malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

പൊന്നോണം

 



വന്നുവിളിക്കുന്നതാരീപ്പുലരിയിൽ
ഝടുതിയിൽ വാതിൽതുറന്നുഞാൻ നോക്കവേ
ഓണമെന്നുമ്മറപ്പടിയിലിരിക്കുന്നു
ഓർമ്മകളൊരുപിടി പൂക്കളായ് മുറ്റത്ത്
കരിയില മാറ്റിക്കളം വരച്ചീടുന്നു.
കണ്ണീർക്കടലിന്റെ,യീശ്യാമ തീരത്ത്
കനിവുമായെന്തിനു വന്നു നീയോണമേ
ഭൂവിന്റെ, യാത്മാവിലെവർണ്ണസ്വപ്നമാം
പൂക്കളെ പിഞ്ചു കരങ്ങളാൽ നിങ്ങളെൻ
കണ്ണീർ തുടച്ചു മൃദുവായ് തഴുകയോ
വാർധക്യത്തിന്റെ ,യിടനാഴിയിൽ നിന്ന്
ബാല്യ, കൗമാരത്തിലേക്കാനയിക്കയോ
തിരുവോണം വെൺ താമര പൂവുപോലിന്ന്
വിടർത്തുകയോ വീണ്ടുമൊരു കോടിയിതളുകൾ
ഓർമ്മകൾ വിതുമ്പുന്നു മൃതിമദിച്ചീടുന്നു
എങ്കിലും പിച്ചവെച്ചീടുന്നു ഭാവന
നീലനിലാവിന്റെ കോടിയുടുത്തുള്ള
രാവിന്റെ കഥയിന്നു കവനം നടത്തുന്നു
സർവ്വം മറന്നൊന്ന് പാടട്ടെ ഞാനിന്ന്
പൊന്നോണ നാളിൻ മഹത്വത്തെ വാഴ്ത്തി.

2020, ഓഗസ്റ്റ് 30, ഞായറാഴ്‌ച

ഓണം വന്നു


നൽത്തിരുവോണം വന്നു
നെൽക്കതിർക്കുല തന്നു
മൽസഖീ, കണി കാണാൻ
കദളിക്കൂമ്പുണർന്നു.
കയ്പ്പവല്ലികൾ പൂത്തു
കൈതോലക്കാറ്റുണർന്നു
പൊയ്മുകിൽ പോയ് മറഞ്ഞു
പൊൻ തിരുവോണം വന്നു
പോയ്പ്പോയ കാലത്തിൻ്റെ
ഓർമ്മകളുണർത്തുന്നു
മാങ്കൊമ്പിൽ മഞ്ഞക്കിളി
മൈനകൾ മൂളീടുമ്പോൾ
ആർപ്പുവിളിച്ചീടുന്നു
പൂവേ പൊലി പൊലി
എന്നൊരു കുഞ്ഞു ബാല്യ-
മെന്നന്തരംഗത്തിൽ നിന്നും

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ഓണപക്ഷികൾ

 

അത്തിപ്പൊത്തിലെ തത്തമ്മേ
അത്തം വന്നതറിഞ്ഞില്ലേ
എങ്ങും പൂവിളി
എങ്ങും പൂക്കളം
എങ്ങും,യെങ്ങും മേളാങ്കം

ഊഞ്ഞാലിട്ടത് ഓലേഞ്ഞാലി
പുടവകൾ തുന്നീ തുന്നാരാൻ
മണിയൻമയിലോ മഴവിൽവർണ്ണ
പീലിക്കിരീടമൊരുക്കുന്നു
കുഴലുമൊരുക്കി കുയിലമ്മ
കച്ചേരിക്കായ് ഒരുങ്ങുന്നു

തിത്തിരി തത്തേ തിത്തിരി തത്തേ
തത്തി തത്തി വന്നാട്ടെ
ഓണം വന്നതറിഞ്ഞില്ലെ
ഓർമ്മകൾ പൂത്തതറിഞ്ഞില്ലെ
പിച്ചക മാലകൾ കോർത്തീടാം
പച്ചതത്തേ വന്നാട്ടേ

2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

പ്രണയം ഇങ്ങനെ........


പ്രണയം വിശുദ്ധ കൂദാശയാണ്
ചുംബനത്തിൻ്റെ സീൽക്കാരങ്ങൾ
പ്രണയത്തിൻ്റെ ലുത്തിനിയയും

പ്രണയം മൗനം കൊണ്ടുള്ള വാക്കു-
കളുടെ പെയ്ത്താണ്
കുളിരിൻ്റെ പൊള്ളും വേവാണ്
പ്രണയികളുടെ ഹൃദയമിടിപ്പിന്
വിജനഗോപുരത്തിലെപ്രാവുകൾ
ചിറകടിക്കുന്ന ഒച്ചയാണ്

കണ്ണുകൾക്ക് നക്ഷത്ര തിളക്കം
ഓരോ സ്പർശവും ഓർമ്മകളെ
ഉടലിൽ നിന്നും അഴിച്ചു കളയൽ
വിറയാർന്ന പുഞ്ചിരിയിൽവിവ-
സ്ത്രനാണം

ചുണ്ടുകൾ ചുണ്ടുകളെ ഇരപിടി -
ക്കുന്നു
ഉഷ്ണ ഞരമ്പുകൾ സർപ്പളങ്ങളായ്
പറുദീസയിലേക്കുണരുന്നു
പ്രണയം ലില്ലിപ്പൂക്കളുടെ ഉദ്യാനമാണ്
അവ ജീവൻ്റെകനി നട്ടുനനയ്ക്കുന്നു.


