malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, ജനുവരി 30, വ്യാഴാഴ്‌ച

അനന്തരം



ഒരു മെലിഞ്ഞ കവിത
വെയിൽ കാഞ്ഞു നടക്കുമ്പോൾ
മരത്തണലിലൊരപ്പൂപ്പൻ
മണ്ണിനോടു കഥ പറയുന്നു.
പട്ടിണി കൊണ്ടു വിളറിയ ഒരു പെണ്ണ്
ചാണകവറളി പെറുക്കുന്നു
തോട്ടിയാമൊരുവൻ
ചൂലുമായ് നടന്നടുക്കുന്നു
അടുപ്പിലൂതിയൂതിയൊരുവൾ
ശ്വാസംമുട്ടിക്കിതയ്ക്കുന്നു
മീൻകുട്ടയുമേറ്റിയൊരുവൾ
തിരപോൽ തിരക്കിട്ടോടുന്നു
വയലിലൊരു കർഷകൻ
വിയർപ്പിൽ കുതിരുന്നു
കുഞ്ഞുമൊരു കൈക്കുടന്നയിൽ
ഇത്തിരി വെള്ളം കോരുന്നു
അണ്ണാറക്കണ്ണനും തന്നാലാകുന്നത്
ചെയ്യുമ്പോൾ
വെയിൽ കാഞ്ഞു നടക്കുവതിൽ
ചേലേതുമില്ലല്ലോ.
അനന്തരം ;
കവിതയൊരു കുളിരായ്
തണലായ്
തളിരായ്
പച്ചയായ്
ഇച്ഛയായ്
രാമനിലേക്കൊരു ഭജനയായ്
എങ്ങും നിറഞ്ഞു നിന്നു




2020, ജനുവരി 27, തിങ്കളാഴ്‌ച

പ്രണയകവിത



പിച്ചകം പൂത്തതുപോലെൻ മാനസ
മച്ചകത്തുണ്ടേ നീയെന്നും
നീലക്കണ്ണിണ്ണ കൊണ്ടു നീ കാട്ടും
മായാ മോഹന ജാലങ്ങൾ
പൊൻകിരണാവലി കോർത്തുവലിക്കും
പ്രണയ ചടുലതരംഗങ്ങൾ
നിർമ്മലമാകും നറുമലരേ നീ
നാണം പൂത്ത മലർവാടി
പയ്യെ പയ്യെ വിടരും ചൊടിയിൽ
പതുങ്ങിയിരിക്കും പുഞ്ചിരിയിൽ
പ്രണയത്തിന്റേയാ പാവനസ്ഫുരണ-
വെളിച്ചമെൻകവിളിൽ തീർക്കേ
കാണുന്നു പ്രിയേ, കവിതേ നിന്നുള്ളിൽ
തിടം വെച്ചുണരും തടമൊന്ന്
തുടുവെയിലത്തു നീ നിന്നതു പോലെ
ചോന്നു തുടുപ്പാ കവിളെന്തേ
കാഞ്ചനത്തൊങ്ങൽ ചാർത്തിയപോലാ
കമ്മൽ പൂവുകളാടുമ്പോൾ
കാണുന്നു പ്രിയേ, കവിതേ നിന്നുള്ളിൽ
ഓളം തുളുമ്പും പുഴയൊന്ന്



ചില ജീവിതകൾ



എരിച്ചലുവീണ മൺചട്ടിപ്പോലെ
മാറ്റി കമിഴ്ത്തിയിരിക്കുന്നു
ജീവിതത്തെ അടുക്കളപ്പുറത്ത്.
കരിപിടിച്ച്, പൊടിനിറഞ്ഞ്
ചുക്ലിവലകെട്ടി നിറം കെട്ടു പോയി
രിക്കുന്നു.
എന്നെങ്കിലുമിനി അടുപ്പിൽ വെച്ച്
ചൂടാക്കുമോയിത്?
ഓർമ്മകളെ വിരിച്ചിട്ടിരിക്കുന്നു
വിട്ടിലെല്ലായിടവും
മൺചുമരുകളും ഒളിച്ചുവെയ്ക്കുന്നു
ണ്ട് ചില രഹസ്യങ്ങൾ
അട്ടത്തുവെച്ച തേങ്ങഎലി കരളുന്ന
തുപോലെ
ഒച്ചപ്പെടുന്നു ഓർമ്മകൾ
നമ്മുടെ ഉള്ളിലേക്ക് എന്നും എത്തിനോ-
ക്കുന്നുണ്ട്
ആ പഴയവീട്
എനിക്കെന്നെ എന്നായിരിക്കും നഷ്ട-
പ്പെട്ടിട്ടുണ്ടാക്കുക ?!
അന്ന് ഇവിടെ നിന്നിറങ്ങിപ്പോകുമ്പോൾ
പോകരുതെന്ന് കാലിൽ തടഞ്ഞ് ഇറങ്കല്ല്.
പിണങ്ങി നിന്നു
കിണറ്
ആല
പറമ്പ്
സങ്കടം കടിച്ച് പിടിച്ച്
വീട്
പൊട്ടിക്കരഞ്ഞ്
വാതിൽ
കൺചിമ്മി
അടുപ്പ്
തെറങ്കണ്ണാലെ നോക്കി
ജനൽ
ഇന്നും വളഞ്ഞ നടുവിന് കൈയ്യൂന്നി
മുറ്റത്തെ തിണ്ടിൽ പൂത്തു ചിരിച്ചു നിൽ
ക്കുന്നുണ്ട്
ആ മുത്തശ്ശി ചെമ്പകം

