malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, മേയ് 31, ബുധനാഴ്‌ച

മാവു പൂത്തതു കാൺകേ......


മാവു പൂത്തതു കാൺകേ
മാനസം രാഗാർദ്രമായ്
പ്രേമവും, വസന്തവും
സിരയിൽ സരയുവായ്

യൗവ്വനം തളിർക്കുന്നു
കുടമുല്ലപ്പൂവായി
കണ്ണാന്തളി തേടി
കാടുകൾ കയറുന്നു

ചില്ലയും,ഇലകളും
ഉമ്മ വച്ചീടുന്നെന്നെ
നിൻ കരവല്ലിയാലെ
വരിഞ്ഞുമുറുക്കുന്നു

കശുമാന്തോപ്പിൽനിന്നും
മഞ്ഞ മാമ്പഴത്തിൻ്റെ
മധുരം ചോരാതെ നാം
മലയിറങ്ങിയതും

മുന്തിരിച്ചന്തംയെന്നു ചൊല്ലി നീ
യെൻ കവിളിൽ
വീര്യമാർന്ന വീഞ്ഞായി
ചുംബനംനൽകിയതും

ഇന്നുമെൻ ചൂണ്ടിൻചില്ലതുമ്പിലൊ-
രിലയായി
മുളയിടുന്നതുണ്ടീ
മാവു പൂത്തതു കാൺകേ....

2023, മേയ് 29, തിങ്കളാഴ്‌ച

വിരഹം


സായന്തനം തീർത്ത വിരഹാഗ്നിതന്നിൽ
ഇടറി വീഴുന്നു ഞാൻ പ്രിയേ
ഹിമമണി ചിതറുന്നൊരമൃതായിനീയെന്നിൽ
നിറഞ്ഞു തുളുമ്പി നിൽക്കുന്നു

ഇരുളിൽ നറുതിരിയാകും പനിമതി
പോലെ നീ വന്നു നിന്നെങ്കിൽ
ഹൃദയമാമിലത്തുമ്പിൽ ഹരിതകമായത്
നീയായിരുന്നല്ലൊയെന്നും
നിർവൃതിയേകിടും വെയിലിൻ ചെറുകണം
നീയായിരുന്നല്ലൊയെന്നും

നീരലയായി നീ എന്നെ തഴുകിയും
ചഷകത്തിൻവീര്യമായ് എന്നിൽ നിറഞ്ഞും
ആളിപ്പടരുന്ന പ്രണയാഗ്നിയായതും
ജ്വാലയായുള്ളിൽ നിറയുന്നു

ഇന്നീ സായന്തനം തീർത്ത വിരഹാഗ്നിയിൽ
ഇടറി വീഴുന്നു ഞാൻ പ്രിയേ
എവിടെ നീ ജൃംഭിതസാഗരം
ചുംബന തിരകൾ



2023, മേയ് 27, ശനിയാഴ്‌ച

വാകപൂക്കുമ്പോൾ ....


വാക്കിൻ്റെ ഉദ്യാനത്തിൽ
വേനൽപൂവായ് പൂത്തവനെ
അടങ്ങാത്ത ദു:ഖത്തിൻ്റെ
കവിത കെട്ടി നടന്നവനെ

ക്ഷാരമൂറ്റി കുടിച്ചു നീ
ക്ഷുബ്ധ ഹൃദയമടക്കിയില്ലെ
ബുഭുക്ഷയാൽ തളർന്നിടുമ്പോൾ
ധ്യാനബുദ്ധനായതില്ലെ

കവിത തേടി ഞാൻ വന്നനേരം
തെറി പറഞ്ഞകറ്റിയോനെ
കള്ളുമായി വന്നനേരം
കവിതതൊട്ടുകൂട്ടിയോനെ

വാക പൂക്കും കാലമെത്തിയാൽ
ദുഃഖമെന്നിൽ കനച്ചിടുന്നു
നിൻ്റെ ഓർമ ചോര കിനിയും
ചുവന്ന പൂവായിറ്റിടുന്നു

2023, മേയ് 23, ചൊവ്വാഴ്ച

ഭ്രാന്ത് അഥവാ സത്യം


ശിശിരത്തിൽ
ജനനം
ശിരസ്സിൽ
ചിരി മുകുളം

പെറ്റു കൂട്ടുന്നു
പൊട്ടിച്ചിരികളെ
തട്ടി മാറ്റുന്നു
പൊറ്റ കെട്ടിയ
മുഖങ്ങളെ

ഭയമില്ലാത്തവന്
അഭയം
പെരുവഴി
സത്യം വിളിച്ചു
പറയുന്നവനെ
ചിരിച്ചു തള്ളുന്നു
കാപട്യം

സത്യത്തിൻ്റെ
ചിതയെരിയുന്നു
ചതി തന്നെ ചിതമെന്ന്
മന്ത്രമുയരുന്നു

ശില പൊട്ടിച്ചു വന്നിട്ടില്ല
ഒരു ദൈവവും
തീപ്പിടിച്ച ശിശിരത്തിൻ്റെ
പൊള്ളലറിഞ്ഞിട്ടില്ല