2020, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

കാത്തിരിപ്പ്




ശത്രുവിൻ്റെ ശത്രു മിത്രം

ഒറ്റമാത്രകൊണ്ട്

ഒരായുധപ്പുര


സർപ്പം നീട്ടിയ പഴമവൻ

ദർപ്പത്തിൻ്റെ കൂട്


അവൻ ശ്യാമത്തിൻ്റെ

കാവൽക്കാരൻ

ശരമുനയിൽ

ശിശിരം കോർക്കുന്നവൻ


ഇല്ല ഇനി വസന്തം

തളിർക്കാൻ

ജീവിത വൃക്ഷം


ഋഷഭത്തിൻ്റെ കണ്ണുകൊണ്ട്

ഇനി മലർമാല്യം

പാദുകത്തിന് 

പാമ്പിൻ തോൽ


പത്രത്തിനായ് കാത്തിരിക്കാം

അതാ, മുറ്റത്തൊരു

കിളിക്കുഞ്ഞിൻ്റെ ശവം

പുലരിക്ക്

ചോരയുടെ ഗന്ധം.

2020, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

എന്തു പേരിട്ടു വിളിക്കും



കുടയില്ലാത്ത ഒരുദിവസം

കൂട്ടുകാരിയുമൊത്ത് നടക്കുമ്പോൾ

കോരിച്ചൊരിഞ്ഞു മഴ


മദിപ്പിക്കുന്ന ഗന്ധവും

കൊതിപ്പിക്കുന്ന കുളിരുമില്ലാതെ

കിടുകിടക്കും വേളയിൽ

കുടയായ് പരസ്പരം ഞങ്ങൾഞങ്ങളെ-

കാത്തു


കൂട്ടിപ്പിടിച്ച കൈകളെ കുടഞ്ഞെറിഞ്ഞ

കൊടുങ്കാറ്റിൻ്റെ കുത്തുവാക്കിൽ മനം -

നൊന്തവൾ

കണ്ണീരിൻ്റെ പൊള്ളുന്നൊരുകണം നെഞ്ചി -

ലിറ്റിച്ചുകടന്നുപോയി


മഴയുടെ കയപ്പുതിന്നവൻ

വെയിൽ കുടിച്ചു കൊണ്ടേയിരിക്കുന്നു


ഏകാന്തയിൽ എരിഞ്ഞു തീരുമ്പോൾ

എറിഞ്ഞുടയ്ക്കുന്നു ഓരോ മഴത്തുള്ളി -

കളേയും


ഒരു കാറ്റുമെടുക്കുന്നില്ല

ഈ കരയെ

ഒരുമഴയും നനയ്ക്കുന്നില്ല

ഈ മിഴിനീരിനെ

നീറിനീറി മരിക്കുന്ന മനുഷ്യനെ

എന്തു പേരിട്ടുവിളിക്കണം


മൂന്നാംപക്കം



കടൽ പറഞ്ഞതൊക്കെയും
കദനകഥ

കാൽപ്പാടുകൾ തേടിവരുവാൻ -
ആരുമില്ല
ശ്രീരാമനോടു തോറ്റതിനുശേഷമോ
ഇത്രയും ക്ഷോഭമെന്നു ഞാൻചോദിച്ചില്ല

കഠിനപദങ്ങൾ വിളിച്ചുപറയരുത്
കരയുന്നസത്യത്തോട്

ഇറ്റിപ്പോകരുത് ഒറ്റത്തുള്ളിക്കണ്ണീരും
കണ്ണീരുകൊണ്ട് കാൽപാദംകഴുകുന്നവൾ -
കടൽ
ലഹരിയുടെകടൽ ഇനി കുടിച്ചുതീർക്കണം
കടലെന്നെ കാമാതുരനാക്കുന്നു

ഒരു കൂറ്റൻതിരമാലക്കൈയ്യാൽ
അവളെന്നെആലിംഗനം ചെയ്യണം
ക്ഷോഭത്തെ സ്നേഹം കൊണ്ടെനിക്ക് -
കീഴടക്കണം
നിമ്നോന്നതങ്ങളിൽ നീന്തിത്തുടിച്ച് -
കാടുകളിൽ കടപുഴകണം

ആ മാറിൽ പറ്റിച്ചേർന്നുകിടന്ന്
മൂന്നാംപക്കം മടങ്ങിവന്ന്
മണ്ണിൽ മലർന്നുകിടക്കണം

2020, ഓഗസ്റ്റ് 24, തിങ്കളാഴ്‌ച

കൊറോണക്കാല ലോക്ക് ഡൗൺ



ഒരുദിവസം രാവിലെ,യെഴുന്നേറ്റപ്പോഴാണ്
പ്രഭാതപത്രം തുറന്നപ്പോഴാണ്
കുറേവാക്കുകൾവന്ന് കുരുകുരേകുത്തിയത്
തൊണ്ടയിൽ.

കുരച്ചുതുപ്പി തിരിഞ്ഞപ്പോഴാണ്
ടിവിയിൽ, റേഡിയോവിൽ, മൊബൈലിൽ
എന്നുവേണ്ട
കാത്തുനിൽക്കാതെ കടന്നുപോകുന്ന കാറ്റു -
പോലും
കൊറോണ, കൊറോണ,യെന്ന് പറയുമ്പോലെ.

എല്ലാംകണ്ടും, കേട്ടും കാലിൽ ചുറ്റിക്കളിക്കുന്നുണ്ട്
കുറിഞ്ഞിപ്പൂച്ച
പുറത്തേക്ക് വിടില്ലെന്ന മട്ടിൽ.
കൂട്ടിൽനിന്ന് നീട്ടിവിളിക്കുന്നു തത്ത
വീട്ടിൽതന്നെയെന്ന് ഉറപ്പുവരുത്താൻ.
മുറ്റത്തെ മാങ്കൊമ്പിലിരുന്നകാക്ക ചരിഞ്ഞു - നോക്കി കണ്ടെന്ന് കാരണവരെപ്പോലെയൊന്നു
മൂളിപ്പറന്നുപോയി

അകത്തളത്തിലിരുന്ന് അമ്പരപ്പിക്കുന്ന വാർത്തകൾകേട്ടു
ഇടയ്ക്കിടേ പുറത്തേക്ക്നോക്കി പൊള്ളും
വെയിലിൻ്റെ തീമുനകണ്ടു
മാസ്ക്ധരിച്ചമരങ്ങൾ അകലംപാലിച്ചുനിന്ന്
ചില്ലകൈകൾ വീശി
കൊത്തിപ്പെറുക്കിക്കൊണ്ടിരുന്ന ഒരുപക്ഷി
പൈപ്പിനരികിൽവെച്ച ഹാൻഡ് വാഷിൽ
കാൽമുഖം കഴുകി

പത്രത്താളിലെ കൊറോണയാൽ മരിച്ചവരുടെ
ചിത്രത്തിനരികെ ഞാൻ മരവിച്ചുനിന്നു
മനസ്സിലെപത്രത്താളിൽ മരിച്ചുകിടന്നു
ആരെയുംകാണിക്കാതെ ഞാനെൻ്റെ ശവമടക്കം
നടത്തി.

