malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഒക്‌ടോബർ 31, ബുധനാഴ്‌ച

സർവ്വം സഹ.......!




അമ്മയല്ലാതെയെന്തുണ്ടീയുലകത്തിൽ
അന്ത്യംവരേയുമീ ഹൃത്തിൽസൂക്ഷിക്കു
വാൻ
അല്ലലറീക്കാതെ അക്ഷയപാത്രമായ്
രക്തദുഗ്ദ്ധംനൽകി പോറ്റിവളർത്തി
കണ്ണീരിനാൽമുഖം കഴുകിയരാവിലും
താരാട്ടുപാടിയുറക്കിയാമാറിൽ
ഇഷ്ടങ്ങളൊക്കെയും മാറ്റിവെച്ചാളമ്മ
നഷ്ടകണക്കുകൾ കൂട്ടിനോക്കാതമ്മ
പ്രാണംപറിയുന്ന പേറ്റുനോവിൽപ്പോലും
ജീവന്റെജീവനെ താലോലിക്കുന്നമ്മ
എത്രകണ്ടാലും മതിവരില്ലമ്മയ്ക്ക്
എത്രവളർന്നാലുമമ്മയ്ക്ക് പൊൻകുഞ്ഞ്
ദാരിദ്ര്യ ദു:ഖങ്ങളത്രയെന്നാകിലും
മൗനമായെല്ലാം സഹിക്കുന്നമായ
ധനമെത്രയെന്നില്ല നീയെന്നതല്ലാതെ
ധന്യമാംമറ്റൊരു ജീവിതമില്ലോർക്ക
പകരംകൊടുത്തു കടംവീട്ടിടാമെന്ന്
നിന്നഹങ്കരമതോർക്കുന്നുവെങ്കിലും
നന്മയെ നുള്ളിയെറിയാൻ കഴിയില്ല
ധർമ്മഭാവത്തിന്റെ സ്നേഹ പ്രദീപത്തെ
സർവ്വംസഹയാണ് അമ്മ
സ്നേഹം തുളുമ്പുന്ന സത്യമൂർത്തി

2018, ഒക്‌ടോബർ 30, ചൊവ്വാഴ്ച

അത്യാഗ്രഹം




മുന്നിലെത്തുവാൻ
എന്തൊക്കെ വമ്പത്തര-
മാണ് കാട്ടിയത്.
എന്നിട്ടും;
അറിഞ്ഞിരുന്നില്ലല്ലോ
കാലം കൈകോർത്തു
മുറുകേപിടിച്ചത്
ഏറ്റവും പിന്നിൽ
നിർത്താനെന്ന്

2018, ഒക്‌ടോബർ 28, ഞായറാഴ്‌ച

പുലരി




അമ്മ അകത്ത്കൂട്ടയിൽ
ഉമിയിട്ട് മുട്ടകൾ അടവെച്ചി
രിക്കുന്നു.
നോക്കൂ ,
പുറത്ത് പുലരിയിൽ
ചെടികളിൽ നിറയേ
മഞ്ഞ നിറമുള്ള
മഞ്ഞു തുള്ളികൾ
വിരിഞ്ഞിറങ്ങിയിരിക്കുന്നു.

അനുരാഗം



അനുരാഗമെന്തെന്നറിയുന്നു
ഞാൻ സഖീ
നിൻ മിഴിപ്പാട്ടിലൂടിന്ന്
ഏതോ നിശീഥത്തിലൊന്നായി നമ്മൾ
രുചിക്കുന്നു ചുംബനച്ചാറ്
അബ്ധിയായ് നീ വന്നു നൃത്തമാടീടുന്നു
ഉന്മാദ രാഗം ഞാൻ പാടിടുന്നു
തുളയ്ക്കുന്ന നോട്ടത്തിൽ
തുളുമ്പുന്ന ഹൃദയത്തിൽ
മീട്ടുന്നു ജീവസ്വരങ്ങൾ
പടരും കുളിരും വിടരുമിളവെയ്ലും
തിളയ്ക്കുന്ന തീയു ,മനുരാഗം
അടർന്നാലും മണമുതിർത്തീടുന്നതാണു
പോൽ
അനുരാഗ സുന്ദരപ്പൂവ്
സ്വപ്നത്തിൻവീണയിൽ ജീവസ്വരംമീട്ടി
പാടണ,മനുരാഗ സുഖാസുഖപ്പാട്ട്

2018, ഒക്‌ടോബർ 27, ശനിയാഴ്‌ച

ജീവിതാവസാനം




ജീവിതത്തിന്റെ അവസാന സ്റ്റേഷനിൽ
വണ്ടിയിറങ്ങി
ഇനിയില്ല മുന്നോട്ടു വഴികൾ
ഇല്ലയിനിനിലാവ്, സൂര്യൻ,ചൂട്
ശൈത്യത്തിന്റെ ശൈഥില്യം മാത്രം.
കാത്തുനിൽപ്പവരാരുമില്ല
ഒരിക്കൽ വരവേറ്റവർ, കുടപിടിച്ചവർ
കൊട്ടും, കുരവയുമായ് കലപില കൂട്ടിയവർ.
പൊട്ടിച്ചിരിയില്ല, സ്നേഹവാക്കില്ല, ശബ്ദ
ങ്ങൾതാനെയില്ല
ഇല്ല ഇഷ്ടഭോജനം, ഇഷ്ടഭാജനം,
പ്രാണൻ നിലനിർത്താനിത്തിരി പാനീയം
ഇല്ല കാഴ്ച, ഇല്ല വേഴ്ച, വാഴ്ചകളൊന്നു
മേയില്ല
ഇല്ലാമണ്ണിലൂടെ വഴിയിലൂടെ, വേച്ചുവേച്ചു നടപ്പാണ് മനസ്സ്
അനന്തമാമൊരു ആദിയിലേക്ക്

