malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011, ഏപ്രിൽ 30, ശനിയാഴ്‌ച

ജീവ സായാഹ്നം

വൃദ്ധത്വത്തിന്റെ പടി വാതിലില്‍
കൂനി വിറച്ചു കൊണ്ടയാള്‍ മുട്ടി വിളിച്ചു
ജീവിതം ഇത്രയും നിശബ്ദമാണെന്ന് -
പറഞ്ഞു തരാതെ
സ്നേഹത്തിന്റെ വാതിലെന്തിനാണ് നീ -
കൊട്ടിയടച്ചത്
സ്നേഹത്തിന്റെ സ്നിഗ്ധത യുള്ള
തൂവലുകള്‍ മാത്രം തുന്നിയ
എന്റെ ജീവിത നൂലില്‍ ആരാണ് -
കടുംകെട്ടു കെട്ടിയത്
ചുളി വീണ ശരീരം പോലെ തൂങ്ങിയാടുന്ന
ഒര്‍മ്മകളുമായെന്തിനൊരുശിഷ്ട്ട ജീവിതം
തുറക്കുകയാണയാള്‍അപരിചിത ത്വത്തിന്റെ
ഓരോ വാതിലും, എത്തപ്പെടുകയാണ് -
മഴ പെയ്ത മണ്ണില്‍ നിന്നും
ഇരുളുറഞ്ഞ അകത്തളത്തിലേക്ക്

2011, ഏപ്രിൽ 20, ബുധനാഴ്‌ച

ചാറ്റല്‍ മഴ

മഴ മിഴി തുറക്കുമ്പോള്‍
ഞാറുകള്‍ക്കെന്താഹ്ലാദ മാണ്
മഴ നൂലുകള്‍ ഊഞ്ഞാലാടുമ്പോള്‍
തലയാട്ടാനെന്തുല്സാഹമാണ്
മഴക്കമ്പി മീട്ടുമ്പോള്‍മണ്ണട്ടകള്‍ താള മീട്ടും
മഴ വന്നു മടിയിലിരുത്തി
മുല തന്നു പാടിയുറക്കും
വാഴ നാരുകള്‍ ചീന്തിയ പോലെ
മഴ നാരുകള്‍ പാറി നടക്കും
ഒറ്റ മഴക്കാലില്‍ നൃത്തം കണ്ടൊരു
തവളകള്‍ തുള്ളിച്ചാടും
ആകാശക്കലമോട്ടകളാക്കി
ആരോ വെള്ളം പാറ്റുകയാണ്
ഷവറിന്‍ താഴെ എന്നത് പോലെ
നനഞ്ഞു രസിക്കുക യാണീ ലോകം
തൂവല്‍ കൊണ്ട് തഴുകും പോലെ
ഇക്കിളി യാലെ ചിരി പൊട്ടുന്നു

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

പരാചിത പ്രവാചകന്‍

ചിന്തയുടെ ചിലന്തി വലകള്‍
ചീന്തി എറിഞ്ഞ്
പകല്‍ പടവുകള്‍ ഇറങ്ങി ഞാന്‍ -
നടക്കുമ്പോള്‍
പിരിയാത്ത കൂട്ടുകാരനായത്‌
നിഴല് മാത്രം
ദുഖത്തിന്റെ ഉള്‍ ചുഴിയില്‍ പ്പെട്ട്
ഉടഞ്ഞു പോയ ഘടമാണെന്റെ ഹൃദയം
പാതാള ഗര്‍ത്തത്തില്‍ നിന്ന്
മരണ പക്ഷിയുടെ ചിറകനക്കം
ഇഷ്ട്ടങ്ങള്‍ക്ക് ഇടമില്ലാതെ പോയ ഒരു നഷ്ട്ട ജീവിതം
മുതല്‍ ക്കൂട്ട് ചിന്തകള്‍ കലങ്ങി പോയ
ഒരു മൃത സാഗരം
രക്ത ഛവികലര്‍ന്ന ഈ സന്ധ്യയില്‍
ക്രൂശിതന്റെ മുഖ ഭാവത്തോടെ
വിജനതയുടെ ഇരുള്‍ മുഖത്തേക്ക്
പാതാള പക്ഷിയുടെ കുക്ഷി നിറയ്ക്കുവാന്‍
പരാചിത പ്രവാചകനായി ....!