കൊറോണക്കാല ലോക്ക്ഡൗണിൽ ഇളവ്
പുതുമഴയ്ക്ക്പിറന്ന ഈയാംപാറ്റകളെപ്പോലെ
പറന്നുനടക്കുന്നു മനുഷ്യർ
ആളിക്കത്തുന്ന തീയാണ് കൊറോണ
പാറി വീണേക്കല്ലേ, ജാഗ്രത !

2020, ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

കണ്ണീർ വീഞ്ഞ്


കത്തിച്ചു വെച്ച പന്തമായിരുന്നു
കരിന്തിരി കത്തിത്തുടങ്ങി
ഹൃദയത്തിൽ ചേക്കേറിയവൾ
കൂടുവിട്ട് കൂട്ടുതേടിപ്പോയി

വിതയ്ക്കപ്പെട്ട പാഴ് വസ്തുപോലെ
നീ നൽകിയ വാഗ്ദ്ധാനങ്ങൾ
ഉഷ്ണവും, ശീതവും തന്ന്
വസന്തത്തിൻ്റെ കൈയും പിടിച്ച് -
നിൻ്റെപടിയിറക്കം

ഭ്രാന്ത് വിളിച്ചു പറയുന്നു സത്യം
തുടലൂരിയോടുന്നുമിഥ്യയിൽ ഭ്രമിച്ച -
ജീവിതം
പ്രണയമേ നിൻ്റെ കോപ്പയിൽ
നിറച്ചു വെച്ചിരിക്കുന്നു കണ്ണീരിൻ -
വീഞ്ഞ്.

അമ്മയുടെ ദുഃഖം


എത്ര കാലം കഴിഞ്ഞാലും
മകൻ മരിച്ചൊരമ്മ
നിങ്ങൾ കാണുന്ന അമ്മയേയല്ല

ആകപ്പാടെ ഒരു പൊരിച്ചലാണ്
ഉണ്ണുമ്പോൾ, ഉറങ്ങുമ്പോൾ,
ഇറങ്കല്ലൊന്നനങ്ങിയാൽ, വാതിലൊ-
ന്നടഞ്ഞാൽ

ആഴമുറ്റഹൃദയത്തിൽ
വേദനയുടെ രക്തപ്രവാഹമാണ്
കലങ്ങിത്തുളുമ്പുന്ന കണ്ണിൽ നിന്ന്
ഒലിച്ചിറങ്ങുന്നത് കടലാണ്

ചുട്ടുപൊള്ളുന്ന നെഞ്ചിൻ ചൂടിൽ,-
മിടിപ്പിൽ
ഉണങ്ങിച്ചുളിഞ്ഞ മാറിടത്തിൽ, മാംസ -
ത്തിൽ
അസ്ഥിയിൽ, മജ്ജയിൽ ഓർമ്മകളുടെ
ഓളംതല്ലലാണ്

നിലാവ് ഒരു നുകപ്പാടുയരുമ്പോൾ
ഒരു ഘോഷാസ്ത്രീയെപ്പോലെ
മഴക്കാറിനുള്ളിൽ മറഞ്ഞു നിൽ-
ക്കുമ്പോൾ
ഏകാന്തതയുടെ കനലടുപ്പിൽ
ചിന്തകളുടെ ചിലന്തിവലയിൽ പിടയു-
മ്പോൾ
ഒറ്റവിതുമ്പലോ, പിറുപിറുക്കലോ,
ശ്മശാന മൂകതയോ ആണ്

2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

പെരുവഴി


അരിയാൽ എരിഞ്ഞു പോയി -
ജീവൻ
ഹരി എവിടെ?

ഹരമായിരുന്നു
ഹരിണിയെ ഹരിച്ച്
ഹരിക്ക് കാണിക്ക.

വെയിലേറ്റ വെള്ളാരങ്കല്ലുകളിൽ
ചിതറിയ തെച്ചികൾവരച്ചു -
മരിച്ച മനുഷ്യൻ്റെ ചിത്രം

തെച്ചികളിനി പൂജയ്ക്കു വേണ്ടെന്ന് -
രക്ഷകൻ വിധിച്ചു ശിക്ഷ.
രക്ഷസ്സ് ഇനി നിനക്ക് -
രക്ഷകനെന്നും

ഹരിയിലൊരു കെണിയുണ്ടെന്നറിഞ്ഞി-
രുന്നില്ല
പുലിമടയിൽ പെട്ട മുയലെന്നും
ഹരിക്ക് പാർക്കാൻ കോവിലും -
കൊട്ടാരവും
ഭജിക്കുന്നവന് ദാനം കിട്ടിയത്
പെരുവഴി






2020, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഒടുക്കം


അനശ്വരമെന്ന് ആർത്തി കൊണ്ട്
പറഞ്ഞു പോകുന്നതാണ്
നശ്വരമല്ലാതെ എന്തുണ്ടിവിടെ
ഒരിക്കൽ ഈ ഭൂഗോളവും നശിക്കില്ലെന്ന് -
ആരറിഞ്ഞു!

