malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, ജൂൺ 30, ചൊവ്വാഴ്ച

മുറിവ്



കൂട്ടുകാരെ
വീടുകാട്ടാൻ മടിയായിരുന്നു
ഒഴികഴിവുകൾ പലതും പറഞ്ഞു
മൂന്നാം ക്ലാസിലെ മൂപ്പെത്താത്ത
വാക്കുകൾ
എന്നിട്ടും അവർ വന്നു
ഒരു മഴ ദിനം
ചാണകം മെഴുകിയ തറയിലവർ
കയറിയില്ല
വാഴയില തെരികയിലിരുന്നില്ല
മെടഞ്ഞ ഓലയാൽ മെനഞ്ഞ
ചുമർ നോക്കി കുശുകുശുത്തു
ഇറയത്തു വെച്ച പിഞ്ഞാണത്തിൽ
വീഴുന്ന
മഴവെള്ളം തെറിക്കാതിരിക്കാൻ
അകലേക്ക് മാറി നിന്നു
അമ്മ നൽകിയ തേങ്ങാപ്പൂളും,
വെല്ലവും
ഇറഞ്ചാലിലെ മഴവെള്ളത്തിൽ
മലർന്നു കിടന്നു
തിരിച്ചു പോകുമ്പോൾ
എന്നെ നോക്കിയ ഒരു നോക്കുണ്ട്
ചിരിച്ച ഒരു ചിരിയുണ്ട്
മാറിയിട്ടില്ല അന്നേറ്റ മുറിവ് ,യിന്നേവരെ
ചുവന്നു നിൽപ്പുണ്ട് ചെമ്പരത്തിയായി
അതിരിറമ്പിൽ


2020, ജൂൺ 29, തിങ്കളാഴ്‌ച

മൂന്ന് കവിതകൾ



കവിത
.............
കുട്ടികളാണ്
കവിതകൾ
തെറ്റും കുറ്റവുമില്ലാത്ത
ഉത്തമ കവിത
            
            xx
            
പിറന്നാള്
.................
ആട്ടിൻ തോലിട്ട
ചെന്നായ
        xx
ജീവിതം
...............
യുദ്ധംജയിച്ചു.
തോറ്റുപോയെന്ന്
കാലം
കണക്കു പുസ്തകത്തിൽ
കുറിച്ചിട്ടു.
             xx

2020, ജൂൺ 28, ഞായറാഴ്‌ച

അവൻ/ൾ



കുഞ്ഞുനാളിലെ
കാര്യങ്ങളൊന്നും
വളർന്നപ്പോൾ
ഓർമ്മയില്ല
വളർന്നപ്പോഴുള്ള
കാര്യങ്ങളെല്ലാം
ആട്ടിടയനെപ്പോലെ
ഓരോന്നോരാന്നായ്
ഓർമ്മിച്ച്
ഒരു ജീവിതത്തെ
മേയ്ക്കുന്നു
ഒരിക്കൽ
ഒരു ദിനം
അവനവനെത്തന്നെ
എവിടെയോ
മറന്നു വെച്ച്
ഒരിറങ്ങിപ്പോക്കുണ്ട്
ഒരിക്കലും
തിരിച്ചു വരാൻ
ഓർമ്മിക്കാത്ത വിധം.

