malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, സെപ്റ്റംബർ 29, ബുധനാഴ്‌ച

മഴയോർമ്മ


മഴ അലമുറയിടുമ്പോൾ
അമ്മയെ ഓർമ്മവരും
ഒരു മഴത്താണല്ലോ
മറിഞ്ഞുവീണമരമ്പോലെ -
യച്ഛൻ
കല്ലിടുക്കിൽ വീണു മരിച്ചത്

മഴ തലയിട്ടടിക്കുമ്പോൾ
അമ്മയെ ഓർമ്മവരും
അതിനു ശേഷമാണല്ലോ
ഭ്രാന്തൻ മഴയെന്നു പറഞ്ഞ്
അമ്മ കമ്പിയിൽ തലയിട്ടടി -
ക്കാൻ തുടങ്ങിയത്

ചിങ്ങവെയിലിലെ ചിരിമഴയും
അമ്മയെ ഓർമ്മിപ്പിക്കും
ചങ്ങലക്കിലുക്കമായ് ചിരിച്ചു
തുള്ളിയതും ഒരു ചിങ്ങത്തി -
ലാണല്ലോ

മരുന്നു മണക്കുന്ന മുറിയിലിന്ന്
അമ്മമണം കൂട്ടിനുണ്ട്
ഒഴിഞ്ഞ കട്ടിൽ മടിത്തട്ടായുണ്ട്
അച്ഛൻ്റെ നെഞ്ഞൂക്കിൽ മുട്ടമർ-
ത്തി വെച്ച് ഞാൻ പറ്റിക്കിടക്കുന്നു

മുറിയുടെ മൂലയിൽ തരിമ്പും തുരുമ്പി -
ക്കാതെ
കാത്തിരിപ്പുണ്ടൊരു ചങ്ങല


2021, സെപ്റ്റംബർ 27, തിങ്കളാഴ്‌ച

കറുത്ത പുക


പർദ്ദക്കുള്ളിലെ പെരുങ്കടൽ -
കണ്ടിട്ടുണ്ടോ?!
ഹൃദയത്തിലുള്ളതല്ലാം
ഭയംകൊണ്ടും വേദനകൊണ്ടും
കത്തിച്ചുകളയേണ്ടി വരുന്നവരെ
സ്വപ്നങ്ങൾപോലും നിരോധിക്ക-
പ്പെട്ട ഒരുജനതയെ

കണ്ണിൽച്ചോരയില്ലാത്ത കാട്ടാളരുടെ
കലാപഭൂമിക
ചോരകൊണ്ട് ചോദ്യവും, ഉത്തരവും
എഴുതപ്പെടുന്നത്
കാബൂളിലെ കറുത്തപുക

കവിതകൾക്ക് കൂച്ചുവിലങ്ങിടുന്ന,
ബലാത്സംഗം ചെയ്യപെടുന്ന,
കത്തിച്ചുകളയപ്പെടുന്ന ഒരുരാജ്യത്തെ
എന്തുപേരിട്ടു വിളിക്കും നാം

2021, സെപ്റ്റംബർ 26, ഞായറാഴ്‌ച

നേരെവിടെ.....!


നാടെത്ര നാവെത്ര
നാട്ടറിവിൻ ചൂരെത്ര
ചരിത്രച്ചോരപ്പാട്
പതിഞ്ഞുള്ളൊരേടെത്ര

കതിരുണരും ആദിത്യ
കണ്ണിൻ്റെചൂടെത്ര
മാനംപോയ് മണ്ണടിഞ്ഞ
പെണ്ണിൻ്റെ കഥയെത്ര

കീഴാളച്ചാളകളിൽ
കുടിനീരു കിട്ടാതെ
കരിന്തിരിയായ്സൂര്യൻമാർ
കത്തിപ്പൊലിഞ്ഞതെത്ര

പാടത്തും പറമ്പത്തും
രാപ്പകലുകളില്ലാതെ
മേലാളൻമാർക്കായി
കനകം വിളയിച്ചും
കഴുമരക്കയറിലാടി
കടന്നുപോയ ജീവനെത്ര

മാടനും,മറുതയും
പാഞ്ഞെത്തും പാതിരാവിൽ
മഴയത്തും മഞ്ഞത്തും
മാടത്തിനു കാവൽ നിൽക്കെ
മറ്റാരുമറിയാതെ മണ്ണിൽ -
മാഞ്ഞവരെത്ര

കന്യകയെ തമ്പ്രാന് കാഴ്ച്ച -
വെച്ചുള്ള കാലം
അടിയാൻ്റെ മക്കൾക്ക്
തമ്പ്രാൻ പേരിട്ടകാലം
കൂട്ടിയാൽ കൂടാത്ത നഷ്ടത്തിൻ
കണക്കെത്ര

