malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

നോവ്‌


കിണറിന്റെ ആഴത്തില്‍
വൃത്തവും,ഒരു നിഴലും
കുറുക്കനെ തോല്‍പ്പിച്ച
അമ്പിളി മാമനെപ്പോലെ
എന്റെ നിഴലും എന്നെ ചതിക്കുമോ ?!
കുട്ടിയെ താരാട്ടിയുറക്കാന്‍
ഒരുങ്ങിയിരിക്കുന്നുഗര്‍ഭ പാത്രം
കുഞ്ഞിനെ ഒന്ന് തലോടാന്‍
വിങ്ങിപ്പൊട്ടുന്നു ഉള്ളം
കുഴിഞ്ഞ കണ്ണിലെ കണ്ണീര്‍
കഴിവ് കെട്ടവനെന്നു കുത്തി-
നോവിക്കുന്നുണ്ടാകാം
കാത്തിരുന്നിട്ടും കാണാത്തതു കൊണ്ടാകാം
ഇറങ്ങിപ്പോയതു
പിറക്കാതെ പോയകുഞ്ഞു
മുരിക്കു മരത്തില്‍  ഒരു കാക്ക
എന്നെ നോക്കിയിരിക്കുന്നു
കിണറാഴത്തില്‍ നിന്നൊരു കുഞ്ഞു
എന്നെ മാടി വിളിക്കുന്നു

മടുപ്പ്


ആകാശപ്പാലപൂത്ത
രാത്രിയിലായിരുന്നു
എന്റെ ആശാമരം പൂവിട്ടത്
എന്റെ യൂസര്‍ നെയ്മിന്
അവളുടെ പാസ് വേര്‍ ഡു നല്‍കി
കോടപുതച്ച രാത്രികളില്‍
ചിരിയുടെ കുപ്പിവളകള്‍
പലപാടും പൊട്ടിച്ചിതറി
ഹൃദയത്തിന്റെ വെബ്ബു ക്യാമറയില്‍
ആ മുഖം മാത്രം
കൊതിയൂറുന്ന കിനാക്കളുടെ എസ്. എം.എസ്
രാവിനെ പകലാക്കി പാറി ക്കൊണ്ടിരുന്നു
ഉറക്കച്ചടവുള്ള കണ്ണുകളില്‍
ഉന്മാദത്തിന്റെ മുല്ല മൊട്ടുകള്‍ -
ഒറ്റ വീര്‍പ്പിനു പൂത്തു
മോഹങ്ങളുടെ ഫ്ലാറ്റില്‍
ദാഹങ്ങളുടെ ബ്ലൂ ടൂത്തുണര്‍ന്നു
സ്നേഹത്തിന്റെ സരിത്ത്
മോഹിപ്പിക്കുന്ന മുത്തു
പ്രണയത്തിന്റെ പനിനീര്‍പ്പൂവ് .
കോളുകളെല്ലാം മിസ്‌ കോളുകളാ-
യിരുന്നെന്നു
ഇപ്പോള്‍ തിരിച്ചറിയുന്നു
ഇന്ന് ഞങ്ങളുടെ ശരീരം 
ഒറ്റ കട്ടിലിലെങ്കിലും 
മനസ്സ് രണ്ടു ഭൂഖണ്ഡത്തില്‍

പെണ്ണായാല്‍ ....!


വേട്ടക്കാരന്റെ വീട്ടില്‍
ഇരയിരിക്കുന്നു.
അരിഞ്ഞു തള്ളുമെന്ന
അറിവോടെ
എരിഞ്ഞിരിക്കുന്നു.
പൂച്ച പെറ്റത് പൂച്ച
തിന്നുമെന്നപോല്‌
അച്ഛന്‍,ആങ്ങള വേട്ടക്കാരന്‍-
ആരുമാകാം.
പിടഞ്ഞലയുന്ന കണ്ണുകള്‍
വിങ്ങി വിതുമ്പുന്ന ചെകിള-
പ്പൂക്കള്‍
കരളിന്‍ കടലിടുക്കില്‍
അരുതേയെന്നാര്‍ക്കുന്നു
രോദനം .
ഉറക്കമില്ലാത്ത രാത്രികള്‍
ഉണര്‍ച്ചയില്ലാത്ത പകലുകള്‍
ഉരിഞ്ഞെറിയുന്നു നോട്ടത്താല്‍
ഉടയാടകള്‍
കൊത്തി വലിക്കുന്നു മാംസപിണ്ഡങ്ങള്‍ .
പട്ടുപോകേണ്ടവള്‍ പെണ്ണോ
കെടുവിലപോലും ഇല്ലാതവളോ
പെട്ടെന്നുണരും ചില കവിതപോല്‍
മിന്നി മറയും വെള്ളി വെളിച്ചമോ-
പെണ്ണ് .