2020, ജൂൺ 26, വെള്ളിയാഴ്‌ച

രണ്ടു കവിതകൾ





ഗാന്ധി


പ്രാർത്ഥന വഴിയിൽ
പൊലിഞ്ഞു പോയ
രണ്ടക്ഷരം


കാട്



വൃദ്ധനാകുന്തോറും
വൃദ്ധിയേറിടുന്നസിദ്ധൻ

2020, ജൂൺ 25, വ്യാഴാഴ്‌ച

ചില വീടുകൾ



കിണറാഴമുള്ള ഒരു വീടുണ്ട്
വിണ്ടു കീറിയ ഒരു പാടം
അകത്ത് ചരിഞ്ഞു കിടപ്പുണ്ട്
മുറ്റത്തെ തുമ്പത്ത്
കലങ്ങിച്ചുവന്ന കണ്ണുള്ളൊരു
പൂവ്കാത്തിരിപ്പുണ്ട്
ഒച്ചയറ്റ ഒറ്റയടിപ്പാത ആരെയോ
പ്രതീക്ഷിക്കുന്നുണ്ട്
സമയസൂചി കാലബോധമില്ലാതെ
കറങ്ങുന്നു
മൗനത്തിന് മഞ്ഞെന്നോ, മഴയെ
ന്നോയില്ല
ഇടയ്ക്കിടയ്ക്ക് ഉയരുന്നുണ്ട്
കിണറിൻ്റെആഴത്തിൽ
തൊട്ടി വെള്ളത്തിൽ തട്ടുന്നതു പോലെ
ഒരു തേങ്ങൽ
ചില വീടുകൾ ഇങ്ങനെയാണ്
കഴിഞ്ഞകാലത്തിൻ്റെ പ്രൗഢിയിൽ
ഇങ്ങനെ, നിസ്സഹായയായി

2020, ജൂൺ 24, ബുധനാഴ്‌ച

കറുപ്പ്



കറുപ്പിനഴകെന്ന് നിങ്ങൾക്ക്
പാടി രസിക്കാം
കുറിക്കുകൊള്ളുന്ന
വാക്കായെഴുതി വെയ്ക്കാം
കാര്യത്തോടടുക്കുമ്പോൾ
കറുപ്പല്ലേ കണ്ടില്ലെന്നു നടിക്കാം
കഴുത്തിനു മുകളിൽ ഒരുകാലല്ലേ
കാരിരുമ്പിനു മുകളിൽ കുഞ്ഞു -
കല്ലെന്ന പോലെ മാത്രം.
കാര്യമാക്കാനില്ല,
തുറിച്ച കണ്ണിൽ നിന്നും തെറിച്ച_
വാക്കല്ലെ
എനിക്കു ശ്വസം മുട്ടുന്നു
എന്നാണിനി നിറങ്ങളുടെ നീരാളി -
പ്പിടുത്തത്തിൽ നിന്ന്
നീ നിന്നെ ഉപേക്ഷിക്കുക
വംശീയതയുടെ വെള്ളെഴുത്ത് മായ് -
ച്ചുകളയുക
വർണ്ണവെറിയുടെ അധമ കോശത്തെ -
മുറിച്ചെറിയുക
നീതി രണ്ടുതരമാണ്
കറുപ്പും, വെളുപ്പം
ഉള്ളവനും, ഇല്ലാത്തവനും
പക്ഷപാതിത്വം ഹിംസാപരവും
.............
കുറിപ്പ്:
അമേരിക്കയിൽ വർണ്ണവെറിക്കിരയായ ജോർജ് ഫ്ലോയിഡിനെ ഓർക്കുമ്പോൾ

മഴ



മഴ,
മൗനത്തിൽ പോലും
മധുരം വിളമ്പി
മനം നിറച്ചീടുന്ന പ്രണയസാക്ഷി
മഴ,
സ്വപ്നങ്ങളോരോന്നു കണ്ടു നിന്നീടവേ
കിളിവാതിലിലൂടെ കുളിരും വിരലാലെ
തൊട്ടി,ക്കിളിയാക്കും സ്നേഹ സാക്ഷി
മഴ,
ഓർമ്മകളായിരം ഓമനത്തുള്ളിയായ്
മനസ്സിന്നിറഞ്ചാലിലോളങ്ങൾ തീർക്കുന്ന
മോഹത്തിന്നാലോലമാടുംവഞ്ചി
മഴ,
മോഹങ്ങളോരോന്നുമേതോ ചുരങ്ങളിൽ
ചാഞ്ഞു പെയ്യുന്നേരം ചാരത്തണകയും
ഏതോ അഗാധമാം ദുഃഖത്തിൻ കൊക്കയിൽ
കൊണ്ടു തള്ളീടുന്ന ദു:ഖസാക്ഷി

