malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

ഒറ്റത്തുള്ളി




ഇന്നീ മഴപ്പെയ്ത്ത്
അലോസരമാകുന്നേയില്ല.
അനേകം നാശനഷ്ടങ്ങളും
ദുരിതങ്ങളും വിതയ്ക്കുന്നു
ണ്ടെങ്കിലും.
മേൽക്കൂരയിൽ ഒറ്റത്തുള്ളി
വീണാൽ
നെഞ്ചു പിടയ്ക്കുന്നകാല-
മുണ്ടായിരുന്നു
മലർന്നു കിടന്നാൽ
മോന്താഴത്തിലൂടെ
നക്ഷത്രങ്ങളെ കണ്ടിരുന്ന-
കാലം
ഏതോ പാതിരാവിൽ
നല്ല ഉറക്കത്തിലായിരിക്കും
നെഞ്ചിൻ കൂടിലേക്ക്
തകര പാത്രത്തിലെന്നോണം
വെള്ളം വന്നു വീഴുക
ദേഷ്യവും, സങ്കടവും
തളർച്ചയിലും ശരീരത്തെ-
വലിച്ചൊരുയർത്തലുണ്ട്
കീറപ്പായ ചുരുട്ടിവെച്ച്
ചുമരുചാരി തളർന്നിരി-
പ്പുണ്ടാകുമപ്പോൾ അമ്മ
അച്ഛൻ ചാക്കു വിരിപ്പിൽ
ചുരുണ്ടു കിടപ്പുണ്ടാവും
പഴുതാര മൺകട്ടവിള്ള -
ലിൽ നിന്നും
സ്വൈര്യ വിഹാരത്തിനിറ-
ങ്ങുന്ന നേരം.
നിദ്ര നനഞ്ഞു കുതിർന്ന്
തണുപ്പായ് പറ്റിപ്പിടിച്ചിരിക്കു-
മ്പോൾ
എത്ര പ്രാകിയിട്ടുണ്ട് മഴയെ
ഇന്നീ മഴപ്പെയ്ത്തിൽ
സുഖിച്ചുറങ്ങുമ്പോൾ എന്തു
രസം
ഇതുകൊണ്ടാണ് പറയുന്നത്
മനുഷ്യൻ നന്ദികെട്ടവനെന്ന്
കണ്ടാലും കൊണ്ടാലും
അറിയാത്തവനെന്ന്
അറ്റു വീഴുന്ന ഓരോ മഴത്തു -
ള്ളിയും
അലറിപ്പൊലിയുന്ന ജീവിത -
മാകുമ്പോഴും
നാശങ്ങളും, ദുരിതങ്ങളും
ആഘോഷിക്കയാണിന്ന്.

2018, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

എന്റെ നാട്




കാഴ്ചകളിൽ കടൽ മാത്രം
കാലടികളിൽ ശൈത്യം
കരളിൽ കണ്ണീരുപ്പിൻ കവർപ്പ്
ഇത് ഞാൻ കണ്ട നാടല്ല
പുതിയൊരു ഭൂമി ഭൂജാതമായി
രിക്കുന്നു.
എന്റെ വീട്
എന്നോടെന്നും തല കുനിച്ച്
വന്ദിക്കേണ്ടുന്നതിന്റെ
മഹത്വം പറഞ്ഞിരുന്ന കട്ടിലപ്പടി
ഇറങ്ങിപ്പോകുമ്പോഴും
തിരിച്ചു വരുമ്പോഴും
ആദ്യവസാനം കാത്തിരിക്കുന്ന
ഇറങ്കല്ല്
എന്റെ നിറങ്ങൾ, നറുമണങ്ങൾ
പൈക്കിടാവ്, എത്ര ദേഷ്യപ്പെട്ടാലും
കാൽവണ്ണയിൽ മുട്ടിയുരുമ്മി
സ്നേഹവാലിളക്കുന്ന കറുമ്പി പൂച്ച
എന്റെ കുഞ്ഞു ചോദിക്കുന്നു:
ഈ നാട് ഏതാണച്ഛാ?
അവൻ വാശി പിടിക്കുന്നു
നമുക്ക് വീട്ടിലേക്ക് മടങ്ങാം
ഈ കടലിൽ, കരകാണാത്ത,യീ -
നടുക്കടലിൽ.
ഞാനെന്തു പറയും
എന്റെ മകനെ ,
നിന്റെയീ വാക്കിൻപ്രളയത്തിൽ
ഞാനൊലിച്ചു പോകുന്നു.


