malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2020, ജൂലൈ 30, വ്യാഴാഴ്‌ച

കപട സ്നേഹം



മഴയുടെ മാന്ത്രിക സ്പർശമേൽക്കേ
തൊടിയാൽ തൊടാതേയകന്നിരുന്ന
ചടഞ്ഞിരുന്നോരു ചെടിയുണർന്ന്
ചൊടിയോടെ ചേണാർന്നു ലാവിടുന്നു
ആരുമേ നട്ടുവളർത്തിയില്ല
അരുമയാ,യോമനിച്ചൂട്ടിയില്ല
അറക്കവാളിൻ മൂർച്ച നോട്ടമിട്ടു
വാടിയില്ലെന്നിട്ടും വേരുറച്ചു.
തനിസ്വരൂപമായ് വളർന്നു നിൽക്കേ
അകന്നിരുന്നോരടുത്തിടുന്നു
ആർത്തിയാൽ ചുഴിഞ്ഞുള്ളനോട്ടം
കൊത്തിയെടുക്കുന്ന കൂർത്ത നോട്ടം
പഞ്ഞകാലത്തു പതുങ്ങിനിൽക്കേ
പഴി പറഞ്ഞു നടന്ന കൂട്ടർ
തളിർത്തു കൊഴുത്തെന്നു കണ്ടിടുമ്പോൾ
കപടസ്നേഹം കോരിച്ചൊരിഞ്ഞിടുന്നു.

കർഷകൻ



കുന്നുകയറി വേച്ചു വേച്ചു വരുന്നുണ്ട്
ഒരു തൊപ്പിപ്പാള
ഇറ്റിറ്റു വീഴുന്നുണ്ട് വിയർപ്പുതുള്ളികൾ
ആർത്തിയോടെ മണ്ണ് നക്കി നക്കി
കുടിക്കുന്നു ആ ഉപ്പുജലത്തെ
ആകാശത്തെ നോക്കി അടയാളങ്ങൾ
വെയ്ക്കുന്നു
അക്ഷരം പഠിച്ചിട്ടില്ലാത്ത വിരലുകൾ
ഭൂമിയാകുന്ന ഉത്തരക്കടലാസിനെ
ജീവൻ്റെ മഷി കൊണ്ട് പൂരിപ്പിക്കുന്നു
അന്നത്തിൻ്റെ അക്ഷയഖനിയാണത്
നിങ്ങൾ തിരസ്കരിച്ച
ആഴങ്ങുടെ ജലരേഖ
വൃക്ഷ ജാതകം
ആ ശരീരത്തിലെ പച്ച ഞരമ്പുകളിൽ
കാണാം
മഴക്കാടുകൾ
ഹരി നീല പത്രങ്ങൾ
ജലരേഖകൾ
ആ തൊലിയുടെ വരൾച്ചയിൽ കാണാം
വേനൽ വഴികൾ
വരണ്ട നോവുകൾ
കത്തും കനൽപ്പാടുകൾ
എത്ര പണിതിട്ടും
മതിയാകുന്നില്ലെന്നു മാത്രം പരാതി
കുന്നിൻ്റെ ഉച്ചിയിലുണ്ടൊരു കൊച്ചു വീട്
ദാഹിച്ചനാക്ക് വരണ്ട ചുണ്ടുകളെ
തലോടുന്നു.

2020, ജൂലൈ 29, ബുധനാഴ്‌ച

നടന്നുനടന്ന്.......



ജനിച്ചു പോയവന്
മരിക്കുന്നതുവരെ ജീവിക്കണം
മരണത്തേക്കാൾ ഭയാനകം ജീവിതം
ഒരുവൻ ജീവിതത്തിൽ ജീവിക്കുന്നതി
നേക്കാളധികം മരിച്ചുജീവിക്കുകയാ
യിരിക്കും
ഏറ്റവും നല്ല ജീവിതം ഗർഭപാത്രത്തിലാണ്
അവിടെ നിന്ന് പിടഞ്ഞു വീണ്
മരണത്തിലേക്കൊരുണരലുണ്ട്
പിന്നെ പിച്ചവെച്ച്  പച്ച ഞരമ്പിൻ
ചൂട്ട് കത്തിച്ച് പൊള്ളി പൊള്ളി ആഞ്ഞ് -
ഒരു നടത്തമുണ്ട്
വഴുക്കും വരമ്പിലൂടെ
ചതഞ്ഞ ചിന്തകളിലൂടെ
ഭ്രാന്തിൻ്റെ പിന്നാമ്പുറത്തു കൂടെ
സങ്കടക്കടലും പേറി
അവൻ്റെ തിരഞ്ഞു നടക്കലുകൾ
തെറിച്ച വാക്കുകൾ
തുറിച്ചനോട്ടങ്ങൾ
എല്ലാം നേടിയെന്ന ഭാവങ്ങൾ
നടന്ന് നടന്ന് അവൻ കയറുന്നത്
മരണത്തിലേക്കെന്ന് ഓർക്കാറേയില്ല