2020, ജനുവരി 23, വ്യാഴാഴ്‌ച

ജീവതപർവ്വം



മുരളുന്നപട്ടിയാണ് വിശപ്പ്
ഒറ്റയടി മുന്നോട്ട് വെയ്ക്കാൻവയ്യ
ഹിമക്കട്ടപോൽപൊട്ടിയൊഴുകുന്നു
ദുഃഖം
ഞാൻ അറവുകാരനാൽ മുദ്രപ്പെട്ടവൻ.
ചേറിൽനിന്ന് ചേറിലേക്ക് എറിയപ്പെട്ട
വിത്ത്
ചേറിന്റെകാട്ടിലെ കുരുടനായമൃഗം
മൗനത്തിന്റെ തടാകം.
ഈ വയൽ പട്ടിണിയാൽ മരിച്ചുപോയ
എന്റെ അമ്മ
ഈ മരം മഴയെന്നും, മഞ്ഞെന്നും,
വെയിലെന്നുമില്ലാതെ പണിയെടുത്ത്
മരിച്ചുപോയ അച്ഛൻ
അവരുടെയെനിക്കുള്ള സ്നേഹചുംബ -
നങ്ങളാണ്
പാറിപ്പറക്കുന്ന ഈ അപ്പൂപ്പൻ താടികൾ.
ഈ മുന്തിരിവള്ളി ആത്മഹത്യ ചെയ്ത
എന്റെ പെങ്ങൾ
ഈകാറ്റ് ഭ്രാന്തുപിടിച്ച് ഓടിപ്പോയ എന്റെ
സഹോദരൻ
അച്ഛന്റെ പച്ചകുത്തിയ നെഞ്ചാണീ -
പച്ചച്ച കുന്നിൻപുറം.
എന്നെമേയ്ച്ചു നടക്കുന്നവർ
അവർ കവിതയെ കുത്തിനോവിക്കുന്നു
ചാട്ടവാറിനടിക്കുന്നു
എവിടെയെന്റെ നഷ്ടസ്വർഗ്ഗം
ആ ഏദൻ തോട്ടം.
കുനിഞ്ഞശിരസ്സിൽ കുന്നേറ്റിനടക്കുന്നു
ഞാൻ
നാവരിയപ്പെട്ട നാഴികമണി.
ഉറഞ്ഞു തുള്ളുന്ന കനലാടി തെയ്യം
എവിടെയെന്റെ ചുവന്ന നക്ഷത്രം
അറുത്തുമാറ്റിയ ചിറക്.
അറവുകാരനും അറുതിയുണ്ടെന്ന്
സത്യപർവം
കുനിഞ്ഞ ശിരസ്സുയർത്തി കുന്നിൻ
ഉച്ചിയിലേക്ക് ഇനി കയറ്റം.

