malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2022, ഒക്‌ടോബർ 29, ശനിയാഴ്‌ച

വേദനയുടെ മധുരം




ഒരിക്കലെങ്കിലും കാണണമെന്ന്

ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു

കഴിഞ്ഞില്ലല്ലോ നമുക്ക് ഇന്നോളം


അത്രയും അകലെയായിട്ടും

എത്ര അടുത്തായിരുന്നു നാം

ഇന്നിത്രയും അടുത്തായിരുന്നിട്ടും

അകന്നേ പോകുന്നല്ലോ


നിൻ്റെ ഓർമകൾ എനിക്കെത്ര

വിലപ്പെട്ടതാണെന്നോ

ഈ വൈകിയ വേളയിലും

നീ നൊമ്പരം മാത്രം സമ്മാനിക്കുന്നല്ലോ

നിൻ്റെ കണ്ണീരുപ്പിൻകയ്പ്പെത്ര കുടിച്ചു -

ഞാൻ


ഇന്നലെ ഞാൻ നിന്നെ ചുംബിച്ചു !

പൂവിതൾ പോലുള്ള ആ ചുണ്ടിൽ -

മൃദുവായി.

മതി പ്രീയപ്പെട്ടവളെ,

എൻ്റെ സ്വപ്നത്തിലേക്കെങ്കിലും ഇറങ്ങി -

വന്ന്

വേദനയുടെ മധുരം വിളമ്പി തന്നല്ലോ

2022, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

റോഡ്




റോഡ് 

ഒരു അനുഭവമാണ്

ഓർമപ്പെടുത്തലാണ്

ഒരുപാടു കഥകളുള്ള

പുസ്തക താളാണ്


റോഡ്

ഒരടയാളമാണ് 

തൊട്ടുണർത്തലാണ്

എന്നെ ഞാനറിയലാണ്


ഓർക്കുക ;

സിഗ്നൽ

ചിന്തിപ്പിക്കലാണ്

ചുവപ്പ് സംരക്ഷിച്ചു -

നിർത്തലും


പച്ച നഷ്ടപ്പെടുമ്പോഴാണ്

ജീവിതം

ദുരന്തത്തിലേക്ക്

ഓടിക്കയറുന്നത്

2022, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

അത്യാഗ്രഹം

മുന്നിലെത്തുവാൻ

എന്തൊക്കെ വമ്പത്തര-

മാണ് കാട്ടിയത്.

എന്നിട്ടും;