2018, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

പ്രണയ പച്ച




ഞാൻവരച്ചീടുന്നു നിന്റെചിത്രം
എന്റെ ഹൃദയത്തിൻ ഭിത്തിയിൽ
ഓരോനിമിഷവും.
നിൻസ്നേഹപൂമ്പൊടിയെന്നിൽ
പകരവേ
എൻസ്നേഹച്ചിമിഴ് തുളളി തുളുമ്പുന്നു .
ഉരുകിതീരുന്നു നാംനമ്മിൽ ഓരോ - മാത്രയും  .
നിന്റെയോരോ നോട്ടവും
രാഗമേളനങ്ങൾ തന്നനുഭവമാകുന്നു
ഈറൻ ചിറകിന്റെ കുളിരായ്നീയെന്നിൽ
പൂത്തുമ്പിയായ് പറന്നേറുന്നു
നീയെന്റെ സ്നേഹപച്ച
പ്രീയങ്ങളോതുമെൻ പ്രണയപച്ച
ലതികേ നീവർണ്ണസുഗന്ധ രാഗമാലിക
വരയ്ക്കുന്നുഞാൻ നിന്റെചിത്രം
ഓരോ നിമിഷവും എൻഹൃദയഭിത്തിയിൽ.

2018, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

കടൽ





അനന്തനീലാനന്ദ സൗന്ദര്യമേ
നീയെൻ പ്രാലേയസ്വപ്നം
ആയിരംതിരഞൊറിവുകളേനിവർത്തി
എണ്ണമറ്റോരു മുത്തുകളെ തീരത്തു വിതറിക്കളിക്കുന്നു നീ
വായുവിലെങ്ങും സംഗീത വൃത്തങ്ങൾ
തീർക്കുന്നു.
ഉറഞ്ഞുപോയ ദു:ഖത്തിൻഹിമശൈത്യ
ത്താൽ ആർത്തലച്ചുള്ള തലതല്ലല്ലോ?
കത്തിനിൽക്കും പ്രതികാര ക്രൗര്യമാർന്ന,
ട്ടഹാസ തുള്ളിപ്പടർച്ചയോ?
പരമാധികാര മത്സരപ്പോർവിളിയോ?
എന്തെന്തു കാഴ്ചയിതു ,യെൻ
ചിരസുന്ദരനീല സ്വപ്നമേ.
ഉണ്ണിവായിലന്നു ദർശിച്ചുള്ളോ,രീരേഴു
പതിനാലുലോകവും നിന്നുദരത്തിലോ
സസ്യ ശ്യാമളമാ,മൊരുനാട് ,കോമളമാ-
മൊരു കാട്,
കോടിക്കോടി മീനുകൾ തൻ തറവാട്
അവിടെയുമുണ്ടോ കുതികാൽ വെട്ട്,
അസൂയ, കുശുമ്പ് ,കൊള്ള, പിടിച്ചു -
പറി, ബലാത്സംഗം,
അധികാരത്തിനായ് തകിടം മറിച്ചൽ
യുദ്ധം, വർഗ്ഗീയത, മതഭീകരത
സുനാമിയും, ചുഴലിക്കാറ്റുമതിൻ ബഹിർ
സ്ഫുരണമോ
 മറ്റെന്തെന്തുപ്രതിഭാസങ്ങൾ!
നീ സൂര്യനസ്തമിക്കാത്തെരു സാമ്രാജ്യമോ?
എങ്കിലും;
അനന്ത നീലാനന്ദ സൗന്ദര്യമേ
നീയെൻ പ്രാലേയസ്വപ്നം

2018, ഒക്‌ടോബർ 24, ബുധനാഴ്‌ച

ഓർമ്മയിൽ നീ......!



ഇന്നു മെന്നിലുണ്ട്
ഇത്തിരി വട്ടത്തിലെങ്കിലും
ഒത്തിരി സ്നേഹവെട്ടം പകർന്ന
നിന്നോർമ്മ
പൊടുന്നനേവറ്റി നിൻജീവിതയെണ്ണ
വെള്ളപുതച്ചുകിടന്നപ്പോൾ
ഉറങ്ങുന്നുവെന്നേ തോന്നൽ
ചുണ്ടിലപ്പോഴുമാ മായാസ്മിതം
ഹൃദന്തമേ വിശ്വസിച്ചിരുന്നില്ല നീയും
ദീപനാളമണഞ്ഞെന്ന്
വിരിയുന്നതിൻമുന്നേ കൊഴിഞ്ഞ
പുഷ്പസുഗന്ധമേ
കതിരിടാതെ പോയ നഷ്ടസ്വപ്നമേ
കനവിലും നിനവിലും ,യിന്നുമാ,മോർമ്മ
കൈപിടിച്ചെത്തുന്നു ആ നെടിയപ്ലാവിൻ
ചോട്ടിൽ
വയലിറമ്പിൽ, കുളക്കടവിൽ, പളളിക്കൂട
തിരുനടയിൽ
മഷിചപ്പിൽ, പൊട്ടിയ സ്ലേറ്റിൽ, കല്ലുപെൻ
സിലിൽ
ചിതറിയ ചില്ലു പാത്രമാകുന്നു ,യെൻ മനസ്സ്
ഇന്നത്തെനിന്നെ ഞാനിപ്പോൾ എങ്ങനെ
ഓർക്കാതിരിക്കും.