2020, ജനുവരി 21, ചൊവ്വാഴ്ച

ഞാഞ്ഞൂൽ



വെയിലിന്റെ ചെതുമ്പലുകൾകൊഴിഞ്ഞു
വീണ മരച്ചോട്
പരലക്ഷരമാലകൾ എഴുതുന്നുഒരു
ഞാഞ്ഞൂല്
പൂക്കിലപ്പൂടകുടഞ്ഞ് ഓടിവരുന്നുഒരുകോഴി- ക്കുഞ്ഞ്
നിഴലിന്റെ ലിപിവരച്ചു കൊണ്ട്
പരുന്തിന്റെ വരവറിഞ്ഞ കോഴിക്കുഞ്ഞ്
ലോലലാസ്യമാടുന്ന ലില്ലിപ്പൂവിനെശരണം
പ്രാപിച്ചു
അമ്ലം കുടിച്ച ഒരു വണ്ട് ആടിയാടി വന്നു
ഉർവ്വരതയുടെ ഉപ്പു നുണയുമ്പോൾ
ഓർക്കുന്നില്ല ആരും ഞാഞ്ഞൂലിനെ
പാക്കും പ് രാക്കും മുറുക്കിതുപ്പിക്കൊണ്ട്
ഒരു കാറ്റ് അതുവഴി കടന്നു പോയി
നാവരിയപ്പെട്ട സത്യമാണ് ഞാഞ്ഞൂല്.
ഇന്ന് ഞാഞ്ഞൂലുകളെ കാണാനേയില്ല
മണ്ണിനെ കിളച്ചു മറിച്ചതിന്റെ പേരിൽ
രാജ്യദ്രോഹികളായി സൈബീരിയായി -
ലേക്ക്
നാടുകടത്തപ്പെട്ടവരോ ഞാഞ്ഞൂലുകൾ?
സ്വേച്ഛാധിപത്യത്തിന്റെ ഒരു പരുന്ത്
കൊത്തിക്കീറുന്നു ലില്ലിപ്പൂവിന്റെ ഗീത -
ങ്ങളെ
ഏതു നിമിഷവും കൊത്തിയെടുക്കപ്പെടു
മെന്നറിഞ്ഞിട്ടും
കലാപത്തിന്റെ ധമനിയുമായി പാഞ്ഞടു-
ക്കുന്നു കോഴിക്കുഞ്ഞ്
അക്ഷരമാലകളെഴുതും ഞാഞ്ഞൂൽ -
കവിക്കുനേരെ

2020, ജനുവരി 18, ശനിയാഴ്‌ച

ആത്മഗതം



കടല കൊറിച്ചു കൊണ്ട് നിങ്ങൾ
കടലിനെക്കുറിച്ചും പ്രളയത്തെക്കുറിച്ചും
സംസാരിക്കുന്നു
എത്ര നിസ്സാരം
കൈയിൽ പറ്റിയ ചളി കഴുകികളയുമ്പോലെ
സാധാ ജീവിതത്തിലെത്തിക്കുവാൻ കഴി-
യുമെന്ന് വീമ്പിളക്കുന്നു.

അതേ കടലകൊറിച്ചു കൊണ്ട് നിങ്ങൾ
കടത്തേക്കുറിച്ചും രാജ്യത്തെ പൊതുസ്ഥാപ
നങ്ങൾ വിൽക്കുന്നതിനെക്കുറിച്ചുംസംസാരി
ക്കുന്നു
എത്ര ലാഘവത്തോടെ
അനിവാര്യമായതെന്ന് അടിവരയിട്ട് അഭിനന്ദി
ക്കുന്നു.

ജനതയുടെചിന്തയുടെ പഴുതടയ്ക്കാൻ പരിശ്ര
മിക്കുമ്പോൾ
ഒന്നോർത്തോളു
നിങ്ങളുടെ അടിത്തറകൂടിയാണ് ഇളക്കുന്നത്.

ചിലരുണ്ട് ചാനലിൽ ചാരിനിന്ന് ചർച്ചിച്ച് -
ചർച്ചിച്ച്
ചതി തന്നെ ചിതമാക്കിയവർ
അവരറിയുന്നില്ല
അവന്റെ പണിയാലയിലേക്ക് ഒഴുകുന്ന
പണം കൊണ്ട് ഉലയിൽ പഴുപ്പിച്ച് നിട്ടിയും,
കുറുക്കിയും എടുക്കുന്നതു പോലെ തന്നെ
യായിരിക്കും തന്റേയും അവസാനമെന്ന്!

'വാളെടുത്തവൻ വാളാലെന്ന് ' കോപ്പിയെഴുതി
പഠിച്ച നീയിന്ന്
പഠനമുറിയിലിരുന്ന് കപട ഗ്രന്ഥങ്ങൾ രചിക്കുന്നത്
കാലത്തിന് രുചിക്കുന്നില്ലെന്ന് ഒരിക്കൽ തിരി -
ച്ചറിയും
നിന്റെ ജാലക കാഴ്ചയല്ല ഭാവിയുടെ ജാതകം ഗണിക്കുന്നത്
നിന്റെ ജാതകം തന്നെ നിന്റെ അന്തകനെന്ന്
നീ തിരിച്ചറിയാതിടത്തോളം കാലം

അമ്മ



അലകടലും
അഗ്നിയും.

