malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2023, ഏപ്രിൽ 30, ഞായറാഴ്‌ച

സ്വപ്നങ്ങൾ വിൽക്കുന്ന തെരുവ്

സ്വപ്നങ്ങൾ വിൽക്കുന്ന 

തെരുവിലാണിപ്പോഴവൻ

എല്ലാവരും ആഘോഷത്തി-

ലാണ്

അതിരുകളില്ലാത്ത

ജീവിതോത്സവത്തിൽ


ദൈവത്തെപ്പോലെ

സ്പർശിക്കാൻ കഴിയാതിട-

ത്തോളം

അലൗകികമാണ് സ്വപ്നം

അറ്റ ചിറകുമായ് വന്നവർ

അറ്റമില്ലാത്ത സ്വപ്നത്തിൽ

പറക്കുന്നു


അവന് യാഥാർത്ഥ്യത്തിന-

പ്പുറത്തേക്ക്

കടക്കുവാനേ കഴിയുന്നില്ല

സ്വപ്നങ്ങൾ വാങ്ങി

സ്വർഗ്ഗം കാണുവാൻ കഴിയു -

ന്നില്ല


അല്ലെങ്കിലെങ്ങനെയാണ്

ജീവിതം തൊട്ടവന്

മണ്ണിൽ കാലു കുത്താതെ

നിൽക്കുവാൻ കഴിയുക

2023, ഏപ്രിൽ 28, വെള്ളിയാഴ്‌ച

തിരക്ക്


ബാക്കി വെച്ചേക്കണം
എന്നും, കുറച്ചു തിരക്കിനെ !
എങ്കിലെ ജീവിതത്തിന്
ഒരു,ഷാറുണ്ടാകൂ

കുളിരുള്ള പ്രഭാതത്തിൽ
'നേരം വൈകി' -യെന്ന
ചൂടുള്ള ഓർമ്മയെ
ചൂടുള്ള പ്രഭാതത്തിൽ
'നേരത്തേ പോകാ' -മെന്ന
കുളിരുള്ള ഓർമ്മയെ

ഓർത്തു നോക്കൂ;
തിരക്കില്ലാത്ത ദിനങ്ങളെ !
ഒന്നും ചെയ്യാനില്ലെന്ന
മുഷിപ്പൻ പ്രഭാതം
ഒന്നും വയ്യെന്ന മധ്യാഹ്നം
മടുപ്പെന്ന സായാഹ്നം
ഉറക്കമില്ലാത്ത അലസതയുടെ
രാത്രി

തള്ളിനീക്കുന്നതാവരുത് ജീവിതം
സമയം പോര, സമയം പോരെന്ന്
തുള്ളി നീങ്ങുന്നതാവാണം
എന്നും കുറച്ച് തിരക്ക് ബാക്കിയാവണം

2023, ഏപ്രിൽ 27, വ്യാഴാഴ്‌ച

മിഴികളിൽ ഒഴുകുന്ന പുഴ


ശരമാരി വന്നാലും പിരിയില്ല -
നാമെന്ന്
അന്നു നീ ചൊന്നതിന്നോർമ്മയുണ്ടോ
ശിശിരം തളിർത്തുള്ള ശിഖരത്തിൽ -
നിന്നുമേ
ഞെട്ടറ്റു വീണൊരു വാക്കായത് !
സ്വപ്നങ്ങൾ പൂക്കേണ്ട മിഴികളിൽ -
തന്നതോ
ഒരുനാളും വറ്റാത്ത ഒരു പുഴ നീ !
വിടപറഞ്ഞീടവെ വാടിയ പൂപ്പോലെ
ആകെ തളർന്നു നീ നിന്നതല്ലേ
ഒരു വാക്കും മിണ്ടുവാനാകാതെ മിഴി -
കളാൽ
വാക്കുകളായിരം ചൊന്നതല്ലേ
പ്രണയവിരലാൽ നീ മീട്ടിയ പാട്ടുകൾ
ഇടനെഞ്ചിലിന്നും കുറുകി നിൽപ്പൂ
ഇരു ഹൃദയങ്ങളും ഒന്നായി ചേർന്നൊരാ
ദിവ്യ നിമിഷത്തെ ഓർത്തിടവേ
കോരിത്തരിക്കുയല്ലല്ലഞാനിന്ന്
ആ നിമിഷത്തെ ശപിച്ചിടുന്നു !
കവിതകളായിരം പേറുമാ കരളതിൽ
കരുണതന്നൊരുതുള്ളിയില്ലയെന്നോ
തുണയായി തണുവായി മാറേണ്ടിരുന്നവൻ
തൂണും തകർത്തു പിരിഞ്ഞുവെന്നോ
കിളിവാതിൽ ചാരാതെ കുറിമാനവും കാത്ത്
എത്ര നാളായി ഞാൻ കാത്തിരിപ്പൂ
മധുനുകരാനായി അരികിലണഞ്ഞുള്ള
വണ്ടായ്മദിച്ചു നീ പോയതാണോ
ആളിപ്പടരുമാപ്രണയാഗ്നി ചതിയുടെ
ചിതയായിരുന്നെ,ന്നിന്നറിയുന്നു ഞാൻ
മഴയായി യെന്നിൽ നീ തോരാതെ പെയ്യുന്നു!
വറ്റാതെ ഒഴുകുന്നു കണ്ണീർപ്പുഴ





