malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ഫെബ്രുവരി 28, ഞായറാഴ്‌ച

സ്ത്രീയായാൽ


ദോശയായ് കല്ലിൽ മൊരിഞ്ഞു -
കരിഞ്ഞു
സ്റ്റൗവിൽ വെള്ളമായ് തിളച്ചു വറ്റി
നനക്കല്ലിൽ അവളവളെ കുത്തി -
പ്പിഴിഞ്ഞു
വെയിലത്ത് മഴയായ് പെയ്തു
മഴയത്ത് വെയിലായ് തപിച്ചു
പാതിരാത്രി പകലാക്കി
അടുക്കളയെ മുതുകിലേറ്റി
പാചകം ചെയ്ത്, പകർന്നു വെച്ച്
വിശന്ന വയറിലേക്ക് മുന്താണി-
മുറുക്കിയുടുത്ത്
പകൽ ഓഫീസിലേക്കോടി
ഭർത്താവ്
മക്കൾ
കുടുംബം
ജീവിതം

അന്ന്;
മടുപ്പിൻ്റെ ഉടുപ്പുമിട്ട്
രാവിലെയുണർന്ന്
അവളവളെത്തനെ പാചകം ചെയ്ത്
പ്രഭാത ഭക്ഷണമായ്
മലർന്നു കിടന്നു തീൻമേശയിൽ

രാത്രി വരയ്ക്കുന്നജീവിതചിത്രം



ചിറകു നനഞ്ഞ പ്രാവിനെപ്പോലെ
മെയ് കുടഞ്ഞവളെഴുന്നേറ്റു

വഴിവിളക്കിൻ്റെ മഞ്ഞച്ചവെളിച്ചം
കുറ്റിക്കാടിനപ്പുറത്തേക്ക്
അനേകം സുഷിരങ്ങൾ തീർത്തു -
കൊണ്ടിരുന്നു

അവൾ എന്തോ പറഞ്ഞെങ്കിലും
ഗദ്ഗദത്തിൽ നനഞ്ഞ് !
വാക്ക് പുറത്തേക്കു വന്നില്ല

കൈയിലെ റിസ്റ്റ് വാച്ച്
നിലച്ചുപോയിരിക്കുന്നു

വാച്ചിനെ താക്കോൽ കൊടുത്ത്
നടത്തിക്കാം
ജീവിത ഘടികാരം തന്നെ നിലച്ചു
പോയാലോ?!

ചില ജീവിതങ്ങളുണ്ട്
വെളിച്ചത്തെ ഭയന്ന് ഇരുട്ടിലൊളി -
ക്കാൻ കൊതിക്കുന്നവ

ഇരുണ്ട തുരങ്കത്തിലേക്ക്
തള്ളിയിടപ്പെട്ടവ

ഉടുതുണിയുരിഞ്ഞ്
അരവർ നിറക്കാൻ വിധിക്ക-
പ്പെട്ടവ

അല്ലെങ്കിലും, ജീവിതം
ഒരൊളിച്ചു കളിയാണ്

തുറന്നു പറയുവാനാകാതെ
പലതും മറച്ചു വെയ്ക്കപ്പെടുന്ന
ഒളിച്ചുകളി

ചിരിയുടെ ചുറ്റുവിളക്കുമായി
നമ്മുടെയിടയിൽ എത്ര ജീവിതങ്ങളുണ്ട്

തുറന്നു നോക്കണം മനസ്സ്
കാണാം കണ്ണീരെണ്ണയിൽ
പടുതിരി കത്തുന്ന ജീവിതങ്ങളെ

ജീവിക്കുവാനാണെങ്കിലും, കഴിയില്ലല്ലോ
ശരീരത്തിനേറ്റ അഴുക്കു പോലെ
മനസ്സിനേറ്റ ക്ഷതം കഴുകിക്കളയാൻ

വാക്കുകൾക്ക് തഴുതിടാം
ഓർമ്മകൾക്കോ?!