2023, മേയ് 21, ഞായറാഴ്‌ച

പതിനാലാമത്തെ ഹെയർപിൻ വളവ്


കാടുകൾക്കുമീതെ
കോടമഞ്ഞ്
പുതിയൊരാകാശം
വരയ്ക്കുന്നു

പതിനാലാമത്തെ
ഹെയർപ്പിൻ വളവിൽ അത്
ചെറിയ വെള്ളക്കെട്ടുകൾ
പോലെ തോന്നുന്നു

ഒറ്റപ്പെട്ട ദ്വീപ് പോലെ
അകലെ ചില വീടുകൾ
വളഞ്ഞുപുളഞ്ഞു കിടക്കുന്ന
കരിമ്പടം പോലെ
ഇങ്ങ് റോഡുകൾ

കൊക്കയ്ക്കരികിലൂടെ
കൊക്കിനെപ്പോലെ
പതിയെ പതിയേചിറകൊതുക്കി
കനം കൂടികനം കൂടി
കനത്തിൻ്റെ കട്ടയായിഞങ്ങൾ
കുന്നു കേറിവരുന്നു

കുളിരിൻ്റെ കൂർപ്പിനെ
കരളിൻ്റെ പിടച്ചിലും
ചേർത്ത്
അവനവനെ അവനവൻ തന്നെ
ഇരകോർത്ത്
സമതലത്തെ എത്തിപിടിക്കുവാൻ
ശ്രമിക്കുന്നു

വായിൽ നിന്ന് വായുവിൻ്റെ മഞ്ഞു
പുക
ആവിയായി പറക്കുന്നു
ഇപ്പോൾ,
ആകാശത്തിനും
ഭൂമിക്കുമിടയിൽ
പരന്ന പച്ചപ്പിൽ
ഭയപ്പെടാനൊന്നുമില്ലെന്ന്
പൈൻ മരക്കാടുകൾ
കൈകാട്ടി പറയുന്നു


2023, മേയ് 20, ശനിയാഴ്‌ച

എൻ്റെസമയം


പ്രീയപ്പെട്ട ഡോക്ടറേ,
നഷ്ടമാകാത്ത ഓർമ്മയാണെൻ്റെ -
പ്രശ്നം
പഴയ ചിത്രംപോലെ അന്നത്തെ
ആ നരച്ച ആകാശം ഇന്നും കാണുന്നു
തിരിച്ചു കിട്ടരുതേയെന്ന് പ്രാർത്ഥിക്കു -
ന്നതെല്ലാം തികട്ടിവരുന്നു

ഇപ്പോൾ പൊട്ടാൻപോകുന്ന
കുമിളയാണ്ഞാനെന്ന്
ഓർത്തു പോകുന്നു
ചില കാലടിശബ്ദങ്ങൾ വഴിയിലും
വരാന്തയിലും മരിച്ചു വീഴുന്നു
വിജനമായ പാതയിൽ ഞാനുമെൻ്റെ
കാലടി ശബ്ദങ്ങളും മാത്രം ബാക്കിയാവുന്നു

ഡോക്ടറേ,
ഉച്ചരിക്കപ്പെടാത്ത ഒരു വാക്കാണു ഞാൻ വായിക്കാൻ കഴിയാത്ത ലിപി
എഴുതപ്പെടാത്ത ഒരു പുസ്തകത്തിലെ
വായിക്കപ്പെടാത്ത സംഗതികൾ വന്ന്
അർദ്ധരാത്രിയിലെ നിശ്ശബ്ദതയിൽ എന്നോടു -
കലഹിക്കുന്നു

ഡോക്ടറേ,
ഞാൻ ഞാനായി തീരുവാൻ
എന്നെ എന്നാണെനിക്ക് നഷ്ടമാകുന്നത് !!
കാഫ്കയുടെ കഥാപാത്രം പറയുന്നതിൽ നിന്നും
അൽപംവ്യത്യസ്തമായി
'നിങ്ങളുടെ ഊഴം കഴിഞ്ഞു ,എൻ്റെ സമയമായി '
യെന്ന് കാലം എന്നായിരിക്കുമെന്നോട്
പറയുന്നത്

2023, മേയ് 16, ചൊവ്വാഴ്ച

ദാഹം


ഒരു ചെറു തുള്ളിക്കായ്
കാത്തുകാത്തിരിക്കുന്ന
വേഴാമ്പലാണെൻ മനം
കാലമേ അറിക നീ !