2023, ഏപ്രിൽ 26, ബുധനാഴ്‌ച

പുലരിയിൽ....


നേരം ബിലഹരിരാഗം പാടി.
വടക്കേ പുളിമരക്കൊമ്പിലി -
രുന്ന്
വാക്ക് വരയ്ക്കുന്നു ഒരു കാക്ക

നട്ടുവെച്ച വെട്ടുകല്ലിൽ കയറി
കാൽമുഖം കഴുകുന്നു പൂച്ച
മഞ്ഞിൻ്റെ വെണ്ണീർ മാറ്റി
തീപ്പൂട്ടിയിരിക്കുന്നു കിഴക്കൻ -
കുന്ന്

പൊട്ടിയ റോഡിലേക്ക് കുട്ടി-
കളിറങ്ങി
വർണ്ണം ഒലിച്ചുപോയ കളിമണ്ണു -
പോലുള്ളൊരുവൾ
ചാണകവറളി ഉണക്കാനിടുന്നു

കുടിലിൽ നിന്നൊരു പെണ്ണ്
കണ്ണീരുമായി പുറത്തേക്കു വരുന്നു
ശേഷിച്ച രണ്ടു തുളളി എണ്ണ
അടുപ്പിൻ്റെ നാക്കിലേക്കിറ്റിച്ചൊരമ്മ
പുകഞ്ഞ കണ്ണു തുടയ്ക്കുന്നു

2023, ഏപ്രിൽ 23, ഞായറാഴ്‌ച

ജീവിതം തുന്നുമ്പോൾ


കുഞ്ഞുനാളിലെ
ഓർമ്മകൾ പലതും മരിച്ചു
ചില കൂട്ടുകാരും

ആഗ്രഹങ്ങളുടെ
അരക്കിണർ
എന്നേ മൂടി

എന്നെപ്പോലെ
വളർന്നു വന്ന
അറിയാത്തൊരോർമ്മ -
യാണമ്മ

ശൈത്യവും
ഗ്രീഷ്മവും പുതപ്പാക്കി
വിശപ്പിൻ്റെ വിരൽ പിടിച്ച്
കടത്തിണ്ണയിലിരുന്നു

സ്കൂളായിരുന്നു അമ്മ
ഉപ്പുമാവ് ഉൺമ
പാല് അമ്മിഞ്ഞ

ബാല്യം എന്നേ ബലിയിട്ട്
പിരിഞ്ഞു പോയി
കുപ്പായമില്ലാത്ത കുഞ്ഞിന്
കൈക്കലകൊണ്ടു കിട്ടിയ
പൂമാലയാണു ജീവിതം

ജനിക്കും മുമ്പേ മരിച്ചുപോയ
കുഞ്ഞാണു ഞാൻ.

2023, ഏപ്രിൽ 22, ശനിയാഴ്‌ച

മുത്തശ്ശി


ഉണ്ണിക്കവിതകൾ ചൊല്ലാം
ഉൺമകൾ വാരി ഞാനൂട്ടാം
ഉണ്ണീ കരായാതിരിക്കൂ
ഓതുവാൻ എവിടെ മുത്തശ്ശി ?

