malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, ഓഗസ്റ്റ് 30, ബുധനാഴ്‌ച

സ്നേഹിക്ക നാം


നുള്ളിയെറിയരുതൊരുകുഞ്ഞു -
പൂവിനെ
തട്ടിയകറ്റരുതൊരുതളിർ തരുവിനെ
അരുതാത്തതൊന്നുമേ ചെയ്യരുതേ -
നമ്മൾ
ഹൃദയത്തിലുലാവണം സ്നേഹത്തിൻ -
കൈത്തിരി

ഇത്തിരി കാലത്തേയ്ക്കിവിടേയ്ക്കു-
വന്നു നാം
ഒത്തിരി കാര്യങ്ങൾ നമുക്കുണ്ട് ചെയ്തി-
ടാൻ
നല്ലതു ചെയ്യുവൻ പിറന്നവരല്ലോ നാം
പിന്നെയീ ദുഷ്ടതയെന്തിനു കാട്ടുന്നു

ചുണ്ടിൽ ചെറുചിരിയെന്നുമുണ്ടാകണം
ചെണ്ടുമല്ലിപ്പൂപോൽ മനം പൂത്തു -
നിൽക്കണം
കരളിൽ കനൽ കോരി നിൽക്കുന്ന കൂട്ടരെ
വാക്കിൻ കുളിർ ജലത്തിനാൽ തണുപ്പിക്കണം

അക്രമം ആനന്ദമേകും ഹൃദന്തം
മൃഗങ്ങൾക്കു പോലും അപമാനമല്ലോ
നിർമ്മല സ്നേഹം വമിക്കും മനസ്സിനേ
ശാശ്വതസത്യമതെന്തെന്നറിയൂ

2023, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

പൊള്ളും കവിത


മന്ദഹസിക്കുന്നു മഞ്ഞ്
ഉള്ളിൽ നിറഞ്ഞു നിൽക്കുന്നു -
അഗ്നി

കണ്ണിലൊളിപ്പിക്കുന്നു കലക്കം
കാണാമഴയിൽ കുളിച്ചു നിൽക്കുന്നു -
മനസ്സ്

ഉള്ളിനെ തൊട്ടുഴിയുന്നു
ഓർമ്മകളുടെ ശ്യാമമേഘം

പൊള്ളും വേരാഴ്ത്തി
പൊങ്ങി വരുന്നു സങ്കടത്തിര

കാലമേ,
കവിതയുടെ കടൽക്കരയിൽ
എന്നെ നിർത്തുക

കടലിൻ്റെ കാഹളമായി
കരച്ചിലായി
ശാന്തി മന്ത്രമായി
പ്രതികാരമായി
എന്നെ കവിതയുടെ കടലെടുക്കട്ടെ

വയ്യ
ഇനിയും
പൊള്ളും ജീവിതം
എഴുതാതിരിക്കാൻ

2023, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ഹൃദയഭൂമികകൾ വരളുന്നുവോ


ഹൃദയഭൂമികകൾ വരളുന്നുവോ
കരളിലൊരു കാടകം വളരുന്നുവോ
ഉള്ളം തുളുമ്പുന്ന സ്നേഹാമൃതങ്ങൾ
കാകോളമായൊഴുകി പരക്കുന്നുവോ

വാക്കു പൂക്കേണ്ട നാവ്
വാളിൻ മൂർച്ചയായ് മാറവേ
ചെത്തിപ്പൂങ്കുലച്ചോര ചിതറി
കനൽക്കട്ടയായ് എരിഞ്ഞു നിൽക്കുന്നുവോ

സ്ഫോടനാത്മക രീതിയിലല്ലയോ
കൺമുന്നിൽ മാറ്റങ്ങൾ കാണുന്നു നാം
എത്ര ബുദ്ധിമാൻ മാനവൻ
അവൻ അത്രയും ക്രൂരനുമല്ലയോ!

സഹജ സ്നേഹം തുളുമ്പിടുമ്പോഴേ
മനുഷ്യൻ മനുഷ്യനായ് മാറിടൂ ,ഇല്ലേൽ
നേട്ടങ്ങളെത്ര നാം നേടിയെന്നാകിലും
കോട്ടങ്ങൾ തൻ ഭാരമേറിടും

2023, ഓഗസ്റ്റ് 22, ചൊവ്വാഴ്ച

പുലരിയിൽ


ഉമ്മറത്തു നിന്നുഞാൻ
കിഴക്കു നോക്കുമ്പം
ഉറക്കറവാതിൽ തുറന്നു -
നോക്കുന്നു
പുലരിയാം പെണ്ണ്

