malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, ഡിസംബർ 30, ശനിയാഴ്‌ച

എന്നിലേക്ക്


ഇന്നുവരെ കണ്ടിട്ടില്ലാത്ത നാം
കണ്ടതൊക്കെയും മനസ്സിൻ്റെ
കണ്ണാടിയിൽ
തൊട്ടതൊക്കെയും ഹൃദയത്തിൽ
കെട്ടിപ്പുണർന്നത് ജീവിതത്തെ

നീ മറന്നചിരി എന്നിലൂടെ
എനിക്ക് നിന്നിൽ കാണണം
മരവിച്ചു പോകുന്ന നിന്നിൽ
ചുടുരക്തം ഇരമ്പണം
നിന്നിലേക്കു നീ സുഗന്ധമായ്
പടരണം

ഉദാത്തത ഉണർന്നിരിക്കണം
അലസത ഉപേക്ഷിക്കണം
ഇളം തൂവലിളക്കി എന്നിലേക്ക്
പിച്ചവെച്ച
കുഞ്ഞുകിളിയാണു നീ

2023, ഡിസംബർ 29, വെള്ളിയാഴ്‌ച

കാലത്തോട്


മുള്ളുനുള്ളി നടക്കുന്നു
മരുഭൂമിയായി ജന്മം
ഇവിടാണെൻ്റെ വാസം
ഇണയില്ലാത്തൊരനാഥൻ

പ്രാവുചത്തൊടുങ്ങി
പ്രളയം മാത്രം ബാക്കി
പട്ടുപോയ് മോഹങ്ങൾ
പെട്ടുപോയ് ഇരുൾഗുഹയിൽ

വ്യഥയുടെ വനത്തിൽ
വർണ്ണനിറമില്ലെങ്ങും

രാവൊടുങ്ങും മുമ്പ്
നിലാവുറയും മുമ്പ്
തിരയടങ്ങും മുമ്പ്
കടവടുക്കും മുമ്പ്

കൊടുങ്കാട്ടിൽ വച്ച്
കടിച്ചുകീറണമെന്നെ
കാലമാം കടുവ

2023, ഡിസംബർ 28, വ്യാഴാഴ്‌ച

പുതുവത്സരം


ഡിസംബര്‍ ഒന്ന് തിരിഞ്ഞു നോക്കി
എന്തൊക്കയോ അയവിറക്കും പോലെ

പുതുവത്സരത്തിന്‍ കവാടം തുറന്നു
ജനുവരി ഒന്നെത്തി നോക്കി
കണ്ണിറുക്കി ഒന്ന് മന്ദഹസിച്ചു
ഇനി എന്തെല്ലാം കാണാനിരിക്കുന്നു
എന്നുപറയും പോലെ

മഞ്ഞിന്‍ നിറവും മാമ്പൂവിന്‍ -
മണവുമായൊരുമന്ദമാരുതന്‍
രക്തസാക്ഷികള്‍ക്കൊരു
ഹാരവുമായൊരു ചുവന്ന റോസാ

കഴിഞ്ഞു പോയ കാലത്തിന്‍
കൊഴിയാത്തൊരോർമ്മകളും
ഇനി വരും നാളിന്റെ
ഒരുപാടു പ്രതീക്ഷകളുമായ്
ഒരു പുതുവത്സരം

2023, ഡിസംബർ 27, ബുധനാഴ്‌ച

കള്ളം


സത്യം വിളിച്ചു കൂവുക
തന്നെ വേണം
സത്യം നഗ്നത പോലെയാണ്
നഗ്നതയെ മറച്ചു പിടിക്കുന്നതു
പോലെ
സത്യത്തെ മറച്ചു വെയ്ക്കാൻ
എന്തൊരു തിരക്കാണ്.