2020, ജൂൺ 23, ചൊവ്വാഴ്ച

സ്വാതന്ത്ര്യം



തൊഴുത്തിലാണ്
തൊഴുതുകൊണ്ട്
താഴാവുന്നിടത്തോളം
താണുകൊണ്ട്
കഴുത്തിലെ
മുറുകാത്തകയറിൻ്റെ
കുരുക്കിൽ
തിന്മയുടെ
തിണ്ണയിലാണ്
ഇരുത്തം
ഉച്ഛിഷ്ടമാണ് ഭക്ഷണം
വെളിയിലെ വെളിച്ചം
കാണാതെ
അടിമയാണ്
പണമാണ് പടയാളി
ഉടയാട ഉടമ
മതം വളർന്ന് വലിയ
മരമായല്ലോ
മനസ്സെന്നാണ് വളരുക
മനുഷ്യനാകുക.

2020, ജൂൺ 22, തിങ്കളാഴ്‌ച

ചോദ്യം


പതുങ്ങുവാൻ പാതാളമില്ല
മൃത്യുവാണ് രാജാവ്
ഇര ഓടിക്കൊണ്ടേയിരിക്കുന്നു
വേട്ടമൃഗം പിന്നാലെയും
എരിതീയാണുള്ളിൽ
ഇരവും പകലുമില്ല
പൊള്ളും തിരയാണ് കാലടി
പല്ലും നഖവും കൊഴിഞ്ഞേ പോയി
ശിലകൾ സാക്ഷി
ശീലങ്ങൾ സാക്ഷി
മനസാക്ഷി സാക്ഷി
പൊള്ളും അന്നനാളം സാക്ഷി
ഗാന്ധാരിയാകുന്നു കാലം
കണ്ണുകെട്ടി അകലേക്കു നോക്കി.....
തേറ്റയും, കൊമ്പും,തോക്കും, ബോംബും
തോറ്റു പോയവൻ ഞാൻ
ഉരിയുകതോലുകൾ
എരിയും കനലിൽ ഉടൽ ചുട്ടെടുക്കുക
അതിനിടയിൽ ഞാൻ ഒരു ചോദ്യം
ചോദിക്കും
അദ്ധ്വാനഭാരം കുറയ്ക്കാൻ പാട്ടുണ്ട്
എന്നതുപോലെ
ഇതിനിടയിൽ ഉത്തരം കണ്ടു പിടിക്കുക
ആദിമ മനുഷ്യനെ സൃഷ്ടിച്ചതാര്?

2020, ജൂൺ 21, ഞായറാഴ്‌ച

മരണം



അമ്പൊഴിഞ്ഞ ആവനാഴി
അഹിംസയെക്കുറിച്ച് പറയുന്നു
തറഞ്ഞ അമ്പ് തുറിച്ചു നോക്കുന്നു
ചുണ്ടിൽ ഒലീവിലയില്ലാത്തതിനാൽ
പ്രാവ് സമാധാനത്തിൻ്റെ ചിഹ്നമല്ലെന്ന്
വേടൻ
ക്ഷാരം കുടിച്ച് ക്ഷരംവന്ന ക്ഷുരകന്
ക്ഷീരവുമായി വരുന്നു നാഗം
വേടൻ്റെ ദർപ്പത്തെ സർപ്പം ശമിപ്പിക്കും
കവിതയുടെ കാഞ്ഞിരപ്പഴം
എൻ്റെ അന്നം
സ്വന്തമില്ലാത്തവന് എന്തുബന്ധം
ശിശിരം മൂർദ്ധാവിൽ അഗ്നി വർഷിക്കുന്നു
നാരകത്തിൻ്റെ വേരുകളെത്തേടി
ഞാൻ നടക്കുന്നു
നരകത്തിൻ്റെ വാതിൽ തുറക്കുന്നത്
വരണ്ട നദിയിലേക്ക്
കരുണയുടെ കാവിയണിഞ്ഞ സന്ധ്യ
സൂര്യനെ കടലിൽ മുക്കിക്കൊല്ലുന്നു
യേശുവേ നീ മൂന്നാം ദിവസം
ഉയർത്തെഴുന്നേൽക്കുക
ഇനിയൊട്ടും നേരമില്ല
അക്ഷമനായൊരു വ്യാഘ്രം
കാത്തിരിപ്പുണ്ടെന്നെ.

