malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2019, നവംബർ 30, ശനിയാഴ്‌ച

ഡിസംബർ



തണുത്തു വിറയ്ക്കുന്നു താഴ് വരകൾ
എന്തോ തിരയുന്നു കിനാമിഴികൾ
നിലാക്കിളി പടിഞ്ഞാട്ട് നീങ്ങിടുന്നു
ദിവ്യപ്രകാശം പരന്നിടുന്നു
സ്നേഹ മനസ്സുകളൊന്നിക്കുന്നു
നല്ലിടയൻ നമ്മിലെത്തിടുന്നു
സ്നേഹ പുൽക്കൂട് കിളിർത്തിടുന്നു.
പുൽക്കൂട് കത്തിച്ചു ചാമ്പലാക്കാൻ
പുൽമേട് പൊൻ മാളികയാക്കീടുവാൻ
നിഷ്കളങ്കത്തിൽ കളങ്കംചാർത്താൻ
അതിരില്ലാതാർത്തിയാൽ ഓടിടുന്നു
അധികാര കസേര പിടിച്ചിടുന്നു
തമസ്സിന്റെ ശക്തികളെന്നുമെന്നും.
അറിയാത്തവരറിയും ഒരിക്കലെല്ലാം
സ്നേഹനാഥന്റെ പ്രകാശധാര

2019, നവംബർ 29, വെള്ളിയാഴ്‌ച

അവസാനനാളിൽ



വന്നെത്തി വൃദ്ധസദനത്തിൽ നിന്നും
ശകടം തുരുതുരാ ഹോണടിച്ചീടുന്നു
ചങ്ങാതിമാർ വേലി ചാരിച്ചരിഞ്ഞങ്ങ്
കണ്ണീര് കോന്തലയാൽ തുടച്ചീടുന്നു
കട്ടിലിലൊട്ടിക്കിടക്കുന്ന കെട്ടിയോൾ
കാര്യമറിയാതെ മേലോട്ടു നോക്കുന്നു
വന്നെത്തുമോയെന്റെ പൊന്നോമന -
മക്കൾ
വേണ്ടെന്ന് തിണ്ണം പറഞ്ഞീടുമോ
ഒത്തിരി ഒത്തിരി പൊക്കമുള്ളോരവർ
നാടിന്നഭിമാനമായോർ
വന്നെത്തിനോക്കുവാൻ നേരമില്ലൊട്ടുമേ
അവരെ ഞാനോർക്കുന്നുയെന്നും
ഒത്തിരിക്കാലമീ ഒക്കത്തിരുന്നതിൻ
പാടുണ്ട് തഴമ്പായി, യിന്നും
മക്കളെല്ലാരുമൊരുമകാത്തീടുവാൻ
ഓഹരിവെച്ചു സ്വത്തെല്ലാം
ആണായൊരുതരി മാത്രമല്ലേയുള്ളു
അവനായി നൽകിയീ വീടും
പണ്ടേയവനൊരു ബുദ്ധി കുറഞ്ഞവനെന്നു
കരുതും ഞാൻ വിഡ്ഢി
അച്ഛനുമമ്മയ്ക്കും രണ്ടു സീറ്റലോ ഉറപ്പിച്ചു
വൃദ്ധസദനത്തിൽ
ബുദ്ധിമാൻ മാത്രമോ സദ്ഗുണ സമ്പന്നൻ
ഫ്ലാറ്റിനി വേഗം പണിയാം
പട്ടണത്തിൽ മഹാ സൗധത്തിൽ വാഴുവോൻ
നേരമില്ലൊട്ടുമേനോക്കാൻ
തഞ്ചത്തിലെല്ലാമേ കൈവശമാക്കിലും
എന്റെ നെഞ്ചത്തിലവനുണ്ട് യെന്നും
ഇല്ല ഞാൻ ചൊല്ലില്ല മക്കൾതൻ പോരായ്മ
നെഞ്ചകം ചുട്ടുനീറീടിലും
എങ്കിലും ആശിച്ചു പോകുന്നു ഉള്ളകം
അവസാന നാളുകൾ എണ്ണിക്കഴിക്കവേ
ഈ മണ്ണിൽ തന്നെയടിഞ്ഞു മണ്ണാകുവാൻ
വന്നെത്തുമോയെന്റെ പൊന്നോമനമക്കൾ
പോണ്ടെന്ന് തിണ്ണം പറയുമോ








