malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2024, ജനുവരി 31, ബുധനാഴ്‌ച

പ്രണയികൾ


പ്രണയികൾ
രണ്ടുനീർച്ചാലുകളാണെന്നു -
തോന്നാം
എന്നാൽ
ഒരു പെരും കടലാണവർ

പ്രണയികൾ
വെറും മണൽത്തരികളാണെ -
ന്നു തോന്നാം
എന്നാൽ
ഒരു മണൽക്കാടാണവർ

പ്രണയികൾ
ഉളളാഴമില്ലാത്ത
രണ്ടു വേരുകളാണെന്നു തോന്നാം
എന്നാൽ
ആഴത്തിനാഴത്തിൽ
എന്നും പിണഞ്ഞിരിപ്പാണവർ

പ്രണയികൾ
രണ്ടു തീപ്പൊരികളാണെന്നു -
തോന്നാം
എന്നാൽ
ഒരു മുഴുതീപ്പന്തമാണവർ

പ്രണയികൾ
വെറും പ്രണയികളല്ല
രണ്ടു നക്ഷത്രങ്ങളാണവർ

2024, ജനുവരി 30, ചൊവ്വാഴ്ച

ഓർമ്മകൾ


ഓർമ്മകൾ നാട്ടിൻ പുറത്തെ
ഇടവഴിയിലൂടെ
മഴ നനഞ്ഞു നടക്കുന്നു
ഒരു കാറ്റ് ഓടി വന്ന്
കൈ പിടിച്ചു വലിക്കുന്നു
തവളക്കണ്ണൻ കുഴികളിൽ
കലങ്ങിയ വെള്ളം നിറയുന്നു
അടഞ്ഞ ശബ്ദത്തിൽ
പാടുന്നു ഉറവകൾ

ചോർന്നൊലിക്കുന്ന
അകത്തളത്തിലെ പിഞ്ഞാണ
ത്തിൽ വീണ മഴത്തുള്ളികൾ
മണിക്കിലുക്കമുണ്ടാക്കുന്നു
കീറിയ തഴപ്പായ ചുരുട്ടിക്കൂട്ടി
ചുമരിനരികിലേക്ക് നീങ്ങിയി
രിക്കുന്നു
എലികളുടെ കരകര ശബ്ദം
ഭയത്തിൻ്റെ നെല്ലിപ്പടി കാണിക്കുന്നു

പുലരിയുടെ ആദ്യവെട്ടം ഉള്ളിൽ
തെളിയുന്നു
മരപ്പൊത്തിലൊരു തത്തയിരിക്കുന്നു
മഞ്ഞിൻ്റെ നനുത്ത പാളി തലോടുന്നു
ഒരു വെള്ളപ്പൂവ് എന്നെ നോക്കി
മന്ദഹസിക്കുന്നു

2024, ജനുവരി 29, തിങ്കളാഴ്‌ച

ചായക്കടയിൽ


കടയിൽ നിന്ന്
കാപ്പിമണത്തിൻ്റെ ഒരുചില്ലവന്ന്
മൂക്കിൽ തൊട്ടു
പ്രേംനസീറിൻ്റെ പടത്തിലെ
പഴയൊരു പാട്ടുവന്ന് കാതിലും...

കുന്നിൽ തടഞ്ഞ പുഴപോലെ
ഒരു നിമിഷം
ഉയർന്ന വലത്തേക്കാൽ നിശ്ചലം
ഇഷ്ടപ്പെട്ടവരെ ഇറങ്ങി വന്ന്
കൈ പിടിച്ചിരുത്തുന്നു ആശ്ചര്യം !

ഇച്ചിരിയും കൂടാതെയും
കുറയാതെയുമുള്ള വോള്യത്തിൽ
എയ്യുന്ന മിടുക്ക് കൊള്ളുന്ന സുഖ-
ത്തോടെ
ഊതിയൂതിക്കുടിച്ചു രസിച്ചിരുന്നു

രണ്ടു ചിരികൾ കൈകോർത്തു
വന്ന്
അവനടുത്തിരുന്നു
അവരുടെ കളിചിരിയിൽ
നാട്യത്തിൻ്റെ ഒരു പൊടി നിഴൽ -
ചേരാത്ത ഒരു കവിതവന്ന്
മുട്ടി വിളിച്ചുകൊണ്ടിരുന്നു

2024, ജനുവരി 28, ഞായറാഴ്‌ച

എങ്ങോട്ട്


കാട്ടിലൂടെ നടന്നു
കാതോർത്തുകൊണ്ട്
കേൾക്കുന്നുണ്ടോ
കവിതയുടെ മുരൾച്ച?!