അറിയാക്കഥ ചൊല്ലാക്കഥ
കഥയെത്ര മാളോരെ
നാടെല്ലാം മാറിപ്പോയ്
നാട്ടറിവും മാറിപ്പോയ്
നേരിൻ്റെ നറുംപാല്
എവിടെയുണ്ട് മാളോരെ





2021, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

തീവണ്ടിയിലെ ടോയ്ലറ്റ്


തീവണ്ടിയിൽ കയറിയാൽ
ആദ്യംടോയ്ലറ്റിലേക്കു തന്നെ
പോകണം

മൂക്ക്പൊത്തിപ്പിടിക്കരുത്
മുകളിലേക്ക്മാത്രം നോക്കിയിരി
ക്കരുത്

അവിടെയാണ്
ആദ്യഗവേഷണവും,
പര്യവേഷണവുംനടത്താൻ പറ്റിയ -
സ്ഥലം

അകത്തുകയറി
വാതിൽക്കുറ്റിയിടുമ്പോൾ
പുരാതനമായഒരുതെറി
കാത്തുനിൽക്കുന്നുണ്ടാകാം
കാര്യമാക്കേണ്ട

ചുറ്റും കണ്ണോടിച്ചുനോക്കൂ
അന്ന്നീ ഇടക്കൽഗുഹയിലെ
ചുമരിൽക്കണ്ട
അതേവട്ടെഴുത്തും കോലെഴുത്തും
കണ്ടില്ലെ.
അതാണുപറഞ്ഞത്
ഇതൊരുസംസ്കാരമാണ്

പുറത്തേക്കിറങ്ങുമ്പോഴേക്കും
അറപ്പും,
വെറുപ്പുംമാറിയ
പുതിയൊരുമനുഷ്യനാകുംനീ

നോക്കൂ ;
ഇനി എവിടെചെന്നാലും
നീയറിയാതെ
നിന്നിലെതൃഷ്ണയുടെ
കൃഷ്ണമണി
ചിലതെല്ലാം സസൂക്ഷ്മം
വീക്ഷിച്ചുകൊണ്ടിരിക്കും

പേര്


ആത്മാവിലുണ്ടൊരിളമുളന്തണ്ട്
അതിനുനാംപേരിട്ടു സ്നേഹം

അറിയാതെയാരാരിലുംകുടിപ്പാർക്കു-
ന്നതതിനുനാംപേരിട്ടു മോഹം

ഉള്ളിൻ്റെയുള്ളിൽനിന്നുണരുന്ന സൗരഭം
അതിനുനാംപേരിട്ടു പ്രണയം

ദുരമൂത്തൊരിക്കാലജീവിതം തീർക്കുന്നു
സ്വർഗവും, നരകവും മണ്ണിൽ

2021, സെപ്റ്റംബർ 19, ഞായറാഴ്‌ച

നേർക്കാഴ്ച


വെയിൽ പാമ്പിൻകൊത്തേറ്റ്
പിടയുന്നു തെരുവിലൊരുബാലിക
വിശന്നവയറിൽനിന്നും
കരിഞ്ഞസ്വപ്നം മണക്കുന്നു

ദൈവത്തിൻ കൊട്ടാരത്തിൽനിന്ന്
കുഴൽവിളികളുയരുന്നു
സദ്യവട്ടങ്ങൾതൻ സദിരുകൾനടക്കുന്നു
കുരളുകത്തുന്നൊരു തെരുവുകുഞ്ഞിൻ -
കണ്ണുകളിറ്റുവെള്ളം തിരയുന്നു

ഒട്ടിയവയറുമായൊറ്റനാണയത്തിനു
കൈനീട്ടവേ
ആട്ടിയോടിക്കുന്നു പുഴുത്തനായയേ -
യെന്നപോൽ
പൊട്ടിച്ചിരികളുയരുന്നുചുറ്റും
പണക്കൊഴുപ്പിൻചീർത്ത ദേഹങ്ങ -
ളിളകുന്നു


മഴവില്ല്


ഓണ നാളിലാണ്
വീട്ടിലെ പൂക്കളമത്സരത്തിനാണ്
ഒരുത്രാട സന്ധ്യയിൽ

സ്കൂളിൽ നിന്ന് വരുമ്പോൾ -
വാങ്ങിയ മഷി ഗുളിക
നീല, പച്ച, ചുകപ്പ്, കറുപ്പ്.......
ഏഴു നിറങ്ങൾ

ഈർച്ചപ്പൊടിയിൽ നിറം പകരാൻ
ചിരട്ടകളിൽനിറച്ചുവച്ചു
കലികൊണ്ടഅച്ഛൻ കാലാൽതട്ടിമറിച്ചു
നിറങ്ങളേഴും

വിതുമ്പിക്കൊണ്ടച്ഛനെ നോക്കേ
ദേഷ്യം പൂണ്ട ചക്രവാളത്തിൽ
നിറഞ്ഞു നിൽക്കുന്നു
ഏഴു നിറത്തിൽ മഴവില്ല്

2021, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഭൂമി


ഭൂമി ഒരുമൺപാത്രമാണ്
ഉടയുന്തോറും ചുട്ടെടുക്കപ്പെ-
ടുന്ന മൺപാത്രം
ഭൂമിക്കടിയിൽ ചൂടുള്ള ഒരു -
ചൂളയുണ്ട്.

