malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, മേയ് 27, വ്യാഴാഴ്‌ച

പ്രണയികളോട് ....!



പൂർണ്ണതികവിൽ
നിറഞ്ഞു നിൽക്കുന്ന വസന്തം -
പോലെയവർ
നിലാവ് നിറഞ്ഞു പെയ്യുന്നു
കിളിവാതിൽ മലർക്കെ തുറക്കൂ
ഉദ്യാനത്തിൽ നിന്ന് ഉന്മാദമുണർ-
ത്തുന്ന
സുഗന്ധം പാറി വരുന്നു
കുളിരുമായ് വന്ന് ചെറുതെന്നൽ
തൊട്ടുതലോടുന്നു
മുന്തിരിവള്ളികളിൽ ചെറുകുരുവി -
കൾ
പ്രണയസല്ലാപത്തിലാണ്
നിങ്ങൾക്കൊന്നും പറയാനില്ലെ ?!

2021, മേയ് 26, ബുധനാഴ്‌ച

പീഡനം


പുലർകാല പുൽക്കൊടിയിൽ
രാത്രിയുടെ കണ്ണീര്
കിഴക്കേ കുന്നിൽ ചരുവിൽ
കന്യാ രക്തം
മൊഴിമുട്ടിയ കാറ്റ്
തറഞ്ഞു പോയ് കൊമ്പിൽ
മിഴി വറ്റിയ മണ്ണ്
കരിഞ്ഞു വിണ്ടു.

കൊക്കു പിളർന്ന പക്ഷിയുടെ
തൂവൽ കൊഴിഞ്ഞു
ദൈവം ദേവാലയത്തിൽനിന്നിറങ്ങി
നടന്നത്
ഒരു കുട്ടി മാത്രം കണ്ടു

ഹരിതം മാഞ്ഞ ഒരില
മണ്ണിൽ വീണു
ഹരിണത്തിൻ്റെ കണ്ണിൽ
കൊത്തുന്നു കഴുകൻ
സ്തനം മുറിഞ്ഞ പെണ്ണിൻ്റെ
സ്തന്യത്തിനു കരയുന്നു കുഞ്ഞ്

മുള


കാറ്റിലുലയുന്ന വള്ളിപോലെയവൾ
വിറച്ചു
കിതച്ചു

പുലരിമിഴി തുറന്നു
ശിശിരം വിയർത്തു
പൊഴിഞ്ഞു വീണ മർമ്മരം മൂകത -
കുടിച്ചു

ആനന്ദത്തിൻ്റെ വീഞ്ഞ് പുളിച്ചു
പുലരിയുടെ നഗ്നത
പുറം ലോകം കണ്ടു

പൂർവ മുഖം ചോരവാർന്ന പോലെ -
വിളറി വെളുത്തു
പിന്നെ പുകഞ്ഞു

അവൾ, നിപതിച്ച മിന്നൽ പിണർ
അഗ്നിജ്വാല
ഉദാത്തമായ ആശയങ്ങളുടെ നില -
യ്ക്കാത്ത പ്രവാഹം

ചൂടാറുന്നതിനുമുന്നേ പച്ചമണ്ണിൽ
ഒരു വിത്ത് അങ്കുരിച്ചു
അവളുടെ മൃദുലമായ കൈകൾ പോലെ
രണ്ടില വിരിഞ്ഞു വന്നു

മണ്ണിൽ നിന്നും മണ്ണിലേക്ക് പിന്നെയും
ശ്വാസവും വെളിച്ചവുമായി അവൾ

2021, മേയ് 23, ഞായറാഴ്‌ച

അവസാനം


ഭയന്ന പേടമാനിന്
അഭയം ചെന്നായമട

മൃതിയുടെ ഗഹ്വരത്തിൽ
സ്മൃതി പെയ്യുന്നു

കുഞ്ഞുനാളിലെ കരഞ്ഞുവിളി
ഒറ്റപ്പെടലിൻ്റെ കറുത്ത നാളുകൾ

പിന്നെ ഒട്ടും താമസിച്ചില്ല !