മലയാള ഭാഷ


മലയാളം മൌനവും,മുദ്രയുമായി
മയ്യെഴുതി കണ്ണുതുറന്നു
മോഹിനിയാട്ടമായി
ചിലങ്കകെട്ടി ചരിഞ്ഞാടി
കലാമണ്ടലത്തില്‍ പച്ചയും,-
കത്തിയും,കരിയും വേഷമായി
തുഞ്ചന്റെ കിളിയായി
കുഞ്ചന്റെ ചിരിയായി
മണ്കൂന കുന്നു കടന്നു
മടപ്പുര മുത്തപ്പനായി
ചെക്കിപ്പൂ കണ്ണുകളാലേ
ചാമുണ്ഡി തെയ്യാട്ടമായി 
വള്ളം കളിയും തോണിപ്പാട്ടുമായി
കുട്ടനാടന്‍ വഞ്ചിപ്പാട്ടും
വടക്കന്‍വീരഗാഥയുമായി 
എള്ളിന്‍ പൂവായി
നെല്ലിന്‍ മണമായി
അറിയാത്ത പിള്ള ചൊറിയെ-
അറിയും പോല്‍
ഇന്നാര്‍ക്കുംമലയാളമറിയാതെയായ്


 2013, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

കുരിശ്ഏറ്റങ്ങള്‍


എവിടെ നിന്നോ ഒഴുകി വന്നൊരു
പാട്ടിലേറി
ഞാന്‍ പിരമിഡുകളുടെ  നാട്ടിലെത്തുന്നു 
കുരിശ് ഏറ്റങ്ങള്‍ കാലാകാലങ്ങളിലെതുപോലെ
നടക്കുന്നു
പണിയില്ലാത്തവരുടെ  സിംഫണി -
ചുറ്റും ഉയരുന്നു
പോപ്പ് ഗാനത്തിന്റെ പൊന്മുട്ടയുരുട്ടി
പണച്ചാക്കുകള്‍  രമിച്ചു മദിക്കുന്നു
ബോഗന്‍ വില്ല  തണലിലൂടെ ഒരു സ്ത്രീ -
നടക്കുന്നു
മോഹങ്ങളുടെ നെടുവീര്‍പ്പുകള്‍ വീണുടയുന്നു
വിധവയുടെ വീര്‍പ്പു മുട്ടലുകള്‍
മുഖത്ത് വിടരുന്നു
ഒരു നനുത്ത പൂച്ചയെ നെഞ്ചിന്‍ ചൂടിലേക്ക്-
അമര്‍ത്തുന്നു
ചീളിക്കാറ്റുകള്‍  അളകങ്ങളെ യിളക്കുന്ന
സന്ധ്യാ വേളയില്‍
അണിവിരലില്‍  മോതിര മില്ലെന്നു
ഞാനുമറിയുന്നു .
സൂര്യ സിന്ദൂരവും തൊട്ട് പകല്‍ പെണ്ണ്   
കുന്നിറങ്ങി നടക്കുന്നു
ചിറ്റോളങ്ങള്‍ ചിറകടിച്ച കുലത്തിന്മേല്‌
ക്രിക്കറ്റ്  കോര്‍ട്ട്  പരന്നു കിടക്കുന്നു
കോണ്‍ ക്രീറ്റ് മരത്തിന്റെ  പുകച്ചില്ലയിലിരുന്നു
ഒരു കാക്ക കാല്‍ മുഖമുരുംമുന്നു
സമരങ്ങളുടെ പുറപ്പാടുകളും
പടപ്പാട്ടുകള്മുയരുന്നു
ഭരണാധികാരികള്‍ -
മരണാധികാരികളാകുന്നു 
മാര്‍ദ്ദനോപാതികളെ
കെട്ടഴിച്ചു വിടുന്നു
പാഞ്ഞുവന്നൊരു വെടിയുണ്ട
കവിതയുടെ കഴുത്ത് ഞെരിക്കുന്നു
മുറിഞ്ഞ വരികള്‍ക്കുള്ളില്‍ -
ഞാന്‍ പിടയുന്നു
ഉറക്കവും,ഉണര്‍ച്ചയു മില്ലാതെ
ഈ ഭിക്ഷാ പാത്രവുമായി
തെരുവിന്റെ മൂലയില്‍
മുറിച്ചിട്ട ശില്‍പ്പമായി
ഉറഞ്ഞിരിക്കുന്നു 