കോപം കൊണ്ട്  ജ്വലിക്കുന്നതെന്തിന്
കാറ്റിൻ്റെ വേഗതയെക്കുറിച്ച് നിനക്കെ-
ന്തറിയാം
മുറിവേറ്റകാലുമായി മുടന്തിയാണ്നടപ്പ്
മോഹങ്ങളുടെ മകുടമാണ് മൂർദ്ധാവിൽ

യുദ്ധത്തിലാണ് എപ്പോഴും
ആർത്തിയാണ് പെരുത്തു വരുന്നത്
ശത്രുക്കളെ സൃഷ്ടിച്ചു കൊണ്ട് മുന്നേറ്റം
രക്തത്തിലും, ശവത്തിലും ചവുട്ടി

പറഞ്ഞുകൊണ്ടിരിക്കുമ്പോൾമറിഞ്ഞു -
വീഴും ജീവൻ
ഹൃദയമായിരുന്നു പരിച നീ വാളും
ഒടുക്കം,
നീ തന്നെ നിന്നെ വെട്ടിവീഴ്ത്തുന്നു.

2020, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

ഇത്രയും

അവൾ, അറിവിൻ്റെ മരം

അതിൽ ചുറ്റിപ്പിണഞ്ഞ്
ആസക്തിയുടെ പാമ്പ്
അവർ ആദമും, ഹവ്വയും

ആർത്തി കൊണ്ടവർ ഭക്ഷിക്കുന്നു
ആപ്പിൾ
ശല്ക്കങ്ങളിൽ നിന്ന്, ഇലകളിൽ നിന്ന്
ഇറ്റിറ്റു വീഴുന്നു രക്തകണങ്ങൾ

സ്പർശിക്കരുത് ആരും ജ്ഞാന വൃക്ഷം
ഭക്ഷിക്കരുത് വിലക്കപ്പെട്ട കനി
അജ്ഞതയുടെ കാലത്ത്
ചീന്തിയിട്ടില്ലപോലും ഇത്രയും രക്തം.

2020, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

സത്യം

 


ധാരണയുടെ ദർപ്പണത്തിൽ
നോക്കരുത്
പറഞ്ഞതിലല്ല പറയാത്തതിൽ
വിശ്വസിക്കുക
ഇനിയും രുചിച്ചിട്ടില്ലാത്ത ഉറവയാണ്
സത്യം
സ്വതന്ത്രമാകാത്ത സ്വാതന്ത്ര്യമാണ്
ജീവിതം എന്നതുപോലെ

കയപ്പിൻ്റെ കടലാണ് ജീവിതം
അതിലേക്ക് ഒഴുക്കുന്നു കണ്ണീർപ്പുഴ
ജീവിതം പെസഹാ ബലിക്കുള്ള ഇര

ഓർമ്മകൾ ഫലത്തിനകത്തെ വിത്തു
പോലെയാണ്
അദൃശ്യമായൊരു പഴത്തോട്ടവും,
പഴക്കമേറുന്തോറും വീര്യമുള്ള വീഞ്ഞും
ഓർക്കുക;
ഇനിയും രുചിച്ചിട്ടില്ലാത്ത ഉറവയാണ്
സത്യം.

2020, ഓഗസ്റ്റ് 15, ശനിയാഴ്‌ച

ജീവിതനദി

 



       കടലെന്തെന്നറിയാതെ
കടലിലേക്കിറങ്ങുമ്പോലെ
ജീവിതമെന്തെന്നറിയാതെ
ജീവിതത്തിലേക്കിറങ്ങുന്നു

തിരകൈകളിൽപ്പെട്ട് -
അമ്മാനമാടുന്നു
ചിലത്ചുഴികളിൽ മറഞ്ഞു
പോകുന്നു

നെടിയപർവ്വത നദീഭയംപോലെ
വിറച്ചിടാറുണ്ട് ജീവിതനദി
തിരിഞ്ഞുനോക്കിയാൽ
തരിച്ചുനിന്നുപോം
തിരിച്ചൊഴുക്കുവാൻ കഴിയില്ല -
ജീവിതം

എത്രയെത്രദൂരങ്ങൾ താണ്ടി,യീ -
വളവുതിരിവുള്ള ജീവിതനദി
വഴികൾപിന്നെയും നീണ്ടുനിൽ-
ക്കുന്നു
നദികൾപിന്നെയും ഒഴുകി -
നീങ്ങുന്നു

കടലിലേക്കാണീയൊഴുക്കെന്ന-
റിയാം
കയത്തിലാണന്ത്യമെന്നുമറിയാം
എങ്കിലും കുതിച്ചു ( കിതച്ചു)
പായുന്നു
കാലംകാട്ടിയ പന്ഥാവിലൂടെ

ഒരിക്കൽപൊടുന്നനേ അഴിമുഖ-
ത്തെത്തുന്നു
ഭയമന്നുപെട്ടെന്നൊഴിഞ്ഞു പോ-
കുന്നു
വിശാലസമുദ്രം ആഞ്ഞുപുൽ-
കുന്നു
ജീവിതനദി മാഞ്ഞുപോകുന്നു

2020, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ഗാന്ധി


കുമ്പിട്ടുയർന്നവൻ്റെ കൈയിൽ
മരണമിരിക്കുന്നു
സത്യം വെടിയേറ്റു വീണു
വെടിയുണ്ടയുടെ കന്നി വെറി
സ്നേഹക്കടൽ വറ്റിച്ചു.
വിരിമാറിൽ വിശ്വം ദർശിച്ച
വെള്ളക്കാർ ആയുധം വെച്ചു കീഴടങ്ങി
അച്ഛൻ്റെ നെഞ്ചിൽ കൊച്ചുമകൻ
പരിശീലനം തുടങ്ങി
മൂകാസുരൻ്റെ മുന്നിൽ മുകരായിരിക്കുന്നു -
നമ്മൾ
സുഖാർഥികൾ നമ്മൾ സുഖശയനം തേടുന്നു
എങ്കിലും ;ഇന്നുമുണ്ട,മ്മഭാരതത്തിൻ്റെ -
മക്കളിൽ
ആത്മസത്തതൻ നാരായ രശ്മിയിൽ
ലോകമെങ്ങും നിറഞ്ഞു നിൽക്കുമാ,-
മഹാക്ഷരം
ഗാന്ധിയെന്ന രണ്ടക്ഷരം

