത്ത വർണ്ണത്തിലവർ
വേലിക്കു പുറത്തെങ്കിലും
നേരുറ്റതാകുന്നപ്പോൾ
വഴികൾ വെട്ടുന്നു
വേട്ടക്കാരെത്തുന്നു
വോട്ടിൻ നേർരേഖയായ്
ചൂണ്ടുവിരലിൽ അടയാളമാകുന്നു.
ചിരിച്ച മുഖങ്ങളിൽ ഇരുട്ടുദിക്കുന്നു
വാഗ്ദാനത്തിന്റെ അപ്പങ്ങൾ
ഇരുട്ട് നക്കുന്നു
വഴിവിളക്കുകൾ എരിഞ്ഞു തീരുന്നു
മനസ്സിലെമതിൽ വഴിയിലുയർത്തുന്നു.




2018, ഫെബ്രുവരി 19, തിങ്കളാഴ്‌ച

പ്രണയ മുഖം




പ്രണയം പലതരം.
 കൊച്ചു കൊച്ചുമുന്തിരിവള്ളികൾ
പോലെ പടരുന്നവ,
നിലവിളക്കു പോലെ നിറന്നു തെളി
യുന്നവ,
പ്രാർത്ഥനയുടെ,യിതളുകൾ പോലെ
വിടരുന്നവ,
ഏകാന്തമായ ഏതോ തുരുത്തിൽ
മൗനത്താൽ മുനഞ്ഞു കത്തുന്നവ,
വരച്ചു വെച്ച ചിത്രത്തിനുമേൽ
ഇററിവീണ കണ്ണീർത്തുള്ളിയിൽ
മായുന്നവ,
ഞൊടിയിടയിൽ പറന്നു പോകുന്നവ,
കണ്ണുകളിൽ ഹൃദയതടാകം കാണുന്നവ,
കഥയറിയാതെ കണ്ണുനീർ തടാകം
തീർക്കുന്നവ,
 കൂർത്ത നോട്ടത്താൽ, മൂർത്ത
വാക്കിനാൽ
ഓരോഅവയവവും മുറിച്ചു മാറ്റുന്നവ,
ഓമനിച്ചു കൊണ്ട് ഒറ്റിക്കൊടുത്ത്
കുരിശ്ശേറ്റം നടത്തുന്നവ.
പ്രണയം പലതരം.
......



2018, ഫെബ്രുവരി 18, ഞായറാഴ്‌ച

പ്രതികരണം




രാത്രിനേരം
നാഴികമണിയുടെ
ടിക് ടിക് ശബ്ദം മാത്രം
അഗാധമായ ഉറക്കത്തിലേക്ക്
ഞാൻ
ആണ്ടുപോയ നേരം
എന്റെ വിരൽ എന്നിൽ നിന്നൂർന്നിറ
 ങ്ങുന്നു
ചിന്തകൾ തലങ്ങും വിലങ്ങും നോക്കി
പുറത്തേക്കിറങ്ങുന്നു
കണ്ണുകൾ ഇളകിയടർന്നു
മേശയിലേക്കിഴയുന്നു
കൂർപ്പിച്ച നോട്ടവുമായ് പേന
മേശയിലെഴുന്നേറ്റു നിൽക്കുന്നു
തുറന്നതാളുമായ് ഡയറി വന്നു
ചിന്തയിൽ ചേതനയുണർന്നു
വിരൽ പേനതേടി
പേന താളുകളിൽതാളാത്മ-
കമായെഴുതി
പിന്നെയെപ്പോഴാണ് പുസ്തകം
പുതച്ചുറങ്ങിയതും
പേനചരിഞ്ഞുകിടന്നതും
എന്നിലുള്ളവയൊക്കെ എന്നിലേക്ക്
ചേക്കേറിയതും.
ഇങ്ങനെയൊക്കെയല്ലാതെ എങ്ങനെ
യെഴുതണം ഞാൻ
കപടതയുടെ കാർമുഖങ്ങളെ.