2019, നവംബർ 27, ബുധനാഴ്‌ച

നാലുവയസ്സുകാരി



നാലു വയസ്സുകാരി പെൺകുട്ടി
കടലാസ്സു പെൻസിൽ കൊണ്ട്
വെള്ളതേച്ച ചുമരിൽ
കുഞ്ഞു വരകളായ് കോറിയിടുന്നത്
എന്തൊക്കെയായിരിക്കും
പൂച്ച, പട്ടി, പശു, പൂവ്, മയിൽപ്പീലി
ഇത് മാത്രമായിരിക്കില്ല.
ചോറുതിന്നാത്തതിന്
അച്ഛന്റെ കണ്ണുരുട്ടൽ
അമ്മയുടെ ശകാരം
അച്ഛമ്മയുടെ കൊഞ്ചൽ
ഇതു മാത്രമായിരിക്കില്ല.
ഇരുളുറഞ്ഞ് തിമർത്തുപെയ്യും മഴ
ഇറവെള്ളത്തിലെ ഇളകിയാടുന്ന
കടലാസുതോണി
പൊള്ളുന്ന വെയില്
പൊരുളറിയാത്ത വാക്ക്
തണുത്ത കാറ്റ്
കൊളുത്തി വലിക്കും വെളുത്ത
മഞ്ഞിൻ പുതപ്പ്
ഇതു മാത്രമായിരിക്കില്ല.
തിരക്കുപിടിച്ച ബസ്സിൽ
അറിയാത്ത ചേട്ടന്റെ
മടിയിൽനിന്ന് പകർന്ന നോവ്
തിണർത്ത പാട്
കൈവിരൽ ഇഴഞ്ഞ ഇക്കിളികൾ.
ചിതറിക്കിടക്കുന്ന ഈ ചെറുവരകളിൽ
ഒളിഞ്ഞിരിക്കുന്നത്
ചായക്കൂട്ട് വെച്ച് നിറം പിടിപ്പിക്കാനുള്ളതല്ല
തൂവിപ്പോയ കണ്ണുനീരാണ്
ഇനിയും മായ്ച്ചു കളയുന്നതിനു മുമ്പ്
സൂക്ഷിച്ചു നോക്കുക
ഇങ്ങനെയൊക്കെയല്ലാതെ
ഒരു നാലുവയസ്സുകാരി
എങ്ങനെയൊക്കെയാണ്
തന്റെ ദുഃഖം വരച്ചിടുക


2019, നവംബർ 25, തിങ്കളാഴ്‌ച

അപ്പുറം ഇപ്പുറം



അതിരിൽ നടരുത്
എതിരു നിൽക്കരുത്
എരിതീയിൽ നടക്കരുത്
അപ്പൻ പറഞ്ഞതൊക്കെ
അപ്പം തന്നെ മറന്നു
ഇപ്പം
ഇപ്പുറം നട്ടതെല്ലാം അപ്പുറം
ഇപ്പുറം എരിപൊരിസഞ്ചാരം
അപ്പുറം ചിരിയും കളിയും
ഇപ്പുറം വഴക്കും പുക്കാറും
അപ്പുറം കാറ്റിൻ കിളിക്കൊഞ്ചൽ
ഇപ്പുറം കാറ്റിൻ കൊഞ്ഞനം കുത്തൽ
കത്തി കത്ത്യാള് വാക്കത്തി
ആളും ബഹളും കൂട്ടൂം കുറിയും
നട്ടുനനച്ച് വളർത്തിയതെല്ലാം
മുഴുത്ത മഴുവിന് ഇറച്ചിപ്പാകത്തിന്