2018, ഓഗസ്റ്റ് 29, ബുധനാഴ്‌ച

കൊളാഷ്



കാലമൊരു മഹാ
 കലാകാരനാണ്
കേരളത്തിലെ
പല പല ചിത്രങ്ങൾ
ചേർത്താണ്
'പ്രളയത്തിനു ശേഷ-
മെന്ന'
കൊളാഷ്
സൃഷ്ടിച്ചത്

2018, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

പ്രളയ ദർശനം



ചിരിയിൽ
ചതിയെന്നറിഞ്ഞിരുന്നില്ല
കുളിരിന്
മരണത്തിന്റെ തണുപ്പെന്നും
ചിതയെരിക്കാനുള്ള
ചിതം പോലും ചെയ്തില്ല
നീയെൻ മക്കളേയും
മണ്ണിനേയും
നക്കി തിന്നില്ലെ.
'ഭൂമിക്കൊരു ചരമഗീതം '_
പാടിയോൻ
മണ്ണിന്റെ മകനവൻ ക്രാന്ത -
ദർശി.

2018, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

എല്ലാ കാലവും ഒരു പോലെയെന്ന് നിനച്ചു പോകരുത്




ഒറ്റത്തുള്ളിയും തുളുമ്പിപോയേക്കാം
ചില നേരങ്ങളിൽ.....!
ഉയർത്തി കെട്ടിയതെല്ലാം
താഴ്ത്തികെട്ടേണ്ടതെന്ന്
ഓർമപ്പെടുത്തിയേക്കാം.
കുത്തിനോവിച്ചവരും
നഗ്നതയിൽ ഉഴവുചാലു തീർത്തവരും
കുത്തിയൊലിക്കുന്ന വെള്ളത്തിൻ
നടുവിൽ
ഒരിറ്റു വെള്ളത്തിന് യാചിച്ച്പിടഞ്ഞു -
മരിച്ചേക്കാം
വെട്ടിപ്പിടിച്ചവയൊക്കെ വേട്ടയാടപെ-
ട്ടേക്കാം
പൂപ്പലുകെട്ടിയ മനസ്സുകളിൽ
പുത്തനുണർവുകൾ ഉണരുമ്പോഴേക്കും
എല്ലാം അവസാനിച്ചേക്കാം
അഹന്തയുടെ ആൾ കണ്ണാടി
ഉടഞ്ഞു വീഴുമ്പോൾ
വലിയവനെന്നോ ചെറിയവനെന്നോയില്ല
നിന്റെ അഹങ്കാരത്തിന്റേയും, അധികാ
രത്തിന്റേയും കുന്നുകൾ ഒലിച്ചുപോകു-
മെന്ന്
കാട്ടി തന്നേക്കാം.
ജീവിതമെന്തെന്നും ജീവിക്കാനുള്ള -
കൊതി യെന്തെന്നും പഠിപ്പിച്ചേക്കാം
എനിക്കുകീഴെയെന്നു നീകരുതിയ
തൊക്കെ
ഒരിക്കൽ നിനക്കു മേലെയെന്ന് കാട്ടി
തന്നേക്കും.