നക്ഷത്രങ്ങള്‍ വിരിയുന്നത്


അരക്കില്ലത്തിന്റെ അകത്തളത്തിലെന്നു 
പറഞ്ഞപ്പോള്‍
നീ ചിരിച്ചു തള്ളിയില്ലേ
കാതു മുറിച്ച് കവിത രചിച്ചു -
കാട്ടിയിട്ടും
കണ്ടില്ലെന്നു നടിച്ചില്ലേ
തച്ചന്റെ ഉളി കഴുത്തിലെക്കെന്നു-
പറഞ്ഞിട്ടും
കേട്ടില്ലെന്നു ഭാവിച്ചു
മൂന്നാമത്തെ അടിയളവ്‌
തലയിലെന്നു പറഞ്ഞപ്പോള്‍
ബോധ്യമാകാതെ ബുദ്ധ മൌനം -
രചിച്ചില്ലേ
ഉയരത്തിലെക്കെതിക്കില്ലെന്നു 
ഉളി തന്നെ പറഞ്ഞില്ലേ
അകത്തളത്തിലിരിക്കുംപോള്‍ തന്നെ
അരക്കില്ലം കത്തിയമര്‍ന്നില്ലേ 
നക്ഷത്രങ്ങള്‍ വിരിയുന്നത്
ഭൂമിയില്‍ തന്നെ എന്ന്
ഇപ്പോള്‍ അറിഞ്ഞില്ലേ
 

മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍


മറഞ്ഞു പോയ മൂല്യങ്ങളെ
മനനം ചെയ്തെടുക്കുവാന്‍
ഏതേതു കാലങ്ങളെ
ഖനനം ചെയ്തീടെണം
പ്രവിദാരണ വിദ്യയ്ക്ക്
പ്രതിഫലമായി
പെരുവിരല്‍ മുറിച്ചു കൊടുത്തവനെ .
പരിശുദ്ധഎന്ന്തെളിയിക്കാന്‍
അഗ്നി ശുദ്ധിയില്‍ തെളിഞ്ഞു വന്നവളെ .
മൌനത്തിന്റെ വാത്മീകത്തിലിരുന്നു   
ആദിമ കാവ്യ മെഴുതിയവനെ .
അനന്ത നീലിമയാര്‍ന്ന ആകാശത്തെ ,-
അലയാഴിയെ,ഭൂതലത്തെ,
ഭൂമി മലയാളത്തെ .
മുല പറിച്ചെറിഞ്ഞവളെ .
കണ്ണിലെ കാട്ടു തീയാല്‍
പുരിചുട്ടു ചാമ്പലാക്കിയവളെ. 
അടിയന്തരാവസ്ഥയില്‍ ആരുമറിയാതെ
അസ്ഥി കൂടം പോലും പൊടിയായവരെ.
കൊടിയേറ്റി നടന്നവരെ
ഇടനെഞ്ചു പിളര്ന്നവരെ
അട്ത്തൂണ്‍പറ്റി ചെയ്തുപോയ തെറ്റ്
ഏറ്റുപറഞ്ഞ്
ആത്മീയതയിലേക്ക് ഇറങ്ങി പുറപ്പെട്ടവരെ
അറ്റുപോയ ബന്ധങ്ങളെ
ചിറകറ്റ പൂമ്പാറ്റ സ്വപ്നങ്ങളെ
ഇറങ്ങിപോയ വാക്കുകളെ
ആത്മഹത്യ ചെയ്ത തുമ്പികളെ
തലച്ചോറിലെ വറ്റുകളെ
രക്തങ്ങളെ
സാക്ഷികളെ
രക്ത സാക്ഷിത്വം വരിച്ചവരെ
നക്ഷത്രങ്ങളെ   