2020, ജൂലൈ 28, ചൊവ്വാഴ്ച

പ്രഭാതം


കഥ

വരാന്തയിലേക്കു പാറിവീണ പത്രവുമെടുത്ത്
അയാൾ കസേരയിലേക്കു ചാഞ്ഞു. പത്രത്തിലെ
ചോരയുടെയും, ഗന്ധകത്തിൻ്റേയും ഗന്ധം ആസ്വദി
ച്ചു കൊണ്ട്, പീഡനത്തിൻ്റെ പാടുകളെ പാടേ അവഗ ണിച്ചുകൊണ്ട് കട്ടൻ ചായ ഊതിയൂതിക്കുടിച്ചു.
ദുരിതങ്ങൾ വായിച്ചും ദുഃഖങ്ങൾ പങ്കുവെച്ചും മടുത്തു.കണ്ണീരും രക്തവും കണ്ടുമടുത്തു. ഇനി പങ്കുവെയ്ക്കുവാൻ മരവിപ്പുമാത്രം. ഇനിയുള്ള
ഓരോ ദുരന്തവും ചിരിക്കുവാനുള്ളത് .ചതി, ചിത
മാക്കിയവരെ കണ്ടില്ലെന്നു നടിക്കുവാനുള്ളത്.
അയാൾ ആർത്തിയോടെ ഓരോന്നും വായിച്ചു തള്ളി. പത്രത്തിലെ ചരമ കോളത്തിൽ ചാരിയിരു
ന്നുകൊണ്ട് കുലുങ്ങിക്കുലുങ്ങി ചിരിച്ചു

മരണ ജീവിതം



നിൻ്റെ മരണത്തിൽ നിന്ന്
എൻ്റെ പിറവി
ഞാൻ വെറുക്കപ്പെട്ടവൻ
കണി കാണാൻ കൊള്ളാത്തവൻ
സാക്ഷിയും, സാക്ഷയുമില്ലാത്തവൻ
ആകാശമൗനം ആറ്റിക്കുറുക്കി
ഭജനത്തെ ആവോളം ഭുജിക്കുന്നവൻ
പ്രിയപ്പെട്ടതെല്ലാം പട്ടുപോയി
തമോഭരത്തിൽ തളർന്നു കിടക്കുന്നു
ഹർഷത്തിൻ്റെ വർഷമെന്തന്നറിയില്ല
എൻ്റെ രത്യയിൽ രഥചക്ര മിന്നുവരെ -
ഉരുണ്ടിട്ടില്ല
രതിയുടെ ഏതോ ഉഷ്ണ രാത്രിയിൽ
ഉദരത്തിൽ ഉയിർ കൊണ്ടവൻ ഞാൻ
ഉണർന്നു നോക്കേ ഒറ്റയായവൻ
ഉരഗമായിഴഞ്ഞ് ചിതൽപുറ്റിലേറിയോൻ
മൃത്യുവാണെൻ്റെ മാതാവ്
നൃത്തം വെയ്ക്കുകയാണുള്ളം
ഒരിക്കലൊരു രഥവുമായവൾ വരും
മരണത്തിലൂടെ ജീവിതത്തിലേക്കെന്നെ
തള്ളിയിട്ടവൾ
മരണ ജീവിതത്തിലേക്കെന്നെ കൈ പിടിച്ചു
യർത്തും

2020, ജൂലൈ 26, ഞായറാഴ്‌ച

പ്രണയം



വിജനതകൈയേറിയ കാട്ടുപക്ഷി -
യാണ് പ്രണയം.
പതുക്കെ പതുക്കെ മുൾപ്പടർപ്പുക -
ളിലും,
പൊന്തക്കാടുകളിലും,
ഉൾവനങ്ങളിലും,
വനാന്തരങ്ങളിലും വിഹരിക്കുന്നു
പുരാതനമായ ഒരു പ്രണയപരത്വം
എന്നും കാത്തുസൂക്ഷിക്കുന്നു
അതിദീപ്ത താരകമാണ് പ്രണയം.
എത്ര കുടിച്ചാലും മതിവരാത്ത
സ്വാദിഷ്ഠമായ യവവീഞ്ഞ്
വയൽവരമ്പിൽ തലചായ്ച്ചുകിടക്കും -
കതിര്
കൈത്തോടുകളിൽ പുളഞ്ഞുകളിക്കും -
മത്സ്യം
പ്രണയത്തിൻ്റെ പാവനത്വത്തെപരിണയി-
ക്കാത്തവരാരുണ്ട്
എത്ര അനുഭവിച്ചാലാണ് അധികമാകു-
ന്നത് പ്രണയം