2021, ഫെബ്രുവരി 21, ഞായറാഴ്‌ച

മൂന്ന് കവിതകൾ

ടാപ്പിംഗ്



തണുത്ത

വെളുപ്പാങ്കാലം

പുതപ്പു നീക്കി

തുടുപ്പിലൊന്നു

തൊട്ടതേയുള്ളു

മദം പൊട്ടിയ പെണ്ണെന്ന്

അപ്പോഴാണറിഞ്ഞത്



മീൻ


കാടൻ പൂച്ച

കടിച്ചു കുടഞ്ഞിട്ട

കടലാണ് മീനുകൾ



പ്രണയാന്ത്യം ശുഭം



നാവടക്കാൻ കഴിയില്ല

നാട്ടുകാരുടെ

കല്ലുവെച്ചനുണതട്ടി

നടക്കാൻ വയ്യ

കണ്ണുകൾക്കെല്ലാം

കാകനോട്ടം

ഇനിയുമൊരവസരം

കൊടുക്കാതെ

ജാതിമരങ്ങൾ അതിരിട്ട

ഇടവഴിയിൽ

മുളയിട്ടിരിക്കുന്നു

പേരില്ലാത്ത ഒരുചെടി

ഗ്രാമരാത്രി


പൊന്നിൽ കുളിപ്പിക്കുന്ന
ആകാശസീമയിലെ നക്ഷത്രങ്ങൾ
വെൺകൊറ്റക്കുടകൾ ചൂടിയ കുന്നുകൾ
കളിചിരിയുതിർക്കുന്ന കാട്ടരുവി

മുയലുകൾ കറുവപ്പുല്ലുകൾകടിക്കുന്ന -
ശബ്ദങ്ങൾ
മോഹനനൃത്തങ്ങൾ
തളിരിലകളിൽ മഞ്ഞു പൊഴിയവെ
കുളിരിലകളുടെ മർമ്മരം

ഈറനുടുത്തുകൂമ്പി നിൽക്കുന്ന
അർധനഗ്നാംഗികളായ വാഴക്കൂമ്പുകൾ.
കണ്ടിട്ടുണ്ടോ ;
നിങ്ങൾ ഗ്രാമ രാത്രിയെ?
രാത്രിയുടെ മനോഹാരിതയെ ?!

എത്ര അനുഭൂതി ധന്യമാണ്
ശബ്ദഭരിതമായ സംഗീത സാന്ദ്ര നിശ്ശബ്ദത

പ്രണയിനിയോട്


ചാരെ വരികയെന്നോമനെ
ശാന്തമായ് ചേർന്നു നിന്നിടാം
കനലുപോലനലുമാ ഹൃത്തിൽ
പ്രണയതീർത്ഥം തളിച്ചിടാം

ഒരു നിമിഷ,മമ്മതൻ വാത്സല്യമായ്
മാറിലെ പഞ്ചാമൃതമെന്നെയൂട്ടുക
പിന്നെ പ്രണയ പാരവശ്യത്താൽ
എന്നധര പീയൂഷം നുകരുക

വികാര പുഷ്പവനങ്ങളിൽ
രണ്ടു ശലഭമായ് നമുക്കു പറന്നിടാം
പൊള്ളും വേനലിൽ ഞെട്ടറ്റുവീണ
രണ്ടു മഴത്തുള്ളിയായലിഞ്ഞു -
ചേർന്നിടാം

2021, ഫെബ്രുവരി 20, ശനിയാഴ്‌ച

ജലം


തെറി വിളികളിലൂടെയും
അടിപിടി കളിലൂടെയുമാണ്
കുടിവെള്ളം വരുന്നതെന്ന്
അന്നാണ് ഞാനറിഞ്ഞത്

ശൂ.... വെച്ചു കളിക്കുന്ന
പൊതു പൈപ്പിനു മുന്നിൽ
പൊതുയോഗത്തിനുള്ള
ആൾക്കൂട്ടം

ബീവറേജിനു മുന്നിലെ
ആൾക്കൂട്ടത്തെപ്പോലെ
വരി തെറ്റാതെ ക്ഷമയോടെ
കാത്തിരിക്കുന്നു കുടങ്ങൾ

പ്രാക്കും, പിറുപിറുപ്പും
കരുവാളിച്ച മുഖങ്ങളും
കുത്തിനോവിക്കലും
ആർത്തനാദങ്ങളും

മനസ്സ് എത്രമാത്രം വെന്തു
വെന്തു നീറിയാലാണ്
തണുപ്പിൻ്റെ ഇത്തിരി ജലം
ലഭിക്കുന്നത്






2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ഇന്നത്തെ കാഴ്ച



ഉന്മാദമുണർന്നപ്പോൾ
ഉടലിനെയോർത്തില്ല
ഉരിഞ്ഞു കൊണ്ടുപോയിരിക്കുന്നു
ഉടലിനെ
ഒരു കാട്ടാളൻ