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

മറമാടിയമണ്ണില്‍നിന്ന്

മഞ്ഞലയില്‍ മുങ്ങി നിവര്‍ന്ന പ്രഭാതത്തില്‍
മറമാടിയമണ്ണില്‍കണ്ണീരൊലിപ്പിച്ച്
കൈകൂപ്പികിളിര്‍ത്തിരിക്കുന്നു രണ്ടില
കറുമ്പിഎന്ന് കളിയാക്കി
കോങ്കണ്ണിഎന്ന്കുത്തിനോവിച്ചു
ചിരിച്ചു കൊണ്ടേ യിരുന്നിലേല്‍
ഇരുട്ടില്‍ കൂട്ടി മുട്ടി മരിച്ചു വീഴുമെന്നു
കറുപ്പിനെ കശക്കി കഴുത്ത് ഞെരിച്ചു
വിരിഞ്ഞു വരുന്ന പൂവിനു വിപണി-
എന്നറിഞ്ഞപ്പോള്‍
പ്രണയത്തിന്റെ പാരിജാതവുമായി
പിറകേ നടന്നു
കണ്ണേ കരളേ എന്ന് വാക്കിന്റെ -
മധുരങ്ങള്‍ കാതില്‍ കൊരുത്തു
കറുപ്പിന്റെഏഴഴകിനെ ആകാശവും
ഭൂമിയും കടന്നു
ഏഴാം കടലിനു മപ്പുറമുള്ള  ഏഴേഴു
വര്‍ണ്ണ ങ്ങളോടു പമിച്ചു
കാര്യ മൊന്നറിയാന്‍ കണ്ണാടി തിരക്കിയപ്പോള്‍
ചങ്ങാതിനന്നായാല്‍ കണ്ണാടി എന്തിനെന്നു
കാഴ്ച്ച തന്നു
പെണ്ണുടലിന്റെ രഹസ്യ അറയിലേക്ക്
സഹസ്ര നഖങ്ങള്‍ ആഴ്ന്നിറങ്ങി
ചിരിയുടെ ചിലന്തി വലകള്‍ മൂടി
ഡ്രാക്കുള പല്ലുകള്‍ ചോരയൂറ്റി
തന്നു അവര്‍ സമ്മാനമായി
കാണുവാനൊരു കണ്ണാടി
മറ മാടിയ മണ്ണില്‍ നിന്ന്
വേരായി,ഉടലായി,കൈകൂപ്പി
കാഴ്ചയായി
രണ്ടിലയായി   

മറഞ്ഞിരിക്കുന്നത്നെഞ്ചിന്‍ കൂടു ഒരു കടലിടുക്കാണ്
രേഖപ്പെടുത്താത ഒരു പാടു നദികളും
വഴികളില്ലാത്ത കാടുകളും
വ്യക്ത മാക്കുവാന്‍ ഭാഷ കിട്ടാത്ത
കവിതകളും
വേരിറങ്ങിയ വാക്കുകളും
വേവിലാതികളുടെ തിക്ക് മുട്ടലും
വന്യതയുടെ ചുഴിയും ,വികാരത്തിന്റെ
വേലിയേറ്റവും
സ്നേഹത്തിന്റെ ഞാറകൊക്കുകളും 
കാടിന്റെ വാചാലതയും, കാട്ടാളന്റെ -
മൌനവും
കുരുകില്‍ പക്ഷിയുടെ കുത്തി മറയലും
അറ്റ മില്ലാത്ത ആഴങ്ങളും  
ആഴമില്ലാത്ത സമതലങ്ങളും .
നെഞ്ചിന്‍കൂടു ഒരു കടലിടുക്കാണ്
അക്രമിക്കുവാനായി തക്കം -
പാര്‍ത്തിരിക്കുന്ന
ഒരു ഭീകര ജീവിയുണ്ടവിടെ 