എവിടെ വനവാസി
എൻ്റെ മനവാസി
കണ്ടതൊക്കെയും
കവിതയുടെ കാട്ടിൽ

കാണുന്നില്ലല്ലോയിന്ന്
കാണാൻ കൊതിച്ചു
വന്നപ്പോൾ
ഈ നഗരക്കാട്ടിലെ
ഏതു നരകത്തിൽ
ഇനി തപ്പണം നിന്നെ

വെയിൽ നനഞ്ഞ്
മഴയിൽ പൊള്ളി
മുഷിഞ്ഞ മുഖത്ത്
ചിന്തകളാൽ പോറിയ
വരകളുമായി
മര വേരിൽ
പകലെന്നില്ലതെ
ഇരവെന്നില്ലാതെ
ഇരിക്കുന്നവനേ

കവിതയും ബാക്കിവെച്ച്
എങ്ങോട്ടു പോയി നീ
എത്
ഉൾക്കാട്ടിൽ

2024, ജനുവരി 25, വ്യാഴാഴ്‌ച

മനുഷ്യൻ


മുറിവുകൊണ്ട് നാണം മറയ്ക്കുന്നു
അറിവുകൊണ്ട് അഹങ്കരിക്കുന്നു
മറവികൊണ്ട് മാന്യത നേടുന്നു
നിമിഷം കൊണ്ട് തകർന്നു പോകുന്ന
മൺചെരാത് ജീവിതം

ഉള്ളിലെന്നും തീ
നീല നദി
ശശവും, വ്യാഘ്രവും
ചുട്ടുനീറുനേരത്തും
ചുണ്ടിലൊരു ചെറു ചിരി

ഉഷ്ണമാപിനിയിൽ
ചൂടെന്നപോലെ
കഴിയില്ല,
കണ്ടെത്തുവാൻ
ഉള്ളിലെ ഗൂഢമാംകയം

മനുഷ്യൻ, ഹാ,
എത്ര മനോഹര പദം!

2024, ജനുവരി 24, ബുധനാഴ്‌ച

കണ്ണീർ


നിനച്ചിട്ടുണ്ട്
എത്രയോ വട്ടം
തുളുമ്പി തൂവാൻ
പക്ഷേ, കഴിഞ്ഞിട്ടില്ല
ഇന്നോളം
ഇവളിൽ നിന്ന്
ഒരിറ്റു തുളുമ്പാൻ

2024, ജനുവരി 22, തിങ്കളാഴ്‌ച

സന്ധ്യയടുക്കുമ്പോൾ


മഞ്ഞവെയിലെന്നെ നോക്കി
ചിരിക്കുന്നു
ചാഞ്ഞും ചരിഞ്ഞും പിന്നെ ചേർ-
ത്തു പിടിക്കുന്നു
സന്ധ്യയിലേക്കു നീയെന്ന് പറയാതെ
പറയുന്നു
മണ്ണിൽ ചവുട്ടി ഞാൻ സൂക്ഷ്മം നട-
ക്കുന്നു

തൈമാവിലയെന്നെ മാടിവിളിക്കുന്നു
കാവിൽ നിന്നൊരു കുയിൽ മൂളി വിളി -
ക്കുന്നു
കാടൊരു കവിതയായെന്നിൽ ചേക്കേ -
റുന്നു
ഉള്ളിൻ്റെയുള്ളിലൊരു പെരിയാറ് -
പിറക്കുന്നു

പകൽ ചാഞ്ഞ പുഴക്കരയിൽ
ഒറ്റയ്ക്കൊരു കിളിക്കുഞ്ഞ്
ഗ്രാമഗേഹങ്ങൾ നോക്കി വടക്കോട്ടു -
പറക്കുന്നു
ഏകനല്ലിന്നു ഞാൻ
മൂകമല്ലീ ലോകം
ചുറ്റിലും കാണുന്നൊരീ പച്ചപ്പ് -
മനോഹരം

