malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, ഒക്‌ടോബർ 31, ചൊവ്വാഴ്ച

അഗ്നി


അഗ്നിയെന്നേ കെട്ടടങ്ങി
കട്ടെടുത്തു പോയ് അനുരാഗം
ഇല്ലെൻ്റെയുള്ളിൽ
തരിമ്പും പകയുടെ തുരുമ്പ്.

മുല തുരന്നവൻ്റെ ചുണ്ടിൽ
പാലല്ല രക്തം
കഴുകൻ്റെ ചുണ്ടിൽ
കറുത്ത മാംസം

ഭള്ളിൻ്റെ എള്ളും പൂവും
തൊട്ടവൻ നീ
എന്നിട്ടും,
ഇല്ലെൻ്റെയുള്ളിൽ
തരിമ്പും പകയുടെ തുരുമ്പ്

കണ്ണു കാണാത്ത പക്ഷി നീ
പകയുടെ പുകയുമായ് വന്നവൻ
അറിഞ്ഞിരുന്നില്ല ,അന്ന്
സത്യ മനസ്സിനു പറ്റിയ തെറ്റ്

തിക്ത രാഗത്തിൻ്റെ ഇര ഞാൻ
ദക്ഷിണ നൽകുന്നു നിനക്കായ്
എള്ളും പൂവും
നറു വാഴയിലയിൽ ചുടുനിണ
മിറ്റും തള്ളവിരലും

2023, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

പക്ഷി


പണ്ട്
പറന്നതിന്നോർമ്മയാണ്
എന്നെങ്കിലും
പറക്കാൻ കഴിയുമെന്ന
ആശയാണ്
ഇന്ന്
ഇങ്ങനെ ജീവിച്ചിരിക്കുവാൻ
പ്രേരിപ്പിക്കുന്നത്

അല്ലെങ്കിൽ
എന്നേ,
ഈ കൂട്ടിൽ
തലയിടിച്ച് മരിച്ചേനെ

2023, ഒക്‌ടോബർ 29, ഞായറാഴ്‌ച

ജീവിതമെന്നാൽ


എത്രയും കഷ്ടപ്പെട്ട്
ഉരുട്ടിയുരുട്ടി കുന്നിൻ -
മുകളിലേക്കു കയറ്റി
താഴേക്കു പതിക്കുന്നത്

2023, ഒക്‌ടോബർ 28, ശനിയാഴ്‌ച

ഉന്മാദി ഉണ്ടാകുന്നത്


ഉടലിൻ്റെ ഉപ്പു പരതുന്നവൻ
ഒരു കൊടുങ്കാറ്റ് അഴിച്ചുവിടുന്നു
ആശകളേയും, സ്വപ്നങ്ങളേയും
ഞെരിച്ചുടയ്ക്കുന്നു

ഹൃദയത്തിൻ്റെ ആഴങ്ങളെ-
അടർത്തി
ഒരു സങ്കടക്കടലിനെ
എന്നെന്നേയ്ക്കുമായി തുറന്നു
വിടുന്നു

വിഷാദത്തിൻ്റെ വിഷം കുത്തി -
വെച്ച്
ഉടൽ മുഴുപ്പിലൂടെയിഴഞ്ഞ
തേരട്ടയുടെ തേർവാഴ്ച
ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു

അവൾ, മരണത്തിനും ജീവിത
ത്തിനുമിടയിൽ
സഞ്ചരിക്കുന്ന ഒരു ഗോളം

മുളയറ്റു പോയ് ചിന്തകൾ
കയ്ക്കുന്നു ജീവിതം
കൊത്തിവലിക്കപ്പെടുന്ന
തലച്ചോറിൽ നിന്ന്
അലറിത്തുള്ളും പ്രളയജലം