2020, ജൂലൈ 23, വ്യാഴാഴ്‌ച

എമ്മാ അമ്മായി



എമ്മാ അമ്മായിക്ക്
ഒരു കൊച്ചു വീടുണ്ട്
എന്നും വാതിൽപ്പടിയിൽ
പുറത്തേക്കു കണ്ണും നീട്ടി
യിരിക്കുംഅമ്മായി
ഉഴുതുമറിച്ച മണ്ണിനെപ്പോലൊരു
പെണ്ണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
ഇന്ന്, വെയിലേറ്റ് ഉണങ്ങിവരണ്ട
മണ്ണിൻ്റെ ചാരനിറമാണമ്മായിക്ക്
ഭയന്നഭാവമാണ് അമ്മായിയുടെ
കണ്ണുകൾക്ക്
മങ്ങിയ കണ്ണിൽ മഴയൊളിപ്പിച്ച
അമ്മായി
വിളി കേട്ടെന്ന പോലെ കഴുകുന്ന
പാത്രം അവിടെ തന്നെയിട്ട് വാതിൽ
ക്കലേക്ക് ഓടിവരും അമ്മായി
കട്ടപൊട്ടിയ ചുമരിനോടും
കഴുകുന്ന പാത്രങ്ങളോടും
നനക്കല്ലിനോടും കരയാറു
ണ്ടമ്മായി
എമ്മാ അമ്മായി ചിരിക്കാറേയില്ല
അമ്മായി കരഞ്ഞുപറയുന്നതൊക്കെയും
എന്നോയിറങ്ങിപ്പോയ അമ്മാവനെക്കുറി
ച്ചാണെന്ന്
പൊട്ടിയ ചുമരും
ഒട്ടിയപാത്രങ്ങളും
നനക്കല്ലും കരഞ്ഞു പറയാറുണ്ടെന്നോട്.

2020, ജൂലൈ 22, ബുധനാഴ്‌ച

എങ്ങനെ



ആദ്യചുംബനത്തിൻ്റെ
അടയാളം
ഇന്നും മാഞ്ഞിട്ടില്ല
പ്രേമത്തിൻ്റെ മുഖമൂടി
മാറ്റിയിട്ടും
നീറിനിൽക്കും
നഖമുനപ്പാടുമാറാൻ
ഒരു ജന്മം തന്നെ മതിയാകില്ല
നീറും വ്യഥയുടെ
മൂർദ്ധാവിൽ ചുംബിക്കാൻ
നിശീഥ കരങ്ങളും അരികില -
ണഞ്ഞില്ല
മറക്കുവാനെളുതല്ല
സത്യമുള്ളിൽ ലാവയായ്
തിളച്ചു നിൽക്കുന്നു
ഇത്രയും കരയുന്നുഞാനെങ്കിൽ
എത്രമാത്രം കരഞ്ഞിടുന്നുണ്ടവൻ
പരിത്യജിക്കുവാനെളുപ്പമത്രേ
പരിണയിക്കുവാനില്ല മാർഗം
ആദ്യ ചുംബനത്താലെ -
അന്നെൻ്റെ
ആത്മനൊമ്പരപ്പാട് മായ്ച്ചോനെ
ഏതു ശിശിര രാവിൻ്റെ കത്തിയാൽ
കീറിയെറിയുമീ ശരീരവസത്രം ഞാൻ.



2020, ജൂലൈ 20, തിങ്കളാഴ്‌ച

ഭംഗി


കുട്ടിക്കവിത


അഞ്ചിതമാമൊരു മഞ്ചാടിക്ക്
അഞ്ജനമെഴുതിയ കണ്ണുണ്ട്
മഞ്ജിമയാർന്നൊരു അഞ്ചിതൾ -
പ്പൂവിന്
സഞ്ചിത വർണ്ണച്ചേലുണ്ട്
അമ്പരവീഥിയിലമ്പോ! യെങ്ങും
ആയിരവല്ലിപ്പൂവുണ്ട്
അംഗനമാരുടെ മംഗല്യത്തിന്
മൈലാഞ്ചിപ്പൂ പാട്ടുണ്ട്

