malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011, മാർച്ച് 12, ശനിയാഴ്‌ച

സ്നേഹ വിത്ത്

വിത്തിനുള്ളില്‍ ഒളിച്ചിരിപ്പുണ്ട്
ഒരു വൃക്ഷം
വിളയാനൊരു ഭൂമി തേടുകയാണ് വിത്ത്
കരി പുരണ്ട മനസ്സിലും
കാര്‍മേഘ കരളിലും കുരുങ്ങി പോകരുത് -
ഈ വിത്ത്
കുറഞ്ഞതൊരു കുന്നായ്മയും
കുറുമ്പു മില്ലാത്ത
വെളിമ്പ്രദേശമെങ്കിലും ആയിരിക്കണം
സ്നേഹത്തിന്റെ സൂര്യപ്രകാശവും
പ്രണയത്തിന്റെ പനിനീര്‍ത്തുള്ളികളും
നനഞ്ഞിരിക്കണം
ബോധത്തിന്റെ താഴ്വരയിലേക്ക്
ഇലപ്പച്ച നീട്ടിവളരണം ആ ബോധിവൃക്ഷം
വ്യോമ വിതാനത്തിലേക്ക്‌ ചിറകും വിരിച്ച്
പങ്കില മനസ്സുകളിലേക്ക്
പളുംകു മണികള്‍ പൊഴിച്ചങ്ങനെ ......

വണ്ട്

ഹൃദയത്തിന്‍റെ ഭിത്തിക്ക്
കാരിരുമ്പിന്റെ ശക്തി
സീമന്തരേഖ പിളര്‍ന്ന്
കുങ്കുമഖനി പണിയുന്നവര്‍
ചാവേറുകള്‍ക്ക്
ചോരപ്പുഴയില്‍ നീരാട്ട്
ചാനലുകള്‍ക്ക് മാംസത്തുണ്ട്കളുടെ
തേരോട്ടം
കണ്ണില്ലാത്ത ചിത്രകാരന്മാര്‍
കൈയില്ലാതെ വരയ്ക്കുകയാണ്
കണ്ണിന്റെ ചിത്രങ്ങള്‍
കഥകള്‍ രചിക്കുന്നത്‌ തോക്കുകള്‍ കൊണ്ട്
പേനയ്ക്കുള്ളില്‍ കൂനിയിരിക്കയാണ് കവിത
എങ്കിലും വിരിയുന്നുണ്ട്
ചില ചെടികളില്‍ ചോരച്ച പൂക്ക (വാക്ക് )ളായി .
പക്ഷെ വിശ്വസിക്കരുത് വണ്ടുകളെ
ചോരയൂറ്റിക്കുടിച്ചാണ്
അവയുടെ ചുണ്ടുകളിത്രയും
കറുത്തു പോയത്

2011, മാർച്ച് 4, വെള്ളിയാഴ്‌ച

സ്നേഹ പ്പൂക്കള്‍

ഓര്‍മ്മകളെ പ്പോലെ അടര്‍ന്നു തുടങ്ങിയ
വരിപ്പടകള്‍
ഓര്‍മ്മകളും, സ്വപ്നങ്ങളുംപുതച്ചുറങ്ങുന്ന
പഴയ വീട്
നിറങ്ങള്‍ നഷ്ട്ടപ്പെട്ടു പോയെങ്കിലും
നഷ്ട്ടപ്രതാപവും അയവിറക്കിയങ്ങനെ.....
കിനിഞ്ഞിറങ്ങുന്നുണ്ടാവാം
ഉള്ളകങ്ങളിലേക്ക് മധുരമായി
എന്‍റെ ഓര്‍മ്മകള്‍
കൂച്ചുവിലങ്ങു പോലുള്ള
കാച്ചില്‍ വള്ളികളാല്‍
എന്നെ കെട്ടിപിടിക്കയാവാം
നോക്കി നോക്കി നില്‍ക്കുമ്പോള്‍
നെല്ലിക്കമധുരമായ്
കിനിയുന്ന സ്മൃതികള്‍
ഇന്നെല്ലമറിയാം
അരിവാളും, വാരി ക്കുന്തവുമായി
അടരാടി വീണവര്‍
പൂത്തു നില്‍ക്കുന്നതാണ്
ഈ വയലേലകള്‍
ആ ച്ചോപ്പില്‍ നിന്നാണ്
ഹൃദയത്തിന്‍റെ ഇതളുകളില്‍
സ്നേഹത്തിന്‍റെ പൂക്കള്‍ വിരിയുന്നത്