അകത്ത് അലറിപ്പിടഞ്ഞ് ചെന്നയ
പുറത്ത് ചുണ്ടുതുടച്ച് മാൻപേട

2021, മേയ് 21, വെള്ളിയാഴ്‌ച

കേരളം


തുമ്പയും, തുളസിയും ,കതിരണിപ്പാടങ്ങളും
തുമ്പി തംബുരു മീട്ടും തൊടിയും, പൂവാടിയും
കനകമണിച്ചിലമ്പണിഞ്ഞ കാട്ടാറും കാവും
കരുത്തും, ഗുരുത്വവും തുടിക്കും കളരിയും

കോവിലും ,കുളങ്ങളും, തടിനി,തടങ്ങളും
മുത്തുക്കുടചൂടിയ കേരവൃക്ഷത്തിൻ നിര
കേരളം കുളിരേകി നിൽക്കുന്നു സ്മരണയിൽ
ചോരച്ചുവപ്പാർന്നുള്ള സ്മൃതികളുണരുന്നു

ധീരരക്തസാക്ഷിത്വം വരിച്ച മണ്ണിൽ നിന്നും
ചരിത്രം തുടലുരിഞ്ഞുണർന്ന മണ്ണിൽ നിന്നും
മൺ തരിപോലും പടപ്പാട്ടു പാടീടുന്നൊരു
പരിവർത്തന ശബ്ദം മുഴങ്ങുന്നതു കേൾക്കാം

മതസൗഹാർദ്ദത്തിൻ്റെ മഹനീയ മാതൃക
മാനവ സ്നേഹം പൂക്കും മഹനീയമാം കാഴ്ച
പള്ളിയമ്പലം മസ്ജിദെന്നിവയെല്ലാം തന്നെ
ഒരുമ വിളിച്ചോതും സോദര സന്ദേശങ്ങൾ

തിറയും തറികളും കഥകളി ശീലുകളും
അറബിക്കടൽ മീട്ടും വീണാ ക്വാണങ്ങളും
തുഞ്ചൻ്റെ കിളിപ്പാട്ടും തഞ്ചിനിന്നീടും കാറ്റും
മഞ്ജുവാം മൃതു ശിഞ്ജിതമുണരുമെൻ കേരളം


മറക്കാൻ കഴിയാത്തത്



മരിച്ചവരെ മറന്നുപോകും !
എന്നാൽ, മരിച്ചവർ ഇടയ്ക്ക് മനസ്സിലേക്കൊരു  വരവുണ്ട്
അപ്പോൾ വിങ്ങുന്ന ഹൃദയം തുടിക്കുന്നത് സ്വയം കേൾക്കാം
എന്നും സ്വന്തം നിഴലായ് നിന്നയാൾ
അത് താൻ തന്നെയാണെന്ന് തിരിച്ചറിയും !

എല്ലാം മറക്കാൻ ഇല്ലാത്ത ജോലി ഉണ്ടാക്കി
ചെയ്യും തളരുന്നതുവരെ
മങ്ങിത്തുടങ്ങിയ പഴയ ചിത്രം പോലെ
പിന്നെ ഓർമ്മകൾ മങ്ങിത്തുടങ്ങും
കാവ്യാത്മകമായ ഒരു തോന്നൽ ആത്മാവിലേ -
ക്കിരച്ചു കയറും

ജീവൻ്റെ ഓരോ അടരുകളിലും
ഞാനെന്നെ തുന്നിച്ചേർക്കാൻ ശ്രമിച്ചുകൊണ്ടി- രിക്കും
വെളിച്ചത്തിൻ്റെ കടലിലിരുന്ന് തിരമാലകളെ -
സ്വപ്നം കാണും
മറവി മനുഷ്യന് വരമായിക്കിട്ടിയത്
മരിച്ചവരെ മറക്കാനായിരിക്കണം !

പക്ഷേ;
മരിച്ചാലും മറക്കാൻ കഴിയില്ല മരിച്ചവരെ.

2021, മേയ് 19, ബുധനാഴ്‌ച

ഭ്രാന്തൻ


ദൈവം ചവച്ചു തുപ്പിയനാക്കുപോലെ -
യൊരുവൻ
അവൻ ഗ്രീഷ്മത്തിലെ നട്ടുച്ചയെ,യോർമ്മി -
പ്പിക്കുന്നു
പരിചിതനായ വനയാത്രികനെപ്പോലെ,യവൻ
നടക്കുന്നു
രഹസ്യങ്ങളില്ലാത്ത ഒരു കടൽ

ഇസ്തിരിവെച്ച കുപ്പായം പോലെ
ചിന്തേരിട്ട ചിന്തയുമായി അവൻ നടക്കുന്നില്ല
നാനാർത്ഥമുള്ള ഒരു വാക്ക്
സ്വപ്നങ്ങളുടെ ഒരു ഭൂമിക

ഋതുക്കളെ അവൻ തലയിലേറ്റി നടക്കുന്നു
അവൻ ഒരു നിമിഷംപോലും ഏകാകിയല്ല
ഉള്ളിലെ,യാൾക്കൂട്ടത്തോട് സംസാരിച്ചുകൊ-
ണ്ടേയിരിക്കുന്നു
ഓരോ അണുവിലും വിവർത്തനം ചെയ്യപ്പെട്ടു -
കൊണ്ടിരിക്കുന്നു