2020, ജൂലൈ 19, ഞായറാഴ്‌ച

മറവി



കഴിഞ്ഞതെല്ലാം മറന്നു വെച്ച്
മറവിയിലേക്കൊരു യാത്ര പോകണം
ചായങ്ങളും, ചിത്രങ്ങളും, മാറാലകളും
പോലെ
ഓർമ്മകളെ തൂത്ത് ശൂന്യതപോലെ വൃത്തിയാക്കണം
അലങ്കാരങ്ങളില്ലാതെ
എത്താത്ത മരച്ചില്ലയെ തൊടാനെന്നോണം
ശ്രമിക്കാതെ
മരണത്തേയും, യുദ്ധത്തേയും ഭയക്കാതെ
പ്രണയിച്ചുകൊണ്ടങ്ങനെ.......
ഭൂതമില്ലാത്തതിനാൽ എത്തിയെടുത്തു നിന്ന്
തിരിച്ചു വരേണ്ട
വർത്തമാനം തീരെയില്ല
ഭാവി ,മറ്റേതെങ്കിലും ഗോളത്തിൽ
ജീവൻ്റെ തരിയുണ്ട് എന്ന് നമുക്ക് ഓർക്കാൻ
കൂടി കഴിയാത്തതുപോലെയും
ചിന്തിക്കുകയേ വേണ്ട ശ്രദ്ധിക്കുകയും
കുന്നിൻ മുനമ്പിൽ കയറി കല്ല് താഴേക്കു -
രട്ടേണ്ട
നമുക്കിടയിൽ നിശ്ശബദതയേയില്ല
രഹസ്യത്തിൻ്റെ സ്വകാര്യതയും
ഓർമ്മകൾക്ക്
ഒരൊറ്റയുമ്മ കൊടുത്ത്
ഇറങ്ങിനടക്കണം മറവിയിലേക്ക്
ഒരിക്കലും തിരിഞ്ഞു നോക്കാതെ.

2020, ജൂലൈ 18, ശനിയാഴ്‌ച

മൗനം


മൗനം
ഒരുപാട് കാര്യങ്ങൾ നമുക്കു
പറഞ്ഞു തരുന്നു
ഒന്നും അറിയില്ലെന്ന്,
എല്ലാം അറിയാമെന്ന്
വരുമ്പോൾ ഒന്നും കൊണ്ടു വന്നില്ലെന്ന്
പോകുമ്പോൾ എല്ലാം ഉപേക്ഷിക്കണമെന്ന്.
അടഞ്ഞ അധരങ്ങൾ
നമുക്ക് വിശ്രാന്തിയേകുന്നു
അനന്തമായ ഭൂഖണ്ഡങ്ങൾ കാട്ടിത്തരുന്നു
രുചി ഭേദങ്ങളെ എളുപ്പത്തിൽ
അറിയിക്കുന്നു
ചില മൗനങ്ങൾ
ഏറ്റവും പ്രീയപ്പെട്ടത് നമുക്ക് സമ്മാനിക്കും
മൗനത്തിന് ചിലപ്പോൾ
ആകാശത്തോളം ആഴവും
ഭൂമിയോളം പരപ്പുമുണ്ടാകും
ചില മൗനങ്ങൾ
യുദ്ധത്തെ ജയിക്കും
പ്രണയത്തെ വരിക്കും
വിശപ്പിനെ ശമിപ്പിക്കും
ചിലവാക്കുകളാണ്
നിനക്ക് നിൻ്റെ അന്തകനെ
കണ്ടെത്തി തരുന്നത്.

2020, ജൂലൈ 17, വെള്ളിയാഴ്‌ച

വരച്ചു വെച്ച വാക്ക്



തുടംതല്ലി വീഴുന്നു മഴ
ചരടുപൊട്ടിയ ഒരുകൂത്തുപാവയാണു ഞാൻ.
വേരുകളറ്റ ഒരുദ്വീപ്
ദിക്കുകളില്ലാത്ത ആകാശം
ഇരുട്ടിൻ്റെ പടർപ്പുകൾക്കിടയിൽ
ഈവരാന്തയിൽ
ജഡസമയങ്ങൾക്കിടയിലൂടെ
മഞ്ഞച്ച ഓർമ്മകൾക്കിടയിലൂടെ നടക്കുന്നു
പുറപ്പാടുകളുടേയും എത്തിച്ചേരലുകളുടേയും
ഉത്സവ ദൃശ്യങ്ങളില്ല
സങ്കടം ചിലപ്പോൾ കലിയും, പകയുമാകുന്നു
മുളച്ചുവന്ന രണ്ടുവേരുകളാകുന്നു കാലുകൾ
കാലം അവരവർക്കായി ഓരോയിടങ്ങൾ
ഒരുക്കി വെച്ചിട്ടുണ്ടാകാം
ഏടുകളിൽ കാറ്റുപിടിച്ചതുപോലെ
ഓർമ്മകൾ മറഞ്ഞുപോകുന്നു
വേരുപറിക്കുന്ന വേദനയിലും
നിസ്സംഗതയുടെ ചെന്നിനായകം കുടിക്കുന്നു
ചരിച്ചുപണിഞ്ഞഗോപുരമാണ് ജീവിതം
ലോപിച്ചുപോയ ഒരു വാക്ക്
ജീവിച്ചു തീർക്കുവാൻ വേണ്ടിമാത്രം
വരച്ചുവെച്ച വാക്കാകുമോ ജീവിതം