2019, നവംബർ 23, ശനിയാഴ്‌ച

അവൾ



സ്വപ്നം പുതച്ച് അവൾ ഉറങ്ങിയതൊക്കെയും
യൗവനത്തിന്റെ നട്ടുച്ചയിലായിരുന്നു
മോഹങ്ങളുടെമരംകൊത്തികൾ കൊത്തിക്കൊത്തിയാണ്
അവളിൽ വസന്തം വിടർത്തിയത്
പ്രണയത്തിന്റെ പൊന്തപ്പടർപ്പിൽ
അവൾ ലജ്ജയുടെ ഹിമവർഷമായിരുന്നു
മുന്തിരിവള്ളി പോലെ നീണ്ടു മെലിഞ്ഞവൾ
മുള്ളുകാട്ടിൽ എങ്ങനെയാണ് പെട്ടത് ?!
മുല്ലപ്പൂവ് പോലെ പുഞ്ചിരിക്കുവോൾ
കട്ടയിരുട്ടിൽ അകപ്പെട്ടത്.
ഇന്ന്,
ഹിമക്കട്ടപോലെ ഉരുകിയൊലിക്കുന്നു
ഗ്രീഷ്മവാതനിലെന്ന പോലെ
പൊള്ളിപ്പിടയുന്നു
ഇടയിലെന്നോ വറ്റിപ്പോയ് യൗവന നദി
ജന്മദാനമായ അകാല ജരാനരയാൽ
നരകയാതന
മിഴിനീരിന്റെ മിഴാവുകൊട്ടലുമായി
കന്യാവനത്തിൽ

2019, നവംബർ 22, വെള്ളിയാഴ്‌ച

എങ്ങനെ അളക്കും....!



നിന്നിലെ ഹിമ ദംശനമേറ്റ്
ഞാൻ പൊള്ളിപ്പിടയുന്നു
നീയെന്നിൽ ഭ്രാന്തു പിടിച്ച
കൊടുങ്കാറ്റാകുന്നു
നാം ഉയിരും ഉടലും ഒന്നായ -
ഒറ്റക്കല്ല്
തെരുവുകളിലും
ആൾക്കൂട്ടത്തിലും
ഘോഷയാത്രയിലും
മുദ്രപ്പെടുന്ന വാക്കുകളുടെ
ചുവന്ന പൂക്കൾ
കറുകറുത്ത രാവുകളിൽ
സൂര്യചുംബിത മരുപ്പച്ച
നാം നമ്മിൽ കവിതകൾ വരച്ചു
കൊണ്ടേയിരിക്കുന്നു
ചിത്രങ്ങൾ വിരിയിച്ചു കൊണ്ടി-
രിക്കുന്നു
അഗാധതയിൽ നിന്നും
ആകാശനീലിമയിലേക്ക്
സ്വതന്ത്രമായ് പാറിപ്പറക്കുന്നു
അത്രയാഴത്തിൽ വളർന്ന
സമൃദ്ധതയെ
പ്രണയത്തെ
ഏത് അളവ് കോലു വെച്ച്
എങ്ങനെ അളക്കും

2019, നവംബർ 21, വ്യാഴാഴ്‌ച

മഴ പെയ്യുമ്പോൾ



മുരച്ചമഴ പെയ്തു കൊണ്ടിരുന്നു
ഞാൻ കുറിഞ്ഞി പൂച്ചയെ തലോടിയിരുന്നു
പല കൗശല ചോദ്യങ്ങളും ഞാൻ എന്നോട്
ചോദിച്ചു കൊണ്ടിരുന്നു
ആ വാക്കുകളൊക്കെ ഒരു ചെവിയിൽ നിന്ന്
മറുചെവിയിലൂടെന്ന പോലെ
പുറത്തേ മഴയിലേക്കു പോയി
ഒരു ഏകാകിയുടെ മൃദുല ഭാവത്തിലെന്ന പോലെ
പൂച്ച ചുരുണ്ടു കിടന്നു
ഞാൻ അതിനെ താലോലിച്ചും
പടക്കളത്തിലെ മുറിവേറ്റ പടയാളിയെപ്പോലെ
മഴ തെറിച്ചു വീഴുന്നു
കവിക് കാവ്യാവിഷ്കാരത്തിനുള്ള
ഉപാദാനം പോലെ
ഇടിനാദമുതിരുന്നു
പിടിതരാത്ത പ്രാസം പോലെ
പൂച്ച വാല് അനക്കി കളിച്ചു
പ്രണയിനിയിലേക്കെന്ന പോലെ
വരി തീർത്തു പോകുന്നു മഴവെള്ളം
ഒരിക്കലും പിരിയരുതെന്ന് മണ്ണ്
മഴയോട് പറഞ്ഞു കൊണ്ടിരുന്നു
മേഘങ്ങൾ മേഞ്ഞു മേഞ്ഞു മറഞ്ഞു
വിളഞ്ഞു പഴുത്ത പഴം പോലെ
കിഴക്കനാകാശം മഞ്ഞിച്ചു
മഴ മാറിയ തക്കത്തിന്
മനസ്സിലെ കവിതയെ കടിച്ചെടുത്ത്
കുറിഞ്ഞി മുറ്റത്തേ തിണ്ടിലേക്ക്
ഓടിക്കയറി