കള്ളത്തരം പ്രചരിപ്പിക്കുവാൻ
എത്ര പേരാണ്
കിളുന്നു കിളുന്നു വരുംകള്ളത്തരം
കുന്നിൻ മുകളിൽ കയറി വിളിച്ചു -
കൂവും
ഓരോ മുക്കിലും മൂലയിലും
ആലയുണ്ടാകും

അവിടെയൊക്കെ
ഉല പണിയും
കള്ളത്തരത്തിൻ്റെ
തരിമ്പുകളെ പഴുപ്പിച്ച്
ഇരുമ്പു കൂടം കൊണ്ടടിച്ച്
ആർക്കും ഉപയോഗിക്കുവാൻ
പാകത്തിൽ
മൂർച്ചയുള്ള ആയുധമാക്കും

കേട്ടുകേട്ടറിഞ്ഞവർ
അങ്ങോട്ടു വരും
ചൂടപ്പം പോലെ വിറ്റഴിയും
കള്ളത്തിൻ്റെ ഇരുമ്പായുധം

2023, ഡിസംബർ 26, ചൊവ്വാഴ്ച

പ്രണയം


ഏകാന്തതയുടെ മുൾമുനയിലും
ഒരു പോറലു പോലുമേൽക്കാതെ
പൂവിനെപ്പോലെ ചിരിച്ചു നിൽക്കും

നട്ടുച്ചവെയിലിലും
കൊടും തണുപ്പിലും
അനക്കമില്ലാതെ നിൽക്കും

നോക്കൂ
കുഞ്ഞിക്കണ്ണിലേക്ക്
മുയൽക്കുഞ്ഞിനെപ്പോലെ
അതു പമ്മിയിരിക്കുന്നത്

പക്ഷേ
അരുതായ്മയുടെ
ആളനക്കം മതി
ഒരു വ്യാഘ്രത്തെപ്പോലെ
അതു ചാടിവീണേക്കും

2023, ഡിസംബർ 25, തിങ്കളാഴ്‌ച

ഒടുക്കം


ഋണ ഭാരത്താൽ
മുതു കൊടിയുന്നു
ഋതുക്കൾ പോയ് മറഞ്ഞു
മൃതിയോ, പുനർജ്ജനിയോ ?!
കാലത്തിനോടു കലഹിച്ചു

പക്ഷികൾ പറന്നു പോയി
പ്രതീക്ഷകൾ അസ്തമിച്ചു
ചേക്കേറാൻ ഇല്ലൊരു ചില്ല
അമ്പുമായ് നിൽക്കുന്നുവേടൻ
ദർപ്പമകറ്റാൽ
സർപ്പമെവിടെ?
സിംഹത്തിൻ്റെ
സിംഫണി എവിടെ?!

ചിന്നം വിളിയാണു ചുറ്റും
നെഞ്ചിലൊരു ചില്ലുടയന്നു
ആശയറ്റവൻ്റെ വാശിയറിയില്ല!
തുണയറ്റവന്
തുടലറുക്കാതിരിക്കാനാവില്ല

വാ തുറന്ന വ്യാഘ്രം മടങ്ങിപ്പോകുന്നു
അതാ,
ഇരുളിൽ നിന്നൊരു ഇലയനക്കം
കൊടുങ്കാട്ടിലെ വഴിത്താര

2023, ഡിസംബർ 24, ഞായറാഴ്‌ച

ക്രിസ്തുമസ് കൂട്


ചിട്ടയില്ലാതടുക്കി വെച്ച്
വാക്കുകൾ കൊണ്ട്
ഞാനൊരു കവിത
പണിയുന്നു
ഒരു ക്രിസ്തുമസ് കാലത്ത്
നാം പണിത മഞ്ഞുവീടു -
പോലെ.

ചുള്ളിക്കമ്പുകളാൽ
ക്രമം തെറ്റി കെട്ടിപ്പണിത
തിനാൽ
തൊട്ടാൽ വീഴുമെന്ന പാക
ത്തിൽ.