2018, ഒക്‌ടോബർ 23, ചൊവ്വാഴ്ച

പ്രഭാതകാലം




ഫുല്ല പ്രഭാതമുണർന്നു നോക്കേ
മുറ്റത്ത്പുഞ്ചിരി പൂത്തപൂവ്
മന്ദസമീരൻ പരിലസിക്കേ,യെങ്ങും
സുഗന്ധം നിറഞ്ഞിടുന്നു
അമ്പലംതൊഴുതു മടങ്ങിയെത്തും
ഗൃഹേശ്വരീ,യൊക്കത്തെ കുഞ്ഞുപോലെ
വാടിയിൽപൂത്തു വിരഞ്ഞപൂവ്
കൈനീട്ടി തലയാട്ടി നിന്നിടുന്നു
ഫാലത്തിൽ തുഹിനക്കുറിവരച്ച്
ഫുല്ലനേത്രങ്ങൾ മിഴിച്ചുനിൽപ്പൂ
നെയ്ത്തിരി കത്തിച്ച രാവുനീങ്ങി
നക്ഷത്രകൈത്തിരി കണ്ണുചിമ്മി
കുത്തിയൊലിച്ചുള്ള പെയ്ത്തുപോലെ
ചെന്നിറമാർന്നു കലങ്ങിയുള്ള -
ആകാശനീരാഴി നീണ്ടുകാൺമൂ
കോമളം കാവ്യാത്മ,മീപ്രപഞ്ചം
മാദകമധുരമൃദുസല്ലീന
മാസ്മര ദീപപ്രഭപരക്കേ
മാറുന്നയവനികപോലെ ലോകം

2018, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

രാത്രി




നവോഢയേപ്പോലെ
പൂർവ്വാംബരത്തിൽ
പൂന്തിങ്കൾ മന്ദമുയർന്നു -
നിൽക്കേ
വെള്ളത്തിൽ മുങ്ങിയുയർന്നു -
നിൽക്കും
തരുണിതൻ നഗ്നാർദ്രമേനി പോലെ
മുടിത്തുമ്പിൽ നിന്നുമിറ്റിറ്റു വീഴും
നീർത്തുള്ളി പോലെ മഞ്ഞിൻ മണികൾ
വർണ്ണ പ്രദീപം തുളുമ്പി നിൽക്കും
മാളിക പോലെയീ മാനമെങ്ങും
തരുചില്ല കരതാളമുയർത്തിടുന്നു
ചീവീട് മാദക സംഗീതവും
കെട്ടിപ്പുണരുന്നീ വേരുകളും ആഴത്തി_
ന്നാഴത്തിൽ പ്രേമാർദ്രരായ്
തിരശ്ശീല പോലെ നിവർത്തി വെച്ച
നിശ്ചലമാമീ തടാകത്തിലോ
ഭാവനയേകിയ ചിത്രമായി
പൂത്തിങ്കൾ നാണപ്പൂവായ് ചിരിപ്പൂ
രാത്രി നീ സുന്ദരി കോമളാംഗീ
കേളികളാടുന്ന ലാലസാംഗി

2018, ഒക്‌ടോബർ 21, ഞായറാഴ്‌ച

ബീച്ചിൽ




ഇവിടെ,യീബീച്ചിൽ നിതംബിനിമാരതാ
നീന്തി തുടിച്ചു കളിച്ചിടുന്നു
പച്ചമണൽതിട്ട പട്ടുവിരിപ്പാക്കി
ക്ഷീണമാറ്റീടുന്നു പൊൻവെയിലിൽ
ചഷകത്തിലെന്നപോൽ പതഞ്ഞു -
പൊങ്ങീടുന്നു
ലഹരിനുരയുന്ന പുഞ്ചിരികൾ
സ്നിഗ്ദ്ധമാംദേഹത്തിൽ നിന്നുമുയരുന്നു
മുഗ്ദസുഗന്ധ, മിളം തെന്നലിൽ
നിദാഘജലകേളിയാടി തിമർക്കുന്ന
തരുണികൾ,യെങ്ങുന്നു വന്നോരിവർ
ചേടിമാർ കൂടെയുണ്ടവരുടെ ചൊടിയിലും
ചായങ്ങൾ ചിത്രംവരച്ചതുണ്ട്
വിയർപ്പിറ്റിനിൽക്കവേ തൂവാല കൊണ്ടവ -
രൊപ്പിയെടുക്കുന്നു മസാജുപോലെ
മാർത്തടമുച്ചലിച്ചും, ഇത്തിരി മുടിയുലച്ചും
വ്യായാമമെന്നപോൽ വ്യയംചെയ്യുന്നു -
ണ്ടൊരുവൾ
ഇത്തിരി വസ്ത്രത്തിൽ അർദ്ധനിദ്രാലസ-
ത്തിൽ മറ്റൊരുവൾ
നാരീസദസ്സിൻ തൊട്ടകലത്തിൽ
പരന്നൊഴുകും സംഗീതനിർഝരിയേ -
തടഞ്ഞ്
സൗന്ദര്യലഹരിയിലാണ്ട് നിൽപ്പുണ്ടൊരു
പുരുഷവൃന്ദം

2018, ഒക്‌ടോബർ 20, ശനിയാഴ്‌ച

ഗ്രാമം




സ്വർണ്ണ മേലാടയണിഞ്ഞെത്തും
പുലർവെയിൽ കായാനിരിക്കുന്നിളം
പുഞ്ചഞാറുകൾ
സ്വച്ഛമാം വെള്ളംനീന്തും കൊച്ചുതോട്ടി
ന്നരികെ
ദിവ്യമാംദൃശ്യം നീയാംപ്രേഷ്ടസൗന്ദര്യ
ദാമം
വ്യോമനീലിമനോക്കി നിൽക്കുന്ന -
തരുക്കൾതൻ കുന്തളനീൾച്ചുരുളുകളും
കന്തളക്കണ്ണെഴുതി
മാന്തളിർപ്പാവാടചുറ്റിയ കൃശഗാത്രി
പുഞ്ചിരിക്കുളിർതെന്നൽ പഞ്ചവർണ്ണ
കവിൾത്തടം
ഓർമ്മയിലിന്നും കണ്ണിലാരൂപം മാത്രം
നീയെൻതങ്കക്കിനാവ്
കെട്ടുപിണഞ്ഞുകിടക്കുമെൻ രക്തനാഡി
ഇന്നുംയേറിയേറിവരുന്നു ചിത്തം -
നേരിൻ നുരിവെച്ചു മുന്നേറുന്നു
ആർത്തു തുളളിക്കളിച്ചെത്തുന്നു
യെൻബാല്യം
പുണ്യഹർഷം പൂണ്ടുനിൽക്കുന്നു
മനസ്സിൻ മച്ചിനുള്ളിലെ പൊൻവെളിച്ചം
മൊട്ടിട്ടുപൊന്തും വിസ്മയം
ഇന്നീ വിദൂരതയിലെങ്കിലും
പട്ടണകരിമ്പുക കാട്ടിലെങ്കിലും
ഹൃത്തിലിപ്പോഴും വിനീതയാം ഗ്രാമ-
സുന്ദരി പെൺക്കിടാവേ
നീയിന്നുമെൻചാരെ കളിക്കൂട്ടുകാരീ......