ദേശഭക്തിഗാനം


വരവേറ്റീടാം ഒരു പുതു പുലരിയെ
സ്വാതന്ത്ര്യത്തിൻ സുദിനത്തെ
അരുവിയുമാറും സമതലസാനുവും
പിറന്നുവീണൊരു മണ്ണല്ലോ.
സഹ്യകിരീടം മുടിയിൽചൂടി
കടലലകലയുടെ സംഗീതത്താൽ -
മാനവഐക്യഗാഥ രചിക്കും
ഇതെൻ്റെ ഭാരതഭൂമി
ഹിന്ദു ക്രിസ്ത്യൻ മുസ്ലീം പാഴ്സി
പലമതസാരവുമൊന്നെന്ന്
സാഹോദര്യത്തിൻ തുടികൾമുഴക്കി
പാടിനടപ്പൂയെൻനാട്
സത്യം നീതി ധർമ്മങ്ങൾ നാനാത്വത്തിൽ -
ഏകത്വം
എല്ലാം സിരയിൽ സരയൂപോലെ
കളകളമൊഴുകും സംഗീതം
പരദേശികളെ പാടേതള്ളി
ഭാരതമേകിയ ദീരൻമാരും
പല ഭാഷകളും പലവേഷങ്ങളും
പലദേശങ്ങളും സംസ്കാരങ്ങളും
മനുഷ്യരല്ലാമൊന്നാണെന്ന്
മാതൃകയാണീയിന്ത്യാരാജ്യം.

ആശുപത്രിയിൽ


നിലവിളിയുടെ നീല വെളിച്ചവുമായി
പിടഞ്ഞോടുന്നു ഒരു ആംബുലൻസ്
കുഞ്ഞു കിടക്കയിൽ
ഒരു കുരുന്നു മാടപ്രാവ് മയങ്ങിയും,
ഉണർന്നും, കരഞ്ഞും.

ആരും ഒന്നുമറിയുന്നില്ല
വിങ്ങിപ്പൊട്ടാറായ നാലു ഹൃദയങ്ങൾ
ഉൾത്തേങ്ങലുമായ് ഇരുട്ടിനെ കീറി മുറിച്ചു്
പായുന്ന വണ്ടിക്കു മുന്നേ,യോടുന്നു

ഓരോ നിമിഷവും ഓരോ യുഗങ്ങളാകുന്നു
സ്നേഹത്തിൻ്റെ ഭൂപടത്തിൽ
കണ്ണീരുപ്പ് പുരട്ടുന്നു കാലം
ഒരമ്മയുടെ കണ്ണീർക്കണമർച്ചിച്ചതിൽ
ഇളം പച്ച ഞരമ്പിലേക്ക് മധുരത്തുള്ളികൾ
ചാലിടുന്നു

ആശുപത്രിയിടനാഴിയിൽ ഓരം ചേർന്നു
നിൽക്കുന്നു
നാലു കണ്ണീർക്കടമ്പുകൾ
ദുഃഖമൊരു പൂച്ചയെപ്പോലെ പതുങ്ങിയിരി-
ക്കുന്നു
വ്യഥകളിൽ വേവുന്നു മനം

കഥകളല്ല ജീവിതം
കനിവിനായ് കാത്തുനിൽക്കുന്നു
കുരുന്നുമായ് കൂടണയും നേരത്തിനായ്
പുഞ്ചിരിതൻ പൂവിരിയും പുലരിക്കായ്
ഇരുളുറഞ്ഞ,യീ ഇടനാഴിയിൽ

2020, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

അവസാന വഴി

 

മാവു മരത്തിലെ അണ്ണാൻ
എണ്ണിയെണ്ണി പതം പറയുന്നു കാറ്റിനോട്
എറുമ്പുകളുടെ അഹന്തയെപ്പറ്റി
ഒറ്റ മാങ്ങയും തരാതെ സ്വന്തമാക്കുന്നതിനെ
പറ്റി

കാറ്റ് ഇടനിലക്കാരനായി
കള്ളക്കാറ്റെന്ന് കുത്തിനോവിച്ചു എറുമ്പുകൾ
കാറ്റിൻ്റെ കൂട്ടുകാരൻ മഴ വന്ന് കരഞ്ഞുപറഞ്ഞി
ട്ടും കൂട്ടാക്കിയില്ല

കാറ്റൊന്നു കൈ കുടഞ്ഞ് കൊമ്പൊന്നു പൊട്ടിച്ചു
കൂടോടെ
മഴക്കൈകളതേറ്റെടുത്ത് കൊണ്ടുപോയി
ആഴിയിൽ നിമഞ്ജനം ചെയ്യാൻ.

2020, ഓഗസ്റ്റ് 12, ബുധനാഴ്‌ച

അനുഭവം


അനുഭവങ്ങളുടെ പൊറ്റകളെ
അടർത്തിമാറ്റുവാൻ കഴിയില്ല
ഹൃദയത്തിലെ വ്രണം പോലെ
അത് നീറി നീറി നിൽക്കും

ജീവിത വളർച്ചയിലേക്കുള്ള
വേരോട്ടമാണ് അനുഭവം
മനസ്സിൻ്റെ മണ്ണടരുകളെ ഭേദിച്ച്
അവ ആഴത്തിലാഴത്തിലാഴുന്നു

ജീവിതമരത്തിന് അനേകമിലകളും
പൂവും, കായും, തണുവും, തണലു -
മാണ് അനുഭവം
ആത്മാവിൻ്റെ അടിത്തട്ടിലെ
ഉണങ്ങാത്ത മുറിവ്.

2020, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

ചെകുത്താൻ്റെ സന്തതികൾ

 

നാം കാണുന്നവനേയല്ല അവൻ, അവളും
അതിനുമപ്പുറം അവിടെയാണവർ ഭരണം
നടത്തുന്നത്
അവിടെയാണവൻ്റെ യഥാർത്ഥ ആഗ്രഹ
ങ്ങൾ അവളുടേയും

അവിടെ അവർ ഒന്നും മറയ്ക്കുന്നില്ല
ആരെയും ഭയക്കുന്നില്ല
അവൻ അവനെ മാത്രം സ്നേഹിക്കുന്നു
അവൾ അവളേയും

പിന്നെയവർ ഒന്നും കാണുന്നില്ല
അവൻ ഒരു രാജ്യമാകുന്നു അവളും
അവരുടെ ഹൃദയത്തിനു പിന്നാലെ
അവർ നീങ്ങുന്നു
മറ്റുള്ളവരുടെ വീക്ഷണത്തിനപ്പുറമുള്ള
ഒരു സിംഹാസനം അവർ തേടുന്നു

യേശു ജൂദാസിനോടു പറഞ്ഞു:
"ശവക്കച്ചകളണിഞ്ഞവന് ജീവിച്ചിരിക്കുന്ന
വരെ
ഉയർത്താനും ആദരിക്കാനും ആവുമോ "?