ഉടുത്തമുണ്ടിൻ കോന്തലയവൾ
തെറുത്തു വെയ്ക്കുന്നു
അഴിഞ്ഞുലഞ്ഞകൂന്തൽവാരി
വലിച്ചുകെട്ടുന്നു
വിട്ടുപോയ റൗക്കകെട്ടി
കുണുങ്ങി നിൽക്കുന്നു

മുറിഞ്ഞനാണം മുഖമുയർത്തി
മൂരിനിവരുന്നു
മിഴിയിൽനിന്നും മഞ്ഞുതുള്ളിയെ
തൂത്തെറിയുന്നു
മഞ്ഞമാമ്പഴമധുരമായി
ത്രസിച്ചു നിൽക്കുന്നു

               (2)
കോലായമുറ്റം അടിച്ചവാറേ
കിഴക്കു നോക്കുമ്പം
ചാരുപടിയിൽ ചാരിനിൽപ്പൂ
പുലരിയാം പെണ്ണ്

ചരിഞ്ഞുനോക്കും കാക്കയെപ്പോൽ
ഉറ്റുനോക്കുന്നു
കുസൃതികാട്ടും കുറുമ്പിപ്പെണ്ണ്
എന്നതുപോലെ
കമ്പൊടിച്ച് പഞ്ഞിമഞ്ഞിനെ
നെറ്റിമേൽത്തൊടുന്നു

                 (3)

ചൂലുചാരിവെച്ചു ഞാൻ
കിഴക്കു നോക്കുമ്പം
ചാരെ നിൽപ്പൂ
ചേലെഴുന്നൊരു
പുലരിയാം പെണ്ണ്

മയങ്ങിനിന്ന കറുത്തകാട്
പച്ചയാകുന്നു
പിച്ചവെച്ച് പിച്ചവെച്ച്
വെളിച്ചമണയുന്നു

പടവുകളിൽ പാത്തിരുന്ന
ഇരുട്ടുകാട്ടത്തെ
തൂത്തുവാരിക്കളഞ്ഞപോലെ
പുലരിയാം പെണ്ണ്

             (4)

കണവൻവന്നു കുസൃതിയാലെ
എന്നെ നോക്കുമ്പം
കള്ളനാണം കൊണ്ടുകവിള്
ചുവന്നു നിൽക്കുമ്പം
പുത്തനുടുപ്പിട്ടുവന്ന പുലരിയാം
പെണ്ണ്
പൂതിയോടെ കണ്ണെടുക്കാ നോക്കി -
നിൽക്കുമ്പം
കരളിനുള്ളിൽ കടുത്തകമ്പം
നാമ്പിടുമ്പോലെ
കൈപിണച്ചുമാറിൽ വെച്ച്
കുളിർന്നു നിൽപ്പൂ ഞാൻ
.......................



2023, ഓഗസ്റ്റ് 20, ഞായറാഴ്‌ച

ഒറ്റമരം


മനസ്സിൽ മധുരമുള്ള ചായങ്ങളാൽ
വരച്ചു വെച്ചിട്ടുണ്ട് ഞാൻ നിന്നെ
നിൻ്റെ ചില്ലകൾക്കും എന്നെപ്പോലെ
ഗ്രീഷ്മത്തിൻ്റെ ചുവപ്പു നിറം

ഉണങ്ങുമെന്നു തോന്നിയ ഇല -
തളിരിടുന്നു
നിൻ്റെ കണ്ണിൽ ഞാനെന്നെ കാണുന്നു
എന്തെന്ന് പറയാനറിയാത്ത ഒരുമ്മ
നീയെൻ്റെ ഹൃദയത്തിൽ തൊട്ടു വെയ്ക്കുന്നു

പരസ്പരം നമ്മുടെ ഞരമ്പിലേക്ക് ഗ്രീഷ്മം
ഒഴുകി പരക്കുന്നു
മണ്ണിലെന്ന പോലെ അവ നമ്മിൽ വേരാഴ്ത്തി
വേർപെട്ടു പോകാനാവാത്ത വിധത്തിൽ
ചേർത്തുനിർത്തുന്നു
അലിഞ്ഞു ചേർന്നൊന്നായ നാം ഒറ്റമരമായി
ചൂടും കുളിരുമായ് ചോർന്നൊലിക്കുന്നു

2023, ഓഗസ്റ്റ് 19, ശനിയാഴ്‌ച

ഒരു വാക്ക്


ഏതോ
ഗഹ്വരത്തിൽ നിന്നാണു പോലും
ഗൃഹാതുരത്വം മാറിയിട്ടില്ലെന്ന്
ഗതകാല സ്മരണകൾ അയവിറക്കി
കയറിയിറങ്ങുന്നു മുറികൾ തോറും

കൈയിലെ കുഞ്ഞുകുന്ത്രാണ്ടത്തിൽ
നോക്കി നോക്കി
പരസ്പരം മിണ്ടാട്ടം മുട്ടിപ്പോയതെന്തെന്ന്
ചോദിക്കുന്നു !