2018, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

എന്തിനായ്....!




അമ്പലമുറ്റത്തെന്തിനി ഞാനീ,-
യഞ്ജലികൂപ്പി നിൽക്കേണം
എന്നുടെയമ്മ, സഹോദരി .ഭാര്യയെ
കണ്ടീടാത്തൊരു ദൈവത്തെ .
ആർക്കായിന്നുഞാൻ പ്രാർത്ഥിക്കേണം
എന്നുടെ രക്ഷക്കായിട്ടോ
എന്നുടെയമ്മ, സഹോദരി, ഭാര്യയ്ക്കില്ലാ-
രക്ഷയെനിക്കെന്നോ
പ്രളയം പോലൊരു നാളിൽയെന്തേ
പ്രാർത്ഥനയൊന്നും ഫലിച്ചില്ലാ
മുങ്ങിപ്പോയൊരു ദേവനയല്ലോ
മനുജൻ തപ്പിയെടുക്കുന്നു
ഇല്ലാ ജാതിമതങ്ങൾ അപ്പോൾ
സ്ത്രീയോപുരുഷനോയെന്നില്ല
ഇരിക്കാനിടം നൽകീടുമ്പോൾ
കാൽനീട്ടുന്നോ ദൈവങ്ങൾ.

2018, ഒക്‌ടോബർ 18, വ്യാഴാഴ്‌ച

പുലരി




മലതൻ മുലകളിൽ കുന്നിമാല
ചാർത്തി പുലരി കുളിച്ചു കേറി
ഇലച്ചാർത്തിൽ മഞ്ഞിൻ കുറിയരച്ച്
പൊൻ വിരലാൽ തൊടുകുറി വരച്ചു
ചുണ്ടിൽ മുരിക്കിൻപൂ ചായംതേച്ച്
കവിളിൽ കിളിമഞ്ഞ നാണമാർന്നു
പനങ്കുലപോലെ മുടിവിടർത്തി
മഴവില്ലാൽ ചുറ്റിയൊതുക്കിവെച്ചു
മണിമേഘമാല കഴുത്തിലിട്ട്
ചെ,മ്മുടയാടയണിഞ്ഞു നിന്നു
കണ്ണിൽ കുളിരിൻസുറുമയിട്ട്
ചന്തത്തിലൊന്നു ചിരിച്ചുനിൽക്കേ
കാന്താരമാകെ വിളങ്ങിനിന്നു
കായൽക്കിനാവും ഉണർന്നെണീറ്റു
ശംഖൊലികേട്ടു ശ്രീയുണർന്നു
ഉലകം മുഴുവനും കൺമിഴിച്ചു
കുയിലിൻകുഴൽവിളി കേട്ടനേരം
എങ്ങും കലപില ഹ്ലാദമേറി
പുഞ്ചിരി പൂക്കൾ വിരിച്ചു നിൽക്കും
പുലരിപ്പുതുപ്പെണ്ണിനെന്തു ചന്തം

2018, ഒക്‌ടോബർ 17, ബുധനാഴ്‌ച

പ്രണയത്തിന്റെ അശോകപുഷ്പം




നിന്റെ ഹൃദയത്തിന്റെ നീല -
വാനിലേക്ക്
ഞാനെന്റെ പ്രണയത്തിന്റെ -
കിളികളെ
തൊടുത്തുവിടുന്നു
മൗനത്തിന്റെ മൃദുലശില്പമേ
ഉച്ചലിക്കുന്ന പനിനീർജ്വാല പോലെ
വിവരണാതീതമായ ഒരു ചിറകടി
നിന്നിലുയരുന്നു.
ഇപ്പോൾ പ്രണയമൊരു തടാകം.
തരംഗവൃത്തങ്ങളിൽ
ഉടയാടകളില്ലാത്ത
രണ്ടു പൂമീനുകളായി നാം തുള്ളുന്നു.
ഇപ്പോൾ ,പ്രണയം ഹൃദയത്തെ
കൈകളിലേന്തി ചില്ലയാട്ടുന്നവൃക്ഷം
കവിതയുടെ ഗോപുരശിഖരം
തിളക്കമാർന്ന നക്ഷത്രം
അലിഞ്ഞു ചേരുന്ന മഞ്ഞുതുള്ളി
പ്രീയേ, ഇപ്പോൾ നമ്മിലെ പ്രണയം
ഒരൊറ്റ അശോക വൃക്ഷം
നമ്മുടെഹൃദയങ്ങൾ ചുവന്ന
അശോകപുഷ്പങ്ങൾ.