2018, ഫെബ്രുവരി 17, ശനിയാഴ്‌ച

കെട്ട കാലത്തിൽ




ചാനലുകൾകാണാറേയില്ല.
ചാഞ്ഞും ചരിഞ്ഞും
നിമിഷവേഗത്തിൽ
ചലന താളത്തിൽ
പറഞ്ഞതെല്ലാമെ
പതഞ്ഞു പൊങ്ങുന്ന
കുമിളയായ് മാറ്റും
ഇന്ദ്രജാലക്കാഴ്ച്ച.
പത്രങ്ങൾ വായിക്കാറേയില്ല.
വിഷം നിറച്ചൊരാ കറുത്ത
യക്ഷരം
കോർത്തു വെച്ചൊരാ
വെളുത്ത താളുകൾ
കണ്ടുപോയെന്നാൽ
കണ്ണുപൊട്ടിടും
തൊട്ടു പോയെന്നാൽ
തട്ടിപ്പോയീടും.
പുലരിയിൽ പിടഞ്ഞുണർ
ന്നിടുന്നു ഞാൻ
പുറത്തു ചെന്നെത്തി നോക്കി
ടുന്നു
എത്ര പൂവുകൾ കൊഴിഞ്ഞു
പോയെന്നും
എത്ര ചെടികൾതൻ തലകൊ-
ഴിഞ്ഞെന്നും
പുഴുക്കുത്തേറ്റവയെത്രയെന്നതും
നാൾക്കുനാൾ മതിലുയർന്നിടുന്നതും
കാണാതെ കണ്ടും ,കേൾക്കാതെ
കേട്ടും
നിരോധിച്ച സ്വപ്നങ്ങളെ കോർത്തും
കഴിച്ചുകൂട്ടുന്നു കാലം.





2018, ഫെബ്രുവരി 16, വെള്ളിയാഴ്‌ച

നിശ്ശബ്ദതയുടെ നിമിഷം




നിശ്ശബ്ദമായിപ്പോകുന്ന
കുറേനിമിഷങ്ങളുണ്ട്
സമയസൂചിയുടെ പോലും ശബ്ദം
നിശ്ശബ്ദമാകുന്ന നിമിഷങ്ങൾ
ഹൃദയമിടിപ്പുകളെ കടലെടുത്തു
പോയെന്നു തോന്നും
മരവിപ്പിനാൽ മറന്നേനിൽക്കും
പറിച്ചെടുക്കുവാൻ കഴിയില്ല -
കൈകാലുകളെ
ഭാരം കൊണ്ടൊരു,റച്ച പാറയാകും
നട്ടുച്ചയും പാതിരാത്രിയാകും
നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ
ദൈർഘ്യം.
ഏതിരുളിനേയും വെളിച്ചം തുളച്ചെ
ത്തുന്ന ഒരു നിമിഷമുണ്ട്
ഉരുവം കൊണ്ട ഭയം ഉരുകാൻ
തുടങ്ങുന്ന നേരം
ആ ഭയത്തിൽ നിന്നും ഉടലെടുക്കു-
ന്നൊരു ശക്തി
മറ്റെല്ലാ ശക്തികളേയും നിഷ്പ്രഭമാക്കും
മറഞ്ഞു നിൽക്കുന്നവയെല്ലാം
അപ്പോൾ പുറത്തു വരും
അടിമകളായിരുന്നവയൊന്നും
അശക്തമായിരുന്നില്ലെന്ന,റിയും
ഉടഞ്ഞവയെല്ലാം ഉയർത്തെഴുന്നേൽക്കും
നിങ്ങൾ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന
ആ നിമിഷങ്ങൾ തന്നെയാണ്
നിങ്ങളുടെ നിശ്ശബ്ദയുടെ തുടക്കം
കുറിക്കുന്നത്


