malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, നവംബർ 30, ചൊവ്വാഴ്ച

തിമിരം

എടുത്ത്‌ യെറിയാന്‍ കഴിയാത്തത് കാരണം
ഒരു കണ്ണ് പുറപ്പെട്ടു പോയി
എന്നിട്ടും
വീണ്ടും, വീണ്ടും അരുതാത്തത് മാത്രം....!
ഇനിയെന്തെല്ലാം കാണണമെന്ന്
ഒരു കണ്ണീര്‍ ത്തുള്ളി കുഴഞ്ഞു വീണു
ഒരു തരി മണ്ണ് പറഞ്ഞു
കുളിര് കോരുന്നു
നിന്റെ പടര്ച്ചയില്‍ ഞാന്‍
പൂത്തുലയുന്നു
ഇപ്പോള്‍ കണ്ണ് മടങ്ങി വന്ന്
കൂനി ഇരിപ്പാണ്
തിമിരത്തിന്റെ വാതിലും ചാരി

ബാല്യകാലസഖി

കളഞ്ഞു പോയ കല്ല്‌പെന്‍സിലിനു പകരം തന്നിട്ടുണ്ട്
കണീര് തുടച്ചു തന്നിട്ടുണ്ട്
കണ്ണിമാങ്ങ പെറുക്കിയും
കളിവാക്കു പറഞ്ഞും
സ്നേഹത്തിന്റെ ഉറവയായവള്‍.
കണ്ടിടുണ്ട് ഞാന്‍
കിടപ്പിലായ അമ്മയെ കുളിപ്പിച്ച്
കഞ്ഞി കുടിപ്പിച്ച് കണ്ണീര് ഉടുപ്പണിഞ്ഞു
ചിരിയും ചുണ്ടില്‍ തിരുകി
സ്നേഹത്തിന്റെ തെളിനീരിനെ.
കിടക്കുന്നുണ്ട് ഉള്ളിലിന്നും
നീറി നീറി ഒരു കണ്ണീരുപ്പ്

2010, നവംബർ 12, വെള്ളിയാഴ്‌ച

കുപ്പി

ഊളിയിടണം ആകാശ കടലില്‍
പറന്നു പൊങ്ങണം
കടലിന്റെ വിഹായസ്സില്‍
ഉയര്‍ന്നു ചാടണം
താഴ്വരകള്‍
ഊര്ന്നു ഇറങ്ങണം
വന്‍ മതിലുകള്‍
കീറിയെറിയണം
ഒരു ചിരി
കാറി ത്തുപ്പണം
ഒരു തെറി
എത്രയോ നിറഞ്ഞൊഴിഞ്ഞിട്ടും
തരപ്പെട്ടില്ലിതുവരെ
അത് പോലൊരു ലഹരി

മരണ കാരണം

മന:പ്രയാസമൊന്നും
ഉണ്ടായിരുന്നില്ലെന്ന് മക്കള്‍
മുഖം തന്നിരുന്നില്ലെന്നു
ബന്ധുക്കള്‍
കൂര്‍ത്ത വാക്കുകളേററ്
ഹൃദയം മുറിഞ്ഞിരുന്നെന്നും
കുറെ ചോദ്യങ്ങള്‍ ബാക്കി
ഉണ്ടായിരുന്നെന്നും
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

മേഘം

അലഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് കുറെ ദിവസമായി
ഒരു യാചക മേഘം
കറുത്ത് മുഷിഞ്ഞുകീറിയ കുപ്പായത്തിനുള്ളിലെ
വെളുത്ത നിറം കണ്ടാലറിയാം
ഏതോ വലിയ വീട്ടിലേതെന്നു
ചീറിയടിച്ചു പോലും മക്കള്‍
അപ്പനല്ലെന്നു
മിന്നി പറഞ്ഞു പോലും
പരിഷ്ക്കാര മില്ലെന്നു
കൊട്ടിയടച്ചു പോലും
പടി കടത്താന്‍ കൊള്ളില്ലെന്ന് .
ഇന്ന് ഉച്ചയ്ക്കാണ് ഇടറിവീണ്
ഓടയിലൂടെ ഒലിച്ചു പോയത്