അവൻ ചിറകുകളാകുന്നു
കളിപ്പാട്ടമാകുന്നു
കുട്ടിയുടെ ഇളംബോധത്തെ ചേർത്തു നിർത്തുന്നു
ജീവിത ബോധത്തിനുപിടികൊടുക്കാതെ -
തെന്നി നടക്കുന്നു

അവൻ മുഖം മൂടി വലിച്ചെറിഞ്ഞവൻ
ചിരിക്കുന്ന രാജാവ്
ചിരിക്കാൻ മറന്ന ജനപദങ്ങൾക്കുനേരെ
നിവർന്നു നിൽക്കുന്ന ഒരു ചോദ്യചിഹ്നം

അവന് കടലിൻ്റെ നീല പേശികൾ
ഭൂമിയുടെ ദൃഢതയാർന്ന ഹൃദയം
കാടിൻ്റെ വന്യത മുറ്റി നിൽക്കുന്ന കണ്ണുകൾ
അമർത്തിവെച്ചാലും തുളുമ്പി നിൽക്കുന്ന -
പൊട്ടിച്ചിരി

ഒരു വ്യാഘ്രം
ഒരു ശശം
സ്നേഹത്തിൻ്റെ വിലാപം
മോഹങ്ങളെല്ലാമഴിച്ചു വെച്ച് പച്ച മണ്ണിലേക്ക് -
ഇറങ്ങി നടന്നവൻ

പിറവി



പ്രിയേ, നോക്കു ;
പറന്നണയുന്ന അന്തിപ്പറവകളെ
അവ നമ്മിൽ ചേക്കേറുന്ന കാമനകളാണ്
അവ ആത്മാവിൻ്റെ ആഴങ്ങളിലേക്ക് താണു
പറക്കുന്നു

ധ്യാന പൂർണ്ണ നിമിഷങ്ങളിലാണ്
പ്രണയത്തിൻ്റെ പ്രാണ വേരുകൾ
മുളയിടുന്നത്
ഇരുളിൽ നിന്ന് തിരിനാളമുയരുന്നത്
അപ്പോൾ, തളിരധരത്തിലെ മഞ്ഞു കൂടാരം
നീ തൊട്ടു നോക്കൂ
തപിക്കുന്ന ഗ്രീഷ്മ ശലഭങ്ങൾ
പറന്നുയരുന്നത് കാണാം
പ്രണയ സ്പർശങ്ങളാൽ സ്വയം മറക്കുന്നത-
റിയാം

അന്നേരം, നമ്മിലെ സമുദ്രത്തിൽ
നാം പരൽ മീനുകളായ് നീന്തിത്തുടിക്കും
നക്ഷത്രമായ് നീല നഭസ്സിൽ നിറഞ്ഞു നിൽക്കും
രണ്ടു മിന്നാമിന്നുകൾ ഒന്നായ്ച്ചേർന്ന്
ഒറ്റ ജ്വാലയായ് ഒരു കവിത പിറക്കും

2021, മേയ് 18, ചൊവ്വാഴ്ച

ശിശിരത്തിലെ എഴുത്തുമുറി


മഞ്ഞുകാല രാത്രിയായിരുന്നു
ചില ചുഴികളുണർത്തി മനസ്സെന്ന പക്ഷി
ചിറകടിച്ചു
രാത്രി മൃദുവായനങ്ങി.

ജനവാതിലിലൂടെയിളകുന്നയിരുട്ടിലേക്കു -
നോക്കി
കുന്നിൻ മുകളിൽ ഏകാന്തമായ സെമിത്തേരി.
ഞാനിരുട്ടുമുറിയിലെ നിശ്വസിക്കുന്ന ശവകു-
ടീരം

മറന്നുവെച്ച,യെന്തോ തിരഞ്ഞ് ദീർഘയാത്ര -
ചെയ്തതുപോലെ
ഒരു കിതപ്പു ബാക്കിയാകുന്നു
ചിലപ്പോൾ സമുദ്രക്കാഴ്ച പോലെ
ആഴങ്ങളിലേക്കാകർഷിക്കുന്നു
ചിലപ്പോൾ ഒരു കരിഞ്ചേരപ്പുളച്ചിൽ പാദത്തിൽ
നിന്ന് മുകളിലേക്ക് കയറുന്നു

തിടുക്കത്തിൽചലിക്കുന്ന കുറേ നിഴലുകൾ
പുറത്തേക്കിറങ്ങുന്നു
വെളിച്ചം കൊണ്ടുവെളിപ്പെടുന്നു നിഴലുകൾ.
രണ്ടുസഞ്ചാരികളുടെ യാത്ര പറഞ്ഞു പിരിയ -
ലാണു മരണം
രാത്രിയെ നിഴലുകൾ ഒരു മൃഗക്കൂടാക്കി മാറ്റുന്നു