നിലവിളിയുടെ
ഹിമപാതം
നിലയില്ലാക്കയം

കുരിശും
കുരുക്ഷേത്രവും
പേറുന്ന
ഒരു രാജ്യം

2020, ജനുവരി 15, ബുധനാഴ്‌ച

ഹാർട്ട് അറ്റാക്ക്


ഹാർട്ട് അറ്റാക്ക്

നടക്കുമ്പോഴാണ്
ഒരു കിതപ്പു വന്നത്
ഒരു കനപ്പും
ഹൃദയത്തിൽ തൊട്ടു നോക്കുമ്പോൾ
കാറ്റിലാടുന്നയില ഒരു നിമിഷം
നിശ്ചലമാകുന്നതു പോലെ
ഒരു മിടിപ്പ് കുറവ്
ചുറ്റും പരതിനോക്കി എങ്ങുമില്ല
എങ്ങു കളഞ്ഞു പോയിരിക്കും -
ആമിടിപ്പ്?!
എത്രയും പെട്ടെന്ന്
ആശുപത്രിയിലെത്തി
അതാ, ഓപ്പറേഷൻ ടേബളിൽ
ചിരിച്ചു കൊണ്ട് കാത്തിരിക്കുന്നു
ആ മിടിപ്പ്
ഡോക്ടർ പതുക്കെ അതെടുത്ത്
ഹൃദയത്തിൽ വെച്ചു
ഇപ്പോൾ ഒഴുകുന്നു സിരയിലൂടെ
ഒരു സരയൂ

2020, ജനുവരി 14, ചൊവ്വാഴ്ച

തറ, പറ



ഇടറും കൈപ്പത്തി വെറിപിടിച്ചെ
ഴുതുന്നു
പതറും പെരുവിരൽ അമർത്തി
പ്പിടിക്കുന്നു
കരളിനെ കാർന്നുതിന്നും
വ്യഥകൾതൻ
കവിതകണ്ഠത്തിലാഞ്ഞു
കൊത്തുന്നു
വിരിച്ച ചാക്കിൽ കുനിഞ്ഞിരുന്ന്
കുറിക്കുവാൻ ശ്രമിക്കും
കുഞ്ഞിനേപ്പോലിന്ന്
മുനിഞ്ഞു കത്തുന്ന
വിളക്കിൻവെട്ടത്തിൽ
സ്ലേറ്റിൽ കോറിവരയ്ക്കുന്നു
തറ, പറ, പന,
ചിതറി നിൽക്കുന്നു
അവിടവിടെയായ്
ലിപികളതോപുരാണ
വട്ടെഴുത്തും കോലെഴുത്തുമായ്.
വിരലുകൾവിങ്ങി വീർത്തു
നിൽക്കുന്നു
കുനിഞ്ഞ കണ്ണിൽ ഇരുട്ട്കയറുന്നു
എഴുതി തളർന്നുറങ്ങിയകുഞ്ഞിനെ
അമ്മ കുന്നിഞ്ഞെടുത്തുമ്മ
വെയ്ക്കുന്നു
വിരൽ പിടിച്ചമ്മ മുന്നേ നടക്കുന്നു
പിടിവിടില്ലെന്ന് മെല്ലേ മൊഴിയുന്നു
മെല്ലെ മെല്ലെ നടന്നു നടന്നങ്ങ്
മഞ്ഞു പോലമ്മ മാഞ്ഞു പോകുന്നു
പുലരി വന്നങ്ങു പുരനിറഞ്ഞപ്പോൾ
പഴയ പോലെ ഞാൻ പതറിപ്പോകുന്നു
മരണരേഖകൾ എവിടെയെന്നെന്റെ
കൈവെള്ളയിലെങ്ങുമേ കണ്ണു പായി -
ക്കുന്നു
തുരുമ്പെടുത്ത മുഖങ്ങളെ
കാണുമ്പോൾ
തരിമ്പും ജീവിതം വേണ്ടെന്നതോർ-
ക്കുന്നു

2020, ജനുവരി 12, ഞായറാഴ്‌ച

സന്ധ്യ



ചേറിയുടഞ്ഞ വർണ്ണങ്ങൾ
സാഗരം പതയും സിംഫണി
സൂര്യകാമത്തിൻ ചിതറിയ
രേതസ്സുകൾ
രസത്തിൻ നുരഞ്ഞ രക്ത
ത്തിൻ ഋഷഭം
രാഗസപ്തസ്വരങ്ങൾ തൻ
രാസലീലകൾ
ഓളത്തിൽ കുളിരും കിക്കിളി
കൊമ്പില്ലാ ഗഗനമരത്തിൽ
കനിയായ് ഞാന്നു നിൽക്കും
പ്രകാശ രേണുക്കൾ
സന്ധ്യേ വ്രീളാവിവശേ
നീയല്ലാതാരുണ്ടിത്രയും സുന്ദരി