നുഴഞ്ഞു കയറിയതിൻ്റെ
സാഹസത്തിൻ്റെ ഓർമ്മയിൽ
ഉണ്ണിയേശുവിനെ മറിയത്തിൻ്റെ
മടിയിൽ കിടത്തുമ്പോൾ
തലയിലും, മൂക്കിൻതുമ്പിലു-
മിറ്റിവീണ
മഞ്ഞിൻ തുള്ളികളെയോർത്ത്
ഉദിച്ചു നിന്ന ഒറ്റ നക്ഷത്രത്തെ
നോക്കി
തരിച്ചുനിന്നതിനെയോർത്ത്

കവിതയുടെ കുഞ്ഞുകുഞ്ഞു
വാക്കുകൾ ചേർത്ത്
ഞാനൊരു വീടു പണിയുന്നു
എനിക്കും
നിനക്കും മാത്രമായി
ഒറ്റക്കിളിവാതിലുള്ള
ക്രിസ്തുമസ് വീടുപോലുള്ളൊരു
കുഞ്ഞു കവിതക്കൂട്

2023, ഡിസംബർ 23, ശനിയാഴ്‌ച

നിനക്കുള്ളത്


ഒരു ദിവസം നിൻ്റെ രക്തം നിന്നെ
ഒറ്റുകൊടുക്കും!
നിൻ്റെ കള്ളത്തരം ,കൊള്ളരുതായ്മ നുണച്ചിറക്കിയ നുണകൾ
ഒന്നും നിൻ്റെ രക്ഷയ്ക്കെത്തില്ല

അത്യാഗ്രഹത്തിൻ്റെ
അഗ്രഹാരമായ നിൻ്റെ ഉളളകം
കൊട്ടിയടക്കപ്പെടും
ക്ലാവു പിടിച്ച കാൽപ്പാദങ്ങളും
പൊള്ളിയ ഉപ്പൂറ്റിയും
പൂപ്പൽ പിടിച്ച പച്ച മുഖവും
കാലം തരും

നീ പണിത സ്വർഗം
നരകമെന്നറിയും
തുറക്കപ്പെട്ട വാതിലുകളെല്ലാം
കൊട്ടിയടയ്ക്കപ്പെടും

നിനക്കില്ല സ്ഥിരവാസം
അതിഥിയെന്നു തിരിച്ചറിയും
നീ പണിത താക്കോൽ കൂട്ടങ്ങ -
ളെല്ലാം
നിന്നെ പൂട്ടുവാനുള്ളതെന്നറിയും


2023, ഡിസംബർ 20, ബുധനാഴ്‌ച

ഒറ്റയാൻ


ഒരുകവിത തെരുവിലൂടെ -
അലയുന്നു
വെയിൽതീയ്യിൽ വേരറ്റു -
പിടയുന്നു
മഴപ്പെയ്ത്തിൽ ഇലയില്ലാ-
മരമായിനനയുന്നു

കൂടില്ലാത്ത കിളിക്ക്
കൊമ്പില്ലാത്ത മരം
കൂടെ പാർക്കാൻ
കൂട്ടിന് ഇരുട്ട്

കവിതയാണ് അവൻ്റെ കൂര
അക്ഷരങ്ങൾ കുഞ്ഞുങ്ങൾ
കവിതയുടെ കനൽച്ചൂടാൽ
അകറ്റുന്നു ശൈത്യത്തെ
കവിതയുടെ കുളിരുകളാൽ
അകറ്റുന്നു ഗ്രീഷ്മത്തെ

കവിതയിലെ കാലവും ,-
കലിയും, കണ്ണീരും,
കുരുതിയും അവൻതന്നെ

അക്ഷരങ്ങളുടെ അറ്റങ്ങൾ -
തേടുന്ന
ഒറ്റയാൻ

2023, ഡിസംബർ 19, ചൊവ്വാഴ്ച

അന്ത്യവിശ്രമം


എ.സിയുടെ തണുപ്പ്
എനിക്ക് ഇഷ്ടമേഅല്ല
തണുപ്പടിച്ചാൽ ചുമവരും,
നീർക്കെട്ട് വരും, തൊണ്ട -
വേദനവരും

മരിച്ചു കഴിഞ്ഞാൽ എന്നെ
തണുപ്പുള്ള മോർച്ചറിയിലേക്ക്
കൊണ്ടു പോകരുത്
ശീതീകരിക്കാത്ത മൺ കുഴിയി-
ലേക്ക് എടുക്കുക

അല്ലെങ്കിൽ വേണ്ട !
ആയിരം നക്ഷത്രക്കൂട്ടങ്ങൾ
മിന്നി നിൽക്കുന്ന
ഏകാന്തത കവിത വിരിയിക്കുന്ന
ചിതയിലാകട്ടെ അന്ത്യവിശ്രമം