2018, ഫെബ്രുവരി 15, വ്യാഴാഴ്‌ച

ശരീരഭാഷ




ഉടൽമൂർച്ഛയ്ക്കിടേ
തണുത്തു ,റഞ്ഞു പോകുന്ന
ശരീരഭാഷയോളം നിരാശയില്ല -
മറ്റൊന്നിലും.
ഉന്മാദിയെപ്പോലെ ഉമ്മവെച്ചും
പൊള്ളിക്കുന്ന പ്രണയം പറഞ്ഞും
പടർന്നേറവേ,
തണുത്തുറഞ്ഞും, തിണർത്തു
പൊന്തിയും
നടന്നു തീർത്ത വഴികൾ
കുഞ്ഞുനാളിൽ തണുത്തുറഞ്ഞു
മരിച്ചുകിടന്ന അമ്മ
തറ, പറയെന്ന് തട്ടും തടവുമില്ലാതെ
യെഴുതിയിട്ടും
ഒന്നിനും കൊള്ളില്ലെന്ന ക്ലാസ്
മാഷിന്റെ വടിയുടെ ചൂടിൽ,
ഇംഗിതത്തിന് വഴിപ്പെടാത്തതിനാൽ
തൊഴിലെടുക്കാൻ കൊള്ളില്ലെന്ന
മേലധികാരിയുടെ കുറിപ്പിൽ,
ഒരു വസ്തുവിനും കൊള്ളില്ലെന്ന
രണ്ടാനമ്മയുടെ കലിയിൽ,
അരച്ചാൺ വയറിനു വേണ്ടി
അച്ഛനെന്നു വിളിക്കേണ്ടി വരുന്ന
വിടന്റെ മുന്നിൽ
വിധിയെന്നു നിനച്ച് വിങ്ങിപൊട്ടിയ
ദിനങ്ങളിൽ
ഒന്നും തന്നെയില്ലാതിരുന്ന ഒരു നിരാശ
അപ്പോഴേക്കും എന്നെ വന്നു മൂടുന്നു.
ഉടൽ മൂർച്ഛയ്ക്കിടെ
തണുത്തുറഞ്ഞുപോകുന്ന
ശരീരഭാഷയോളം നിരാശയില്ല
മറ്റൊന്നിനും.

2018, ഫെബ്രുവരി 14, ബുധനാഴ്‌ച

പിറവി




കോരിത്തരിപ്പിക്കുന്ന
വന്യ സംഗീതത്തിന്റെ
വശ്യതയുണ്ടാ മിഴികൾക്ക്
പ്രകാശത്തിന്റെ തുളുമ്പുന്ന -
ഒരല -
 അവനെ വന്നു പുണരുന്നു.
പുലരിപോലെ വിരിഞ്ഞു -
വരുന്നു സന്തോഷം
അവന്റെ കൃഷ്ണമണികൾ
അവളുടെ നിഴൽ ചിത്രം
വരയ്ക്കുന്നു
അറിയാതെയവർ അവർ -
ക്കുള്ളിൽ
പ്രണയത്തിന്റെ ഗോവർദ്ധന -
മുയർത്തുന്നു.
മധുരവും, മൃദുലവുമായ ചിരിയിൽ,
മൊഴിയിൽ
അവൾ ചലിക്കുന്ന കവിതയായ്
നിൽക്കുന്നു
എങ്ങനെയൊക്കെയാണ്
പ്രണയം പിറവിയെടുക്കുന്നത്.