ഞെട്ടറ്റു വീഴും പൂവും
കർമ്മങ്ങൾ പൂർത്തിയാക്കി
മർമ്മമറിയും കാലം
യാത്രയാക്കിയതല്ലേ

2024, ജനുവരി 20, ശനിയാഴ്‌ച

വിശപ്പ്


ഒരു വാക്കു മാത്രമല്ല
വായിച്ചു തീർത്ത കഥയുമല്ല
ചോർന്നൊലിക്കുന്നതും
അനുഭവിക്കുന്നതുമായ
ഒരു ജീവിതം തന്നെയാണ്

2024, ജനുവരി 19, വെള്ളിയാഴ്‌ച

യുദ്ധം വരച്ചത്


ആദ്യമായ് കണ്ടത്
മ്ലാനമായ ശരത്കാല ദിവസത്തിൽ
അത്രയും സന്ദർഭോചിതവും
അത്രയും ശോചനീയമായ ഒരുവരി
പോലെ

അവൻ്റെ കാൽപ്പാദയെല്ലുകൾ
കല്ലിൽതട്ടി ചിലമ്പിക്കൊണ്ടിരുന്നു
ധൂമപടലത്തിൽ ഓജസ്സറ്റ ഓർമകൾ -
പോലെ അസ്പഷ്ടമായിരുന്നു

അവൻ
ഒരു നിർധനൻ
ആരുമില്ലാത്തവൻ.

അത് തണുത്തു വിറങ്ങലിച്ച
അരോചക ദിവസമെങ്കിലും
കുഴിയിലാണ്ടകണ്ണിൽ
കത്തി നിൽക്കുന്നതൊരു ഗ്രീഷ്മമെന്ന്
ഒരു ചാറ്റൽ മഴവന്ന് ചാറിപ്പറയുന്നു

2024, ജനുവരി 17, ബുധനാഴ്‌ച

വടുക്കൾ


നട്ടുച്ചയുടെ നടവരമ്പിൽ
ഉടഞ്ഞ ചില്ലിൻ അവശിഷ്ട -
മായി ഞാൻ
കരളിലെ കടും വേദനയെ
മൗനത്തിലേക്ക്
വിവർത്തനം ചെയ്യുന്നു

ദുരിതപർവ്വങ്ങളിൽ
തുണയേകിയ എന്നെ
ദുരന്തത്തിൻ്റെ അഴിമുഖത്തു
തള്ളി
ദുരിശം കടന്നു പോയില്ലെ

എത്ര വിദഗ്ധമായി
അന്തമില്ലാത്ത ഇരുട്ടിലേക്ക്
ആത്മനിന്ദയില്ലാതെ
മുഷിഞ്ഞ വസ്ത്രം പോലെ -
വലിച്ചെറിഞ്ഞ്

എങ്കിലും,
കഴിയുമോ നിനക്ക്
കെടുകാലത്തിൻ്റെ
കത്തിപ്പടർച്ചയുടെ
കരിഞ്ഞവടുക്കൾ
നുള്ളി എടുക്കുവാൻ
ഓർമ്മകളെ പറിച്ചു മാറ്റുവാൻ

2024, ജനുവരി 13, ശനിയാഴ്‌ച

ആയിരിക്കുമോ


മൗനത്തിലേക്ക് മുള പൊട്ടിയവൾ
മിണ്ടാതിരിക്കുന്നത്
മറന്നിട്ട വിസ്മയങ്ങളെ
ഓർത്തായിരിക്കുമോ

കല്പനകളിൽ
ലയിച്ചായിരിക്കുമോ
കവിതയുടെ കാട്ടിൽ
അകപ്പെട്ടതായിരിക്കുമോ

ജീവിതത്തിൻ്റെ മറുകര താണ്ടാൻ
ദുരിതക്കയങ്ങളിൽ
കാലിടറാതിരിക്കാൻ
ഇടനെഞ്ചിലെ കടലിനെ
പഠിക്കുകയായിരിക്കുമോ !