2018, ഓഗസ്റ്റ് 26, ഞായറാഴ്‌ച

മഴക്കലി




ചുട്ടുപൊള്ളുന്ന
ഒരു രാത്രിയിലാണ്
ചാരിയിട്ട വാതിൽ മെല്ലെതുറന്ന്
പൂച്ചയെപ്പോലെ പതുങ്ങി പതുങ്ങി
നനുത്ത മാറിടം നെഞ്ചോടമർത്തി
അവൾ കെട്ടിപ്പിടിച്ചത്
പതുക്കെ പ്രണയത്തിന്റെ വരികളി
ൽനിന്നും
അവൾ വഴുതിയിറങ്ങി
ഭാവങ്ങൾ പലതും പകർന്നാടി
 പൈതലായ്, തരുണിയായ്,
അമ്മയായ്.
അന്നൊന്നും കരുതിയിരുന്നില്ലല്ലോ
ഇങ്ങനെയാകുമെന്ന് !
പിന്നെ ,യെന്നാണവൾ
കലിയായത്
സ്വപ്നങ്ങളടെ ചിറകൊടിച്ച്
ചോര പ്രളയം സൃഷ്ടിച്ചത്
അല്ലലമുറകൾ പോലും പ്രളയ
ത്തിൽ മുക്കിയത്
മരണത്തിന്റെ തിരകൈകളാൽ
തീരങ്ങളെ പിളർത്തിയാഴ്ത്തിയത്
മണ്ണിലിഴയും പവിഴതൊത്തുകളെ
പിച്ചിക്കീറിയത്
കിനാക്കൾതൻ മാറാപ്പു പോലും
പേറുവാൻ കഴിയാത്തോർ ഞങ്ങൾ
മാറു പിളർക്കാനെങ്ങനെ ക്രൗര്യമേറി
നിന്നിൽ !
പ്രണയമായ് വന്ന് പ്രളയമായ് തീർ-
ന്നോളെ
കുരുക്ഷേത്ര മിനിയും പിറക്കുമെന്നോ-
തുന്നുവോ നീ


2018, ഓഗസ്റ്റ് 25, ശനിയാഴ്‌ച

മാവേലി @ 2018



പാതാളത്തിൽ
പോയതിനു ശേഷം
മാനുഷ്യരെല്ലാരെയും
ഒന്നുപോലെ കാണാൻ
2018 ശ്രാവണം വരെ
കാത്തിരിക്കേണ്ടി വന്നുവെന്ന്
മാവേലി

2018, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

മഴക്കെടുതിയിൽ





മനസ്സിൽ
ഞാനൊരു മലയെ
നിവർത്തി നിർത്തുന്നു
കിനാവള്ളി കൊണ്ട്
ഏണി പണിയുന്നു
മടുത്തു പോയ രാവിന്റെ
നീളംകൊണ്ട്
പാലം കെട്ടുന്നു
ഇരുള് വെളുക്കുമ്പോഴേക്കും
എല്ലാം ഉരുളിൽ പെട്ടുപോയി.
എത്രയെത്ര അർച്ചനകൾ
കാണിക്കകൾ
വ്രതങ്ങൾ.
ആശ്വാസത്തിനായ്
ഈശ്വരന്റെ ഒരശരീരി
 പോലുംകേട്ടില്ല.
വേവലാതിയും,
വിലാപവും
ചോരച്ചാലുകളായ്
പതഞ്ഞൊഴുകുമ്പോൾ
കടലിലെ കുടം പോലെ
വെള്ളത്തിലെവീട്ടിന്റെ
മേളില്
തളംകെട്ടിയ കണ്ണീരിന്റെ
ചാവുകടലിൽ
ജഡംപോലെ, അന്ധനായ്
നിൽക്കുമ്പോൾ
പൊട്ടിയുതിരുംമേഘച്ചില്ലുകളെ
വകവയ്ക്കാതെ
പ്രളയത്തിന്റെ പേക്കൂത്തിനെ
പേടിക്കാതെ
ജീവന്റെ വിലയറിഞ്ഞെത്തിയ
ജീവനെയല്ലാതെ
ആരാണിനിയുമെന്റെ ദൈവം





2018, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

ജലം തന്നെ അഗ്നി




കാലം തട്ടിത്തൂവിയചായമാണിന്ന്
കേരളം
ആയുസ്സിൽ ഞാനൊരിക്കൽ മാത്രം
കണ്ട അപൂർവ്വ വർണ്ണം
നഷ്ടബോധത്തിലേക്ക് ,അറ്റുപോകുന്ന
സന്തോഷത്തിലേക്ക്,
ആത്മവീര്യം തകർത്ത് പ്രാണനെ പിടിച്ചു
പറിക്കുന്ന
ഈ വർണ്ണമിനിയെനിക്കു കാണണ്ട
കാലമേ, ഛത്രം തന്നില്ലെങ്കിലും
വരക്കരുത് ഇനിയും നീ ഇത്തരം
ചിത്രങ്ങൾ
തീരാവേദനയിൽ പുളയുന്ന ഒരു മനസ്സ്
നൽകരുത് നീ
ഇനിയും നീ ഉരിയരുത് ഭൂമി മാതാവിൻ
ഉടയാട
ദുഗ്ധമൊഴുക്കുമാ മാറിടം കുത്തി
ക്കീറരുത്
ജലം കൊണ്ടു പൊള്ളിപ്പോയവർ ഞങ്ങൾ
ഇനിയും ഹൃദയത്തിലേക്കു തന്നെ
പതിപ്പിക്കരുത് ആവീതുളി.
അരുമയാം മക്കളെല്ലാവരും ഒരുമയോടെ
അമ്മവട്ടിയിൽ സ്നേഹാക്ഷരങ്ങൾ
കുറിക്കയാണിപ്പോൾ