2018, ഫെബ്രുവരി 13, ചൊവ്വാഴ്ച

അടയാളം




എന്തു നാമണിയണം
എന്തു ഭക്ഷിക്കണം
എന്തു ചിന്തിക്കണം
എന്തെഴുതീടണം
അറിയാ മനസ്സിന്നുരഞ്ഞു -
തിണർക്കുന്നു
ചൊറിഞ്ഞു ചൊറിഞ്ഞു ചിര
ങ്ങായി മാറുന്നു
കറുത്തു തടിച്ചുവടുവായി മാറുന്നു.
മനോഗതിയാകേ മറച്ചുവച്ചീടണം
പുതുതത്വ ശാസ്ത്ര പുതപ്പണി -
ഞ്ഞീടണം
നരനണിയേണം നുണ വസ്ത്രം മാത്രം
മൃഗമിനി നമ്മേ മുൻമ്പേനയിക്കും.
മറച്ചു വെയ്ക്കുന്നവയെന്താകിലും
എത്തിനോക്കീടുന്ന കാലമിത്
പട്ടിണി മാറ്റാൻ പണിയെടുപ്പോർ
പ്രണയത്തിൻ പേരിൽ മരിച്ചു വീഴും
ഉറങ്ങിക്കിടക്കും പിഞ്ചോമനകൾ
വർണ്ണത്തിൻ പേരിൽ എരിഞ്ഞു തീരും
എങ്ങനെയിന്നു നടക്കണം ഞാൻ
എന്നു നിശ്ചയിക്കാനധികാരമില്ല.
അധികാരം, അഹങ്കാരം, മതം, വർഗം
വിധിക്കുവാനാളുകളുണ്ടനേകം
ചന്ത ദൈവങ്ങളിറങ്ങും കാലം
ആരാധനയോടെ നിന്നില്ലയെങ്കിൽ
ആധാരം തന്നെ കീറിക്കളയും
നുണ വസ്ത്രമണിഞ്ഞു തൊഴുതു -
നിൽക്കേ
ഉയിർത്തെഴുന്നേറ്റിടാം ദൈവമായി

കലി




പ്രീയ സുഹൃത്തേ,
കണ്ടുമുട്ടിയതിൽ സന്തോഷം
ഇനി കാണുവാൻ കഴിഞ്ഞില്ലെ-
ങ്കിലോ?
കവിത എഴുതി തുടങ്ങിയതിൽ
പിന്നെയാണ്
കഞ്ഞികുടി തീരേമുട്ടിയത്
കുഴലൂത്ത് അറിയാത്തതിനാൽ
കാണികളുമില്ല.
കവിത കഞ്ഞിയിൽ കല്ലിടുകമാത്രമല്ല
കാരാഗൃഹവും, കാലപുരിയും
കാണിക്കും
കാലനില്ലാകാലം കഴിഞ്ഞു
ഇത് കലികാലം.
ഉമ്മറക്കോലായിലെ ഉരുകിയൊലി
ക്കുന്ന
അവസാനത്തുണ്ട് മെഴുകുതിരിയി
ലേക്കു നോക്കി
അയാൾ പറഞ്ഞു:
സുഹൃത്തേ ,ഒരു ജനതയുടെ
ജീവിതമാണിത്.

2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

മൗന ബുദ്ധൻ




കാവികളെല്ലാം
കലിതുള്ളി നടക്കുന്നു
ഇനി ബുദ്ധന് കാവിയെന്തിന്
കവിതയില്ലാതെ?!
ബുദ്ധനും പോരാളിയാകേണ്ടി
യിരിക്കുന്നു
ബോധിക്കുകീഴേനിന്ന്
പർവ്വതശിഖരങ്ങളെന്നന്വേഷി
ക്കേണ്ടിയിരിക്കുന്നു
സന്യാസവും സമരമാക്കേണ്ടി
യിരിക്കുന്നു
ക്രൂരബുദ്ധൻമാർ പൊട്ടിച്ചിരിക്കു
മ്പോൾ
മൗന ബുദ്ധന് ആയുധമണിഞ്ഞേ -
പറ്റു
ബോധാ, ബോധങ്ങളുടെ ഏറ്റുമുട്ട
ലിൽ
ബോധമില്ലാത്തവരുടെ ബാധയാണ്
ഭരണതന്ത്രങ്ങൾ മെനയുന്നത്
ബുദ്ധൻ വെറും പ്രതിമ മാത്രം

2018, ഫെബ്രുവരി 11, ഞായറാഴ്‌ച

കരച്ചിൽ




ഒരിക്കൽ പടിയിറങ്ങിപോയ
ചേച്ചി
പിന്നെതിരിച്ചു വന്നതേയില്ല
ഒരു ദിവസം അച്ഛനും,
മുത്തശ്ശി മുമ്പേ പോയിരുന്നു.
പടിയിറങ്ങി പോകുന്നുണ്ട്
ബന്ധങ്ങൾ, കളിചിരി, നന്മകൾ,
സ്നേഹം,
പാത്രങ്ങൾ, പത്രാസുകൾ,
പറമ്പുകൾ.
ഇറങ്കല്ല് ഇറങ്ങി നടന്നു
ഇറമ്പിലേക്ക് എത്തി നോക്കു
ന്നുണ്ട് ഇറയം
പടിയിറങ്ങി പോകുന്നു പ്രീയ
പ്പെട്ടതെല്ലാം
കരച്ചിലുമാത്രം പടിയിറങ്ങി
പോകുന്നില്ല.