2021, സെപ്റ്റംബർ 15, ബുധനാഴ്‌ച

ഇന്നുമുണ്ട്


വർഷമെത്ര കഴിഞ്ഞുവെന്നാകിലും
ഹർഷങ്ങളൊക്കെയൊഴിഞ്ഞുവെന്നാ
കിലും
ഉണ്ടെൻ്റെയുള്ളിലാ നാട്ടുപൊട്ടിച്ചിരി
പണ്ടു ഞാൻ കേട്ട പാണൻ്റെ ഞാണൊലി

കൊയ്ത്തുപാടത്തെ പഴുത്ത കതിർക്കുല
കൊത്തുവാനെത്തും കിളിതൻ വിരുതുകൾ
മട്ടലിൽ തട്ടി വീണുള്ള മുട്ടിലെ മുറിവുണക്കിയ
കമ്മ്യൂണിസ്റ്റ് പച്ചകൾ

കുളങ്ങൾ ,തോടുകൾ, കാരപ്പഴക്കൂട്
മൊട്ടാമ്പുളി, മൂത്തു പഴുത്ത വാളൻപുളി
കണ്ണിമീനിനെ കോർത്തുള്ള ചൂണ്ടയിൽ
കുരുങ്ങി പിടയുന്ന നീർക്കോലിപ്പേടികൾ

കനിമരത്തിൻ്റെ തുഞ്ചത്തിലേറി
കയത്തിലേക്കൂളിയിട്ടുള്ള കളികൾ
പുളിമരക്കൊമ്പിലൂഞ്ഞാലിലാടി
ആകാശത്തിനാഴങ്ങൾ തൊട്ടുളളനിവരൽ

കൂട്ടുകാരാംകുസൃതിക്കുടുക്കകൾ
ചിങ്ങംമഴതീർത്ത കാവ്യശീലുകൾ
കാട്ടിലും കാരമുള്ളിലും തട്ടാതെ
നേർവഴിനുള്ളിത്തന്നുള്ള മുത്തശ്ശി

ചിത്രമെന്നപോലിന്നുമെന്നുള്ളിൻ ചുമരിൽ
തൂങ്ങിയാടുന്നു ഓർമ്മകൾ

വഴി


കോഴികൂവുംനേരത്ത്
കോർമ്പയുമായിയിറങ്ങുന്നു -
അച്ഛൻ
കൂർമ്പക്കാവിനപ്പുറത്തെ
കൈത്തോടിനരികിലൂടെ നടക്കുന്നു

പന്നിപ്പടക്കവുമായി നെല്ലിനുകാവലി -
രുന്നകാലം
മുയൽ, ഏള, എയ്യൻയെന്നിവയെ -
തുരത്താൻ
ടിന്നിൽ കല്ലിട്ടുമുട്ടിയകാലം
കാവൽമാടത്തിലെ കള്ളുകുടി, ബീഡി -
വലി
ബാല്യകാല ഓർമ്മയിൽ
തോട്ടിലെവെള്ളത്തെപ്പോലെ ഒഴുകി -
നടക്കുന്നു അച്ഛൻ

ഉച്ചയ്ക്ക് കഞ്ഞിയില്ലാതെ
വെയിലും, മഴയുമെന്നില്ലാതെ
കൊറ്റിനുവകതേടി കോർമ്പയുമായി
പോകുന്നുഅച്ഛൻ

കോഴികൂടുംനേരംകഴിഞ്ഞിട്ടും
അടുപ്പിൽ കഞ്ഞിക്കുവെച്ചവെള്ളം
വറ്റിയിട്ടും
അച്ഛനെകാണാഞ്ഞ് തിരക്കിയിറങ്ങി -
യപ്പോൾ

പുഴപ്പാലത്തിൻ കൈവരിയിൽ
ചാവാത്ത മീൻപോലെ
കോർമ്പയിൽ കോർത്ത്
തൂങ്ങിപ്പിടയുന്നു അച്ഛൻ

അടയാളം


എൻ്റേതും, നിൻ്റേതും
ഒരേ കാലടിപ്പാടുകൾ
പക്ഷെ;
പതിയാതെ നടക്കുവാൻ -
പഠിക്കണം
പ്രണയത്തിന്
അടയാളമെവിടെ