2018, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

സ്വർഗം




സ്വർഗത്തിന്റെ
സുവിശേഷം പറഞ്ഞ്
അവർ ചൂഷണം
ചെയ്യുന്നു.
പാവപ്പെട്ടവന് നരകം
 പണിഞ്ഞു കൊണ്ട്
അവർ ഭൂമിയിൽ
സ്വർഗത്തിൽ
വസിക്കുന്നു.

2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

മീൻ




ജീവന്റെ ആർത്തിയെ
ക്കുറിച്ച്
നിങ്ങൾക്കെന്തറിയാം.
പ്രദർശനത്തിനുവെച്ചതു
പോലെ
വിൽപ്പനയ്ക്കു വെച്ച
മീനുകളുടെ
കണ്ണിലേക്കൊന്നു
നോക്കൂ.
ചെതുമ്പലുകൾക്കു
ള്ളിലേക്ക്
നഗ്നത മറക്കാനുള്ള
വെമ്പൽകാണാം
ജീവിതാസക്തിയുടെ
അവസാന
ശ്വാസത്തിനായുളള
പിടച്ചിൽ കാണാം
നരച്ചു പോയ ആശകൾ
 പോലെ
ചത്തു മലർന്നങ്ങനെ
എന്നിട്ടും ,നിങ്ങൾക്കായ്
ചമഞ്ഞ്.
മലർന്നു കിടക്കുന്ന
ഒരു കടലാണ്
ചത്തുമലച്ച മത്സ്യങ്ങൾ.

2018, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

മനസ്സ്




വികാരവിവശയായ
കാമുകിയെപ്പോലെ
തണുപ്പ് നീലപ്പുതപ്പി
നുള്ളിൽ
അവനോടു പറ്റിച്ചേർന്നു.
പുലർകാല കാമനകളെ
മേയാൻവിട്ട്
അവൻമതി കെട്ടുറങ്ങി
കിഴക്കനാകാശത്ത്
വെളിച്ചത്തിന്റെ തുള്ളികൾ
പരന്നു
കഷ്ടതയുടെ കാണാക്കുരു
ക്കിൽ
അവൻ പുളഞ്ഞു
പുഴുക്കളരിക്കുന്ന ഓsപോലെ
ഒരു ജീവിതം
അടങ്ങാത്ത സ്നേഹത്തിന്റെ
ഒരു ചിരി
മായാത്ത ചുംബനത്തിന്റെ
ഒരു തുടിപ്പ്
സുഖം സ്ഫുരിക്കുന്നൊരാലസ്യം.
മരിച്ചു കൊണ്ടിരിക്കുന്ന
പ്രതീക്ഷയുടെ
ഒരു മരുപ്പറമ്പ്
ജീവിതത്തിന്റെ ഗതിവിഗതി
കളെ
കണ്ടവരാരുണ്ട്
മരിച്ചുകിടന്നാലും ചിരിച്ചിരി
ക്കുവാനുള്ള
ഒരു മനസ്സുമാത്രം ബാക്കിയുണ്ട്

