malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, സെപ്റ്റംബർ 27, ശനിയാഴ്‌ച

തിരിച്ചറിവ്

കടുത്ത വാക്കുകൾ കുത്തി നോവിച്ച്
കറുത്തു പോയതാമെൻ പുറ കാഴ്ച്ചകൾ
കഠിന ജീവിതം കടഞ്ഞെടുത്തതിൻ
ബാക്കി പത്രമാം ഇന്നെന്റെ ജീവിതം
കഠിന ദാരിദ്ര്യം കൊടിയ ദുഖവും
കൊടിക്കൂറ കാട്ടി വിളിച്ചിടുംപോഴും
കരളിനുള്ളിൽ വെളുത്തിരിപ്പാണ്
കരുണതൻ തുരുത്താണ് ചങ്ങാതി
കൊഴുത്ത മേലാളർ കൊത്തിക്കീറുന്ന
കുഞ്ഞു പക്ഷിയാം നമ്മളിപ്പോഴും
തിരിച്ചറിവിൻ നിലാവുദിക്കുക
മിഴി ഇനിയും തുറന്നു വെയ്ക്കുക
താമസ്സിലാണ്ടുള്ള ബോധ മണ്ഡലം
വെളുത്ത സത്യത്തെ തിരിച്ചറിയുക
രാവണക്കോട്ട തകർക്കുവാനിനി
തിളയ്ക്കും കടലിന്റെ മേലെ പറക്കുക
തിരികെ നമ്മള്ക്ക് കൊണ്ട് വന്നിടാം
മണ്ണിനെ പിന്നെ മണ്ണിന്റെ മക്കളെ

പ്രണയ പ്പെരുമഴ




അകന്നു കഴിയുമ്പോൾ
അടുക്കാനെന്തു ദാഹം
എന്തെന്തു മോഹങ്ങൾ നാം
ഫോണിലൂടോതീടുന്നു
മണിക്കൂറുകളെത്ര പോയെന്ന-
തറിയാതെ
പെയ്തിറങ്ങുന്നു വാക്കിൻ
പ്രണയ പ്പെരുമഴ
അരികിലെത്തീടുമ്പോൾ
അണഞ്ഞു പോകുന്നെന്തേ
ജ്വലിച്ചു തപിച്ചു പടർന്നേറും
പ്രണയാഗ്നി
പ്രവഹിക്കാതുറച്ച ഹിമക്കട്ടകളായി
കണ്ണിതിൽ കഥ ക്കടൽ
ഒളിപ്പിക്കുന്നതെന്തേ
വാക്കുകൾ പുഷ്പ്പിക്കുമാ
ചുണ്ടിലെ ചോപ്പ് കണ്ടാൽ
അറിയാം അകത്തുള്ള
അടങ്ങാ,സ്നേഹോദ്യാനം
ഇതിനെ പ്രണയ,പ്പെരുമഴ-
യെന്നല്ലാതെ
എന്ത് പേര് ചൊല്ലീടും
ഇന്ന് നാം അല്ലേ സഖി  

കുത്തുവാക്ക്



അടുത്തൂണ്‍ പറ്റിയ
അപ്പൂപ്പനെ പ്പോലെ
മാറ്റി യിടെണ്ടതല്ല
അടുപ്പ്
ഇവിടുത്തെ മറ്റ് എടുപ്പു-
കളെക്കാൾ
തലയെടുപ്പുള്ള
നമ്മുടെ എടുപ്പിന്റെ അടുപ്പിനും
വേണമൊരു എടുപ്പ്
അടുപ്പിന്റെ അനൽച്ചപോലെ
നെഞ്ചെരിയുന്ന അപ്പൂപ്പനെ-
കൂസാതെ
കൊച്ചുമകൾ കുത്തു വാക്കുകൾ
കൊറിച്ചു  കൊണ്ടേയിരുന്നു 

പീഡനം


മാംസത്തോടാണിന്നേവർക്കു-
  മിഷ്ട്ടം
കിട്ടാനുണ്ടിന്നേറെ കിളുന്തിറച്ചികൾ
പല്ലും നഖവും കുത്തിയിറക്കി
എരിവുള്ള ഉടലിൽനിന്നുതന്നെ
തുടങ്ങുക
എല്ലുകൾ മൂപ്പില്ലാത്തതുകാരണം
വിരലുകൾ കടിച്ചു കൂട്ടാം
ഉപ്പിന്റെ ഈർപ്പമില്ലാത്ത കാലുകളും
കരളിലേക്ക് കടന്നാൽ
കലാപമില്ലാത്ത ചോരയാണ്
ഈമ്പി യീമ്പി കുടിക്കുക
ഹൃദയത്തെ ചെമ്പരത്തി പൂപ്പോലെ
കടിച്ചുതിന്നാം
സ്വപ്നങ്ങള്ക്ക് നിറം പകരാൻ
സുഷുമ്ന സുദ്ധൗഷധമാണ്
തീ പിടിച്ച നിന്റെ ചിന്തകൾക്ക്
മഞ്ജയും തലച്ചോറും അത്യുത്തമം
അസ്ഥികളാണ് നിന്റെ  അസ്ഥിവാരം
വലിച്ചെറിയാതെ വാരി വലിച്ചു തിന്നുക
കുടൽ മാലയണിഞ്ഞ് കരാള നൃത്തം -
ചവുട്ടുക
ഔദ്ധത്യ മൊട്ടുമില്ലാത്ത
ആ അടയാളമില്ലേ
പെണ്ണടയാളം  
ചാമ്പക്ക നിറമുള്ള ആ അടയാള മല്ലെ
മാംസത്തോടു നിന്നെ അടുപ്പിക്കുന്നത്
ചെകുത്താന്റെ സന്തതിയായ നിനക്ക്
അതിൽനിന്ന് ഇനി എന്താണ്
കിട്ടുവാനുള്ളത്.  