പിടയുന്ന വാക്കിനെ
പിടിക്കുവാനെന്നോണം
പിടിതരാതിരിക്കുന്നുണ്ടൊരുവൾ

2024, ജനുവരി 7, ഞായറാഴ്‌ച

സത്യം


നോക്കിലറിയാം മൂർച്ച
മൂർച്ചയിലെ തീർച്ച
സത്യത്തിൻ്റെ തോല്
നുണയുടെ മുഖം മൂടി

ഇരുട്ടിനേക്കാൾ വീര്യം
കുരുട്ടു ബുദ്ധിക്ക്
വിജയഭാരത്തേക്കാൾ
ഭാരം
കരടു കല്ലിച്ചതിന്

കരടുചുമടെടുത്തവൻ്റെ
മൗനത്തേക്കാൾ മൗനിച്ചു
നിൽക്കും മനസ്സ്
ചേർത്തു നിർത്തുന്നതെല്ലാം
ചീർത്തു നിൽക്കും

മാധ്യമങ്ങൾ മധുരം ചേർത്തു
വിളമ്പിയേക്കാം
മദ്ധ്യവർത്തികൾ മായാവിലാസം
കാട്ടിയേക്കാം
സത്യം നുണയുടെ പുന്തോടു -
പൊട്ടിച്ച്
പുറത്തു വരികതന്നെ ചെയ്യും

2024, ജനുവരി 6, ശനിയാഴ്‌ച

കവിയമ്മ


കഥ പറയും കാട്ടിനുളളിൽ
കൂടൊരുക്കി കവിയമ്മ
ജീവനവും, ജീവിതവും കാട് -
പൂർവ്വ ഭവനമെന്നും
കാടുനീളെ, നാടുനീളെ
നടന്നു പാടി കവിയമ്മ

കഥയറിയും കാട്ടാളർ
പച്ചനോട്ടിൻ നോട്ടത്തിൽ
കാട്ടിലേക്കു കുതികൊൾകേ
മഴുവായ്ത്തല മൂർച്ചയായി
കയർക്കുന്നു കവിയമ്മ

അരണ്യത്തെ ഹരിക്കാതെ
ഹരിതമാക്കു ജീവിതം
കാടിവെള്ളം മൂടിത്തന്ന്
കുഞ്ഞുനാളിൽ കൂട്ടുനിന്ന്
ഉൺമയേകി ഉള്ളുണർത്തി
പെറ്റമ്മയീകാടകം

മുറിഞ്ഞു വീഴും മാമരത്തിൽ
ചിറകൊടിഞ്ഞ പക്ഷിയായി
ആർത്തലച്ചു കരഞ്ഞിടുന്നു
സുഗതയമ്മ കവിയമ്മ

ബാലകർക്കു വാഴത്തേനായ്
ജീവിതത്തിൻ മണലെഴുത്ത്
കാട്ടി നമ്മുടെ മനംകവർന്നു
വിശുദ്ധയാമീ അമ്പലമണി

രാധയ്ക്കായി വിലപിക്കും
തുലാവർഷ പച്ച നീ
കൃഷ്ണമണി വീണയായി
കണ്ണീർ തുടച്ചു കവിയമ്മ

കാടിൻ കഥ പാടിനീ
നേരിൻ കഥ ചൊല്ലി നീ
നേരെ നിൽക്കാൻ അശരണർക്കു -
ഊന്നുവടിയായി നീ

ശാന്തി കവാടത്തിലിങ്കൽ
ശാന്തമായുറങ്ങുമമ്മേ !
മക്കൾക്കായി ശാന്തിതേടി -
അമ്മയലയുന്നതറിയുന്നു ഞാൻ



2024, ജനുവരി 5, വെള്ളിയാഴ്‌ച

ഇത്രയും


വാക്കിൻ്റെ ഉദ്യാനത്തിൽ
അവനധ്യാപകൻ
ജീവിത കവർപ്പിൽ നിന്ന്
കടഞ്ഞെടുത്ത കവിത
കവിത തന്നെ അവനു മദിര

അപഥ സഞ്ചാരിയെന്ന്
അപശ്രുതി
സ്നേഹം തേടിപ്പോയ
സത്യാന്വേഷി

അവൻ;
ജീവിത രതിയിൽ
ജതി തേടി നടന്നവൻ
ഗതി കിട്ടാതലഞ്ഞവൻ
ക്ഷാരത്തിൽ
ക്ഷീണം മറന്നവൻ

കൈവിട്ടു കാമിനിയെങ്കിലും
കാടകം പൂകിയെങ്കിലും
കവിതയെ
കൈവെള്ളയിൽ
കൊണ്ടു നടന്നവൻ.

