malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, ഫെബ്രുവരി 28, ചൊവ്വാഴ്ച

വായിച്ചെടുക്കേണ്ടത്


ജീവൻ ബലി കൊടുത്തുകൊണ്ട്
കെട്ടിയുയർത്തിയ
കുറേ പാലങ്ങളുണ്ട്
ജീവൻ വഹിച്ചുകൊണ്ടു പോകുന്ന -
വയെ
താങ്ങി നിർത്തുന്നവ

കൂട്ടുകാരീ,
പ്രണയത്തിൻ്റെ
ഒറ്റവരി കവിതയുടെ
പാലത്തിലാണ് നാമിപ്പോൾ
ഏതു നിമിഷവും
അടർന്നു വീഴാവുന്നവ

കൂട്ടുകാരീ,
ജീവിതത്തെക്കുറിച്ച്
എന്താണ്
പറയുവാനുള്ളത്
നിൻ്റെ മിഴിയിൽ നിന്നും
എന്താണു ഞാൻ
വായിച്ചെടുക്കേണ്ടത്

2023, ഫെബ്രുവരി 27, തിങ്കളാഴ്‌ച

വിശപ്പ്


വിശപ്പു വറ്റിയ
വയറിൽ നിന്നും
ഏമ്പക്കമുയർന്നു
വയറു നിറഞ്ഞതുകൊണ്ടല്ല
വായു നിറഞ്ഞതുകൊണ്ട്

2023, ഫെബ്രുവരി 26, ഞായറാഴ്‌ച

വാഗ്ദാനം


ശിശിരത്തിൻ്റെ
ചിതയിലകപ്പെട്ട
ശശം ഞാൻ

അവർ
പപ്പും, പൂടയും പറിച്ച്
ഉപ്പും, മുളകും പുരട്ടി
ചുട്ടെടുക്കാൻ പാകത്തിൽ
ചട്ടുകത്തിൽ കിടത്തിയിരിക്കുന്നു

പെണ്ണിൻ്റെ
പൊള്ളും രുചി
അവരുടെ ആഘോഷം

അവളുടെ കണ്ണീര്
അവരുടെ വീഞ്ഞ്

മുപ്പത്തിമുക്കോടി ദൈവങ്ങളും
രാസലീലയിൽ

ശിശിരത്തിൻ്റെ
പൊള്ളും തീയിൽ കിടന്ന്
അവൾ
പൊള്ളയായ വാഗ്ദാനത്തെ
നോക്കി
പൊട്ടിച്ചിരിക്കുന്നു

2023, ഫെബ്രുവരി 25, ശനിയാഴ്‌ച

അവസാനം




അതിരുമാന്തി

അതിരുമാന്തി

അളന്നുകൂട്ടി അയാൾ


അവസാന ഉറക്കത്തിന്

ആറടി മണ്ണുപോലും

വിട്ടുകൊടുത്തില്ല മക്കൾ

2023, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ദശാസന്ധി


ജീവിതംകൊണ്ട് ഊഷരമായി
പ്പോയ
കുറേ മനസ്സുകളുണ്ട്

കാലത്തിൻ്റെ ഹരിതത്തിൽ
ഒരു മുറിവെങ്കിലുമേൽപ്പിക്കാൻ
കഴിയുമെന്ന പകയുമായി
കഴിയുന്നവർ

ഭയം പുരണ്ട മനസ്സുമായി
ഇരുളിലുണർന്ന കിളിയെപ്പോലെ
ജീവിക്കുന്നവർ

ഉള്ളിൽ പൊള്ളുെന്നൊരു വാളുമായി
പരിചയമില്ലാത്ത ഒരു നൊമ്പരവും പേറി

ഇഷ്ടങ്ങളെല്ലാം നഷ്ടമാകുന്ന
പരിണാമത്തിൻ്റെ ഏതു
ദശാസന്ധിയിലായിരിക്കും
അവ സ്വായത്തമാക്കിയിട്ടുണ്ടാ-
വുക