അറിഞ്ഞിരുന്നില്ലല്ലോ

കാലം കൈകോർത്തു

മുറുകെപിടിച്ചത്

ഏറ്റവും പിന്നിൽ

നിർത്താനെന്ന്

2022, ഒക്‌ടോബർ 26, ബുധനാഴ്‌ച

പുതുചരിതം



തെറിച്ചുവീണ

രേതസ്സിൽ നിന്നും

ശരത്കാരം


കരുണയുടെ 

ദൈവത്തിന്

ധാരുണാന്ത്യം


ഒലീവിലകൾ

ഉണങ്ങിപ്പോയി


കൊക്കു പിളർന്ന്

അന്ത്യയാത്രയ്ക്ക്

വെള്ളരിപ്രാവ്


തടിച്ചുകൊഴുത്ത

ചെന്നായയ്ക്ക്

പാകമാകാതെയായ്

ആട്ടിൻതോല്


കഴുകകൊക്കുകൾ

എഴുതുന്നു

പുതു ചരിതം


2022, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ഇല മുറിവ്



അറിവാണ്

മുറിവായത്

തിരിച്ചറിവ്

പിപാസയും


ഭൂത ഭൂപടം നിറയെ

അനുഭവങ്ങളുടെ

ആശ്ചര്യ ചിഹ്നം


വേദനയുടെ ഉൾനനവ്

ഇപ്പോഴും വറ്റിയിട്ടില്ല

ഉൾക്കിടിലത്തിൻ്റെ

ഘനമേഘങ്ങൾ

ഉള്ളിലുരസുന്നു


വറ്റിപ്പോയി

ഹരിതകം

തെറ്റിപ്പോയി

ജീവിതം


ഒറ്റയ്ക്കായൊരു ഇല

കൊഴിയാനാഞ്ഞൊരില

മണ്ണിലേക്കൂർന്നിറങ്ങി -

യൊന്നു

പിച്ചവെയ്ക്കാൻ കൊതി-

ക്കുന്നു

2022, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ജീവിതം വറ്റിപ്പോയവൻ




ജീവിതം വറ്റിപ്പോയ ഒരുവൻ

പ്ലാസ്റ്റിക് കുപ്പികൾ കുത്തിനിറച്ച് -

കുടവയറു പൊട്ടിയ ചാക്കും 

തോളിലിട്ട് നടക്കുന്നു


വാറു പൊട്ടിയ ചെരുപ്പിൽ

വേച്ചു വേച്ച്

ബീയറു കുപ്പികൾ പെറുക്കിക്കൂട്ടുന്നു


വിയർപ്പു ചാലുതീർക്കുന്ന ഉപ്പുജലം

വടിച്ചെറിഞ്ഞ്

ഇത്തിരി ദാഹജലത്തിന് കേഴുന്നു

മുഴുത്ത കച്ചവട മുഴക്കത്തിനിടയിൽ

ജല ഞരക്കം ആവിയായിപ്പോകുന്നു


മലിനമായ ഉടുപ്പും

നരവീണ തലയും

വടു കെട്ടിയ അഗതി ജീവിതം

വിളിച്ചറിയിക്കുന്നു


വറ്റിപ്പോയ മുതുകെല്ലിലെ മാംസം 

ചൊറിഞ്ഞ്

മെലിഞ്ഞ ശബ്ദത്തിൽ

ഒരു നേരത്തെ അന്നത്തിനവൻ

ആർത്തനാകുന്നു


ഉയിരറ്റുപോയപോലെ

ശൂന്യവും, ദയനീയവുമായി

അവനവരെയൊക്കെ മാറി മാറി

നോക്കുന്നു


നിറഞ്ഞ മിഴികളിൽ മങ്ങിയ

പ്രതീക്ഷയുടെ വെളിച്ചത്തിൽ

അപ്പോഴുമവൻ

ഉയിരിനെ ചേർത്തു പിടിക്കുന്നു

2022, ഒക്‌ടോബർ 23, ഞായറാഴ്‌ച

നായ

 



താടിയിൽ തവിട്ടു നിറത്തിലുള്ള

ഒരു വെട്ട്

അവശവും, നിർജീവവുമായ-

മുഖഭാവം

വാതിൽക്കൽ ശങ്കിച്ചുള്ള നിൽപ്

കാലു വീങ്ങിയപോലെ മുടന്തോടു

കൂടിയ നടത്തം


നിശ്ശബ്ദമായ ഉറ്റുനോട്ടം

"നിങ്ങൾക്ക് ശല്യമാകാനെനിക്ക് -

ഇടവരരുത് '' - എന്ന ഇടർച്ചയുള്ള -

മുരൾച്ച


ഉരിയാടാത്ത വാക്കിൻ്റെ വേദന

ഇപ്പോൾ എനിക്കറിയാം

നായയോളം വിശ്വസിക്കാൻ പറ്റുന്ന

ആരാണീ മനുഷ്യകുലത്തിലുള്ളത്



2022, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ശക്തി




കണ്ണിൽകാട്ടുതീ

കൈയിൽ തോക്ക്.