2020, ജനുവരി 8, ബുധനാഴ്‌ച

വേഷങ്ങൾ



വേഷം കെട്ടി നടക്കാതെ
നന്നാവാൻ നോക്കെന്ന്
അച്ഛൻ ഇടയ്ക്കിടെ പറഞ്ഞു -
കൊണ്ടിരുന്നു
എന്നിട്ടുവേണം എനിക്കീ വേഷ-
മഴിച്ചു കളയാനെന്ന്.
ഞാൻ
വേഷങ്ങൾ മാറി മാറിയാടി
ആട്ടങ്ങളെല്ലാം പിഴച്ചു .
ഇന്ന്
അച്ഛൻ എന്നേക്കുമായി
വേഷമഴിച്ചു വെച്ചിരിക്കുന്നു
(അഴിച്ചു കളയാനായില്ലെന്ന്
കാലം പറഞ്ഞു കാണും)
കീറിയതും, നിറം മങ്ങിയതു -
മെങ്കിലും
എനിക്കണിയാൻ പാകത്തിൽ



2020, ജനുവരി 6, തിങ്കളാഴ്‌ച

പ്രണയത്തിന്റെ രാപ്പാടി



പ്രണയം ചൈതന്യത്തിന്റെ
ലോലമായ വെളുത്ത പാറയാണ്
ആ പാറമേൽ പടുത്തുയർത്തണം
ജീവിതത്തെ
നനഞ്ഞ പുഷ്പം പോലെയാണ്
പ്രണയം
അവളോട് ഒന്നും ചോദിക്കരുത്
പേരുപോലും
കാരണം, വേർപെടുത്തുന്ന ഒന്നും
ചെയ്യരുത്
വൃക്ഷങ്ങളിലെ നിറഞ്ഞ പുഷ്പം
പോലെ
നിറമുള്ളതാകട്ടെ
പാടത്തിലെ പയർത്തോട്ടം പോലെ
സുഗന്ധം പരത്തട്ടെ
പുഷ്പിക്കുവാൻ പോകുന്ന പച്ചില
നിറഞ്ഞ വൃക്ഷമാകട്ടെ.
പ്രണയം നഗ്നമായിരിക്കണം
ഉപാധികളില്ലാത്ത ഉപമപോലെ.
അദൃശ്യമായ സൂര്യ വെളിച്ചമാണ്
പ്രണയം.
വസന്തമെന്ന സത്യം പോലെ
റോസാപ്പൂക്കളുടെ സത്തു പോലെ.
പ്രിയേ,
നിന്റെ സ്നേഹത്തിന്റെതാഴ് വരയിൽ
പ്രണയത്തിന്റെ രാപ്പാടിയായ്
ഞാനെന്നുമുണ്ടാകും

2020, ജനുവരി 3, വെള്ളിയാഴ്‌ച

വാക്കുകൊണ്ട്



കാടേറുകയെന്നാൽ
വീടേറുകയെന്നാണ്
കാടുമുടിച്ചെന്നാൽ
വിളക്കണച്ചെന്നാണ്
നീർപ്പാമ്പിഴഞ്ഞിഴഞ്ഞ്
ഫണംവിരിച്ചതു കണ്ടില്ലെ
നീലമല ചോടോടെ
കടപുഴകിയതു കണ്ടില്ലെ
കൂരിരുളുകൾ കുടിവാഴാൻ
കുടമുടച്ചോർ നമ്മൾ
മുടിയാട്ടി തുള്ളുന്ന
രാവെക്ഷിയും നമ്മൾ
കരിമലതൻ കരളരിഞ്ഞ്
കുരുതിയുണ്ടോർ നമ്മൾ
കൊതിപെരുത്ത് കരുതിവെച്ച
വിത്തു കുത്തി തിന്നോർ.
കരുകരേ കൊറിച്ചില്ലെ
മണ്ണടങ്ങേ മരമടങ്ങേ
മടുമടേ കുടിച്ചില്ലെ
കാട്ടുനീരിൻ നാട്ടുയിര്
ഉലകം ചുട്ടുറഞ്ഞാടി
അലറിത്തുള്ളീടുന്നൂ നാം
പാടില്ല പാടില്ലെന്നു പാടുന്നതു
നാം തന്നെ
ഒരു കൈയിൽ ഹരിത മേന്തി
മറുകൈയിൽ മഴുവേന്തി
വാക്കിലൊരു വെള്ളരിപ്രാവ്
ചിറകറ്റതോ ചിറകടിപ്പതോ ?!