ആയുസ്സിൻ്റെ കണക്കു പുസ്തകം



സത്രത്തിലേക്കെത്ര ദൂരം
സൂത്രവഴി ആര് കാണിച്ചു തരും
സൂചിക്കുഴയിലൂടെ ഒട്ടകത്തെ
കടത്തുന്നു രണ്ടു പേർ
അവർ നാളെത്തെ കിരീടാവകാശികൾ
കരയുന്നു വാനം
വഴി കാട്ടുന്നു മിന്നൽക്കൊടി
കണ്ടപാടെ അവസാനത്തെ
നിരപ്പലകയുമിട്ടു വിളക്കൂതി
പീടികക്കാരൻ
കഷായമാണ് ജീവിതം
കയ്ച്ചിട്ട് ഇറക്കാനും
മധുരിച്ചിട്ട് തുപ്പാനും വയ്യ
ആയുസ്സിൻ്റെ കണക്കു പുസ്തകം
മറിച്ചു കൊണ്ടിരിക്കുന്നു കാലം
വെയിൽ തിന്ന പക്ഷിക്ക്
മറുമരുന്ന് മഴ
ഇരുട്ടിൻ്റെ കരി വാരിതേച്ച്
കരിമ്പന നിൽക്കുന്നു
യക്ഷി വന്നെങ്കിൽ ചോദിക്കാ
മായിരുന്നു
സത്രത്തിലേക്കുള്ള
സൂത്രവഴി.

2020, ജൂൺ 19, വെള്ളിയാഴ്‌ച

ജീവിതം ഇങ്ങനെ



എന്നും ഞാനെന്നെ ഉരുട്ടിക്കയറ്റുന്നു
ജീവിതക്കുന്നിലേക്ക്
പിന്നെ ഞാനെന്നെ ഉരുട്ടിയിടുന്നു
താഴേക്ക്
ലോകം കൈകൊട്ടിച്ചിരിക്കുന്നു
നാറാണത്താൻ ഭ്രാന്തിനെയെടുത്തെറിഞ്ഞ്
നടന്നു മറയുന്നു
ഉണ്ടത്രയുംമതി ഓണം
ഇനിയും നാണം വിൽക്കുവാനില്ലെന്നും
പറഞ്ഞ്
ഒരുവൾ തെക്കേ തൊടിയിലെ
പ്ലാവിൻ കൊമ്പിലാടുന്നു
ഗുരുവിന് പെരുവിരൽ മുറിച്ചുകൊടു
ത്തേനമുക്ക് ശീലമുള്ളു
പെരുവിരൽ മുറിച്ചെടുത്ത് ഗുരുവിനെ
കാട്ടിലയക്കേണ്ടകാലമിത്
ജീവിതത്തിൻ്റെ ആയോധനവിദ്യ
ധ്യാനിച്ച് പഠിക്കട്ടെ
നാടുകടത്തപ്പെട്ട പൂച്ച പോലെയാണ്
ദുഃഖം
എത്ര അകലത്തിലായാലും തിരിച്ചെത്തും
വഴിതെറ്റാതെ

രണ്ട് കവിതകൾ



പേര്

മുഖം മൂടിയണിയാത്ത
ഒറ്റ മനുഷ്യനുമില്ല
അതിൻ്റെ പേരാണ്
പുറംമ്മോടി

കെണി

ടപ്പ് - എന്ന
ഒറ്റ ശബ്ദം മതി
എലിപ്പെട്ടിയിലെ
ഉണക്കമീനിന്
കഴിഞ്ഞു പോയ
ജീവിതം
സഫലമാകാൻ.