2020, ജൂലൈ 14, ചൊവ്വാഴ്ച

കടലിനോട്



കടൽത്തിരവന്നു കരയിലെന്തോ,-
യെഴുതുന്നു നിഗൂഢ ലിപികളാൽ.
വ്യഥിത വെയിൽച്ചില്ലതൻവിയർ
പ്പൊപ്പിയെടുക്കുന്നു
തിളച്ചുപൊങ്ങുന്നുഅടങ്ങാവേദന
അഗ്നി ശൈലങ്ങൾ വാനോളമു-
യരുന്നു
മരിച്ച വീടുപോലെന്നും കരഞ്ഞി-
രിക്കുന്നകടലേ
ഉപ്പുചാലിച്ചുചാലിച്ച് കയപ്പു പുരട്ടു
ന്നതെന്തേ
സൂര്യൻ്റെസരയുവേ കാമവൈവ -
ശ്യങ്ങളെ
കടലോളം കോരിക്കുടിക്കുവോള-
ല്ലോനീ
ഞാനറിഞ്ഞുള്ളനീ കനിവിൻകയം,
നുരയും പ്രണയം
തീരാക്കിനാക്കൾക്ക് അർത്ഥങ്ങൾ -
നൽകുന്ന യൗവനം
ഉപ്പുചേർത്തുൺമയിലേക്കുയർ-
ത്തുന്നൊരമ്മിഞ്ഞ
അടങ്ങാ വ്യഥ,യിതെന്തിത്ര കടലേ
അറിയില്ലറിയില്ലെനിക്കൊന്നുമേ
നിൻ ജലവാതിൽതുറന്നുഞാൻ -
വരട്ടെയോ
തിളച്ചുപൊങ്ങുമാദുഃഖം പകുക്കാം
നമുക്കിനി.

ഉണർച്ച



വസന്തം വന്നതേയുള്ളു
കദളിവാഴത്തേൻ കുടിച്ച്
കിളികൾ മയക്കമായി
മദിരോത്സവമാടിയ -
വണ്ടുകൾ
മദോന്മത്തരായി
മുന്തിരിക്കുലകളെന്നെ
കണ്ണിറുക്കി വിളിക്കുന്നു
മേപ്പിളിലകളെന്നെ
കൈകാട്ടി വിളിക്കുന്നു
ഇതൊന്നും വേണ്ട
നിൻ്റെ ചുണ്ടിൻ
ചെറിപ്പഴം നുണഞ്ഞ്
എനിക്കെന്നിലേക്കുണരണം.

2020, ജൂലൈ 12, ഞായറാഴ്‌ച

കത്തുകൾ




കത്തുകൾ വെറും കത്തുകളല്ല
കാഴ്ചകളാണ്
ആശയ വിനിമയമല്ല
ജീവിതവിനിമയം
വാക്കുകളിലെ ജീവൽസ്പന്ദം

കത്തുകളെഴുതുന്നത്
മഷികൾകൊണ്ടല്ല
ഹൃദയരക്തംകൊണ്ട്
കണ്ണീരുപ്പിൽ പടുത്ത
ജീവിതം കൊണ്ട്

അന്നൊക്കെ കത്തിലൂടെയായിരുന്നു
അമ്മയുടെ മണമറിഞ്ഞത്
അച്ഛമ്മയുടെ കൊട്ടൻ ചുക്കാതിയുടെ -
മണമറഞ്ഞത്
അച്ഛൻ്റെ ചുമയുടെ ആഴമറിഞ്ഞത്
ഭാര്യയുടെ സ്നേഹവും
കുഞ്ഞിൻ്റെ വാത്സല്യവുമറിഞ്ഞത്

ഇന്ന്,
കത്തുകളയക്കാറേയില്ല
ബന്ധങ്ങൾ അന്നത്തെപ്പോലെ
ദൃഢവുമല്ല.