2018, ഫെബ്രുവരി 10, ശനിയാഴ്‌ച

വിത്തം




വിത്തിൽ നിന്നും വിളിയുയരുന്നു
വിത്തമെന്തെന്ന് ഞാനറിയുന്നു
പിന്നിട്ടവഴികളുടെ ശിഥില,മോർമ്മകൾ
ശിലാശില്പമായെന്നിലുണരുന്നു
വഴിയിലച്ഛൻ കുഴിച്ചുവെച്ചൊരു
കിഴിയിൽനിന്നും മുളയുണരുന്നു
വിത്തിൽ നിന്നും വിളിയുയരുന്നു
വിത്തമെന്തെന്ന് ഞാനറിയുന്നു.
പടവുകൾകെട്ടി പടുത്തതൊക്കെയും
പൊന്നുകായ്ക്കും പൊന്നാര്യൻ പാടം
വേലികെട്ടി വേർതിരിച്ചതൊക്കെയും
കൂട്ടമായ്നിന്ന വേപ്പുകാടുകൾ
കുമുത്പൂത്തുള്ള സുഗന്ധമില്ലിന്ന്
തണുത്ത തണലിന്റെ ഉങ്ങുമില്ലിന്ന്
തളിരിടുംപച്ച തഴപ്പുമില്ലിന്ന്
മരതകപച്ച കതിരു,മില്ലിന്ന്
പാണൻപാടിയ പാട്ടോപിഴച്ചെന്ന്
പാട്ടുപാടുന്ന പുതുപാട്ടുകാരിന്ന്
പൂമരങ്ങളോ,യില്ലയിന്നെങ്ങും
പുരചുട്ടുചുരമാന്തുന്ന പൂരപ്പാട്ടെങ്ങും.
വിത്തിൽനിന്നും വിളിയുയരുന്നു
അച്ഛനെന്റെ നെഞ്ചിൽതൊടുന്നു
വിത്തമെന്തെന്നു ഞാനറിയുന്നു
അച്ഛനെന്നെ മുമ്പേ നടത്തുന്നു

2018, ഫെബ്രുവരി 9, വെള്ളിയാഴ്‌ച

ഉടലുരുക്കം





വയൽ ഒരനുഭവമാണ് .
വിശപ്പൊടുങ്ങാത്ത വയറുമായ്
വിണ്ടു കീറിയ ഉടലുരുക്കമായ്
മലർന്നു കിടക്കുന്നു വയൽ.
മുഖം വീർപ്പിച്ച മേഘങ്ങൾ
എങ്ങോ പോയ്മറയുന്നു
മോഹങ്ങളുടെ മദിരക്കുടിപ്പിച്ച
ആകാശവും
കാതിൽ കളികൾ ചൊല്ലിയ കാറ്റും
ചുട്ടുനീറുന്നു
അകാലവാർദ്ധക്യം അതിക്രമിച്ചു
കയറുന്നു
സ്മൃതിനാശങ്ങൾ അരിച്ചെത്തുന്നു
ഓതമുണ്ടാകുമ്പോൾ ഓർമ്മയിൽ
 മുളയ്ക്കുന്നുപഴയ വിത്ത്
കുളമ്പുപാടുകൾ, കുത്തിമറിയലുകൾ
ചിരിയും, കണ്ണീരും തേവിയ കാലങ്ങൾ
വിയർപ്പിന്റെ ഗന്ധങ്ങൾ
വാക്കുകൾവരച്ചിട്ടവരമ്പുകൾ
കർക്കടകം ചൊരിഞ്ഞ തിണർപ്പുകൾ
ഉറക്കൊഴിഞ്ഞ മനസ്സിലിന്നു കനവുകൾ.
പച്ചയിലേക്കെത്ര വേഗമാണ് വരൾച്ച
കടന്നു വന്നത്
വയൽ ഒരനുഭവമാണ്.