2023, ഡിസംബർ 18, തിങ്കളാഴ്‌ച

ശംഖ്


ആര്‍ത്തലച്ചൊഴുകുന്നഒരു -
നദിയാണവന്‍
ചക്രവാളത്തില്നിന്ന്ഉത്ഭവിച്ചു -
ചക്രവാളത്തിലവസാനിക്കുന്ന
മഹാനദി
പുളയുന്നജലസര്‍പ്പം
ആകാശത്തേക്ക് നാവുനീട്ടും
തിരമാലനാവുകള്‍
ചൂഴികളും, മലരികളും നിറഞ്ഞ
ഭ്രാന്തന്‍ നദി

സ്വപ്നങ്ങളൂടെ നിറകുടം
പുലരികളൂടെ കാഹളം
ആദിനാദം
സംഗീതങ്ങളുടെ കലവറ
സൗന്ദര്യങ്ങളുടെനിറപറ

ഒരുകുഞ്ഞുപൂവും
ഒരുമഞ്ഞുകാലവും
ഓളങ്ങള്‍ ഓംകാരമായി ഇന്നും
ഈ കുഞ്ഞു ശംഖിനുള്ളില്‍

2023, ഡിസംബർ 17, ഞായറാഴ്‌ച

പ്രത്യാശ


കുരിശും തോളിലേറ്റി
ഞാനീ തരിശിലുടെ നടക്കുന്നു !
ജീവിതമെന്നെ
ചാട്ടവാറുകൊണ്ടടിക്കുന്നു !!

വീണും എഴുന്നേറ്റും
വീണ്ടും വീണ്ടും ...
കാൽവരികയറുന്നു

കുരിശിൽ തറച്ച്
തൂക്കിലേറ്റുമെന്ന് അറിയാ-
ഞ്ഞിട്ടല്ല
ഉയർത്തെഴുന്നേൽക്കുമെന്ന
പ്രത്യാശ കൊണ്ട്

2023, ഡിസംബർ 16, ശനിയാഴ്‌ച

പുഴപ്പെണ്ണ്


മഴക്കാല രാത്രികളിൽ
മലമുടിയുലർത്തിയിടുമ്പോൾ
അവൾ പാടുന്നു
ആടുന്നു
കളിയിൽ കവിൾക്കണ്ണാടി
ഉടയുന്നു
ചിരി നുരയുതിരുന്നു

ഇപ്പോൾ
ഈ പൊള്ളും പകലിൽ
കുതിക്കുവാനാഞ്ഞ്
അവൾ കിതയ്ക്കുന്നു
കളി ചിരിയില്ലാതെ
കണ്ണീർത്തുള്ളികളാകുന്നു

നരച്ച പാറയെ
നനയ്ക്കുവാൻ കഴിയാതെ
ഉഴറുന്നു
ദീർഘ ചുംബനത്തിൻ്റെ
ഓർമ്മകളിൽ
ഉണരുവാൻ കഴിയാതെ
ഉറഞ്ഞു പോകുന്നു

2023, ഡിസംബർ 15, വെള്ളിയാഴ്‌ച

മരിച്ചു കഴിഞ്ഞാൽ


മരിച്ചു കഴിഞ്ഞാൽ
പതം പറഞ്ഞു കരയാനും
പരന്ന വാക്കുകൾ പറയാനും
എത്ര പേരാണ്

ഇന്നോളം കണ്ടിട്ടില്ലാത്ത
എത്ര ബന്ധക്കാർ
എത്ര സ്വന്തക്കാർ

സദ്യയൊരുക്കാനും
ഭസ്മ മൊഴുക്കാനും
എന്തൊരുത്സാഹം

മരിക്കുന്നതിനു മുൻമ്പ്
ഒരു നോക്ക് കണ്ടിരുന്നെങ്കിൽ
ഒരിറ്റുവെള്ളം കൊടുത്തിരു-
ന്നെങ്കിൽ