പുലരി



മഞ്ഞിൻ പുടവ ഞൊറിഞ്ഞു മാറ്റി
പുലരി പതുക്കെയൊന്നെത്തി നോക്കി
ഈറനുടുത്ത് ചെമ്പൊട്ടു തൊട്ട്
കിഴക്കൻ മലയേറി വന്നിടുന്നു
പുളകമ്പോൽ കുന്നിൻപുറമിറങ്ങി
പുലരൊളി പുഞ്ചിരിപ്പൂ വിതറി
മലരണിക്കാടുകൾ ചുറ്റി വന്നു
മാമലശ്രേണികൾ താണ്ടി വന്നു
മന്ദമൊരു കൊച്ചു മാരുതനും
കളി ചിരിയാൽപ്പൂ പൊഴിച്ചു നിന്നു
തണുവണിപ്പുല്ലിൻ പരപ്പുതോറും
മഞ്ഞല രത്നം പതിച്ചിടുന്നു
പക്ഷികൾ പല പാടും പാറിപ്പാറി
പുലരിക്കു വന്ദനം ചൊല്ലിടുന്നു
ചേലൊത്ത ചോലകൾ ചേലാർന്നൊരു
പരി മൃദു സംഗീതം മീട്ടിടുന്നു


2020, ജൂലൈ 10, വെള്ളിയാഴ്‌ച

ഒപ്പീസ്



പന്നകത്തിൽ പെരുച്ചാഴി
മുങ്ങിക്കൊണ്ടിരിക്കുന്നു വള്ളം
വെളുത്തു പോയിജന്മം
വേരറ്റ പാഴ്ത്തടി
ലഹരിയുടെ കഴുകൻ
പ്രാചീരം കടന്ന് കൊത്തിവലിക്കുന്നു -
ഹൃദയവും, കരളും
കരളുവാൻ ഇനിയെന്തുണ്ട് ബാക്കി
കത്തിക്കരിഞ്ഞ കുറ്റി
കാമത്തിൻ്റെ കന്മദമല്ല കണ്ണിൽ
കാകോളത്തിൻ്റെ ലഹരി
സ്പർദ്ധയുടെ പർദ്ദയാണ് ചുറ്റും
കാളകൂട മുഖങ്ങൾ
വീര്യത്തിന് കുഴിച്ചിട്ട വീഞ്ഞാണ് -
ഓർമ്മ
കർമ്മങ്ങളുടെ കാലം കഴിഞ്ഞു
എന്നേ ഒപ്പീസ്ചൊല്ലപ്പെട്ട ശവം
...................
കുറിപ്പ്
1 ഒപ്പീസ് =ശവം അടക്കാന്‍ കൊണ്ടുപോകുമ്പോള്‍ റോമന്‍ കത്തോലിക്കര്‍ പാടുന്ന ഗീതങ്ങള്‍
2 പന്നകം =വള്ളത്തിന്‍റെ മൂടി
3 പ്രാചീരം =ഉരസ്സിനെയും വയറിനെയും വേര്‍തിരിച്ചുകൊണ്ട് ഉള്ളില്‍ സ്ഥിതിചെയ്യുന്ന സ്തരം

2020, ജൂലൈ 9, വ്യാഴാഴ്‌ച

എങ്ങായാലും, എന്നായാലും



പ്രിയപ്പെട്ടവളേ,
നിന്നെക്കുറിച്ചുള്ള ഓർമ്മകൾ
മൾബെറി പഴംപോലെ,
മായ്ക്കാനാവാത്ത സ്പന്ദനംപോലെ
മരിക്കാതിരിക്കുന്ന നിത്യസ്മരണ
യാകും നീ
പ്രിയേ,
കാലത്തിൻ്റെ ഏതോ കരയിലിരുന്ന്
ഓർക്കുന്നുണ്ടാവില്ലെ നീയു,മാദിനങ്ങൾ
ഓരോ ഓർമ്മയിലും നാം ആദ്യംകണ്ട -
പ്രായത്തിലേക്കും ,സാഹചര്യത്തിലേക്കും
നടന്നെത്തുന്നില്ലെ
ഇഷ്ട കവിതയുടെ ആദ്യവരിയുടെ വായന
പോലെ
ബാക്കിക്കൂടി വായിച്ചു തീർക്കാതെ മടക്കി
വെയ്ക്കാൻ കഴിയാത്തപോലെ
ഓർമ്മകൾക്കു മുന്നിൽ തരിച്ചിരുന്നു പോകു
ന്നില്ലെ
സ്വപ്നങ്ങൾ അരിച്ചരിച്ചു നീങ്ങുന്ന
സുഷിരമുണ്ടാ മിഴികളിലെന്നു ഞാൻ
അധരത്തിലെ മധുരം നുകരാനെത്തവേ
കാണാവലയിൽ കുടുങ്ങിയ,യിളംനീല
ശലഭമാമിഴികളെന്നു നീ
ഇന്നുമാ മൾബെറിച്ചെടിയുടെയിലകൾ
നിർഭയമായി വന്നു തൊടുന്നുണ്ടെന്നെ
പ്രിയപ്പെട്ടവളേ,
നിറയെ സ്വപ്നങ്ങൾനെയ്യുന്ന
പട്ടുനൂൽപുഴുക്കളാണ് പ്രണയം