മഴയെ, നിലാവിനെ കാട്ടി
സ്മൃതികളെ തൊട്ടു തൊട്ടുണർത്തി
പട്ടു പോൽ നേർത്ത മടിയിൽ
പൊട്ടു പോലൊട്ടിയിരിക്കാൻ
എവിടെ മുത്തശ്ശി ?!

സ്നേഹനിലാവായുദിക്കാൻ
കൂരിരുട്ടിൽ ചിരാതാകാൻ
ചിരിതൻ നെല്ലിപ്പൂ വിടർത്താൻ
എവിടെയെവിടെയെൻ മുത്തശ്ശി

2023, ഏപ്രിൽ 20, വ്യാഴാഴ്‌ച

അഗ്നിലിപി


പ്രണയം
അഗ്നിലിപികളാൽ എഴുതപ്പെടുന്നു
സ്നേഹത്തിൻ്റെ, ആദരവിൻ്റെ -
പറുദീസയിൽ
വിശുദ്ധമാലാഖയാകുന്നു

ആത്മവിശ്വാസത്തിൻ്റെ, അഭിലാഷ -
ത്തിൻ്റെ പക്ഷിയാണത്
ആത്മസ്വത്വത്തിൻ്റെ വിത്തു നൽകി
പോറ്റുന്നു

വിയർപ്പും,രക്തവും തുളുമ്പുന്ന
ഒരു ജീവിതത്തെയാണത്
കരങ്ങളിലേക്ക് അർപ്പിക്കുന്നത്
അഗാധമായ സ്നേഹത്തിൻ്റെ
നിഗൂഢമായ രഹസ്യമാണത് തിരയുന്നത്

സൂക്ഷിക്കണം;
പ്രണയം
താണുപറക്കുന്ന ഒരു പക്ഷിയായേക്കാം
ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ
മറ്റൊരുകൂട്ടിൽ അഭയം പ്രാപിച്ചേക്കാം

2023, ഏപ്രിൽ 19, ബുധനാഴ്‌ച

പ്രണയ പക്ഷി


വൃക്ഷങ്ങൾ
വേനൽക്കാലത്തും മഴക്കാല -
ത്തുമെന്നപോലെ
ഹൃദയങ്ങൾ പരസ്പര ധാരണ
യിലെത്തുന്നു

സ്നേഹത്തിനു വേണ്ടി പറന്നു വന്ന
കൂടുപേക്ഷിച്ച പക്ഷിയാണു പ്രണയം
അറിയാത്തൊരു വാക്കു തിരഞ്ഞ്
അനന്തമായ
ആകാശത്തലയുന്ന പക്ഷി

കുളിർ കാറ്റേറ്റ് ലില്ലിപ്പൂവുപോലെ
അതുലയുന്നു
ഹൃദയം കണ്ണുകളിൽ ജ്വലിക്കുന്നു
ചക്രവാള സീമയ്ക്കുമപ്പുറം
സ്നേഹത്തിൻ്റെ ചെറു സ്വർണ്ണ -
ത്തരികളെ
അതു കണ്ടെടുക്കുന്നു

2023, ഏപ്രിൽ 18, ചൊവ്വാഴ്ച

കൂട്ടുകാരൻ


ഒന്നാം ക്ലാസു മുതൽ
ഒന്നിച്ചു പഠിച്ചതാണ്
ഓനിപ്പം വലിയ ആളാണ് !
അയൽപക്കത്തെ
വീടും, പറമ്പും
പൊന്നുംവിലയ്ക്കാണെടുത്തത്

ഞാനിവിടെയാണെന്ന്
ഇന്നലെയാണ് പോലും അറിഞ്ഞത്
പട്ടിയുടെ പുത്തൻ കൂട്
പണിയേണ്ടെന്ന്
പണിക്കാരനോട് പറയുന്നുണ്ട് !!