2018, ഓഗസ്റ്റ് 12, ഞായറാഴ്‌ച

അനാഥത്വം



കാലപ്പഴക്കത്താൽ
ഇടിഞ്ഞു തകർന്നു
ശരീരം.
എരിവയറിൽ
പൊരിയുന്ന വേദന.
കണ്ണീരുറവകൾ കവിൾ
ചുളിവിൽ പറ്റിക്കിട
ക്കുന്നു.
അകലെയൊരു
കുഞ്ഞിൻ കൈയ്യിലെ
അപ്പത്തെ
പേടിക്കണ്ണാലെ
നോക്കുന്നു.
സ്നേഹത്തിന്റെ
നനുത്ത അലകൾ
കുഞ്ഞിൻ ചുണ്ടിൽ
പൂവായ് വിരിഞ്ഞു.
കണ്ണു തുറിച്ച്
അലറി വരുന്ന മകനെ
ചുവന്നു തിണർത്ത
ദേഹാസ്വാസ്ഥ്യം
ഓർമ്മിപ്പിച്ചു.
പെറ്റ വയറിന്
വിശന്നു പോയതി
നാൽ
അനാഥത്വം
പക്ഷങ്ങളറ്റ് മണ്ണിൽ
പിടയുന്നു സ്നേഹ
പക്ഷി.
നിർജ്ജീവതയുടെ
ഒരു ശൂന്യത മാത്രം
മുന്നിൽ.
ഇനിയുമെങ്ങനെയാണ്
ഒരമ്മ
അനാഥയാകേണ്ടത്.






2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

കർക്കടകവാവ്




കെട്ടടഞ്ഞ അടുപ്പിനരികിൽ
കണ്ണീരണിഞ്ഞ,വൻ നിൽക്കുന്നു.
നെഞ്ചിൻ കുടുക്കയുടെ വക്കിൽ
മഞ്ഞൾച്ചോറ് ഉണങ്ങി കിടക്കുന്നു
ദുഃഖത്തിൻ കാക്കക്കാലുകൾ
തട്ടിമറിച്ചു എള്ളും, പൂവും.
ഇന്ന് കർക്കടക വാവ്
അമ്മേ....മാപ്പ്!
ബലി കാക്ക മുരിക്കിലിരുന്ന്
പറയുന്നതെന്താണാവോ?
വേണ്ട, ബലി വേണ്ട
അമ്മ തൻ നിത്യബലി നീയാ-
കുമ്പോൾ എന്നാകുമോ?
വിറയ്ക്കുന്ന കൈകളിൽ,
തുടിക്കുന്ന നെഞ്ചിൽ
കണ്ണുനീരുപ്പിൽ അമ്മയുള്ളപ്പോൾ
എന്തിനു ബലിയെന്ന് അവനും
നിനപ്പൂ.


2018, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

പുതു ചരിത്രം



ചരിത്രത്തിന്റെ താളുകൾ
തീണ്ടാത്ത
കുറേയാളുകളുണ്ട് ഭൂമിയിൽ
കലപ്പയിലെ കൊഴുവായിരു
ന്നവർ
അടുക്കളയിൽ അരഞ്ഞു
തീർന്നവർ

പ്രതിഭയേറെയായതിനാൽ
പ്രാണൻ വെടിയേണ്ടി വന്നവർ
പേരും പ്രതാപവുമില്ലാത്ത
മണ്ണിന്റെ മണമുള്ളവർ.

ഒരിക്കലും കെടാത്ത തീയാണ്
ജീവിതമെന്നു പഠിപ്പിച്ച
ഇവരാണ് ചരിത്രം രചിച്ചത്.

എന്നിട്ടും;
രാഷ്ട്രീയത്തിന്റെ മൂശയിലിട്ട്
പുതു പുതുരൂപത്തിൽപുതുക്കി
പണിയുകയാണ്
പുതു രാഷ്ട്രീയക്കാർ.

2018, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

വെയിൽ ചാഞ്ഞ നേരത്ത്




കാലത്തിന്
ഒട്ടകപക്ഷിയുടെ വേഗം.
പൂത്തുലഞ്ഞ വസന്തം
ഇന്നലെയാണ്
കാലടികളിൽ നിന്നും
വഴുതി മാറിയത്.
ഏകാന്തതയുടെ ഇരുട്ട
റയിലേക്ക്
ഒച്ചപ്പാടുകളുടെ വെളിച്ച
ങ്ങൾ കടന്നു വരുന്നു
കരുണയുടെ കരുത്തായ
അച്ഛനും
സ്നേഹത്തിന്റെ മണ
മുള്ള അമ്മയും
പ്രാണന്റെ പ്രാണനായ
സഹോദരങ്ങളും.
കുഞ്ഞുനാളിന്റെ
കലപിലകൾ
പൂക്കളോടും, കിളിക
ളോടും, കറുകനാമ്പി
നോടും
കളി പറഞ്ഞ് ചിരിച്ച്
പരിഭവിച്ച് കരഞ്ഞ്
പനിനീർ പൂപോലെ
തുടുത്ത്
ഉണ്ണിമാങ്ങകൾ
ഉപ്പു കൂട്ടി തിന്ന്
മാങ്ങാച്ചുനമണങ്ങ
ളിൽ കുളിച്ച്.
വെയിൽ വല്ലാതെചാ
ഞ്ഞിരിക്കുന്ന ഈ
പ്രായത്തിലും
ഓർമ്മകൾക്ക് ബാല്യം.
ആരവങ്ങളൊഴിഞ്ഞ
മുറ്റത്ത്
അനാഥരായി
ഉണ്ണിമാങ്ങകൾ.
ചുനമണങ്ങൾ
വറ്റിയദേഹത്തിലിപ്പോൾ
ശവഗന്ധമുയരുന്നു.