2020, ജൂൺ 17, ബുധനാഴ്‌ച

അതിർത്തികൾ ഇല്ലാത്തത്





അതിർത്തികളില്ലാത്ത
ഭൂപടമാണ് പ്രണയം
വിഭജനം ബാധകമാകാത്ത
ശമിക്കാത്ത വിശപ്പ്
പാലിൽ പഞ്ചസാരയെന്നതു
പോലെ
രാഗംരക്തത്തിലലിഞ്ഞു ചേരുന്നു

പ്രണയത്തിന്
ഭാഷയോ, വേഷമോയില്ല
ഓർമ്മയുടെ കടലിൽ
പായകപ്പൽപോലെയത് നീങ്ങുന്നു
കണ്ണും, ചുണ്ടും, ശ്വാസനിശ്വാസവും
കവിത രചിച്ചു കൊണ്ടേയിരിക്കുന്നു

ഇല മൂടിയ ഇടവഴികളിലും
ഇരുളുറഞ്ഞ വനങ്ങളിലും
ഇളവെയിൽ
ഏത് ഉൾവനത്തിലും
ഉലാത്തിക്കൊണ്ടിരിക്കും.

കുടിച്ചാലും കുടിച്ചാലും മതി
വരാത്ത
കാട്ടുതേനാണു പ്രണയം

എന്ത്?
ഈ പ്രായത്തിലും പ്രണയമോയെന്ന്
നിങ്ങൾ മുഖം ചുളിച്ചേക്കാം
ഒളിക്കേണ്ട
നിങ്ങളിലുമുണ്ട് പ്രണയം

നോക്കൂ:
മൃഗങ്ങളയവെട്ടുന്നതു പോലെ,യിപ്പോൾ
അയവെട്ടിക്കൊണ്ടിരിക്കുന്നു നിങ്ങൾ
പ്രണയം

2020, ജൂൺ 16, ചൊവ്വാഴ്ച

ഭ്രാന്ത്



ഭ്രാന്ത്
അലോസരമാണോ?
അതോ ആവരണമോ!
ചിലപ്പോഴൊക്കെ ഭ്രാന്ത്
സ്വാതന്ത്ര്യവും ,സുരക്ഷയു
മാണ്
ഭ്രാന്ത്
വിശുദ്ധമാകുന്നു
എന്തെന്നാൽ,
ഇച്ഛകളില്ലാതെ സ്വച്ഛമായി
ദൈവത്തോടു മാത്രം
സംസാരിക്കുന്നു
ദൈവത്തോടുമാത്രം
അനുസരണയുള്ളവനാ
കുന്നു
ഭ്രാന്ത്
ഒരു പക്ഷിയാകുന്നു
എന്തെന്നാൽ,
ഒരായിരം ദ്രുതചിറകുകളാൽ
പറന്നു നടക്കുന്നു
ഭ്രാന്ത്
മഞ്ഞു തുള്ളിയും
വസ്ത്രവുമാകുന്നു
എന്തെന്നാൽ,
നിങ്ങളിൽ അവനോടുള്ള
ഈർഷ്യയെ അറുത്തുകള
യുകയും,
കാലം അവനെ ഭ്രാന്തെന്ന
ആവരണമണിയിക്കുകയും
ചെയ്തിരിക്കുന്നു
ഭ്രാന്ത്
ദൈവത്തോട് വിളിച്ചു
പറയുന്നു:
ദൈവമേ! നീയെന്നെ
മണ്ണു കൊണ്ട് നിർമ്മിച്ച
തല്ലെന്നും
മജ്ജയാലും,മാംസത്താലും
കാലം കാത്തു വെച്ചതാണെന്നും
ഇതിനാൽ സത്യം ചെയ്യുന്നു
ഭ്രാന്തിന്
ഭ്രാന്തില്ലെന്ന്
കാലം സാക്ഷി പറയുന്നു