വെളിച്ചം

അമ്മയുടെ അടയാത്ത കണ്ണുകള്‍
മനസ്സിലുണ്ട്
തനിച്ചാക്കിയിട്ടു പോകില്ലെന്ന വെളിച്ചം
അണയാതെ കിടപ്പുണ്ട്
ദുരിതം നിത്യ താമസമാക്കിയ കുടില്‍
മരണത്തിനൊപ്പം പുറപ്പെട്ടു പോയ അച്ഛന്‍
സത്യമെന്നെ മിഴിച്ചു നോക്കുന്നു
കറുപ്പിന്റെ കാടത്തവും ,വെളുപ്പിന്റെ അന്ധതയും
കാട്ടി ഭയപ്പെടുത്തുന്നു
കാത്തിരിപ്പുണ്ട്‌ കഴുക കൊക്കുകള്‍
കൊത്തി പ്പറി്ക്കാന്‍ നൊട്ടി നുണയാന്‍
അനുഭവമാണെന്നെ അടയാളപ്പെടുത്തിയത്
അറിവാണെന്നെ അഗ്നിയായ് പടര്‍ത്തിയത്‌
വ്യാഘ്രങ്ങള്‍ക്ക് വീറ് കുറഞ്ഞിട്ടില്ലെന്ന് എനിക്കു അറിയാം
കഴുകുകള്‍ക്ക് ചിറകു മുറിഞ്ഞിട്ടില്ലെന്നും
മൂര്‍ച്ചയുള്ള മുള്ളായി കാക്കുന്നുണ്ടെന്നെ-
രണ്ടു കണ്ണുകള്‍
അത് തന്നെ എന്റെ വെളിച്ചവും

തിരക്കിലാണെല്ലാവരും

നേരമ്മില്ലൊട്ടുനേരമാര്‍ക്കും
തിരിഞ്ഞു നോക്കുവാനൊട്ടുനേരം
കറങ്ങുന്നു ഗോളമതി ധ്രുതം
കണക്കുകൂട്ടലിനു മപ്പുറം
കയറിചെന്നുഞാനൊരുതൊഴില്‍ശാലയില്‍
ഞെട്ടി വിറച്ചു ഞാന്‍ വിറങ്ങലിച്ചു പോയ്‌ ... !
കൈ കാലുകള്‍ തൊഴില്‍ ചെയ്യുന്നു ശാലയില്‍
തലകള്‍ ചര്‍ച്ച ചെയ്യുന്നു കോണ്‍ഫറന്‍സ് ഹാളില്‍
സൌമ്യമാമൊരുശബ്ദ മരികിലായ്
"തിരക്കിലാണെല്ലാവരും
ഒരേ സമയം രണ്ടു പരിപാടിയിലാണ്
ദിവസ മെത്രയെത്ര കാര്യങ്ങളാണ് "
മനസ്സില്ലയെങ്കിലും മനുഷ്യനായ് പോയതിനാല്‍
കീറുന്നു കഴുത്ത് ഞങ്ങള്‍
ഞങളെ തന്നെ നിത്യം

കുറ്റിപ്പുറം പാലം കടന്ന്

തൂത പ്പുഴയുടെ താരാട്ടായിരുന്നു മനസ്സില്‍
മയക്കോവുസ്കിയാണ് മയക്കത്തില്‍ നിന്ന്
വിളിച്ചുണര്‍ത്തിയത്
കുറ്റിപ്പുറം പാലം കടന്ന് കൊറ്റിയെ പോലെ
നീണ്ട് വളഞ്ഞ്‌ വെളുത്തു വിളറിയ പാടം
തീവണ്ടിയുടെതാളത്തിനൊത്ത് ആടിയാടി
കുപ്പി വെള്ളത്തിലെ തിരയിളക്കം
മയക്കൊയുടെ വ്ളദീമിര്‍ ഇലീചിനെ കുറിച്ചുള്ള -
ഓരോ വാക്കിനും
ക്രെംലിന്‍ തെരുവിലെ പോരാട്ടത്തിന്റെ മൂര്‍ച്ച
കരിമ്പന തലപ്പുകളില്‍ നട്ടുച്ച നേരത്തും -
യക്ഷി വിളയാട്ടം
പുഴയുടെ മാറ് പിളര്‍ന്ന് കരിമണല്‍ പണ്ടങ്ങള്‍
കൊത്തി വലിക്കുന്ന കള്ള കഴുകുകള്‍
കാഹള മെന്ന പോലെ സൈറന്‍ മുഴക്കി -
കുതിച്ചു പായുകയാണ് യുദ്ധ കളത്തിലേക്കെന്നോണം-
തീവണ്ടി
മയക്കൊയുടെ വാക്കുകള്‍
വെടിയുണ്ട പോലെ എന്റെ മനസ്സില്‍
...................................................................................
മയക്കോ വ്‌സുകി -റഷ്യന്‍ കവി
വ്ലാദിമിര്‍ ഇലീചു-വ്ലാദിമിര്‍ ഇലീചു ലെനിന്‍