2018, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ഓഗസ്റ്റ്




കലിതുള്ളലടങ്ങി
കണിമലരുണർന്നു
കിളികൾ തൻ കളകൂജന
മുണർന്നു
ആടിമാസ, മാടിത്തിമർത്തതിൻ
ബാക്കി പത്രങ്ങൾ
പതിയേ മനതാരിൽ മങ്ങിത്തുടങ്ങി
കരളിൽ നിന്നൊരു കരിങ്കാക്ക
എങ്ങോ പാറി മറഞ്ഞു
കലങ്ങിയ വെള്ളം തെളിഞ്ഞു
ബലിച്ചോറിൻ ഉരുളകൾ മറഞ്ഞു
തീർത്ഥജലം ശാന്തിയേകി
ആവണി പൂവണിഞ്ഞു തുടങ്ങി
പുന്നെല്ലുപുഴുങ്ങി
പൊൻവെയിൽ പായയിൽ ചിക്കി
ചിക്കി ചിനക്കിവരും കോഴികളെ
കാക്കച്ചിറകിനാലാട്ടിയോടിച്ചു
ഉണ്ണിപ്പൂവുകൾ കൺതുറന്നു
ഉണ്ണികൾ പൂക്കുടനെയ്തു
കുന്നുകൾ കൈകാട്ടി വിളിച്ചു
ഓണം നാണത്താലടിവെച്ചടുത്തു
ഉത്സവത്തിൻ നാളുകളുണർന്നു
താളമേളമെങ്ങുമുയർന്നു
വർണ്ണങ്ങൾ വൈഡ്യൂര്യം ചാർത്തി

2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

ബാക്കിപത്രം




വിഭജനത്തിന്റെ വീറും വാശിയിലും
അഭിമാനം കൊള്ളുന്നവർ
മുറിവുകളെക്കുറിച്ച് ഓർക്കാറില്ല.
കാൽപ്പാടുകളെകവിതകളായി
കൊത്തിവെയ്ക്കുന്നവർ
പറിഞ്ഞു പോയ പ്രണയത്തെക്കുറിച്ച്
പറയുന്നില്ല.
ഇടുങ്ങിയ മുറികൾ ഇറങ്ങി വരുന്നു
എന്നിലേക്ക്
ദീനതയ്ക്ക്, വിലാപങ്ങൾക്ക് വിങ്ങി
പ്പൊട്ടുവാൻ പോലും ഇടമില്ലാത്തയിടം
നഷ്ടങ്ങളുടെ ആയിരം മുറിവുകൾ
ചങ്കിലേറ്റുന്നവർ
അറവുശാലയിലെന്ന പോലെ
നെറ്റിയിൽ നാമം ചാർത്തപ്പെട്ടവർ
അഭയാർത്ഥികൾ, അഗതികൾ
ഞരമ്പുകളിൽ വിഷം തിളക്കുന്നവർ -
തന്ന ബാക്കി പത്രങ്ങൾ.