2021, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

പ്രണയവഴി


മെല്ലിച്ചനിൻ്റെ വിരലുകളാലെഴുതിയ
കവിതയാണു ഞാൻ
നിൻ്റെ ഉച്ഛ്വാസങ്ങൾക്കുതാഴെ
കരുത്തിൻ്റെ ഊഷ്മളതയിൽ
അമർന്നു കിടക്കുന്നു

സമുദ്രമേ,
അഴിമുഖത്തണഞ്ഞ പുഴയാണുഞാൻ
നിന്നിലേക്കൊഴുക്കുന്നത് അറിയുന്നേ-
യില്ലല്ലോ !
നിൻ്റെ മാന്ത്രിക വലയത്തിൽ ,കരുത്തിൽ
ഞാൻ കുളിർന്നേ പോകുന്നല്ലോ

പ്രീയനേ, നോക്കൂ ;
പടിഞ്ഞാറൻ ചക്രവാളത്തെ
നാമെന്നും സായാഹ്നത്തിൽ നടക്കാറുള്ള
ചെമ്മൺപാതപോലെ !!

പ്രീയനേ ,പ്രണയത്തിൻ്റെ ഒരു ചക്രവാളം
നാം തീർക്കുന്നു
ഒരിക്കലും അവസാനിക്കാത്ത ആ -
  പ്രണയത്തിൻ്റെ ചെമ്മൺപാതയിലൂടെ -
നമുക്ക്നടക്കാം

പ്രണയിനി


പൂക്കാറില്ലീ തൊടിയിലെച്ചെടികൾ
പൂവിലുംപൂവായ് നീയുള്ളപ്പോൾ
പാടാറില്ലപക്ഷികളും
പാട്ടുകൾ നീപകർന്നാടുമ്പോൾ

കളകളമൊഴുകാറില്ലീകാട്ടാർ
കളിചിരിയായ് നീയുള്ളപ്പോൾ
ഈ വഴിയില്ലനിലാവും ഇപ്പോൾ
നീ ചിരിതുടങ്ങിയതിൽപിന്നേ

കോടക്കാറുകളെങ്ങോമാഞ്ഞു
എന്നരികത്തുനീയെത്തുമ്പോൾ
ക്ലാവുപിടിച്ചൊരു മൗനംമാഞ്ഞു
കവിളിൻ കുങ്കുമപ്പൂകാൺകേ

പെണ്ണേ, പ്രണയപ്പൂവേയെൻമനം
പൂത്തുമ്പികളായ് തുള്ളുന്നു
നിൻചൊടിയിണയിലെ പ്രേമമരന്ദം
നുകരാൻ വെമ്പൽകൂട്ടുന്നു

2021, സെപ്റ്റംബർ 12, ഞായറാഴ്‌ച

വീടില്ലാത്തവൻ്റെഓർമ്മ


കുഞ്ഞുനാളിൽ വരച്ചുകളിച്ചു
മലകൾ, മേഘങ്ങൾ, പറക്കുന്നപക്ഷി,
ഒറ്റത്തെങ്ങ്, വാടിവീഴുന്ന തെങ്ങോല,
തോട്, തോണിക്കാരൻ, കൈവരി

ഉദിച്ചുയരുന്ന സൂര്യൻ്റെചെങ്കതിർ,
നീന്തുന്നഅരയന്നം
കുഞ്ഞുവീടിൻ്റെ കിളിവാതിലിലൂടെ -
ഞാൻകണ്ടു
ഇലയിൽവീണ മഞ്ഞിൻ്റെഒറ്റത്തുള്ളി

എന്താകുമത്....?!

വെയിൽകുടിച്ച് ആവിയാക്കി
ആകാശത്തേക്കയക്കുമോ?
കുറുമ്പൻകാറ്റുവന്ന് താഴേക്ക്
തള്ളിയിടുമോ?
ഇലകൈയിനാൽ ഇറുകെപിടിച്ച്
പുണർന്നുനിൽക്കുമോ ?

വരച്ചവീടിൻ്റെ ഓർമ്മയുടെമുറ്റത്ത്
ഞാൻനിൽക്കുന്നു
വീടില്ലാത്തവൻ്റെ വീട്ടുവിചാരത്തിൽ
ഇലയോടെപിഴുതുവീണ മഞ്ഞുതുള്ളി
നെഞ്ചിൽകിടന്ന് ഉരുകിയൊലിക്കുന്നു

മൗനവും തേടി


മഹാമൗനവും തേടിയവൻ -
വനത്തിലേക്കുനടന്നു
എവിടെയാമൗനം ?!
വനത്തിൽ മൗനമെന്നാരുചൊല്ലി?