കോഴികൾ



കൂട്ടിലെ കോഴികൾക്കറിയാം
കൊല്ലപ്പെടുവാൻ ഉള്ളവയെന്ന്
അറവുകാരൻ കിളിവാതിൽ
തുറക്കുമ്പോൾ
ഞാൻ മുന്നേ, ഞാൻ മുന്നേയെന്ന്
കഴുത്തു നീട്ടി മത്സരിക്കുന്നു
പലതിൻ്റേയും മരണം നീട്ടിവെയ്ക്കു-
മ്പോൾ
പഴിക്കുന്നു അറവുകാരനെ
തങ്ങളുടെരക്തസാക്ഷിത്വത്തിലൂടെ
യാണ്
കച്ചവടം നിലനിൽക്കുന്നതെന്ന്
കോഴികൾക്കറിയാം


2020, ജൂലൈ 7, ചൊവ്വാഴ്ച

ഉത്തരം



നീതിന്ന തീയിൽനിന്ന്
എൻ്റെപിറവി
നിൻ്റെ കണ്ണീരെൻ്റെ
കഞ്ഞി
ഇന്നുമുണ്ടെന്നിൽ
ഇരുണ്ട പുലരി
അടർന്ന ഞരമ്പിലെ
നീലിച്ച ചോരപ്പൂ
ഭൂമിയുടെ ഏത് ചരിവിലൂടെ
ചരിക്കുന്നു നീ
ഒരു കെട്ട്ചോദ്യങ്ങൾ
വിറകുകളായ്
അടുപ്പരികിൽ വെച്ച്
ചോര കൊണ്ട് ഉത്തരം
തന്നതെന്തിനു നീ.

2020, ജൂലൈ 6, തിങ്കളാഴ്‌ച

മതിൽ



മതത്തെ
അറിഞ്ഞതുകൊണ്ടാ
യിരിക്കണം
ബഷീറും
നാരായണിയും
മതിലിനപ്പുറവും
ഇപ്പുറവും നിന്ന്
പ്രണയിച്ചത്

കരയും, കടലും




കരപോലെ കടലും ഒരു ലോകമാണ്
മണൽ മാത്രമല്ല മരങ്ങളും, പാറക്കെട്ടുകളും
അഗാധഗർത്തങ്ങളും, കൊടുമുടികളും.
കടൽച്ചില്ലകൾ ജലത്തിലിളകിക്കൊണ്ടേയിരിക്കും
കരയിലെ മരക്കൊമ്പിൽ പക്ഷികളെന്നപോലെ
കടലിലുമുണ്ട് വലുപ്പച്ചെറുപ്പങ്ങൾ
വമ്പൻ സ്രാവുകളെ ഭയപ്പെടുക തന്നെ വേണം
ആനയും, കുതിരയും അവിടേയുമുണ്ട്.
ഭൂമിയിലെന്ന പോലെ, ആകാശത്തിലെന്ന പോലെ
കടലിലുമുണ്ട് കടൽപ്പാതകൾ
ഇവിടെ മണിമന്ദിരങ്ങളെന്ന പോലെ
അവിടെ പവിഴപ്പുറ്റിൻ മന്ദിരം
ജലത്തിനടിയിൽ നിന്ന് മുകളിലേക്കു നോക്കിയാൽ
കാണുന്ന നീലനിറമായിരിക്കണം കടലിൻ്റെ ആകാശം
സൂര്യൻ്റെ പ്രതിബിംബം കടലിൻ്റെ സൂര്യനും
ജലത്തിൽ ജീവിക്കുന്നതുകൊണ്ടാവണം
മീൻ കണ്ണുകൾക്കെല്ലാം കടലിൻ്റെ നീലനിറം.
കരയ്ക്ക് തീപ്പിടിച്ച് കടലുകത്തിയെന്ന് ഇതുവരെ
കേട്ടിട്ടില്ല
പക്ഷെ, സൂക്ഷിക്കണം;
കടലിനു തീപ്പിടിച്ചാൽ കത്തുന്നത് കരയായിരിക്കും.