അവരും നമ്മോടു അതു തന്നെപറയുന്നു
പക്ഷെ,
ആ അർത്ഥത്തിലല്ലെന്നു മാത്രം
........................
കുറിപ്പ് :-
ശവക്കച്ചകളണിഞ്ഞവന് ജീവിച്ചിരിക്കുന്ന
വരെ
ഉയർത്താനും ആദരിക്കാനും ആവുമോ "? -
ഖലിൽ ജിബ്രാൻ്റെ മനുഷ്യപുത്രനായ യേശു
എന്ന പുസ്തകത്തിൽ നിന്ന്.

2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

അന്നും, ഇന്നും



കുഞ്ഞുനാളിൽ കളിക്കാത്ത കളിയൊന്നുമില്ല
മണ്ണുമ്മേൽ കയറി നാടകം കളിച്ചു ,ഡാൻസ്
കളിച്ചു
മംഗലം കഴിച്ച് കളിച്ചു ,അച്ഛനു ,മമ്മേം കളിച്ചു
വാഴത്തട നെഞ്ചിൽ വെച്ച് രണ്ട്പേർ കയറി
സൈക്കിളോട്ടം കളിച്ചു
അട്ടാച്ചൊട്ട, മരംവണ്ടി, തീവണ്ടി, കള്ളനും പോലീസും
കൊത്തങ്കല്ലും, നാരങ്ങപ്പാലും

ദാരിദ്ര്യം നൂറായിരമുണ്ടായിരുന്നെങ്കിലും
പട്ടിണിയിൽ കട്ടൻകപ്പതിന്ന് അവശരായെങ്കിലും
കുഞ്ഞുങ്ങൾ ഞങ്ങൾക്ക് കഞ്ഞിക്ക് പറഞ്ഞ
മുണ്ടായില്ല
പാത്തുമ്മയും, പത്രോസേട്ടനും, കമ്മാരൻ -
കൈക്കോറും ഞങ്ങൾക്ക്
കഞ്ഞിയും ,താളിൻതണ്ട് ഓലനും, തകര ഉപ്പേരിയുമായിരുന്നു

കാറാക്കർക്കടകമാസത്തില് കാകൻ കണ്ണ് തുറ
ക്കാത്ത വെളുപ്പിന്
കൂരയുടെ മൂലക്ക് കുത്തിയിരുന്ന് പിഞ്ഞാണത്തില് മഴവെള്ളംവീഴുന്ന താളവും കേട്ട് മയങ്ങിയിരുന്നു
എന്നാലും, അന്നൊന്നുമറിഞ്ഞില്ല കഷ്ടപ്പാട്
ഒരു കുറവുമുണ്ടായില്ല സന്തോഷത്തിന്
എല്ലാരുമൊപ്പരംഒരു കൂരയിൽ അല്ലലിലും തെല്ലു
മറിയാതെ.

അന്ന് അത്രയും ചിരിച്ചതുകൊണ്ടായിരിക്കുമോ
ഇന്ന് ഇത്രയും കരയേണ്ടി വരുന്നത്?
ആശ്വസിപ്പിക്കാൻ ആരുമില്ലാതായിപ്പോകുന്നത്?
സ്വന്തങ്ങളും, ബന്ധങ്ങളും വാക്കിലൊതുങ്ങി
കണ്ടാലറിയാതാകുന്നത്?
കാലുവെന്ത നായയെപ്പോലെ ഓടുമ്പോഴും
ഉള്ളിലുണ്ടിന്നും ആ മുക്കണ്ണൻചിരട്ടയും,മണ്ണപ്പവും.

2020, ഓഗസ്റ്റ് 8, ശനിയാഴ്‌ച

കർക്കിടക സന്ധ്യയിൽ

 

മൂവന്തിമുഖം ചുവന്നു തുടുക്കുന്നത്
പിരിഞ്ഞു പോകുന്നതു കൊണ്ടാകാം
ദുഃഖംകൊണ്ടായിരിക്കാം കുന്നിറങ്ങി
വരുന്നകാറ്റിന്
കണ്ണീരിൻ്റെ പൊള്ളുന്നചൂട്

മൂളങ്കൂട്ടങ്ങൾ ,ഒളിപ്പിച്ചുവെച്ചഇരുട്ടിനെ
പതുക്കെ തുറന്നു വിടുന്നു
ചാക്കാല കഴിഞ്ഞ കാക്കകൾ
ചേക്കേറുന്നു പുളിങ്കൊമ്പിൽ

ഇണചേർന്ന ഉരഗങ്ങൾ ഇരതേടി -
യിറങ്ങുന്നു
കർക്കിടകത്തിൻ്റെ കറുത്ത മുഖത്ത്
ആഞ്ഞാഞ്ഞു കൊത്തുന്നു
കാറ്റിൻ്റെകൂറ്റിന് വഴികാണിച്ചു കൊടു
ക്കുന്നുണ്ട് ആകാശപുളവൻ

അച്ഛനെ നോക്കിയിരിക്കുന്നുണ്ട്
വെയിൽ ഞരമ്പു പോലൊരു കുഞ്ഞ്
ഇറയത്തിൻ്റെ വെളുമ്പിൽ
വരാത്തതെന്തെന്ന് വിതുമ്പുന്നുണ്ട്, യിട-
യ്ക്കിടേ.