2019, നവംബർ 18, തിങ്കളാഴ്‌ച

തെരുവ്



വ്രണം പോലെ
വിങ്ങി നിൽക്കുന്നു തെരുവ്
കൊടിക്കൂറകൾ
പാറിക്കളിക്കുന്നു.
ഗോപുരങ്ങൾ ഉയർന്നു നിൽക്കുന്നു
നിശ്ശബ്ദ ഗൗരവത്തിൽ.
വഴിത്താരയിൽ ഹൃദയം വിരിച്ച്
കാത്തിരിക്കുന്നു
മുഷിഞ്ഞ വേഷത്തിൽ
കുഴിഞ്ഞ കണ്ണാലെ
ഒരമ്മയും കുഞ്ഞും.
വിജയപ്രവചനങ്ങളുമായി നീങ്ങുന്നു
ഒരു ജാഥ.
സ്വപ്നം പുലർത്തുന്ന മിഴികളുടെ
ഒരു നിര
എരിയുന്ന വേദനയുടെ ഒരു കൂന
ആർഭാടത്തിൽഅണിഞ്ഞൊരു
ങ്ങിയ ഒരു പറ്റം.
മണിക്കൂറുകളെ കുട്ടിക്കുഴച്ച്
തെരുവിലെ പുഴ
നിറഞ്ഞും കവിഞ്ഞും ഒഴിഞ്ഞു -
മങ്ങനെ.......
ശകടങ്ങളുടെ കാതടപ്പിക്കും
ശബ്ദത്തിൽ
മാഞ്ഞു പോകുന്ന ശ്വാസോച്ഛ്വാസവും
നെടുവീർപ്പും
പകലിന്റെ തോളിൽ കയറി
രാത്രി വന്നെത്തുമ്പോൾ
നടുവൊന്ന്നിവർക്കുന്നു തെരുവ്

2019, നവംബർ 17, ഞായറാഴ്‌ച

ജീവിത പുസ്തകം



അലഞ്ഞതത്രയും
അർത്ഥങ്ങൾ തേടി
പൊലിഞ്ഞ ജീവിതം
ഓർത്തില്ല
അർത്ഥത്തിന്റെ അർത്ഥം
വ്യർത്ഥമെന്നറിഞ്ഞപ്പോൾ
കെട്ടിയതൊക്കെയും
വിഡ്ഢിവേഷം
ഒലീവില ഒടിച്ച
കഴുക കൊക്ക്
കന്യാഛേദത്തിന്റെ
കാമത്തുരുത്ത്
കരുത്തു കൊണ്ട്
കണ്ണീർ ധാനം
വസന്തത്തെ ഹിമത്തിൽ
കെട്ടിത്താ ഴ്ത്തി
കണ്ണിന്റെ മുനയാൽ
സ്തനത്തെ കീറി മുറിച്ചു
സ്തന്യമില്ലാത്ത കുഞ്ഞ്
വിശപ്പിന്റെ വെയിലിൽ
പിടഞ്ഞു മരിച്ചു
അർത്ഥത്തിന്റെ ആന
തുമ്പി കുലുക്കി തുള്ളി
വരുന്നു
കൈവെള്ളയിലെ
വെട്ടപ്പെട്ട ആയുസ്സുരേഖ
അസുര ദംഷ്ട്രയായ്
ഉയർന്നു നിൽക്കുന്നു
അർത്ഥത്തിന്റെ അവസാനത്തെ
അർത്ഥവും
ജീവിത പുസ്തകം കാട്ടി തന്നു
ഞാൻ രക്ഷിച്ചവർ
ഇനിയെന്റെ ശിക്ഷകർ
എന്റെ ധനം എന്റെ ശത്രു
വരുമ്പോൾ നീയൊന്നും
കൊണ്ടു വന്നിട്ടില്ലെന്ന്
അവസാനത്തെ ഒരിറ്റ് ജലം