തോക്കിനു പകരം

വാക്കുപയോഗിക്കുക


ഭയത്തേക്കാൾ ശക്തി

ദയയ്ക്ക്


2022, ഒക്‌ടോബർ 19, ബുധനാഴ്‌ച

ഉടുപ്പ്



ഉടുപ്പ് വെറുംഉടുപ്പല്ല

അടച്ചു വെയ്ക്കുവാനും

അണച്ചു പിടിക്കുവാനും

തുറന്നു നോക്കുവാനും


സ്നേഹത്തിൻ്റെ

സാന്ത്വനത്തിൻ്റെ

അഹങ്കാരത്തിൻ്റെ

അധികാരത്തിൻ്റെ


ഉടുപ്പ് വെറും ഉടുപ്പല്ല

ചോദ്യവും

ഉത്തരവും

സംശയവും

ആശ്ചര്യവും


ഉടുപ്പ് വെറും ഉടുപ്പല്ല

ഉണർവിൻ്റെ

ഉറക്കത്തിൻ്റെ

കോമയുടെ


ഉടുപ്പ്

വെറും

ഉടുപ്പേഅല്ല

നഷ്ടപ്പെടൽ


കഷ്ടതയുടെ
കാലത്താണ് നാം
ഇഷ്ടത്തിലായത്

ധംഷ്ട്രയുടെ
ദൃഷ്ടിയാണ്
ചുറ്റിലുമെന്ന്
പിന്നീടാണറിഞ്ഞത്

സൃഷ്ടിയല്ല നമ്മിൽ വിധി

ആദ്യമായ് നാം
കണ്ടുമുട്ടിയ
മരത്തണലിൽ
ഒന്നു കൂടി കണ്ടുമുട്ടണം

നിൻ്റെ കൈത്തലം
ഒന്നു മുത്തണം

പിന്നെ നമ്മേ
നമുക്ക്
പരസ്പരം
എന്നെന്നേക്കുമായി
നഷ്ടപ്പെടണം

2022, ഒക്‌ടോബർ 16, ഞായറാഴ്‌ച

സമയം



ഓർത്തിരിക്കുവാനില്ലൊട്ടു നേരം

കാത്തിരിക്കില്ല സമയമെന്നോർക്കുക

സമയ സത്യത്തെ മറികടന്നീടുവാൻ

കഴിയില്ല ,അതു നിത്യസത്യമെന്നറിയുക


മാറ്റിവെയ്ക്കരുതൊന്നുമേ നാളേക്ക്

നാളെയെന്തെന്നാർക്കറിഞ്ഞീടാം

ചെയ്തു തീർക്കുവാനെത്രയോ കാര്യങ്ങൾ

വൈകൊല്ല ഒട്ടുമേ ചെയ്തു തീർത്തീടുവാൻ


2022, ഒക്‌ടോബർ 15, ശനിയാഴ്‌ച

ശൂന്യം



കുറിക്കാത്ത

കവിതയിലെ

പ്രണയാക്ഷര

മാണു നീ


ഇല്ലാത്ത ഞാൻ

നിന്നെ

വല്ലാതെ

പ്രണയിപ്പൂ

2022, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

ഉറപ്പ്



ഇനിയൊരു

തിരിച്ചുവരവില്ലെ -

ന്നുറപ്പിച്ചാണ്

നിന്നിൽ നിന്നും

ഇറങ്ങി നടന്നത്


എന്നിട്ടും;

എങ്ങോട്ടു നടന്നാലും

നിന്നിലേക്കു തന്നെ

തിരിച്ചെത്തുന്നല്ലോ

2022, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

ദ്വീപ്



ഞാനൊരു ദ്വീപെന്ന്

അവൾനോവുന്നു

എത്തിപ്പിടിച്ചെന്നു തോന്നുമ്പോൾ

അകന്നു പോകുന്നൊരു ദ്വീപ്


ജീവിതത്തിൻ്റെ ഭിന്ന സംഖ്യകളെ

ചേർത്തുവെയ്ക്കാൻ ശ്രമിക്കുന്ന

ഒരു കർക്കിടക പെയ്ത്ത് ഞാനെന്ന്

അവൾക്കറിയില്ലല്ലോ


പൊരുന്നയിരിക്കുന്ന കോഴിയാണ്

ജീവിതം

കൊത്തിയകറ്റുവാൻ ശ്രമിക്കുന്നുണ്ട്

കഷ്ടപ്പാടിൻ്റെ കറുത്ത കൈകളെ

എന്നിട്ടും.....!