2020, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

സ്വപ്നം

 


തെക്കേക്കരിയിലെ
തൊട്ടാവാടിക്കാടിനുമപ്പുറം
തിളങ്ങിനിൽക്കുന്നു നീല നിറത്തിൽ
തേവിടിശ്ശിപ്പൂ

പുലർസ്വപ്നത്തിലെന്ന പോലെ
പുലമ്പി വരുന്നുണ്ട് ഒരു തെക്കൻ
കാറ്റ്

കുണുങ്ങി നിൽക്കുന്ന അവളെ
കൂത്തിച്ചി, കൂത്തിച്ചിയെന്നു കുത്തി
നോവിക്കുന്നുണ്ട് ഒരു കരിവണ്ട്

അപ്പക്കാടിനുമൊപ്പരം വളരുന്ന
പുല്ലാനിക്കാട്ടീന്ന്
തൊള്ളതൊറക്കണണ്ട് ഒരു കാട്ടു
കോഴി

ഉയർന്നുപൊങ്ങിയ ഒരു വെള്ളക്കൊറ്റി -
യിലേക്കാണു ,ണർന്നെണീറ്റത്
പുലർകാല സ്വപ്നം ഫലിക്കുമെന്ന്
പഴമ്പുരാണം

വൃദ്ധത്വത്തിൽനിന്ന് ഞാനിപ്പോൾ
ശൈശവത്തിൽ
കണ്ടത് സ്വപ്നമെന്ന് കരുതാനേ കഴിയുന്നില്ല
കുഞ്ഞുകാല കാഴ്ചയിലേക്ക് ,
സ്വപ്നത്തിലേക്ക്
വെള്ളത്തിലേക്കു താഴുന്നകല്ലുപോലെ
ഞാൻ താണുതാണുപോകുന്നു


2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ഓർമ


ഓർമ്മ,യോലക്കുടയും പിടിച്ചു -
ഞാൻ നടന്നു പോകുന്നു
നാട്ടുമാങ്ങാച്ചുനയുണങ്ങിയ -
പാടു തേടുന്നു
കുണ്ടനിടവഴി, കണ്ടം, കോണിയും -
കൊള്ള് കേറിപ്പോയ്
കണ്ട കുണ്ടാമണ്ടിയോർത്ത്,ഓർ-
ത്തു ചിരിച്ചുപോയ്

കർക്കിടകരാവുകോലം കെട്ടിയാടു -
മ്പോൾ
കുർത്തപല്ലിൻമൂർച്ചകണ്ടു ഞെട്ടിയു -
ണരുമ്പോൾ
അമ്മമാറിൽ മുഖമൊളിച്ച് തേങ്ങലട-
രുമ്പോൾ
വിരിഞ്ഞ കൈകൾ മുറുക്കിയമ്മ -
മുകർന്നു നിൽക്കുന്നു

പൊട്ടിയസ്ലേറ്റ് തുപ്പൽകൂട്ടി മായ്ച്ചി -
ടുന്നേരം
ഒട്ടിയവയർക്കാളൽപാടേ മറന്നിടു-
ന്നേരം
പണ്ടൊരുനാൾ പാഠപുസ്തകത്താ -
ളിലേ,യുമ്മ
അടുപ്പിൽവെച്ച വെള്ളം തവിയാലിള -
ക്കിടുമ്പോലെ

എൻ്റെയമ്മ തവിയിളക്കി കരഞ്ഞിരു -
ന്നൊരുനാൾ
കരയരുതെന്നമ്മ, പശിയെനിക്കില്ല -
യെന്നോതി
കോന്തലയാൽ കുഴിഞ്ഞകണ്ണുക -
ളൊപ്പിനിന്നതും
കരഞ്ഞു പോകുന്നിന്നു,മോർമ്മ-
കണ്ണീർ വാർക്കുന്നു.


2020, ഓഗസ്റ്റ് 5, ബുധനാഴ്‌ച

പ്രണയമഴ



പ്രിയപ്പെട്ടവളേ,
മഴയിൽ നിന്നുമൊരു മൊഴികേട്ടിടുന്നു -
ഞാൻ
മിഴിയിലെ വികാരവായ്പ്പറിയുന്നു
മഴയിലും എന്നിൽ വെയിൽ പൂത്തു
നിൽക്കുന്നു
നീയോ,തപിക്കുന്നൊരഗ്നികുണ്ഡം
നിൻ്റെ ചുണ്ടിലേചെറിപ്പഴച്ചാറ്
എൻ്റെ ചുണ്ടിലത് ഉഷ്ണമായ് പടരുന്നു
പ്രണയ ജ്വാലകൾ പരക്കുന്നു നമ്മിൽ
മദിര പതഞ്ഞു തുളുമ്പുന്നു ചുറ്റും
അലസ ലാസ്യത്തിൻ നെറുകയിൽ വന്യ -
ചുംബനം കൊണ്ടൊരു കോട്ട കെട്ടുന്നു
അടഞ്ഞ അധരത്തിൻ കതകു തുറന്നു നീ
ആർത്തിയാൽ വീഞ്ഞു തേടി നടക്കുന്നു
രസനതൻ രുചി പോരാതെ പിന്നെയും
പ്രണയ സമുദ്രത്തിലുല്ലസിക്കുന്നു
മഴകൾ മിഴിയടക്കുന്നു നാണത്താലെ
വെയിൽ പൂത്തമരമായി നിൽക്കുന്നു
നമ്മൾ
പ്രിയപ്പെട്ടവളേ,
മഴ നമ്മളിൽ ഗാഢമായ് പെയ്യുന്നു
ഗൂഢമാം സ്മിത നിർവൃതി കൊള്ളുന്നു
നീയുറങ്ങുന്നു
ഞാനുറങ്ങുന്നു
പ്രകൃതി ആനന്ദനൃത്തമാടുന്നു