പടിഞ്ഞാറു നിന്ന് വന്നവര്‍

പുല്‍ക്കൂടും,പുതുകുഞ്ഞും തേടി
പടിഞ്ഞാറു നിന്നും വന്നവര്‍ -
കണ്ടെത്തി
ഒരു നക്ഷത്രം
അഞ്ചപ്പവുമായി വന്നവര്‍
അയ്യായിരം വെടിയുണ്ടയാല്‍
വിശപ്പാറ്റി 
മുന്തിരിച്ചാറിന്റെ വീര്യം വിളമ്പി
കുപ്പിയിലാക്കിയ വെള്ളങ്ങള്‍
കപ്പലേറി
മുപ്പതു വെള്ളിക്കാശിനു 
നൂറ്റിയിരുപതു കോടി ജനത്തിനു
നുഖംവെച്ചുകെട്ടി
കുരിശ്ശെറ്റത്തിനു  സമയം കുറിച്ച്
ഗാഗുല്‍ത്താ മലയില്‍ കാത്തിരുന്നു  

2013, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

ലോകത്തെ നോക്കി കാണേണ്ടത്

പശ്ചിമ കുന്നിലേക്ക്
വിരല്‍ ചൂണ്ടി
മുത്തച്ഛന്‍ കൊച്ചു മകനോട്:
നോക്കൂ എന്ത് വലുപ്പം
നദി,മരങ്ങള്‍,കാടുകള്‍ ,-
കുന്നുകള്‍
അതിനപ്പുറം നമുക്ക്-
കാണുവാന്‍ കഴിയില്ല
ലോകം അതിനെക്കാളും
വലുതാണ്‌

ഗദ്ഗദം

എവിടെനിന്നാണ് കേള്‍ക്കു-
ന്നൊരു നിശ്വാസം
അത് രാജഘട്ടത്തില്‍നിന്നോ
എങ്ങുനിന്നാണ്കേള്‍ക്കുന്നൊരു
ഗദ്ഗദം
യമുനതന്‍ ഓളപരപ്പില്‍ നിന്നോ
ഇത്തറവാടിന്റെ മുറ്റത്തുവന്നവര്‍ 
എന്ത്പുലമ്പുന്നു പൊന്മക്കളെ
വായില്ലാ കുന്നിലപ്പന്‍മാരോ -
നിങ്ങള്‍
വിറ്റില്ലേവിശ്വാസങ്ങളെല്ലാം നിങ്ങള്‍
പൂര്‍വ്വികര്‍പ്രാണന്‍പറിച്ചുകൊളുത്തിയ 
വിളക്കും,വിശുദ്ധിയും വിറ്റുനിങ്ങള്‍
ആഗോള വത്ക്കരണത്തിന്റെ  -
ചന്തയില്‍
ഓടായമാടുകളെല്ലേനിങ്ങള്‍
എച്ചിലിരയ്ക്കലുംഅച്ചിയെ വില്‍ക്കലും
അച്ചുട്കണ്ണീരു മോന്തീടലും
സ്വാതന്ത്ര്യമെന്നത് സ്വപ്നങ്ങള്‍
കാണുന്ന
മനസ്സും പറിച്ചു കൊടുക്കയെന്നോ?
ആളുന്നമര്‍ഷത്തിന്‍അഗ്നിയെന്നുള്ളില്‍
ഏഴകളായി  അലഞ്ഞിടുമ്പോള്‍

ഇര

ഗര്‍ഭ പാത്രത്തില്‍ നിന്നും
ഒരു നിലവിളി ഉയര്‍ന്നു
ബലാല്‍ സംഗംചെയ്യപ്പെട്ട
പെണ്‍ഭ്രൂണം
രക്തക്കട്ടകളായോഴുകി 
എവിടെ ഒളിച്ചിരിക്കും
ഇനി പെണ്‍കുട്ടികള്‍ ? 

ലോകം ഇങ്ങനെ

ലോകമെന്ന
തലക്കെട്ടിനു
താഴെ
അവനൊരു
വൃത്തംവരച്ചു
അതിനു നടുവില്‍
അവന്റെ ഒരു
കുഞ്ഞുചിത്രവും