രൂപാന്തരപ്പെടാറുണ്ട് ഞാൻ

ഓരോ ഋതുവിലും

നിന്നിൽ ഓളത്തുടിപ്പായി

ഓർമ്മപ്പെരുക്കമായി


എന്നിട്ടും ;

പരിഭവത്തിൻ്റെ

പെരുമലയുമായി നീ വരുമ്പോൾ

ഒരിളം തെന്നലായ് ഞാൻ തഴുകുന്നല്ലോ

കര കവിയുന്ന കർക്കിടകമെങ്കിലും

കവിതയായ് നിന്നിൽ കതിരിടുന്നല്ലോ




2022, ഒക്‌ടോബർ 12, ബുധനാഴ്‌ച

പുഴ




ഒരു മെലിഞ്ഞ പുഴ

കിതച്ചു കൊണ്ട്പതുക്കെ -

ഇഴഞ്ഞു നീങ്ങുന്നു

അവർനട്ട അന്തകവിത്തിനെ

അവസാനത്തെ ഓരോ തുള്ളി -

യായ് നനയ്ക്കുന്നു


കാണാ ദൂരത്തേക്ക് പാഞ്ഞു -

പോയ കാലത്തെ

കൈവഴികളായി കരയിലേക്ക് -

കയറി

വേണ്ടത്രയും ജലം കൊടുത്ത്

വിളവത്രയും വിളയിച്ചെടുത്ത -

തോർത്ത് നെടുവീർപ്പിടുന്നു


അവർ അരികിൽ തന്നെയുണ്ട്

ആത്മഹത്യ ചെയ്യണമെന്ന് -

ആഗ്രഹമുണ്ട്

പിടിക്കപ്പെട്ടാൽ കൊല്ലാക്കൊല -

ചെയ്യും.

കൂനിക്കിതയ്ക്കുന്ന പുഴ പതുക്കെ

ഞരക്കങ്ങളിൽ ചുരുണ്ടുകൂടി കിടന്നു


2022, ഒക്‌ടോബർ 11, ചൊവ്വാഴ്ച

ദുഃഖവെള്ളി


രക്തച്ചുവടുകൾ വച്ച് സന്ധ്യ
ഗാഗുൽത്താമല കയറി

കുരിശിൻ്റെ വഴികൾ
ഇടിനാദങ്ങളാൽ വിറച്ചു

നടന്നു തളർന്ന ഒരു കാർമേഘം
കാലിടറി വീണ് കണ്ണീർ പെയ്തു

മഗ്ദലനയ്ക്ക് നേരെയുയർന്ന
കല്ലുകൾ
യേശുവിന് നേരെ ഉന്നം വെയ് -
ക്കുന്നു

ജര നിറഞ്ഞ നിന്നിലേക്ക്
ജ്വരം ചുരം കയറുന്നു

ഗാഗുൽത്തായിലെ ആർത്ത -
നാദങ്ങൾ
നിൻ്റെ കണ്ഠനാളത്തിന് സ്വന്തം

ഇനി നിനക്ക് ദു:ഖവെള്ളി


2022, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

വാക്കുവറ്റിയ വീട്




വാക്കു വറ്റിപ്പോയ ഒരു വീട് ഞാനിന്നലെ കണ്ടു

വേർപിരിഞ്ഞവനെകാത്ത് സങ്കടപ്പെട്ടിരിക്കുന്ന -

ഒരുവളെപ്പോലെ

നിശ്ശബ്ദതയടെ ആഴക്കുഴിപോലെ നടുത്തളം

നിട്ടാനീളത്തിൽ വീണുകിടക്കുന്നതുപോലെ -

ചായിപ്പ്.