2023, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

തിരച്ചിൽ


എവിടെയൊക്കെ തിരഞ്ഞു
ഞാൻ നിന്നെ
നിന്നെ തിരയാനിനി ,യിടമില്ല

അന്നു നമ്മൾ മണ്ണപ്പം ചുട്ട
കണ്ണാഞ്ചിരട്ടയിൽ
കൊട്ടക്കായ് പറിച്ച
കുറ്റിക്കാട്ടിൽ
മുഷിവൊട്ടുമില്ലാതെ
മഷിപ്പച്ച തേടിയ
വെളിമ്പറമ്പിൽ

കൊത്തങ്കല്ലാടിയ
സ്കൂൾ വരാന്തയിൽ
പിന്നെയിന്നോളമുള്ള
ഓർമ്മകളിൽ
എവിടെയൊക്കെ തിരഞ്ഞു
തളർന്നു ഞാൻ നിന്നെ !

അപ്പോഴുണ്ട്
എന്നിൽ നിന്നെ,ന്നിലേക്കിറങ്ങി
വന്നു നീ
എന്നെ തൊട്ടു വിളിക്കുന്നു
എന്നെ കെട്ടിപ്പിടിക്കുന്നു

2023, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

മരിച്ചാലും


ആദ്യമായ് കവിതയെ കണ്ടത്
തെരുവിൽ വെച്ചാണ് !
മഴയിൽ കുതിർന്ന്
വെയിൽ തീയിൽവെന്ത ഒരു
രൂപം !!

ഒറ്റ തടിയായ് നിൽക്കുന്നതെങ്കിലും
കാണാൻ പ്രായമുണ്ടെങ്കിലും
ഉള്ളിലൊരുണ്ണിയുണ്ടെന്ന്
കണ്ണുകൾ പറയുന്നുണ്ട്

അമ്ലം മോന്തി ബലക്ഷയം വന്നെങ്കിലും
തൽക്ഷണമുള്ള കവിതയുടെ കനൽക്കട്ട
ഇന്നുമുണ്ട്
നെരിപ്പോടു പോലെ നീറിനീറിയെൻ -
നെഞ്ചിൽ
എൻ്റെ ഹൃദയത്തിൽ കൊത്തിവെച്ച -
ഒരു കണ്ണാണു നീ

നിൻ്റെ ബീഡിത്തുണ്ടിൽ നിന്നും വമിക്കു-
ന്നത്
വെറും പുകയല്ല
വെന്തുപോയ ജീവിതമാണ്
ആ കരിമ്പുക കവിതാക്ഷരമാണ്

പേക്കിനാവു പോലും കാണാൻ ഒരു -
കുടിലില്ലാതെ പോയവനേ
അവസാനത്തെ ആറടി മണ്ണിലും
അടങ്ങിയിരിക്കാതെ കവിതയെഴുതു -
മെന്നെനിക്കറിയാം

2023, ഒക്‌ടോബർ 25, ബുധനാഴ്‌ച

പിന്നെയും


മുറിഞ്ഞു പോകാറുണ്ട്
ഇടയ്ക്ക് നമ്മിലെ
വിശ്വാസം
സ്നേഹം
ആനന്ദം
അഹങ്കാരം
എന്നിട്ടും ;
പല്ലിയുടെ വാൽ പോലെ
പിന്നെയും കിളിർക്കുന്നല്ലോ
നമ്മിലെ .....!

2023, ഒക്‌ടോബർ 24, ചൊവ്വാഴ്ച

പൊടിക്കവിതകൾ


പ്രണയം

കയ്ക്കുന്ന പാത്രത്തിലെ
തേൻ തുള്ളി

( 2 )

ജീവിതം

അലതല്ലുന്ന
പാരാവാരം

( 3 )

സംഭാഷണം

തമ്മിൽ തമ്മിൽ
പറഞ്ഞതൊക്കെയും
മിഴികളായിരുന്നു

വിജയദശമി


കന്നിമാസത്തിൻ കുളിർകോരി -
വന്നെത്തീടുന്നു
ശരത്തിൻ ശാന്തിമന്ത്രമായ്
വിജയദശമി ദിനം

നവനവങ്ങളായുള്ള
വെള്ളത്താമരയിങ്കൽ
വീണാപാണിനിയായി
പുസ്തഹസ്തയായി
അമ്പത്തൊന്നക്ഷരത്തെ
നാവിൽക്കുറിച്ചീടുവാൻ
അജ്ഞാന രിപുവിനെ
ജ്ഞാനത്താൽ വിജയിക്കാൻ
സരസ്വതീദേവി വന്നീ, യുലകിൽ
വിളങ്ങീടുന്നു