2018, ഫെബ്രുവരി 8, വ്യാഴാഴ്‌ച

ചുരം




ചുരത്തിലെ എത്രാമത്തെ
വളവിൽ നിന്നാണവൾ കയറിയത്
ജീവിതത്തിന്റെ എത്രമത്തെ
വളവിലാണവൾ ഇറങ്ങിപ്പോയത് ?
കയറുവാനിനിയും ചുരമേറെ
ചുരമാന്തിയ മോഹങ്ങളെല്ലാം
പൊലിഞ്ഞുതുടങ്ങി
പൊലിപ്പിച്ചെടുക്കുവാൻ ഇനിയെന്ത്?!
താഴെ നിന്നു നോക്കുമ്പോൾ
വലിയൊരു മലയായ് മേലെ
ജീവിത ചുരം
മേലെ നിന്ന് നോക്കിയാൽ താഴെ
അഗാദ ഗർത്തം
ജ്വരമായ് തപിക്കുന്നു ജീവിതം
ചുരത്തിലെ ഓരോ വളവിലും ,തിരിവിലും
അവളെന്തൊക്കെ കാഴ്‌ചകൾ കണ്ടുകാണും
മേഘങ്ങൾ താഴെ കടലുപോലെ,
ആനകൾ കൂട്ടമായി കുന്നുകൾ പോലെ,
കാപ്പിരികളെ പോലെ കളിചിരിയുമായി
കാപ്പിച്ചെടികൾ,
പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്ന കൊഞ്ഞനം കുത്തുന്ന കുരങ്ങുകൾ
പക്ഷേ, എത്ര പെട്ടെന്നാണ് അവൾ ഇറങ്ങി
പോയത്
എത്രാമത്തെ വളവിൽ?!
ഇല്ല; ജീവിത ചുരം കയറിപൂർത്തീകരിച്ച - വരായി   ആരും ഇന്നേവരെ

2018, ഫെബ്രുവരി 7, ബുധനാഴ്‌ച

മരങ്ങളെവിടെ....!




തളിരില താളം കൊട്ടിപ്പാടി സൂര്യനെയുണർത്തീടാൻ
മധുരമനോജ്ഞമഞ്ഞല ചാർത്തി
കിളിയെയുണർത്തീടാൻ
നെറുകയിൽ പൂങ്കുല ചൂടി ചേലിൽ
പുലരിയെയുണർത്തീടാൻ
തളിരിൽ കുളിരും പൂന്തേൻ ചൂടി
ശലഭച്ചിറകാവാൻ
മരങ്ങളെവിടെ മരങ്ങളെവിടെ
മാളോരെ ചൊല്ലൂ?!.
മാമല മേലേ കയറി പോകും മഴയെ
വിളിച്ചീടാൻ
വാനിൽ ചേക്കകൾ തേടി നടക്കും
പറവയെ വിളിച്ചീടാൽ
പൊന്നുവിളയും നാടായീടാൻ
മണ്ണൊരുക്കാനായ്
മരങ്ങളെവിടെ മരങ്ങളെവിടെ
മാളോരെ ചൊല്ലൂ?!.
വെള്ളമെന്നും മണ്ണിലൂറി
മനം നിറച്ചീടാൻ
മഴ നിന്നാലും മരങ്ങൾ പെയ്ത്
മണ്ണ് നനച്ചീടാൻ
വരൾച്ചയെന്നൊരു മാറാവ്യാധി
ആട്ടിയകറ്റീടാൻ
മരങ്ങളെവിടെ മരങ്ങളെവിടെ
മാളോരെ ചൊല്ലൂ?!.
മരങ്ങളിനിയും മുറിച്ചുമാറ്റില്ലെന്നു -
രചെയ്തീട്ടൂ
മനസ്സിനുള്ളിലെ ഖഡ്ഗ,മൂരി വലി-
ച്ചെറിഞ്ഞീടൂ