അടുക്കളയില്‍

അടുക്കളയുടെ അകം എന്നും നിറഞ്ഞിരിക്കുന്നു
പല വ്യഞ്ജനങ്ങള്‍ പല തട്ടുകളില്‍ വെച്ചിരിക്കുന്നു
കൊതി പെരുക്കുന്ന മണം -
കറികള്‍ വിളന്പികൊണ്ടിരിക്കുന്നു
കത്തികറിക്ക് നുറുക്കിക്കൊണ്ടിരിക്കുന്നു
പാത്രങ്ങള്‍ കഴുകി നിരന്നിരിക്കുന്നു
എണ്ണകളില്‍ കുളിച്ചു കടുക്
കറികളിലേക്ക് പൊട്ടിത്തെറിക്കുന്നു
ചരിഞ്ഞിരുന്നു ചിരവകള്‍ നാക്കിട്ടടിക്കുന്നു
തീന്‍മേശകള്‍ നിറയുകയും
ഒഴിയുകയും ചെയ്യുന്നു
അടുക്കളക്കാരിയുടെ വയറിനകം
എന്നും ഒഴിഞ്ഞു തന്നെ ഇരിക്കുന്നു

അത് അപ്പന്‍

കടഞ്ഞെടുത്ത കരിവീട്ടികാതല്‍പോലെ
കറുത്ത് തടിച്ച അപ്പന്‍
മണ്ണിന്റെ കണ്ണ്
ഇന്ന നേരമെന്നോ ,ഇത്ര നേരമെന്നോ ഇല്ലാതെ
എന്നും മണ്ണില്‍ പണി
പല്ല് തേക്കുമ്പോ ഒരു കൊടിത്തല കെട്ടും
കശുവണ്ടി പെറുക്കികൂട്ടും
കല്ല്‌ വെട്ടുകുഴിയിലെ തെങ്ങോല നോക്കി
കഞ്ഞിക്കരികില്‍ ഇരിക്കുമ്പോള്‍
കോരിക്കുടിക്കാന്‍ പ്ലാവില കൂട്ട് വരും
താളും, തകരയും ഒപ്പം കൂടും
മാവില ചൂടാറ്റി കൊടുക്കും
കണ്ണി മാങ്ങ ഉപ്പിലിട്ടതില്‍ കാത്തിരിക്കും
ഇന്നും നോക്കിയിരിക്കുന്നുണ്ടാവും -
കാടുകള്‍ക്കിടയില്‍
അപ്പന്റെ മണത്തിനായി കാത്തിരിക്കുന്നുണ്ടാവും
ഒരു വാഴ മാത്രം തടിച്ചു വളര്‍ന്നു
വലിപ്പമാര്‍ന്ന കരുത്തുള്ള ഒരു കുല നീട്ടി ഇരിപ്പുണ്ട്
അത് അപ്പന്റെ നെഞ്ചിലാണെന്ന്
അമ്മ ചൂണ്ടി പറഞ്ഞു തന്നു

2010, നവംബർ 6, ശനിയാഴ്‌ച

അങ്ങനെ ഒരു വീട്

പാതി രാത്രിയിലും പാത്രങ്ങള്‍ കഥ പറയുന്ന
ഒരടുക്കള
പത്തായത്തിനു മുകളിലെ കൂര്‍ക്കം വലി
ഇരുട്ടിനെ കൂട്ടുകാരിയാക്കി
കഴിഞ്ഞ കാലം കൊറിച്ചുകൊണ്ട്
ചവച്ചു ചുവപ്പിച്ചു കോളാമ്പി നിറയ്ക്കുന്ന
ഒരു മുത്തശ്ശി
കൊറ്റി ഉതിക്കുംപോഴേ ഇരുട്ടിനെ കൊഞ്ഞനം
കുത്തുന്ന അടുപ്പ്
അകത്തെ ഇരുട്ടിനെ അടിച്ചു തുടച്ചു
ഇറയവും, മുറ്റവും ചാരമിട്ടു കഴുകിയ
പാത്രം പോലെ വ്രയ്ത്തിയാക്കി
അതാതിടത്ത് അടുക്കി വെയ്ക്കുന്ന അമ്മ
വേണമായിരുന്നു ഇന്ന് അങ്ങനെ
ഒരു വീട്
ആളനക്കവും അടുപ്പിന്‍കല്ലുമില്ലാത്ത
അടുക്കളയില്‍
ഗ്യാസും, കറന്റും ഉണ്ടാക്കുന്ന
മനം മടുക്കുന്ന ഭക്ഷണത്തിനു മുന്‍പില്‍
കൈയും ,വായും അറിയാതെ
കണ്ടാല്‍ മിണ്ടാന്‍ നേരമില്ലാതെയുള്ള
ഈ അറയുടെ സ്ഥാനത്ത്
വേണമായിരുന്നു
അങ്ങനെ ഒരു വീട്