വിശുദ്ധം



മേഘങ്ങൾ പക്ഷികളാണ്
ജലച്ചിറകിനാൽ പറക്കുന്ന
പക്ഷികൾ
കടൽ ഒരു പളുങ്കുപാത്രവും
ഒറ്റത്തുള്ളിയും തുളുമ്പാത്ത
പളുങ്കുപാത്രം
നിഴലുകൾ എന്നും കൂട്ടുണ്ടാകു
മെന്ന് കരുതരുതേ.......
വായുവാണ് നമ്മുടെ കൂട്ട്
കണ്ടില്ലെന്നു വരാം
കൂടെയുണ്ടെന്നോർത്തോളു
വായുവിനറിയാം മനുഷ്യൻ്റെ
ആയുസ്സ്
വായുവിനെ മാറ്റി നിർത്തിയ-
വരേയാണ്
മരിച്ചവരെന്ന് നാം വിളിക്കുന്നത്
മരണത്തോളം വിശുദ്ധമായത്
മറ്റൊന്നില്ല

2020, ജൂൺ 14, ഞായറാഴ്‌ച

സ്ത്രീ



സ്ത്രീ ഒരു കടലാണ്
ഒറ്റത്തുള്ളിയും
തുളുമ്പാത്ത കടൽ
തിരക്കൈകൾ നീട്ടി
തീരത്ത് കയറാൻ
ശ്രമിച്ചിട്ടും
ഊർന്ന് ഉൾവലിഞ്ഞ്
പോകുന്നവൾ
ചുണ്ടിലൊരു നിലാച്ചിരി
കെടാതെ സൂക്ഷിക്കുന്ന
വൾ
ഹൃത്തിലൊരഗ്നിയും പേറി
നടക്കുന്നവൾ
എന്തൊക്കെയാണ് നീ
അവൾക്ക് കൽപ്പിച്ച്
നൽകിയ പര്യായം
അമ്മ
പൂജാ വിഗ്രഹം
ഭാര്യ
മകൾ
വേശ്യ.
ഇണയെന്നും
തുണയെന്നും പറഞ്ഞ്
ചവുട്ടി താഴ്ത്താനും
ചവിട്ടുപടിയാക്കാനും
കൈക്കലയാക്കി
മാറ്റിയിടാനുമുള്ള ജന്മം.
പാടണമിനിയൊരു പുതു
ഗാനം
പെണ്ണിൻ പുതുജീവിത
ഗാനം

2020, ജൂൺ 13, ശനിയാഴ്‌ച

കവിതയുടെ മരണം



മരണ മൊഴിയെടുക്കുവാനാണ്
മജിസ്ട്രേട്ട് വന്നത്
കട്ടിലിൽ മലർത്തി കിടത്തിയിരിക്കുന്നു
കവിതയെ
കുത്തേറ്റ പാടുകൾ
കരിവാളിച്ച് കിടക്കുന്നു
അക്ഷരങ്ങളുടെ
അടിനാഭിയിൽ
അടിയേറ്റതിൻ പാട്
പുരാതന ലിപിപോലെ
പൊട്ടിയതുടയെല്ല്
കൂട്ടിച്ചേർക്കാനാവാത്ത വിധം
വാക്കുകളുടെ വക്ക് പൊട്ടിയിരിക്കുന്നു
കണ്ണീരിലും, ചോരയിലും കുതിർന്ന
കവിത മൃതപ്രായയായി
അവസാനത്തെവരിയിലെ
അവസാനത്തെ അക്ഷരത്തെ തിരയുന്ന
തുപോലെ
അവസാന ശ്വാസത്തിനായി പിടയുന്നു