2020, ജൂലൈ 3, വെള്ളിയാഴ്‌ച

പ്രണയം



കാട്ടുതേനിൻ്റെ കൂടാണവൾ
ചുണ്ടിൽ കാത്തുവെച്ചുള്ള
ചെറിപ്പഴം
മലയിലും, താഴ് വരയിലും
മധുരക്കനിയവൾ
മഴനാരു കൊണ്ടൊരു
വെയിൽപ്പാലം കെട്ടി
മിഴിമുനകൊണ്ടൊരു
മൊഴിമുത്തു ചൊല്ലി
അലിഞ്ഞു ചേരുമ്പോൾ
ഒലിച്ചു തീരുന്നൊരാലിപ്പഴം

തേനീച്ച



ഇത്തിരിയുള്ളൊരു തേനീച്ച
ഒത്തിരിക്കാര്യം ചെയ്യുന്നു
കാടുകൾ ,മേടുകൾ, വാടികൾ -
തോറും
പൂമധു തേടിപ്പോകുന്നു
ശില്പികളല്ലോ തേനീച്ച
ചാരുതയാർന്നൊരു തേനീച്ച
കോണുകളാറായ് കൂടിന്നറകൾ
ചേണിലൊരുക്കും തേനീച്ച
ഉണ്ണികളേനാം തേനീച്ചകൾപോൽ
ഉത്സുകരായി മാറേണം
അക്ഷരമാകും കാടും, മേടും
മേഞ്ഞു നടന്നു പഠിക്കേണം
അറിവിൻപൂന്തേൻ, അറകൾ -
നിറച്ച്
പുതുലോകം നാം പണിയേണം

2020, ജൂലൈ 2, വ്യാഴാഴ്‌ച

പെങ്ങൾക്കവിത



അവനെച്ചാരി ഒരു മരം നിൽക്കുന്നു
മരം അഗാധമായ ചിന്തയിലാണ്
കഴിഞ്ഞുപോയ കവിയരങ്ങിനെക്കുറി -
ച്ചായിരിക്കുമോ?
അതുകൊണ്ടായിരിക്കുമോ കവിതയുടെ
വരികൾക്കൊപ്പിച്ചെന്നോണം
വിരൽച്ചില്ലകൾ ഇടയ്ക്കൊന്നനങ്ങുന്നത്
അവനറിയാതെയെങ്ങാനുമൊന്നനങ്ങിയാൽ
അടിതെറ്റി വീഴും എന്ന നിലയിലാണ് മരം
അവനെന്തായിരിക്കും ഓർക്കുന്നത്
അവനുമൊരു കവിയായിരിക്കുമോ?
ചോര പൊടിയുന്ന ഓർമ്മകളെ
നോവിക്കാതെ ഊതി,യുണക്കുക-
യായിരിക്കുമോ?
എത്രയും ആത്മസംഘർഷത്തിലല്ലാതെ
ഇത്രയും പരിസരം മറന്ന്അനങ്ങാതെ
യെങ്ങനെ......?!
പെങ്ങൾക്കവിതയെ പൊരിവെയിലിൽ
നിർത്താൻ
ഒരു കവിക്കും കഴിയില്ല
അതുകൊണ്ടായിരിക്കണം
എല്ലാം സഹിച്ച് താങ്ങായി, തണലായി
വേരിറങ്ങി, ചില്ലകൾ കിളിർത്ത്
വീഴാത്തവണ്ണം അവൻ കവിതയെ
താങ്ങി നിർത്തുന്നത്



2020, ജൂലൈ 1, ബുധനാഴ്‌ച

കാലം



വിജനം പാത
പട്ടുപോയി വില്വവൃക്ഷം
മരണം വലവിരിച്ച് -
കാത്തിരിക്കുന്നു
കുടുങ്ങാതിരിക്കില്ല -
ജീവിതമത്സ്യം
ദ്വേഷമെങ്ങും പൂത്തുനിൽ -
ക്കുന്നു
രോഷമെങ്ങും കനത്തുനിൽ -
ക്കുന്നു
ദോഷം വരുന്നതിൽമാത്രം
തോഷംകണ്ടെത്തുന്നു ചിലർ
വാശി വേഷംകെട്ടി ഇറങ്ങി -
യിരിക്കുന്നു
നാശംതന്നെ ലക്ഷ്യം
ഉദിച്ചുനിന്ന ചന്ദ്രനും
ഒലിച്ചുപോയ്
ഓർമ്മയിൽനിന്നും
കണ്ണിലഗ്നി കവിഞ്ഞുപോയി
തീപ്പിടിക്കുന്നു കാലത്തിന്