2023, ഡിസംബർ 14, വ്യാഴാഴ്‌ച

അവനൊരഗ്നിപർവ്വതം


ഒരുവനെ എപ്പോഴും നിങ്ങൾ
പരിഹസിക്കരുതേ!
ഒരു തമാശയ്ക്ക്
എപ്പോഴെങ്കിലും ഒരിക്കൽ
പരിഹസിക്കാം
അറിയില്ല നിങ്ങൾക്കവനിലെ
ശക്തി

ആദി പരമ്പരയുടെ
അമർത്തി വെച്ച ശക്തി
മറക്കരുതേ
മറ്റേതൊരാളെയും പോലെ
അവനിലുമുണ്ട്
അവനെ അവനാക്കുന്ന ഒരിച്ഛ

അടക്കാനാവാത്ത ഒരവസരത്തിൽ
അത് നിങ്ങളിലേക്ക് തൊടുത്തേക്കാം
അതിൻ്റെ ലാവയും
അഗ്നിയും
ചാരവുമേറ്റാൽ
ചാമ്പലായിപ്പോകും
പിന്നെയൊരിക്കലും
ഉയർത്തെഴുന്നേൽക്കുവാൻ
കഴിയാത്ത വിധം

2023, ഡിസംബർ 12, ചൊവ്വാഴ്ച

ഇന്നത്തെ ഞാൻ


പഴയ തറവാടാണ്
പുറത്തു നിന്നു നോക്കിയാൽ
പുതിയതു പോലുണ്ടിന്നും
ഞാൻ പതുക്കെ
അകത്തേക്കു കയറി

അതാ, എൻ്റെ പഴയൊരു
പിന്നിത്തേഞ്ഞതോർത്തുമുണ്ട്
കരിമ്പൻ കുത്തി തുളവീണ
ബനിയൻ
തേഞ്ഞു തീർന്ന ചെരുപ്പ്

അയ്യേ !
അയാളെ എനിക്കറിയേയില്ല !
ആളറിയും മുമ്പേ
വേഗം തിരിച്ചു പോകാം

2023, ഡിസംബർ 11, തിങ്കളാഴ്‌ച

മരിച്ചവർക്കായി


മെല്ലെയൊന്നനങ്ങിയാൽ
മുള്ളു കൊള്ളും
ഓർമകളുടെ മുള്ളുകൾക്ക്
കൂരമ്പിനേക്കാൾ വേദനയാണ്

കരിയാത്ത ഉൾമുറിവുകൾ
തിടംവച്ചു വരും
ചോരച്ച ചിന്തകൾ
കണ്ണീരായ് വർഷിക്കും

കത്തുന്ന കടലാണ് ഓർമ
കൂർത്ത കഠാരയും

കവിതയുടെ കുറ്റിക്കാടുകളെ
അത് ചവിട്ടിമെതിക്കും
ദുഃഖത്തിൻ്റെ ചുടുകാട് തീർക്കും
ചായംപുരട്ടിയ കുറുക്കൻമാർ
ഓരിയിടും

ഏതു നിമിഷവും നിലച്ചുപോകാ
വുന്ന ഹൃദയമേ
മരിച്ചവർക്കായി എന്തിനിങ്ങനെ
അതിദ്രുതമിടിക്കുന്നു നീ

2023, ഡിസംബർ 10, ഞായറാഴ്‌ച

ഏകാന്തത


ഒറ്റയ്ക്കിരിക്കണമെന്നു
കരുതുമ്പോഴൊക്കെ
ഏകാന്തതയുംകൂട്ടുവരുന്നു

2023, ഡിസംബർ 9, ശനിയാഴ്‌ച

ബലിക്കുറിപ്പുകൾ


നാക്കിൽ നിന്ന്
വാക്കിൻ്റെ ചാട്ടുളിയെറിയുന്നു
വെളുത്ത ചോറിൽ
കറുത്ത മുഖങ്ങൾ തെളിയുന്നു

കണ്ണിൽ നിന്ന്
കരാളസർപ്പം പിറക്കുന്നു
മഴയില്ലാതെ
വെയിലില്ലാതെ
നുണയുടെ വിത്തു മുളയ്ക്കുന്നു

നാടുകൾ തോറും
പാറി നടന്നവ
നേരിൻ, നാറാണക്കല്ലിളക്കുന്നു
നോക്കുകുത്തികൾ
നോട്ടം തെറ്റി
തെക്കോട്ടേക്കു ചായുന്നു !