കാമ്യ ,നീ ,മനോഹരി
കുതൂലഹലമാം ജീവിതം
ധന്യമാക്കീടാൻ ഭൂവിൽ
വൈവിധ്യമാർന്നെത്തീടുന്നു

ജ്ഞാനസ്വരൂപിണി ദേവി
നിൻപാദപങ്കജത്തിൽ
അക്ഷര സൂനമായി
എന്നെ നീ മാറ്റീടേണം

2023, ഒക്‌ടോബർ 21, ശനിയാഴ്‌ച

ഞാനില്ലാത്ത വീട്


ഞാനില്ലാത്ത വീട്
ഒറ്റപ്പെട്ട ഒരു ദ്വീപാണ്
ഓർമകളെ അയവിറ-
ക്കുന്ന നീയാണ്

രഹസ്യങ്ങൾക്ക് മറപിടി
ക്കാൻ
കാത്തിരിക്കും ചുമരുകൾ
കൂടെ ചുവടു വെയ്ക്കൽ
വെമ്പി നിൽക്കും അകത്തളം

കാഞ്ഞ കണ്ണാലെ കാത്തിരിക്കും
അടുക്കള
ചേർന്നു നിൽക്കാൻ കൊതിച്ചു
നിൽക്കും
വാതിൽപ്പാളികൾ

ഓട്ടക്കണ്ണിട്ടു നോക്കും ജനൽ
കാത്തുകാത്ത് കണ്ണ്
പാറയായെന്ന് ഇറങ്കല്ല്

മക്കളെ കാത്തിരിക്കുന്ന
അമ്മയാണ്
ഞാനില്ലാത്ത വീട്

2023, ഒക്‌ടോബർ 18, ബുധനാഴ്‌ച

കൊയ്ത്തുപാട്ട്


 കതിരെല്ലാം മൂത്തുവിളഞ്ഞേ

കതിരോനും കണ്ണുതുറന്നേ

വേഗത്തിൽ താളത്തിൽ കൊയ്യെടി

പെണ്ണാളേ ... പെണ്ണാളേ ... പെണ്ണാളേ


പായ്യാരം നിർത്തെടി പെണ്ണേ

പാട്ടൊന്നു പാടെടി കണ്ണേ

പെരകെട്ടിമേഞ്ഞീടാമെടി

പുത്തരിച്ചോറുണ്ണാമെടി

താളത്തിൽ താഴ്ത്തിക്കൊയ്യെടി

പെണ്ണാളേ ... പെണ്ണാളേ ....പെണ്ണാളേ


ചേറിൽ വിളഞ്ഞൊരു പൊന്ന്

സ്വപ്നംപോൽ പൂങ്കുലക്കതിര്

പാട്ടം കൊടുത്താലുമുണ്ടെടി

പള്ള നിറക്കാനുമിക്കൊല്ലം

വേഗം നീ കൊയ്യെടി പെണ്ണേ

താളത്തിൽ കൊയ്യെടി പെണ്ണേ

പെണ്ണാളേ ... പെണ്ണാളേ ....പെണ്ണാളേ


കാറ്തെളിഞ്ഞതുപോലെ

നിൻ്റെ മോറ് തെളിഞ്ഞല്ലോ പെണ്ണേ

മൂവന്തിയായെടി കണ്ണേ

മുണ്ടകൻ പാടം നിറയേ

കറ്റ നിറഞ്ഞല്ലോ പെണ്ണേ

കയറുവിരിക്കെടി പെണ്ണേ

കറ്റപെറുക്കെടി പെണ്ണേ

വേഗം വാ ....വേഗം വാ.... 

വേഗം വായോ

പെണ്ണാളേ.... പെണ്ണാളേ...... 