ഉന്മാദമുറങ്ങിയപ്പോൾ
ഉടലിനെ തിരഞ്ഞിറങ്ങി
ഉയരങ്ങൾ താണ്ടി
ഉരിയാടി വിളിച്ചു

ഉള്ളറകളിൽ നിന്ന് കേൾക്കുന്നു
ഉന്മാദത്തിൻ്റെ ഉരിയാട്ടം
ഭാഗം വെച്ച് ഭോഗിക്കുന്നു
ഉടലിനെ കാട്ടാളർ

പിന്നെയൊട്ടും താമസിച്ചില്ല
പാടത്തെ പടർന്ന പുല്ലിൽ
നാവറുത്ത് മലർന്നു കിടന്നു
ഒരുതല

2021, ഫെബ്രുവരി 17, ബുധനാഴ്‌ച

എഴുതാത്ത കവിത


കവിതയുടെ കഴുക്കോലൂന്നി
മനസ്സെന്ന വള്ളത്തെ
കടലാസു വെള്ളത്തിലിറക്കി

കവിതയിലെ കറുത്തക്ഷരം പോലുള്ള
കുഞ്ഞിപ്പെണ്ണ്
കുളിക്കടവിലെ നനക്കല്ലിൽ
തുണികൾ കുനുകുനാ കുത്തിത്തിരുമി-
ക്കൊണ്ടിരുന്നു

കടവിൻ്റെ അരികുപറ്റി ഒരു നീർക്കോലി
നിട്ടാനീളത്തിൽ ഒരു വരവരച്ച്
ഓടിപ്പോയി

പുഴയിലേക്ക് കണ്ണാടി നോക്കിയിരിക്കുന്ന
തെങ്ങിൽ നിന്ന്
കൊട്ടതേങ്ങകൾ താഴേക്കുചാടി മുങ്ങാങ്കു-
ഴിയിട്ട്
മുകളിലേക്കുയർന്ന്ഓളങ്ങളിലാടിയാടിനീന്തി

പുഴയുടെ മധ്യത്തിലെത്തിയപ്പോൾ
കവിതയുടെ കഴുക്കോലു പൊട്ടി
ചുഴിയിൽപ്പെട്ട് വട്ടം കറങ്ങിയ കവിതയുടെ
വള്ളം
കടലാസു വെള്ളത്തിൽ നിന്ന് ഒലിച്ചുപോയി

കവിതയെ കരക്കടുപ്പിക്കാൻ കഴിയാതെ
കടലാസിൽ ഞാൻ കോറിയിട്ട കവിതാക്ഷര-
ങ്ങൾ
ചിതറിക്കിടന്നു അവിടവിടെ ഓരോന്നായ്

2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

അമ്മ


അമ്മയെന്നുള്ളൊരു രണ്ടക്ഷരം
നന്മ നിറഞ്ഞുള്ള രണ്ടക്ഷരം
ഉണ്മയിലേക്കു നയിച്ചിടുവാൻ
ഇമ്മന്നിൽ മർത്ത്യൻ്റെ മന്ത്രാക്ഷരം

പാരിതിൽ സത്യമതമ്മമാത്രം
തോരാത്ത മാരിതൻ സ്നേഹാമൃതം
അമ്മിഞ്ഞപ്പാലമൃതൂട്ടിയമ്മ
ഇമ്മന്നിൽ സ്നേഹമതമ്മമാത്രം

വമ്പേകി നമ്മളിലിമ്പമേകി
ഉമ്മവെച്ചാത്മസംതൃപ്തിയേകി
അമ്മയെന്നാലതു ദൈവമല്ലേ
മന്നിലമ്മയല്ലാതൊരു ദൈവമുണ്ടോ