2023, ഫെബ്രുവരി 22, ബുധനാഴ്‌ച

സ്മാരക ലിഖിതം


ദർപ്പമില്ലാത്ത ഒരു മഴയുടെ
പൊട്ടിയ ദർപ്പണം
ഇന്നെൻ്റെ മുഖം കാണിച്ചു തന്നു

വറ്റിപ്പോയി വസന്തം
ഉൾവലിഞ്ഞ ഉദരം
ഉരഗ കാലത്തിലെന്ന് ഓർമ്മിപ്പി -
ക്കുന്നു

മുറിവുകളുടെ നക്ഷത്രമാണ്
മിഴികൾ
പുഷ്പിക്കലിൻ്റെ പക്ഷികൾ
എന്നേ പറന്നു പോയി

പ്രത്യാശയുടെ പറവകൾ
കളമൊഴിഞ്ഞു
മുങ്ങിക്കൊണ്ടിരിക്കുന്ന
ഓർമ്മകളുടെ ഓട്ടപ്പാത്തിയാണ്
ജീവിതം

വേരറ്റുപോയി
അദൃശ്യമായ ഒരു വേരിൽ
ആരോ എഴുതി വെച്ച
ഒരു സ്മാരക ലിഖിതം പോലെ
വീണടിയാൻ പാകത്തിൽ

നിറങ്ങളുടെ ചിത്രശലഭങ്ങളെ
നന്മയുടെ നിലാവെളിച്ചമേ
ഓർക്കുക;
കാലത്തിൻ്റെ കൂട്ടിലടയ്ക്കപ്പെട്ട
മരണത്തിൻ്റെ ഇരയാണു ജീവിതം






2023, ഫെബ്രുവരി 21, ചൊവ്വാഴ്ച

പ്രണയത്തോട് ....!




പുസ്തകത്തിൽ

വായിച്ചിട്ടുണ്ട്

പ്രണയം

മുറിവുകളെ

തുന്നി കൂട്ടുന്നെന്ന്


പ്രണയമേ,

നീയെന്നെ

കീറി മുറിക്കുന്നല്ലോ

2023, ഫെബ്രുവരി 20, തിങ്കളാഴ്‌ച

അത്രമേൽ


ചോരൻമാർ നിങ്ങൾ
ചിരിക്കുന്ന കാൺകെ
ചാരങ്ങളിൽ നിന്നുമസ്ഥി
കൾ പൂക്കുന്നു
അമ്ലം ചുരത്തുന്ന വാക്കുകൾ
വന്നെൻ്റെ
നാക്കിൽ ചൊറിയുന്നു
അത്രമേൽ ഞങ്ങൾക്കു
ജീവനീ മണ്ണ്

ചെയ്തികളോരോന്നും
ചൂണ്ടലിൽ കുരുങ്ങിയ
മീനിനെപ്പോലെ പിടയുന്നതുണ്ടു -
ള്ളിൽ
മണ്ണിതിലുള്ളയീ കാടിനെക്കാളേറെ
കാന്താരമുള്ളിൽ വളർത്തുന്നവർ
നിങ്ങൾ

പൂർവികർ വാണതും വീണതു -
മായുള്ള
അവരുടെ പാദത്താൽ പാവന
മായുള്ള
അവരുടെ ജീവനാൽ സമൃദ്ധമീ
മണ്ണ്
അത്രമേൽ ഞങ്ങൾക്കു
ജീവനീ മണ്ണ്

'

2023, ഫെബ്രുവരി 19, ഞായറാഴ്‌ച

ഒരിക്കൽക്കൂടി......

വിരഹ വേദന സമ്മാനിച്ച

വൾക്കായ്

അവൻ

ഒരിക്കൽക്കൂടി

പ്രണയകവിത കുറിച്ചു


2023, ഫെബ്രുവരി 18, ശനിയാഴ്‌ച

ഒരിക്കൽക്കൂടി


ഒരിക്കൽകൂടി സ്വന്തം വീടിൻ്റെ
ഉപ്പു രുചിക്കണം
തിരിച്ചറിവിനെ തൊട്ടറിയണം
അബോധത്തിൻ്റെ ഒറ്റയടിപ്പാതയിലൂടെ
സഞ്ചരിക്കുമ്പോൾ
പേരറിയാപക്ഷിയുടെ ചിറകടി
യൊച്ചയിൽ
ഒറ്റയ്ക്കല്ലെന്ന തോന്നൽ
കടൽ പോലെ പരക്കണം