വേഗം വായോ

2023, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

പ്രണയം


ചിലർക്ക്:
പേരില്ലാത്ത
സത്യം

ചിലർക്ക്:
സത്യമില്ലാത്ത
പേര്

2023, ഒക്‌ടോബർ 15, ഞായറാഴ്‌ച

അപ്പാപ്പൻ


എപ്പോഴും ചുവന്നിരിക്കും
അപ്പാപ്പൻ്റെ ചെമ്മണ്ണുപൊതിഞ്ഞ
കാലും
മുറുക്കിച്ചുവന്ന ചുണ്ടും

വെയിലിലും, മഴയിലും എപ്പോഴു-
മുണ്ടാകും
തലയിലൊരു തൊപ്പിപ്പാള
തൊപ്പിപ്പാളയ്ക്കുള്ളിൽ വെറ്റില,
അരിഞ്ഞപൊകേല, നുറുക്കിയ -
അടക്ക,ചുണ്ണാമ്പിൻ്റെ വട്ടപ്പാത്രം

ആടരയ്ക്കുമ്പോലെ അരച്ചുകൊ-
ണ്ടിരും
അപ്പാപ്പൻ എപ്പോഴും
പാറ്റിത്തുപ്പിയ മുറുക്കാൻ ചാറ്
പാറി വീഴും
ഒപ്പരം പോന്നാളുടെ മുഖത്തും
ദേഹത്തും

അരയിലെ കൊക്കത്തൊടുങ്ങിൽ
ആടിക്കളിക്കും
പെൻഡുലം പോലെ കത്ത്യാള്
തെരുവൻതോർത്തിൻ്റെ കോന്ത -
ലയിൽ
കെട്ടിവെയ്ക്കും നാണയത്തുട്ടുകൾ

തെക്കു പുറത്തെ തേക്കുമരം
കാണുമ്പോൾ
ഓർമ്മവരും അപ്പാപ്പനെയെന്ന്
എപ്പോഴും പറയും അമ്മമ്മയെന്ന്
അമ്മ ഇപ്പോഴും പറയും

2023, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

കാലികം




കയ്ക്കുന്നു കാലം

കത്തുന്നു ജoരം

കിടപ്പാടവും തീർക്കുന്നു

കുടിപ്പകയുടെ കൂടാരം


കുടമുടഞ്ഞ മുറ്റങ്ങൾ

കണ്ണീർ തൂവിത്തെറിക്കുന്നു

ശശത്തിൻ്റെ കഴുത്ത്

വ്യാഘ്രത്തിൻ്റെ വക്ത്രത്തിൽ


മണക്കുന്നു മരണം

നുണയുന്നു ആർത്തി

അസ്തമിക്കുന്നു അച്ഛൻ

കെട്ടുപോകുന്നു കുത്തുവിളക്ക്


ഉപ്പു വറ്റിയ രക്തം

ഉന്മാദികൾക്ക് ചഷകം

2023, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

പൂരിപ്പിക്കൽ


ഇന്നുവരെ, ഒരാളും മുഴുവൻ പൂരിപ്പി -
ച്ചതായി ഒരറിവുമില്ല !
കിട്ടാവുന്ന ചരിത്രരേഖകളെല്ലാം -
പരിശോധിച്ചു
എങ്ങും തിരഞ്ഞു , അറിയാവുന്ന -
വരോടെല്ലാം ചോദിച്ചറിഞ്ഞു !