മഞ്ഞു വീണ രാത്രിക്ക് മരുഭൂമിയുടെ മണം
ഏകാന്തതയുടെമുനമ്പിന് അനിശ്ചിതത്വത്തിൻ്റെ - യനുഭവം
ശിശിരത്തിലെ,യെഴുത്തുമുറിയിൽനിന്ന് ശ്മശാന - ത്തിലേക്കൊരുപാത
നിഴലുകളാൽ നീണ്ടു നിവർന്നു കിടക്കുന്നു എഴു- ത്തുമേശ

2021, മേയ് 16, ഞായറാഴ്‌ച

ആസുരകാലം


ഗന്ധകത്തിൻ്റെ ഗന്ധം ചുറ്റും
വസന്തമെവിടെ ?
ശിശിരത്തിൻ്റെ ശിഖരത്തിൽനിന്നിറ്റു
വീഴുന്നു
ദുഃഖത്തിൻ്റെ മഞ്ഞുതുള്ളി
ഓരോ നീർത്തുള്ളിക്കും ഒരു ജീവിത -
കഥയുണ്ട്

സ്നേഹാക്ഷരങ്ങൾ കോറിയിട്ട -
മുഖങ്ങളെവിടെ ?
ഉള്ളിലൊരുൾക്കടലും
വനപ്രദേശവും ഉടലെടുക്കുന്നു
ചാട്ടവാറു കൊണ്ടു ചിത്രം വരച്ച ഒരു -
ശരീരത്തിൽ
കൂനനുറുമ്പുകൾ കുസൃതി കാട്ടുന്നു

പെൺകുഞ്ഞിൻ്റെ പേരെഴുതിയ ഒരു -
കുഞ്ഞുതൂവാല
കുറ്റിക്കാട്ടിൽ വീണു കിടക്കുന്നു
മോഹങ്ങളും, വാക്കുകളും കുടുങ്ങി -
ക്കിടക്കുന്നുണ്ടാവണം അവളുടെയുള്ളിൽ

ഒരു ചുവടിൻ്റെയകലത്തിൽ
അരുതാത്തതുമാത്രം അണിയണിയായി -
ക്കാണുന്നു
ചുണ്ടുകളിൽ ശവക്കുഴിയുടെ നിശ്ശബ്ദത
ശിശിരം ചുട്ടുപൊള്ളുന്നു നെറുകന്തല
ശരമേറ്റസമാധാനത്തിൻ്റെ പ്രാവ്
അവസാന ശ്വാസത്തിന് പിടയുന്നു



2021, മേയ് 15, ശനിയാഴ്‌ച

കവിതപോലെ


പ്രിയപ്പെട്ടവളേ,
നിൻ്റെ തളിർ വിരലുകൾ
എൻ്റെ നെഞ്ചിൻ
ചിത്രങ്ങൾ നെയ്യുന്നു

നാം നമ്മുടെ ഹൃദയത്തിൽ
അമർത്തിച്ചുംബിക്കുന്നു
ലജ്ജാഭരിതമായ രണ്ട്
മിന്നാമിന്നുകൾ
മിഴികളിലുണരുന്നു

നീ മുന്തിരിവള്ളി പോലെയെന്നിൽ
പടരുന്നത്
ഞാൻ സ്വപ്നം കാണുന്നു

പ്രിയപ്പെട്ടവളേ,
എത്ര അഗാധമായാണ്
പ്രണയം നമ്മിൽ പെയ്തിറങ്ങുന്നത്

ഹേമന്തത്തിൻ്റെ തൂവൽ പോലുള്ള
നിൻ്റെ ചുണ്ടുകളെന്താണ്
കവിതപോലെ ചുട്ടുപൊള്ളുന്നത്

2021, മേയ് 14, വെള്ളിയാഴ്‌ച

മോചനം


ഒരു നേരത്തെ അന്നത്തിന്
ചോദിച്ചതിന്
ഫണമുയർത്തിയ ഫലിതത്താൽ
കൊത്തുന്നു
അശ്ലീലത്തുപ്പൽ കുടിച്ചിറക്കുന്നു

കാമത്തിൻ്റെ കരിഞ്ചേര സിരകളിൽ
കൊതിയുടെ കൂർപ്പുകൾ കണ്ണിൽ
വക്ത്രം തുറന്നു നിൽക്കുന്നു നക്രം
ഉന്മാദത്തിൻ്റെ ദർപ്പം