കാട്ടാളത്വം കാട്ടും കൂട്ടക്കുരുതി -
യിൽ കാക്ക പിറക്കുന്നു
വിരലിൽ കറുക മോതിരമായി
ഉള്ളംകൈയ്യുകൾ പൊള്ളി -
യുയർന്ന്
ബലിച്ചോറായിത്തീരുന്നു

2023, ഡിസംബർ 8, വെള്ളിയാഴ്‌ച

ആദ്യമായി


രാവിൻ്റെ ചഷകം മോന്തി
പുളകം കൊള്ളുന്നവളെ
ഗിത്താറിലൊരു ഗസലായി
മൂളുന്നവളെ
അരുവിയിലൊരോളമായ്
തുള്ളുന്നോളെ
മഞ്ഞുപാടത്തിലെ തെന്നലെ

ദാഹിക്കുമൊരുഷ്ണഭൂമി നീ
വില്ലിൽ തൊടുത്തൊരമ്പുനീ
പ്രാതസന്ധ്യപോൽ തുടുത്ത നീ
ചില്ലയിൽ തളിരിട്ടോരാദ്യ
മുകുളം നീ

പൂവിട്ടു നിൽക്കുന്ന ചെറി മരം
ഹാ, ആദ്യമായി ഹൃദയത്തിലേ -
ക്കാഴ്ന്നിറങ്ങിയ
പ്രണയം നീ

2023, ഡിസംബർ 6, ബുധനാഴ്‌ച

പ്രണയ ഹൃദയം


നിൻ്റെ ഹൃദയം
എൻ്റെ ഹൃദയത്തിൽ
പ്രതിഫലിക്കുന്നു
കണ്ണാടിയിൽ
മുഖമെന്നപോലെ

ഭൂമിയിലെ
മുഴുവൻ മുന്തിരിപ്പഴവും
ഇറുത്തെടുത്തു
വീഞ്ഞാക്കിയാലും
ഉണ്ടാവില്ല വീര്യം
നമ്മുടെ പ്രണയത്തോളം

ഈറൻ നിലാവു പോലെ
പരത്തുന്നു
ഇരുളിലും വെളിച്ചം
ഹംസത്തിൻ്റെ ചിറകടി പോലെ
നെഞ്ചിൽ പിടയ്ക്കുന്ന
പ്രാണനെപ്പോലെ
നമ്മിൽ തുടിക്കുന്നു പ്രണയം

അത്ര നിഗൂഢമെങ്കിലും
അത്രയും തെളിഞ്ഞതാണ്
പ്രണയ ഹൃദയം

2023, ഡിസംബർ 5, ചൊവ്വാഴ്ച

ഭാഷാന്തരം


എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല
നീയെന്ന ലിപിയെ
ഭാഷാന്തരം ചെയ്യുവാൻ
ഒരു ചിത്രമല്ല നീ
ഒരുപാടു ചിത്രം

ഒരിക്കൽ, നൃത്തമാടും
പ്രണയ രാധ
ഒരിക്കൽ, തിളയ്ക്കുമെണ്ണയിൽ
പറക്കും പക്ഷി

ഒരിക്കൽ, മൗനത്താൽ
മഹാഭൂഖണ്ഡം
ഒരിക്കൽ തലതല്ലിച്ചിരിക്കും
കടൽ
കരവിരുതാൽ കവിത വിരിയിക്കും
കരുണാമയി

ഒരിക്കൽ നിലാവു പോൽസൗമ്യ -
മെങ്കിൽ
ചിലപ്പോൾ സൂര്യനെപ്പോൽ
ജ്വലിച്ചു നിൽക്കും

കഴിയുന്നേയില്ല നീയെന്ന
ആലേഖനത്തെ
ഒരു മുള്ളിൻ മുനയോളം
ഭാഷാന്തരം ചെയ്യുവാൻ

2023, ഡിസംബർ 4, തിങ്കളാഴ്‌ച

സത്യം


വഴിയറിയാതലയേണ്ട നീയിനി
മൊഴിവറ്റി നിൽക്കേണ്ട നീയിനി
മിഴിതോരാതിരിക്കേണ്ട നീയിനി
വഴികളെല്ലാമൊടുങ്ങുമീബിന്ദുവേ -
മരണമെന്നു പേർ ചൊല്ലി വിളി -
പ്പു നാം