2021, ഫെബ്രുവരി 14, ഞായറാഴ്‌ച

വാലന്റെന്‍സ് ഡേ


പ്രണയിനി
നിനക്കായിയേകുന്നു
ഞാനെൻ്റെ
ഇടനെഞ്ചിലെ തുടുത്ത
റോസാപ്പൂ

ഒറ്റതിരിയാതെ
ഒത്തൊരുമിച്ചിനി
പ്രണയം നമുക്കു പടുക്കാം

ഒരുമിച്ചു നുണഞ്ഞിടാം
നമുക്കീ മധുരവും, പുളിയും,
കവർപ്പുമിനിയെന്നും

ഒരായിര,മോർമ്മകൾ
പകുത്തു നൽകാമിനി
ഒറ്റമരമായി പൂക്കാം

സിരയിലൂടൊഴുകുമീ
സരയുവറ്റുവോളവും
ചുവന്ന വാകപ്പൂക്കളാകാം

2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

എന്നുമെന്നിൽ


ഇല്ലാ വൃഥാവിലാകില്ലനിൻപട്ടട-
ച്ചൂടേറ്റിടം പോലും ധന്യമെന്നോർക്കുക.
ആഴിപോൽ നിന്നോർമ്മ ,യൂഴിയിലെന്നുമേ
തിരക്കൈകൾ നീട്ടി കരേറി വന്നീടുമേ

പുലരികൾ, സന്ധ്യകൾ ചോക്കുന്നതെന്നുമേ
ശോകാർദ്രമാംനിൻ്റെ ഓർമ്മയാലല്ലയോ
അപ്പൊഴും നിൻ്റെയാ കുസൃതി ചിരിയെൻ്റെ -
യുള്ളിൻ കുഹരത്തിൽ മെല്ലേ മുഴങ്ങുന്നു

കവിതകളക്ഷര പൂക്കളായെൻ മുന്നിൽ
വിരിയവേയുള്ളിൻ്റെയുള്ളിൻമുകുരത്തിൽ
നിൻമുഖമന്തിനക്ഷത്രമായ് പൂക്കുന്നു
എന്നിലാകെനറും കാന്തി ചൊരിയുന്നു

പുൽനാമ്പിൽ മഞ്ഞുകണംപോലെ നീയെന്നിൽ
പൂക്കളിൽ ശലഭച്ചിറകടിയായുള്ളിൽ
ഓമനക്കുഞ്ഞിൻ്റെമൂർദ്ധാവിലുമ്മവെച്ചീടുന്നൊ-
രമ്മതൻ സ്നേഹമാണിന്നു നീ
മയിൽപ്പീലി നിറമായി ,യുള്ളിൻ്റെയുള്ളിൽ
നീയെന്നുമെന്നിൽ വിളങ്ങും മഹാകവി
..................
(മഹാകവി ഒ.എൻ.വി.യെക്കുറിച്ചുള്ള ഓർമ്മ)

2021, ഫെബ്രുവരി 9, ചൊവ്വാഴ്ച

സമരഭൂവിലേക്ക് കണ്ണും നട്ട്



ഉപേക്ഷിക്കപ്പെട്ട പെണ്ണിനെപ്പോലെ
ഉഴവു ഭൂമി

കുഴഞ്ഞമണ്ണ് ജീവൻ്റെ തുടിപ്പോടെ
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു

പുതുപ്പെണ്ണിൻ്റെ ഉടലിൽ നിന്നെന്നോണം
മദഗന്ധമുയരുന്നു

ഉച്ചവെയിലിൽ വിയർത്തു കുളിച്ച്
പാതിരാവിൽ നനഞ്ഞു കുളിച്ച്
അവളവളെതന്നെ ഉഴുതുമറിക്കുന്നു

ചുട്ടുപൊളളുന്ന
തണുത്തു വിറക്കുന്ന
നടന്നു നടന്നു കുമിളകൾ ചുവന്നു -
വീങ്ങിയ

കാലുകൾ പലയിടത്തും പൊട്ടിയ
അസ്ഥികളിൽ വേദന തിങ്ങിയ

അരവയർ നിറയ്ക്കാൻ പോലും
അരിമണി നൽകാത്ത

അധികാര ഗർവ്വിനെതിരെ പടപൊരുതുന്ന
കർഷകനേയും കാത്ത്

കടൽത്തിരപോലെ മണ്ണ് അതിൻ്റെ തീക്ഷണ
ചൂരു പടർത്തി

തന്നത്തന്നെ ഉഴുതുമറിച്ചു കൊണ്ട്
കാത്തിരിക്കുന്നു

ബന്ധം


കെട്ടിപ്പൊക്കിയവയൊക്കെയും
സ്നേഹത്തിൻ്റെ സിരകളിലെ
സത്യത്തിൻ്റെ രക്തം ചാലിച്ചെന്നാണ്
കരുതിയിരുന്നത്

തകർന്നടിഞ്ഞപ്പോഴാണറിഞ്ഞത്
ചതുപ്പുനിലത്തെന്ന്

2021, ഫെബ്രുവരി 8, തിങ്കളാഴ്‌ച

ആഗ്രഹം


എന്നെങ്കിലും മനസ്സിൻ്റെ
ഒറ്റമരച്ചോട്ടിൽ
നിങ്ങൾ നിന്നിട്ടുണ്ടോ?!