നിരാശയുടെ മൺകൂമ്പാരങ്ങളെ
തൂത്തെറിയണം
മുളയറ്റ സ്വപ്നങ്ങളെ
മുളപ്പിച്ചെടുക്കണം

തീ മുഖങ്ങൾ ചുംബിച്ചവടുക്കളും
ഒച്ചയറ്റ ഒറ്റയടിപ്പാതയും
പൊള്ളിക്കുന്ന മഴകളും മറന്ന്
ഉന്മത്തമായ പ്രണയസ്ഥലി തേടി
നടക്കണം

കാലത്തിൻ്റെ കല്ലൊച്ചയെ മറികടന്ന്
വേവിക്കുന്ന ഓർമ്മകളെ മറന്നു വെച്ച്
അങ്ങനെ ... അങ്ങനെ ...

2023, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

അലക്കുകല്ല്

ദുരിതങ്ങളെ എത്ര നനച്ചു വെളു -

പ്പിച്ചതാണ്

പീഡനങ്ങൾ എത്ര ഏറ്റുവാങ്ങിയതാണ്

സങ്കടങ്ങൾ പെയ്തിറങ്ങിയിട്ടും

ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല ആരും

അവരവരുടെ ഇഷ്ടാനിഷ്ട്ടങ്ങൾക്കനുസരിച്ച്

മൗനമായ് നിന്നു കൊടുത്തിട്ടേയുള്ളു.


സോപ്പിട്ടതിലൊന്നും പതഞ്ഞു പോയിട്ടില്ല

മുതുമുത്തച്ഛൻമാരുടെ മുതുകത്ത്

കലപ്പവെച്ചുഴുതതുപോലെ

മുതുകു കാട്ടിക്കൊടുത്തിട്ടേയുള്ളു


ചിലർ അരിശങ്ങൾ തീർക്കുന്നത്

ഈ മുതുകത്ത്

കൈക്കലയുടെ കരികലക്കിയതും

ഈ ഉടലിൽ




കാതടപ്പിക്കുന്ന തെറിയെത്ര കേട്ടു

കാൽ മടമ്പിലെ ചെളിയെത്ര കഴുകി

അഴലുകളെക്കുറിച്ച് പറയാതെ

അഴുക്കുകളെത്ര തലയിലേറ്റി


പളപളാ മിന്നുന്ന കഞ്ഞിപ്പശമുക്കിയ

മുണ്ടും ഷർട്ടുമിട്ട്

ചുണ്ടിലൊരു കള്ളച്ചിരിയുമായി

കഴുത്തറക്കുമ്പോൾ

ഓർത്തിട്ടുണ്ടാവില്ല

നോവുകളേറ്റ്, നേരുകൾ വെടിയാതെ

നിന്നതിനെ


എന്നിട്ടും;

ദുരൂഹതയുടെ അവശേഷിപ്പാണു -

പോലും

അല്ലെങ്കിലെന്തിനാണ്

ഇരട്ടനരബലി നടന്ന

അടുക്കളപ്പുറത്ത്

നടുനിവർത്തി നിൽക്കുന്നതെന്ന്


ദുരന്തങ്ങളുടെ നടുവിൽ

അകപ്പെട്ടു പോയതെന്ന്

മൗനമായ് കരയുന്നത്

ആരറിയാൻ

2023, ഫെബ്രുവരി 16, വ്യാഴാഴ്‌ച

പുലരിമീൻ


ഇരുട്ടിനെ ചുരുട്ടിയെടുത്ത്
ഞാൻ നടക്കുന്നു
രാവിൻ്റെ ചൂണ്ട കൊണ്ട്
പുലരിയുടെ മീനിനെ പിടിക്കാൻ

ഏതു മീനായിരിക്കും
ഇന്നെൻ്റെ ചൂണ്ടയിൽ കുടുങ്ങുന്നത് !