അവനന്നത്തെപ്പോലെ
ഇന്നും സ്നേഹമുള്ളോനാണ്
വാക്കുകളിലെ കുട്ടിത്തം
മാറിയിട്ടേയില്ല

പലപ്പോഴും വീട്ടിലേക്ക്
വിളിച്ചതാണ്
പട്ടി ഗെയിറ്റിനരികിൽ നിന്ന്
മാറിയിട്ടേയില്ല
ഞാൻ അകത്തേക്ക്
കയറിയിട്ടേയില്ല

അവനന്നത്തെപ്പോലെ
സ്നേഹമുള്ളോനാണ്

2023, ഏപ്രിൽ 17, തിങ്കളാഴ്‌ച

മുളക് ബജി


മേട്ടുപാളയം ചുരമാണ്.

വളഞ്ഞും പുളഞ്ഞും

മലമ്പാമ്പ് പോലുള്ള റോഡിലൂടെ

കാഴ്ചയുടെ ക്യാൻവാസിലൂടെ

ചുരമാന്തിയ കാളയെപ്പോലെ

മുരണ്ടു കൊണ്ട് കയറുവാൻ -

തുടങ്ങി വാഹനം


ഹെയർപിൻ വളവുകൾ

ഒന്ന്

രണ്ട്

മൂന്ന്......

....................

പതിമൂന്നാം വളവിലതാ ...

ഒരു തട്ടുകട


യാത്രക്കാർ

കൗശലക്കാരായ

കുരങ്ങുകളുമായി

കുശലം പറയുകയാണ്


കരകൗശല വസ്തുപോലുള്ള

മുളക് ബജി മേശയിലെത്തി.

കൗതുകത്തോടെ കടിച്ചപ്പോൾ

പുതുരുചി മനസ്സ് നിറച്ചു


ഉദക മണ്ഡലമായാലും

നീലഗിരി തെന്നലായാലും

ഭാഷയും, വേഷവും മാറിയാലും

തട്ടുകടകൾ മാറുന്നേയില്ല


മുളകു ബജി

ഒന്നുകൂടി കടിച്ചു കൊണ്ട്

പതിനാലാം വളവ് തിരിഞ്ഞു




2023, ഏപ്രിൽ 16, ഞായറാഴ്‌ച

എറിയപ്പെടും വരെ


കുനുകുനെയെഴുതി
കൂട്ടുന്നു ഞാൻ കവിത
താളിൽ നിന്നു താളിലേക്കു
പതഞ്ഞുകവിയുന്നു

എല്ലാം ചേർത്ത് പ്രസിദ്ധീകരി-
ച്ചൂടേ ?-യെന്നാണെങ്കിൽ
ഇല്ലടോ ചില്ലിയും കൈയിൽ

പിന്നെയെന്തിനിത്രയും
എഴുതിക്കൂട്ടുന്നു ?
എന്നാണെങ്കിൽ

ഒരു കുടം തീ വാരി തിന്ന്
ഒരു തുടം അവശേഷിപ്പിക്കു-
ന്നുയെന്ന്

മരിച്ചുവെന്ത് വെണ്ണീറായാലും
വരികളിൽ ജീവിക്കുവാനെന്ന്

മരിച്ചാലുമെൻ്റെ എഴുത്തു
മുറിയിൽ
മേശയിൽ
മഷിപ്പാത്രത്തിൽ
താളിൽ തിണർത്തും,
തളിർത്തും

"എന്നെങ്കിലും
മെനകെട്ടൊരു മരുമകളോ
നന്ദിയില്ലാതൊരുകൊച്ചുമകനോ
തൂക്കിയെടുത്തെറിയും വരെ "
..........................
കുറിപ്പ് :-
എന്നെങ്കിലും
മെനകെട്ടൊരു മരുമകളോ
നന്ദിയില്ലാതൊരുകൊച്ചുമകനോ
തൂക്കിയെടുത്തെറിയും വരെ "- നാസിം
ഹിക്മത്തിൻ്റെ തുർക്കിഷ് കവിതയിലെ
വരികൾ

2023, ഏപ്രിൽ 12, ബുധനാഴ്‌ച

വിഷു വന്നേ....