മതി
ഓർമ്മിക്കാൻ
ഇത്രയും

2024, ജനുവരി 4, വ്യാഴാഴ്‌ച

വസന്തം


കാറ്റുവന്നെൻകാതിൽ കളികൾ -
ചൊല്ലി
കൂടെ സുഗന്ധവും കൂട്ടു ചൊല്ലി
വാസന്ത ലക്ഷ്മി വരികയായി
വാസനക്കാറ്റെൻ കവിളിൽ നുള്ളി

മുല്ലയും, മുക്കുറ്റീം മൊട്ടുനീട്ടി
മുട്ടിവിളിച്ചു ചിരിച്ചു നിൽപ്പൂ
വാസന്ത ചന്ദ്രിക വാനിൽ വന്ന്
വെള്ളപ്പുടവയണിഞ്ഞു നിൽപ്പൂ

മഞ്ഞമന്ദാരപ്പൂ കൈകൾ നീട്ടി
മഞ്ഞുനൂൽ തന്ത്രിയിൽ തൊട്ടു -
നോക്കേ
മായികാമാമൊരു സ്നേഹഗീതം
പെട്ടെന്നു വാനിലുയർന്നിടുന്നു

പേലവ കാന്തിയാർന്നുള്ള പൂക്കൾ
ചേലിൽ തലയാട്ടി നിന്നീടവേ
ചേലെഴും ചോലയും പാടിടുന്നു
വാസന്ത ലക്ഷ്മി വരികയായി

2024, ജനുവരി 3, ബുധനാഴ്‌ച

കറുത്ത കാലം


വറുത്തു വച്ച വാക്കുകളെ
നീ കൊറിക്കുന്നു
വറുത്തു വച്ചവനെ
നീ വെറുക്കുന്നു
വാക്കിൻ്റെ മുഴുത്ത മഴു
നീ തീർക്കുന്നു

രക്തത്തിൽ നരകാഗ്നി
കത്തുന്നു
അമ്പിൻ്റെ കൊമ്പുകൾ
മുളയ്ക്കുന്നു
ഉരിഞ്ഞ ഉടയാടകളും
ഉപ്പു നോക്കിയ ഉടലും
ചതഞ്ഞിരിക്കുന്നു

വേദനയുടെ നക്ഷത്രങ്ങൾ
കണ്ണീരിൽ പിറക്കുന്നു
കറുത്ത കാലത്തിൻ്റെ
ആകുലതകൾ അറിഞ്ഞവനെ
ഇനിയും പിറക്കാതിരിക്കട്ടെ
കവിതകൾ

വിയർത്ത നിൻ്റെ ഓർമ്മ ചീളുകൾ
കുഴിച്ചുമൂടപ്പെടട്ടെ
മിഴിയിൽ പേമാരിയും
ഉടലിൽ ഗ്രീഷ്മവും
ഇനി നിനക്കു സ്വന്തം

വാക്കുകൾക്ക് എത്ര വേഗമാണ്
വക്കും മുനയും ഉണ്ടാകുന്നത്

2024, ജനുവരി 2, ചൊവ്വാഴ്ച

ഇല്ലിനി......!


അടുപ്പിലെ കനലുകളണഞ്ഞെങ്കിലും
കരളിലെ കനലുകളനലുന്നു
യാമപ്പക്ഷി മൂളുന്ന നേരത്തും
കരിക്കലമായടുക്കളയിൽ

പച്ചകൾ കരിഞ്ഞ
ഉറവ വറ്റിയ തരിശാണവൾ
ഇരുട്ടും നിലാവും പിണഞ്ഞു കിടക്കുന്ന -
തുകാണാൻ മാത്രം വിധിക്കപ്പെട്ടവൾ

വിശക്കുന്ന കണ്ണുകളിന്നില്ല
കൺതടങ്ങളിൽ കറുപ്പു മാത്രം
പുകതട്ടി പുറത്തുവന്നത് കണ്ണീരല്ല
ലവണരസമാർന്ന ചോര

ഇനിയില്ല രാഭയം
ഇനിയില്ല സ്മൃതി
മൃതി വന്നു വിളിച്ചാലും
ഇല്ലിനി തെല്ലും ഭയം