ഭിക്ഷാടനം




ഉളുമ്പു മണമുള്ള
ഗലികളിലൂടെ
പ്രാഞ്ചി പ്രാഞ്ചി
വടിയും കുത്തി നടന്നു.
നിലയ്ക്കാത്ത
നിലവിളി പോലെ
വാഹനങ്ങളുടെ ശബ്ദങ്ങൾ.
വാടിയ പൂക്കളുടേയും
വിയർപ്പിന്റേയും ഗന്ധമുള്ള
പെണ്ണുങ്ങൾ
ചമഞ്ഞിരിപ്പുണ്ടവിടവിടെ.
തകർന്ന ഹൃദയങ്ങളുടെ
ശബ്ദങ്ങൾ കൂരകളിൽ.
ക്ലാവു പിടിച്ച കണ്ണുകൾ
എന്തൊക്കെ കണ്ടിരിക്കുന്നു.
വേദനയും ആനന്ദമായി
മാറിയിരിക്കുന്നു
തുള വീണഹൃദയങ്ങൾക്കു
മുന്നിൽ കൈനീട്ടുമ്പോൾ
കൈപ്പാർന്ന വെറുപ്പ്
സ്പന്ദിക്കുന്നു
തിളച്ചു തൂവിപ്പോകുന്ന ഒരു
മനസ്സ്
ആരും കാണുന്നില്ല
ചളുങ്ങിയ പിച്ച പാത്രത്തിലെ
നാണയ ക്കിലുക്കം പോലെ
ഉള്ളിൽ നിന്നോർമ്മകൾ
തുള്ളുന്നു
ലോകത്തെ അത്രയും പ്രണയിച്ച
ഒരു കാലമുണ്ടായിരുന്നു
എന്നും കാണണമെന്നും
സംസാരിക്കണമെന്നും
ചേർത്തു പിടിക്കണമെന്നും
ജാഗരത്തിലും നിദ്രയിലും
കൊതിച്ചിരുന്ന കാലം
ഇപ്പോൾ ലോകം ശൂന്യമായിരിക്കുന്നു
വസന്തം എത്ര ക്ഷണികം
ഇന്ന്,നിങ്ങൾ നീട്ടുന്ന നാണയ
ത്തുട്ടിൽ
നിരങ്ങി നീങ്ങുന്നു ജീവിതം

2018, ഓഗസ്റ്റ് 5, ഞായറാഴ്‌ച

ഉറുമ്പുകൾ



ഉറുമ്പുകൾ പലവിധം
കട്ടുറുമ്പ്, നെയ്യുറുമ്പ്
കൂനനുറുമ്പ് , ചോണ
നുറുമ്പ്

പക്ഷേ,
ഇരുകാലിൽ നടക്കുന്ന
ശവംതീനി യുറുമ്പുകളാണ്
നമുക്ക് ചുറ്റും

2018, ഓഗസ്റ്റ് 4, ശനിയാഴ്‌ച

നീർപ്പോള




അവൾ മുറ്റത്തെ ഇറവെള്ളത്തിലേക്ക്
നോക്കിയിരുന്നു
നിമിഷങ്ങൾ കൊണ്ട് പൊലിഞ്ഞു പോകുന്ന
നീർപ്പോളകളാണ് ജീവിതങ്ങൾ.
ഓർമ്മകളുടെ ഏതോ ഒരു സന്ധിയിൽ
അവൾ ബാല്യത്തിന്റെ അനാഥത്വത്തി ലേക്ക് പതിച്ചു
കോരിച്ചൊരിയുന്ന പകൽമഴ
സന്ധ്യയായിട്ടും നിലയ്ക്കുന്നില്ല
രാവിലെയിറങ്ങിയ അച്ഛൻ മയ്യലായിട്ടും
തിരിച്ചെത്തിയില്ല
അണമുറിയാത്ത കണ്ണീരായി അമ്മ.
രാത്രി ഉറങ്ങാനേ കഴിഞ്ഞില്ല
തിരിച്ചു വന്നിട്ടില്ലയിന്നോളമച്ഛൻ
കാലത്തിന്റെ കണ്ണീർപ്പുഴയിൽ
അമ്മയും കാലം ചെയ്തു
ജീവിതത്തിന്റെ വ്യർഥതകൾ
നീർപ്പോളകൾ കാട്ടിത്തരുന്നു
തേങ്ങലുകൾ കണ്ണീർ തുള്ളിയായ്
ചിന്നിച്ചിതറുന്നു
ഓർമ്മകളെ നിങ്ങൾ നീർപ്പോളകളാകാതെ ഒച്ചായെന്തിനിഴയുന്നു.