മനസ്സെത്രമലീമസം, ചിന്തകൾ -
ചുറ്റുംപറക്കുന്നു
തെന്നിമാറും ചിന്തയിൽ
വനമൊരു പത്തനമായ്മാറുന്നു

മെലിഞ്ഞ ചെട്ടിച്ചികളെപ്പോലെ -
പൂക്കളുമായ് കാത്തുനിൽക്കുന്നു -
കുറ്റിച്ചെടികൾ
ഭിക്ഷതെണ്ടും മെല്ലിച്ചശരീരങ്ങളെ-
പ്പോലെ
തെണ്ടിനടക്കുന്നു ശവംതീനിയുറു-
മ്പുകൾ

അങ്ങാടിയിലെന്നപോലെ അടങ്ങാത്ത
കലപിലശബ്ദങ്ങൾ
ധൃതിപിടിച്ചങ്ങുമിങ്ങും പറക്കുംപക്ഷികൾ.
വനാന്തരമൊരുമധുശാല
മധുനുകർന്നുമദോന്മത്തരായി വിലസുന്നു
ഭൃംഗങ്ങൾ, ചെറുചെറുപക്കികൾ

ചിലപ്പോൾ കാടൊരമ്മ
കരവലയത്തിലൊതുക്കിസംരക്ഷിപ്പവൾ,
ഉൺമതൻ കഥപറഞ്ഞുതരും മുത്തശ്ശി,
ചിത്രകഥയിലെ രാക്ഷസക്കോട്ട ,
കാടൊരുകാമുകി, ബലംപ്രയോഗിച്ചു -
കീഴടക്കാൻകഴിയാത്ത പ്രണയിനി

മൗനമെവിടെ?
മഹാമൗനവും തേടിയലയുന്നുയിന്നു -
മവൻ !

പ്രണയപ്പൂവ്


കടലിരമ്പുന്ന കാലത്തിൻ്റെ -

കരയിൽ അവരിരിക്കുന്നു

അവളുടെ മൗനത്തിൽ
മൗനമുരുക്കിച്ചേർത്ത് അവൻ

അവരിലെ ഓളത്തിമർപ്പവർ
അറിയുന്നു
വെള്ളിത്തിളക്കമുള്ള മീനുകളാ-
യിരുന്നു
അവരുടെ കണ്ണുകൾ

ഉമ്മകൾ പതുങ്ങിയിരിക്കുന്ന
ചുണ്ടുകൾ
കിളിർത്തുപൊന്തുന്ന എന്തൊക്കെ
യോപറയാനുള്ള തരുതരുപ്പിൽ
നേരിയതായി അനങ്ങുന്നുണ്ട്

ഏതു പൂവിൻ്റെ നിറമാണ്
പ്രണയപ്പൂവിന് ?!

2021, സെപ്റ്റംബർ 11, ശനിയാഴ്‌ച

രോഗശയ്യയിൽ

അസ്ഥിയിലഗ്നിസഞ്ചാരം

സിരകളിൽ സർപ്പസീൽക്കാരം

മനസ്സിൽ ശ്യാമസംഗീതം

നെഞ്ചിൽ തപിക്കുന്നഗ്രീഷ്മം


ഞരമ്പിൻ വരമ്പത്തിരുന്ന് 

അർബുദപൂനോക്കി നിൽക്കേ

ദക്ഷിണമാർഗമെൻ മുന്നിൽ

മഹാമൗനസമുദ്രമായ് നിൽപ്പൂ


സത്യപീഠങ്ങളേ സാക്ഷി

നിത്യകർമ്മങ്ങളേ സാക്ഷി

ഔഷധഗന്ധം പരത്തും

ശ്യാമകാലങ്ങളേ സാക്ഷി


പല്ലിളിക്കുന്നു സ്വപ്നങ്ങൾ

ഹൃത്തിൻ കൊമ്പിൽ തൂങ്ങുന്നു -

മോഹങ്ങൾ

ചിന്തതൻ ചിതൽപ്പുറ്റിനുള്ളിൽ

ഉറുമ്പുകൾ ഉമ്മവെയ്ക്കുന്നു


ഹരിതങ്ങൾ മെല്ലെമായുന്നു

ശ്യാമങ്ങൾ നൃത്തമാടുന്നു

മനസ്സിൻപടിഞ്ഞാറ്റ മുറിയിൽ

വെന്തതേങ്ങതൻ ഗന്ധമുയരുന്നു

2021, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

വിചാരണ


ആടിൻ്റെ കാലടി നോക്കി നടന്നു
കാലടി കയറിപ്പോയത് ഗുഹയിൽ
മാളത്തിൽ നിന്നും കേൾക്കാം മേളം
രേഖപ്പെടുത്താത്ത കടലിൻ്റെ രോധനം

കപ്പൽച്ചേതത്തിൽപ്പെട്ട നാവികൻ ഞാൻ
നോവും ഹൃദയത്തിൽ ഓർമ്മതൻ
പൊള്ളും തുള്ളികളുടെ വീണു പൊട്ടൽ

