malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

മണ്ണിന്റെ നാള്‍ വഴികള്‍

വിരൂപയായ മണ്ണിനെ
അവന്‍ പ്രാണന് തുല്യം സ്നേഹിച്ചു
മണ്ണിന്റെ ഉദരത്തില്‍
പ്രണയത്തിന്റെ നഖച്ചിത്രമെഴുതി
രക്തം ഘനീഭവിച്ച ഉദരത്തില്‍
വിത്തുകള്‍ കുഴിച്ചുവെച്ചു
മണ്ണിന്റെ ചോരകുടിച്ച്
വിത്ത് മുളച്ചു പൊന്തി
മണ്ണ് ചിരിച്ചു,അവള്‍ സുന്ദരിയായി
അവന്‍ ഹവ്വയുടെഅകിടില്‍ അഭയംതേടി
അവന്‍ മരിച്ചപ്പോള്‍
അവന്റെ ഹവ്വ പെറ്റ മക്കളെ
മണ്ണ് ദത്തെടുത്തു
മണ്ണ് വളര്‍ത്തിയ മക്കള്‍ വലുതായപ്പോള്‍
അവര്‍ ആദ്യം മണ്ണിന്റെ മാറ് ച്ഛേദിച്ചു
കരചരണങ്ങള്‍ മുറിച്ചു
ഗള ഛേദത്തിനായ്
വാളുമുയർത്തി നില്‍പ്പാണ്

പെണ്ണിര

ആണിന് വേണ്ടി
ആണിനാല്‍ ഒരുക്കപ്പെട്ട്
അവള്‍ ഇറങ്ങുന്നു
പച്ച നോട്ടിലെ ഗാന്ധിത്തലയെ
അവന്‍ കീശയിലേക്ക് പൂഴ്ത്തുന്നു .
രതി ലഹരിയിലെത്തുന്നവന്‍
മൃതിലഹരിപിടിച്ചവളുടെയരികിലേക്ക്
മദ്യ മുണർത്തിയ മൃഗ ലഹരിക്ക്‌
അവള്‍ വെറും പെണ്ണിര

ഏകലവ്യന്‍

ഗുരുവിന്റെ പ്രതിരൂപമുണ്ടാക്കി
ഏകലവ്യന്‍ ആയോധന മുറ
അഭ്യസിച്ചു
പെരുവിരല്‍ മുറിച്ച്
ഗുരു;ദക്ഷിണ വെച്ച്
കാട്ടിലേക്ക് മറഞ്ഞു

സൃഷ്ട്ടി

നിലച്ച ഘടികാരം ഒരു ദിവസത്തില്‍
രണ്ടു നേരം ശരി കാണിക്കുന്നു
സൃഷ്ട്ടി തന്നെ ഉദാത്തം
ഇത് ഏദന്‍ തോട്ടത്തിലേക്കുള്ള
മടക്ക യാത്ര
ഹവ്വായുടെ ആദാമിലേക്കുള്ള-
പുന പ്രവേശം
രണ്ടു പകുതികള്‍ ഒന്നായിത്തീരുന്ന
സൃഷ്ട്ടിപ്പാകുന്ന നിമിഷം