വെറുതേ ചിരിക്കുന്നവരെ
പിറുപിറുക്കുന്നവരെ
കൈകൊണ്ടും, തല കൊണ്ടും
ആഗ്യം കാണിക്കുന്നവരെ
'പിരാന്തൻ'മാരെന്നാണ് വിളിക്കാറെന്ന്
പരിതപിക്കുന്നു

അന്നം മറന്ന
അടുക്കളയിൽ
അടുപ്പു പോലുമില്ലെന്ന്
അതിശയിക്കുന്നു

ഇടറിയ വാക്കുകളാൽ
ഇത്രയും പറഞ്ഞിട്ടും
മുതുമുത്തച്ഛനെന്ന്
മുഖത്തുനോക്കി പറഞ്ഞിട്ടും
മുഖമുയർത്താത്തവരിൽ നിന്നും
മുഖം തിരിച്ച്
വേച്ചു വേച്ചു പോകുന്നു ഒരു വാക്ക്
................
കൈയിലെ കുഞ്ഞു കുന്ത്രാണ്ടം = മൊബൈൽ
ഫോൺ

2023, ഓഗസ്റ്റ് 15, ചൊവ്വാഴ്ച

എഴുതാത്ത കവിത


കാവേരിയുടെ തീരത്തിരുന്ന്
ഞാൻ സാവേരി കേൾക്കുന്നു
ആരും എഴുതാത്ത കവിതയാ -
ണവൾ
അവളെന്നെ വായിച്ചു കൊണ്ടേ -
യിരിക്കുന്നു

ചില പുലർകാല സ്വപ്നങ്ങൾ
അവൾ പങ്കുവെയ്ക്കുന്നു
എന്നിലെ ഇരുണ്ടയിടങ്ങളിൽ
അതു വെളിച്ചം വിതറുന്നു

ഓർമ്മകളെ ഉണർത്തുന്നു
കുട്ടിക്കാലത്തെ പൊന്തക്കാടുകളിൽ -
കൊണ്ടു പോകുന്നു
തെച്ചി പൂത്ത നട്ടുച്ചകൾ
കാട്ടിത്തരുന്നു

പ്രണയത്തിൻ്റെ പവിഴ പുറ്റിലേക്ക്
കൂട്ടിക്കൊണ്ടു പോകുന്നു
പറക്കാൻ പഠിപ്പിക്കുന്നു
മരുഭൂമിയിലെ ഇല്ലാ ജലത്തെ കാട്ടി -
ത്തരുന്നു

സാവേരിയിൽ ഞാൻ മുങ്ങി നിവരുന്നു
കാവേരിയെന്നെ വാരി പുണരുന്നു
വാർധക്യത്തിൻ്റെ വിഭ്രാന്തി വിട്ട്
യുവത്വത്തിൻ്റെ പടിയിലേക്ക്
കാലെടുത്തു വെയ്ക്കുന്നു

2023, ഓഗസ്റ്റ് 12, ശനിയാഴ്‌ച

കെട്ടകാലം


സ്മൃതികൾ മൃതിയടഞ്ഞു
വെളിച്ചം ഇരുട്ടിനു വഴിമാറി
മൺചെരാത് മണ്ണോടു ചേർന്നു

മുറിവുകളാണെൻ്റെ കൂട്ടുകാർ
ചോര ചേക്കേറിയ മാനസം
ചിന്തയ്ക്കില്ലിനി ചേക്ക

രാത്രിക്ക് രതിയുടെ നിറം
ക്രൂരവ്യാഘ്രത്തിൻ നഖം
ശവംനാറി പൂക്കളുടെ ഉണർച്ച

കാമത്തിൻ്റെ രണ്ടിലകൾ
കൂവിയാർക്കുന്ന യാമം
കുരുന്നു പെണ്ണിൻ്റെ കുരുതിക്കായ്
കരുതി വെച്ച നേരം

നിലവിളിയുടെ നട്ടുച്ചവന്നു -
പൊതിയുന്നു
കരുതിയിരിക്കണം
കാലം കെട്ടകാലം

2023, ഓഗസ്റ്റ് 11, വെള്ളിയാഴ്‌ച

അച്ഛൻ്റെ മരണം


അച്ഛൻ മരിച്ചപ്പോൾ
പൊട്ടിച്ചിരിച്ചുകൊണ്ട്
ആളുകളെ സ്വീകരിക്കുന്ന
ഒരു മകനെ ഞാനിന്നലെ -
കണ്ടു.