2018, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

അമ്മയാകാതെ പോയവളുടെ സങ്കടം




ചില ദിവസങ്ങളിൽ
അവൾ മരുഭൂമിക്ക് കുറുകേ
യാത്ര ചെയ്യുന്നു
ആളുകൾക്കും
ആരവങ്ങൾക്കുമിടയിൽ
ഒറ്റപ്പെട്ടു പോകുന്നു
ചുരുങ്ങി ചുരുങ്ങി കുഴിയാന
യായി
ഓർമ്മകളുടെ പാറയും മണൽ
പരപ്പും മാന്തി
മനസ്സിന്റെ മൺകുഴിയിലൊ
ളിക്കുന്നു
അത്താഴം കഴിച്ചെന്നു വരുത്തി
അവനിൽ നിന്നകന്ന്
ഒഴിഞ്ഞ ഒരിടം തേടി നടക്കുന്നു.
സ്ത്രീയുടെ മൃദുലതനഷ്ടമായി
വാക്കിന്റെ കുന്തമുനകളിൽ
പിടയുന്നു
സ്നേഹത്തിന്റെ അളവുകോലിൽ
തപിക്കുന്നു
അമ്മയെന്ന സ്വപ്നഗർഭം മുറ്റിനിൽ
നിൽക്കുന്നു
ഒരു ഭീകര സ്വപ്നം പോലെ അവളെ
യലട്ടുന്നു
രാത്രിയുടെ യേതോ യാമത്തിൽ
അവനവൾക്കരികിലെത്തുന്നു
കിടക്കയെ ശരണം പ്രാപിക്കുന്നു
ശാന്തയായി അവൾ ശയിക്കുന്നു
മാറിടം അവനായ് ചുരത്തുന്നു
അമ്മയുടെ നിർവൃതിയവളറിയുന്നു
കുഞ്ഞിനെപ്പോലെയവനെ
ചേർത്തണയ്ക്കുന്നു
ഉറക്കത്തെ പുണരുന്നു

2018, ഓഗസ്റ്റ് 2, വ്യാഴാഴ്‌ച

പ്രവാസി




കൂട്ടിലടച്ച പക്ഷിയെപ്പോലെ
തന്റെ ജീവിതത്തെ
ഒരു ചട്ടക്കൂടിൽ
ഒതുക്കിയിരിക്കുന്നു .

രാവിലെ കൃത്യ സമയത്ത്
ജോലിക്കിറങ്ങുന്നു
അവർ പറയുമ്പോൾ മാത്രം
ജോലി നിർത്തുന്നു
മുറിയിലേക്ക് തിരിച്ചു
പോകുന്നു.

ഒട്ടും ധൃതിയില്ല, പെട്ടെന്ന്
എവിടേയ്ക്കും പോകാനി
ല്ലെന്ന ഭാവത്തിൽ
നിൽക്കുമ്പോഴും
അയാൾ തിരഞ്ഞു
കൊണ്ടേയിരിക്കുന്നു
മരങ്ങളോ, നിഴലുകളോ
യില്ലാത്തമരുഭൂമിയിൽ
എന്നോകളഞ്ഞു പോയ
 ജീവിതാർത്ഥത്തെ.

വർദ്ധിച്ചു വർദ്ധിച്ചുവരുന്ന ഒരു
ശബ്ദംകേൾക്കുമ്പോൾ
മനസ്സുകൊണ്ട്
മരുഭൂമിയെ ഉണർത്തുന്ന
ഒരുശബ്ദമുണരുന്നുണ്ടവരിൽ
തങ്ങളും ജീവിച്ചിരിപ്പുണ്ടെന്നും
തങ്ങളും ചലിക്കുന്ന ലോക
ത്തിന്റെ ഭാഗമെന്നുമോർ
ക്കുന്നുണ്ട്

എപ്പോഴും നമുക്കവർ ഒരു
കുന്നാണ്
കൂടുതൽ ഉയരത്തിലേക്കു
വളരുന്ന കുന്ന്.

2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച

ഡ, ഢ

               

പത്രത്താളുകളിൽ
                              പീഡനവാർത്തകൾ
പതഞ്ഞുതൂവുന്നു.
                              അന്തിചർച്ചയിൽ
ആവേശംമൂത്ത അയാൾ
                            'ഡ' യെന്ന പെൺകുട്ടിയെ
കുടുക്കിട്ട് പിടിച്ച് (ഢ)
                  പീഢിപ്പിച്ചു കൊണ്ടേയിരിക്കുന്നു