സ്നേഹത്തിൻ്റെ പൊടിമീൻ
വസന്തത്തിൻ്റെ വരാൽ
വിശുദ്ധിയുടെ പേരറിയാമീൻ

കാലം കാക്കയായ് കാത്തിരിക്കുന്നു
വെയിൽ കൊണ്ട്
മഴ കൊണ്ട്
മഞ്ഞു കൊണ്ട്

പെട്ടെന്ന്;
പുലരിമീനിട്ട ചൂണ്ടയിൽ
എന്നെയും കോർത്തെടുത്ത്
തെക്കോട്ടു പറക്കുന്നു ഒരു കാക്ക

2023, ഫെബ്രുവരി 15, ബുധനാഴ്‌ച

മേൽവിലാസമില്ലാത്തവൻ


ലഹരിയുടെ പക്ഷി
ചിറകടിച്ചു തുടങ്ങി
ഓർമയെന്ന ശത്രു
അക്ഷരങ്ങളെ
ആയുധമാക്കി
വാക്കുകളെ തൊടുത്തു
തുടങ്ങി

ചങ്കുകടഞ്ഞ് വശംകെട്ടപ്പോൾ
തെരുവിലിരുന്ന്
തെറുത്തുവച്ച
ഷർട്ടിൻ്റെ കൈയിലെ
ചുരുട്ടിവെച്ച കടലാസെടുത്തു
കുറിച്ചു

കുറിച്ചവയൊക്കെ
കവിതയായി

മറവിയില്ലാത്ത ഒരു
മുറിവാണവൻ
വ്രണമായവയൊക്കെയും
വേരറുക്കുവാൻ കഴിയാത്ത
ജീവിത സത്യം

അവൻ അഗ്നിപർവ്വതം
മേൽവിലാസമില്ലാത്തവരുടെ
മേലധികാരി

ഒരിക്കലും എടുത്തു മാറ്റുവാൻ
കഴിയില്ലെന്ന്
കാലം കൽപ്പിച്ചു നൽകിയ
മുൾക്കിരീടം

2023, ഫെബ്രുവരി 14, ചൊവ്വാഴ്ച

ദിനസരി


കൂടണഞ്ഞപ്പോൾ
കൂരിരുട്ടായി
കൂട്ടുകാരി
കാത്തിരിപ്പായി

ഇരുട്ടിൻ്റെ
ഇടതൂർന്ന കാട്
മലർന്നുകിടന്നു

നക്ഷത്രങ്ങളുടെ
ചിത്രപ്പണി
കണ്ടായിരിക്കണം
ചീവീടുകളുടെ
ശിങ്കാരിമേളം

കുളിച്ചീറൻ മാറാതെ
വന്നു തൊട്ട കാറ്റിൽ
കോരിത്തരിക്കുന്നു
മരങ്ങൾ

കൂട്ടിൽ നിന്നും
ചില ചിറകടികൾ
ഇരുട്ടിൽ
അടർന്നുവീണു

ക്ഷീണം
ഒട്ടൊന്നു ശമിച്ചില്ല
എത്ര പെട്ടെന്നാണ്
നേരം
വെളുത്തുപോയത്

ഇനി നെഞ്ചിലെ
എരിയും തീയുമായി
ഇന്നത്തെ
ഇരയുംതേടിയലയാം






2023, ഫെബ്രുവരി 9, വ്യാഴാഴ്‌ച

കവിത




'പോയ ബുദ്ധി ആന വലിച്ചാലും

വരില്ല' - എന്നൊരു ചൊല്ലുണ്ട്

എന്നാൽ, കവിതയിലങ്ങനെയല്ല


കവിത കരളിലൊരു കുഴി കുഴിക്കും

ആഴക്കിണറാകും

കൈവിട്ടു പോയവയൊക്കെ

കളങ്കമില്ലാതെ ഉറവയിടും


തടംതല്ലി ഒഴുകുന്ന ദുഃഖവും

മഞ്ഞുകാലത്തെ സൂര്യരശ്മി -

പോലുള്ള

മോഹവും, ദാഹവും പ്രവഹിക്കും


ഉറക്കത്തിൽ അവളെ പ്രാപിക്കും

കുഞ്ഞിനെ പിച്ചവെയ്പ്പിക്കും

കഞ്ഞിക്ക് വകയില്ലെങ്കിലും

സദ്യതന്നെ വിളമ്പും


നഷ്ടപ്പെട്ടവയൊക്കെ

നടവഴിയേ, ഇടവഴിയേ

നടന്നു വരും

നല്ല നാളിലേക്ക് നടു നിവർക്കും

(ഇടയിൽ ഉറക്കം നഷ്ടപ്പെടുന്നതു

വരെ)