ദമത്തിൻ്റെ തമം വന്നു മൂടുന്നു
പെരുവഴിയിലാണ് മക്കൾ
പെറ്റവയറിന് നോവുന്നു
വ്യാഘ്രത്തിൻ്റെ വിരൽത്തുമ്പിൽ പിടയുന്നു

എൻ്റെ ദാരിദ്ര്യത്തിൻ മേലെ
നിൻ്റെ ഭ്രാന്തൻ മഴ
കൊടുംവേനൽ തന്നെ ഞാൻ കുടിച്ചോളാം
കുതറി മാറണം കരിങ്കൊക്കിൽ നിന്ന്

ഉടലിൽനിന്ന് ഉത്സവമൊഴിഞ്ഞവൾ ഞാൻ
ആരവമില്ലാത്ത ഉത്സവപ്പറമ്പ്
കാടകത്തിൽ കഴിഞ്ഞോളാം
നിൻ്റെ മനസ്സിൻ്റെ കാടകത്തിൽ നിന്ന്
എനിക്കെന്നെ മോചിപ്പിക്കണം

2021, മേയ് 13, വ്യാഴാഴ്‌ച

പ്രതീക്ഷ


കരതേടി നടന്നു
കഠാരം കിട്ടി

ഭക്ഷണവഴിയേത്?
ഭിക്ഷയുടേതെന്ന്
മറുമൊഴി:
ഞാൻ ദക്ഷിണായന
ത്തിൻ്റെ വഴിയിൽ

അഗ്നിയാണ് കരളിൽ
ഭഗിനി വന്നില്ലയിതുവരെ

വേടിനെ സൂക്ഷിക്കണം
മറഞ്ഞിരിപ്പുണ്ടാം വേടൻ
പോടിൽ നിന്നൊരു തക്ഷൻ
ദംശിക്കണം വേടനെ

അരുത് വിഷാദം
വരില്ല നിഷാദൻ

തീപ്പിടിച്ച ചിന്തയുടെ
ചിതവേഗമണയ്ക്കുക
ചോരയിറ്റും വിരലുകൊണ്ട്
പൂക്കാലം വരയ്ക്കുക

2021, മേയ് 12, ബുധനാഴ്‌ച

ഇല


ഇലകൾ കാറ്റുമായി സംസാരിക്കാറുണ്ട്
ആംഗ്യഭാഷയിൽ നിന്ന് നമുക്കത് മനസ്സി-
ലാകും
ഇലകളുടെ നിശ്ശബ്ദ നിമിഷങ്ങളെ നിങ്ങൾ
കണ്ടിട്ടുണ്ടോ
മറുഭാഷകളിലെ അർത്ഥ ധ്വനികളെ വിവർ-
ത്തനം ചെയ്യുന്നതാകാം

ആടിക്കളിക്കുന്ന ഇലകൾ
ആഘോഷിക്കുകയാകണമെന്നില്ല
ആർത്തലയ്ക്കുന്നതാകാം
ഇലയുടെ ഭാഷ നമുക്കറിയില്ലല്ലോ

അവയുടെ സിരകളിലുമുണ്ടാകാം
ആനന്ദം
ആഘോഷം
പ്രണയം
കലാപം
കുതിക്കാൽ വെട്ട്

മനുഷ്യന് മാനുഷികത പോലെ
ഇലകൾക്കുമുണ്ടാകാം ഇലകീയത
അവപരസ്പരം വേളികഴിക്കുന്നുണ്ടാകും
അതായിരിക്കണം
ഇത്രയും ഇലകളെ പെറ്റുപെരുകുന്നത്

വര


  വര ഒരു മുന്നറിയിപ്പാണ്
ആജ്ഞയുടെ ചൂണ്ടുവിരൽ

ഇരട്ടവരയൻ കോപ്പിയിൽ
എഴുതി പഠിച്ചിട്ടും
വടിവില്ലാതെ പോയി ജീവിതം
വിടവ് കൂടിക്കൂടി വന്നു ബന്ധം

വര ഒരു മുന്നറിയിപ്പാണ്
തലവര!
ഉള്ളങ്കൈയിലെ വര !!