വീടകങ്ങളെല്ലാം ഓരോ ഉപഭൂഖണ്ഡങ്ങളാണ്

ശൂന്യതയും,നിരാശയും തളംകെട്ടിനിൽക്കുന്നയിടം

സങ്കടത്തിൻ്റെ ഒരു കൈക്കല തുണിയുണ്ട് - അടുക്കളയിൽ

ദീർഘനിശ്വാസം പോലെ ഇടയ്ക്കുയരുന്നുണ്ട്-

പാത്രങ്ങളുടെ ചെറുസ്വനം


ചില ഗന്ധങ്ങൾ ചിലനേരങ്ങളിൽ

വാതിൽപ്പഴുതിലൂടെ വെളിയിലേക്കിറങ്ങാറുണ്ട്

ജീവിച്ചിരിക്കുന്നു എന്നതിന് തെളിവായി വാക്കുക-

ൾ വേർപിരിയാത്ത എത്ര വീടുകളുണ്ടിന്നു നാട്ടിൽ?!


എന്നായിരിക്കുമിനി

ഏകാന്തതയുടെ പുറന്തോടു പൊട്ടിച്ച്

വറ്റിപ്പോയ വാക്കുകൾ

ഉറവയിടുന്നത്

2022, ഒക്‌ടോബർ 9, ഞായറാഴ്‌ച

കാത്തിരിക്കുന്നവൾ




ഈ വഴിയെങ്ങാനും നീ വരുമെന്നു ഞാൻ

ഒരുപാടു മോഹിച്ചിരുന്നു

ചപല മോഹങ്ങളാണെന്നൻ്റെ കരളിൻ്റെ

ചില്ലയിൽ ഒരു കിളി പാടി

കുളിരു കോരുന്നൊരാ ഓർമകൾ പലകുറി -

മനതാരിൽ മിന്നി മറഞ്ഞു പോകെ

തരളിതമാകുമെൻ മേനി തളരുന്നു

കരളിലെ പക്ഷിയും തേങ്ങിടുന്നു


നിൻ സ്നേഹ വചസ്സുകൾ ഇന്നുമീ-

കർണ്ണത്തിൽ

തേൻ മഴയായ് വന്നലയ്ക്കേ

ഞാൻ കോറിയിടുന്നൊരു വരകളൊക്കെ -

തന്നെ

നിൻ മുഖമായ് മാറിടുന്നു

ഹൃദയത്തിലേറ്റിയ ചിത്രം വരയായി

കൺമുന്നിൽ വന്നു നിൽക്കുമ്പോൾ

തിരയടിച്ചെത്തുന്നു കണ്ണിൻ കടൽത്തിര

തുള്ളി തുളുമ്പി നിൽക്കുന്നു


പല നേരം കാത്തു കഴയ്ക്കുന്ന കണ്ണുമായ്

കാത്തു കാത്തിന്നും ഞാൻ നിൽക്കേ

നീയറിയുന്നുവോ വേദനയെന്തെന്ന്

വഴി മറന്നുള്ളൊരു കൂട്ടുകാരാ

എങ്ങനെ ഓർക്കാതിരിക്കാൻ കഴിയുന്നു

പ്രണയം ക്ഷണികമാം മോഹമെന്നോ

2022, ഒക്‌ടോബർ 8, ശനിയാഴ്‌ച

ഇല്ലാത്തത്




നീയെന്നൊരാളെ

ഞാൻ കണ്ടിട്ടേയില്ലെങ്കിലും

എന്നുള്ളിലെന്നുമുണ്ട്


പുറത്തേക്കിറങ്ങിയാൽ

തെന്നലായ്

തോന്നലായ്

തൊങ്ങലായ്


നടുത്തളത്തിലിറങ്ങിയാൽ

തേങ്ങലായ്

തളർച്ചയായ്

താങ്ങി നിർത്തലായി


മുറിയിലേക്കിറങ്ങിയാൽ

തഴുകലായ്

തുടുക്കലായ്

തളിർക്കലായ്


അറിയുമോ,

എന്നുള്ളിലുള്ള നിനക്ക്


ഞാനെന്നൊരാളേ

ഇല്ലെന്ന കാര്യം 