വാരാണസി

വാളും ,പരിചയും അവളായിരുന്നു
മോക്ഷത്തിന്റെ മഹാപ്രവാഹം
പാപ ചിന്തയില്ലാതെ ഞാന്‍ പൊരുതി
പൊറുതികേടു മാറ്റുവാന്‍വേണ്ടിമാത്രം
അശ്വമില്ലാത്ത സൈന്യാധിപന്‍ ഞാന്‍
വിശപ്പുവിഷലിപ്തമായ ശത്രു
കഴിയുമായിരുന്നില്ല തോറ്റുപിന്‍മാറുവാന്‍
വയറിന്‍റെ കാളലുകളില്‍ കാലിടറി
വീണവര്ക്ക് വേണ്ടി
പൊരുതിയേറുകമാത്രംവഴി
രക്തക്കറ ഏറെഎന്റെ ശരീരത്തില്‍
പാപത്തിന്റെ കറയായിരുന്നില്ല
പാപം ചെയ്തവന്റെ രക്തക്കറ
എങ്കിലും മുങ്ങണമെനിക്കൊന്നു
പൂര്‍ണ്ണമായി
എന്‍റെ വാളും,പരിചയുമായവളിലേക്ക്
................................................................
അസി =വാള് }വാരാണസി
വരണ=പരിച}

കപട പര്‍വ്വം

പ്രണയത്തിന്റെ പച്ചപ്പില്‍
മയങ്ങി ക്കിടക്കുമ്പോള്‍
കാമുകന്‍ പറഞ്ഞു :
ഓര്‍മ്മകളുടെ ഒരുകുടന്ന -
പൂവാണ് നീ .
ഞാനൊരു വണ്ടും
പോകുന്നുമറ്റൊരുമലര്‍വാടി തേടി

തെറ്റില്ലാത്ത പുസ്തകം

മഴയാണെന്നെ
കണ്ണീരില്‍ നനച്ചത്‌
മരണത്തിന്‍റെ പക്ഷിയാണ്
പറന്നു വന്നത്
പഴുക്കാതെ പച്ചപ്പ്‌ നഷ്ട്ടപ്പെട്ട
ഒരിലയിന്നു ഞാന്‍
പറക്കാന്‍ കഴിയാത്ത
കല്ലെടുത്ത തുമ്പി
സ്നേഹത്തിന്റെ പൂവാണ്
ക്ഷോഭത്താല്‍ പറിച്ചെറിഞ്ഞത്
പിറന്നുവീണകുഞ്ഞുപൂവ്
പൊള്ളി പിടയുകയാണ്
ക്ഷീരം വറ്റിയ സ്തനം നല്‍കുന്നത്
ക്ഷാരമാണ്
ഉണ്ണിക്കിന്നുണ്ണാന്‍
കണ്ണീര്‍ക്ഷാരം മാത്രം
കരുണവറ്റിയകണ്ണുകളില്‍ നിന്ന്
ചാട്ട വാറുകളാണ് നീളുന്നത്
കുതറി മാറുവാന്‍ കഴിയണം
കുരുന്നിന് വേണ്ടിയെങ്കിലും
ജീവിതത്തിന്റെ പുസ്ത്തകത്തില്‍
എഴുതണംതെറ്റില്ലാതെ ഒരക്ഷരമെങ്കിലും