വരവേരാണ്
തായ്ത്തടിയെ താങ്ങി നിർത്തുന്ന
തായ് വേര്
നാര് നാരായവേര്

അരുളിൻ്റെ പൊരുളറിയാത്തതു
കൊണ്ടായിരിക്കണം
ജീവിതം റെയിൽപ്പാളം പോലെ
സമാന്തരമായത്

കോപ്പി പുസ്തകത്തിലെ ഇരട്ടവര
യാണ് റെയിൽപ്പാളം
വര ഒരു മുന്നറിയിപ്പാണ്

2021, മേയ് 11, ചൊവ്വാഴ്ച

കൗമാരം


കട്ടുറുമ്പായിരുന്നു കൗമാരം
കുത്തിയ,യിടം തിണർത്തിരി -
പ്പുണ്ടിന്നും

കുളുത്ത് വെള്ളത്തിൻ്റെ ബലത്തിൽ
രാവിലെ കുന്നുകയറിയുള്ള സ്കൂൾ -
നടത്തം
ഗോപാലൻ നായരകടയിലെ ഉച്ചയ്ക്കുള്ള
രണ്ട് പൈസ മോരും വെള്ളം
രാത്രി കഞ്ഞിയുടെ ഓർമ്മയിൽ
അവസാന ലാപ്പിലെ ഓട്ടക്കാരനെപ്പോ-
ലുള്ള
വേഗതയാർന്ന നടത്തം

മൂർന്ന കണ്ടത്തിലെ കാലിപ്പറിക്കൽ
ഉതിർന്ന നെന്മണികളുടെ നുള്ളിപ്പെ-
റുക്കൽ
ഉറക്കുത്തിയ മോന്തായം നോക്കിയുള്ള
മഴക്കാലയിരിപ്പ്

തിണർത്തയിടം തിടംവയ്ക്കുന്നല്ലോ -
യിന്നും
കാലുവെന്ത നായയെപ്പോലെ ഓടേണ്ടി
വരുന്നല്ലോ
എങ്കിലും പ്രണയമാണെനിക്ക് കൗമാര -
ത്തോട്
മാഞ്ചുന പൊറ്റതേടി അറിയാതെ അല-
യുന്നു വിരൽ
.......................
കുറിപ്പ് :-
കുളുത്ത് - പഴങ്കഞ്ഞി
മൂർന്ന - കൊയ്ത
കാലിപ്പറിക്കുക -ഒഴിഞ്ഞ നെൽക്കതിർ പറിക്കുക

2021, മേയ് 10, തിങ്കളാഴ്‌ച

പ്രണയചിഹ്നം


പട്ടുപോയ്‌ പടുത്തവയെല്ലാം
പെട്ടുപോയ് പ്രളയത്തിൽ
നീ തന്ന ക്ഷീരത്തിൽ
ക്ഷാരമെന്നറിഞ്ഞിരുന്നില്ല

തമോഭരത്തിലേക്കു തള്ളിയിട്ടു നീ
നാരകത്തിനു നടുവിലിന്നു ഞാൻ
മരണത്തിലേക്ക് ഒലിച്ചുപോകുമുമ്പ്
കൊക്കു പിളർന്ന പക്ഷിയായിപ്പോയല്ലോ

കയ്പിലെ കളഞ്ഞുപോയ നെല്ലിക്ക -
യാണൻ്റ പ്രണയം
ഗ്രീഷ്മമാണതിൻ ചിഹ്നം
തക്ഷകനാണു മുന്നിൽ
ഇനി തൽക്ഷണം നീലയായ് മാറണം

2021, മേയ് 9, ഞായറാഴ്‌ച

വസന്തം മറന്നവർ


ചൊരിയും മഴയത്ത്
കുടയില്ലാതെ പരസ്പരം
കുടയായവർ നമ്മൾ

പൊരിയും വെയ്ലത്ത്
മരമില്ലാതെ പരസ്പരം
തണലായവർ നമ്മൾ

വസന്തം വരവായെന്ന്
നീ പറഞ്ഞു:
ശിശിരം വന്നു.

പൊള്ളുന്ന ഞരമ്പിൻ്റെ
വരമ്പത്തു നിന്നെത്തി നോക്കി
എവിടെ പൂക്കാലം ?!

പ്രണയം മറന്ന മനസ്സിൽ
വസന്തം വരാറില്ലെന്ന്.

ശിശിരത്തെ തീറെഴുതിതന്ന്
ഗ്രീഷ്മം മടങ്ങി

2021, മേയ് 8, ശനിയാഴ്‌ച

അവസാനമായി



നാവു വരണ്ട കഠാരം
ചോര നക്കിക്കുടിച്ചു
ജഠരം നടുറോഡിലുപേക്ഷിച്ചു.
മഴയെന്ന മിത്രം കുളിപ്പിച്ചു -
കിടത്തി
പട്ടടത്തീപ്പൂട്ടി പടിഞ്ഞാറ് സന്ധ്യ

രക്തത്തിൻ്റെ രുചിഭുജിച്ചഭൂമിയും
ഋതുവും സാക്ഷി
ഋണഭാരമില്ലാത്ത കറുത്ത -
പക്ഷികൾ
ചാഞ്ഞകൊമ്പിൽ ചേക്കേറി