2022, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

സ്വാതന്ത്ര്യം




മണിയടിച്ചിട്ടും

സമയം തെറ്റി വരുന്നവരെല്ലാം _

വന്നിട്ടും

മഷ് മാത്രം ക്ലാസിലെത്തിയില്ല


കുട്ടികൾ കലപിലകൂട്ടി

ചിലർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

മാത്യു മുരുകൻ്റെ മൂക്കിനിട്ടുകുത്തി

കേട്ടെഴുത്തിന് കിട്ടിയ ശരിപോലെ

മുരുകൻ്റെ മൂക്കിൽ നിന്നൊരു ചുവന്ന-

വര താഴേക്കിറങ്ങി


സുറുമിയുടെ സുറുമ പരന്നു

കണ്ണ് കലങ്ങിക്കിടന്നു


സുമ പാവാടയുടെ കീശയിൽ നിന്ന്

കൊട്ടോടിയെടുത്ത് ഊതിപ്പൊന്തിച്ച്

നെറ്റിക്ക് ടപ്പേന്ന് കുത്തി പൊട്ടിച്ചു


രാമൻ സീതയുടെ നെഞ്ചിലെ -

മൊട്ടാമ്പുളി അമർത്തി ഞരിച്ചു

വേദന കൊണ്ട് കലി കൊണ്ട സീത

രാമൻ്റെ നെഞ്ചിൽ ഉഴവുചാലു തീർത്തു


പുസ്തകത്തിൽവെച്ച

ലീക്കുള്ള നീലപേന കാണാതെ

കാദറ്കരഞ്ഞു കൊണ്ട്

കള്ളനെ തിരയാൻ തുടങ്ങി


അവസാന ബെഞ്ചിലെ അറ്റത്തിരിക്കുന്ന

അന്ത്രുമാൻ ഇതൊന്നുമറിയാതെ

എന്തോ ആലോചിച്ചു കൊണ്ടിരുന്നു


അടുത്ത പിരിയിഡിന് മണിയടിക്കാൻ

ഏതാനും മിനുട്ടുകൾ മാത്രം


മാഷ് വന്നു മേശയിലെ ചൂരൽ

രണ്ടു പ്രാവശ്യം മുരടനക്കി

'എന്താണ് സ്വാതന്ത്ര്യം' -ആരോടൊ ദേഷ്യം -

തീർക്കുന്നതുപോലെ മാഷലറി

ചൂരൽ മിഴി ഓരോ കുട്ടിയുടേയും നേരെ -

തിരിഞ്ഞു


മൂക്കിനു താഴെ ചുവന്ന വരയിട്ട മുരുകൻ

എഴുന്നേറ്റു നിന്നു

സുറുമ പരന്ന് കണ്ണ് കലങ്ങിയ സുറുമി

തല താഴ്ത്തി നിന്നു

കൊട്ടോടി ടപ്പേന്ന് പൊട്ടിച്ച സുമ നെറ്റി

ഒന്നുകൂടി അമർത്തി തുടച്ചു

സീത തൻ്റെ നെഞ്ചിലെമൊട്ടാമ്പുളി അവിടെ -

തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തി

രാമൻ നീറ്റലുമാറ്റാൻ തൻ്റെ ഉഴവുചാലിലേക്ക്

ഊതിക്കൊണ്ടു നിന്നു

കാദറിൻ്റെ കണ്ണ് കള്ളനെ തിരഞ്ഞു കൊണ്ടും


അവസാന ബഞ്ചിലെ അറ്റത്തിരിക്കുന്ന -

അന്ത്രുമാൻ

മിന്നായം പോലെ ചാടി എഴുന്നേറ്റ്

ഇടിവെട്ടും പോലെ ചോദിച്ചു

സ്വാതന്ത്ര്യത്തിൻ്റെ നിർവ്വചനം എന്താണ് മാഷേ?