മഴനൂലുകൾക്കപ്പുറം ആട്
മിഴിനീരുകൾക്കിപ്പുറം ഞാൻ
ആഴത്തിലെവിടെയോ ഒരു നോവ്

ഞങ്ങൾ രണ്ടു ദൂരത്തിൽ സഞ്ചരിക്കുന്നു
ഗുഹയിപ്പോൾ നിശ്ശബ്ദ കുടീരം
ഗന്ധക മഴയുടെ ഗന്ധം

കൃത്യമായി എഴുതപ്പെടാത്ത ഒരു വാചകം
പദപ്രശ്നത്തിൽ വിട്ടു പോയ അക്ഷരം

അക്ഷമയും, പ്രതീക്ഷയും
അകത്തു കടന്നു
ഗുഹയ്ക്കുള്ളിൽ ചെന്നായകൾ
മനുഷ്യരെ വിചാരണ ചെയ്യുന്നു

വാർദ്ധക്യത്തിൽ


കാത്തു വെച്ച കാമനയുടെ
പരിപ്രേക്ഷ്യം പോലെ
വാർദ്ധക്യത്തിൽ ഒരുവ(ൾ)ൻ
എല്ലാമുപേക്ഷിച്ച് കാട്ടിലേക്കു -
പോകുന്നു !

എല്ലാറ്റിനും ശമനമാകുന്ന
ആദിമ കൂരയിലേക്ക്

അവർ അന്തർദാഹത്താൽ -
പിടയുന്ന
പ്രണയ മരുഭൂമികൾ

കാത്തു കാത്തു വെച്ച
പുളിമരക്കാടുകൾ

പരിഭവവും, പരാതിയും
എന്നേക്കുമായി പരണത്ത്
കെട്ടിവച്ചവർ

അവിടെ ഉടയാടകളെല്ലാം
ഉരിഞ്ഞു പോകുന്നു

ആസക്തികൾ മറികടന്ന്
നഗ്നരാകുന്നു

തൃപ്തിയും, എതിർപ്പും
മാഞ്ഞു പോകുന്നു

ആത്മയാനങ്ങളുടെ ആന്തോളന-
ങ്ങളിൽ ആടിക്കളിക്കുന്നു

ഓർമ്മയിൽ കൊത്തിവച്ചവയെ
കണ്ടെടുക്കുവാൻ
കല്ലിടുക്കുകളിലൂടെ, വനാന്തരങ്ങളി-
ലൂടെ
സഞ്ചരിക്കുന്നു

മോഹമരുപ്പച്ചയിലേക്ക്
മേഘ തണു പൂക്കളായ് നിപതിക്കുന്നു

വാർദ്ധക്യത്തിൽ
കൂട്ടില്ലാത്തവ (ൾ ) ന് കൂട്ടിനായ്
സ്വയം ഒരു കൂര ചമയ്ക്കുന്നു

2021, സെപ്റ്റംബർ 8, ബുധനാഴ്‌ച

ജീവൻ



കൂർത്തമുനയിൽ കോർത്തുവച്ചതാണ് ജീവൻ

എപ്പോഴാണ് നെഞ്ചുതുളച്ച്

ചുവന്നു പോകുന്നതെന്നറിയില്ല


കരിമ്പനയിൽ കാത്തിരിപ്പുണ്ടാകും -

യക്ഷി

ഇത്തിരിചുണ്ണാമ്പിനായി തിരഞ്ഞു -

കൊണ്ടിരിക്കുന്നുണ്ടാകും

വ്യാഘ്രം വഴിയിലുണ്ടെന്ന്

മുയൽക്കുഞ്ഞിനറിയാം

ഏതുവളവിലെന്നുമാത്രം അറിയില്ല


നൃപൻ്റെ നൃശംസതയിൽ

നിരാലംബജനത

ജീവകോശത്തിനുള്ളിൽ

കൂടുകൂട്ടികൊറോണ


വായുവിൻ്റെകരയിൽ വായുവിനായി

പിടയുമ്പോൾ

വേദനഞരമ്പുകളിൽ

രക്തമുറയുമ്പോൾ

കൂടുവിട്ടുകൂടുമാറുന്ന

പക്ഷിയാകുന്നുജീവൻ


നൃപൻ ശത്രുവിനെതിരഞ്ഞുകൊ-

ണ്ടിരിക്കുന്നു

രക്തത്തിലൂടെ

ശവത്തിലൂടെ

തേരുതെളിക്കുന്നു


ആലംബഹീനർ

അരികുപറ്റി നിൽക്കുക

അന്തപ്പുരത്തിലേക്കെത്തുന്ന

ഔഷധത്തിന് ആരാധനയർപ്പിക്കു

ഗണിക


ഗണികയെ കണികാണണം
അവളിൽനിന്ന്തുടങ്ങണം
ഒരുദിനം
എൻ്റെഭിക്ഷാപാത്രത്തിൽ
അവളുടെനോട്ടത്തിൻ്റെ നാണ-
യത്തുട്ട്ആദ്യംവീഴണം