അങ്ങനെയായിരിക്കണം

കവിതകൾ

ഇത്ര തീക്ഷണമായ്പ്പോയത്


2023, ഫെബ്രുവരി 8, ബുധനാഴ്‌ച

സോളമൻ്റെ ഗീതം


സോളമൻ്റെ ഗീതം
പ്രണയത്തിൻ്റെ പൂപ്പാടം
തീർക്കുന്നു

ഹൃദയത്തിൻ്റെ താഴ് വരയിൽ
വെൺപിറാവുകൾ
ചിറകുകോർക്കുന്നു

ഇലകളെന്നപോൽ
നക്ഷത്രമെന്നപോൽ
മോഹമധുവൊഴുകുന്നു

വീഞ്ഞിനേക്കാൾ മധുരമൂറുന്നു
ചൊടികളിൽ
വീണ മീട്ടുന്നു യെരുശലേം വീഥികൾ
കവിൾത്തടങ്ങളിൽ ഉദിച്ചുയരുന്നു
സൂര്യൻ

സായന്തനം പ്രഭാതമാകുന്നു
വിരലുകൾ ചിത്രശലഭങ്ങളാകുന്നു
മിഴിയിണകൾ പൂക്കളാകുന്നു
ശാരോണിലെ വസന്തമാകുന്നു

പ്രണയത്തിൻ്റെ പരിലാളനമേറ്റ
രാത്രി
വിപ്രലംബ ശൃംഗാര രജനി

അല്ലയോ പ്രീയേ,
ഈ മുന്തിരിവള്ളിപ്പടർപ്പുകളിൽ
പടർന്നേറുമീ പ്രണയ രാവിൽ
മുന്തിരി മധുവായ് നമുക്ക് നമ്മേ-
നുകരാം

2023, ഫെബ്രുവരി 6, തിങ്കളാഴ്‌ച

സ്വന്തം


മൃതിയാണ്
സ്മൃതി
ഇനിയില്ല
പുനർജ്ജനി

വേടൻ തന്ന
വടുക്കളിൽ
ജീവിതം

ചീവീടുകളുടെ
സിംഫണി കൂട്ട്

സിംഹത്തിൻ്റെ
വായിലാണ് വാസം
മാംസ നിബദ്ധമല്ല രാഗം

കാറ്റിൻ്റെ കൊമ്പത്ത്
ഊഞ്ഞാൽ
ജലവൃക്ഷ ശാഖിയിൽ
നിദ്ര
ആനന്ദലബ്ധിക്കിനി -
യെന്തു വേണം

വേരറ്റ ചെടി
വസന്തം വറ്റിയ ഋതു
കാട്ടുതീയുടെ കണ്ണാടി
എനിക്കു സ്വന്തം

2023, ഫെബ്രുവരി 5, ഞായറാഴ്‌ച

ജീവിതം പറിച്ചെടുക്കുന്നത്




കീറിപ്പറിഞ്ഞ ജീവിതം പുതച്ച്

കൂനി നടക്കുന്നൊരാൾ

മഴയെയിത്രയധികം സ്നേഹി-

ച്ചൊരാളെ കണ്ടിട്ടില്ല ഇന്നോളം !