കനലുവാരി തിന്നുന്നു
കദനം കുടിക്കുന്നു
കാളകൂടം കുടിച്ചപോൽ
കവിതതൻകണ്ഠം കടും നീല -
യായ് !

ദാഹിഞാൻ, തരുമോ ഒരു തുള്ളി
ജീവൻ പിടച്ചിലൊന്നടയ്ക്കാൻ
അമ്മേ, പിഞ്ചിളം ചുണ്ടിൽ നീ ഇറ്റി -
ച്ചു നൽകിയ
അമ്മിഞ്ഞപ്പാലിന്നോർക്കുന്നു ഞാൻ

2023, മേയ് 15, തിങ്കളാഴ്‌ച

ഗ്രാമത്തിൽ...!


നാട്ടു നോട്ടങ്ങളെ
നിങ്ങൾ കണ്ടിട്ടുണ്ടോ?
കുനിഞ്ഞ കുടിലുകളുടെ
ചാഞ്ഞ നോട്ടങ്ങളേയോ ?!

പ്രാചീനമായ ഒരു വിശുദ്ധിയു -
ണ്ടല്ലേ ഗ്രാമത്തിന്
ഹൃദയത്തിൽ തൊട്ടു വെച്ച
സ്നേഹവും

നാല്പത്ത് കഴിഞ്ഞിട്ടും
നാലിടങ്ങഴി നെല്ലുകുത്തുന്ന
പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ നിങ്ങൾ?
തീയിൽ കാച്ചിയെടുത്ത കഥകൾ
കേട്ടിട്ടുണ്ടോ
തോട്ടുകരയിൽ അലക്കി വെളുപ്പി -
ക്കുന്ന കഥയോ

മുളപൂത്തതുപോലെ
ചിരിക്കുന്ന പെൺകുട്ടികളെ -
കണ്ടിട്ടുണ്ടോ
ഇലഞ്ഞിത്തറയിൽ
ഉലഞ്ഞിരിക്കുന്ന പെൺകുട്ടികളെ
പഴുത്ത കൈതോലയുടെ -
നിറമാണു പോലും പ്രണയത്തിന്

2023, മേയ് 14, ഞായറാഴ്‌ച

മൃത്യു വിത്ത്


മനസ്സിൽ
പണിതുയർത്തിയ
പ്രണയത്തിൻ്റെ താജ് മഹൽ
തകർന്നു പോയി

മുറിപ്പെട്ട ഹൃദയവുമായ്
കഠാരമുള്ളുകൾക്കിടയിലൂടെ
നടക്കുന്നു
നഗ്നപാദനായി

മുറിച്ചു മാറ്റപ്പെട്ട പ്രണയത്തിൽ
എൻ്റെ ഗീതകങ്ങൾ
തലതകർന്നു മരിച്ചു

ഇനി നമുക്ക് പുതിയ കുഞ്ഞു വീടില്ല
കവിതയെഴുതിയ പുസ്തകമില്ല
നിനക്കായെഴുതിയവരികൾ
നീ തന്നെ മായ്ച്ചു കളഞ്ഞു

എൻ്റെ ഹൃദയത്തിലെ പക്ഷീ
നീ തന്നെ പക്ഷം മുറിച്ചല്ലോ
മൃത്യുവിൻ്റെ വിത്ത്
നീ തന്നെ പാകിയല്ലോ

ഇനിയെങ്ങനെ
ഞാനും നീയും ചേർന്ന്
ഒരു നക്ഷത്രം വിരിയിക്കും

2023, മേയ് 8, തിങ്കളാഴ്‌ച

വിരൽത്തുമ്പിനാൽ ....


ആ നീലരാവിൻ വിരൽ തൊട്ടു -
ണർത്തുമ്പോൾ
രാഗാർദ്രയായവളവനെയോർപ്പൂ
ആ വിരൽത്തുമ്പിനാൽ മെല്ലെ തൊടുന്നേരം
പോയൊളിക്കുന്നു മനശക്തിയും
എങ്ങോ മറയുന്നു തൻേറടവും !

സൂര്യാംശു ,യേറ്റുള്ള വെണ്ണപോലെ
തീയേറ്റിരിക്കും അരക്കു പോലെ
കൗമുദിയിൽ ചേർന്ന ചന്ദ്രകാന്തം പോലെ
അലിഞ്ഞു ചേരുന്നു അറിഞ്ഞിടാതെ !