ചിലർ പൂരിപ്പിക്കുവാൻ തയ്യാറെടു-
ത്തതേയുള്ളു
ചിലർ അല്പം പൂരിപ്പിച്ചു
മറ്റു ചിലർ കാൽ ഭാഗം
വേറെയും ചിലർ പകുതി
പിന്നെ മുക്കാൽ

ഓരോരുത്തരുടേയും പൂരണശേഷി
ഓരോ തരത്തിലാണെന്ന് നമുക്കറി-
യാമല്ലോ?!
ചിലതിന് നമ്മൾ 'അയ്യോ' - വെയ്ക്കും
ചിലതിന് 'ശ്ശോ'
ചിലതിനോ' ഇത്രേം'

നമ്മുടെയൊക്കെ ചിന്ത
മുഴുവൻ പൂരിപ്പിക്കുവാൻ കഴിയു -
മെന്നാണ്
അതെ, ഞാനും അങ്ങനെ തന്നെയാണ്
ജീവിതത്തെ മുഴുവനും പൂരിപ്പിക്കുവാനുള്ള
ശ്രമത്തിലാണ്

2023, ഒക്‌ടോബർ 11, ബുധനാഴ്‌ച

കുരുമുളക്


കറുപ്പെങ്കിലും
കാപ്പിരിയല്ല
കേമത്തത്തിൽ
കവച്ചുവെയ്ക്കാൻ
ആരുമില്ല

വടക്കൻപാട്ടിലെ
ഈരടി പോലെ
കൊണ്ടു നടന്നതും
കൊണ്ടുപോയി കൊല്ലിച്ചതും
നീ തന്നെ

2023, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

പെയ്തു തോരാത്തത്


ചുട്ടുപൊള്ളിക്കൊണ്ടാണ്
കയറി വന്നത്
അരികിലണഞ്ഞപ്പോഴാണ്
പെയ്തു തുടങ്ങിയത്

ഓർമ്മകളേക്കാളും തീവ്രമായി
രുന്നു പെയ്ത്ത്
ഒട്ടും ചോർന്നു പോകാതെയുള്ള
പെരുംപെയ്ത്ത്

പെയ്തു തോർന്നിട്ടും
തിരിച്ചു പോയിട്ടും
പെയ്തു കൊണ്ടേയിരിക്കുന്നു
നീ എന്നിൽ

2023, ഒക്‌ടോബർ 8, ഞായറാഴ്‌ച

നീ


കണ്ണീരിൻ്റെ വക്കത്ത്
കാത്തിരിപ്പുണ്ടൊരുവൾ
കണ്ണോരം ചെന്നില്ലെങ്കിൽ
പൊട്ടിച്ചിതറാൻ പാകത്തിൽ

ഏതു ജന്മത്തിലും
നീയെനിക്കു പെണ്ണ്
ഏതു രാവിലും
എനിക്കായ് ഉണർന്നിരിപ്പ്

ഏതു മുൾപടർപ്പിലും
നിൻ്റെ വേരിനാൽ
എന്നിൽ തെഴുപ്പ്
എൻ്റെ വിജയം
വിശ്വാസം
ശ്വാസം

എൻ്റെ പെയ്ത്ത്
അഗാധ മൗനം
എന്നിലെ എന്നിൽ നീ
നീ ....

2023, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

കുടം


ഉടഞ്ഞുപോയ
എൻ്റെ ജീവിത കഷ്ണങ്ങളെ
ഞാൻ പെറുക്കിക്കൂട്ടുന്നു

എന്നിലേക്കു വെന്തു ചേർന്ന
പലകാലച്ചെടികൾ
നിലവിളിച്ചുകൊണ്ടിരിക്കുന്നു

കലമ്പുന്ന കാറ്റിൻ്റെ
കരണത്തടിക്കാൻ തോന്നുന്നു

നദിക്കൊരു ലക്ഷ്യമുണ്ട് -
കടൽ.
എനിക്കേതുമണ്ണിലാണ്
ഇനി കിനിഞ്ഞിറങ്ങുവാൻ കഴിയുക

ഞാൻ കൊടുത്ത തെളിനീരിൽ
തളിർത്തു നിൽക്കുമീ ഇലകൾ
കാണാകെ
കുളിരുന്നുകൺകൾ
വരണ്ടതൊണ്ടയിൽ നിന്നും
തേങ്ങലിൻ്റെ ചില്ലയടരുന്നു

ഉരുവം കൊണ്ടു ഞാൻ
മണ്ണിൽ നിന്ന്
മടങ്ങട്ടെ മണിലേക്കു തന്നെ

മണ്ണിൽ
മത്സരമില്ലാതെ
പലകാലച്ചെടികൾ വളരട്ടെ


2023, ഒക്‌ടോബർ 5, വ്യാഴാഴ്‌ച

നിനക്ക്



ചാരായച്ചിരിയിൽ

നീ രചിച്ചത്

കവിതയായിരുന്നില്ല.