കണ്ണീരു മറക്കാൻ മഴയോള -

മൊരുമറ മറ്റെന്തുണ്ട്


ഒച്ചയില്ലാതെ പോകും,

ഉച്ചി കത്തും വെയിലിലും

തെച്ചി പൂക്കും കുന്നിലേക്ക്

പച്ചമരുന്നുപറിക്കാൻ


പോകണമെനിക്കും

കവിത പൂക്കും കുന്നിലേക്ക്

ഒച്ചയില്ലാത്ത വാക്കിനാൽ

പറിച്ചെടുക്കും പച്ചജീവിതം

കാണാൻ




2023, ഫെബ്രുവരി 4, ശനിയാഴ്‌ച

രഹസ്യം

 


നോക്കൂ ;

സ്വപ്നത്തിലെ

മൗനമാണ് നീ

ചിന്തയിലെ

ചാന്ദ്ര ശോഭ

രാത്രിയിലെ

മെഴുതിരി വെട്ടം


എൻ്റെ വലിയ നഷ്ടം

നീ ഇവിടെയില്ലാത്തതാണ്

നീ എന്നിൽ തന്നെയുണ്ട്

എൻ്റേതു മാത്രമായ ഒരു 

രഹസ്യമായി

2023, ഫെബ്രുവരി 2, വ്യാഴാഴ്‌ച

അയ്യപ്പൻ കവിത




ഒരയ്യപ്പൻ കവിത

ആടിയാടി പോകുന്നു

മുഷിഞ്ഞ മുഖത്താലെ

നിങ്ങൾ നോക്കുന്നതെന്ത്?!


രാവും പകലെന്നില്ലാതെ

വെയിലും മഴയുമെന്നില്ലാതെ

പീടികത്തിണ്ണയിലും

മരച്ചോട്ടിലും മറന്നു വെയ്ക്കുന്നു

തന്നെതന്നെ


ഷാപ്പരികിലും

കലുങ്കിലും

ഗേറ്റരി കിലും

ഇടവഴിയിലും കാത്തിരുന്നിട്ടും

വാക്കിൻ്റെ കല്ലെറിഞ്ഞതല്ലാതെ

നിങ്ങൾ

വയറു നിറയ്ക്കാൻ ഒന്നും നൽകി -

യില്ലല്ലോ


എന്നിട്ടും

ആഘോഷിക്കുന്നു നിങ്ങൾ

കവിതയെ കടമെടുത്ത്

കള്ള് കുടിക്കുന്നു

അഭിമാനിക്കുന്നു


കണ്ണീരുവീണ കവിതയുടെ

മനസ്സിനെക്കുറിച്ച്

നിങ്ങൾക്കെന്തറിയാം

2023, ഫെബ്രുവരി 1, ബുധനാഴ്‌ച

ചേർത്തു പിടിക്കൽ

അപമൃത്യു ചിരിക്കുന്നു

മരണത്തിൻ്റെ മരപ്പെട്ടി

ചരിക്കുന്നു

ഉരിഞ്ഞെറിയുന്നു ഉയിര്

ഉരിയരിക്ക് വകയില്ലാത്തവൻ്റെ -

പേര്


ഉറ്റവരാൽ ഒറ്റുകൊടുക്കപ്പെട്ടവൻ

ഒറ്റയിലും ഓർമ്മകളെ ചേർത്തു -

പിടിച്ചവൻ

കണ്ണീരുകൊണ്ടില്ല റീത്ത്

കണ്ടോരുടെ കണ്ണാലൊരു ചാർത്ത്


പൊള്ളുന്ന ഉള്ളങ്കൈയിൽ

പതിഞ്ഞതൊക്കെയും കത്തിപ്പോയി

കടംകൊണ്ട് കണക്കു പറഞ്ഞവരെ

കണ്ടില്ലെന്ന് നടിക്കാൻ വയ്യാതായി


കടത്തിണ്ണയിലും

കരിങ്കല്ലു വിരിച്ചവർ

കിടക്കാനിടമില്ലാതാക്കി

കയ്ക്കുന്നു ജീവിതം

കാഞ്ഞിരത്തിൻ്റെ ഓർമയും


ഉരിഞ്ഞെറിയുന്നു ഉയിര്

അരിഞ്ഞു തള്ളി അവർ -

ആനന്ദിക്കേണ്ട

മരിച്ചു കിടക്കാമീ മണ്ണിൽ തന്നെ