അന്ത്യാഭിലാഷം

കാറ്റിന്റെ പടവുകള്‍ ഊര്‍ന്നിറങ്ങുന്ന
കൊഴിഞ്ഞ ഇലകളെ പോലെ
പ്രായത്തിന്റെ ഋതുക്കള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു
നിറം മങ്ങിയ കടലാസ് പൂവുപോലെ ജീവിതം
മുളയിട്ട സ്വപ്നങ്ങളില്‍തളിര്‍ക്കാതെ പോയവന്‍
തളിരിട്ട ചിന്തകളില്‍ കായ്ക്കാതെ പോയവന്‍
അരികുകളില്‍ നിന്ന് അരികുകളിലേക്ക്‌ അകന്നകന്നു -
പോയവന്‍, കാടു നഷ്ട്ടപ്പെട്ട കിളികളെ വരൂ
ഉണ്ട് ഒരു കുഞ്ഞു ഹൃദയം കൂടുകൂട്ടാന്‍
വേദനയുടെ വേലിക്കെട്ടുകള്‍
നിങ്ങള്‍ കൊത്തി യടര്ത്തുക
സ്നേഹത്തിന്റെ തേന്‍ചാറ് നിറച്ച് -
കൂടൊരുക്കുക
സമാധാനത്തോടെ ജിവിതത്തിന്റെ
അവസാന പടികള്‍ ഇറങ്ങുവാന്‍
എനിക്ക് വഴിയൊരുക്കുക

2011, ഏപ്രിൽ 18, തിങ്കളാഴ്‌ച

നരക നീഡം

കണിയാന്‍ പക്ഷിയെന്നു
കുട്ടികള്‍ ആര്‍ത്തു വിളിക്കുമ്പോള്‍
മരണ പക്ഷി പറങ്കി മാവിന് -
മരുന്ന് തളിക്കുകയായിരുന്നു
കീട മില്ലാതെ കൊഴിത്ത് തളിര്‍ത്ത -
മാവുകള്‍
കിരീടം ചൂടിയപ്പോള്‍
കീടങ്ങളെപോലെ മണ്ണില്‍ കുരുന്നു പൂവുകള്‍ -
കരിഞ്ഞു വീഴുകയായിരുന്നു
ജീവജലമെന്നു പറഞ്ഞു തന്നത്
മൃതി ജലമെന്നു ഇന്നാണ് അറിഞ്ഞത്
തന്ന ചോറെല്ലാം കൊലച്ചോറെന്നു
ഇന്നാണറിഞ്ഞത്
പ്രളയത്തെയാണ് പ്രണയിച്ചതെന്നു
ഇന്നാണറിഞ്ഞത്
സ്വര്‍ഗ്ഗയുടെ അര്‍ത്ഥം നരകമെന്നും !
.............................................................
സ്വര്‍ഗ്ഗ- കാസര്‍ഗോഡ് ജില്ലയിലെ ഒരു സ്ഥല നാമം

2011, ഏപ്രിൽ 9, ശനിയാഴ്‌ച

നെടുവീര്‍പ്പ്

മീന മാസ മൂവന്തി
മാങ്കനിമണം പേറി
സിന്തൂര മാലകോര്‍ത്ത്‌
പശ്ചിമ വാനില്‍ ചാര്‍ത്തി
ഓര്‍ക്കുകയാണിന്നു ഞാന്‍
കവിത വിരിഞ്ഞൊരു
കഴിഞ്ഞ കാലത്തിന്റെ കല്ലോല -
ചലനങ്ങള്‍,പച്ചില കൂട്ടങ്ങളും
മെച്ചമാം തോട്ടങ്ങളും
മൊച്ചകള്‍ തിമര്‍ത്താടും
മാമര കൂട്ടങ്ങളും
വല്ലികള്‍ ഊയലാടും
നെല്ലിതന്‍ മരങ്ങളും
കാട്ടു തേന്‍ മണക്കുന്ന
കാട്ടരുവിത്തീരവും
കുളിച്ചു കുറിതൊട്ട കുളിരിന്‍ -
പ്രഭാതവും
നാരായണ ജപത്തിന്‍ അലതന്‍ -
പ്രദോഷവും
പല്ലവാധരത്താലെ ചിരിക്കയായ് -
പൌര്‍ണമി
ഒരു നെടു വീര്‍പ്പെന്നുള്ളില്‍
പിടഞ്ഞുണര്‍ന്നീടുന്നു