മാഷൊന്ന് ഞെട്ടി

ചൂരൽ താഴെ വീണ് ചുരുണ്ടു കിടന്നു

നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു

ചുണ്ടുവിറച്ചു

മണിയടിച്ചു


കുട്ടികളെല്ലാം പുറത്തിറങ്ങി

മാഷ് ക്ലാസ് പൂട്ടി

കാണാതിരിക്കാൻ കണ്ണടച്ച് 

താക്കോൽ എങ്ങോ വലിച്ചെറിഞ്ഞു


കുട്ടികൾ നോക്കി നിൽക്കെ

സിസ്സഹായതയുടെ കൈയും പിടിച്ച്

കാട്ടിലേക്കുള്ള വഴിയേ നടന്നു




2022, ഒക്‌ടോബർ 4, ചൊവ്വാഴ്ച

കനൽ ജീവിതം



കനൽ കൊത്തി തിന്നുന്ന

വെയിൽ പക്ഷിയാണു ഞാൻ

അമ്പേറ്റ കരളുമായ്

ആയുസ്സു വറ്റാത്തോൻ


കളഞ്ഞുപോയെൻ്റെ

കവിതയും കാമവും

കരുണയെന്നതേ

കാനാജലം


ശ്യാമ,മെൻ്റെ വഴികാട്ടി

ശ്വാന ജീവിതം പൊരുൾ കാട്ടി

ശമനതാളമില്ലാത്ത

ഗ്രീഷ്മ,മെന്നും നിഴലായി


ദർപമില്ലെൻ്റെയുള്ളിൽ

ധർമ,മല്ല ആഗ്രഹം

ശ്യാമ ശയ്യയിൽ ഉറക്കം

സർപ്പമെന്നും കൂട്ട്







2022, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

മറ്റെന്താണ് ......!


തീപിടിച്ച പച്ചമരം പോലെ
ഉള്ളം നീറുമ്പോൾ
ഹൃദയത്തിൽ വരഞ്ഞിട്ട
മൂർച്ചകളാണ്
കവിതകളായി പിറക്കുന്നത്

കവിത നേരനുഭവമാണ്
ചോരയുടെ ചേരപ്പുളച്ചലാണ്
തലച്ചോറിലെ ഞരമ്പിൻ വേരിൻ
തിണർപ്പിൻ പടർപ്പാണ്
കവിത ജീവിതം തന്നെയാണ്

കൂട്ടം ചേർന്നും, കൂട്ടം തെറ്റിയും
ദു:ഖിച്ചും, സന്തോഷിച്ചും
ആവലാതി പറഞ്ഞും, അധികാരം -
കാട്ടിയും
കുടുംബമായും

നോക്കൂ ;
കവിത ജീവിതവും
ജീവിതം കവിതയുമല്ലാതെ
മറ്റെന്താണ് ?!

2022, ഒക്‌ടോബർ 2, ഞായറാഴ്‌ച

ലിംഗ ( അ )സമത്വം

ഒരേപോലെ

മജ്ജയും, മാംസവുമുള്ളവർ

വികാരവും, വിചാരവും


ഒരേ മഴ കൊള്ളുന്നവർ

ഒരേ വെയിലും


എന്നിട്ടും;

എന്തിനാണ്

അവനെക്കാളേറെയവൾ

വേദനയുടെ വെയിൽപ്പാടം

മുറിച്ചുകടക്കേണ്ടി വരുന്നത്

കാലുവെന്ത നായയെപ്പോലെ

നാലുപാടും ഓടേണ്ടി വരുന്നത്


അവൾക്കു മാത്രമെന്തിന്

കണ്ണിലൊരു കടൽ

കരളിലൊരടുപ്പ്


പാതിയെന്നു പറയുമ്പോഴും

പകുത്തു മാറ്റപ്പെടുന്നു വിരലുകൾ

ഒരു കുടക്കീഴിലെങ്കിലും

പൊള്ളുംമഴയിൽ പാടേവെന്തുരുകുന്നു


കുട്ടിയേപ്പോലെ നീ ചിരിക്കുമെങ്കിലും

നിന്നിലേക്കവൾ ചാരുമ്പോൾ

കനമുള്ളതെന്തോനിൻ നെഞ്ചിൽ

കുറുകുന്നതെന്ത് !