തനു തളരുന്നു തുടിച്ചിടുന്നു
പരസ്പരാലിംഗന ചുംബനാലസ്യത്തിൽ
ആനന്ദാമൃതാബ്ധിയിൽ മുങ്ങിടുന്നു
ലോകം, നിമിഷം നിലച്ചിടുന്നു

2023, മേയ് 7, ഞായറാഴ്‌ച

കാത്തു വെച്ചത്....!


അവൾ,
വാക്കു പൂത്ത വാക

വേനലിൽ വാടാത്തത്
മഴയിൽ തളിർക്കുന്നത്
മഞ്ഞിൽ തിണർക്കുന്നത്

കവിത തേടി പോയപ്പോൾ
കുളിരു തന്നു
അകംപുറം നനയാൻ
മഴ തന്നു

പിന്നെ;
കാത്തുവച്ചതു പോലെ
ഒരു വേനൽ തന്നെ
വരദാനമായി തന്നു

ക്ഷാരത്തിൻ്റെ
ക്ഷീരം തന്നു

2023, മേയ് 6, ശനിയാഴ്‌ച

ഏകവചനം


ഓടിവന്ന ഓർമ
കാലപ്പഴക്കത്തിൻ്റെ
കാഞ്ചി വലിക്കുന്നു

ചിന്തകൾ പൊട്ടിച്ചിതറി
പരശതം തുരുത്തുകൾ
പണിയുന്നു

ചുവന്നു നനയുന്നു ഉള്ളകം
കത്തിപ്പടരുന്നു ഗ്രീഷ്മം
ഉള്ളിലൊരു പൊള്ളും കൊടുങ്കാറ്റ്
മൂളുന്നു

അമ്പേറ്റിരിക്കുന്ന അംബുദം
അങ്കണം നിറയെ രക്തം
പക്ഷമറ്റ പക്ഷി
വൃക്ഷം നോക്കിയിരിക്കുന്നു

തിരിച്ചറിവില്ലാത്ത കാലം
കരകവിഞ്ഞൊഴുകുന്നു
ഇല്ല  ;
എനിക്കായൊരു ഇളങ്കാറ്റ്
ഏകവചനത്തിൻ്റെ
ഏകാധിപതി ഞാൻ

2023, മേയ് 5, വെള്ളിയാഴ്‌ച

ബസ് ഷെൽട്ടറിൽ ...........


കുതിച്ചുപായുന്നു സമയം
കിതച്ചു പോകുന്നു ഹൃദയം
എത്ര ഒതുക്കിയിട്ടുമൊതുങ്ങാതെ
അവളവളെ
വാരിപ്പിടിച്ചെടുത്തോടുന്നു വേഗം

നിർത്താത്ത ബസിൻ്റെ പിന്നാലെ -
ഓടുന്ന
കണ്ണിനെ മടക്കിവിളിക്കാനേ കഴി-
യുന്നില്ല
കരയിൽ പിടിച്ചിട്ട മീനിനെപ്പോലുള്ള
മനസ്സിൻ്റെ പിടച്ചലൊതുക്കാനേ കഴി-
യുന്നില്ല

കാക്കക്കണ്ണാലെ ചില നോട്ടങ്ങളൊ-
രുഭാഗം
വാക്കിൻ്റെ മുന കൂർപ്പിക്കുന്നുണ്ട്
മറുഭാഗം
അരിതിളച്ചു തൂവുന്നുണ്ടവളുടെ
ഇടനെഞ്ചിൽ
എത്ര ഒളിപ്പിച്ചിട്ടുമുള്ളിലുള്ളതെല്ലാം
വെളിയിൽ കാട്ടുന്നുണ്ടാമുഖം

കുതിച്ചു പായുന്നു മനസ്സ്
കിതച്ചു പോകുന്നു ഹൃദയം
ബസുകാത്തു നിൽക്കുന്നുണ്ടി -
പ്പോഴു ,മാബസ് ഷെൽട്ടറിൽ
അവളുടെ വിയർത്ത ശരീരം മാത്രം