2019, നവംബർ 15, വെള്ളിയാഴ്‌ച

കാഴ്ച



വാക്കറ്റ് മൗനം പിറക്കുന്നു
കനവറ്റ് കതിരു കരിയുന്നു
നിനവറ്റ് ചിറകു മുറിയുന്നു
നിലവിളികൾ നൃത്തം വെയ്ക്കുന്നു
ഭയത്തിന്റെ കരടിക്കൂട്ടം
ഉള്ളത്തിൽ തുള്ളിക്കളിക്കുന്നു
നീരോട്ടം നിന്ന നദിയായ് സിര
കത്തിപ്പടരുന്നുവഹ്നി
വേഴ്ച കൊതിക്കുന്നു
നിഴലിൻ ക്രൂരത
പക വീട്ടുന്ന പാതിരാപ്പാറകൾ
നഗ്നതയിൽ പല്ലാഴ്ത്തുന്ന
ഓർമ്മകൾ
കവിതയെ കല്ലെറിഞ്ഞു കൊണ്ടി
രിക്കുന്നു പാപികൾ
അരുതെന്ന് പറയാൻ
ഇന്നെവിടെ രക്ഷകൻ
തീർക്കുന്നുണ്ട് കല്ലറ
കവിതയെ ഖബറടക്കാൻ

2019, നവംബർ 14, വ്യാഴാഴ്‌ച

കാടുമുടിക്കുന്നവർ



പൊട്ടിച്ചിരിക്കുന്ന കാടു കണ്ടോ
കാട്ടുപെണ്ണിന്റെ,യാമാറുകണ്ടോ
താളത്തിലാടും മുടികൾ കണ്ടോ
താരകൾ കണ്ണിറുക്കുന്ന കണ്ടോ

നാണിച്ചു നിൽക്കുമാ പെൺകവിളിൽ
മിന്നാമിനുങ്ങുനുള്ളുന്ന കണ്ടോ
നിലാവു വന്നൊന്നെത്തി നോക്കുന്നേരം
അലയുന്ന പൂതം പോൽ പാറ കണ്ടോ

ആമരീരമരം ചൊല്ലി കാറ്റ്
രാമനാമം ജപിക്കുന്നകേട്ടോ
കൊതിയോടെ നോക്കി നിൽക്കുന്നതെന്തേ
മോഹങ്ങൾ തുള്ളി തുടിപ്പതെന്തേ

നാമല്ലോ അവൾക്കിന്നിണയാകേണ്ടോർ
അവളല്ലൊ നമുക്കിന്നിരയാകേണ്ടോൾ
കാട്ടുപെണ്ണിന്റെ കനലിറച്ചി
കാച്ചിക്കുറുക്കിയ ചുടുചോരയും

ആവോളം മോന്തിരമിച്ചിരിക്കാം
ഓരോന്നുമോർത്തു രസിച്ചിരിക്കാം
എല്ലാരും നമ്മേ കുമ്പിട്ടു നിൽക്കും
ഉള്ളിൽ കാടൊന്നു വളർത്തിടേണം

അക്കാടു പൂകി നമുക്ക് പാർക്കാം
നാമെല്ലാതാരുണ്ട് കാടു പൂകാൻ
പച്ചനോട്ടിന്റെ കരുത്തിനാലേ
പച്ചപ്പിതെല്ലാം നമുക്കുസ്വന്തം