ഇറച്ചിവെട്ടുകാരൻ



ഇറച്ചിവെട്ടുകാരൻ്റെ മനസ്സ്
ഉടലില്ലാത്ത പക്ഷിയെപ്പോലെ
ചിറകിട്ടടിക്കുകയായിരിക്കും.
എത്ര മൃഗങ്ങളുടെ സ്വപ്നങ്ങളെ
യായിരിക്കും
അറുത്തുമാറ്റിയിട്ടുണ്ടാവുക
അവയുടെ ആത്മാക്കളുടെ
സങ്കടങ്ങൾ
ഉളളിക്കിടന്ന് അയവെട്ടി പതം -
പറയുന്നുണ്ടാകാം
ജീവിത പ്രാരാബ്ധത്തിൻ്റെ
പായലും, പൂപ്പലും അവനെയാകെ
മൂടിയിരിക്കാം
സങ്കടം കാണാനുള്ള കണ്ണുകൾ
കെട്ടപ്പെട്ടിരിക്കാം
ജീവിതത്തോടു തോറ്റുപോയവൻ്റെ
ചുവരെഴുത്താകുമോ അവൻ
അതോ ജീവിതമതിലിൽ സ്വന്തം
പേരെഴുതിച്ചേർക്കാനുള്ള ശ്രമമോ ?!
ഇറച്ചിവെട്ടുകാരൻ കുറിച്ചുവെച്ച
കണക്കിൽ
ഒരിക്കൽ അവൻതന്നെ അവൻ്റെപേരും
എഴുതി വെച്ചേക്കാം.

2020, ഓഗസ്റ്റ് 2, ഞായറാഴ്‌ച

പെങ്ങളായ്......



ഏതോ വളവിൽ വെച്ച്
ഞാനൊരു ചുഴിയിൽ പെട്ടേക്കാം
അപ്പോഴും മൗനത്തിൻ്റെ മഞ്ഞുവീഴ്ച്ചയിൽ
നീ നനഞ്ഞിരിപ്പുണ്ടാകുമോ
ഏതോ കുന്നിൻ മുകളിൽ വെച്ച്
മഴയിൽ കുതിർന്നേക്കാം
അപ്പോഴും നെറുകയിൽ കനലുമായി
നീ കത്തിനിൽക്കുമോ
എതോ മലയിറക്കത്തിൽ
താഴ് വരയിലേക്ക് തെന്നിയേക്കാം
അപ്പോഴും അകലേക്ക് കണ്ണുനീട്ടി
നീ കെടാതെ നിൽക്കുമോ
ഉലഞ്ഞ മനസ്സിൽ അലിഞ്ഞു ചേർന്നവൾ നീ
ഓർമ്മകളിൽ ഒട്ടിച്ചേർന്നവൾ
ആസക്തിയുടെ അഭ്രപാളിയാലല്ല
അരുതായ്മയുടെ ഉന്മാദത്താലല്ല
അകമുറിവിലെപൊടിയും ചോരയാൽ
പിറക്കാതെ പോയ കൂടപ്പിറപ്പായ്
പെങ്ങളായ്
പൊതുനിരത്തിലെ പിരിയൻ വഴിയിൽ
ഇത്തിരിനേരം കണ്ടൊന്നു നിൽക്കുവാൻ.

2020, ഓഗസ്റ്റ് 1, ശനിയാഴ്‌ച

മനുഷ്യനാഗങ്ങൾ



ഉളളിൽ കുത്തുന്നു
കള്ളിമുള്ള്
പച്ചവെള്ളത്തിന്
തീ പിടിക്കുന്നു
വഴികൾ കത്തുന്നു
തിരയുടെ തിളപ്പടങ്ങി
വിരലറ്റ വാക്യങ്ങൾ
വീണു പിടയുന്നു
വിഷക്കായകൾ
മുളച്ചുപൊന്തുന്നു
മിഴിനീരുകൾ
വിതുമ്പി നിൽക്കുന്നു
കുറുകുന്ന പിറാവുകൾ
കുറുകേ വീണു കിടക്കുന്നു
കുനിയാത്ത ശിരസ്സുകൾ
കനലായ് കത്തിനിൽക്കുന്നു
ഭ്രൂണത്തിൽ കൊത്തുന്നു നാഗം
ഇരുട്ട് മാഞ്ഞു പോകുന്നു -
ഇരുട്ടിലേക്ക്
അവർ മൃതിയിൽ
ദ്യുതി തേടുന്നവർ
ഭയത്തിൻ്റെ വിഷം വിതയ്ക്കുന്നവർ
മൂർദ്ധാവിൽ ചുംബിച്ചു കൊണ്ടിരിക്കുന്നു
മനുഷ്യനാഗങ്ങൾ.

യാത്ര



നാം മാറിക്കൊണ്ടേയിരിക്കുന്നു
ഇപ്പോൾ കണ്ട പുഴയല്ല കുറച്ചു കഴിയുമ്പോൾ
കാണുന്നത് എന്നപോലെ
തിരിഞ്ഞു നോക്കാതെയുള്ള നമ്മുടെ
ഓരോ കയറ്റവും
തിരിച്ചിറങ്ങാനുള്ളതാണ്
കഴിഞ്ഞ കാലം കുറിഞ്ഞി പൂച്ചയെപ്പോലെ
കണങ്കാലിൽ ഉരുമിക്കൊണ്ടേയിരിക്കുന്നുണ്ട്
നാം തട്ടിമാറ്റിക്കൊണ്ടും
വീഴ്ച്ചയിലൂടെയാണ് നാം വാഴ്ച തുടങ്ങിയത്
വാഴ്ച്ചയ്ക്കിടേയിനി നാം വീഴും
വഴക്കം മറക്കും വേച്ചു പോകും
തലോടി തണുപ്പിച്ച ഇളം തെന്നൽ വഴി മറക്കും
ദുഃഖത്തിൻ്റെ നായ ആഹ്ലാദത്തിൻ്റെ പൂച്ചയെ
ആട്ടിയോടിക്കും
നമ്മേ രക്ഷിച്ചവരേയും നാം ശിക്ഷിച്ചവരേയും
ആദ്യമായോർക്കും
സ്വർഗമെന്ന നുണ പക്ഷി പാറിപ്പോക്കും
നരകമെന്ന വ്യാളിപ്പുറത്തെന്നറിയും
അന്നുവരെ സമയമില്ലെന്ന് ചൊന്ന നമ്മോട്
ഇനി സമയമില്ലെന്ന് കാലം പറയും
മണ്ണിലേക്കു പിറന്നു വീണനാം
മണ്ണിലേക്കു തന്നെ യാത്രയാകും.