2018, ഒക്‌ടോബർ 16, ചൊവ്വാഴ്ച

അഗ്നി




ലിപിയില്ലാത്ത ഭാഷയിൽ
ജീവിതത്തെ വരയ്ക്കുന്നു അവൾ
ഉപ്പുലായനിയായ, ലിഞ്ഞു തീരുന്നു.
മാറ്റമില്ലാത്ത ദിനസരിക്കുറിപ്പ് പോലെ
കുതിച്ചും ,കിതച്ചും, ഏന്തിയും, വലിഞ്ഞും
തിളച്ചുതുവാതെ അടച്ചു വെച്ച കലമായി,
കെടാത്ത ഒരടുപ്പായി .
നനക്കല്ലിൽ ഉടഞ്ഞു തീരുന്ന സോപ്പു
കുമിളപോൽ സ്വപ്നങ്ങൾ.
സ്വത്വമില്ലാതെ ഒടിഞ്ഞ ചിറകിനാൽ
പിടഞ്ഞു വീഴുമ്പോഴും
കൂടു മുതുകിലേറ്റിയ ഒച്ചിനേപ്പോൽ
കുടുംബത്തെ മുതുകിലേറ്റി നടക്കുന്നു.
വിഴുപ്പുകളുടെ വഴുക്കലിനേക്കുറിച്ചല്ല
വാടിത്തളർന്നു വീഴുന്നതിനേക്കുറിച്ചല്ല
കൈക്കലയായ് കൈയ്യൊഴിയുന്നതിനെ
ക്കുറിച്ചല്ല
പാതിരാത്രിയിലുംപേറുന്ന പശിയെക്കുറി
ച്ചല്ല
വീട്ടുകാരുടെ വാടിപ്പോകുന്ന മുഖത്തേ
കുറിച്ചാണാധി
മുഖത്തടിച്ച കൈകൾക്കുനേരെ
മുഖം തിരിക്കാതിരിക്കുന്നു.
പക്ഷേ, ഒന്നുണ്ട്
നിങ്ങളുടെ ഓരോ ചെയ്തികളും
അഗ്നിയിലേക്ക് എണ്ണ ഒഴിക്കലാണ് .


2018, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

വിപ്ലവം




വെറുപ്പിനെ മറമാടുക
സ്നേഹത്തിന്റെ പൂന്തോട്ടം പണിയുക
വർഗീയ വാദികളിലെ
മൃഗീയതയെ മുളയിലേ നുള്ളുക
കാഴ്ചകളെ വീണ്ടെടുക്കുക
കേൾവികളെ തിരിച്ചറിയുക
നന്മ നിറങ്ങൾ തുന്നിച്ചേർക്കുക
ഇരുട്ടിനെ വെളിച്ചം കൊണ്ട കറ്റുക
മാറ്റങ്ങളുടെ കാറ്റാകുക
വിശപ്പിനെ നശിപ്പിക്കുക
വ്യഭിചാരത്തെ നാടുകടത്തുക
സമാധാനത്തിന്റെ വീടുകൾ പുലരുക
ശരിമയുടെ തേജസ്സുണരുക
ജോലി, കൂലി, വസ്ത്രം, മനസ്സുഖം
ചങ്ങലകളില്ലാത്ത സ്വാതന്ത്ര്യം
പുലരിയാകാശവും സാന്ധ്യാകാശവും
പോലെ
ചുവന്നു തുടുത്ത ലോകം
കാലമേ,
വിപ്ലവമെന്ന ആ കുഞ്ഞിനോടാണെനി -
ക്കേറെ,യിഷ്ടം

2018, ഒക്‌ടോബർ 14, ഞായറാഴ്‌ച

ഇരുട്ടിൽ




ഞാൻ നിന്നെ കാത്തിരിപ്പാണ്
നിന്നെ കാണാതെ എനിക്ക് ഭ്രാന്ത്
പിടിക്കുന്നു
ഈ സമയത്തും നീ ഒളിച്ചു കളിക്കുന്ന
തെന്താണ്
എന്നെ എന്നത്തേയും പോലെ
ഓടിവന്നാശ്ശേഷിക്കാതെ ?!
ഞാനെന്നത്തേയും പോലെ
പോയൊളിക്കട്ടെ
നീയെന്നെ തേടി പിടിക്കണം
അതിനുള്ള സമ്മാനം നിനക്കറിയാലോ...?
പക്ഷേ ,നീ പോയൊളിച്ചിരിക്കുന്നു
എന്നോടു പറയാതെ
ഈക്കളിയിൽ നീയെന്നെ കൂട്ടിയില്ലല്ലോ
എന്നിട്ടും ഞാൻ തേടിക്കൊണ്ടിരിക്കുന്നു
ഇല്ലിക്കാട്ടിൽ, പറങ്കിമാവിൻ ചോട്ടിൽ,
വാതിൽപാളികളിൽ ,അകത്തളത്തിൽ,
അതിഥിമുറിയിൽ
ഇല്ലല്ലോ എങ്ങും നീ
ഒറ്റപ്പെട്ടു പോകുന്ന മനസ്സ് വിങ്ങിപ്പൊട്ടു
ന്നുണ്ട്
കളിച്ചു കളിച്ചു നീയെന്നെ കളിപ്പിച്ചു -
കടന്നുകളഞ്ഞല്ലോ
സന്ധ്യയുമിന്ന് ശോകമൂകമായിരിക്കുന്നു
പ്രണയമേ,
ഇനിയുമീ മൺകൂനയിൽ ഒളിച്ചുകളിക്കാതെ വേഗം വരിക
എനിക്ക് ഭ്രാന്തു പിടിക്കും മുമ്പേ
ഇരുട്ട് വീഴുംമുമ്പേ

2018, ഒക്‌ടോബർ 13, ശനിയാഴ്‌ച

ഹേമന്തം




പഞ്ഞിപോൽവന്നെത്തി മഞ്ഞുകാലം
മുയൽക്കൂട്ടംപോലെ ഹേമന്തമേഘം
മഴമാറി ചുഴലിയും പോയ്മറഞ്ഞു
ചുറ്റുമേപൂവുകൾ കൺമിഴിച്ചു
പുലരിയിൽ പൂർവ്വാംബരത്തിൽ നോക്കൂ
മലമടിയിലൊരുപൂവുണർന്നിരിപ്പൂ
പുലർവാന പൂന്തോപ്പും മലരണിഞ്ഞു
അഴകുറ്റപെണ്ണായ് ചിരിച്ചു നിൽപ്പൂ
ഊർവ്വിതന്നുച്ഛ്വാസവായു നേർത്തോ-
രാവിയായ് മേലോട്ടുയർന്നിടുന്നു
ആനന്ദമോടെ തരുക്കളാകെ
ചെറുചിരിയാലൂയലാടിടുന്നു
മഞ്ഞിൻ പുതപ്പുകൾ നീക്കി മെല്ലെ
മഞ്ഞക്കിളികളുണർന്നിടുന്നു
എന്തിഷ്ടമാണെനിക്കിപ്പൂക്കളെ
എന്നാൽ ,തെല്ലുമില്ലെന്റേതു മാത്രമാക്കാൻ