ഉടലുകൊണ്ട് ഊട്ടുന്നവൾ
ഉന്നതകുലജാതരായി നിങ്ങളെ
ഉയർത്തുന്നവൾ
ഉടയാടയുരിഞ്ഞഉടലിന്
അരവയറ്നിറയാനുള്ള ആഹാ -
രത്തിൻ്റെവില

യശഃ പ്രാർത്ഥിയല്ലാത്തവന്
അന്ധവിശ്വാസം ഒരൂന്നുവടി
മനസ്സിലെവെടിമരുന്നിൽനിന്ന്
എടുത്തുമാറ്റുന്നതീക്കൊള്ളി

ഇന്നലെരാത്രിയിൽ
കിരീടംസ്വപ്നംകണ്ടു
ചെങ്കോലും
ഇതാകുതിക്കുന്നകുതിര ഗണിക
സ്വപ്നംഫലിക്കാം
ഒരുനേരത്തെ അമൃതേത്തും -
രാജവാഴ്ചയും

2021, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

പിടികിട്ടാത്തത്

സ്കൂളിലെ മേശമേൽവച്ച

ഭൂഗോളംകാണിച്ച് ടീച്ചർ പറഞ്ഞു:

ഭൂമി ഉരുണ്ടതെന്ന്.

ഉരുവിട്ടുപഠിച്ചു പരന്നഭൂമിയെ

നോക്കി ഞങ്ങൾ കുട്ടികൾ


ഉമ്മറപ്പടിയിൽ നിന്ന് നോക്കിയാൽ

കാണുന്ന 

പ്ലാവിൽതൂങ്ങിയാടി അടുത്തവീട്ടിലെ

ആയിഷു


അങ്ങാടിയിലെ വരഞ്ചാണിയിൽ

കുത്തേറ്റു കിടന്നു ഒരുസഖാവ്


തൊട്ടുനിന്ന മരങ്ങൾക്കിടയിൽ

വളർന്നു വന്നു

ചൊറിയണം പോലെ

ചില മത മതിലുകൾ


കണ്ടു കണ്ടിരിക്കെ കൊട്ടാരത്തിലേറി

ചിലർ

പൊട്ടിയ കെട്ടുവള്ളം പോലെ ആടിയു

ലഞ്ഞു

ദാരിദ്ര്യപ്പുഴയിൽ പലർ


ഉരുണ്ടത് 

പരന്നതായി തോന്നുന്നതായിരിക്കാം!


എങ്കിലും;

എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല

ഉരുണ്ട ഭൂമിയെ

ഇരുണ്ട മനസ്സുകളെ !


2021, സെപ്റ്റംബർ 5, ഞായറാഴ്‌ച

മരണം

മഞ്ഞിൻ്റെ ഒരു തൂവൽ

പൊഴിഞ്ഞു വീണു

പക്ഷികളുടെ ഒരു വനം

പറന്നു പൊങ്ങി

ഏകാകിയായ ഒരു പക്ഷി

വിചാരങ്ങളുടെ വിചാരണ

നേരിടുന്നു


സൂര്യൻ

ചന്ദ്രൻ

ആകാശം

ഭൂമി

കടൽ

കാട്


ഏകാന്തതയുടെ ധ്യാനമൂർ-

ച്ഛയിൽ

ജന്മാന്തരസ്മരണകളുടെപരാഗം

മനസ്സിനെ തൊടുന്നു


വേടൻ നോക്കിനിൽക്കെ

ജന്മാന്തരങ്ങൾക്കുമപ്പുറത്തേക്ക്

കിളിയൊന്നു കുതിച്ചു

നിഷാദൻ്റെ അമ്പ്

പടിഞ്ഞാറ് സന്ധ്യയ്ക്ക്

ചുവപ്പു നിറം വരച്ചു

2021, സെപ്റ്റംബർ 4, ശനിയാഴ്‌ച

ഭീകരത


നിർത്താതെയുള്ള കരച്ചിൽ നിങ്ങൾ
കേൾക്കുന്നുണ്ടോ
തോക്കിൻ മുനയുടെ മൂർച്ചയിൽ പിടയു
ന്നതറിയുന്നുണ്ടോ

അച്ഛൻ്റെ മുന്നിൽവച്ച് മകളുടെ,
ഭർത്താവിൻ്റെ മുന്നിൽ വച്ച് ഭാര്യയുടെ -
ഉടലിലേക്ക്
ചില തെമ്മാടികൾ പാഞ്ഞുകയറുന്നത്
കാണുന്നുണ്ടോ