2019, നവംബർ 13, ബുധനാഴ്‌ച

അത്ര എളുപ്പമല്ല



പറയുമ്പോലെ അത്ര എളുപ്പമല്ല ജീവിതം
വാക്കുകളുടെ വയലറ്റ് വള്ളികളാൽ
പടരുവാൻ കഴിയില്ല
സ്നേഹത്തിന്റെ മിനാരമുയർത്തുവാനും
പറയുമ്പോലെ അത്ര എളുപ്പമല്ല ജീവിതം
മോഹത്തിന്റെ പട്ടുനൂൽ കൊണ്ട്
ജീവിതത്തിന്റെ ആകാശം നെയ്യുവാൻ
കഴിയില്ല
സമാധാനത്തിന്റെ മുല്ലപ്പൂ വിരിക്കുവാനും
എല്ലാവാതിലുകളും തുറന്നിട്ടാലും
പറയുമ്പോലെ അത്ര എളുപ്പമല്ല ജീവിതം
നോക്കി നോക്കി നിൽക്കേ ശീഘ്രം വളരുന്നതാണ്
അശാന്തിയുടെ ചെടി
വിതയ്ക്കാതെ കൊയ്യുന്ന വിളയാണത്
ണ്ണെത്താ ദൂരത്തെ നിറമാണത്
ചുര മാന്തുന്ന കുതിരയാണത്
പറയുമ്പോലെ അത്ര എളുപ്പമല്ല ജീവിതം
പകൽ രാത്രിയെ കൊത്തി വെയ്ക്കുമ്പോലെ
കഴിയില്ല കൊത്തി വെയ്ക്കുവാൻ
എത്ര വരച്ചാലും പൂർത്തിയാകാത്ത
ചിത്രമാണ് ജീവിതം
പറയുമ്പോലെ അത്ര എളുപ്പമല്ല ജീവിതം

2019, നവംബർ 11, തിങ്കളാഴ്‌ച

പേര്



നീയെന്നിലുദിക്കുന്നു
നിലാവായ് ലയിച്ചു ചേരുന്നു
എന്റെ ശിശിര ഹൃദയത്തിൽ
നീ ഗ്രീഷ്മമായ് പെയ്യുന്നു
നിന്റെ മിഴിയിൽ പക്ഷി
എന്റെ സിരയിൽ സംഗീതം
ഭ്രാന്തമോഹങ്ങൾ
വന്യരാഗങ്ങൾ
നീയാംപൂവിൻ ചിറകുകൾതോറും
ഞാനാംശലഭ നൃത്തച്ചുവടുകൾ
പെരുവഴിതോറും സുഗന്ധമായി
കാറ്റിൻചിറകായ് നമ്മൾ
തകർന്നഹൃത്തിൽ വസന്തമായി
മുറിവിനെ ഊതിയുണക്കുന്നു
മദിച്ചമനസ്സ് രുചിരത്താലെ
കുടിച്ചുനിൽപ്പൂ വെളിച്ചം
തേടിനേടിയ അമൃതുകൾനമ്മൾ,
വിടർത്തും പുത്തൻകാന്തി
നിന്നിൽനിന്നും പിറക്കുംഋതുക്കൾ
ഞാനൊരു യാത്രക്കാരൻ
മഴമേഘത്തിനൊപ്പം പോകേ
മഴയായ് പെയ്യന്നൂ നീ
നിലാവിൻകൂടെ പോകുന്നൂ ഞാൻ
നറുമലരാകുന്നൂ നീ
എന്നുടെയോരോ യാത്രയുമെന്നും
എത്തിച്ചേരും നിന്നിൽ
ഇതിന്റെപേരോ പ്രണയം
പറയാൻവയ്യാഹർഷം