2018, ഫെബ്രുവരി 6, ചൊവ്വാഴ്ച

കുഞ്ഞുങ്ങൾ




കുഞ്ഞുങ്ങളെക്കുറിച്ച്
നമുക്കൊന്നുമറിയില്ല
പൂവുകൾ പോലെ,
ഇളന്തെന്നൽ പോലെ.
നാമറിയാതെ നമ്മെ ഒരു ലോക-
ത്തേക്ക് കൂട്ടിക്കൊണ്ടു പോകു
ന്നുണ്ടവർ
സ്നേഹം കൊണ്ട് സ്വർലോകവും,
സ്വപ്നം കൊണ്ട് പുതു ലോകം
പണിയുന്നുണ്ട് .
നമ്മളെ അവർ എന്തൊക്കെ പഠി-
പ്പിക്കുന്നു!
നമ്മെ നമ്മളാക്കുന്നത് അവരല്ലെ?
അവരുടെ വാക്കുകൾ സംഗീതം
വിരലുകളിൽ ഇന്ദ്രജാലം
ആ ഒരു പുഞ്ചിരി മതി നമ്മെയാകെ
മാറ്റിമറിക്കാൻ.
നോക്കൂ നിങ്ങൾ, ആകുഞ്ഞിച്ചുവടു
കളിൽ
വീടാകെ ചിരിക്കുന്നത്
പിച്ചവെയ്ക്കുവാൻ ചുമരുകൾ
വിരലാകുന്നത്.
തടിച്ച പുസ്തകത്തിലെ അക്ഷര
ങ്ങൾ നിങ്ങളോട് കലമ്പുന്നുവോ ?!
നോക്കൂ, അവരുടെ കൈകളിൽ
അവ ഇക്കിളിയാൽ പുളയുന്നത്
അക്ഷരങ്ങൾ ആടിതിമർക്കുന്നത്
ചെറു ചെറുതുണ്ടങ്ങളായ്
പട്ടമായ് പാറി നടക്കുന്നത്.
കുഞ്ഞുങ്ങളെക്കുറിച്ച്
നമുക്കൊന്നുമറിയില്ല



2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച

കിണർ




ഒരു കിണർ കുത്താനാശിച്ചിട്ട്
കാലം കുറേയായി
കഴിഞ്ഞിട്ടില്ല,യിന്നേവരെ.
കിടാരി പുല്ലുമേഞ്ഞ വീട്
ഓടുവെച്ചൊന്ന് ചോപ്പിച്ചു
പെങ്ങടെ കല്യാണം കഴിഞ്ഞു ,
പേറുകഴിഞ്ഞു
പുറപ്പെട്ടുപോയ ഭർത്താവിനെ -
യോർത്ത്
പെങ്ങളിപ്പോൾ വീട്ടിൽ കഴിയുന്നു.
ഒരു കിണറാഴമുണ്ടാകൺ കുഴി-
കൾക്ക്, നെഞ്ചിൻ തടത്തിന്.
മുരളുന്ന ജീവിതത്തിന്റെ സിംഹ
ക്കണ്ണുകൾ
എത്തിനോക്കുന്നുണ്ടാ,ഗാധതയിൽ
ദുഃഖത്തിന്റെ മീൻപുളച്ചലുണ്ടാ-
മിഴികളിൽ
ആമയിഴച്ചിലായ് പോകുന്നു കാലം
മുയലോട്ടമായി പോയില്ലെ ജീവിതം.
ഇനി കിണറിന്റെ ആവശ്യമില്ല
അകത്തളത്തിൽ ആഴമുള്ളൊരു
കിണറുണ്ട്
വറ്റാതജലവും .