കൊന്നപ്പൂങ്കുല ഞാന്നു കിടപ്പൂ
കുന്നേ കുന്നോളം
വേനൽക്കണ്ടത്തിൽ
വെയിൽക്കിളി പാടി
വിഷു വന്നേ വന്നേപോയ്

മൂത്തുവിളഞ്ഞ കണിവെള്ളരികൾ
മഞ്ഞക്കുറിതൊട്ടു
ചാഞ്ചക്കം ചാഞ്ചക്കം ചാഞ്ചാടുന്നു
ചക്കര മാമ്പഴവും
മേടം വന്നതു മാടപ്പിറാവുകൾ
പാടി നടക്കുന്നേ
മേലേക്കാവിലും നാടൊട്ടുക്കും
പൂരം പൊടിപൂരം

ലാത്തിരി പൂത്തിരി കമ്പിത്തിരിയും
ഗുണ്ടുമമിട്ടുകളും
ഇല്ലംനിറ വല്ലംനിറ പത്തായം നിറ
പാടും വിഷുക്കിളിയും
മാമല പൂമല മലയാളക്കര
എങ്ങും സന്തോഷം

ഇത്തിരി കൊന്നപ്പൂവൊന്നു കണ്ടാൽ
ഒത്തിരി സന്തോഷം
നല്ലൊരു നാളെ എന്ന പ്രതീക്ഷകൾ
പാടും സംഗീതം
ഉണ്ണികളെല്ലാം ഉത്സാഹത്തിൻ
പൂത്തിരി കത്തിപ്പൂ
ഉത്സവമല്ലോ മണ്ണിനും വിണ്ണിനും
മേട പെൺക്കൊടിക്കും


2023, ഏപ്രിൽ 10, തിങ്കളാഴ്‌ച

വിഷുനാൾ



ചുംബനമേറ്റുള്ള പെണ്ണിനെയെന്നപ്പോൾ

പൂത്തു നിൽക്കുന്നിതാ ചെമ്പകപ്പൂ

മീനം മടിത്തട്ടിൽ ചേർത്തു വളർത്തിയ

കായ്കനി മേടത്തെ കാത്തിരിപ്പൂ


കദളിവാഴ കൈയ്യിൽ ചേർന്നിരുന്നൊരു കാക്ക

വിഷുദിനത്തെ വിളിച്ചുണർത്തിടുന്നു

മഞ്ഞപ്രസാദംപോൽ പുഞ്ചിരി തൂകുന്നു

മുറ്റത്തെ കർണ്ണികാര മണികൾ


തേൻവരിക്കചക്കപ്പഴമിറുക്കാനായി

കിണഞ്ഞു ശ്രമിക്കുന്നു അണ്ണാർക്കണ്ണൻ

മാമ്പൂമണംതൊടിതോറും വിളമ്പുന്നു

കിന്നാരം ചൊല്ലിയാ കുഞ്ഞു തെന്നൽ


വെയിലിൻ്റെ വെള്ളില പൂവുവിരിഞ്ഞിതാ

വെള്ളരിക്കോന്നും ചിരിക്കുന്നിതാ

മത്തൻ മലർന്നു കിടക്കുന്നു മഞ്ഞണി

പാടവരമ്പിന്നരികിലായി


വിത്തും കൈക്കോട്ടുമായ് കർഷകർ

കലപില 

ഹ്ലാദ മുതിർത്തു നടന്നു പോകേ

എങ്ങും സമൃദ്ധിതൻ കാഴ്ചകൾ -

കാണാനായ്

മേടം പടിവാതിൽ തുറന്നിടുന്നു

2023, ഏപ്രിൽ 9, ഞായറാഴ്‌ച

ബാല്യം


നരച്ചു തുടങ്ങിയ ചിന്തകൾക്കപ്പുറം
നിറമാർന്നൊരോർമ്മയുണ്ടിന്നും
ചിലമ്പണിഞ്ഞില്ലേലും ചിലമ്പി, ചിരിക്കുന്ന
ഒരു കൊച്ചരുവിയാം ബാല്യം

ആകാശനീലിമ കാണാതെ സൂക്ഷിച്ച
മയിൽപ്പീലിത്തുണ്ടാണു ബാല്യം
കുശുമ്പും, കുന്നായ്മയും ഇല്ലാത്ത,യില്ലാത്ത
കുസൃതിയും, കരുതലും ബാല്യം