ഒരു രാത്രിയിരുണ്ടു വെളുക്കുമ്പോഴേക്കും
മുഖമില്ലാത്തായ സ്ത്രീകളുടെ ഒരു രാജ്യം
നിങ്ങൾ കണ്ടിട്ടുണ്ടോ
പഠിച്ചതെല്ലാം അഗ്നിയിൽ അടക്കം ചെയ്യ-
പ്പെടേണ്ടി വരുന്ന ഒരു ജനതയെ

പാട്ടുകളില്ലാത്ത, ഭാവനകളില്ലാത്ത,
തൊഴിലു പോലുമില്ലാത്ത ഒരു ജനതയെ
ഏതു സമയവും അഗ്നിഗോളമായ് പൊട്ടി -
ച്ചിതറിയേക്കാവുന്ന വരെ
വിമാനച്ചിറകിൽനിന്നും ഉതിർന്നുവീഴുന്ന
വരെ

ജനിച്ചു വളർന്ന ഭൂമിയിൽ ഇപ്പോഴും ജീവി-
ച്ചിരിക്കുന്നുവെന്ന്
തീർച്ചപ്പെടുത്താൻ കഴിയാത്തവരെ.

രക്തത്തിൽ നനഞ്ഞു കുതിർന്ന ഒരു -
പതാക നിങ്ങൾ കാണുന്നുണ്ടോ?

2021, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ലോകം ഇങ്ങനെ


ലോകമെന്ന തലക്കെട്ടിനു താഴെ
അവനൊരു വൃത്തം വരച്ചു
അതിനു നടുവിൽ
അവൻ്റെയൊരു കുഞ്ഞു ചിത്രവും

2021, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

ദസ്തയേവ്സ്കി ആലോചനയിലാണ്


കളികളുടെ കയ്യാലപ്പുറത്തു കയറി
കൈയ്യാങ്കളിയുടെ കാലം
ശീമക്കൊന്ന പത്തലുകൊണ്ട്
കാൽ വണ്ണയിൽ ചിത്രം വരച്ചിരുന്നു -
അച്ഛൻ
കലമ്പിക്കൊണ്ടിരിക്കുന്നു ചിന്തകൾ
ശ്മശാന ദീപങ്ങൾ പോലെ മുനിഞ്ഞു -
കത്തുന്നു തെരുവുവിളക്കുകൾ

ദീർഘ വർഷങ്ങൾ പിന്നിലേക്കോടുന്നു
കിനാവുകളായിരുന്നു എന്നുമന്തിമാശ്രയം.
യൂദാസ് ആത്മഹത്യ ചെയ്തിരിക്കുന്നു !
ഉള്ളകം ആത്മവിശുദ്ധിയുടെ അഗ്നിശാല

പൊല്ലാപ്പുകളുടെ കടന്നൽക്കൂട്ടം കടന്നാ-
ക്രമിക്കുന്നു
അശാന്തനും ഉദ്വിഗ്നനുമാകുന്നു
വിലയറ്റ വിലാപങ്ങളെന്തിന് ?!
അചേതനമായ നോക്കുകുത്തിപോലെ
അനക്കമറ്റതോ മനുഷ്യൻ !

തിക്ത സ്മരണകൾ ഫണമുയർത്തുന്നു
ഭയത്തിൽ നിന്ന് അഭയം നേടണം.
ഭൂതകാലത്തിൻ്റെ തുരങ്കത്തിലേക്ക്
ഉറുമ്പുകളുടെ തീവണ്ടിയായി അരിച്ചരിച്ചിറ-
ങ്ങുന്നു ഓർമ്മകൾ

എവിടെ തുടങ്ങണം, ദസ്തയേവ്സ്കി അക്ഷ-
മനായി
അസ്വസ്ഥതയുടെ വെള്ളക്കടലാസ് മലർത്തി -
വെച്ചു
ഓർമ്മകളുടെ വർണ്ണക്കൂട്ട് മനസ്സിൽ നിന്ന് -
വിരലിലൂടെ പേനയിൽ നിറച്ച്
ലീക്കില്ലെന്ന് ഉറപ്പുവരുത്തി എഴുതുവാൻതുടങ്ങി



പിറക്കുമായിരിക്കും

വിലങ്ങിപ്പോയ ഓർമ്മകളാണ്

പിറക്കാതെ പോയ കവിതകൾ

ഇടയ്ക്ക്
മാർഗതടസ്സം സൃഷ്ടിക്കാറുണ്ടവ
അസ്വസ്ഥതയുടെ മുള്ള്കൊണ്ട്
മുറിഞ്ഞ് നീറാറുണ്ട്
എങ്കിലും,
പിറവിയുണ്ടാകാറില്ല

പിറക്കുമായിരിക്കും ഒരിക്കൽ
അവസാനത്തെ ഒരു പിടി മണ്ണിൽ -
നിന്നും വളർന്ന് മരമാകുമായിരിക്കും
ശാഖകൾ തോറും കവിതകൾ പൂക്കു-
മായിരിക്കും.