2019, നവംബർ 9, ശനിയാഴ്‌ച

അരുത്




കൊളുത്തിയ വിളക്കുകളെല്ലാംഅണച്ചു
ഇരുട്ടിന്റെ കണ്ണാടിയിലേക്കിനി നോക്കുക
രാജവീഥിരക്തം കൊണ്ട് ചുവന്നു
തെരുവുകളിൽ ആർത്തനാദമുയരുന്നു
കൂട്ടക്കുരുതിയുടെ കാഹളം മുഴങ്ങി
എനിക്ക് എന്നെ ഒന്നു കാണണം
കൊളുത്തുവാൻ വിളക്കെവിടെ?
പക്ഷിയുടെ മനസ്സുള്ള പെങ്ങൾ
മരിച്ചു കിടക്കുന്നു
ആ രക്തത്തിൽ കൈമുക്കി അവർ
ആനന്ദനൃത്തമാടുന്നു
ശവക്കച്ചവിരിച്ച ഈ തെരുവിൽ
അവസാനമായി എന്നെ എനിക്കൊന്ന്
കാണണം
വെളിച്ചമെവിടെ?
സാക്ഷിയാകുവാൻ കഴിയില്ലെന്ന്
വിളക്കും വെളിച്ചവും
ഞങ്ങളുടെ നിസ്സഹായത നിങ്ങൾക്കറി
യില്ലെന്ന് അവർ
പൈതൃകമായി കിട്ടിയ ശാപമീ കാഴ്ച്ച
യെന്ന് അവർ
മരിച്ച എന്നെ മറവു ചെയ്യുന്നതിന് മുമ്പ്
എനിക്കെന്നെ കാണുവാൻ കഴിയില്ലെന്നോ
ആൾക്കൂട്ടം അകന്നു പോകുന്നു
മിണ്ടരുത്, "ആൾക്കൂട്ടം"എന്ന് പറയുക
യേ അരുത്
..............
കുറിപ്പ് :-
ആൾക്കൂട്ടം - ആൾക്കൂട്ട കൊലപാതക വാർത്തകൾ

മൃത്യുവെന്നേ ചൊല്ലു



സീമകളില്ലാത്ത സ്നേഹങ്ങൾ
കൊണ്ടു നാം
നമുക്കായ് കുറിക്കുക പ്രേമ ഗീതം
പകരുക പരസ്പരം പ്രിയേ നാം
പ്രാണനിൽ
പാരിന്റെ തോരത്ത പ്രണയം
നേരുതീണ്ടീടുക
നോവിനെ മാറ്റുവാൻ
തീയായി ഉള്ളം ജ്വലിച്ചു നിൽക്ക
കമ്ര നക്ഷത്രമായ് മാറണം പ്രേമം
തീരാത്തയുമ്മകൾ പങ്കിട്ടെടുക്കുവാൻ.
വിഷാദാർദ്രഗീതം മുഴക്കുവാനെങ്കിൽ
അരുതരുത് പ്രേമം സഖി യോർത്തിടേണം
തീയാറിയുള്ളിൽ മുനിയുവാനെങ്കിൽ
മൃത്യുവെന്നേ ചൊല്ലൂ ആ പ്രണയത്തിന്

2019, നവംബർ 3, ഞായറാഴ്‌ച

ചുംബനം



ചുംബനം കൊണ്ട്
ചുവന്നു പോയവരാണു നാം
കുമ്പസാരം വെറും പഴങ്കഥ
എന്നന്നേക്കുമായി
അടഞ്ഞഒരദ്ധ്യായമാണു നാം.
ഹൃദയം കൊണ്ട് ഇനിയാരും
ചുംബിക്കരുത്
പ്രണയചിഹ്നങ്ങൾ
സൂക്ഷിക്കരുത് .
ആസക്തിയാൽ അടർത്തി -
യെടുക്കുക
മീനിനെ പൊൻമയെന്നപോലെ
കൊത്തിപ്പാറുക
കഴുക കൊക്കുകളെ രാകി -
മിനുക്കുക
എല്ലും, പല്ലും മാത്രം ഉപേക്ഷിക്കുക
പ്രണയത്തിന്റെ അനശ്വര കുടീരം
അവർ തീർത്തുകൊള്ളും
പ്രണയത്തിന്റെ പവിത്രതയെ -
വാഴ്ത്തി
പ്രണയപ്പാർക്കുകൾ പണിതു കൂട്ടും
ഹൃദയം കൊണ്ട് ഇനിയാരും
ചുംബിക്കരുത് .
നമുക്കിനി എപ്പോഴും
ചുംബിച്ചു കൊണ്ടിരിക്കാം
റോഡെന്നോ, വീടെന്നോയില്ലാതെ
നാടെന്നോ, കാടെന്നോയില്ലാതെ
പകലെന്നോ, ഇരവെന്നോയില്ലാതെ
ഹൃദയം കൊണ്ടു മാത്രം ചുംബിച്ചതു -
കൊണ്ട്
സദാചാരത്തിന്റെ ഖഡ്ഗത്താൽ
ചുവന്നു പോയ രണ്ടു പൂക്കളാണു നാം
ഈ അദൃശ്യതയിൽ നിന്ന് നമുക്ക്
മതിവരുവോളം ഇനി ചുംബിക്കാം