2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

പ്രണയ നിറം




നീ മൗനം കുടിച്ച് വറ്റിക്കുന്നു
ഞാനെന്റെ ഹൃദയത്തിൽ
 നിന്റെ ചിത്രം വരച്ചുകൂട്ടുന്നു
പച്ചവില്ലീസുനെയ്തപുലരിപ്പുഴ
പോലെ
നമ്മിൽ പ്രണയമൊഴുകുന്നു
നമ്മിൽ നാമൊരു ആകാശം
വരച്ചു ചേർക്കുന്നു
വലാകങ്ങളായ് പാറിപ്പറക്കുന്നു
നിരന്ന കുന്നുകൾക്കിടയിലെ
ഉദിച്ചുയരും സ്നേഹസൂര്യനാകുന്നു
മഴയെ മതിവരാതെ വീണ്ടും വീണ്ടും
വരച്ചു ചേർക്കുന്നു
വെയിൽ ചുംബനങ്ങളാൽ ചുംബിച്ചു
തുടുക്കുന്നു
കാടുകൾക്കു മീതെ പൂവായ് വിരിയുന്നു
താഴ്വരത്താരയിൽ തരുവായ് തളിർ -
ക്കുന്നു
കുങ്കുമസന്ധ്യകൾ മന്ദം ഗമിക്കവേ
നിറന്ന ദീപമായ് തെളിഞ്ഞു നിൽക്കുന്നു
പ്രണയമേ,
നാം നമ്മുടെ സ്വപ്നങ്ങളുടെ നിറം
വരച്ചു ചേർത്തുകൊണ്ടേയിരിക്കുന്നു .

2018, ഒക്‌ടോബർ 11, വ്യാഴാഴ്‌ച

ദൈവത്തിന്റെ വിരലുകൾ




ദുഃഖത്തിന്റെ തടാകമല്ലാതെ
ഞാൻ മറ്റെന്താണ്
കാലമേ നീയാണു സാക്ഷി
സ്വപ്നത്തിന്റെ സമുദ്രനീലിമയിൽ
ഭയത്തിന്റെ മുയൽക്കൂട്ടം എന്നിലേക്കു
ചാടുന്നു
അവളുടെകണ്ണിലെ അനന്തത
സൂര്യനിലേക്കു നടക്കുന്നു
മാംസത്തിന്റെ മധുരത്തിൽ വെള്ളമിറക്കി
മുരണ്ടുവരുന്ന മരണത്തിന്റെ മുനമ്പ്
ഞാൻ കാണുന്നു
മൗനം കാവലൊഴിയാത്ത വൃക്ഷമാണു -
ഞാൻ
കെട്ടുപോയ അടുപ്പിൻകാഞ്ഞകല്ലിൽ
ചൂടേറ്റിരിക്കുന്നവൻ
ഇരുട്ടിന്റെ കൂട്ടക്ഷരം
ചെറുകല്ലിലും തട്ടിവീണേക്കാവുന്ന
കനത്തുവിങ്ങിയ ദുഃഖം
നിലവിളിയിലേക്കുനീണ്ടിട്ടില്ല ഇന്നുവരെ
ദൈവത്തിന്റെ വിരലുകൾ
നീളമളക്കാൻകഴിയാത്ത മുരടിച്ച
വിരലുകളാണവ
വറ്റിപ്പോയ ആഴനീർച്ചോലഞാൻ
നിശ്ശബ്ദയുടെ കൊടും ചൂട്
വിഷാദത്തിന്റെ വീണുടഞ്ഞതടി

2018, ഒക്‌ടോബർ 10, ബുധനാഴ്‌ച

മറഞ്ഞു പോകുന്നവർ....!



ഞാൻ,
നിറങ്ങളെല്ലാം മാഞ്ഞു പോയ ചിത്രം
കാലം കുത്തിയൊഴുകിപ്പോയതിൻ   ശിഷ്ടം.
മറമാടുവാൻ കഴിയില്ല ഓർമ്മകളെ
വെള്ളത്തിൽ ഇലയെന്നപോൽ
ഒഴുകിപ്പോയ ജീവിതകാലങ്ങളെ
മഴതോർന്നിട്ടും മരം പെയ്യുന്നതുപോലെ
ഓർമ്മകൾ
മൗനമാണുഞാൻ ,ശവമൗനം
മുന്നോട്ടു വെയ്ക്കുന്ന ഓരോഅടിയും
പിന്നിട്ട കാലത്തിലേക്ക് വഴുതി മാറുന്നു
കൂടെ നിന്നവരെല്ലാം കൂടുവിട്ടു പോയ്
സ്വപ്നങ്ങൾ ചവച്ചരച്ചവർ
ദുഃഖങ്ങൾ കുടിച്ചിറക്കിയവർ
ദേഷ്യങ്ങൾ കടിച്ചമർത്തിയവർ
സ്നേഹങ്ങൾ ചാലിച്ചവർ
സഹനത്തെ ചുംബിച്ചവർ.
പിരിഞ്ഞു പോയവരെ
പത്രത്താളിലാണിന്ന് കണ്ടുമുട്ടുന്നത്
കരിന്തിരി കത്തിയ കണ്ണിൽനിന്ന്
കാഴ്ച്ചകളിലേക്ക് ഇറങ്ങി വരുംമുമ്പേ
അവർ പുകഞ്ഞു കത്തി മറഞ്ഞു
പോകുന്നു.