പാതിരയുടെ പരവശമായ
ഉടലിനെ കണ്ടിട്ടുണ്ടോ?!

മഞ്ഞിൻ്റെ മേലാപ്പു പുതച്ച
ഒറ്റ നക്ഷത്രത്തിൻ്റെ
കണ്ണിറുക്കൽ

അവളുടെ കണ്ണുകളിലെ
പൂത്ത ആകാശം

ചുണ്ടുകളിൽ നിന്നും മയങ്ങി
വീഴുന്ന
കവിത മണക്കുന്ന
വാക്കുകളുടെ മർമ്മരം

അലസമായി കിടക്കുന്ന
ഇടവഴികളുടെ
എത്തിനോട്ടം

എന്നെങ്കിലും മനസ്സിൻ്റെ
ഒറ്റ മരച്ചോട്ടിൽ
നിങ്ങൾ നിന്നിട്ടുണ്ടോ  !

വെള്ളത്തിലേക്ക്
കണ്ണും നട്ടിരിക്കുന്ന
മീൻ കൊത്തിയാണ് ആഗ്രഹം

2021, ഫെബ്രുവരി 3, ബുധനാഴ്‌ച

മുന്തിരിപ്പാടം


അവളുടെ കണ്ണുകൾ
ചുണയുള്ള കുതിരയുടെ കണ്ണുകൾ -
പോലെ
വികാരപ്പെടുത്തുന്നു
മേലാസകലം മത്തുപിടിപ്പിക്കുന്നു !

പുളിപ്പിച്ചു മൂത്ത പഴച്ചാറുപോലെ
അവനവളെ
കോരിക്കുടിക്കുന്നു

ശരത്കാല രാവിൽപ്പോലും
അവളവനിൽ ഗ്രീഷ്മം വിതയ്ക്കുന്നു

നനവാർന്നചുണ്ടുകളാൽ
കുളിരാർന്ന മേനിയാൽ

മദോന്മത്തയായ്
അവളവനെ
ഹിമപക്ഷിയെപ്പോലെ
പുണരുന്നു
രമിക്കുന്നു

നോക്കൂ ;
രജത ശില്പം പോലെ
എത്ര മനോഹരമാണ്
മുന്തിരിക്കുലകൾ

2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

പുഴ പറഞ്ഞത്.......!


പുഴ അവനോടു പറഞ്ഞു:
നീ വരുമെന്നെനിക്കറിയാം
ഞാൻ കാത്തിരിക്കുകയാരുന്നു

എൻ്റെ ഹൃദയത്തിൻ്റെ ഓളങ്ങളിലൂടെ
നീയൂന്നിയ വള്ളങ്ങൾ തത്തിക്കളിച്ച -
യൗവനം
കവിതയുടെ കാല്പനീകതയിലേക്ക്
പുഴയൊഴുകി

ഒരു തുള്ളിയായ് നിന്നോടൊപ്പമെന്നും
ഞാനുണ്ടായിരുന്നു
സുഖദുഃഖങ്ങളിൽ ഹൃദയമർമ്മരമായ്
ഒന്നിലും അലിഞ്ഞുചേരാതെ

അവൻ പുഴയെതൊട്ടു വാർദ്ധക്യത്തിൻ്റെ -
തണുപ്പരിച്ചു കയറി
അവൻ മൗനിയായി
ഓർമ്മകളുടെ ഓളങ്ങൾ നിലച്ചു

പുഴ എന്നേമരിച്ചിരിക്കുന്നു!
സന്ധ്യയുടെ ചുവപ്പിന് കരിഞ്ചോരയുടെ -
നിറം
ആകാശത്തുനിന്നും ഒരു തുള്ളി
അവൻ്റെ നെറുകയിലേക്കു പതിച്ചു
അവൻ പുഴയായൊഴുകി !