മരിച്ചു പോയാലും മരിക്കാതിരുന്നിടും
ചില ഹൃദയങ്ങളിൽ മുളയിട്ടു നിന്നിടും
നെല്ലിക്കപോൽ ചിലതാദ്യം കവർപ്പെ-
ങ്കിലും
പിന്നെ മധുരമൊരോർമ്മയായ് -
നിന്നിടും

മരണമേ, സത്യമെന്നറിയുന്നു നാം
ജീവിതം തട്ടി തടഞ്ഞൊഴുകീടുന്നു
മായയായ്, മറവിയായ് പെയ്തു
നിന്നീടവേ
പരമ ബിന്ദുവിൽ ലയിച്ചു ചേർന്നീടുന്നു

2023, ഡിസംബർ 2, ശനിയാഴ്‌ച

ഒറ്റ നക്ഷത്രം


അക്ഷരത്തിൻ്റെ അമ്പുകളെടുത്ത്
നീ വാക്കിൻ്റെ ധനുസ്സു കുലയ്ക്കുന്നു
കറുത്ത കാലത്തെക്കുറിച്ച്
വെള്ളരിപ്രാവുകൾ കുറുകുന്നു

നീ ,
പാഥേയം പരതുന്ന പാന്ഥൻ
പിപാസയിൽ നനഞ്ഞു കുതിർന്നവൻ
വെൺമപരത്തി നടന്നേറും
സ്നേഹശീലം

മുരിക്കു പൂത്ത തൊടികൾ
നിൻ്റെ കാലടിപ്പാടുകൾ കാട്ടുന്നു
ഗ്രീഷ്മത്തിൽ വിരിഞ്ഞ
കവിതയാണു നീ

വിശക്കുന്നവന്
രാവും, പകലുമില്ല
കനിവും, കിനാവുമില്ല
എന്നിട്ടും ;
ഒറ്റനക്ഷത്രമായ്
പ്രകാശം പരത്തുന്നുവല്ലോ നീ
വാക്കിൻ്റെ ഒറ്റക്കൊമ്പിലിരുന്ന്
പാടുന്നുവല്ലോ

നീ തന്നെ ബുദ്ധൻ
നീ തന്നെ ആട്ടിൻ കുട്ടിയും
പരിഭവവും, പരാതിയും ഇല്ലാതെ
ജന്മത്തിൻ്റെ പടവുകൾ
ചവുട്ടിക്കയറുന്നവൻ

2023, ഡിസംബർ 1, വെള്ളിയാഴ്‌ച

കേതു


കൊച്ചു നാളിലെ
കുരുത്ത മോഹങ്ങൾ
കരിഞ്ഞു പോയി
വളർന്നപ്പോൾ

മോഹം മറക്കവേ
ദാഹം ബാക്കിയായ്
വറ്റിപ്പോയ
ജീവിത തടാകത്തിന്

കെട്ടുതാലിയിൽ
കൊരുത്തു കെട്ടി
പെരുത്ത ഇഷ്ടത്തിൻ
സമ്മാനം

കഷ്ടകാലത്തിൻ
കനവു വറ്റി
നഷ്ട സ്വപ്നങ്ങൾ
പൂക്കുമെന്ന്
നിനച്ചു ഞാൻ നടക്കവേ

ചിരിക്കും പാവ
മരണത്തീയിൽ
വെന്തുരുകുന്നതു കണ്ടു ഞാൻ

കരം പിടിച്ചു കരകയറ്റുവാൻ
കൂട്ടുവന്നൊരു പാതിയെ
കാലം വന്നു കട്ടെടുത്തെൻ്റെ
കണ്ണിൽ കുത്തിനോവിക്കുന്നു