2018, ഒക്‌ടോബർ 9, ചൊവ്വാഴ്ച

അടർത്തിമാറ്റാൻ ആവാത്തത്



നിന്നെഞാൻ ,യെന്നിൽമാത്രമല്ല
പൂവിലും ,പുല്ലിലും, തണൽമരച്ചില്ലയിലും
കാണുന്നു
എനിക്ക് ഇറുത്തെടുക്കാൻ പാകത്തിൽ
സുഗന്ധംപരത്തുന്നു ഒരു വെളുത്ത
പൂവല്ലനീ
നീയെനിക്ക് മറ്റാരുമല്ല, യെന്റെ പ്രണയ മാണ്
നിന്നെഞാനെന്നേ, യെന്റെ ഹൃദയത്തിൽ
ചെമ്പനീർ പൂപ്പോലെ വിടർത്തിയിട്ടു.
നീയെന്റെ പുലരിനക്ഷത്രം
നിന്റെനാമം മണ്ണിലും,വിണ്ണിലും ,ജലത്തിലും ഞാൻ കോറിയിട്ടിരിക്കുന്നു
നിഴൽമത്സ്യങ്ങൾ നീന്തിക്കളിക്കുന്ന സന്ധ്യ
കളിൽ നീയെന്നരികിൽ
കിളികൾ പാറിപ്പോകുന്ന മൃദുലതയിൽ,
ജനൽപ്പാളി, യടയും ചെറുശബ്ദത്തിൽ,
കാറ്റിന്റെ ,യിളം കുളിരിൽ എല്ലാം .
വെയിൽ ഉടയാട, യുരിഞ്ഞിരിക്കുന്നു!
നാം, യെന്നേ നാണത്തിന്റെ മേൽക്കുപ്പായ_
മഴിച്ചിരിക്കുന്നു!!
ഹൃദയത്തിൽ ഒട്ടിച്ചേർന്നിരിക്കുന്നു
പ്രണയത്തിന്റെ കളിവള്ളം തുഴയുന്നു
അധരങ്ങളിലെ മുന്തിരി വീഞ്ഞുകൾ
വികാരങ്ങൾ വിളമ്പിവെയ്ക്കുന്നു
വസന്തവും ചെറിപ്പഴവും പോലെനാം.
ഏതു പേമാരിക്കും, കൊടുങ്കാറ്റിനും
അടർത്തുവാൻ കഴിയില്ലനമ്മേ
ഉമ്മയുടെ ഉദ്യാനത്തിലെ ഉൺമയുടെ
മുന്തിരിവള്ളിയായ് നാം ചുറ്റിപ്പിണഞ്ഞിരി
ക്കുന്നു.

2018, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

സന്ധ്യ



അന്തിയിലാനന്ദ ചന്തം
വിടർത്തി
പടിഞ്ഞാട്ടു കുങ്കുമം ചാർത്തി
വളരും നിഴലിൻ നിറങ്ങളെ
ചാലിച്ച്
അനുപമആരാമമാക്കി
പൈദാഹമാറ്റുവാൻ മന്ദസ്സമീരൻ
മീരത്തിലേക്കു നടക്കേ
അലറുന്ന,ലകളോ ശാന്തയാ,മമ്മയായ്
പാൽനുര ചിതറിവന്നെത്തി
എത്രമനോഹരി പ്രകൃതിനീ,യപ്സര
കന്യയെപ്പോൽ മനോഹാരിണി

2018, ഒക്‌ടോബർ 7, ഞായറാഴ്‌ച

മരിച്ചവർ




മരിച്ചവർ മാതൃകയാണ്
ക്ഷമയുടെ മൂർത്തീഭാവങ്ങൾ
പൂക്കളുടെ പിറവിയും
വേരുകളുടെ വേവലാതിയും
അവർക്കേയറിയു
മഴയും, വെയിലും, മഞ്ഞും നനഞ്ഞ്
ഋതുക്കളുടെ സഞ്ചാരവഴി
കണ്ടു പിടിച്ചവരവർ
അവർ ആലോചിച്ച് തല ചൂടാക്കുന്നില്ല
സുഖത്തിനും ദുഃഖത്തിനും കാരണ
മുണ്ടാക്കുന്നില്ല
സ്നേഹത്തിന്റെ വെറുപ്പിന്റെ
ഭാരം തലയിലേറ്റുന്നില്ല
അവർ ഉറങ്ങുന്നു സ്വപ്നം കാണുന്നു
സ്വന്തമെന്ന ആദിയോ
ബന്ധമെന്ന വ്യാഥിയോ അലട്ടുന്നില്ല
നോക്കൂ ;
മുഴുത്ത നിസ്സംഗതയിൽ
സ്വയം തല പൂഴ്ത്തുന്ന നാം
മരിച്ചവർക്ക് മാതൃകയാണ്

നിഷേധികൾക്കിടയിൽ.......!



വിശ്വാസത്തിന്റെ നക്ഷത്രമാണ്
ഞങ്ങൾക്ക് വേണ്ടത്
വഞ്ചനയുടെ കരിമ്പതാകയെ
കാവിമുക്കിയാൽ സത്യമാകില്ല
വഴിയോരത്തിരുന്ന് മധുരം നുണയുന്നു
മാടപ്രാവുകൾ
പക്ഷേ, വലയുമായി വേടൻ പിറകേയുണ്ട്
ഞങ്ങൾക്ക് പറയണം, പാടണം, ആടണം
എഴുതണം
ശരമാരിയുമായ് പിറകേയുണ്ട് ചരിത്ര-
നിഷേധികൾ.
നിങ്ങളെന്തിനാണ് അസ്വസ്ഥരാകുന്നത്,
ഭയപ്പെടുന്നത്
മുൾക്കിരീടം ഞങ്ങടെ തലയിൽ ചാർത്താൻ
നിങ്ങൾക്കാരാണ് അധികാരം നൽകിയത്
എത്രയും വൃത്തികെട്ട ഒരു കാലമാണ്
നിങ്ങൾ സമ്മാനിക്കുന്നത്
കാടാണു നിങ്ങൾ കരളിൽ നട്ടുവളർത്തു
ന്നത്
കാകോളമാണ് നാട്ടിലെങ്ങു മൊഴുക്കുന്നത്
കവിതവിശപ്പാണ്, ദാഹമാണ്, സ്വാതന്ത്ര്യ
മാണ്
കഴിയില്ല നിങ്ങൾക്ക് ,അറിവിന്റെ ആഴ- ങ്ങളെഅളക്കുവാൻ
കഴിയില്ല എതൊരു മഹായുദ്ധത്തിനും
അക്ഷരങ്ങളെ നശിപ്പിക്കാൻ
നിങ്ങൾ മനുഷ്യഹൃദയംകൊണ്ടു - ചിന്തിക്കുക
മഹത്തായ മനസ്സിൻ വാതായനം തുറന്നിടുക