2020, ജൂൺ 11, വ്യാഴാഴ്‌ച

തിരിച്ചറിവിൻ്റെ പ്രണയം




പ്രണയികൾ കോളുകൊണ്ട കടൽപോലെയാണ്
പ്രണയം, പായകളിൽ കാറ്റു പിടിക്കുമ്പോൾ വേഗമാർജ്ജിക്കുന്നകപ്പൽ പോലെ അവരെ അജ്ഞാത സമുദ്രങ്ങളിലേക്കാനയിക്കുന്നു
ആ അശാന്തസമുദ്രത്തിലൂടെ അവർ അവരിലെ
പല പല ദേശങ്ങളിലൂടെ കടന്നുപോകുന്നു

അവർ അവരെ ഒരു ചിത്രത്തെയെന്ന പോലെ
നോക്കിക്കാണുന്നു
ആനന്ദത്തിൻ്റെ ലഹരിയിൽ
ലോകം എങ്ങോട്ടാണ് തങ്ങളെ കൊണ്ടുപോകു
ന്നതെന്ന് ആശ്ചര്യപ്പെടുന്നു
മഴയിലേക്ക് തുറക്കപ്പെട്ട ഒരു ഒറ്റമുറിയാണ്
പ്രണയം

അവരുടെമനസ്സിൽ ലഹരിമഴ പെയ്തുകൊണ്ടേ -
യിരിക്കുന്നു
ചിത്രത്തിലെ തഴച്ചുവരുന്ന ഒറ്റത്തണ്ടിലെ- രണ്ടിലകളാണവർ
സ്വപ്നങ്ങളിലും, ഓർമ്മകളിലും തഴച്ചുവളരുന്നവർ

പ്രണയികളാണ് പോലും ഏറ്റവുംനല്ല സൗന്ദര്യ - ശാസ്ത്രജ്ഞർ
ഓരോന്നോരോന്നായും, വ്യതിരിക്തമായും അവർ
അപഗ്രഥനം ചെയ്യുന്നു പോലും
സൂക്ഷമത്തിൽ നിന്നും അവർ അവരെ രചിക്കുന്നു
പോലും.

പ്രണയികളോട്:
പ്രണയിക്കുമ്പോൾ കാലത്തെ പിന്നിലുപേക്ഷി-
ക്കാൻ കഴിയില്ല
ചായക്കൂട്ടിലുള്ള നിറവിത്യാസമായിരിക്കരുത്
പ്രണയം
ചിത്രത്തിൽ നോക്കുന്ന ആർക്കും
സന്തോഷവും, ദു:ഖവും തിരിച്ചറിയുവാൻ പറ്റുന്ന
തുപോലെ
തിരിച്ചറിവാകണം പ്രണയം.

2020, ജൂൺ 10, ബുധനാഴ്‌ച

രാത്രിമഴ



ചില നേരങ്ങളിൽ രാത്രിമഴ:
മഞ്ഞ വെളിച്ചംതട്ടി ഇലകളിൽ കണ്ണു
മിഴിച്ചു നോക്കുന്ന കുഞ്ഞുങ്ങൾ
ചില നേരങ്ങളിൽ,
പടികൾക്കപ്പുറത്ത് പകച്ചു നിൽക്കുന്ന
കൊച്ചു കുട്ടി
ചിലപ്പോൾ,
ചുമലിൽ കരം ചേർത്തു നിൽക്കും
സുഹൃത്ത്
മറ്റുചിലപ്പോൾ,
നേർത്തു തിളങ്ങുന്ന ഉടുപ്പണിഞ്ഞ്
നനഞ്ഞു കുതിർന്ന കന്യക
പ്രണയിനിയെപ്പോലെ വന്ന് ഇടയ്
ക്കൊന്ന് മിഴികളിൽ ചുംബിക്കും
പ്രണയാരവത്താലെ ഇലകളെ തഴുകി -
യുണർത്തും
പുരുഷൻ സ്ത്രീയെ, യെന്നപോലെ
ഭൂമിയുടെ കോശങ്ങളിലേക്ക് ആഴ്ന്നി-
റങ്ങും
കോരിത്തരിച്ച് ഭൂമിയുടെ മാറിൽപുൽനാ
മ്പുകൾ എഴുന്നിൽക്കും
പ്രണയികളുടെ ശരീരത്തിൽ രോമങ്ങളെന്ന
പോലെ
മഴ എത്ര മനോഹരമാണ്
നോക്കൂ;
എല്ലാം ഭൂമിയിലേക്കു തന്നെ മടങ്ങുമെന്ന്
പറയുന്നതുപോലെ
മഴയും ഭൂമിയിലേക്കു തന്നെ മടങ്ങിപ്പോകുന്നു