ആരുമില്ലാത്തവൻ
ആരവമൊഴിഞ്ഞ ഉത്സവപ്പറമ്പ്
സ്വപ്നങ്ങളുടെ വാഗ്ദാനത്താൽ
വഞ്ചിക്കപ്പെട്ട ശരീരം
നടുക്കടലിലെ ആടിയുലയുന്ന വഞ്ചി

ചിതയുടെ സംഗീതം അവന്കൂട്ട്
ചതിയുടെ ഖനീ മുഖം അവനു പരിചിതം
ആഗ്രഹം ഒന്നേയുള്ളു
കാട്ടുതീയായി പുനർജനിക്കണം
ചതിയുടെതമാലനീലിമയിൽ -
നിവസിക്കുന്ന
ദർപ്പ മുഖങ്ങളെ ചുട്ടുകരിക്കണം

2021, മേയ് 7, വെള്ളിയാഴ്‌ച

പ്രണയം കൊണ്ട്


ഓർക്കാപ്പുറത്താണ്
ഒരുമിച്ചത്
ആലോചിച്ചാൽ
അന്തമില്ല

ഇപ്പോൾ ഒരകൽച്ച
ഇടയ്ക്കൊരുമുരൾച്ച
വിയോഗം വിധിയെന്ന്
കാക്കാലത്തി
കെട്ടുതാലിയിൽകണ്ണെന്ന്
പറഞ്ഞത് അച്ചട്ടം

രാത്രിയണയാൻ അല്പ-
സമയം മാത്രം
യാത്രപറയാൻ അവൾവന്നു
കണ്ണീരുകൊണ്ടെൻ്റെകവിളു -
നനച്ചു

അവസാനമായി നൽകിയ
ഒറ്റചുംബനം കൊണ്ട്
അവളുടെജീവൻ ഒപ്പിയെടുത്തു

2021, മേയ് 6, വ്യാഴാഴ്‌ച

നിഴൽ



ഒരു നേരം നീയെൻ്റെ മുന്നിൽ

മറുനേരം നീയെൻ്റെ പിന്നിൽ

പിന്നെനീ നീയെൻ്റെ യെന്നിൽ !

ഏതേതുവെള്ളിവെളിച്ചത്തിലും

കറുത്ത മുഖവുമായ് തന്നെ


വേർപിരിയുന്നതേയില്ല 

വേരെന്നപോലെന്നുമെന്നിൽ

കാണുന്നു നിത്യവുമെന്നാൽ

കണ്ടതായ് നടിക്കുന്നതില്ല


ജീവിത കുരിശുചുമക്കേ

അകംനൊന്തു കേഴുന്ന നേരം

ഭാരം താങ്ങീടുന്നപോൽനീ

അനുകരിച്ചീടുന്നുയെന്നെ !


ദാഹ, വിശപ്പുകളില്ല,സ്നേഹവു-

മൊട്ടുമേയില്ല

എന്നാലറിയുന്നു ഞാനിന്നു -

നിന്നെ

എൻ്റെ പട്ടsകാണ്മാൻ നിനക്കു

കൊതിയില്ല പിന്നെ നീയില്ല

2021, മേയ് 3, തിങ്കളാഴ്‌ച

മേടം


മേടം കോടിയുടുത്തൊരുങ്ങുന്നു
കൊന്നപ്പൂങ്കുല ഞാത്തിയിടുന്നു
പാടം പച്ച തഴച്ചുണരാനായ്
വേലപ്പെൺകൊടി കാത്തിരിക്കുന്നു
മേടം വന്നു കരേറുന്ന നേരം
പുത്തൻപെണ്ണും പുതുമണ്ണുമൊന്നായ്
പുതുമുളപൊട്ടും സുഗന്ധം ചൊരിയും
ഹ്ലാദം ഹൃത്തിൽ പുതു നൃത്തമാടും
മേടം മോടിയിൽ മാടിവിളിക്കെ
വേലപ്പെണ്ണവൾ കോടിയുടുത്തേ
കണിയൊരുക്കിക്കാത്തു കാത്തിരിക്കുന്നെ
കണ്ണായെന്നും ഞാൻ കാമിച്ചു നിന്നെ
മേടം ഒന്നും പിറക്കുന്ന നേരം വരവേൽക്കുന്നു
പടക്കത്തിൻ മേളം
പുത്തൻകലവും, പുതുപ്പണവും
മാങ്കനി, തേങ്കനി സമൃദ്ധിയെങ്ങും