മാറ്റം




മുറ്റിത്തഴച്ചു വളർന്നു മാറ്റം
മുത്തശ്ശിയമ്മതൻകുറ്റിയറ്റു
മങ്കലം,ചട്ടിക,ളോട്ടു പാത്രം
ഓർമ്മയിൽ പോലുമേ യില്ല -
നാട്ടിൽ
ഒട്ടകത്തിൻ നാട്ടിൽ പോയി വന്നോർ
ഒട്ടല്ല മാറ്റങ്ങൾ കൊണ്ടു വന്നു
പടിഞ്ഞാറു പോയി പഠിച്ചു വന്നോർ
പഞ്ഞ മില്ലാത്ത പരിഷ്ക്കാരികൾ
തറികൾ തെറിയായി കരുതിയവർ
തറയോടെഎല്ലാം പറിച്ചെറിഞ്ഞു
ചേറിൽ പണിയുന്ന കർഷകരോ
പടിക്കു പുറത്ത് നിൽക്കെണ്ടവരായ്
പാടങ്ങളാകെ പടിഞ്ഞാട്ടയച്ച്
പട്ടിണി തന്നുടെ കെട്ടഴിച്ചു
പരിഷ്ക്കാര പ്രളയ മുയർന്നുയർന്ന്
കെട്ടിയ താലി കടത്തിൽ മുങ്ങി

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ മരണം



പ്രണയം പലപ്പോഴും
തുണി ഉരിയുന്നത് പോലെയാണ്
പുത്തനുടുപ്പിട്ട് സ്പ്രേയടിച്ച്
സുഗന്ധം പരത്തി
കുറച്ചു കഴിഞ്ഞ് വിയർത്തു മുഷിഞ്ഞ്  
ഊരിയെറിയുന്നതു പോലെ
എസ്. എം .എസ്സും ,മിസ് കോളും
ചൂടൻ വർത്തമാനങ്ങളും ഇടയിൽ
പ്രണയത്തെ പെരുവഴിയിൽ -
ഉപേക്ഷിക്കുന്നു
അവളുടെ ഓമന പ്പേരുകൾ
മൊബൈലിൽനിന്നു ഡിലീറ്റ് -
ചെയ്യപ്പെടുന്നു
അവിടെ പുതിയൊരു കെട്ടുപേര്
സ്ഥാനം പിടിക്കുന്നു
പിന്നെ കാണുമ്പോൾ ഉത്സവ പറമ്പിലെ
പരിചയം പോലും കാണിക്കുന്നില്ല
കാണാൻ കഴിയാത്ത വിദൂര നക്ഷത്രം പോലെ
ഒരു നിമിഷം ഓർക്കാൻ കൂടി ശ്രമിക്കുന്നില്ല
ഏതോ പെരു മഴയത്ത് ഒലിച്ചുപോയ ഒരു പേര്
ചില ഭ്രാന്തൻ ചിന്തകളെന്നു തല കുനിക്കുന്നു
ഏതോ കരിയിലയെന്നു തട്ടി ക്കുടഞ്ഞു
വേഗം നടന്നു മറയുന്നു
വൈദ്യുതി നിലച്ച സന്ദേശം മായുന്നതുപോലെ
മനസ്സിലെ മോണിട്ടറിൽ നിന്ന് എന്നേ മാഞ്ഞ്.......  

അതേ ഭാഷ



കന്നട അറിയാത്ത ഞാൻ
ബാംഗളൂരിൽ ചെന്നപ്പോൾ
ഞാൻ പറയുന്നതൊന്നും
അവർക്ക് മനസിലാകുന്നില്ല
അവർ പറയുന്നത് എനിക്കും
മിഴിയിലതെ ഭാവം
മൊഴിയിൽ മാത്രം മാറ്റം.
കെട്ടിടത്തിൻ മുകളിലിരുന്നു-
ഒരു കാക്ക കരയുന്നു
മലയാളത്തിന്റെ അതേ ഭാഷയിൽ
ഒരു പൂച്ചയും അതേ ഭാഷയിൽ-
മുട്ടിയുരുമ്മി എന്നോടു സംസാരിക്കുന്നു
മരത്തിലെ അണ്ണാനും
മന്ദമെത്തുന്ന  മാരുതനും.
ഇപ്പോഴെനിക്കറിയാം
മൊഴി മാറിയാലും
മനസ്സറിഞ്ഞാൽ മതി