ദു:ഖത്തിൻ്റെ ഘനീഭാവം
എങ്ങുമില്ല
എത്ര ലാഘവത്വം
നെഞ്ചുരുക്കമില്ലാത്ത
സ്ഫടികച്ചിരി
കടം കൊണ്ട ദുഃഖം പോലും
ഇടമില്ല മുഖത്തണിയാൻ

ഇന്ന്;
അച്ഛൻ മരിച്ചപ്പോൾ
നെഞ്ചിലൊരു ഭാരം
നഞ്ചു കഴിച്ചതു പോലൊരു -
തളർച്ച
ഹൃദയത്തിൽ പൊട്ടുന്ന
അസ്ഥിയുടെ ഒച്ച

ചിരിക്കാനൊന്നു ശ്രമിച്ചാൽ
ഉടഞ്ഞുപോകും കണ്ണീർക്കുടം
അയഞ്ഞു പോകുന്നു
കരുണയുടെ കൈ സ്പർശം

2023, ഓഗസ്റ്റ് 9, ബുധനാഴ്‌ച

നട്ടുച്ച സൂര്യൻ


( മിലാൻ കുന്ദേരയെ ഓർക്കുമ്പോൾ )

വായിക്കുവാൻ കഴിഞ്ഞിട്ടില്ല
എനിക്കു നിന്നെ ഇതേവരെ
അടുത്തിരുന്ന് നിന്നെ വായിക്കു-
മ്പോഴെല്ലാം
ഞാനെത്ര അകലെയാകുന്നു!

നിൻ്റെ ഓരോ വാക്കും ഒരു അറ-
യായിരുന്നു
അതിലെന്തൊക്കെയെന്ന്
അറിയാനേ കഴിയുന്നില്ല
നീയും, ഞാനും ആടും പൂടയും -
എന്നറിയാഞ്ഞിട്ടല്ല
എങ്കിലും....!

നിൻ്റെ ഓരോ വാക്കും
എന്നിൽ മൗനം തീർക്കുന്നു
വാക്കുകൾക്കായി ഞാൻ നിന്നെ
പരതിക്കൊണ്ടേയിരിക്കുന്നു
ഉച്ചരിക്കപ്പെടാത്ത
എൻ്റെ സ്നേഹമേ.......

നീയാണെനിക്ക് സ്വപ്നങ്ങൾ -
തന്നത്
വെളിച്ചവും
നീയാണെനിക്ക് വാക്കു തന്നത്
അർത്ഥവും

നീയെൻ്റെ നട്ടുച്ച സൂര്യൻ
മൂർദ്ധാവിൽ നീ നൽകിയ
ചുംബനത്തിൽ നിന്നാണ്
കവിതയെന്ന മൂന്നക്ഷരം
ഞാൻ കണ്ടെടുത്തത്

2023, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

കവിതകളാൽ


കവിയിൽ നിന്നും കവിതയുടെ പക്ഷികൾ
പലപാടും പറക്കുന്നു
പലദേശങ്ങളിൽ അതു പല ഭാഷകളിൽ
പറയുന്നു
സ്നേഹത്തിൻ്റെ ഭാഷ ഒന്നെന്നറിയുന്നു

കവിതകൾ സൈബീരിയൻ കൊക്കുകളെ -
പ്പോലെയാണ്

കാലം മാറിയതറിയാത്ത ചില കവിതകൾ
കാലം തെറ്റിയും മടങ്ങി വന്നില്ല!
മടങ്ങിവന്നവയിൽ ചിലതിന് മൂക്കില്ല
ചിലതിന് മുലയില്ല
കൈ അറ്റവ, കാലറ്റവ, ശരീരം ചിന്നഭിന്ന -
മായവ

വിദ്വേഷമില്ലാതെ അന്യോന്യം
ആശ്ലേഷിച്ചു നിന്നൊരു കാലം
ഏതോ അഗാധതയിലേക്കു ഉരുണ്ടു വീണു