ജീവിതം


സ്നേഹിച്ചവൾ

നൽകിയ

വേദന വാറ്റിയെടുത്ത

ചാരായത്തിൻ്റെ

ബാക്കിയാണാ ജീവിതം


അടങ്ങാത്ത രതിയാണ്

കവിത

ഉടഞ്ഞ ജീവിത ഖണ്ഡങ്ങ -

ളാൽ

രമിച്ചു കൊണ്ടേയിരിക്കുന്നു

കവിതയെ


2023, ഒക്‌ടോബർ 4, ബുധനാഴ്‌ച

അടയാളം


എൻ്റെ പഴയ എഴുത്തുകൾ
എന്നോടു സ്വകാര്യം പറയുന്നു
നാട്ടുഭാഷയിൽ നാണം കുണു -
ങ്ങുന്നു
നാട്ടുവഴികൾ കാട്ടിത്തരുന്നു
മറന്നു പോയവയുടെ
മണ്ണടരുകൾ മാറ്റുന്നു

അമർന്നു പോയവയെ
അടർത്തിയിടുന്നു
കുഞ്ഞു പുലരികളെ
നീണ്ട സായാഹ്നങ്ങളെ
മൗനത്തിൻ്റെ മഹാതടങ്ങളിൽ
കാട്ടിത്തരുന്നു

താഴ്ന്നൊഴുകുന്ന
പുഴയാണു ഞാൻ
മറഞ്ഞു പോയ എൻ്റെ ഗ്രാമം
മൂടപ്പെട്ട വസ്തുക്കൾ
എന്നെ ഞാനാക്കിയ മൺശകലം

അറ്റുപോയി അടയാളം
നാട് നാമശൂന്യമായി
ഞാൻ എന്നിൽ അപരിചിതനായി

2023, ഒക്‌ടോബർ 3, ചൊവ്വാഴ്ച

ഗൃഹാതുരത്വം


ഒറ്റക്കാലിൽ ഊന്നുവടിയിൽ
അയാൾ നടന്നു
ഉറഞ്ഞു പോയൊരു ദുഃഖം
കണ്ണിൽ ഘനീഭവിച്ചു നിന്നു

കൊറ്റിനുള്ള വകയായ്
കുത്തിവെച്ച വടി പോലെ
ഭാഗ്യക്കുറിയുമായി നിന്നു
പ്രതീക്ഷയുടെ ഒരു കൊറ്റി
കെടാതെ ഉളളിൽ തെളിച്ച്

കാലില്ലാത്തവനായുള്ള
കാരുണ്യ സ്പർശം ഞാന-
റിഞ്ഞു
കെട്ടു പോയിട്ടില്ല വെളിച്ച-
മെന്ന്
കാലം കാട്ടി തന്നു

നീലേശ്വരം ബസ്റ്റാൻഡിൽ
ഗൃഹാതുരതയോടെ ഞാൻ
ഇരുന്നു
നാൽപ്പതു വർഷം മുന്നിലെ
വഴികളെന്നെ തൊട്ടു വിളിക്കുന്നു

പൂച്ച

 

കുട്ടിക്കവിത

പൂച്ച പച്ച മീൻ കടിച്ചു
അമ്മ തച്ചു മാച്ചികൊണ്ട്
പൂച്ച മച്ചിൽ പാഞ്ഞു കേറി
പിടലി കുത്തി ചാഞ്ഞു വീണു
പച്ച മീൻ തെറിച്ചു പോയി
അമ്മചട്ടീലsച്ചുവെച്ചു
പൂച്ച മീൻമണം പിടിച്ച്
ഓടിവന്നു മ്യാവു മ്യാവു