ഇത്തിരി വെട്ടത്തിൻ മോഹം പകുത്തുള്ള
മൺചെരാതാകുവാൻ മോഹം
കർക്കിടകപ്പെയ്ത്തിൻ ഒരു മഴത്തുള്ളിയായ്
തുള്ളിത്തുളുമ്പുവാൻ മോഹം

അന്നു ഞാനെന്നോ, നീയെന്നൊ നമ്മിൽ
ആർക്കാർക്കുമില്ലായിരുന്നു
ഒരു കുഞ്ഞു ചെടിയിലെ പൂക്കളെ പോലെ
എങ്ങും പരിലസിച്ചിരുന്നു

വിദ്യാലയത്തിൽ ഗുരുക്കളെ നാമെല്ലാം
ഒട്ടേറെ മാനിച്ചിരുന്നു
ഗുരുക്കളോ നമ്മളെ സ്വന്തമെന്നതു പോലെ
എത്രയോ സ്നേഹിച്ചിരുന്നു

കല്ലെട് ,മുള്ളെട് തുമ്പിയായ് മാറാൻ
ഉള്ളിലുണ്ടിപ്പോഴും ബാല്യം
നമ്മളെല്ലാരുമിന്നൊത്തുകൂടുമ്പോൾ
പറയാനറിയാത്തൊരു ഇഷ്ടം

2023, ഏപ്രിൽ 5, ബുധനാഴ്‌ച

പ്രണയപ്പുലരി


മേടം പടക്കുതിരയെപ്പോലെ
കുതിച്ചു വന്നു
വെളുപ്പിനേ വെയിൽ കേറിയിരുന്നു
പിന്നാമ്പുറത്തെ അഴയിൽ

തഴപ്പായയിൽ ഉണങ്ങാനിട്ട തേങ്ങാ -
കൊത്ത്
വലയുടെ പുതപ്പിനുള്ളിൽ
മലർന്ന് കിടന്ന് വെയിൽ കാഞ്ഞു

മീൻകാരൻ്റെ കൂടയിൽ നിന്ന്
കൊത്തിയെടുത്ത മീനുമായി
ഒരു കാക്ക പടിഞ്ഞാട്ടേക്ക് പറന്നു

മുക്കും മൂലയും അടിച്ചു വാരിയ
ഒരു ചൂല്
പൈപ്പുവെള്ളത്തിൽ കാൽമുഖം
കഴുകി
ചാഞ്ഞിരുന്നു അടുക്കള ചുമരിൽ

അടുത്തടുത്ത വീട്ടിലെ
അവനും, അവളും
പല്ലുതേച്ച് പതഞ്ഞ പേസ്റ്റ്
നീട്ടി തുപ്പി
പ്രണയചിഹ്നം വരച്ചുകൊണ്ടിരുന്നു
പരസ്പരം

2023, ഏപ്രിൽ 1, ശനിയാഴ്‌ച

അഗ്നിരേഖ


അച്ഛൻ കുടിച്ച ചായക്കോപ്പ -
കൈവിരലിലദൃശ്യമായ
ദർഭ മോതിരമായി നൊമ്പരം
കൊള്ളുന്നു

ശിഥിലമൗനങ്ങളുടെ
അവശിഷ്ടത്തിലാണു ഞാൻ
എവിടെ ശാന്തിതീരം
ഗർഭ പേടകത്തിൽ
ഭ്രൂണമായിരിക്കാൻ മോഹം

ശിരസ്സിലെ അഗ്നിരേഖ കത്തി
മനസ്സിൻ്റെ ശവപ്പറമ്പിൽ
അസ്ഥികൾ പൊട്ടിത്തെറിക്കുന്നു
ഉച്ചവെയിൽ മദാലസ്യത്തോടെ
പെരുവഴിയിലേക്ക് കൈമാടി
വിളിക്കുന്നു

ഏതു യുഗത്തിൻ്റെ
ശിഖരപഥങ്ങളിലൂടെ സഞ്ചരി-
ക്കണം ഞാൻ
ചുറ്റുന്നു തല പതറുന്നു കാലടി
എവിടെയെൻ ശാന്തി.