2018, ഫെബ്രുവരി 4, ഞായറാഴ്‌ച

പ്രണയം ഇങ്ങനെ




തെച്ചിപ്പൂവായ്
തുടിച്ചു നിൽക്കുന്നു നീ
നിത്യകാമങ്ങളിൽ പൂത്തു
നിൽക്കുന്നു
നിലയ്ക്കാത പ്രണയത്തിൻ
തൃഷ്ണകാടകങ്ങളിൽ
ചന്ദനക്കുളിർ തെന്നലായി
നീ വീശുന്നു
കൺമഷിക്കണ്ണുകൾ
കോർക്കുന്നു പ്രണയത്തിൻ
നൂലിഴ കൊണ്ടൊരു
വാസന്ത സ്വപ്നങ്ങൾ
അച്ചെഞ്ചൊടികളിൽ പ്രണയ
ത്തിൻ ലേഖനം
ആഗളത്തിൽ നിന്നും
ഗസലിന്റെ ശീലുകൾ
താരപഞ്ചമത്തിനാൽ
പ്രേമ സല്ലാപങ്ങൾ
പ്രണയമൊരു സർഗ്ഗസംഗീത
സാധകം.

2018, ഫെബ്രുവരി 3, ശനിയാഴ്‌ച

ഓർമ്മ മരം




മുത്തച്ഛന്റോർമ്മയ്ക്ക്
അച്ഛനൊരു മരംനട്ടു
രാവെന്നോപകലെന്നോ-
യില്ലച്ഛനതിൻ വളമായി
ആ നാട്ടുമാവെന്നും
തേനൂറും പഴംതന്നു.
അച്ഛൻ മരിച്ചപ്പോൾ
നട്ടില്ല മരമൊന്ന്
ഓർമ്മ മരം മുറിച്ചന്ന്
ഓഹരികൾ പങ്കിട്ടു
മറന്നേപോയ് മരംനടാൻ
നാടിനെ നാട്ടാരെ.

2018, ഫെബ്രുവരി 1, വ്യാഴാഴ്‌ച

ആയുസ്സ്




ടാങ്കിൽ നിറച്ച
ജലം പോലെ
ആയുസ്സ്.
ചിലത് ഓരോ
തുള്ളിയായ്
ഇറ്റിയിറ്റിതീരുന്നു.
ചിലത് ടാപ്പിളകി
യതുപോലെ
ഇടതടവില്ലാതെ
എന്തൊക്കെയോ
ചെയ്ത്
പതുക്കെ പതുക്കെ.
മറ്റു ചിലത്
ഓട്ട വീണ പൈപ്പു
പോലെ
ചോർന്നും, ഒട്ടിക്കപ്പെട്ടും
രോഗാതുരമായി.
വേറെ ചിലതുണ്ട്
നെടുകേ പിളർന്ന
ടാങ്കു പോലെ
നിമിഷങ്ങൾ കൊണ്ട്.
കണ്ടു പിടിക്കപ്പെട്ടി
ട്ടില്ലയിന്നു വരെ
ആയുസ്സിന്റെ ആഴം.

ഫിബ്രുവരി




ചൂടിനെ ചൂടി വരുന്നൊരു മാസം
ചൂടിന്റെ കുംഭവും പേറുന്ന മാസം
വേടിനെ വാടാതെ നോക്കണം നമ്മൾ
തണലിനെ നട്ടുനനയ്ക്കണം നമ്മൾ
നീർച്ചോലയൊക്കെ നികന്നു പോയീടും
എങ്ങുമേയില്ല നീർമേഘങ്ങളെങ്ങും
പ്രാണനീരേതോ പ്രലോഭനത്താലേ
ദിനന്തോറുമെങ്ങോ മറഞ്ഞു പോന്നല്ലോ
വന്ധ്യകാലം ചൊല്ലി തള്ളാതിരിക്കുക
തളിർത്തിടും,പൂവിടും തലോടിനിന്നീടു
കിൽ
ഒറ്റതിരിഞ്ഞാലും വേനലിലും പച്ച _
യെത്തിടും വേദന മാറ്റിടുമെന്നോർക്ക
മനസ്സിന്റെയുള്ളിൽ മധുരം കിനിയുന്ന
വെള്ളരിക്കോന്നു കിളിർക്കുമെന്നോർക്ക
........................................................................
കുറിപ്പ് :- ആടിന്റെ ഉരിച്ചതോല്ഫിബ്രുവരി
യെ സൂചിപ്പിക്കുന്നു .ഇതുകൊണ്ടടിച്ചാൽ
വന്ധ്യത മാറുമെന്ന് പഴയ ആചാരം