2023, മേയ് 4, വ്യാഴാഴ്‌ച

വാക്കുകോർക്കുമ്പോൾ


വാക്കുകൾ കോർത്തു
കോർത്തു പോകുമ്പോൾ
വരികൾ മുറിഞ്ഞൂർന്നു
വീഴുന്നു ഞാൻ

വിരകൾ പോലുള്ള
വരികൾ പിടയുമ്പോൾ
ചിതറിപ്പോകുന്നു ചില
വാക്കുകൾ

വ്യാളിപോൽ ചിലവാക്കു
വന്നെന്നെ
വിഴുങ്ങുവാൻ വാ പിളർത്തുന്നു

കവിത മൗനമായ്
കലമ്പുന്നു ഉള്ളിൽ
അക്ഷരം മുഷ്ടിയുയർത്തുന്നു

വ്യഥതൻ വെയിൽ തീയിൽ
വെന്തുരുകുവോളെ
എങ്ങനെ ഞാൻ വരച്ചിടും

ഇരുട്ടറയിൽ
പിടഞ്ഞിടുവേളെ
എങ്ങനെ പടി കടത്തിടും

നഗ്നയായ്
നിണപ്പുഴയിൽ
വീണോളെ
എങ്ങനെ കരകേറ്റിടും

വാക്കുകൾ കോർത്തു
കോർത്തു പോകുമ്പോൾ
വരികൾ മുറിഞ്ഞൂർന്നു
വീഴുന്നു ഞാൻ

2023, മേയ് 3, ബുധനാഴ്‌ച

ഞാറ്റു പാട്ട്



നേരം പോയ് നേരം പോയേ
പെണ്ണാളേ വേഗം വായോ
ചേറ്റുകണ്ടം കലക്കടി പെണ്ണേ
ഈച്ചേറ് നമ്മടെ ചോറെടി
ചേറ്റുകണ്ടം കലക്കടി പെണ്ണേ
ഈച്ചേറ് നമ്മുടെ ചാറടി
ചേറിലെറങ്ങടി പെണ്ണേ നീ
നേരം പോയ് നേരം പോയ്
നേരം പോയേ

ചോരതിളക്കണ പെണ്ണാളേ
ചേലിൽ ചിരിക്കണ കണ്ണാളേ
ഞാറൊന്നു പാകടി പെണ്ണേ
വെള്ളം വേഗം തേവടി പെണ്ണേ
ചെങ്കതിർ പോലെ തിളങ്ങി വിള
ങ്ങണ പെണ്ണാളേ കണ്ണാളേ
നേരം പോയ് നേരം പോയ്
നേരം പോയേ

കാളപൂട്ടി കണ്ടം മറഞ്ഞേ
അരൂംമൂല കിളക്കടകോര
ഞാറൊലുമ്പി ഏറ്റിയെറിഞ്ഞേ
നുരിവെച്ചു മുന്നേറടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയെ

മാനത്ത് കാളണകാറ്
വരമ്പത്ത് തമ്പ്രാൻ്റെ മോറ്
രണ്ടുംപൊട്ടിയൊലിക്കണമുമ്പേ
താളത്തിൽ പണിയടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയേ

അന്തിക്കതിരോൻ നുരിവച്ചുനീർന്നേ
അന്തിമാനം ചുവന്നു തുടുത്തേ
ഞാറ്റുവേല കുളിച്ചു കേറുമ്മുന്നേ
ഞാറു നട്ടൊന്നുനീ നീരെടി പെണ്ണേ
നേരം പോയ് നേരം പോയ്
നേരം പോയേ

2023, മേയ് 2, ചൊവ്വാഴ്ച

കുട്ടിയുടെ വിചാരം


ഇന്നലെ കോലായിൽ ചാരു കസാലയിൽ
ചാരിയിരുന്നൊന്നായ് ചൊല്ലിയോരമ്മാവൻ
ഈ തിരുമുറ്റത്ത് ആ ,പഴേ മേശയിൽ
നീണ്ടു നിവർന്നു കിടക്കുന്നുവല്ലോ!

ഈ കൊടുംവേനലിൽ ചുട്ടുനീറീടുമ്പോൾ
പുതച്ചു കിടക്കുന്നതെന്തിനീ അമ്മാവൻ !
ആരൊക്കെയോവന്നടക്കം പറയുന്നു
പിന്നെ പതുക്കെ തിരിച്ചു പോയീടുന്നു

പുലർ നേരമിന്നോളം കണ്ടതില്ലമ്മാവൻ
ഇങ്ങനെ മൂടിപ്പുതച്ചുറങ്ങുന്നത്
എന്തേ വിളിച്ചുണർത്താതു അമ്മാവനെ
ആരുമെന്തേ പുറത്തേക്കിറങ്ങാത്തു

അച്ഛനെന്തേ ഓർത്തിരിപ്പു കോലായിൽ
ആലയിൽ പശുക്കൾ അമറുന്നതെന്തേ
അടുത്തവീട്ടിലെഉണ്ണി ചായയ്ക്കുവിളിക്കുന്നു
ഇന്നെന്തെ ചായയും വച്ചതില്ലേ അമ്മ