കുരിശിൽ





സ്ത്രീ ഒരു ചരിത്രമാണ്
ചരിക്കുന്ന ചിത്രവും
ഉപ്പുപാടവും

അവളുടെ കണ്ണുകളിലേക്ക്
സൂക്ഷിച്ചു നോക്കുക
കാണാം, മലമ്പാതകൾ,
ചുരങ്ങൾ, താഴ് വാരങ്ങൾ,

കൊടുമുടികൾ, അഗാധഗ
ർത്തങ്ങൾ,
ദു:ഖത്തിൻ്റെ കർക്കടകം,
സ്നേഹത്തിൻ്റെ സേതു ,
പ്രണയത്തിൻ്റെ സരയൂ
സഹനത്തിൻ്റെ ആകാശവും
നീയെന്ന വേവലുകളും

നിൻ്റെ ആസക്തികളെ മാറ്റി -
നിർത്തി
ആ മാറിടത്തിൻ്റെ വിടവിലേക്ക്
നോക്കുക
കാണാം,
ആണിയില്ലാ ആണിയാൽ
കുരിശിൽ തറച്ച പിടയുന്ന
ഒരു ഹൃദയം
...................
രാജു കാഞ്ഞിരങ്ങാട്

2020, ജൂൺ 9, ചൊവ്വാഴ്ച

അത്രമേൽ........



ഞാനത്രയും നിന്നെ സ്നേഹിച്ചിരുന്നെന്നു
പറഞ്ഞാൽ
നീ വിശ്വസിക്കുമോ
നീ രുചിച്ച വീഞ്ഞിൻ്റെ വീര്യവും,
മധുരവും,
എന്നും പുലരിയിൽ നിൻ്റെ മുറ്റത്തെ
വിടർന്നു തുടുത്ത പൂവ്,
അതിരാവിലെയുള്ള നിൻ്റെ ഉന്മേഷം,
ചൊടിയിലേതുടുപ്പ്,
നിൻ്റെ മിഴികളിലെ അക്ഷമ
എൻ്റെ സ്നേഹമെന്ന് പറഞ്ഞാൽ
നീ വിശ്വസിക്കുമോ
പ്രീയപ്പെട്ടവളേ,
എൻ്റെ പ്രാണൻ്റെ ഞരമ്പ്
നിന്നിൽ തുടിക്കുന്നുവെന്നു പറഞ്ഞാൽ,
ഹൃദയത്തിൻ്റെ തവിട്ടു നിറം നിന്നിൽ
പടരുന്നുവെന്നു പറഞ്ഞാൽ,
നിൻ്റെ വികാരത്തിൻ്റെ വേലിയേറ്റങ്ങൾ
ഞാനെന്നു പറഞ്ഞാൽ
നീ വിശ്വസിക്കുമോ
പ്രീയപ്പെട്ടവളേ,
ഇനി എങ്ങനെയൊക്കെയാണ്
അത്രമേൽ നിന്നെ പ്രണയി
ച്ചിരുന്നെന്ന്
ഞാൻ എന്നെ തുറന്നു വിടേണ്ടത്