2018, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

പ്രണയ പ്രവാസം



നീയെന്റെ വീഞ്ഞ്
ധമനികളിലെ തീ
പൊരിയുന്ന വെയ്ലിലെ മഴ.
കാത്തിരിപ്പിന്റെ കൃഷ്ണമണിത്തിളക്കം -
ഞാൻ കാണുന്നു.
പ്രണയത്തിന്റെ തിരയിളക്കം ഞാനറിയുന്നു
പുലരിയുടേയും സന്ധ്യയുടേയും -
ചക്രവാളങ്ങൾക്ക് നിന്റെ മുഖകാന്തി
മൗനം മൂടി നിൽക്കുന്ന നിന്റെ ചുണ്ടുകളിൽ
മുദ്രപ്പെടുന്നത് എന്റെ ചുംബനം
എനിക്ക് വേണ്ട വേറെ ആകാശം
വേറെ ഭൂമി
വേദനയുടെ വേലിയേറ്റം ഞാനറിയുന്നു
ഏതൊരു കൊടുങ്കാറ്റിനും അകറ്റാനാവില്ല
നമ്മേ
എങ്കിലും ഓരോദിനവും നമുക്ക് ഓരോ
വർഷംപോലെ
കാത്തിരിപ്പുകൾ  അനന്തമായ്നീളുന്നു
നിന്റെ മിഴിയുടെമഴയ്ക്ക് ഈ മരുഭൂമി-
യിലെ വെയിലിനേക്കാൾ ചൂട്.
പ്രണയമേ,
മധുര നിശ്ചയങ്ങൾ മരുഭൂമിയിൽ മൂടാനു
ള്ളതോ?
ഇല്ല ഒരിക്കൽ നീയെന്റേതാവുകതന്നെ
ചെയ്യും!
പ്രണയത്തിന് എങ്ങനെയാണ് പിരിയാനാ
കുക.

2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

മലയാളം



മധുരമാം മലയാള വൃന്ദാവനം
ഇത് തുഞ്ചന്റെ കിളിപാടും പൂങ്കാവനം
അക്ഷരപ്പൂവുകൾ ചേലോട് ചേരുന്ന
ഉൺമയേകീടുന്ന വിദ്യാലയം
മലയും, ആളവും ചേർന്നല്ലൊ മലയാളം
തറികളും ,തിറകളും ചേർന്നല്ലൊ മലയാളം
ശ്രീലകത്തമ്മയും ,ചേറിലെപത്മവും
ശ്രീതൂകും തൂമലർ മൊഴിയുമെൻ മലയാളം
പുന്നെല്ലിൻപാടങ്ങൾ പൂക്കുമീനാട്
പൂഞ്ചോലച്ചിലങ്കകൾ കിലുക്കുമീനാട്
ചരിത്രചെരാതുകൾ ജ്വലിക്കുമീനാട്
കവിതതുളുമ്പുമീ കേരളനാട്

2018, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

അറിവ്



ഈയിടെയായി നിരാശവന്നെന്നെ
പൊതിയുന്നു
അച്ഛനേയും അമ്മയേയും
കൂടെക്കൂടെ ഓർക്കുന്നു
കുറ്റബോധം കുഴിയാനയാക്കുന്നു.
എത്രമാത്രം നിരാശപ്പെട്ടിട്ടുണ്ടാകുമവർ
അവരുടെ ആശയായിരുന്നില്ലെ ഞാൻ
മോഹത്തിന്റെ മുനമ്പ്.
പക്ഷേ ഓർത്തിരുന്നില്ലല്ലോ അന്നൊന്നും
അനുസരണ എന്തെന്നറിഞ്ഞിരുന്നില്ലല്ലോ.
എതിർക്കാനായിരുന്നു ത്വര
എന്തിനേയും എതിർക്കുന്നതിലെ ആനന്ദം.
അറിവു കൂടുമ്പോൾ എതിർപ്പുമാറുമെന്ന്
കരുതിക്കാണും
കരുത്തിന്റെ കുരുത്തക്കേടെന്നും
ഓർച്ച കൊണ്ട് ഒഴുക്കിയ കണ്ണീരും
വാടിയ മുഖവും തളർന്ന മനസ്സും
ഞാൻ കണ്ടില്ലല്ലോ.
ഞാനിന്ന് അച്ഛനേയും, അമ്മയേയും പോലെ
ഓർച്ചക്കയത്തിൽ മുങ്ങിത്താഴുന്നു
അനുസരിക്കാത്ത മക്കളുടെ ഓർമ്മകൾ
ബ്ലാച്ചലുകെട്ടിയ മനസ്സിൽ നിന്നും
വഴുതിമാറുന്നു
തഴയപ്പെടുന്ന അച്ഛനമ്മമാരെ ഇപ്പോഴെനി
ക്കറിയാം
അനുസരണക്കേടെന്തെന്നും
അറിവുണ്ടായിട്ടും അറിയാൻ യെനിക്കു മൊരച്ഛനാകേണ്ടി വന്നു .