സ്നേഹമറ്റ കവിതകളാൽ!
നാവറ്റ, വിരലറ്റ കവി
ചലനമറ്റിരിക്കുന്നു

2023, ഓഗസ്റ്റ് 4, വെള്ളിയാഴ്‌ച

മണിപ്പൂർ കരയുന്നു

 വായുവിൽ, കരിയുന്ന മാംസത്തിൻ്റെ -

ഗന്ധം

തെരുവിൽ ചോരയുടെ ചാലുകൾ
പഴന്തുണി പന്തുകൾ പോലെ
ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകൾ

ചേറിൽനിന്നും നമുക്ക്
ചോറുവാരി തന്നവർ
കത്തുന്ന പന്തങ്ങളായി എരിഞ്ഞൊ-
ടുങ്ങുന്നു
തീവിഴുങ്ങി എരിയുന്ന കനലാവുന്നു

ദന്തഗോപുരത്തിലേറിയവർ
ദിഗന്തങ്ങൾ മുഴങ്ങുമാറുച്ചത്തിൽ
പൊട്ടിച്ചിരിക്കുന്നു
നാടുകത്തുമ്പോൾ 'നീറോ' ചമയുന്നു !
വല്മീകം ചമച്ച് മഹാമുനിയാകുന്നു !!

എവിടെ അമ്മ ?
മകൾ
പെങ്ങൾ
ഭാര്യ.
മേലാളരുടെ തീൻമേശയിൽ
പപ്പും, പൂടയും പറിച്ച്
ഉപ്പും മുളകും പുരട്ടി
പാകത്തിന് മൊരിഞ്ഞ്.

എവിടെ അച്ഛൻ?
മകൻ
സഹോദരൻ
ഭർത്താവ്
ഒരു നേരത്തെ കൊറ്റിന്
കൊറ്റിയുദിക്കുമ്പോൾ പോയവർ.
കുന്നിനുമേലെ, താഴ് വരയിൽ
തലയറ്റ്, ഉsലറ്റ്, ചിന്നഭിന്നമായി

കരയുന്നു മണിപ്പൂർ
വറ്റാത്ത കണ്ണീർ ഉറവയിടുന്നു

കുറിപ്പ് :- 'നീറോ' - നീറോ ചക്രവർത്തി
വീണവായിക്കുക എന്ന പ്രയോഗം

2023, ഓഗസ്റ്റ് 3, വ്യാഴാഴ്‌ച

സെമിത്തേരിയിൽ


രാത്രിയിൽ സെമിത്തേരിയിൽ നിങ്ങൾ -
ഒറ്റയ്ക്കു പോകണം
ഓർമ്മകളെ കുനുകുനാ എഴുതി വെച്ച
അരളിപ്പൂവുകൾകാണണം !

ഇപ്പോൾ നിങ്ങൾക്കു മനസ്സിലായിക്കാണും
ഒരിക്കലും മരിക്കാത്തവരുടെ ഇടത്തിലെ
അടക്കവും, ഒതുക്കവും !

ചിലർ ഇടയ്ക്കൊന്നു തലപ്പൊക്കി നോക്കും
മറ്റൊന്നിനുമല്ല, മനസ്സു മരിച്ചവരെ കാണാൻ
ചിലരൊന്നനങ്ങി കിടക്കും
ഓർമ്മകൾ മരിക്കില്ലെന്നോർമ്മിപ്പിക്കാൻ

ചിലരൊന്നു ചിലപ്പോൾ ചരിഞ്ഞു കിടക്കും
ചിലതൊന്നും കാണാൻ കഴിയില്ല എന്നാവാം
മഞ്ചാടിമണികൾ അവിടവിടെ ചിതറിക്കിടക്കു-
ന്നുണ്ടാവാം
സൂക്ഷിച്ചു നടക്കണം, മരിച്ചാലും മരിക്കില്ലെന്ന്
ഓർമ്മിപ്പിക്കുന്ന കുഞ്ഞുങ്ങളാണവ

ഇലകളാടി കളിക്കുന്ന ചില ചെടികൾ കാണാം
ജീവിച്ചു മതിയായില്ലെന്നു ജീവിച്ചു കാണിക്കുന്ന -
വരാണവർ
മൗനമായല്ലാതെ നിങ്ങൾക്ക് നടക്കുവാൻ കഴി-
യില്ല
കാരണം, മൗനത്തിൽ നിന്നാണ് അവരുടെ
വാക്കുകൾ പിറക്കുന്നത്

വർത്തമാനം പറഞ്ഞു കൊണ്ടു നിങ്ങൾ
സിമത്തേരിയിലേക്കു പോവുകയേ, അരുത്
കാരണം ;
അപ്പോഴാണ് അവർ മരിച്ചവരാണെന്ന് തിരി -
ച്ചറിയപ്പെടുന്നത് .