2021, മേയ് 2, ഞായറാഴ്‌ച

യാത്രയിൽ


മോഹങ്ങൾ വിൽക്കുന്ന നാട്ടിൽ
നിന്നാണുയാത്ര
ജീവിതവണ്ടി ആരെയും കാത്തു -
നിൽക്കുന്നില്ല
എവിടെ വെച്ചായിരിക്കും എൻ്റെ -
മോഹങ്ങളാക്കെയും
ജീവിത റെയിൽപ്പാളത്തിൽ വീണ് -
ചതഞ്ഞരഞ്ഞുപോയിട്ടുണ്ടാകുക

വാക്കിലും, നോക്കിലുംഅമ്ലം -
തളിക്കുന്നവർ ചുറ്റും
നോവുന്ന കവിതതൻ നേരറിയാ-
ത്തവർ
നേരായ വഴികളെ കൊട്ടിയടക്കു-
വോർ
വേവാത്ത അപ്പക്കഷ്ണമാണ് -
ജീവിതം

എല്ല്


എല്ലു തന്നെ
തെല്ലും സംശയമില്ല
തുടയെല്ല്!

തൊണ്ടി സാധനം പോലെ
തോണ്ടിയെടുത്തത്
പട്ടിയാണ്.
പട്ടിണിയാലെന്നാണ്
മോങ്ങിപ്പറഞ്ഞത് !!

എല്ലു കണ്ട പട്ടിയല്ലേയെന്ന്
പല്ലിൻ്റെ അരം തീർക്കാനെന്ന്
സമീപവാസികൾ

എന്തു തന്നെയായാലും
പട്ടി പോലും പിന്നെ തൊട്ടില്ല
ജൈവീകമായ ഒരു ഗന്ധം പോലും
ഇല്ലാത്തതുകൊണ്ടാകുമോ?!

ആണിൻ്റേതോ, പെണ്ണിൻ്റേതോ
എന്നേ തിരിച്ചറിയേണ്ടു
ശസ്ത്രനോട്ടവും ,ശാസ്ത്ര ചിന്ത
യുമായ് നിൽക്കുന്നുണ്ട് ചിലർ

വീഴുമ്പോഴൊക്കെ എഴുന്നേറ്റു നിന്ന-
തിൻ്റെ
എത്രകഥ പറയുവാനുണ്ടാകും
ആ എല്ലിന്
എത്ര കല്ലും മുള്ളും ചവുട്ടി നടന്നിട്ടു -
ണ്ടാകും
എത്ര കാതം താണ്ടിയിട്ടുണ്ടാകും
എത്ര ഭാരം താങ്ങിയിട്ടുണ്ടാകും .

എത്ര മനോഹരമായി മാംസത്തെ
പൊതിഞ്ഞുവെച്ചതായിരിക്കും
എത്ര പേരെ ഉന്മത്തരാക്കിയിരിക്കും
എത്ര ഉമ്മകൾ ഏറ്റുവാങ്ങിയിരിക്കും

എല്ല് പല്ലിളിച്ചു നിൽക്കുന്നു
മടുപ്പിൻ്റെ മുഖങ്ങൾ പുറന്തിരിഞ്ഞു
നിൽക്കുന്നു
ഓടിവന്ന ഒരുകുട്ടി ക്രിക്കറ്റ് ബാറ്റ് കൊ
ണ്ടടിക്കുന്നു
എല്ല് പൊടിഞ്ഞ് നാലുപാടും ചിതറുന്നു

2021, മേയ് 1, ശനിയാഴ്‌ച

കുട്ടിക്കുറുമ്പ്


കുട്ടനു കുട്ടിക്കുറുമ്പയ്യ
മുട്ടിലിഴഞ്ഞു കളിച്ചീടാൻ
പാണ്ടിക്കൊടും മേളം കേട്ടീടാൻ
ആനത്തിടമ്പേറ്റം കണ്ടീടാൻ

കുട്ടനു കുട്ടിക്കുറുമ്പയ്യ
പൊട്ടും പടക്കങ്ങൾ കണ്ടീടാൻ
പെട്ടെന്നു ചാടി മറഞ്ഞീടാൻ
പൊട്ടും പൊടിയും പെറുക്കീടാൻ

കുട്ടനു കുട്ടിക്കുറുമ്പയ്യ
തൊട്ടിലിലാടി രസിച്ചീടാൻ
ആൾക്കടലോളത്തിലാറാടി
മേളബഹളങ്ങളിൽക്കൂടാൻ

കുട്ടനു കുട്ടിക്കുറുമ്പയ്യ
നീളെ മരത്തണൽ കണ്ടീടാൻ
നീരുള്ള ചാലുകൾ കണ്ടീടാൻ
നീന്തിത്തുടിച്ചു കളിച്ചീടാൻ